Sunday, March 21, 2021

ഓണമുറ്റത്ത് - വൈലോപ്പിള്ളി ശ്രീധരമേനോൻ (ആസ്വാദനക്കുറിപ്പ്)



           ജീവിതമാകുന്ന  കടലിനെ മഷിപ്പാത്രമാക്കി മലയാളകവിതയിൽ ഉജ്ജ്വലമുഹൂർത്തങ്ങൾ തീർത്ത വൈലോപ്പിള്ളി ശ്രീധരമേനോന്റെ  വിട എന്ന കാവ്യ സമാഹാരത്തിലെ കവിതയാണ് ഓണമുറ്റത്ത്. ഓണം മലനാടിനെ എങ്ങനെയെല്ലാം അണിയിച്ചൊരുക്കുന്നുവെന്നും പ്രകൃതിയോട് ചേർന്ന് മാനവജീവിതം മഹാബലിയെ എങ്ങനെ വരവേൽക്കുന്നുവെന്നും കവി വർണ്ണിക്കുന്നു .
ഈ മലനാടിന്റെ  വായുവിൽ മധുരവും ഉദാരവുമായ പരിശുദ്ധമായ ഒരു ഭാവം ഉണ്ട്.എത്ര മഴ കൊണ്ടാലും തുമ്പപ്പൂക്കൾ നനഞ്ഞു വിറച്ച് ഓരോ വീട്ടിലും പൂത്തു നിൽക്കുകയാണ് .അതിഥിയെ സ്വീകരിക്കുവാൻ നിലവിളക്കിൽ ദീപക്കുറ്റികൾ നാട്ടി നിൽക്കുന്നതുപോലെ എവിടേയും  മഞ്ഞപ്പൂക്കളാകുന്ന ദീപക്കുറ്റികൾ നാട്ടി മുക്കുറ്റികൾ നിൽക്കുന്നുണ്ട്.

താലമേന്തി വിരുന്നുകാരനെ സ്വീകരിക്കാൻ നിൽക്കുന്നത് പോലെയാണ് മഹാബലി മന്നനെ സ്വീകരിക്കുവാൻ വയലേലകളിൽ വെള്ളിത്താലമെടുത്തു നെയ്യാമ്പലുകളും വിലസിക്കുന്നത്.

 കമുകിന്റെ  പൂക്കൾ മഹാബലിയെ എതിരേൽക്കാൻ നിലത്തുവീണ് കിടക്കുകയാണ്.
ഉണ്ണികളേ, കടലേ, അരുവികളേ,കന്യകളേ ,നിങ്ങളെല്ലാം ആർപ്പുവിളിക്കുക. കാരണം ഇതിനേക്കാൾ  മികച്ച അതിഥി ഇനി വരാനില്ല.അതിഥിയെ സ്വീകരിക്കാൻ വിളക്കുമായി വരുന്ന കന്യകയാണ് ഉഷസ് (പ്രഭാതം). ഉദയസൂര്യനാകുന്ന വിളക്കിന്റെ  നാളം അല്പം ഉയർത്തി ലജ്ജാ ഭാരത്താൽ തുടുത്ത കവിളോടെ പ്രഭാതം ഒരുങ്ങിയെത്തുന്നു എന്നാണ് കവി പറയുന്നത് .

മഹാബലിയുടെ കാലുകൾ പനിനീരിനാൽ കഴുകിച്ചു കൊണ്ട് മലയാളത്തറവാടിന്റെ  മുറ്റത്തുള്ള മണി പീഠത്തിലിരുത്തുന്നുവെന്നാണ് കവി പറയുന്നത്. മലയാളികളുടെ കൊച്ചു കിനാവുകളിൽ നിറഞ്ഞ മഹാബലിയെത്തി. നാം പൂക്കളം എഴുതി കാത്തിരിക്കുന്ന ചക്രവർത്തിയെ വേഗം തന്നെ സ്വീകരിച്ചിരുത്തൂ എന്ന് കവി ആവശ്യപ്പെടുന്നു .താനൊരു പുള്ളുവനാണെന്നും പായും കുടയും നെയ്യുന്നവനാണെന്നും കൈവേലകൾ ചെയ്ത് ജീവിക്കുന്നവനാണെന്നും കവി പറയുന്നു .പുഞ്ച കൊയ്യുന്ന, കറ്റ മെതിക്കുന്ന പാവപ്പെട്ട ഗ്രാമപ്പെൺകുട്ടികളുടെ കരളുകൾ തുള്ളാനും കാലുകൾ നർത്തനമാടാനും മാത്രമാണ് താൻ കവിതകൾ പാടുന്നത് എന്നും തന്റെ കയ്യിൽ വീണപ്പെണ്ണ് ഉണ്ടെന്നും വെറ്റിലയോ മുറുക്കാനോ മാത്രമായിരിക്കും ഒരു പക്ഷേ  തനിക്ക് ലഭിക്കുന്നതെന്നും കവി പറയുന്നു.

ഓണക്കാലത്ത് ഓണപ്പാട്ടുകൾ ആണ് ഞാൻ പാടുന്നത് .പൊൻനിറമുള്ള ചിങ്ങമാസം വന്നു പിറന്നു. ഓണത്തപ്പൻ പനയോലയും ചൂടി മലയാളത്തറവാടിന്റെ  മുറ്റത്ത് ഇരിക്കുന്നു. ഞാനാകട്ടെ വെളുത്ത മണലിൽ ഇരിക്കുന്നു. എന്റെ  കയ്യിൽ കൊഞ്ചലോടെ പ്രിയപ്പെട്ട മകളായ വീണപ്പെണ്ണും ചാഞ്ഞു കിടക്കുന്നുണ്ട് .പല്ലുകൊഴിഞ്ഞ പഴയ പാട്ടാണെന്ന് പറഞ്ഞ് പരിഷ്കാരത്തിന്റെ  മടിയിലുള്ള ഇന്നത്തെ തലമുറ എന്നെ ഒരുപക്ഷേ പഴിച്ചേക്കാം. അവർ പഴമോ അരിയോ പപ്പടമോ തന്നയച്ച്  എന്നെ പറഞ്ഞയക്കാൻ ശ്രമിച്ചേക്കാം. പക്ഷേ എന്റെ  ഉള്ളിലുള്ള അഭിമാനം ഇവർ അറിയുന്നില്ല .എന്റെ  മുന്നിൽ ഗോമേദകം പതിപ്പിച്ച സ്വർണ്ണ സിംഹാസനത്തിൽ മുത്തുക്കുടയും ചൂടി ഇരിക്കുന്നത് മൂന്നുലോകത്തേയും ഭരിച്ച മഹാബലിയാണ്.

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നാടോടി സംസ്കാരത്തെക്കുറിച്ച് കവി ഇവിടെ സൂചിപ്പിക്കുന്നുണ്ട് .സിനിമാറ്റിക് പാട്ടുകളും നൃത്തങ്ങളും ഇന്ന് പുള്ളുവപ്പാട്ടിന്റെ  സ്ഥാനം അപഹരിച്ചു.. പഴയകാല നന്മകളെക്കുറിച്ച് ആവേശത്തോടെയാണ് കവി പാടുന്നത് പാരമ്പര്യത്തിന്റെ  നന്മ തന്നിലുണ്ടെന്ന് കവി അഭിമാനിക്കുന്നു .
 

     മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛൻ തുടങ്ങിയുള്ളവരുടെ പാരമ്പര്യം ഉൾക്കൊണ്ടാണ് തന്നിൽ കവിത വന്നത് എന്ന് കവി പറയുന്നു വീണപ്പെണ്ണ് ആ പഴമയുടെ ചിഹ്നമാണ്.

                  



ആസ്വാദനക്കുറിപ്പ്_ കൊച്ചുചക്കരച്ചി- എ പി ഉദയഭാനു


                         എ പി ഉദയഭാനുവിന്റെ കൊച്ചുചക്കരച്ചി ഒരു ഉപന്യാസമാണ് .തന്റെ  ജീവിതത്തിലെ രസകരമായ ഓർമ്മകളും അനുഭവങ്ങളും കൂട്ടിയിണക്കിയാണ് ഇവിടെ അവതരിപ്പിക്കുന്നത് .വൃക്ഷങ്ങളിൽ പ്രധാനിയാണ് മാവ്. ഉണ്ണിമാങ്ങ പരുവം മുതൽ മാവിൻചുവട്ടിൽ സദ്യ ആരംഭിക്കുന്ന ഗ്രാമജീവിതത്തെക്കുറിച്ച് ഓർക്കുകയാണ് എ പി ഉദയഭാനു .പച്ചമാങ്ങ ഉപ്പു ചേർത്ത് കഴിക്കുന്നതും മാങ്ങ പഴുത്ത് കഴിക്കുന്നതും എത്രമാത്രം രസകരമാണ് എന്ന് അദ്ദേഹം ഓർക്കുന്നു.തൻ്റെ വീട്ടിലുണ്ടായിരുന്ന കുരുടിച്ചിഎന്ന മാവിൻ്റെ കാര്യം അദ്ദേഹം ഓർത്തു. അതിന് ചക്കക്കുരുവിന്റെ  വലുപ്പമില്ല .ചുള്ളിക്കമ്പുകൾ വിറകാക്കിയുയർത്തിയ ഹോമാഗ്നിയിൽ മാങ്ങനീരിട്ട് അണ്ണാൻ പിറന്നാൾ എന്ന ഒരു ചടങ്ങ് നടത്തിയിരുന്നത് അദ്ദേഹം ഓർത്തു. ഹോമധൂപം മാവിന്റെ  ഉയരത്തിൽ ചെല്ലുമ്പോൾ മാവ് മാങ്ങ പൊഴിച്ചു തരും എന്നായിരുന്നു വിശ്വാസം. കഴിഞ്ഞ തലമുറയിൽ ഗ്രാമപ്രദേശങ്ങളിൽ വസിച്ചിരുന്ന മിക്കവർക്കും അനുഭവിക്കാൻ കഴിഞ്ഞിട്ടുള്ള സൗഭാഗ്യങ്ങളിൽ ഒന്നാണ് ബാല്യകാലത്ത് സമപ്രായക്കാർ മൊത്തമായി മുകളിലുള്ള ഒത്തുചേരൽ.കവികൾക്കും മാവിനോട് ഇഷ്ടമാണ്. അവരും ഏതെങ്കിലും ഒരു കൊതിയ സമാജത്തിലെ അംഗങ്ങൾ ആയിരുന്നിരിക്കണം. അല്ലെങ്കിൽ മാങ്ങ പോലെ തേനൂറുന്ന കവിത എങ്ങനെ അവർക്ക് രചിക്കാൻ സാധിക്കുന്നു ?കാമദേവന്റെ  അമ്പിൽ ഒന്ന് മാമ്പൂവാണ് .വൈലോപ്പിള്ളി ശ്രീധരമേനോന്റെ  മാമ്പഴം എന്ന കവിത ഉൽക്കടമായ വേദനയുടെ മധുരം നമുക്ക് പകർന്നു തന്നതാണല്ലോ .തറവാട് വീട്ടിൽ താമസമുറപ്പിച്ചപ്പോഴാണ് കൊച്ചുചക്കരച്ചിയുമായി ബന്ധമുറച്ചത്.പണ്ട് ഒരു കാരണവർ കൊച്ചുചക്കരച്ചിയെ വെട്ടി നീക്കാൻ ഒരുങ്ങിയതാണ് .പക്ഷേ ആരൊക്കെയോ തടഞ്ഞു. അവൾക്ക് നാവുണ്ടായിരുന്നെങ്കിൽ കുടുംബത്തിലെ കഥ എല്ലാം പറയുമായിരുന്നുവെന്ന് എ പി ഉദയഭാനു ഓർത്തു .പണത്തിന് ബുദ്ധിമുട്ടു വന്നപ്പോൾ മാങ്ങ വിൽക്കാൻ അമ്മ ശ്രമിച്ചു. പക്ഷേ നീറുകൾ അതിൽ കയറാൻ ശ്രമിക്കുന്നവരെയെല്ലാം ഓടിച്ചു കളഞ്ഞു. മാങ്ങകൾ വിൽക്കാനുള്ളതല്ല, ആളുകൾക്ക് വെറുതെ കഴിക്കാനുള്ളതാണ് എന്ന മട്ടായിരുന്നു കൊച്ചുചക്കരച്ചിയുടെ നിലപാട്. മാവിന്റെ  തടിയുടെ വിലപറഞ്ഞു ആളുകൾ വന്നു .എന്നാൽ അവരെല്ലാം തുരുത്തപ്പെട്ടു.

കൊച്ചുചക്കരച്ചിയുടെ തടി ജീർണ്ണിച്ചു തുടങ്ങി. എല്ലാവരും അത് വെട്ടിക്കളയണം എന്ന് അമ്മയോട് പറഞ്ഞു. ഒന്നുകിൽ  അത് ശത്രുക്കളുടെ ദ്രോഹമാകാം .അല്ലെങ്കിൽ ഇടിമിന്നലിൽ  നശിച്ചതാകാം .അല്ലെങ്കിൽ തടിക്കച്ചവടക്കാർ തുരന്നതാകാം എന്നൊക്കെ പലരും പല അഭിപ്രായം പറഞ്ഞു. മാവ് ഒടിഞ്ഞു വീണാൽ ആളുകൾക്കാണല്ലോ ആപത്ത്. മാവിനെ വെട്ടണമെന്ന് ഉദയഭാനു വാശിപിടിച്ചു .എന്നാൽ അമ്മ ഒരു വാദവും സമ്മതിച്ചു തന്നില്ല .കൊച്ചുചക്കരച്ചി വീഴില്ല. വീണാലും അവൾ ആപത്ത് വരുത്തില്ല എന്ന ഉറച്ച നിലപാടായിരുന്നു അമ്മയ്ക്ക്. കാറ്റും മഴയും വരുമ്പോൾ അമ്മ മുറ്റത്ത് വരാന്തയിൽ വന്നിരിക്കും. കൊച്ചുചക്കരച്ചി ചതിക്കില്ല എന്ന വിശ്വാസമാണോ അതോ എല്ലാം തകർക്കുന്നെങ്കിൽ അതോടെ താനും കൂടി നശിച്ച് പോകട്ടെയെന്ന വിചാരമാണോ എന്നത് എ പി ഉദയഭാനുവിന് സംശയമായിരുന്നു. ആ ജീർണിച്ച അവസ്ഥയിലും മാവ് തളിർത്തു... പൂത്തു. മാമ്പഴങ്ങൾ ഉണ്ടായി.
 നല്ല കറുത്തവാവിൻ നാളിൽ മിന്നാമിനുങ്ങുകൾ ആ മാവിൽ വന്നിരിക്കുമ്പോൾ മറ്റൊരു ആകാശമാണോ എന്ന് തോന്നിച്ചു .ഇത്തരം കാഴ്ചകൾ  ആ വീട്ടുകാരെ വളരെയധികം സങ്കടപ്പെടുത്തി .കാരണം നാളെ ഈ മാവിന്റെ  നാശം ഉണ്ടാകുമല്ലോ എന്നോർത്ത്.കുറെ നാളുകൾക്കു ശേഷം ഒരു ശക്തിയുള്ള കാറ്റും മഴയും ഉണ്ടായി .അപ്പോൾ കൊച്ചുചക്കരച്ചി മുറിഞ്ഞു വീണു .മതിലിന്റെ  ഒരല്പം പൊളിഞ്ഞു എന്ന  വിപത്ത് മാത്രമേ സംഭവിച്ചുള്ളൂ.  പുളിമരത്തിന്റെ  ഏതാനും കൊമ്പുകളും അടർന്നുവീണു .അല്ലാതെ മറ്റൊരുപദ്രവവും ആ മാവ് വീണതു കൊണ്ട് ഉണ്ടായില്ല .ഒരു മിടുക്കനായ മരംവെട്ടുകാരന് പോലും ഇതിനേക്കാൾ നന്നായി ആ മരത്തെ മുറിച്ച് ഇടാൻ കഴിയുമായിരുന്നില്ല. കൊച്ചുചക്കരച്ചി ദോഷം വരുത്തില്ല എന്ന അമ്മയുടെ വിശ്വാസമാണ് ഇവിടെ ജയിച്ചത്. കൊച്ചുചക്കരച്ചിയുടെ മകൾ എന്ന നിലയിൽ അമ്മ വാത്സല്യത്തോടെ ഒരു മാവിൻ തൈ നട്ടു നനച്ചു വളർത്തി. പക്ഷേ അത് പുളിയുള്ള മാങ്ങയാണ്.

കൊച്ചുചക്കരച്ചിയിൽ ഒരു മനുഷ്യഭാവമുണ്ട് .മുത്തശ്ശിയെ പോലെ തലമുറയുടെ കഥ പറയുന്നവൾഎന്നാണ് എ പി ഉദയഭാനു പറയുന്നത് .കുല ശ്രേഷ്ഠകൾ, രണ്ടു ചക്കരച്ചികൾ, സഹോദരങ്ങൾ എന്നിങ്ങനെയും പറയുന്നുണ്ട് .ഇതിലും മനുഷ്യ ഭാവമുണ്ട്..തലമുടിയുള്ളവൾ എന്ന്പറയുമ്പോഴും അവിടെ സ്ത്രീ ഭാവമുണ്ട് .നേരുള്ളവൾ, ചതിക്കാത്തവൾ എന്നൊക്കെയും സൂചിപ്പിക്കുന്നുണ്ട്. കുട്ടികളെപ്പോലെ അരുമത്തം നേടിയവൾഎന്നും ഉദയഭാനു പറയുന്നു.

                    



അമ്മത്തൊട്ടിൽ-റഫീക്ക് അഹമ്മദ്


                                         

                                    റഫീക്ക് അഹമ്മദ്

                           കവിതാലാപനം

                     ശ്രേയ ബെൻ സുരേന്ദ്രൻ

                      ദൃശ്യാവിഷ്ക്കാരം

                   റഫീക്ക് അഹമ്മദിന്റെ കവിതയാണ് അമ്മത്തൊട്ടിൽ. ആധുനിക ജീവിതത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യബന്ധങ്ങളുടെ പ്രാധാന്യവും വാർദ്ധക്യത്തെ ഉൾക്കൊള്ളാൻ കഴിയാത്ത പുത്തൻ തലമുറയുടെ മനോഭാവവുമാണ് കവിതയുടെ വിഷയം. ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങൾക്കുള്ള അഭയമാണ് അമ്മത്തൊട്ടിൽ .കവിതയിൽ അമ്മയെ ഉപേക്ഷിക്കാനുള്ള ഇടമാണ് അമ്മത്തൊട്ടിൽ.അമ്മയെ ഉപേക്ഷിക്കാൻ തീരുമാനിച്ച മകൻ ജീവിതത്തിന്റെ പിൻസീറ്റിലേക്ക് അമ്മയെ മാറ്റാൻ ശ്രമിക്കുന്നു .മകൻ എത്ര ശ്രമിച്ചിട്ടും അമ്മയെ കാറിന്റെ പിൻസീറ്റിൽ നേരെ ഇരുത്തുവാൻ കഴിയുന്നില്ല.ഉണങ്ങിയ കയ്യുകൾ ചുള്ളിക്കമ്പുകൾ പോലെയായിട്ടുണ്ട്. അമ്മ കയ്യുകൾ നെഞ്ചോട് ചേർത്ത് വച്ചിട്ടുണ്ട് .എങ്ങോട്ട് പോകുന്നു എന്ന് മകനോട് ഒരു പ്രാവശ്യം പോലും അമ്മ ചോദിച്ചില്ല. എന്തിനു പോകുന്നുവെന്നും അവർ ചോദിച്ചില്ല.അമ്മയുടെ കണ്ണുകൾ പഴയ മങ്ങിയ നിറമുള്ള പിഞ്ഞാണം പോലെയായി.പാടയും പീളയും മൂടിക്കെട്ടിയ കണ്ണുകൾ വളരെ ബുദ്ധിമുട്ടിയാണ് അമ്മ അടച്ചു തുറന്നത് .പണ്ട് തിളക്കമുള്ള കണ്ണുകൾ ആയിരുന്നിരിക്കണം അമ്മയ്ക്ക് എന്നാൽ ജീവിതത്തിന്റെ   വേദനിപ്പിക്കുന്ന കാഴ്ചകൾ കണ്ട് അമ്മയുടെ കണ്ണുകൾ ആകെ നിറംകെട്ട പാത്രം പോലെയായി.

 മകൻ അമ്മയേയും കൊണ്ട് യാത്ര ചെയ്യുകയാണ്. ആരുമില്ലാത്ത വഴികളിലൂടെ, ആകാശഗോപുരങ്ങൾക്കു താഴെ കാറ് നീങ്ങി.അവിടെ ഒരു പെരുമാൾ കണ്ടു. അതിന്റെ  തൊട്ടടുത്തായി അമ്മയെ ഇറക്കിയിട്ട് പോകാമെന്ന് മകൻ വിചാരിച്ചു. എന്നാൽ പ്രസവിച്ചു കിടക്കുന്ന തെരുവു പട്ടി ഊറ്റത്തോടെ ചാടിക്കുതിച്ച് കുരച്ചത് കണ്ടപ്പോൾ മകൻ  തന്റെ  ബാല്യകാലത്ത് തന്നെ പുലർത്താൻ വളരെ കഷ്ടപ്പെട്ട അമ്മയെ ഓർത്തു. കുറ്റബോധം തോന്നി.
ഇവിടെ പെരുമാൾ എന്ന് രണ്ടുപ്രാവശ്യം ഉപയോഗിച്ചിരിക്കുന്നത് രണ്ട് വ്യത്യസ്തമായ അർത്ഥത്തിലാണ് .പണ്ട് ആരാധനാലയങ്ങളിൽ പോയിരുന്ന മനുഷ്യൻ ഇന്ന് അവ ഉപേക്ഷിച്ച് വലിയ മാളുകളെ ആശ്രയിക്കുന്ന കാഴ്ചയെത്തന്നെയാണ് കവിഇവിടെ ചൂണ്ടിക്കാണിക്കുന്നത്.
തെരുവ് പട്ടി വളരെ ഊർജത്തോടെ  മക്കളെ സംരക്ഷിക്കാൻ ശ്രമിച്ചത് കണ്ടപ്പോൾ അരക്ഷിതമായ ബാല്യകാലത്ത് കഷ്ടപ്പെട്ട് എല്ലാ പ്രശ്നങ്ങളേയും ഏറ്റെടുത്തത് തന്നെ പുലർത്തിയ അമ്മയോട്  അനുകമ്പ തോന്നി.

തുടർന്ന് ജില്ലാശുപത്രിയുടെ അരികിൽ അമ്മയെ ഉപേക്ഷിക്കാൻ തുനിഞ്ഞു.രാത്രി തുറക്കുന്ന ഒരു കടമാത്രമാണ് ആകെ അവിടെ ഉണ്ടായിരുന്നതെന്ന് അയാൾ കണ്ടുപിടിച്ചു .അവിടെ രണ്ടുമൂന്ന് ആളുകൾ മാത്രമേയുള്ളൂ .പിന്നിൽ ഒഴിഞ്ഞ സ്ഥലമുണ്ട് .അവിടെ അമ്മയെ   ഉപേക്ഷിക്കുവാൻ അയാൾ ശ്രമിച്ചു .പക്ഷേ ആശുപത്രിപ്പടികളിൽ അയാളുടെ കാൽ തടഞ്ഞപ്പോൾ പണ്ട് പനി വന്നതും  അമ്മ  തന്നെ എടുത്തുകൊണ്ട് ആശുപത്രിയുടെ പടി ഓരോന്നും കിതച്ചുകൊണ്ട് കയറിയതും സൂചി പ്രയോഗത്തിന്റെ  നീറ്റൽ അനുഭവപ്പെട്ടതും ഓർത്തു. ഇപ്പോൾ ആ നീറ്റൽ കുറ്റബോധത്തിന്റെ  നീറ്റലായി വന്നുപോയതും അയാൾ മനസ്സിലാക്കി

പിന്നെയും കാർ മുന്നോട്ടു നീങ്ങി .എങ്ങും ഇരുട്ടാണ് .വഴിയിൽ ആളുകൾ ആരുമില്ല .പണ്ട് കണ്ണുപൊത്തിക്കളിച്ച ആ വിദ്യാലയമുറ്റം കണ്ടപ്പോൾ ഒത്തിരി കാര്യങ്ങൾ ഓർത്തു.വാശിപിടിച്ചതും കരഞ്ഞതും കുതറി ഓടിയതും കരച്ചിൽ കേട്ട് ഉച്ചയാകും വരെ അമ്മ ചുറ്റുമതിലിന് പുറത്ത് കാത്ത്  നിന്നതും അയാൾ ഓർത്തു .അന്ന് കരച്ചിൽ ചങ്കിൽ കുരുങ്ങിയ അതേ അനുഭവംഇപ്പോഴും തോന്നി. അന്ന് തന്നെ പിച്ചിയത് ഈ ചുള്ളിക്കമ്പ് പോലുള്ള കൈകൾ കൊണ്ടാണോ ?പിന്നെയും അവിടെ വാഹനം നിർത്താതെ അയാൾ മുന്നോട്ടു പോയി.

 ഇനി എവിടെയാണ് അമ്മയെ ഉപേക്ഷിക്കേണ്ടത് എന്ന് അയാൾ ചിന്തിച്ചു. നിറദീപമായിരുന്ന അമ്മയെ വാർദ്ധക്യത്തിൽ കരിന്തിരിയായി കാണുന്ന തന്റെ  മാറ്റം അയാൾ മനസ്സിലാക്കുന്നുണ്ട്. സ്വബോധം നഷ്ടപ്പെടും വരെ അമ്മ എന്നും തന്നെ കൊണ്ടുപോകണം എന്ന് വാശി പിടിച്ചിരുന്ന ആ ശ്രീകോവിലിന് മുന്നിൽ തന്നെ അമ്മയെ ഉപേക്ഷിക്കുവാൻ അയാൾ തീരുമാനിച്ചു അപ്പോൾ ഒരാൾ പുറത്ത് നടക്കുന്നതായി കണ്ടു . തന്റെ ക്രൂരകൃത്യം കണ്ട് പൊറുതി ഇല്ലാതെ ഈശ്വരൻ കോവിലിൽ നിന്ന് ഇറങ്ങി വന്നതാണോ എന്ന് അയാൾ സംശയിച്ചു .കുറ്റബോധം അയാളെ വല്ലാതെ നീറ്റി.

അയാൾക്ക് തണുപ്പ് അനുഭവപ്പെട്ടപ്പോൾ കാറിന്റെ ചില്ലുയർത്തി .പണ്ട് തണുത്തപ്പോൾ കരിമ്പടം ചുറ്റി അമ്മയുടെ വയറ്റത്ത് ചൂട് കിട്ടാൻ പറ്റിക്കിടന്നതും അമ്മയുടെ മുഷിഞ്ഞ കാച്ചിയ എണ്ണയുടെ മണമ നുഭവപ്പെട്ടതും പുലർച്ചയിൽ ചൂട്ടു കത്തിക്കുന്ന ഗന്ധം ശ്വസിച്ചതും അയാൾക്ക് അപ്പോൾ അനുഭവിക്കുന്നതായി തോന്നി.

ഇന്നും അമ്മയെ തിരികെ കൊണ്ടു ചെല്ലുമ്പോൾ ഭാര്യ ഒന്നിനും കൊള്ളരുതാത്തവൻ ആണ് താൻ എന്ന് പറഞ്ഞ് പഴി പറഞ്ഞേക്കാം. എങ്കിലും ഞാൻ ഇനി അമ്മയെ ഉപേക്ഷിക്കില്ല എന്നയാൾ തീരുമാനിച്ചു .തല പെരുക്കുന്നത് പോലെ അയാൾക്ക് തോന്നി .അയാൾ തിരിഞ്ഞു നോക്കിയപ്പോൾ പിറകിലെ സീറ്റിൽ വലത്തോട്ട് പൂർണമായി ചാഞ്ഞു മടങ്ങി അമ്മ മയങ്ങിക്കിടക്കുന്നത് കണ്ടു .പീളയടിഞ്ഞ കണ്ണുകൾ അമ്മ എന്തുകൊണ്ടാണ് നിർദയം തുറന്നു വച്ചത് എന്നാണ് അയാൾ സംശയിക്കുന്നത് . 

                     


                        
ബ്രിഡ്ജ്  മലയാളം ഫിലിം -യൂട്യൂബ് ലിങ്ക്

 

                   



ഓരോ വിളിയും കാത്ത് _യു കെ കുമാരൻ




പ്രസിദ്ധ കഥാകാരൻ യു കെ കുമാരന്റെ  കഥയാണ് ഓരോ വിളിയും കാത്ത്. കുടുംബത്തിന്റെ  എല്ലാമെല്ലാമായ അച്ഛൻ മരണപ്പെട്ടപ്പോൾ ഒറ്റപ്പെട്ടുപോയ അമ്മയുടെ വേദനകളും വിഹ്വലതകളുമാണ് കഥയിൽ കാണുന്നത്. ഇത്രയും കാലം അച്ഛന്റെ  ഓരോവിളിയ്ക്കും പിന്നാലെ ഓടുകയായിരുന്നു അമ്മ. അച്ഛൻ ഓരോന്ന് പറഞ്ഞ് അമ്മയെ വിളിച്ചുകൊണ്ടിരിക്കും .അമ്മ അതിന് മറുപടി നൽകിക്കൊണ്ടിരിക്കും .ഇങ്ങനെയായിരുന്നു ആ വീട്ടിലെ ജീവിതം.അമ്മയെ ഒറ്റക്കാക്കി പോകുന്നതിൽ മകന് തികച്ചും സങ്കടമുണ്ട്. രാത്രി ഒരു കുട്ടിയെ കൂട്ടുകിടത്തുന്നുണ്ടെന്ന് പറഞ്ഞ്  ആശ്വസിപ്പിച്ചു .അച്ഛന്റെ മരണത്തോടുകൂടി ആ വീട്ടിലെ എന്തെല്ലാമോ ചോർന്നു പോയത് പോലെ അവർക്ക് തോന്നി .അച്ഛന്റെ  ശബ്ദവും സാന്നിദ്ധ്യവും ആയിരുന്നു ആ വീട് .ഒരു വീട് എന്നാൽ ചുമരുകളും ജനലുകളും വാതിലുകളും ഒന്നുമല്ല. ആ വീട്ടിലുള്ളവരുടെ ഇഴയടുപ്പമുള്ള ബന്ധമാണ് വീടിനെ വീടാക്കുന്നത് എന്ന് അവർ മനസ്സിലാക്കി.


ഒരു ഉത്തമനായ ഗൃഹനാഥനായിരുന്നു അച്ഛൻ. കിടന്ന കിടപ്പിൽ തന്നെ അദ്ദേഹം കന്നിപ്പാടത്ത് വെയിലിന്റെ  വേലിയേറ്റങ്ങൾ അറിഞ്ഞിരുന്നു. കവുങ്ങിൽ അടക്കകൾ പഴുത്തിരിക്കുന്നുവെന്നും ,വാവലുകൾ ചിറകടിച്ചു പറന്നു പോകുന്നുവെന്നും, തെങ്ങിലെ തേങ്ങകൾ വരണ്ടുണങ്ങി എപ്പോൾ വേണമെങ്കിലും വീഴുമെന്നും, നെല്ലിന് വേലി കെട്ടാൻ സമയമായി എന്നും, കതിരിൽ ചവിട്ടി ആരോ നടന്നു പോകുന്നുവെന്നും അച്ഛൻ കിടന്ന കിടപ്പിൽ പറയുമായിരുന്നു .പൊരുളില്ലാത്ത സംസാരമാണെന്ന് തോന്നുമെങ്കിലും ചെന്നുനോക്കുമ്പോൾ അച്ഛൻ പറഞ്ഞതെല്ലാം ശരിയാണെന്ന് മനസ്സിലാകുമായിരുന്നു.ഒരു ഉത്തമനായ ഗൃഹനാഥനും ഒരു നല്ല കൃഷിക്കാരനും സ്വന്തം വീടിനേയും പുരയിടത്തേയും ഒത്തിരിയേറെ സ്നേഹിച്ചിരുന്ന വ്യക്തിയും ആയിരുന്നു അച്ഛൻ എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും

അച്ഛന്റെ ചോദ്യങ്ങൾക്ക് ഉടനെ മറുപടി പറഞ്ഞില്ലെങ്കിൽ അച്ഛൻ പരിഭവം പറയുമായിരുന്നു. അപ്പോൾ അമ്മ പറയും എനിക്ക് ഒട്ടും വയ്യെങ്കിൽപ്പോലും ഓരോ വിളിപ്പുറത്തും ഞാനെത്തുമല്ലോയെന്ന്.അച്ഛൻ പോയതോടുകൂടി അമ്മ ഗൗരവക്കാരിയായി മാറി.എപ്പോഴും സ്വന്തം കാലിന്റെ  വേദനയെക്കുറിച്ച് മാത്രമായി ചിന്ത .അച്ഛന്റെ  വിളികൾക്ക് പിന്നാലെ പോകുമ്പോൾ  അമ്മ സത്യത്തിൽ തന്റെ  ചെറുപ്പ കാലത്തിലേക്ക് മടങ്ങുകയായിരുന്നു. ഓരോവിളിയ്ക്കും വേണ്ടി അമ്മ കാതോർത്തിരിക്കുമായിരുന്നു. ഇപ്പോൾ ആ നിശബ്ദതയിൽ അമ്മയുടെ മനസ്സും ശൂന്യമായി.അച്ഛന് വേണ്ടി മാത്രം ജീവിച്ചിരുന്ന ഒരാളായിരുന്നു അമ്മ. ഇപ്പോൾ തന്റെ  അവശതകളിലേക്ക് മാത്രമായി അമ്മയുടെ ശ്രദ്ധ.

 മകന്റെ  നിർബന്ധത്തിനു വഴങ്ങി നഗരത്തിലേക്ക് വരാമെന്ന് അമ്മ വാക്കുകൊടുത്തു. വാവിന്റെ ദിവസം അച്ഛന്  ഇഷ്ടമുള്ള കാപ്പി കൂടി ഇളനീരിനൊപ്പം അമ്മ അച്ഛന്റെ  മുറിയിൽ വച്ചു.അമ്മ നഗരത്തിലേക്ക് വരുന്നതിൽ മകന് സന്തോഷമുണ്ട്. മകന്റെ കുട്ടി കൂമൻ മൂളുന്നതിനൊപ്പം മൂളിയപ്പോൾ നഗരത്തിലും കൂമൻ മൂളുന്ന  ഒച്ച കേൾക്കാൻ സാധിക്കുമോ എന്ന് അമ്മ ചോദിച്ചു. അവിടെ ടിവിയുടെ ഒച്ച മാത്രമേയുള്ളൂവെന്ന് പേരക്കുട്ടി ഉത്തരം പറഞ്ഞു. നല്ല വെള്ളവും നിലാവുമില്ലാത്ത ആ നഗരം ഗ്രാമീണവാസിയായ അമ്മയെ സംബന്ധിച്ചിടത്തോളം പൊരുത്തപ്പെടാൻ ഇത്തിരി ബുദ്ധിമുട്ട് ഉള്ളതാണ് എന്ന് മകന് അറിയാമായിരുന്നു.വീടിനു മുന്നിലൂടെ പോയ പൈക്കച്ചവടക്കാരൻ മൂപ്പര് എങ്ങോട്ട് പോയി എന്ന് ചോദിച്ചപ്പോൾ മൂപ്പര് പോയി എന്നു മാത്രമേ അമ്മ മറുപടി പറഞ്ഞുള്ളൂ . പോയില്ല എന്ന കാര്യം തനിക്കു മാത്രമേ അറിയുകയുള്ളൂ എന്ന് അമ്മ പറഞ്ഞ് നെടുവീർപ്പിട്ടു. മകനൊപ്പം പോകേണ്ട ദിവസം എത്തിയിട്ടും കട്ടിലിൽ ആലോചിച്ചു കിടക്കുന്ന അമ്മയോട്  എന്താണ് വരാത്തതെന്ന് മകൻ ചോദിച്ചപ്പോൾ ഞാൻ എങ്ങനെയാണ് മോനെ വരുന്നതെന്നും അച്ഛൻ എന്നെ എപ്പോഴും വിളിച്ചു കൊണ്ടിരിക്കുകയാണെന്നും ഇന്നലെയും വിളിച്ചുവെന്നും വിളിക്കുമ്പോൾ ഞാൻ ഇവിടെ ഇല്ല എന്ന് വെച്ചാൽ അത് ശരിയാവുകയില്ലയെന്നും മറുപടി പറയുന്നു.


(കുടുംബബന്ധങ്ങളുടെ ഇഴയടുപ്പവും അവർ വച്ചുപുലർത്തുന്ന സ്നേഹവും ആദരവുമാണ് ഈ കഥയെ സുന്ദരമാക്കുന്നത്. അച്ഛനും അമ്മയും തമ്മിൽ ദൃഢമായ ആത്മബന്ധമായിരുന്നു ഉണ്ടായിരുന്നത്.അച്ഛന്റെ  ശബ്ദവും സാന്നിദ്ധ്യവുമില്ലായ്മ അമ്മയിൽ ഒരു ശൂന്യതയാണ് വരുത്തിവെച്ചത് .ഒരുപാടുപേർ ഇറങ്ങിപ്പോയത് പോലുള്ള ഒരു അവസ്ഥ വന്നു.സ്നേഹം നിറഞ്ഞ പെരുമാറ്റവും ബന്ധങ്ങളുമാണ് ഒരു വീടിനെ വീടാക്കുന്നത്. അല്ലാതെ വലുപ്പച്ചെറുപ്പമല്ല. മരിച്ചിട്ടും അച്ഛന്റെ  സാന്നിധ്യം അമ്മ അറിയുന്നു. ആ വീടു വിട്ട് താൻപോയാൽ ഓർമ്മകളുറങ്ങുന്ന വീട് നോക്കാൻ ആരും ഇല്ലാത്ത അവസ്ഥ  ആ അമ്മയെ വേദനിപ്പിക്കുന്നു.ജീവിച്ചിരിപ്പില്ലാത്ത അച്ഛനോട് പോലും ബന്ധം പുലർത്തുന്ന ആ അമ്മയ്ക്ക് അച്ഛൻ തന്റെ  കൂടെയുണ്ട് എന്ന തോന്നലാണ് ജീവിതത്തോട് അടുപ്പിക്കുന്നത്.)

         

                        ദൃശ്യാവിഷ്‌ക്കാരം    

  ദൃശ്യാവിഷ്‌ക്കാരം കണ്ടതിനുശേഷം

 കഥാകൃത്തിന്റെ(യു കെ കുമാരൻ )ആശംസ


പ്ലാവിലക്കഞ്ഞി - ആസ്വാദനം

 

തകഴിയുടെ രണ്ടിടങ്ങഴി എന്ന നോവലിലെ പതിനേഴാം അധ്യായമാണ് പാഠഭാഗം. പുഷ്പവേലിൽ ഔസേപ്പ് ചേട്ടന്റെ  കുടിയാന്മാർക്ക് വൈകുന്നേരം കൂലി കൊടുത്തു. ഒരാൾക്ക് മുക്കാൽ രൂപയായിരുന്നു കൂലി. കോരൻ പറഞ്ഞു എനിക്ക്  നെല്ലു  മതി കൂലി വേണ്ട എന്ന്. യജമാനൻ അവനെ ആട്ടിയോടിച്ചു. ആ കുറഞ്ഞ തുകയ്ക്ക് അവന് അരി വാങ്ങിക്കാൻ സാധിച്ചില്ല. അന്ന് രാത്രി അവൻ ഇരുട്ടിന്റെ  മറവിൽ ചില വ്യാപാരങ്ങൾ കണ്ടു. ഒരു വലിയ കൃഷിക്കാരൻ വീടിനടുത്തുള്ള വള്ളങ്ങളിൽ നെല്ലിൻ ചാക്കുകൾ കയറ്റുന്നത് കോരൻ കണ്ടു.അതിൽ നിന്നും ഇടങ്ങഴി നെല്ല് തനിക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് അവൻ ആലോചിച്ചു .ഔസേപ്പ് നെല്ല് കൂലിയായി കൊടുക്കാത്തത് രാത്രിയിൽ ഇങ്ങനെ ഇരട്ടി വിലയ്ക്ക് മറിച്ചു വിൽക്കുന്നത് കൊണ്ടാണെന്ന് കോരന് മനസ്സിലായി. ഈ രാത്രി വ്യാപാരത്തെ പരസ്യപ്പെടുത്തിയാൽ എന്താണെന്ന് അവൻ ചിന്തിച്ചു. പക്ഷേ കൂട്ടുകാർക്കിടയിൽ താൻ ഒറ്റപ്പെട്ടുപോകും എന്ന് അവനറിയാമായിരുന്നു.അന്ന് പാതിരയ്ക്ക് ശേഷം നാഴി അരിയും കുറച്ചു കപ്പയുമായി കോരൻ കുടിലിലേക്ക് വന്നു. തനിക്ക് വയറിനു സുഖമില്ല എന്ന്  വെറുതെ പറഞ്ഞ് കോരൻ കിടന്നു .കഞ്ഞിയും കപ്പയും പാകമായപ്പോൾ  നിർബന്ധിപ്പിച്ച് ഭക്ഷണം കഴിക്കാൻ ഇരുത്തി.അവൾ കുറച്ച് കഞ്ഞി മാറ്റിവച്ചിരുന്നു. അത് കോരൻ കണ്ടുപിടിച്ചു .കാലത്ത് ഒരല്പം കഞ്ഞിയ്ക്കുള്ളതാണ് മാറ്റിവെച്ചത് എന്ന് ചിരുത  മറുപടി പറഞ്ഞു.ഇന്ന് പട്ടിണി കിടന്ന നീ തന്നെ എല്ലാ ഭക്ഷണവും കഴിക്കൂ എന്ന് കോരൻ നിർബന്ധിച്ചു. പിറ്റേന്ന് ബാക്കി വന്ന കഞ്ഞിവെള്ളവും നാല് കഷ്ണം കപ്പയും കണ്ടപ്പോൾ ചിരുതയെ തലേദിവസം അത് കഴിക്കാത്തതുകൊണ്ട് കോരൻ വഴക്കുപറഞ്ഞു. പിറ്റേന്ന് അവൻ കപ്പയും അരിയും വാങ്ങി തിരിച്ചു വന്നപ്പോൾ ഒരു കാഴ്ച കണ്ടു. തന്നോട് വഴക്കിട്ടിരുന്നു തന്റെ  അച്ഛൻ ചിരുതയുമായി സംസാരിച്ചു നിൽക്കുന്നതാണ് കണ്ടത്.അവനെ സംബന്ധിച്ച് അത് കണ്ണു തണുപ്പിക്കുന്ന കാഴ്ചയായിരുന്നു. അപ്പനും മകനും പരസ്പരം കെട്ടിപ്പിടിച്ചു നിന്നു .ആ കാഴ്ച നോക്കിനിന്നു ചിരുത സന്തോഷിച്ചു. അവശനായി നിൽക്കുന്ന അച്ഛനെ കണ്ട് കോരന് സങ്കടമായി .അരിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചിട്ട് പത്ത് ദിവസമായെന്നും കപ്പ തന്നെ കഴിച്ചാൽ മതിയെന്നും നെല്ല് കണികാണാൻ കിട്ടുന്നില്ലെന്നും ചാത്തൻ പറഞ്ഞു. ആരോഗ്യവാനും ആനയുടെ കരുത്തും ഉണ്ടായിരുന്ന അച്ഛനെ ഈ അവസ്ഥയിൽ കണ്ടപ്പോൾ കോരന്റെ  കണ്ണുകൾ നിറഞ്ഞു .കുറ്റബോധം അവന്റെ  ഹൃദയത്തെ നോവിച്ചു. കല്യാണംകഴിഞ്ഞപ്പോൾ പെണ്ണുമായി മറുനാട്ടിൽ വന്നതാണ്.അച്ഛൻ കഷ്ടപ്പെട്ട് വളർത്തിയാണ് തന്നെ. ഇത്രയും നാൾഅച്ഛനെ തിരിഞ്ഞുനോക്കാത്തതുകൊണ്ട് അയാൾക്ക് വിഷമമായി.തന്റെ  അവസാനനാളുകളിൽ മകനോടൊപ്പം ചെലവഴിക്കാനാണ് അയാൾ എത്തിയിരിക്കുന്നത്.  എട്ടു വയസ്സിൽ ഒരു കൃഷിക്കാരന്റെ വേലക്കാരനായി കൂടിയതാണ് .കോടിപ്പറ നെല്ല് അയാൾ അറുപത്തിരണ്ടാം വയസ്സിൽ ഉണ്ടാക്കിയിരിക്കുന്നു. അയാളാണ് അവസാന നാളുകളിൽ കഞ്ഞി വെള്ളം പോലും കാണാതെ വീട്ടിൽ എത്തിയിരിക്കുന്നത് .അരിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചിട്ട് പത്ത്ദിവസമായി എന്ന് പറയുന്നത്.ചിരുതയോട് കോരൻ ചോദിച്ചു .അച്ഛന് വല്ലതും കൊടുത്തോ എന്ന് .മുറം നെയ്ത് വെച്ചിരുന്ന കാശുകൊണ്ട് അരി വാങ്ങിച്ചു അത് ഞങ്ങൾ കഞ്ഞിയുണ്ടാക്കിക്കുടിച്ചു എന്ന് ചിരുതപറഞ്ഞു. വൃദ്ധൻ ചിരുതയുടെ സംസാരത്തെ എതിർത്തു. ഞങ്ങളല്ല ആകെ ഞാൻ മാത്രമാണ് കഞ്ഞി കുടിച്ചത് എന്ന് പറഞ്ഞു .പണ്ട് നല്ല സുന്ദരിയായ അവൾ ഇപ്പോൾ ക്ഷീണിച്ചു പോയല്ലോ എന്ന് ചാത്തൻ പറഞ്ഞു .അവൾ മറ്റുള്ളവരെ തീറ്റി സ്വയം ഉണങ്ങുകയാണ് ചീത്തപ്പേര് ഉണ്ടാക്കാൻ എന്ന് കോരൻ പറഞ്ഞു .അന്നത്തെ ദിവസം ഇരുനാഴിയിട്ട് കഞ്ഞി വെച്ച് കപ്പയും പുഴുങ്ങി അവർ സന്തോഷത്തോടെ ഭക്ഷണം കഴിച്ചു .ജീവിതത്തിലെ മറക്കാനാവാത്ത ഒരു ദിവസമായിരുന്നു അത്. വളരെ കുറച്ചു കഞ്ഞി മാത്രം മതി ആ പാവം വൃദ്ധന് .പത്ത് പ്ലാവിലക്കഞ്ഞി കുടിച്ചു കഴിഞ്ഞപ്പോൾ തന്നെ വൃദ്ധന്റെ വയറുനിറഞ്ഞു .കോരന് സന്തോഷമായി .പിറ്റേന്ന് രാവിലെ കുറച്ചു കഞ്ഞി ചിരുത വച്ചിരുന്നു  അതിനെ കോരൻ എതിർത്തില്ല.നാളെ നെല്ല് തന്നെ കൂലിയായി കിട്ടിയേ മതിയാകൂ എന്ന കോരൻ ഓർത്തു .കാരണം ഒരു നേരമെങ്കിലും അച്ഛന് വയറുനിറച്ച് ചോറു കൊടുക്കണം. അത് മാത്രമായിരുന്നു അയാളുടെ ആഗ്രഹം.

ജീവിതത്തിലെ ഇല്ലായ്മകളെ സ്നേഹംകൊണ്ട് അതിജീവിക്കുകയാണ് രണ്ടിടങ്ങഴിയിലെ കഥാപാത്രങ്ങളായ കോരനും ചിരുതയും ചാത്തനും. എല്ലു മുറിയെ പണിയെടുത്തിട്ടും വിശപ്പടക്കാൻ കഴിയാതെ പോയവരുടെ കൂട്ടത്തിലുള്ളവരാണ് ഇവർ. സ്വന്തം വിശപ്പ് മറച്ചുവെച്ചാണ് ഉറ്റവരെ ഊട്ടാൻ ഇവർ ശ്രമിക്കുന്നത് .സ്നേഹത്തിന്റെ   അഗാധതയിൽ അവർ സഹനങ്ങൾ ഏറ്റെടുക്കുന്നു.ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാൻ ഇല്ലെങ്കിലും സ്നേഹത്താൽ ഇല്ലായ്മകളെ അതിജീവിക്കുകയാണ് ഇവർ.ജന്മികുടിയാൻ വ്യവസ്ഥ നിലനിന്നിരുന്ന കാലത്തെ ജീവിതമാണ് ഈ നോവൽ തുറന്നുകാട്ടുന്നത് .അടിയാളരുടെ ഇടയിൽ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു .പക്ഷേ തൊഴിൽ സംഘടനകൾ ഇല്ലാതിരുന്നതുകൊണ്ട് ഒറ്റയ്ക്ക് ആർക്കും മുന്നോട്ടു വരാൻ ധൈര്യമുണ്ടായില്ല. രാത്രി വ്യാപാരത്തെ പല അവസരങ്ങളിലും തുറന്നു പറയുവാൻ: വിളിച്ചു പറയുവാൻ,കോരൻ ആഗ്രഹിച്ചിരുന്നു പക്ഷേ താൻ ഒറ്റപ്പെട്ടു പോകും എന്നുള്ള പേടി അതിന് അയാളെ അനുവദിച്ചില്ല. സ്നേഹവും കരുതലുമുള്ള ഇടങ്ങളിൽ ജീവിതം ആസ്വാദ്യമാണെന്നാണ് നമുക്ക് ഈ കഥാപാത്രങ്ങളിലൂടെ മനസ്സിലാകുന്നത്

ആസ്വാദനക്കുറിപ്പ് -ആത്മാവിന്റെ വെളിപാടുകൾ - പെരുമ്പടവം ശ്രീധരൻ

 

     പ്രശസ്ത റഷ്യൻ നോവലിസ്റ്റ് ദസ്തയേവ്സ്കിയുടെ ജീവിതം അടിസ്ഥാനമാക്കി പെരുമ്പടവം ശ്രീധരൻ എഴുതിയ ഒരു സങ്കീർത്തനം പോലെ എന്ന നോവലിലെ പത്താം അധ്യായമാണ് ആത്മാവിന്റെ  വെളിപാടുകൾ. ഭാര്യയുടേയും  ചേട്ടന്റേയും മരണം ഏൽപ്പിച്ച ആഘാതവും ചേട്ടൻ  ഉണ്ടാക്കിവെച്ച കടങ്ങളും ചേട്ടന്റെ  കുടുംബത്തെ രക്ഷിക്കാനുള്ള സാമ്പത്തിക ബാധ്യതയും ദസ്തയേവിസ്കിയെ ആകെ ഉലച്ചു കളഞ്ഞു. കിട്ടിയ പണം മുഴുവൻ നഷ്ടപ്പെടുത്തി. കുറ്റവും ശിക്ഷയും എഴുതാൻ തുടങ്ങിയത് നിലനിൽപ്പുതന്നെ പരുങ്ങലിലായ അവസ്ഥയിലാണ്.അദ്ദേഹം ഒരു നോവൽ എഴുതി കൊടുക്കാമെന്നും അല്ലാത്തപക്ഷം എഴുതാനിടയുള്ള എല്ലാ പുസ്തകങ്ങളുടെ അവകാശവും വിട്ടു നൽകാമെന്നും ഉള്ള കരാറിൽ പ്രസാധകരിൽ നിന്ന് പണം മുൻകൂറായി വാങ്ങി .നിശ്ചിത സമയത്തിനുള്ളിൽ നോവൽ പൂർത്തിയാക്കണമെങ്കിൽ ചുരുക്കെഴുത്ത് അറിയാവുന്ന ഒരാളുടെ സഹായം കൂടിയേ തീരൂ എന്ന സ്ഥിതിവന്നു. അങ്ങനെ അന്ന എന്ന യുവതിയുടെ സഹായത്തോടെ ദസ്തയേവ്സ്കി നോവൽ രചനയിൽ ഏർപ്പെട്ടു.അന്ന ദസ്തയേവ്സ്കിയുടെ ആരാധകന്റെ  മകളാണ്. അവളുടെ സ്നേഹ പരിചരണങ്ങളാൽ നോവൽ പൂർത്തിയാക്കാൻ നോവലിസ്റ്റ് ശ്രമിക്കുന്നു .ചുഴലി രോഗത്തിന്റെ  പിടിയിലായിരുന്ന ദസ്തയേവ്സ്കി രണ്ടുദിവസം വീട്ടിൽ കിടന്നു. ഒരു ദിവസം വെറുതെ പുറത്തേക്കിറങ്ങി നടക്കണമെന്ന് വിചാരത്താൽ  കുറെ ദൂരം നടന്നു. അപ്പോൾ പ്രകൃതിയും ദസ്തയേവ്സ്കി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന ബോധത്താൽ തന്നോട് തന്നെ ദസ്തയേവ്സ്കി സംസാരിച്ചു .തന്റെ  ജീവിതത്തിന് എന്ത് അർത്ഥമാണുള്ളത് എന്ന് ചിന്തിച്ചു .വഴിയരികിൽ വലിച്ചെറിയപ്പെട്ട ഒരു പാറയുടെ അവസ്ഥയല്ലേ തനിക്കെന്നും ചിന്തിച്ചു തനിക്ക് ആകെയുള്ളത് പ്രാർത്ഥനയാണ്. എന്നാൽ ഒരാൾക്ക് എത്രനേരം പ്രാർത്ഥനയിൽ തന്നെ ലയിച്ച് ഇരിക്കാൻ സാധിക്കും? അതിനുശേഷം പുറംലോകത്തേക്ക് വന്നാലോ അവിടെയെങ്ങും കഴുകന്റെ  നഖങ്ങൾ ആണ്. ചേട്ടൻ മൈക്കിളിന്റെഭാര്യ ചേട്ടന്റെ  മരണശേഷം വരുമ്പോൾ അവരെ സഹായിക്കുന്നത് ദസ്തയേവ്സ്കി പതിവായിരുന്നു. വീട്ടിലുള്ള എല്ലാ സാധനങ്ങളും വിറ്റു .ദസ്തയേവ്സ്കിയുടെ ആദ്യഭാര്യ മേരിയയുടെ മകനാണ് പാഷ .പണത്തിനു മറ്റും എപ്പോഴും ചൂഷണം ചെയ്യുന്ന പ്രകൃതമാണ്. അവനും ഉപദേശത്തിന്റെ  കുറവുകൊണ്ടല്ല ചീത്തയാകുന്നത് .

സഹിക്കാൻ ഒന്നുമില്ലാത്ത ജീവിതം യഥാർത്ഥ ജീവിതം ആണോ എന്ന് അദ്ദേഹം ചിന്തിച്ചു ചേട്ടൻ,  'എപോക്  'എന്ന ഒരു പബ്ലിക്കേഷൻ തുടങ്ങിയിരുന്നു .അതിൽ അധോതല കുറിപ്പുകൾ എന്ന ഒരു കൃതി ദസ്തയേവ്സ്കി എഴുതി. കനത്ത നഷ്ടത്തിൽ സ്ഥാപനം നിർത്തേണ്ടിവന്നു. തൻ്റെ ഭാര്യ മേരിയ മോസ്കോവിൽ മരണശയ്യയിൽ കിടക്കുന്ന സമയത്ത് ഒരു കൊല്ലമാണ് അവളെ ശുശ്രൂഷിച്ചത്. പിരിഞ്ഞാണ് നിന്നിരുന്നെങ്കിലും  അവസാന സമയത്ത് താൻ തന്നെയാണ് അവളെ നോക്കിയത്. ജീവിതത്തിൽ ഏറ്റവും നല്ല സ്ത്രീ അവളായിരുന്നു എന്ന് അവൾ മരിച്ചു കഴിഞ്ഞപ്പോഴാണ് മനസ്സിലായത്. നമ്മൾ സ്നേഹിച്ച ഒരാളുടെ മരണം നമ്മുടെ ജീവിതത്തെ ശൂന്യമാക്കിത്തീർക്കുമെന്ന് അദ്ദേഹം ഓർക്കുന്നു .പിന്നീട് ചേട്ടനും മരിച്ചു.

ബൈബിളിലെ ഇയ്യോബിന്റെ  പുസ്തകം വായിക്കുന്നത് ദസ്തയേവ്സ്കിക്ക് ' ഇഷ്ടമായിരുന്നു . ജീവിതത്തെ ഓർത്ത് ഇയ്യോബ് തന്റെ   ജന്മദിനത്തെ പോലും ശപിച്ചത് വീണ്ടും വീണ്ടും അദ്ദേഹം വായിച്ചു. എന്നാൽ തന്റെ പീഡാനുഭവങ്ങളെ സ്നേഹിക്കാൻ താൻ പഠിച്ചു കഴിഞ്ഞു എന്ന് സ്വയം പറഞ്ഞു .

തനിക്ക് നോവൽ വേഗം തീർക്കണം എന്നില്ലെന്ന് ദസ്തയേവ്സ്കി പറഞ്ഞു സ്റ്റെല്ലോവ്സ്കി അപ്പോൾ ഈ എഴുതിയതിന്റെ  അവകാശം മൊത്തം എടുക്കില്ലേ എന്ന് ചോദിച്ചപ്പോൾ ഒരു നിബന്ധന വെച്ച് ഒരു സാഹിത്യകാരന് ഒരിക്കലും നോവലെഴുതാൻ സാധിക്കുകയില്ല എന്ന് ദസ്തയേവ്സ്കി പറഞ്ഞു .നോവലെഴുത്ത്  ആത്മാവിന്റെ വെളിപാടാണ്. സ്റ്റെല്ലോവ്സ്കി ആദായം എടുത്താലും അത് എഴുതിയത് അയാൾ ആകില്ല ഞാൻ തന്നെയല്ലേ എന്ന് പറഞ്ഞപ്പോൾ അവൾ അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കി .നോവൽ തീർന്നാൽ അന്ന ഇവിടുന്ന് പോകുമല്ലോ അതുകൊണ്ടാണ് തീരാതിരിക്കാൻ ആഗ്രഹിക്കുന്നതെന്ന് ദസ്തേയേവ്സ്കി പറഞ്ഞു. ആശയത്തിന്റെ  കൂടുതൽ കൊണ്ടാണ് എനിക്ക് എഴുതാൻ പറ്റാത്തത് എന്ന് അദ്ദേഹം അന്നയോട് പറഞ്ഞു .നന്മയുടെ മൂർത്തിയായി ഒരു ശുദ്ധാത്മാവിനെ സൃഷ്ടിക്കുകയാണ് തന്റെ  ലക്ഷ്യമെന്നും അതാണ് ജീവിതത്തിൽ ഏറ്റവും പ്രയാസമുള്ള പണിയെന്നും അദ്ദേഹം പറഞ്ഞു .പ്രത്യേകിച്ച് ഈ കുടിലബുദ്ധികളുള്ള ഇക്കാലത്ത്.അങ്ങനെ നന്മയുള്ളവരെ കഥാപാത്രങ്ങളാക്കി എഴുതാൻ വേണ്ടിയാണ്  ഞാൻ ഭൂമിയിൽ അവതരിച്ചത് എന്ന് ദസ്തയേവ്സ്കി പറഞ്ഞു .അതിൽ ഒരു കഥാപാത്രം ഉണ്ടാവും .പതിനാറ് വയസ്സുകാരൻ  ഇപ്പോലിത്ത്. ക്ഷയരോഗം കൊണ്ട് മരിച്ചുകൊണ്ടിരിക്കുന്ന  അവൻ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. ആ ശ്രമത്തിലൂടെ ദൈവത്തിനുള്ള അധികാരത്തെ ചോദ്യം ചെയ്യുകയാണ് ഉന്നം. മിഷ്കിനോട്  എങ്ങനെ മരിക്കണമെന്ന് ഉപദേശിക്കാൻ ആവശ്യപ്പെട്ടു .ഞങ്ങളുടെ ആനന്ദത്തിന് ഞങ്ങളോട് ക്ഷമിച്ചു കൊണ്ട് ഞങ്ങളെ കടന്നു പോവുക എന്നാണ് മിഷ്കിൻ മറുപടി പറഞ്ഞത് .അത് പറഞ്ഞപ്പോൾ തൊണ്ടയിടറി, അദ്ദേഹം കരഞ്ഞു. കുരിശിൽ കിടന്ന് പ്രാണൻ പിടയുമ്പോൾ പിതാവേ ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല ഇവരോട് ക്ഷമിക്കണമേ എന്ന് ക്രിസ്തു പ്രാർത്ഥിച്ചത് അന്ന അറിയാതെ ഓർത്തുപോയി .ആത്മസംഘർഷങ്ങൾ അനുഭവിക്കുന്ന ക്രിസ്തുവിനെ പോലെയാണ് അന്നയ്ക്ക് ദസ്തയേവ്സ്കിയെ തോന്നിയത്. കുറ്റവും ശിക്ഷയും വായിച്ചുകൊണ്ടിരുന്നപ്പോൾ തന്റെ  പിതാവ് പറഞ്ഞ കാര്യം അന്ന ഓർത്തു .മനുഷ്യമനസ്സിന്റെയുള്ളിലുള്ള എല്ലാ കാര്യങ്ങളെയും ഇത്രമാത്രം തുറന്ന് കാണിച്ചുതന്ന മറ്റൊരു സാഹിത്യകാരൻ ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത് ധാരാളം ആത്മക്ഷതങ്ങള്‍ ഏറ്റിട്ടുള്ള ആളാണ് താങ്കൾ എന്ന് അന്ന പറഞ്ഞു .ആത്മസംഘർഷം  കഥാപാത്രങ്ങൾക്ക് വീതിച്ചു കൊടുക്കുന്നു അല്ലേ എന്ന് ചോദിച്ചു. നീ എന്റെ  ഹൃദയത്തിനകത്താണോ നിൽക്കുന്നത് എന്ന് വിസ്മയത്തോടെ ദസ്തയേവിസ്കി പറഞ്ഞു എന്റെ  വേദനകൾ അല്ലാതെ ഞാൻ എന്താണ് അവർക്ക് കൊടുക്കേണ്ടത് എന്ന്  തിരിച്ചു ചോദിച്ചു അപ്പോൾ അന്ന ജീവിതത്തെ വെറുക്കാനും കഥാപാത്രങ്ങളെ പഠിപ്പിക്കും അല്ലേ എന്ന് ചോദിച്ചു നീ വളരെ മിടുക്കിയാണ് എന്നും എന്നാൽ ഇപ്പറഞ്ഞതിൽ തെറ്റുപറ്റിയെന്നും ഓരോ ദുരന്തവും ജീവിതത്തെ സ്നേഹിക്കാനാണ് എന്നെ പഠിപ്പിച്ചത് എന്നും അദ്ദേഹം പറഞ്ഞപ്പോൾ അവൾ അദ്ദേഹത്തിന്റെ  മനസ്സിനു   മുന്നിൽ ശിരസ്സു കുനിച്ചു

ആസ്വാദനക്കുറിപ്പ് -യുദ്ധത്തിന്റെ പരിണാമം -കുട്ടികൃഷ്ണമാരാർ

 

     നൂറ്റാണ്ടുകൾക്കു മുമ്പ് എഴുതപ്പെട്ട മഹാഭാരത കഥയെ പുതിയ രീതിയിൽ പുതിയ അർത്ഥത്തിൽ വായിച്ചെടുത്ത് രചിച്ച കൃതിയാണ് കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനം. അതിൽ നിന്നെടുത്ത ഒരു ഭാഗമാണ് യുദ്ധത്തിന്റെ പരിണാമം .വ്യാസ ഭാരതത്തിലെ വിവിധ കഥാപാത്രങ്ങളേയും സന്ദർഭങ്ങളേയും മന:ശാസ്ത്രപരമായി നിരൂപണം ചെയ്തുകൊണ്ട് മാരാർ രചിച്ച കൃതിയാണ് ഭാരതപര്യടനം.

 ഭാരതയുദ്ധം രണ്ടു ചേരിക്കാരും തമ്മിൽ ഉടമ്പടി പ്രകാരമാണ് നടത്തിയത് .യുദ്ധം നടക്കാത്ത സമയങ്ങളിൽ രണ്ട് കക്ഷികളും പണ്ടത്തെപ്പോലെ പരസ്പരം ഇഷ്ടത്തോടെ പ്രവർത്തിക്കണം, യുദ്ധം തുടങ്ങിയാൽ ആനപ്പുറത്തിരിക്കുന്നവർ ആനപ്പുറത്തിരിക്കുന്നവരോടും കുതിരപ്പുറത്ത് ഇരിക്കുന്നവർ കുതിരപ്പുറത്തിരിക്കുന്നവരോട്  മാത്രമേ യുദ്ധം ചെയ്യാൻ സാധിക്കുകയുള്ളൂ. പ്രായം ഉള്ളവരോട് അറിയിച്ചിട്ട് മാത്രമേ എതിർക്കാവൂ. ഓർക്കാതെ ഇരിക്കുന്നവരോട് യുദ്ധം ചെയ്യരുത് .യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞവരേയും ആയുധം തീർന്നവരേയും കൊല്ലരുത് . ആന ,കുതിര, തേരാളികൾ ഇവരെ ഉപദ്രവിക്കരുത് .സ്വന്തം മികവുകൊണ്ടാണ് എതിരാളിയുടെ കുറവുകൊണ്ടല്ല യുദ്ധം ജയിക്കേണ്ടത്. ഇതായിരുന്നു കരാർ.

യുദ്ധം തുടങ്ങിയ ദിവസം ഇതൊക്കെ പാലിക്കപ്പെട്ടു. പിന്നീട് വല്ലപാടുമാണ് അധർമ്മ യുദ്ധത്തിലൂടെ പാണ്ഡവർ കൗരവരെ തോൽപ്പിച്ചത്. പാണ്ഡവർ ആഘോഷത്തോടെ കൂടാരങ്ങളിലേക്ക് പോയി . ദുര്യോധനനെ കാണാനായി സഞ്ജയൻ അവിടെ എത്തി. പാമ്പിനെ പോലെ ചീറ്റിക്കൊണ്ട് കണ്ണുകളിൽ കോപം നിറച്ചു കൊണ്ട്  ദുര്യോധനൻ ഇങ്ങനെ പറഞ്ഞു.. "ഭീഷ്മരും ദ്രോണരും എല്ലാം ഉണ്ടായിരുന്നിട്ടും ഞാൻ ഇനി നിലയിലായി .എന്നെ കടുംകൈ ചെയ്താണ് പാണ്ഡവർ  ഈ നിലയിലാക്കിയത്. അധർമ്മം കൊണ്ട് ജയിച്ചിട്ട് ആർക്കും സന്തോഷിക്കാൻ സാധിക്കുകയില്ല .എൻ്റെ മാതാപിതാക്കളോട് പറയണം ശത്രുക്കളെ തോൽപ്പിച്ചു തന്നെയാണ് ഞാൻ അവസാനിക്കുന്നത് എന്ന് :ഉറങ്ങുമ്പോൾ ഓർക്കാപ്പുറത്ത് കൊല്ലും പോലെയാണ് എന്നെ അവർ കൊന്നതെന്ന് മാതാപിതാക്കളോട് പറയണം. അശ്വാത്ഥാമാവിനോടും കൃതവർമ്മാവിനോടും കൃപരോടും പാണ്ഡവരെ വിശ്വസിച്ചു പോകരുത് എന്ന് പറയണമെന്നും അറിയിച്ചു.എന്റെ  സഹോദരി ദുശ്ശള അവളുടെ ഭർത്താവും സഹോദരന്മാരും മരിച്ചത് കേട്ട് ഏതവസ്ഥയിൽ ആയിരിക്കുമോ ആവോ ?മക്കളുടെയും അവരുടെ മക്കളുടെയും ഭാര്യമാരോട് കൂടി എന്റെ  അച്ഛനും അമ്മയും എങ്ങനെ കഴിഞ്ഞുകൂടുമോ ആവോ? എന്റെ  ഭാര്യയും തൻ്റെ  ഭർത്താവും മകനും മരിച്ചതിനാൽ പെട്ടെന്നുതന്നെ മരിച്ചുപോകും. ഞാനീ സമന്ത പഞ്ചകത്തിൽക്കിടന്ന് മരിക്കുന്നത് കൊണ്ട് ശാശ്വത ലോകങ്ങൾ നേടും."

 അപ്പോൾ അവിടെ എത്തിച്ചേർന്ന കൃപരോടും കൃതവർമാവിനോടും ദുര്യോധനൻ ഇങ്ങനെ പറഞ്ഞു .രാജാവായിരുന്നിട്ടും ഞാൻ വീണു ഞാൻ തോറ്റോടിയിട്ടില്ല. കള്ളത്തരം കൊണ്ടാണ് എന്നെ കൊന്നത് .അശ്വത്ഥാമാവിന് ഇത് കണ്ട് സഹിക്കാൻ സാധിച്ചില്ല .
"ആ ദുഷ്ടൻമാർ ക്രൂരത കാട്ടി എന്റെ  അച്ഛനെ കൊന്നു .അതിനേക്കാൾ എനിക്ക് സങ്കടമുണ്ട് താങ്കളുടെ ഈ അവസ്ഥ കണ്ടപ്പോൾ . സർവ്വ പാഞ്ചാലരേയും വാസുദേവൻ കാൺകെത്തന്നെ കാലനൂർ പൂകിക്കണം എന്ന് പറഞ്ഞു .അപ്പോൾ തന്നെ ദ്രോണരുടെ പുത്രനെ സേനാപതിയായി അഭിഷേചിക്കാനുള്ള കാര്യങ്ങളെല്ലാം  ചെയ്തു.

ദുര്യോധനൻ ക്രൂരമായ മരണത്തിലും വിലപിക്കാത്ത മനസ്സുള്ളവനാണ് .ശത്രുവിനോട് അവജ്ഞയുണ്ട് .ചതിച്ചവരോടുള്ള കോപവും സഹതാപവും അദ്ദേഹത്തിൻ്റെ വാക്കുകളിൽ കാണാം. ജീവിതത്തിൽ പലതും ചെയ്യാനും നേടാനും കഴിഞ്ഞിട്ടുള്ള സംതൃപ്തിയും അഭിമാനവും അദ്ദേഹത്തിനുണ്ട് .ചതിച്ചവർ തോൽക്കുകയും താൻ ജയിക്കുകയും ചെയ്തു എന്ന മനോഭാവം അദ്ദേഹത്തിനുണ്ട് .വിധിയിൽ ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. ഏക സഹോദരി ദുശ്ശളയെക്കുറിച്ച് വ്യസനിക്കുന്നതിലൂടെ അദ്ദേഹത്തിന്റെ  ഹൃദയം മനസ്സിലാക്കാൻ സാധിക്കും. സ്വർഗ്ഗപ്രാപ്തിയിൽ ഉറച്ച വിശ്വാസമുണ്ട് .ഏറ്റവും നല്ല മരണമാണ് തനിക്ക് കിട്ടിയതെന്ന് ആത്മവിശ്വാസമുണ്ട് .സ്വപ്രത്യയസ്ഥൈര്യം അദ്ദേഹത്തിന്റെ  എടുത്തുപറയേണ്ട സ്വഭാവമാണ്. മരണ വേദനയിൽ പുളയുമ്പോഴും അദ്ദേഹത്തിൻ്റെ വീരത്വം അവിടെ നിറഞ്ഞുനിൽക്കുന്നുണ്ട്. ആ അവസ്ഥയിൽ പോലും അദ്ദേഹത്തിന്റെ  തലയിൽ ചവിട്ടുവാൻ ആർക്കും കാൽ പൊങ്ങുകയില്ല .

കൃപർ, കൃതവർമ്മാവ് ,അശ്വത്ഥാമാവ് ഇവർ പാണ്ഡവരുടെ പാളയത്തിൽ എത്തി .താൻ ഒരു കാലനെന്ന  പോലെ പ്രവർത്തിക്കുമെന്ന് ദ്രൗണി പറഞ്ഞു .ധൃഷ്ടദ്യുമ്നൻ ഒരു വലിയ മെത്തയിൽ യാതൊരു ഭയവും ഇല്ലാതെ കിടക്കുകയാണ്. കൃഷ്ണൻ പാണ്ഡവരെയെല്ലാം ഓഘവതി നദിയുടെ തീരത്തേക്ക് കൊണ്ടുപോയിരുന്നു .ദ്രൗണി ധൃഷ്ടദ്യുമ്നനെ ചവിട്ടി ഉണർത്തി. തന്നെ ശാസ്ത്രം കൊണ്ട് കൊല്ലണം എന്ന് ആവശ്യപ്പെട്ടു. ഗുരുഘാതികൾക്ക് കുലപാംസന, ലോകങ്ങളില്ല എന്ന് ദ്രൗണി പറഞ്ഞു .എന്നിട്ട് അയാളുടെ മർമ്മങ്ങളിൽ വിരലമർത്തി കഥ കഴിച്ചു. രാത്രിയിലെ ശബ്ദം കേട്ട് ചെകുത്താനാണ്  കൊല നടത്തുന്നത് എന്നുറപ്പിച്ച് ആളുകൾ അനങ്ങാതെ കിടന്നു.ദ്രൗണി മറ്റു പാളയങ്ങളിലേക്ക് പോയപ്പോൾ  ആകെ ബഹളമായി. എല്ലാവരെയും അയാൾ വെട്ടിവീഴ്ത്തി .ദ്രൗപതിയുടെ അഞ്ചു പുത്രന്മാരെയും വയറു പൊളിച്ചും കൈവെട്ടിയും തലയറുത്തും വായിൽ വാൾ കടത്തിയും മറ്റും അയാൾ കഥ കഴിച്ചു .ഭീഷ്മരുടെ എതിരാളിയായ ശിഖണ്ഡിയെ മൂന്നുകഷ്ണമാക്കിയിട്ടു. ഓടുന്ന മനുഷ്യരെ  കണ്ട്പകച്ചു പായുന്ന ആനകൾ ആളുകളെ ചവിട്ടിയരച്ചു. കൂടാരമാകെ നിലവിളിയായി. ഒടുവിൽ ആ നിലവിളി നേർത്തു മൂളലായ് ഞരക്കമായി .പിന്നീട് അടങ്ങി .നിശബ്ദമായ പാളയത്തിലേക്ക് കടന്നുചെന്നപ്പോൾ എത്ര നിശബ്ദമായിരുന്നോ അതുപോലെതന്നെ ആളുകൾ കൊല്ലപ്പെട്ടപ്പോൾ നിശബ്ദമായ പാളയത്തിൽ നിന്ന് അവർ പുറത്തേക്ക് പോയി.ദുര്യോധനനോട് നടന്ന കാര്യം എല്ലാം ഒരു അറിയിച്ചു. ദുര്യോധനന് സന്തോഷമായി. അയാൾ പ്രാണൻ വെടിഞ്ഞു.

 വേദവ്യാസൻ ദുര്യോധനനെ സുയോധനൻ എന്നും പറയുന്നുണ്ട്. ഒരു യുദ്ധകഥയും യുദ്ധവീരന്മാരുടെ പരാക്രമം വർണ്ണിക്കാനല്ല മറിച്ച് യുദ്ധം വരുത്തി വയ്ക്കുന്ന ദുരന്തം എടുത്ത് കാണിക്കാൻ വേണ്ടിയാണ് രചിക്കപ്പെടുന്നത് .യുധിഷ്ഠിരൻ തങ്ങളുടെ മക്കളെല്ലാം വധിക്കപ്പെട്ടത് കണ്ട് മോഹാലസ്യപ്പെട്ടു വീണു. സമുദ്രം താണ്ടി സമ്പാദ്യവും കൊണ്ടുവന്ന കച്ചവടക്കാർക്ക്  തങ്ങളുടെ നിധി കൈത്തോട്ടിൽ വെച്ച് മുങ്ങിപ്പോയ അവസ്ഥയിലായി . ദ്രൗപദിയും ഇത് കണ്ട് മോഹാലസ്യപ്പെട്ടു വീണു. ദ്രൗണിയെ കൊന്നില്ലെങ്കിൽ താൻ ജീവൻ ഉപേക്ഷിക്കുമെന്ന് ദ്രൗപദി ശപഥം ചെയ്തു .ദ്രൗണിയുടെ തലയിലുള്ള ചൂഢാമണി  യുധിഷ്ഠിരന്റെ ശിരസ്സിൽ അണിയണം എന്ന് അവൾ പറഞ്ഞു.

 ഭീമൻ നകുലനെ തേരാളിയാക്കി തേരിലേറ്റി യാത്രപുറപ്പെട്ടു.കൃഷ്ണൻ യുധിഷ്ഠിരനോട് പറഞ്ഞു. ദ്രോണർ ബ്രഹ്മശിരോസ്ത്രം തൻ്റെ പുത്രന് നൽകിയിട്ടുണ്ട്. അവൻ ക്രൂരനായതു കൊണ്ട് ഭീമൻ അപകടത്തിൽ പെടുമെന്നും നമുക്ക് അവിടേക്ക് പോകാം എന്നും പറഞ്ഞു. ദ്രൗണി വ്യാസന്റെ അടുത്തുചെന്നു. ഭീമനെതിരെ ബ്രഹ്മശിരസ്സ് പ്രയോഗിക്കാനുറച്ചു. കൃഷ്ണൻ അർജ്ജുനനോടും ദ്രോണർ പഠിപ്പിച്ച അസ്ത്രം പ്രയോഗിക്കാൻ പറഞ്ഞു. ഈ രണ്ട് ശാസ്ത്രങ്ങൾക്ക് നടുവിൽ നാരദനും വേദവ്യാസനും അഗ്നിയെപ്പോലെ വന്നുനിന്നു .അർജുൻ അവരെ കണ്ട ഉടനെ തന്നെ അസ്ത്രത്തെ പ്രതിസംഹരിച്ചു ,ബ്രഹ്മചര്യവ്രതം അനുഷ്ഠിക്കാത്തതു കൊണ്ട് ദ്രൗണി പ്രതിസംഹരിച്ചാൽ അവൻ്റെയും കൂട്ടുകാരുടെയും തല അത് തെറിപ്പിച്ചു കളയും .അതുകൊണ്ട് അവന് അത് തിരിച്ചെടുക്കാൻ കഴിഞ്ഞില്ല .ആ ബ്രഹ്മശിരോസ്ത്രം രാഷ്ട്രത്തിൽ വീണാൽ 12 കൊല്ലം മഴ പെയ്യി അതുകൊണ്ട്  പ്രതി സംഹരിക്കാൻ അവർ ആവർത്തിച്ചു  പറഞ്ഞു.ചൂഢാമണിയും കൊടുക്കാൻ പറഞ്ഞു. "പാണ്ഡവർ നേടിയ എല്ലാത്തിനേക്കാളും ഈ രത്നം ഏറ്റവും വിലപ്പെട്ടതാണെന്ന് ദ്രൗണി പറഞ്ഞു. എന്നാലും ഭഗവാൻ പറഞ്ഞതുകൊണ്ട് അത് അവർക്ക് കൊടുത്തേക്കാം എന്നു പറഞ്ഞു .എങ്കിലും അർജുനന്റെ പുത്രവധുവായ ഉത്തരയുടെ ഗർഭസ്ഥ ശിശുവിലേക്ക് താൻ അസ്ത്രം പ്രയോഗിക്കുമെന്ന് ദ്രൗണി പറഞ്ഞു .അപ്പോൾ ഭഗവാൻ പറഞ്ഞു, "ആ ഗർഭം ചാപിള്ളയായാലും അത് ദീർഘായുസ് നേടും. ഒരു ഗർഭസ്ഥശിശുവിനെ കൊല്ലാൻ ശ്രമിച്ച നിനക്ക്  ശാപം കിട്ടണം. മൂവായിരത്തിയാണ്ടോളം കാലം എവിടേയും അറിയപ്പെടാതെ ഭൂമിയിൽ അലഞ്ഞു നടക്കും.വിജന പ്രദേശങ്ങളിൽ തെണ്ടിനടക്കും. നിനക്ക് എല്ലാ രോഗങ്ങളും പിടിപെടും. ചോരയും ചലവും ഒലിപ്പിച്ചിക്കൊണ്ട് നീ എവിടെയും നടക്കും. നീ കൊല്ലാൻ ശ്രമിച്ച പരീക്ഷിത്ത് കൗരവവംശത്തിന്റെ രാജാവായിരിക്കും."

 ദ്രൗണി പാണ്ഡവർക്ക് ചൂഢാമണി കൊടുത്തു അവരെല്ലാം നോക്കിനിൽക്കേ കാടുകയറി .ശപിക്കപ്പെട്ടവൻ എന്ന വാക്ക് എല്ലാ അർത്ഥത്തിലും പറയുകയാണെങ്കിൽ അത് അശ്വത്ഥാമാവിനെക്കുറിച്ചാണ്. അയാൾ ചിരഞ്ജീവികളിൽ പ്രമുഖനാണ്. ആയിരത്തോളം കൊല്ലം എല്ലാ രോഗങ്ങളും പിടിപെട്ട് എല്ലാ വിജന പ്രദേശങ്ങളിലും കൊടുങ്കാടുകളിലും അലയുന്ന അയാൾ വേദവ്യാസനോടൊപ്പം സർവ്വ മനുഷ്യരിലും കുടികൊള്ളുന്നു .സ്നേഹംകൊണ്ട് ഒന്നാനായരെപ്പോലും ഇങ്ങനെയുള്ള മനുഷ്യർ തെറ്റിക്കുന്നു. രണ്ടു വ്യക്തികൾ തമ്മിലുള്ള മത്സരം വളർന്ന് യുദ്ധങ്ങളായി മാറുന്നു. തനിക്കുള്ള അനർഘമായ രത്നം പൊയ്പോയാലും മറ്റുള്ളവരെ നശിപ്പിക്കുക എന്ന വാശിയായി നിലനിൽക്കുന്ന പക എന്ന മനുഷ്യ ശാപം അതിന്റെ പ്രതിനിധിയാണ്. അശ്വത്ഥാമാവ് എന്നചെകുത്താൻ .അവനെ എപ്പോഴും എവിടെയും  കരുതിയിരുന്നു കൊള്ളുക ഐശ്വര്യത്തേയും ചേട്ടയേയും ഭഗവതിയായി കണ്ട സംസ്കാരമാണ് ഭാരതസംസ്കാരം. അതുകൊണ്ടാണ് വ്യാസനേയും അശ്വാത്ഥാമാവിനെയും ചിരഞ്ജീവിയായി വാഴ്‌ത്തുന്നു

                                                              ഭാഗം 1

                                   


                                                                   ഭാഗം 2

     

പ്രലോഭനം -ഉണ്ണായിവാര്യർ( ആസ്വാദനക്കുറിപ്പ് )



                  ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥ രണ്ടാം ദിവസത്തിലെ മൂന്നാം രംഗമാണ് പ്രലോഭനം എന്ന പേരിൽ  നൽകിയിരിക്കുന്നത്. മഹാഭാരതം വനപർവ്വത്തിലെ നളോപാഖ്യാനമാണ് നളചരിതം ആട്ടക്കഥയുടെ ഇതിവൃത്തമായി സ്വീകരിച്ചിരിക്കുന്നത് .കഥകളിയുടെ സാഹിത്യരൂപമാണ് ആട്ടക്കഥ .ആട്ടക്കഥാ പ്രസ്ഥാനത്തിന് സാഹിത്യ രംഗത്ത് മഹത്തായ ഒരു സ്ഥാനം നൽകിക്കൊടുത്ത കൃതിയാണ് ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥ.

ദമയന്തിയുടെ സ്വയംവരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിലും ദമയന്തി നളനെ വരിച്ചതിലും കുപിതനായ കലി നളദമയന്തിമാരെ തമ്മിലകറ്റി രാജ്യത്ത് നിന്നും പുറത്താക്കുമെന്ന്  ശപഥം ചെയ്തു .അതിനായി അനുജനായ പുഷ്കരനെ സ്വാധീനിക്കാൻ ശ്രമിക്കുകയാണ്. കോപത്തിനു മത്സരത്തിനും വശംവദനായി കലി ദ്വാപരനോടൊപ്പം ഭൂമിയിലേക്ക് ചെല്ലുന്നു. പുഷ്കരനെ അന്യന്റെ ധനം അപഹരിക്കാൻ കലി പ്രേരിപ്പിച്ചു .തനിക്കുതന്നെ ആപത്തായിത്തീരുമെന്ന് മൂഢനായ പുഷ്കരന് മനസ്സിലായില്ല .

തന്റെ  അരികിൽ വന്നു നിന്നത് ആരാണ് ?എന്തുവേണം? എല്ലാം വേഗം പറയുക? എന്നാണ്  പുഷ്കരൻ കലിയോടും ദ്വാപരനോടും പറയുന്നത്. വന്നിരിക്കുന്നവർ  ആരാണെന്നറിയാൻ പുഷ്കരൻ തിരിഞ്ഞുനോക്കുന്നില്ല. തന്നെ കണ്ടിട്ട് ആർക്കും ഒരു കാര്യവുമില്ല. മറ്റെന്തെങ്കിലും ആവശ്യത്തിനായി അടുത്തു കൂടെ പോകുന്ന ആളുകളായിരിക്കും എന്നാണ് അയാൾ ഓർത്തത്. നിങ്ങൾ എന്താണ് എന്റെ  അരികിൽ വന്നത്? നിങ്ങളുടെ ആഗ്രഹം എന്താണ്? എല്ലാം എന്നോട് പെട്ടെന്ന് പറയുക എന്നാണ് പുഷ്കരൻ പറയുന്നത് .നിങ്ങളെ ഞാൻ അറിയില്ല എങ്കിലും എൻ്റെ അരികിൽ വന്നപ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നി .കാരണം ഈ ലോകത്തിലുള്ള എല്ലാ ജനങ്ങളും നളനെ കാണാനാണ് വരുന്നത്. നളൻ അവർക്ക് വേണ്ടുന്ന കാര്യങ്ങൾ എല്ലാം സാധിച്ചു കൊടുക്കും. ദൂരെനിന്ന് ആരും എന്നെ ഇതുവരെ കാണാൻ വന്നിട്ടില്ല.നാടും നഗരവും രാജ്യത്വചിഹ്നങ്ങളായ വെൺകൊറ്റക്കുടയും ചാമരവും ഒന്നും എനിക്കില്ല. ശത്രു രാജാക്കളെ അമർച്ച ചെയ്യാൻ വേണ്ട സൈന്യം ഇല്ല .കേവലം ക്ഷത്രിയൻ എന്ന പേര് മാത്രമേ എനിക്കുള്ളൂ എന്ന്  ആദ്യമായി കണ്ട കലിയോടും ദ്വാപര നോടും പുഷ്കരൻ പറയുന്നു.ഞാൻ എന്തിനാണ് വെറുതേ നിങ്ങളോട് പലതും പറഞ്ഞു കേൾപ്പിക്കുന്നത് ? നളന്റെ  കർമ്മം ഒന്ന് എൻ്റെ കർമ്മം മറ്റൊന്ന് .അതിരിക്കട്ടെ നമ്മളെക്കൊണ്ട് എന്തുപകാരമാണ് നിങ്ങൾക്ക് വേണ്ടത്  എന്ന് പുഷ്കരൻ ചോദിക്കുന്നു . ഇവിടെ അയാളുടെ നിസ്സഹായതയും ഒളിഞ്ഞിരിക്കുന്ന അസൂയയും പ്രകടമാകുന്നു.  ഈ വാക്കുകളിലൂടെ  നമുക്ക് പുഷ്കരന്റെ  മനസ്സ് വായിച്ചെടുക്കാൻ സാധിക്കും. അത്യന്തം  അസൂയാലുവും അസംതൃപ്തനുമാണ് പുഷ്കരൻ. പ്രജാക്ഷേമ തൽപരനായ ജനങ്ങളുടെ ആരാധനാ പാത്രമാണ് നളൻ .സുന്ദരിയായ ദമയന്തി യോടൊപ്പം നളൻ  ഐശ്വര്യമായി കഴിയുന്നു .താൻ രാജകുടുംബാംഗമാണെന്ന് പറഞ്ഞിട്ട് എന്തുകാര്യം? അധികാരം ഇല്ലാത്തതിനാൽ നളനെ എന്നപോലെ ആരും തന്നെ കാണാൻ വരുന്നില്ല. അങ്ങനെ ആകെക്കൂടി അലസതയിൽ മുങ്ങിക്കഴിയുന്ന പുഷ്കരന്റെ  മാനസികാവസ്ഥ ധ്വനിപ്പിക്കുന്നതാണ് ഈ വാക്കുകൾ

.ഞങ്ങളുടെ പദ്ധതി വിജയിപ്പിക്കാൻ ഏറ്റവും പറ്റിയ മാനസികാവസ്ഥയിലാണ് പുഷ്കരൻ എന്ന് മനസ്സിലാക്കിയ കലി അയാൾക്ക് ആവേശം നൽകി പ്രലോഭിപ്പിക്കാൻ ശ്രമിക്കുന്നു .പുഷ്കരാ നീ നിന്റെ  ജന്മം വെറുതെ പാഴാക്കരുത് എന്ന കലി പറയുന്നു. ശ്രമിച്ചാൽ നിനക്ക് പലതും നേടാൻ കഴിയും എന്ന് സാരം .ഇവിടുത്തെ പഴുതേ എന്ന വാക്കിന് സാധാരണ അർത്ഥത്തിനപ്പുറം അർത്ഥവ്യാപ്തി കൈവരുന്നത് അതുകൊണ്ടാണ്. കലി  ഇങ്ങനെയാണ് പറഞ്ഞത്. പുഷ്കരാ  നിന്റെ  ജന്മം നീ പാഴാക്കരുത് .ശ്രമിച്ചാൽ നിനക്ക് പലതും നേടാൻ കഴിയും. എൻ്റെ സഹായം ലഭിച്ചാൽ നേടാൻ കഴിയാത്തതായി ഒന്നുമില്ല. നളനും നീയും തമ്മിൽ വ്യത്യാസമൊന്നുമില്ല. അതിനാൽ ഇപ്പോൾത്തന്നെ നളനെ തോൽപ്പിച്ച് നീ രാജാവാകുക. ഇനി ഒന്നും ഒളിക്കാതെ ഞാൻ ആരാണെന്ന് നിന്നോട് തുറന്നു പറയാം. ഭൂമിയിൽ എന്നെ അറിയാത്തവരായി ആരുമില്ല. വീരസേനന്റെ  പുത്രനായ നളന് ഞാൻ ശത്രുവാണ്. എന്നാൽ നിനക്ക് ഞാൻ മിത്രമാണ്.അവന്റെ  രാജ്യം ഞാൻ നിനക്ക് തരുന്നു.  അതിനായി നീ ധൈര്യത്തോടെ ചൂതാട്ടത്തിലേർപ്പെടാൻ പോരൂ.കലി തുടർന്നു. നീ എന്റെ  അഭിപ്രായത്തിൽ ഉറച്ചു നിൽക്കണം .അങ്ങനെ നിന്നാൽ  നിനക്ക് വിജയം ഉറപ്പാണ്. ചൂതിൽ  പണയം വയ്ക്കാൻ വിലപിടിപ്പുള്ള വസ്തുക്കൾ ഒന്നുമില്ലയെന്നാണെങ്കിൽ ഈ എന്നെത്തന്നെ പണയം വച്ചുകൊള്ളുക. (കാളയുടെ രൂപം ധരിച്ച കലിയെയാണ് പണയം വച്ചത് ) ധനധാന്യാദിളും രാജ്യവും എല്ലാം കൈക്കലാക്കിയിട്ട് ഉടനെ  നളനെ കാട്ടിലേക്ക് അയക്കുക .വിഡ്ഢിയായ പുഷ്കരനെ ക്രൂരനും അധാർമികനുമായ കലി ഇങ്ങനെ പ്രലോഭിപ്പിച്ചാണ് നളദമയന്തിമാരെ കാട്ടിൽ അയക്കാനുള്ള തന്ത്രമൊരുക്കുന്നത്

                      

                      

                     

കടൽത്തീരത്ത് - ഒ വി വിജയൻ (ആസ്വാദനക്കുറിപ്പ്)

 
                 ഭാവതീവ്രമായ ആഖ്യാനം കൊണ്ട് ശ്രദ്ധേയമായ ചെറുകഥയാണ് ഒ വി വിജയന്റെ കടൽത്തീരത്ത്. മകന്റെ  മരണശിക്ഷയ്ക്ക് സാക്ഷിയാകാൻ വെള്ളായിയപ്പൻ യാത്രയാകുന്നു .വെള്ളായിയപ്പനൊപ്പം തേങ്ങുന്ന പാഴുതറ ഗ്രാമമാണ് കഥയെ മുന്നോട്ടു നയിക്കുന്നത്. വെള്ളായിയപ്പന്റെ  കൂടെ കണ്ണൂരിലേക്ക് യാത്ര തിരിക്കുവാൻ ആളുകൾ ഏറെയുണ്ടെങ്കിലും തീവണ്ടി കയറാൻ കാശില്ലാത്തത് അതിന് ഒരു തടസ്സമാണ് .നിസ്സഹായമായ ഗ്രാമീണ ജീവിതത്തിന്റെ  കാഴ്ചകളിലൂടെ കഥ നീങ്ങുന്നു. മകനുവേണ്ടി അമ്മ കൊടുത്തയച്ച പൊതിച്ചോറിൽ വീണ കണ്ണീരിന്റെ  നനവ് വായനക്കാർക്കും അനുഭവിച്ചറിയാം. മകന്റെ  വധശിക്ഷയ്ക്കുള്ള നീതീകരണം കഥാകൃത്ത് പറയുന്നില്ല. എന്നാൽ ഒപ്പമുള്ള ഗ്രാമത്തിന്റെ  തേങ്ങൽ ചില സൂചനകൾ വായനക്കാർക്ക് നൽകുന്നു. ഇത്തരം സൂചനകളാണ് കഥയുടെ മുഖ്യ സവിശേഷത.യാത്ര പുറപ്പെടുമ്പോൾ കരിമ്പനകളിൽ കാറ്റ് പിടിക്കുന്നത് ദൈവത്തിന്റെ  യാത്രയയയ്ക്കലായാണ് വെള്ളായിയപ്പന് തോന്നിയത് .."വെള്ളായിയേ ,""മരയ്ക്കാരേ" ഈ രണ്ടു വാക്കുകളിൽ ദീർഘങ്ങളും സമ്പന്നങ്ങളുമായ സംഭാഷണം വായനക്കാർ കൂടി മനസ്സിലാക്കുന്നു .ദീർഘകാല സൗഹൃദവും കടമയും കടപ്പാടും ജാതിമതചിന്തകളെ മറികടക്കുന്നത് നാം കാണുന്നു . നിന്റെയും എന്റെയും ദൈവങ്ങൾ തുണയ്ക്കട്ടെ എന്നത് ഒരു ശുഭസൂചനയാണ്. വാക്കുകൾക്കും വാക്യങ്ങൾക്കും ഇടയിലെ നീണ്ട മൗനം പോലും നമ്മോട് സംസാരിക്കുന്നുണ്ട് .വീടാത്ത കടങ്ങൾ പടച്ചവൻ്റെ സൂക്ഷിപ്പുകളാണ് എന്ന്  കുട്ട്യസ്സൻ മാപ്പിള പറയുന്നുണ്ട് .വഴിയിൽ എതിരെവന്ന നീലി  "വെള്ളായിച്ചോ " എന്ന് പറഞ്ഞപ്പോൾ "നീലിയേ " എന്ന് മാത്രമേ വെള്ളായിയപ്പൻ പറഞ്ഞുള്ളു. രണ്ടു വാക്കുകൾക്കിടയിൽ ഒത്തിരി സാന്ത്വനമുണ്ടായിരുന്നു.പുഴയുടെ നടുക്ക് എത്തിയപ്പോൾ  വെള്ളായിയപ്പന്റെ  ഓർമ്മകളിൽ ഒത്തിരി ചിത്രങ്ങൾ തെളിഞ്ഞു. അപ്പന്റെ ശവശരീരത്തെ കുളിപ്പിച്ചതും മകനെ കുളത്തിൽ കുളിപ്പിച്ചതുമാണ് അദ്ദേഹം ഓർത്തത് ".ചവിട്ടടിപ്പാത വെട്ടുവഴിയിൽ ചേർന്നു "എന്നിങ്ങനെ കഥയിലെ ഓരോ വാക്യവും നമുക്ക് ഒരു കാഴ്ചയായി തന്നെ തോന്നുന്നു .

 

തീവണ്ടി കാത്തുനിന്നപ്പോൾ ഒരു കാരണവർ കോയമ്പത്തൂർക്കോ എന്ന് ചോദിച്ചു .താൻ കണ്ണൂർക്കാണെന്ന് വെള്ളായിയപ്പൻ പറഞ്ഞു .അയാളുടെ സംഭാഷണം ഒരു കൊലക്കയർ പോലെ വെള്ളായിയപ്പന്റെ  കഴുത്തിൽ ചുറ്റി മുറുക്കി എന്നാണ് കഥാകൃത്ത് പറയുന്നത്.അത്രയേറെ മാനസിക സംഘർഷത്തിൽ അകപ്പെട്ട വെള്ളായിയപ്പന് അപരിചിതന്റെ  സംഭാഷണം തന്റെ മകനിൽ എത്തിച്ചേരുമെന്ന് പേടിയാണ് .അപരിചിതനായ അയാളോട് എല്ലാം തുറന്നുപറയാനുള്ള ഭയം കൊണ്ടാണ് അതൊരു കൊലക്കയർ ആയി അദ്ദേഹത്തിന് തോന്നിയത്. പാഴുതറയിൽ നിന്ന് ഒരിക്കലും വിട്ടു നിൽക്കാത്ത വെള്ളായിയപ്പന് കണ്ണൂരിലേക്കുള്ള യാത്ര ആദ്യാനുഭവം ആണ് .ജയിലിലേക്കുള്ള വഴി ഏതാണെന്ന് കുതിരവണ്ടിക്കാരോട് ചോദിച്ചപ്പോൾ കട്ടാൽ മതി ജയിലിൽ എത്തിച്ചേരാം എന്ന അവരുടെ സ്വരം കഴുത്തിനുചുറ്റും വീണ്ടും കൊലക്കയർ കൊണ്ട് കുരുക്കുന്നത് പോലെ വെള്ളായിയപ്പന് തോന്നി .ജയിലിലെ പാറാവുകാരൻ വെള്ളായിയപ്പനോട് രാവിലെ എങ്ങോട്ടേക്കാണ് എന്ന് ചോദിച്ചു. അയാൾ മുണ്ടിന്റെ  കോന്തല അഴിച്ച് ഒരു കടലാസ് പുറത്തെടുത്തു .പാറാവുകാരൻ അത് വായിച്ചു .അത് വായിച്ച് കഴിഞ്ഞ് ഉടനെ പാറാവുകാരന്റെ   മുഖത്ത് കനിവ് നിറഞ്ഞു. "നാളെയാണ് അല്ലേ "എന്ന് ചോദിച്ചു .തനിക്കൊന്നുമറിയില്ലെന്ന് വെള്ളായിയപ്പൻ നിഷ്കളങ്കമായി മറുപടി നൽകി .നാളെ രാവിലെ അഞ്ചുമണിക്ക് ആണെന്ന് അയാൾ  പറഞ്ഞു .കോടച്ചി പൊതിഞ്ഞു കൊടുത്ത കഴിക്കാത്ത പൊതിച്ചോറ് പുളിച്ചു .വീണ്ടും ഓഫീസിൽ അപരിചിതരുടെ ശബ്ദങ്ങൾ കേട്ടപ്പോൾ അയാൾക്ക് അത് കുരുക്കായി തോന്നി .ശ്വാസം മുട്ടുന്നത് പോലെ അനുഭവപ്പെട്ടു .

 

വെള്ളായിയപ്പനെ കണ്ടുണ്ണിയെ കാണിക്കാനായി കൊണ്ടുപോയി .വെള്ളായിയപ്പനും  മകനും അവസാനമായി കാണുമ്പോൾ അവർ തമ്മിലുള്ള വിനിമയങ്ങൾ അത്രയും രണ്ടു വാക്കിൽ ഒതുങ്ങുന്നു ."മകനേ," "അപ്പാ "ഈ രണ്ടു വാക്കുകൾ മാത്രം.അവരുടെ മനസ്സുകൾ തമ്മിൽ സംസാരിച്ചു.മകനേ നീ എന്തു ചെയ്തു എന്ന ചോദ്യത്തിന് തനിക്കൊന്നും ഓർമ്മയില്ലെന്നും കൊലപാതകം നടത്തിയ കാര്യം പോലും തനിക്കറിയില്ലെന്നും  മകൻ പറഞ്ഞു. എന്നാൽ ഇനി ഒന്നും ഓർമ്മിക്കേണ്ട എന്ന് വെള്ളായിയപ്പൻ ആശ്വസിപ്പിച്ചു .ഇതെല്ലാം മൗനത്തിലൂടെയുള്ള സംഭാഷണങ്ങൾ ആയിരുന്നു .കണ്ടുണ്ണിയുടെ കരച്ചിലിൽ നിന്ന് " അപ്പാ എന്നെ തൂക്കിക്കൊല്ലാൻ അനുവദിക്കരുത് " എന്ന്  പറയുന്നത് നമുക്ക് അനുഭവപ്പെടുന്നു .വെള്ളായിയപ്പന്റെ  കാത്തിരിപ്പ് നമ്മുടെ ഉള്ള്  പൊള്ളിക്കുന്നു .വധശിക്ഷയുടെ ചടങ്ങിന്റെ ശബ്ദമാണെന്ന് വെള്ളായിയപ്പന്  കൊമ്പുവിളി കേട്ടപ്പോൾ മനസ്സിലായില്ല .എന്നാൽ രാവിലെ അഞ്ച് മണിക്കാണെന്ന് അവർ പറഞ്ഞിരുന്നു .കയ്യിൽ വാച്ചില്ലെങ്കിലും ഒരു കർഷകന്റെ  ജന്മസിദ്ധിയിലൂടെ വെള്ളായിയപ്പന്  അഞ്ച് മണിയായെന്ന് മനസ്സിലായി .ഒരു പേറ്റിച്ചിയെപ്പോലെ തൻ്റെ മകന്റെ  ദേഹത്തെ വെള്ളായിയപ്പൻ പാറാവ്കാരനിൽ നിന്നും ഏറ്റുവാങ്ങി .ജീവന്റെ  തുടിപ്പോടെയാണ് പേറ്റിച്ചി കുഞ്ഞിനെ ഏറ്റുവാങ്ങുന്നത് .എന്നാൽ ജീവനറ്റ മകന്റെ  ദേഹമാണ് ഈ പിതാവ് കൈമാറുന്നത്. ദരിദ്രനായ അയാൾക്ക് ആ ചേതനയറ്റ മൃതദേഹം ഏറ്റുവാങ്ങുവാനാകുന്നില്ല .മൃതദേഹം ജയിൽ അധികൃതർക്ക് വിട്ടുകൊടുക്കാൻ മാത്രമേ വെള്ളായിയപ്പന് സാധിക്കുമായിരുന്നുള്ളൂ. 

 

ആദ്യമായാണ് വെള്ളായി കടൽ കാണുന്നത് .കഥാകൃത്ത്  വെള്ളായിയുടെ നിസ്സംഗതയെ വളരെ ഹൃദ്യമായി ചിത്രീകരിച്ചിരിക്കുന്നു. ഒരു പൊട്ടിക്കരച്ചിൽ  പോലും ഇല്ലാതെ ഒരു ദേഹം കൂടി മണ്ണിൽ അലിയുന്നു.യാത്രയിൽ കഴിക്കാൻ ഭാര്യ കൊടുത്തയച്ച പൊതിച്ചോറ് ബലിച്ചോറായി മാറുന്നു. യാത്ര പുറപ്പെടുമ്പോൾ വീട്ടിൽനിന്ന് കൂട്ടനിലവിളി ഉയർന്നു. എന്നാൽ യാത്ര അവസാനിക്കുന്നിടം നിശബ്ദമായിരുന്നു.പാഴുതറയിൽ നിന്ന് കണ്ണൂരിലേക്ക് യാത്രതിരിക്കുന്ന വെള്ളായിയപ്പന് കോടച്ചി കൊടുത്തുവിട്ട പൊതിച്ചോറിന്പ്രത്യേക സ്ഥാനമുണ്ട്. തൂക്കിലേറ്റപ്പെട്ട മകന്റെ  അടുത്തേക്ക് യാത്രതിരിക്കുന്ന പ്രിയപ്പെട്ടവന് നൽകുന്ന പൊതിച്ചോറ് പൊതിയുമ്പോൾ കോടച്ചിയുടെ കണ്ണുനീർ വെള്ളായിയപ്പൻ അനുഭവിച്ചറിയുന്നു. കണ്ണുകൾ നിറയാതെ കഥ മുന്നോട്ട് വായിക്കാനാവില്ല .കഥയിലെ പൊതിച്ചോർ കഥാപാത്രത്തിന്റെ  സ്ഥാനം വഹിക്കുന്നു .വെള്ളായിയപ്പന്  വഴിയാത്രയിൽ നൽകിയ ഭക്ഷണത്തിന് കഥാന്ത്യം വരെയുംസാന്നിധ്യമുണ്ട് .വിശപ്പും ദാഹവും ഉണ്ടായിട്ടും ചോറിന്റെ   കെട്ടഴിക്കാൻ വെള്ളായിയപ്പൻ തയ്യാറാകുന്നില്ല .അത് പുളിച്ചു പോയിരുന്നു. മകന്റെ  ശവദാഹത്തിനുശേഷം ബലിച്ചോറായി കാക്കകൾക്ക് മുന്നിലെത്തുന്ന ഈ പൊതിച്ചോറ് നിസ്സഹായന്റെ നിലവിളിയായി കഥാന്ത്യത്തിൽ പരിണമിക്കുന്നു


                                                      യുട്യൂബ് ലിങ്ക്

പ്രിയദർശനം - ആസ്വാദനക്കുറിപ്പ്

 

                കുമാരനാശാന്റെ  റൊമാന്റിക് കഥാകാവ്യമാണ് നളിനി . ഒരു സ്നേഹം എന്നുകൂടി ഈ കൃതിക്ക് പേരുണ്ട് .നളിനിയും ദിവാകരനും കുട്ടിക്കാലം മുതൽ കൂട്ടുകാരായിരുന്നു .നളിനി ദിവാകരനെ ഏറെ സ്നേഹിച്ചിരുന്നു. ദിവാകരൻ യൗവനാരംഭത്തിൽ ലൗകിക വിരക്തനായി നാടുവിട്ടു. ഈ വേർപാട് നളിനിയെ ദുഃഖത്തിലാഴ്ത്തി. അവളുടെ അച്ഛൻ വിവാഹം നിശ്ചയിച്ചു .നളിനി വീടുവിട്ടിറങ്ങി .അവൾ ഒരു സരസ്സിൽ ചാടി ആത്മഹത്യയ്ക്ക് ഒരുങ്ങി. എന്നാൽ ഒരു സന്യാസിനി അവളെ രക്ഷപ്പെടുത്തി ആശ്രമത്തിലേക്ക് കൊണ്ടുപോയി. അഞ്ചുവർഷം അവൾ തപസ്സനുഷ്ഠിച്ച്  അവിടെ കഴിഞ്ഞു.ഹിമാലയത്തിലെ ഉയർന്ന ശൃംഗത്തിൽ ഒരുനാൾ നളിനി - ദിവാകരൻമാർ കണ്ടുമുട്ടുന്നു. ഈ കണ്ടുമുട്ടലിൽ നളിനി സ്വയം പരിചയപ്പെടുത്തി പഴയ കാര്യങ്ങൾ ഓർമയിൽ നിന്ന് എടുത്തു പറയുന്നു. ഇതാണ് പാഠഭാഗം. വളരെക്കാലത്തിനുശേഷം നളിനി ഇപ്പോൾ കാണുന്നത് തന്റെ  പഴയ കൂട്ടുകാരനായ ദിവാകരനെയല്ല. പാവന സംസ്കാര സമ്പന്നനായ ഒരു സന്ന്യാസിയെയാണ്. ദിവാകരൻ നളിനിയെ ആദ്യം തിരിച്ചറിഞ്ഞില്ല

."തന്റെ  കഷ്ടകാലം എല്ലാം തീർന്നുവെന്നും തൻ്റെ ഭാഗ്യം രൂപം പ്രാപിച്ചു വന്നപോലെ അങ്ങയെ തനിക്ക് കാണാൻ സാധിച്ചു "എന്നും നളിനി പറയുന്നു. "അല്ലയോ മഹാത്മാവേ, ഞാൻ പണ്ട് അങ്ങയ്ക്ക് ഇഷ്ടമായിരുന്ന നളിനിയാണെ"ന്ന് ദിവാകരനോട് പറഞ്ഞു. "തന്റെ  മരണത്തിനു മുമ്പ് എന്നെങ്കിലുമൊരിക്കൽ അങ്ങയുടെ പാദം കാണാൻ കഴിയുമെന്ന ആശയോടെ താൻ  ഇവിടെ കഴിയുകയായിരുന്നുവെന്നും മനസ്സുരുകി പ്രാർത്ഥിക്കുന്നവരുടെ ഇഷ്ടം എന്നെങ്കിലുമൊരിക്കൽ ഈശ്വരൻ കാണുക തന്നെ ചെയ്യും" എന്നും പറയുന്നു.ദിവാകരനെ കാണുക മാത്രമായിരുന്നു തന്റെ  ജീവിതലക്ഷ്യമെന്നും ഈശ്വരാനുഗ്രഹത്താൽ അത്  സാധിച്ചു എന്നുമാണ് അർത്ഥം.

 നളിനി സന്ന്യാസം സ്വീകരിച്ചപ്പോഴും ദിവാകരനോടുള്ള സ്നേഹം നിമിത്തം അദ്ദേഹത്തെ ഓർത്തുകൊണ്ടാണ് കഴിഞ്ഞത്. ദിവാകരൻ തന്നെ ഓർത്തില്ലെങ്കിലും ഓർത്താലും ഇന്ന് അപ്രതീക്ഷിതമായി  കാണാൻ കഴിഞ്ഞത് നിമിത്തം താൻ ഭാഗ്യവതിയാണെന്നും നളിനി പറഞ്ഞു.ഒന്നും പറയാൻ കഴിയാതെ അവൾ കണ്ണുനീർ ചൊരിഞ്ഞു കൊണ്ടു നിന്നു .സ്നേഹത്തിൽ ആയിരുന്നവർ വേർപെട്ട്  കുറേക്കാലത്തിനു ശേഷം അപ്രതീക്ഷിതമായി കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന സുഖം ദുഃഖം നിറഞ്ഞതും വികാര വൈവിധ്യമാർന്നതുമായിരിക്കും. അതിനാലാണ് അപ്പോഴത്തെ സുഖം വികലമായി തീരുന്നത് .അവളുടെ മുഖം കണ്ണുനീർ വീണ് ചുമന്ന് തുടുത്തിരുന്നു .മഞ്ഞുതുള്ളി വീണ പനിനീർ പുഷ്പം പോലെ അവളുടെ മുഖം തോന്നിപ്പിച്ചു. ഒരുപക്ഷേ ദിവാകരൻ തന്നെ തിരിച്ചറിയാത്തതിനാലും തന്നെ മറന്നുകളഞ്ഞതിനാലുമുള്ള സങ്കടം കൊണ്ടായിരിക്കും അവൾ കരഞ്ഞത്.

അവൾ ആരാണെന്ന്  മനസ്സിലാക്കിയ ദിവാകരൻ പണ്ടത്തെ സംഭവങ്ങൾ ഓർത്ത് സന്തുഷ്ടനായി .കഴിഞ്ഞുപോയ ശൈശവകാലത്തെ സംഭവങ്ങൾക്ക് അനുസരിച്ച് ദയയോടെ ഇങ്ങനെ പറഞ്ഞു. "എനിക്ക് ഏറ്റവും പരിചയമുള്ള ഈ പേരും നിൻ്റെ മനോഹരമായ ശബ്ദവും നീയും നിൻ്റെ ദൂരെയുള്ള വീടും എല്ലാം എൻ്റെ ഓർമ്മയിൽ ഇപ്പോൾ വരുന്നുണ്ട് കണ്ടയുടനെ നിന്നെ തിരിച്ചറിയാത്തതിനാൽ വിഷമിക്കേണ്ട. അന്നു ഞാൻ കാണുമ്പോൾ നീ ഒരു കുരുന്നായിരുന്നു .ഇന്ന് നീ വല്ലിയായി മാറിക്കഴിഞ്ഞു .കൗമാരപ്രായത്തിൽ കണ്ടതാണ്. ഇന്ന് പ്രായപൂർത്തിയായ യുവതിയായി മാറിക്കഴിഞ്ഞു. ആ വ്യത്യാസം കൊണ്ടാണ് താൻ തിരിച്ചറിയാതിരുന്നത് "എന്ന് ദിവാകരൻ പറഞ്ഞു. "അക്കാലത്ത് എന്നിൽ നിന്നും ചെറിയൊരു അപ്രിയം ഉണ്ടായാൽ പോലും നീ കരയുമായിരുന്നു. സ്നേഹം കൊണ്ടുണ്ടാകുന്ന ദൗർബല്യം അന്നും ഇന്നും ഒരുപോലെയാണ് നിന്നിൽ കാണുന്നതെന്ന് ദിവാകരൻ പറഞ്ഞു .കാലമിത്രയായിട്ടും നളിനിയുടെ സ്വഭാവത്തിൽ മാറ്റം വന്നിട്ടില്ല എന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്. കഴിഞ്ഞതെല്ലാം കഴിഞ്ഞു നമ്മുടെ പ്രായവും ലക്ഷ്യങ്ങളും മാറി .വേണ്ടത്ര പക്വത വന്നു .അതെല്ലാം പോകട്ടെ .നീ എന്തിനാണ്  ഇവിടെ വസിക്കുന്നത് " എന്ന് ചോദിച്ചു ."അല്ലയോ നളിനി നീ ഇവിടെ വസിക്കുന്നതിന് കാരണം ഞാൻ അന്വേഷിക്കുന്നത് വെറുതെയാണ് ..ഏതോ കാര്യത്തിനു വേണ്ടി നീ തുനിഞ്ഞുവെന്ന് കരുതിയാൽ മതി. ജീവികൾ അവയുടെ കർമ മാർഗം സ്വീകരിക്കും.ഓരോരുത്തരും അവനവന് ഇഷ്ടമുള്ള രീതിയിലാണ് മുന്നോട്ട് പോകുന്നത് .അതുകൊണ്ട് അതിന്റെ  കാരണം അന്വേഷിക്കുന്നത് വെറുതെയാണെന്നാണ് ദിവാകരൻ കരുതുന്നത്. നളിനി അങ്ങനെ സ്വന്തം ഇഷ്ടപ്രകാരമുള്ള ഒരു മാർഗ്ഗം സ്വീകരിച്ചു എന്നു കരുതാം .

അല്ലയോ സഖീ,  ഒരു കാര്യം കൂടി ചോദിക്കട്ടെയെന്ന് അദ്ദേഹം ആരാഞ്ഞു.നളിനി എന്നെ ഓർത്ത് തപസ്സ് ചെയ്തു കൊണ്ട് ഇവിടെ കഴിഞ്ഞു എന്നു പറഞ്ഞല്ലോ. എന്ത് ഉപകാരമാണ് നീ എന്നിൽ നിന്നും പ്രതീക്ഷിക്കുന്നത് .വിവേകികളായ ആളുകൾ സ്വന്തം ജീവിതം അന്യർക്ക് ഉപയോഗപ്രദമായ രീതിയിൽ വിനിയോഗിച്ച് ധന്യരാകും .നളിനിക്കു വേണ്ടി എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കിൽ തികച്ചും സന്തോഷത്തോടെ തന്നെ ചെയ്യും എന്നാണ് ദിവാകരൻ പറയുന്നത്. മനുഷ്യ ജീവിതത്തിൽ സാർവത്രികമായി ലയിച്ചു കിടക്കുന്ന അഗാധമായ സ്നേഹത്തെ കലാപരമായി ആവിഷ്കരിക്കുകയാണ് കുമാരനാശാൻ ഈ കവിതയിലൂടെ.

             


 

വിശ്വരൂപം_ ലളിതാംബിക അന്തർജനം

 

                                          ലളിതാംബിക അന്തർജനം 

                      

                                  ദൃശ്യാവിഷ്ക്കാരം 


           ലളിതാംബിക അന്തർജനത്തിന്റെ  സമ്പൂർണ്ണകഥകളിൽ നിന്നെടുത്ത ഒരു കഥയാണ് വിശ്വരൂപം. മിസ്സിസ് തലത്തിലിന്റെ  ജീവിതത്തിലെ പല ഏടുകളാണ് ഈ കഥയിൽ വിഷയമാകുന്നത് .സ്നേഹബന്ധങ്ങളുടെ പൊരുത്തങ്ങളും പൊരുത്തക്കേടുകളും ഈ കഥയിൽ കാണാം. മാഡം തലത്ത്  അമ്മയായി പരിണമിക്കുമ്പോൾ അതിലൂടെ ജീവിതത്തിന്റെ  വ്യത്യസ്ത ഭാവങ്ങൾ ആവിഷ്കരിക്കാനാണ് കഥാകൃത്ത് ശ്രമിക്കുന്നത്
.ജീവിതാനുഭവങ്ങൾ കഥാനായികയെ സ്വയം പാകപ്പെടുത്തുകയായിരുന്നു.മിസ്റ്റർ സുധീർ മിസ്സിസ് തലത്തിനെ അന്വേഷിച്ചാണ് പട്ടണത്തിന്റെ  ഒഴിഞ്ഞ ഭാഗത്തുള്ള വഴിയിലൂടെ കടന്ന് തുളസിത്തറയുള്ള ഒരു വീട്ടിൽ എത്തിച്ചേർന്നത്. ഒരു താപസിയെപ്പോലുള്ള വൃദ്ധയെയാണ് അദ്ദേഹം കണ്ടത്. താൻ മിസ്സിസ് തലത്ത് താമസിക്കുന്ന വീടന്വേഷിച്ച് വന്നതാണ് .അവർ ഇവിടെയുണ്ടോ എന്ന് അയാൾ ചോദിച്ചു. അപ്പോഴാണ് വന്നിരിക്കുന്നത് സുധീർ ആണെന്ന് അവർക്ക് മനസ്സിലായത് .കരഞ്ഞുകൊണ്ട് അവർ കെട്ടിപ്പിടിച്ചു.  രണ്ടുപേർക്കും പ്രിയപ്പെട്ട മിസ്റ്റർ തലത്തിനെ  ഓർത്താണ് അവർ കരഞ്ഞത് .സ്ഥലം മാറ്റം കിട്ടി ലോകത്തിന്റെ  പല ഭാഗങ്ങളിലും കറക്കമായിരുന്നതിനാലാണ് എനിക്ക് വരാൻ സാധിക്കാതിരുന്നത് എന്ന്  സുധീർ അറിയിച്ചു.രൂപംകൊണ്ട് രണ്ടുപേർക്കും മനസ്സിലായിരുന്നില്ല. സ്വരം കൊണ്ടാണ് അവർ തിരിച്ചറിഞ്ഞത്. കാലം വരുത്തിയ മാറ്റങ്ങളാണതിനു കാരണം. അവരുടെ ഭർത്താവ് മരിച്ചു. കുട്ടികളെല്ലാം അവരവരുടെ തിരക്കിലാണ്.

 അവർക്ക് ചക്രവർത്തിനിയുടെ ജന്മമാണ്  എന്ന് സുധീറിന് തോന്നി. കാരണം അവർ ആരുടെയും മുന്നിൽ തല കുനിക്കില്ല. തന്റെ  അച്ഛനേക്കാൾ മിസ്റ്റർ തലത്തിനോട് തനിക്ക് സ്നേഹം ഉണ്ടായിരുന്നു എന്ന് സുധീർ അറിയിച്ചു .രമേഷ്, രവി,ആശ, പ്രേമ എന്നീ മക്കൾ സുഖമായി ഓരോ നാടുകളിൽ കഴിയുന്നു എന്ന മിസ്സിസ് തലത്ത് അറിയിച്ചു .ഞാൻ ഇതിനേക്കാളും മോശമായ വീട്ടിലാണ് ജനിച്ചുവളർന്നത് എന്ന്  മിസ്സിസ് തലത്ത് പറഞ്ഞു
 

പണ്ട് ലണ്ടനിലും ന്യൂയോർക്കിലും വെച്ച് കണ്ട മാഡം തലത്തിനെ സുധീർ ഓർത്തുപോയി .സംഭാഷണത്തിലെ രസികതയും തലയുയർത്തിപ്പിടിച്ചുള്ള നടത്തവും ആംഗ്യചലനങ്ങളുമെല്ലാം ഒരു വട്ടം കണ്ടാൽ പിന്നെ മറക്കില്ല .അവരെ എല്ലാ ചടങ്ങുകളിലും വച്ച് 'ഭാരതീയ സ്ത്രീത്വത്തിന്റെ അംബാസഡർ 'എന്നാണ് എല്ലാവരും വിളിക്കുന്നത് .ഒരു മഹാറാണിയുടെ അന്തസ്സുണ്ടായിരുന്നു അവർക്ക് .നമുക്ക് അഞ്ചാമതൊരു കുട്ടി ഉണ്ടായിരിക്കുന്നു 'എന്നാണ് മിസ്റ്റർ തലത്ത്  സുധീറിനെ ആദ്യമായി പരിചയപ്പെടുത്തിയത്.അവരുടെ കുട്ടികൾ നാലുപേരും അന്നും നാല് സ്ഥലങ്ങളിൽ ഹോസ്റ്റലുകളിലും ബോർഡിങ്ങുകളിലുമായാണ് താമസിച്ചിരുന്നത്.ഒഴിവിന് വല്ലപ്പോഴും വരും. മിസ്സിസ് തലത്ത് കുട്ടികളെ പ്രസവിച്ചു എന്ന് മാത്രം. അവർ കുട്ടികൾക്ക് പാല് കൊടുത്തിട്ടില്ല .താരാട്ടുപാടി ഉറക്കിയിട്ടില്ല. വാശിപിടിച്ചു കരയുമ്പോൾ ശാസിക്കുകയോ ശുശ്രൂഷിക്കുകയോ ചെയ്തിട്ടില്ല. ആലങ്കാരികമായി മാത്രം ചിലപ്പോൾ അവർ ഉമ്മ  വയ്ക്കും .പാശ്ചാത്യ രീതിയിലുള്ള ചലനങ്ങൾ മാത്രമാണ് അവർക്കുണ്ടായിരുന്നത്. പൗരസ്ത്യ സംസ്കാരം അവർ മറന്നുപോയിരുന്നു.

ഇതെല്ലാം ആലോചിച്ചു കൊണ്ടിരുന്നപ്പോൾ കാപ്പിയും നെയ്യപ്പവും മലരുമായി  മിസ്സിസ് തലത്ത്നടന്നുവന്നു.അതെല്ലാം താൻ പാകം ചെയ്തതാണെന്ന് സുധീറിനോട് പറഞ്ഞു. ഈ കാപ്പിക്ക് ഇതുവരെയും മാഡം തന്ന കാപ്പികളേക്കാൾ  രുചിയുണ്ട് എന്ന് സുധീർ പറഞ്ഞു .സ്വന്തം കൈകൊണ്ട് താൽപര്യത്തോടെ പാകപ്പെടുത്തി ആർക്കും ഞാൻ ഇതുവരെയും കൊടുത്തിട്ടില്ല എന്ന് അവർ തല കുനിച്ചു കൊണ്ട് ഉത്തരം പറഞ്ഞു.

 തന്റെ  ഭർത്താവ് വീട്ടിലുള്ളവരെക്കുറിച്ച് എത്ര സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് പറഞ്ഞിരുന്നത് എന്ന് മിസ്സിസ് തലത്ത് ഓർത്തു. ഭാരത സ്ത്രീകൾ  വളരെ ഭാഗ്യം ഉള്ളവർ ആണ് എന്നും അവർ കൊടുക്കാൻ മാത്രമേ പഠിച്ചിരുന്നുള്ളൂ എന്നും ഡോക്ടർ എപ്പോഴും പറയുമായിരുന്നു.ഇപ്പോഴാണ് അദ്ദേഹം പറഞ്ഞതിനർത്ഥം തനിക്ക് മനസ്സിലായത് എന്ന് മിസ്സിസ് തലത്ത് പറഞ്ഞു .ന്യൂയോർക്കിൽ  താമസസ്ഥലത്തിന് മുന്നിലുള്ള പാർക്കിൽ വന്നിരിക്കുന്ന ഒരു പാവം വൃദ്ധനെ തനിക്ക് വെറുപ്പായിരുന്നു .അയാൾ പോലും 'നിങ്ങൾ ഇന്ത്യക്കാർ അച്ഛനമ്മമാരെ ദൈവത്തെ പോലെ വിചാരിക്കുന്നു എന്ന് കേട്ടിട്ടുണ്ട് അത് ശരിയാണോ 'എന്ന് ചോദിച്ചത്  ഓർക്കുന്നു എന്ന് മിസ്സിസ് തലത്ത് പറഞ്ഞു .അപ്പോൾ ആ വിദേശി 'ഞാൻ ഇന്ത്യയിൽ ജനിക്കാൻ ആഗ്രഹിക്കുന്നു ഇന്ത്യ എത്ര നല്ല നാടാണെന്ന്' തന്നോട് പറഞ്ഞതായും അവർ ഓർത്തു. താൻ ഒരിക്കലും തന്റെ അമ്മയെ അവസാനകാലത്ത് കണ്ടില്ലെന്നും അതുകൊണ്ടുതന്നെ തനിക്ക് കൊടുത്തതല്ലേ നേടാൻ പറ്റുകയുള്ളൂ എന്നും വളരെ സങ്കടത്തോടെ അവർ പറഞ്ഞു.
കാലത്തിനനുസരിച്ച് എല്ലാവരും മാറ്റത്തിന് വിധേയമാണെന്ന് സുധീർ ആശ്വസിപ്പിച്ചു. ഡോക്ടർ തലത്ത് എപ്പോഴും തന്നോട് പറയുമായിരുന്നു ,ഡോളി ഇല്ലെങ്കിൽ താൻ വെറും നിഴൽ മാത്രമാണെന്ന്.  എല്ലാ പ്രശ്നങ്ങളും അവളുടെ ചിരിയിൽ  മാഞ്ഞു പോകുന്നു എന്ന് ഡോക്ടർ പറയുമായിരുന്നു എന്ന കാര്യം സുധീർ ഓർമ്മിച്ചു.
 തന്റെ  ഭർത്താവിനു വേണ്ടി മാത്രം രൂപപ്പെടുത്തിയതായിരുന്നു തന്റെ  ജീവിതമെന്നും അതിൽ മറ്റാർക്കും ഇടമില്ലായിരുന്നു എന്നും അവർ പറഞ്ഞു. തന്റെ  മക്കൾ ഭംഗി വാക്കിന് അവരുടെ കൂടെ നിൽക്കാൻ പറയുന്നുണ്ട്. പിന്നീട് അവർക്ക് അത് ഒരു ഭാരമായി  വന്നേക്കാം. ആരുടെയും ആശ്രിതയായി ജീവിക്കാൻ തനിക്ക് ആഗ്രഹമില്ലെന്ന്  അവർ പറഞ്ഞു.അവരുടെ അഭിമാനബോധവും നിശ്ചയദാർഢ്യവും കണ്ട സുധീറിന് അവരോട് കൂടുതൽ ബഹുമാനം തോന്നി .തനിക്ക് വിമാനത്താവളത്തിൽ എത്തേണ്ട സമയമായെന്നും അതുകൊണ്ട് പോകണം എന്നും പറഞ്ഞ് അയാൾ എഴുന്നേറ്റു .'ഡോക്ടർ തലത്തിലിന്റെയൊപ്പം മാഡം തലത്ത് മരിച്ചുപോയി ഇത് അമ്മയാണ് .താഴത്തു കുഞ്ഞിക്കുട്ടിയമ്മ .അങ്ങനെ പറഞ്ഞാലേ നാട്ടുകാർ അറിയൂ' എന്ന് മിസ്സിസ് തലത്ത് അറിയിച്ചു.

'ഒരു കാര്യം ഓർക്കണം. നിന്റെ  വരാൻപോകുന്ന ഭാര്യയോട് കുട്ടികളെ ബോർഡിങ്ങിൽ അയക്കരുത് എന്നും ആയയെ വെക്കരുതെന്നുംഅമ്മ തന്നെ വളർത്തണമെന്നും ശാസിക്കുകയും ലാളിക്കുകയും കൂട്ടുകൂടുകയും വേണമെന്നും അങ്ങനെ ചെയ്തെങ്കിൽ മാത്രമേഅമ്മ കുട്ടികളുടെ ഭാഗവും കുട്ടികൾ അമ്മയുടെ ഭാഗമായി തോന്നുകയുള്ളു: എന്നും  മിസ്സിസ് തലത്ത് ഉപദേശിച്ചു. ഇത് കേട്ടപ്പോൾ യഥാർത്ഥത്തിൽ അയാൾ ഞെട്ടി .'വാർദ്ധക്യത്തിൽ ഓർമ്മകൾ മാത്രമേ നമുക്ക് അവകാശപ്പെട്ടതായി ഉണ്ടാവുകയുള്ളൂ 'എന്ന്  പറഞ്ഞു .'നിന്റെ മനസ്സിലെങ്കിലും ഞാൻ ജീവിക്കണം 'എന്നും പറഞ്ഞു .
സുധീർ പടിയിറങ്ങുമ്പോൾ തിരിഞ്ഞുനോക്കി. അപ്പോൾ അവിടെ മാഡം തലത്തിലിനേയോ സാമൂഹികപ്രവർത്തകയേയോ അല്ല മറിച്ച് ഒരു അമ്മയെയാണ് കണ്ടത്. മിസ്സിസ് തലത്തിൽ നിന്നും അമ്മയായുള്ള  മാറ്റം എന്തുയർച്ചയായിരുന്നു !എന്തൊരു അഭിമാനമായിരുന്നു ആ മുഖത്ത്! ആ  അമ്മ ഭാഗ്യവതി ആണെന്നും അവസാനമായെങ്കിലും ഈ സ്ത്രീയുടെ വിശ്വരൂപം കണ്ടു എന്നും അയാൾ സന്തോഷത്തോടെ ഓർത്തു
 ഒരു സ്ത്രീയുടെ മഹത്ത്വം മാതൃത്വത്തിന്റെ
നിറവിലാണെന്നാണ് ഈ കഥ  വിളിച്ചോതുന്നത്.