Sunday, September 30, 2012

എന്തൊക്കെയോ നഷ്ട്ടപ്പെട്ട ഒരാള്‍

ഗരത്തിലെ സാരിക്കടകള്‍ കയറിയിറങ്ങുമ്പോള്‍ ആ ദമ്പതികള്‍ തങ്ങളെ പിന്തുടരുന്ന ആ ആറോ ഏഴോ വയസ്സുള്ള പെണ്‍കുട്ടിയെ ശ്രദ്ധിച്ചു.അയാള്‍ സഹതാപത്തോടെ ഒരു രൂപ നീട്ടിയപ്പോള്‍ അവള്‍ അത് സ്വീകരിച്ചില്ല.

താന്‍ ഉദ്ദേശിച്ച നിറമുള്ള സാരി കിട്ടാതെ സ്വന്തം അനുജത്തിയുടെ മകളായ നീനയുടെ കല്യാണത്തിന് പോകില്ലെന്ന് രമണി വാശി പിടിക്കുന്നു.ആ പെണ്‍കുട്ടി കുശലം ചോദിച്ച് അവര്‍ക്ക്‌ പിറകില്‍ നടന്നു.രമണിക്ക്‌ സാരി കിട്ടാത്തതിന്റെ വിഷമം മാത്രമേ ഉള്ളൂ.ഇവിടെ കിട്ടിയില്ലെങ്കില്‍ തൃശ്ശൂരിലോ കോയമ്പത്തൂരിലോ ചെന്നൈയിലോ പോയ്‌ സാരി വാങ്ങണം എന്നും ബ്ലൌസ് തുന്നിക്കാന്‍ കൊടുക്കണം എന്നുംമറ്റും രമണി പറഞ്ഞു.സാരിയുടെ പളപളപ്പില്‍ അയാളും ആ കുട്ടിയുടെ കാര്യം മറന്നു.പെട്ടെന്ന്‍ പുറത്തുനില്‍ക്കുന്ന അവളെ അയാള്‍ ഓര്‍ത്തു.പുറത്ത്ചെന്ന് പേരും ഊരും കുടുംബവിശേഷവും ചോദിച്ചു.റാണിയെന്നാണ് പേരെന്നും അച്ഛന്‍ ഇല്ലെന്നും അമ്മ രണ്ടുദിവസം മുന്‍പ്‌ മരിച്ചുവെന്നും വീടില്ലെന്നും അവള്‍ പറഞ്ഞു.ഒരു കടയുടെ മുന്നിലാണ് രണ്ടു ദിവസമായുറങ്ങുന്നത് എന്നും പറഞ്ഞു.അയാള്‍ക്ക് വല്ലാത്ത സങ്കടം തോന്നി.

ആ കടയില്‍ നിന്ന് രമണി ഉദ്ദേശിച്ച സാരി ലഭിച്ചു.രണ്ടായിരത്തിഎണ്ണൂറു രൂപയുള്ള ആ സാരി അവളെ സന്തോഷിപ്പിച്ചു.അവര്‍ ഐസ്ക്രീം കഴിക്കാന്‍ കടയില്‍ കയറി.അയാള്‍ പെണ്‍കുട്ടിയെ ക്ഷണിച്ചെങ്കിലും അവള്‍ വന്നില്ല.അതിനെയൊന്നും വിളിക്കണ്ട','.നമ്മളേം കൂടി കേറ്റില്ല'.നമുക്ക്‌ വരുമ്പോ എന്തെങ്കിലും വാങ്ങിക്കൊടുക്കാ'മെന്ന് സാരി കിട്ടിയ ആഹ്ലാദത്തില്‍ രമണി പറഞ്ഞു.അവളെക്കുറിച്ചുള്ള ചിന്ത അയാളുടെ മനസ്സില്‍ നിന്നുംമാഞ്ഞുപോകുന്നുണ്ടായില്ല.കോണ്‍ഐസ്ക്രീം അവള്‍ക്ക് വാങ്ങിക്കൊടുത്തു.അവര്‍ കാറിന്റെയുള്ളില്‍  കയറിയപ്പോള്‍ 'എന്നേം കൊണ്ടുപോവ്വോ' എന്നവള്‍ ചോദിച്ചു.'എന്തെങ്കിലും കൊടുത്ത്‌ പറഞ്ഞയയ്ക്കൂ.പിന്നെ ശല്ല്യാവും'എന്ന് രമണി ഓര്‍മ്മിപ്പിച്ചു.അയാള്‍ പത്തുരൂപാ നോട്ടെടുത്ത് നീട്ടിയെങ്കിലും അവള്‍ വാങ്ങിയില്ല.കാര്‍ ഓടിച്ചുകൊണ്ടിരുന്നപ്പോള്‍ നമുക്കവളെ ഒപ്പം കൂട്ടാമായിരുന്നുവെന്നയാള്‍ പറഞ്ഞു.ഇനിയതുംകൂടിയേ വേണ്ടൂ ..ബാക്കിയെല്ലാമായി എന്ന് രമണി ദേഷ്യത്തോടെ പറഞ്ഞു.

തനിക്ക്‌ അറുപതാം വയസ്സിലും പന്തീരായിരം രൂപ കിട്ടുന്നുണ്ട്.ബോംബെയിലുള്ള മകനും വന്‍ശമ്പളമുണ്ട്.ആ പെണ്‍കുട്ടിയെ വീട്ടില്‍ താമസിപ്പിക്കാന്‍ പറ്റിയില്ലെങ്കില്‍ വല്ല അനാഥാലയത്തിലും ചെലവിനു കൊടുത്ത്‌ ആക്കാമായിരുന്നുവെന്ന് അയാള്‍ ഓര്‍ത്തു.

കുട്ടിക്കാലത്ത്‌ സ്കൂളില്‍ നിന്ന് വരുമ്പോള്‍ ഒരു പൂച്ചക്കുട്ടി ഒപ്പം കൂടിയതും മറ്റ് കുട്ടികള്‍ വിളിച്ചപ്പോള്‍ പൂച്ച തന്‍റെ പിന്നില്‍ നിന്ന്‍ മാറാതിരുന്നതും അയാള്‍ ഓര്‍ത്തു.വീട്ടില്‍ പൂച്ചയെ വളര്‍ത്തുന്നതിനോട് എല്ലാവര്‍ക്കും എതിര്‍പ്പായിരുന്നു.തന്‍റെ പ്രതിഷേധം വകവയ്ക്കാതെ പൂച്ചയെ വീട്ടുകാര്‍ എവിടെയോ വിട്ടു.പിന്നെ അതിനെ കാണുന്നത് ഏതോ വാഹനത്തിന്നടിയില്‍പ്പെട്ട് ചതഞ്ഞ മട്ടിലാണ് .അയാള്‍ക്ക് ആ ചിന്ത അസ്വസ്ഥത ജനിപ്പിച്ചു.കുറച്ചു പെട്രോള്‍ അടിച്ചിട്ട് വരാം എന്ന് പറഞ്ഞ് അയാള്‍ കാര്‍ പുറത്തേക്കെടുത്തു.ഷട്ടര്‍ താഴ്ത്തിയ കടയുടെ ഒതുക്കു കല്ലില്‍ അവള്‍ ചുരുണ്ടു കിടക്കുന്നതയാള്‍ കണ്ടു. കൂലിപ്പണിക്കാരനായ ഒരച്ഛനനും അമ്മയും മകനും വഴിയരികില്‍ നിന്ന് ഷര്‍ട്ട്‌ വിലപേശി വാങ്ങുന്നതും ആ പെണ്‍കുട്ടിക്കരികില്‍ വന്നപ്പോള്‍ അവര്‍ എന്തോ അവളോട് ചോദിക്കുന്നതും പിന്നെ അവള്‍ അവരുടെയൊപ്പം പോകുന്നതും ആ അച്ഛന്‍ അവളെ എടുക്കുന്നതും അവളുടെ കൊച്ചുകൈ കഴുത്തില്‍ ഇട്ടിരിക്കുന്നതും അയാള്‍ കണ്ടു.

തന്‍റെ കാറിനുള്ളില്‍ അനങ്ങാനാകാതെ അയാള്‍ ഇരുന്നു.അയാള്‍ക്ക് എന്തൊക്കെയോ നഷ്ട്ടപ്പെട്ടിരുന്നു.

[നാം കാണാതെ പോകുന്ന എന്നാല്‍ കാണേണ്ട സന്ദര്‍ഭങ്ങളെ വായനക്കാരന്റെ മനസ്സിലേക്ക് കുറ്റബോധം ജനിപ്പിക്കുന്ന വിധത്തില്‍ കഥയാക്കി അവതരിപ്പിക്കുവാന്‍ ഇ .ഹരികുമാര്‍ എന്ന ചെറുകഥാകൃത്തിന് പ്രത്യേക മിടുക്കുണ്ട്.ഇന്നത്തെ കേരളീയ സമൂഹം ഉപഭോഗസംസ്കാരത്തിന്‍റെ നീരാളിപ്പിടുത്തത്തിലാണ്.രമണി എന്ന കഥാപാത്രം ഈ ഉപഭോഗാസക്തി പിടിപെട്ടവളാണ്.സമൂഹത്തിന്റെ പരിരക്ഷ ലഭിക്കേണ്ട എത്രയോ കുട്ടികളെയാണ് റാണിയിലൂടെ അവതരിപ്പിക്കുന്നത്.ജീവിതം ആര്‍ഭാടമായി കൊണ്ടാടുന്ന ഇടത്തരം കുടുംബത്തിന്റെ പ്രതിനിധികളാണ് ഇതിലെ രമണിയും ഭര്‍ത്താവും.ഇഷ്ട്ടപ്പെട്ടത്‌ എന്ത് വില കൊടുത്തും വാങ്ങാന്‍ മടിക്കാത്ത പൊങ്ങച്ചസംസ്കാരത്തിന്റെ പൊള്ളത്തരം ഈ കഥയിലൂടെ വെളിവാകുന്നു.]

                                              ലിങ്ക്
                                        ഇ.ഹരികുമാര്‍





സ്കൂള്‍പ്രവര്‍ത്തനം-തെരഞ്ഞെടുപ്പ്‌

ക്ലാസ്സ്‌ തെഞ്ഞെടുപ്പ്‌

പൊതുവിദ്യാഭ്യാസവകുപ്പിന്‍റെ കീഴിലുള്ള സ്കൂളുകളില്‍ 'സ്കൂള്‍ പാര്‍ലമെന്‍റ്' തെരഞ്ഞെടുപ്പ് 27/09/2012 ഇല്‍ നടക്കുകയുണ്ടായി.'സമ്മതി ഇലക്ഷന്‍ സോഫ്റ്റ്‌വെയര്‍  '[ഇ.നന്ദകുമാര്‍ ] ഉപയോഗിച്ച് തെരഞ്ഞെടുപ്പ്‌ ഒരനുഭവമാക്കി മാറ്റാന്‍ സാധിച്ചു.നാമനിര്‍ദേശപത്രിക സമര്‍പ്പണം,പോസ്റ്റര്‍ നിര്‍മ്മാണം,സ്ഥാനാര്‍ഥികള്‍ ചിഹ്നങ്ങള്‍ തെരഞ്ഞെടുത്തത്‌,ജനാധിപത്യസ്വഭാവമുള്ള ക്യാന്‍വാസിങ്ങ്  ഇതെല്ലാം ഉത്തരവാദിത്തമുള്ള നേതൃത്വം കുട്ടികള്‍ക്കുള്ളില്‍ ജനിപ്പിക്കുവാന്‍ സഹായകരമായി.

പോളിംഗ് ഓഫീസര്‍  [1] പേര്‌ വായിക്കുമ്പോള്‍ കുട്ടികള്‍ ഒപ്പിട്ട് പോളിംഗ് ഓഫീസര്‍ [2] നെ സമീപിച്ചു. തുടര്‍ന്ന്‍ ചൂണ്ടുവിരലില്‍ മഷിയിട്ടു.പ്രിസൈഡിംഗ്  ഓഫീസര്‍ കണ്‍ട്രോള്‍ യൂണിറ്റ് നിയന്ത്രിച്ചു.കുട്ടികള്‍ നിരയായി നിന്നു.അതിനുശേഷം  'സമ്മതി ഇലക്ഷന്‍ സോഫ്റ്റ്‌വെയറില്‍ ' വോട്ട് രേഖപ്പെടുത്തി.പോളിംഗ് ഓഫീസര്‍മാര്‍ ശരിക്കും 'ത്രില്ലില്‍ ' ആയിരുന്നു.വോട്ട് രേഖപ്പെടുത്തിയ ഉടനെ ഫലം അറിയാനായി എങ്കിലും വെളിപ്പെടുത്തിയില്ല. ആകാംക്ഷയോടെ പ്രധാനാധ്യാപികയുടെ ഫലപ്രഖ്യാപനം വരെ കാത്തുനിന്ന കുട്ടികള്‍ സത്യപ്രതിജ്ഞയും കഴിഞ്ഞപ്പോള്‍ ചോദിച്ചത്  ഈ രീതി നേരത്തേതന്നെ ആകാമായിരുന്നുവല്ലോ എന്നാണ്.ക്ലാസ്സ്‌ മുറിയെ കുറച്ച് നേരത്തേക്ക്‌  'ഒറിജിനല്‍ബൂത്താ'ക്കി മാറ്റി എന്നതിനേക്കാള്‍ പൌരാവബോധം സൃഷ്ട്ടിക്കുവാന്‍ ആയി എന്നതാണ് ഈ രീതിയുടെ നേട്ടം...പുതിയ വഴികള്‍ ആവര്‍ത്തനവിരസതയില്ലാത്ത ഒരു നല്ല ദിനത്തെ സമ്മാനിച്ചു.നന്ദി.... ശ്രീ.ഇ .നന്ദകുമാറിനും സ്കൂളില്‍ പ്രാവര്‍ത്തികമാക്കാന്‍ സഹായിച്ച സുഹൃത്തിനും...

വോട്ടഭ്യര്‍ത്ഥന


വോട്ടഭ്യര്‍ത്ഥന



പോസ്റ്റര്‍

ബൂത്ത്‌

ബാലറ്റ് യൂണിറ്റ്


സമ്മതി ഇലക്ഷന്‍ സോഫ്റ്റ്‌വെയര്‍

സ്ഥാനാര്‍ഥികള്‍

വോട്ട് രേഖപ്പെടുത്തല്‍












ഫലപ്രഖ്യാപനം


സത്യപ്രതിജ്ഞ















-തോരാമഴ


ഉമ്മുക്കുലുസു മരിച്ച രാത്രിയില്‍ ഉമ്മ ശൂന്യമായ മുറ്റത്ത്‌ തനിച്ച് നിന്നു.ബന്ധുക്കള്‍ എല്ലാവരും പിരിഞ്ഞുപോയിരുന്നു.വാടകയ്ക്കെടുത്ത കസേരകള്‍ ,ഗ്യാസ്‌ലൈറ്റ് ,പായകള്‍ ഒക്കെ കൊണ്ടുപോയി.ഉമ്മുക്കുലുസു നട്ട ചെമ്പകത്തിന്റെ ചുവട്ടില്‍ എത്തിയ ഇരുട്ട് ചിമ്മിനിവിളക്കിന്റെ കണ്ണീര്‍ ആകുന്ന വെളിച്ചത്തെ ഒപ്പിനിന്നു.

ഉമ്മറപ്പടിയില്‍ അവള്‍ അഴിച്ചിട്ട ചെരിപ്പുരുമ്മി പുള്ളിക്കുറിഞ്ഞിപൂച്ച കല്ലുവെട്ടാംകുഴിയിലേക്ക്‌ നിസ്സംഗമായ്‌ കയറിപ്പോയി.അയക്കോലിലിട്ട പിഞ്ഞിയ കുഞ്ഞുടുപ്പില്‍ തട്ടി വീശിയ കാറ്റ്  മരക്കൊമ്പിലേറി.ഉമ്മയുടെ ദു:ഖത്തിനു പൂച്ചയും കാറ്റും സാക്ഷികളായി.

ഉമ്മുക്കുലുസു മരിച്ചരാത്രിയില്‍ ഒറ്റയ്ക്ക് പുറത്ത് നില്‍ക്കുന്ന  ഉമ്മയ്ക്കരികില്‍ പെട്ടെന്ന്‍ മഴയെത്തി.ഉമ്മ അകത്തേക്ക് പോയ്‌ ,വില്ലൊടിഞ്ഞു എന്ന് പറഞ്ഞ് ഉമ്മുക്കുലുസു കരയാറുള്ള പുള്ളിക്കുടയെടുത്ത് വന്നു.പള്ളിപ്പറമ്പില്‍ പുതിയ മണ്ണട്ടിയില്‍ ആ കുട നിവര്‍ത്തിവച്ചു.ഉമ്മുക്കുലുസു മരിച്ച അന്നുരാത്രി തൊട്ട് ഇന്നോളം ആ മഴ തോര്‍ന്നില്ല.

[കുഞ്ഞ്‌ ആഗ്രഹിച്ച മാമ്പഴം കുഴിമാടത്തില്‍ വച്ചുകൊണ്ട് കരഞ്ഞ 'മാമ്പഴം' എന്ന കവിത നമുക്ക്‌  സുപരിചിതമാണ്.അടക്കിവെച്ച ദു:ഖം മഴയായ്‌ പെയ്യുന്ന തീവ്രതയിലെക്കാണ് കവി നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.ദാരിദ്ര്യം,ഒറ്റപ്പെടല്‍ ഇവ ഓരോ വരികളില്‍ നിന്നും വെളിവാകുന്നു.പെട്ടെന്നെത്തുന്ന മഴ ഉമ്മയുടെ കണ്ണീര്‍മഴയാണ്.മരിച്ചുപോയെങ്കിലും അവളുടെ മൃതശരീരത്തിന് മഴയേല്‍ക്കാതിരിക്കാന്‍ ആ അമ്മ ശ്രമിക്കുമ്പോള്‍ അനുവാചകഹൃദയത്തിലും കണ്ണീര്‍ പൊടിയും.തോരാത്ത മഴ ഉമ്മയുടെ തോരാത്ത ദു:ഖം തന്നെയാണ്.]

                                     ലിങ്ക് 

                                            റഫീക്ക്‌ അഹമ്മദ്‌







മാമ്പഴം-വൈലോപ്പിള്ളി ശ്രീധരമേനോന്‍









ബ്രഹ്മാലയം തുറക്കപ്പെട്ടു


ഗുരുവായൂര്‍ സത്യാഗ്രഹപ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായ്‌ രണ്ട് ഈഴവര്‍ വി.ടി ഭട്ടതിരിപ്പാടിന്റെ ഭവനത്തിലെത്തി.ശ്രീ കേളപ്പന്റെ അഭിലാഷമറിയിക്കലാണ് അവരുടെ ലക്ഷ്യം.അയിത്തത്തിന്റെ പേരില്‍ഒരു നമ്പൂതിരി ഗൃഹത്തിലേക്ക്‌ കയറിവരാന്‍ അവര്‍ക്ക്‌ പേടിയുണ്ടായിരുന്നു.കാരണം വി.ടി യുടെ അച്ഛന്‍ ബ്രാഹ്മണ്യത്തിന്റെ നിയമങ്ങള്‍ പാലിക്കുന്ന ആളാണ് എന്ന് അവര്‍ക്കറിയാമായിരുന്നു.ഭാരതപ്പുഴയുടെ വക്കത്തുള്ള ക്ഷേത്രത്തില്‍ പകല്‍ മുഴുവന്‍ ഭജനമിരുന്ന്‍ കഴിച്ചുകൂട്ടി,രാത്രി എട്ടു മണിക്കേ അദ്ദേഹം തിരിച്ചുവരൂ.ഭക്ഷണത്തിനിടയിലാണ് അദ്ദേഹം ലോകകാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞിരുന്നത്.വ്രതകാര്‍ക്കശ്യം മൂലം ക്ഷീണിച്ചവശനായിരുന്നുവെങ്കിലും വെണ്ണീറില്‍ കനല്‍ എന്ന പോലെ ഒളിഞ്ഞുകിടക്കുന്ന കുടുംബസ്നേഹം അപ്പോള്‍ ദര്‍ശിക്കാമായിരുന്നു.ഈ ഒരു മണിക്കൂര്‍ മാത്രമാണ് അദ്ദേഹത്തിന് ഈ ലോകജീവിതവുമായുള്ള ബന്ധം.ഭക്ഷണത്തിന് ശേഷം അദ്ദേഹം സ്വന്തം മുറിയില്‍ ചെന്നുകിടക്കുമായിരുന്നു.

അച്ഛന്‍ വീടണയുന്നതിനു മുന്‍പ്‌ ചങ്ങാതികളെ കുളക്കടവില്‍ കൊണ്ടുപോയി.അദ്ദേഹം കിടന്നുവെന്നുറപ്പായപ്പോള്‍ അതിഥികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി .അന്തര്‍ജ്ജനങ്ങള്‍ മടികൂടാതെ അത്താഴം വിളമ്പിക്കൊടുത്തു.

'എനിക്കിവരെ മനസ്സിലായില്ല' എന്ന അച്ഛന്‍റെ ശബ്ദം കേട്ട് എല്ലാവരും ഞെട്ടിത്തരിച്ചു.അതിഥികള്‍ നമ്പൂതിരിമാരായിരിക്കും എന്ന ധാരണയോടെ അച്ഛന്‍ സംസാരമാരംഭിച്ചു.സത്യം പറഞ്ഞാല്‍ അവരെ ആട്ടിയിറക്കുമോ എന്ന പേടി വി.ടിക്കുണ്ടായി.തിരുവിതാംകൂറില്‍ നിന്ന്‍ വന്ന പോറ്റിമാരാണ് എന്ന് പറഞ്ഞാല്‍ ഇല്ലപ്പേര് ചോദിച്ചാല്‍ സത്യം പുറത്താകും....അതുകൊണ്ട് അതിഥികള്‍ ആരാണെന്നുള്ള സത്യാവസ്ഥ വെളിപ്പെടുത്തി.

എല്ലാവരേയും അമ്പരപ്പിച്ച് കൊണ്ട് അച്ഛന്‍ ഗീതാപദ്യശകലം മൊഴിഞ്ഞു.ആ ഗാനമാധുരി വാടിയ തുളസിപ്പൂവിനെ പച്ചവെള്ളം തളിച്ചുണര്‍ത്തിയ പോലെ അവര്‍ക്ക് അനുഭവപ്പെട്ടു.കുടുമയും പൂണൂലും അല്ല ബ്രാഹ്മണ്യത്തിന്റെ ലക്ഷണം എന്നും ജീവജാലങ്ങള്‍ എല്ലാം ഈശ്വരസൃഷ്ട്ടികള്‍ ആണെന്നും ജാതി,അയിത്തം,മതം ഇതൊക്കെ സംസ്കാരഭേദത്തെ സൂചിപ്പിക്കുന്ന വ്യത്യാസങ്ങള്‍ ആണെന്നും ജ്ഞാനംകൊണ്ടും പ്രവൃത്തികൊണ്ടും വിശ്വപ്രേമം നേടുന്നതാരാണോ അവനാണ് ദിവ്യന്‍.... എന്നും  നിങ്ങള്‍ എന്നെക്കണ്ട് ഭയപ്പെടേണ്ട   എന്നും ഈ പ്രസ്ഥാനം തനിക്ക്‌ ഇഷ്ട്ടമാണെന്നും  വീണ്ടും വരണമെന്നും എന്ത് സഹായവും ചെയ്ത് തരുമെന്നും അറിയിച്ചു.

പറഞ്ഞറിയിക്കാനാവാത്ത ആശ്വാസവും ഊര്‍ജ്ജവും സന്തോഷവും അവര്‍ക്ക്‌ അനുഭവപ്പെട്ടു.മകന്‍റെ ലക്‌ഷ്യം തിരിച്ചറിഞ്ഞ ആ പിതാവ്‌ സമത്വസുന്ദരമായ ഒരു നവലോകത്തിലേക്ക് അവരെ തുറന്നുവിടുകയാണ് ചെയ്തത്.അച്ഛനെ വേണ്ടതുപോലെ മനസ്സിലാക്കാന്‍ കഴിയാതെപോയ ഒരു മകനേയും മകനെ നന്നായി മനസ്സിലാക്കിയ ഒരച്ഛനേയും നമുക്കിവിടെ  കാണാം.[യാഥാസ്ഥിതിക ചട്ടക്കൂടുകളില്‍ ആണെങ്കിലും പുതിയ കാലത്തിന്‍റെ മാറ്റം അച്ഛന്‍ ഉള്‍ക്കൊണ്ടിരുന്നു]


ലിങ്ക്