Saturday, March 20, 2021

പാവങ്ങൾ_ വിവർത്തനം നാലപ്പാട്ട്നാരായണ മേനോൻ-മൂലകൃതി - വിക്ടർ ഹ്യൂഗോ Les Miserables

 പാവങ്ങൾ_ വിവർത്തനം നാലപ്പാട്ട്നാരായണ മേനോൻ
 മൂലകൃതി - വിക്ടർ ഹ്യൂഗോ Les Miserables
ഒരു പാവപ്പെട്ട മരംവെട്ടുകാരനായിരുന്നു ഴാങ് വാൽ ഴാങ്. വിധവയായ സഹോദരിയും ഏഴ് മക്കളും അയാളുടെ സംരക്ഷണത്തിലായിരുന്നു .തൊഴിലില്ലാതെ മുഴുപ്പട്ടിണിയിലകപ്പെട്ടപ്പോൾ അവരുടെ വിശപ്പുമാറ്റാൻ ബേക്കറിയിൽ നിന്ന് ഒരു റൊട്ടി മോഷ്ടിച്ചു. ആ കുറ്റത്തിന് അഞ്ചുവർഷം ശിക്ഷിക്കപ്പെട്ടു. മൂന്നു തവണ അദ്ദേഹം ജയിൽ ചാടി .പത്തൊൻപതു വർഷം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നു .ജയിൽമോചിതനായിട്ടും ആരും അയാൾക്ക് അഭയം നൽകിയില്ല. ഒടുവിൽ അയാൾ ഡി പട്ടണത്തിലെ മെത്രാന്റെ ഭവനത്തിൽ വിശപ്പും ദാഹവും കൊണ്ട് തളർന്ന അവസ്ഥയിൽ എത്തിച്ചേർന്നു.

ഴാങ് വാൽ ഴാങ് അന്ന് മെത്രാന്റെയൊപ്പം  കഴിഞ്ഞു .അദ്ദേഹം ഉറങ്ങിയെന്നുറപ്പായപ്പോൾ അയാളുടെ മനസ്സിലുള്ള തിന്മയുടെശക്തി അയാളെ കുറ്റം ചെയ്യാൻ പ്രേരിപ്പിച്ചു .വാതിൽ ശബ്ദമുണ്ടാക്കാതെ അയാൾ തുറക്കാൻ ശ്രമിച്ചു .പരലോകത്ത് വെച്ച് വിധി കൽപ്പനയുടെ സമയത്തുണ്ടാകുന്ന കാഹള ശബ്ദം പോലെയാണ്  വാതിൽക്കുറ്റിയുടെ ശബ്ദത്തെ അയാൾക്ക് തോന്നിയത് .അയാളുടെ മനസ്സിലുള്ള കുറ്റബോധവും ഭയവുമാണ് കാഹള ശബ്ദം പോലെ അയാൾക്ക് തോന്നാൻ കാരണം. നന്മതിന്മകളുടെ ആത്മസംഘർഷമാണത്. വാതിൽ
ക്കുറ്റിക്ക് ജീവനുണ്ടോ എന്നുവരെ അയാൾക്ക് തോന്നി .അയാൾ ആകെ വിറച്ചു .ആ വാതിൽക്കുറ്റിയുടെ ശബ്ദം ഭൂകമ്പത്തിന്റെ ശബ്ദം പോലെയും ഭയങ്കരമായ ഗർജനം പോലെയുമാണ് അയാൾക്ക് തോന്നിയത് .ഈ ശബ്ദം കേട്ട് മെത്രാനും അവിടുത്തെ രണ്ട് വൃദ്ധ സ്ത്രീകളും ഉറക്കെ നിലവിളിക്കും എന്നും പോലീസുകാർ തന്നെ വീണ്ടും പിടിച്ചു കൊണ്ടുപോകും എന്നും അയാൾ തീർച്ചപ്പെടുത്തി. വെള്ളി സാധനങ്ങൾ വച്ചിട്ടുള്ള കൊട്ടയിലാണ് അയാളുടെ ശ്രദ്ധ .വെള്ളി വസ്തുക്കൾ കയ്യിലെടുത്ത്  കൊട്ട വലിച്ചെറിഞ്ഞ് ഒരു നരിയെ പോലെ മതിൽ ചാടിക്കടന്ന് അയാൾ അവിടെനിന്ന് ഓടി.

 പിറ്റേന്ന് മോൺസിന്യേർ  തോട്ടത്തിൽ നടക്കുന്ന സമയത്ത് മദാം മഗ്ല്വാർ അദ്ദേഹത്തിന്റെ അടുക്കലേക്ക് പേടിയോടെ ചെന്നു .വെള്ളി വസ്തുക്കൾ വയ്ക്കുന്ന കൊട്ട എവിടെയാണെന്നറിയാമോ എന്ന് അദ്ദേഹത്തോട് ചോദിച്ചു . അദ്ദേഹം അറിയാമെന്നു പറഞ്ഞു. പൂച്ചട്ടിയിൽ കിടക്കുന്ന കൊട്ട മെത്രാൻ തന്നെയാണ് കണ്ടെത്തിയത്. അതിന്റെ ഉള്ളിൽ വെള്ളി വസ്തുക്കൾ ഒന്നും ഇല്ലല്ലോ എന്ന് മദാം മഗ്ല്വാർ പറഞ്ഞു.അപ്പോൾ വെള്ളി വസ്തുക്കളാണല്ലേ നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് എന്ന്  മെത്രാൻ ചോദിച്ചു .വെള്ളി വസ്തുക്കൾ എവിടെ എന്ന് തനിക്കറിയില്ലെന്നും പറഞ്ഞു. ഇന്നലെ വന്ന ആൾ അവ കട്ടുക്കൊണ്ടുപോയെന്ന്  മദാം മഗ്ല്വാർ പറഞ്ഞു .കൊട്ടവീണതു കൊണ്ട് കേടുവന്ന പൂച്ചെടി സംരക്ഷിക്കുകയായിരുന്നു മോൺസിന്യേർ .ആ വെള്ളി വസ്തുക്കൾ നമ്മുടേത് ആയിരുന്നുവോ എന്ന് മോൺസിന്യേർ ചോദിച്ചു .മദാം മഗ്ല്വാർ മിണ്ടാതെയായി .അത് പാവങ്ങളുടേതാണ് എന്നും ആ മനുഷ്യൻ കാഴ്ചയിൽത്തന്നെ ഒരു പാവമാണ് എന്ന മറുപടിയാണ് മോൺസിഞ്ഞോർ പറഞ്ഞത്. ആരും ഒന്നിന്റേയും ഉടമസ്ഥരല്ല. എല്ലാം എല്ലാവർക്കും അവകാശപ്പെട്ടതാണ് 'മരംകൊണ്ടുള്ള കയിൽ ആയാലും നമുക്ക് ഉപയോഗിക്കാനാകും. പാവങ്ങൾക്ക് വെള്ളിക്കയിൽ ലഭിച്ചാൽ അതവർക്ക് വളരെ ഉപകാരപ്രദമാകും എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത് .പ്രഭാത ഭക്ഷണം കഴിക്കുന്ന സമയത്ത് ഒരു കഷ്ണം അപ്പം ഒരു കോപ്പ പാലിൽ എടുത്തു മുക്കുന്നതിനു മരംകൊണ്ടുള്ള കയിൽ  കൂടി ആവശ്യമില്ലെന്ന് മോൺസിന്യേർ അവരോട് പറഞ്ഞു .അദ്ദേഹം ഉദ്ദേശിച്ചത് ജീവിതത്തെ ലാളിത്യം കൊണ്ട് സന്തുഷ്ടമാക്കാം. കുറവ് സാധനങ്ങൾ മതി ജീവിക്കാൻ. ജീവിതം സങ്കീർണ്ണമാക്കുന്നത് വസ്തുക്കൾകൊണ്ട് നിറയ്ക്കുമ്പോഴാണ്.മദാം മഗ്ല്വാർ അയാൾ മെത്രാനെ ഉപദ്രവിച്ചില്ലല്ലോഎന്നോർത്ത് സമാധാനിച്ചു. വാതിലിൽ ആരോ  മുട്ടുന്ന ശബ്ദം കേട്ടു. ഒരു ചെറിയ ആൾക്കൂട്ടമാണ് പുറത്തു നിൽക്കുന്നതെന്ന് അവർക്ക് മനസ്സിലായി. അപ്പോൾ മൂന്ന് പോലീസുകാർ ഒരാളുടെ കഴുത്തിൽ പിടിച്ച് കൊണ്ട് അവിടെ എത്തിയിരിക്കുന്നത് കണ്ടു. നാലാമൻ ഴാങ് വാൽ ഴാങ് ആയിരുന്നു. അയാളെ കണ്ടപ്പോൾ മോൺസിന്യേർ പറഞ്ഞു .നിങ്ങളെ കാണാൻ സാധിച്ചതിൽ ഞാൻ സന്തോഷിക്കുന്നു. ഞാൻ നിങ്ങൾക്ക് ഈ മെഴുകുതിരിക്കാലുകൾ കൂടി തന്നതാണല്ലോ. അവയും വെള്ളികൊണ്ട് നിർമ്മിച്ചതാണ് .നിങ്ങൾക്ക് അവയിൽ നിന്ന് ഇരുന്നൂറ് ഫ്രാങ്ക് കിട്ടും .ഇവിടെ നിങ്ങൾ മുള്ളുകളും കയിലുകളും എടുത്ത കൂട്ടത്തിൽ അതു കൂടി കൊണ്ടുപോകാമായിരുന്നു എന്ന് പറഞ്ഞു.അയാൾ മെത്രാനെ മിഴിച്ചുനോക്കി. അപ്പോൾ പോലീസ് പറഞ്ഞു ഇയാളും അതുതന്നെയാണ് പറഞ്ഞത് എന്ന് .പക്ഷേ തങ്ങൾ വിശ്വസിച്ചില്ല .പോലീസുകാർ ഴാങ് വാൽ ഴാങിനെ വെറുതെവിട്ടു .സ്നേഹിതാ നിങ്ങൾ പോകുന്നതിനു മുമ്പ് ഈ മെഴുകുതിരിക്കാലുകൾ എടുക്കൂ എന്ന് മെത്രാൻ പറഞ്ഞു. ഴാങ് വാൽ ഴാങ് ആകെ വിറച്ചു .സ്നേഹവും കാരുണ്യവും നമ്മുടെ ജീവിതത്തിൽ ഭയം ഇല്ലാതാക്കും. നമ്മൾ എല്ലാ ഭയത്തിനും അതീതരാകും. അതാണ് മെത്രാൻ തൻ്റെ ജീവിതത്തിലൂടെ കാണിച്ചുതരുന്നത്. ജീവിതത്തിൽ നേർവഴിയിലൂടെ നടക്കാൻ ശ്രമിക്കുക, വളഞ്ഞ വഴികൾ ഉപേക്ഷിക്കുക ,അതുകൊണ്ടുതന്നെയാണ് തന്റെ  അടുത്ത് ആ കുറ്റവാളിയെ കിടക്കാൻ പോലും ആ മെത്രാൻ ഭയക്കാതിരുന്നത്. ഴാങ് വാൽ ഴാങിനോട് നിങ്ങൾ സമാധാനത്തോടെ പോവുക എന്നും സ്നേഹിതാ ഇനി നിങ്ങൾ തോട്ടത്തിലൂടെ അല്ല പോകേണ്ടതെന്ന് വാതിലിലൂടെ തന്നെ വരികയും പോവുകയും ചെയ്യണമെന്നും രാത്രിയിലും പകലും ഒരേ പോലെയാണ് വാതിൽ തുറന്നിട്ടിരിക്കുന്നതെന്നും അതിനു കുറ്റിയില്ലെന്നും പറഞ്ഞു. പോലീസുകാർ പോയി. ഴാങ് വാൽ ഴാങ് മോഹാലസ്യപ്പെട്ടു വീഴാൻ തുടങ്ങി .അപ്പോൾ മെത്രാൻ അടുത്തുചെന്നു പറഞ്ഞു. ഒരു സത്യവാൻ ആയിരിക്കുവാൻ നീ ഇനി നിന്റെ  ജീവിതം ഉപയോഗപ്പെടുത്തണം .നീ അത് പ്രതിജ്ഞ ചെയ്തിട്ടുള്ളതാണ് .ഒരിക്കലും അത് മറക്കരുത് . തന്റെ  വാക്കുകളിലൂടെ ഴാങ് വാൽ ഴാങ് നന്മയിൽ എത്തുമെന്ന് മെത്രാൻ കരുതുന്നു. മെത്രാൻ  സത്യത്തിന്റേ
യും മനുഷ്യ സ്നേഹത്തിന്റേയും മെഴുകുതിരിക്കാലുകളാണ് അദ്ദേഹത്തിന് സമ്മാനിച്ചത് .മനുഷ്യമനസ്സുകളെ സ്നേഹത്തിലൂടെ മാത്രമേ മാറ്റിമറിക്കാൻ സാധിക്കൂ എന്ന് മെത്രാന് അറിയാമായിരുന്നു. ചെറിയ കുറ്റത്തിന് വലിയ ശിക്ഷ നൽകുന്ന നിയമം മാത്രമല്ല തെറ്റുകുറ്റങ്ങൾക്ക് മാപ്പു നൽകുന്ന സ്നേഹത്തിന്റെ വ്യവസ്ഥ കൂടി ലോകത്തുണ്ടെന്ന് തിരിച്ചറിയുമ്പോഴാണ് നന്മയുടെ വെളിച്ചം കടക്കുന്ന ആ മുഹൂർത്തത്തെ നമുക്ക് ഒരു വലിയ അനുഭവമായി തോന്നുന്നത്.
സമൂഹത്തിന്റെ  കണ്ണിൽ ഴാങ് വാൽ ഴാങിന്റെ പ്രവൃത്തി കുറ്റമാണെങ്കിൽ മെത്രാൻ  അത് കുറ്റമായി കാണുന്നില്ല. പാപികളോട് പൊറുക്കുക എന്നത് മാനവികതയുടെ നിയമമാണ് ..മെത്രാന്റെ  പ്രവൃത്തി ഴാങിന് ആശ്വാസവും സമാധാനവും നൽകുന്നു. കുറ്റവാളിയുടെ നന്മയെ സമൂഹം അംഗീകരിക്കുന്നില്ല .സമൂഹം അവനെ ആട്ടിയോടിക്കുമ്പോൾ അവന് വളഞ്ഞ വഴികൾ സ്വീകരിക്കേണ്ടിവരുന്നു


 

ഋതുയോഗം_ആസ്വാദനക്കുറിപ്പ്

 
ഋതുയോഗം എന്ന ശീർഷകത്തിന്റെ  അർത്ഥം വസന്താഗമം എന്നാണ്. ഋതുക്കളിൽ വച്ച് ശ്രേഷ്ഠവും സുന്ദരവുമായത് വസന്തമാണ് .ഋതു എന്ന പദം വസന്തകാലത്തെ ഓർമ്മിപ്പിക്കുന്നു .ശകുന്തളയുടേയും ദുഷ്യന്തന്റേയും പുന:സമാഗത്തെ കൂടിയാണ് ഋതുയോഗം സൂചിപ്പിക്കുന്നത്. നാടകത്തിൽ അണിയറയുടെ ശബ്ദമാണ് ആദ്യം കേൾക്കുന്നത്  ."അരുത് ,ഉണ്ണി ചാപല്യം കാണിക്കരുത് "എന്ന ഒരു ശബ്ദമാണ് ആദ്യം കേൾക്കുന്നത്. രാജാവ് ഈ ശബ്ദം കേട്ടു .അപ്പോൾ ഒരു ബാലനെ കണ്ടു.ഏതാണ് ഈ ബാലൻ എന്ന് ചിന്തിച്ചു .ആ ബാലൻ താപസിമാരെ നോക്കുന്നു പോലുമില്ല .

ശ്ലോകം ഒന്ന് വിശകലനം

 അമ്മയുടെ മുല കുടിച്ചു നിൽക്കുന്ന സിംഹക്കുട്ടിയുടെ കഴുത്തിലെ രോമങ്ങൾ പിടിച്ചുവലിച്ച് തന്നോടൊപ്പം കളിക്കാനായ് വിളിക്കുകയാണ് സർവദമനൻ.

ആശ്രമാന്തരീക്ഷത്തിന് യോജിച്ച പ്രവൃത്തിയല്ല ബാലൻ ചെയ്യുന്നത്. ആ സിംഹക്കുട്ടിയും ബാലനും തമ്മിലുള്ള ബന്ധം ദുഷ്ഷന്തനെ അത്ഭുതപ്പെടുത്തി .നഗരവാസിയായ ദുഷ്ഷന്തന് സിംഹം ഒരു ഹിംസ്രജന്തുവാണ്. സർവ്വദമനൻ ആശ്രമവാസി ആയതിനാൽ അവന് സിംഹത്തിനെ പേടിയില്ല .സിംഹക്കുട്ടിയുടെ വായ തുറന്ന് പല്ലെണ്ണുന്നത് കണ്ട് രാജാവ് അത്ഭുതപ്പെട്ടു .ഒരു താപസി  പറഞ്ഞു ഞങ്ങൾ മക്കളെപ്പോലെ വളർത്തുന്ന മൃഗങ്ങളെ നീ ഉപദ്രവിക്കുന്നത് ശരിയല്ല. സർവ്വദമനൻ എന്ന പേര് നിനക്ക് ഉചിതമാണ് .കാരണം എല്ലാം അടക്കിവാഴുന്നവനാണ് സർവ്വദമനൻ .രാജാവിന് ആ കുട്ടിയെ കണ്ടപ്പോൾ സ്വന്തം പുത്രനെ പോലെ തോന്നി.താപസി അവനെ സിംഹക്കുട്ടിയുടെ അടുത്തുനിന്ന്  മാറ്റാൻ ശ്രമിച്ചു .

ശ്ലോകം 2 വിശകലനം

 സർവദമനനെക്കണ്ട് ദുഷ്ഷന്തൻ വിചാരിക്കുന്നു
" ഈ കുട്ടി വലിയൊരു തേജസ്വിയുടെ വിത്താണെന്ന് എനിക്ക് തോന്നുന്നു .എരിയുന്നതിന് വേണ്ടി വിറകും കാത്തുകിടക്കുന്ന തീപ്പൊരി പോലെ ഭാവിയിൽ മഹാതേജസ്വിയായി വളരാനുള്ള ലക്ഷണങ്ങൾ ആശ്രമബാലനായ സർവ്വദമനനിൽ കാണുന്നു."

ആ സിംഹക്കുട്ടിയെ വിട്ടാൽ പകരം വേറെ തരാം എന്ന് താപസി പറഞ്ഞു .അവന്റെ  കൈകൾ കണ്ടപ്പോൾ അതിൽ ഒരു ചക്രവർത്തി ലക്ഷണം കണ്ട് രാജാവ് അത്ഭുതപ്പെട്ടു .

ശ്ലോകം 3 വിശകലനം

താമരപ്പൂവിന്റെ ചെമപ്പു നിറവും മൃദുലതയും സർവ്വദമനന്റെ  ഇളം കൈകൾക്ക് യോജിക്കുന്നുണ്ടല്ലോ?പ്രഭാതത്തിൽ വിടർന്നു വരുന്ന താമരപ്പൂവിന്റെ ഇതളുകൾ പൂർണ്ണമായും വിരിഞ്ഞിട്ടുണ്ടാവില്ല. വിളക്കിച്ചേർത്ത പോലെ വിരൽ ഞെരുങ്ങിനിൽക്കുന്ന ബാലന്റെ കൈകൾ താമരപ്പൂവിന് തുല്യമാണ് .സർവ്വദമനന്റെ ബാല്യത്തെ ആവിഷ്കരിക്കുവാൻ ഉഷസ് എന്ന പ്രയോഗം ആണ് ഉപയോഗിച്ചിരിക്കുന്നത്

 


അപ്പോൾ താപസി പറഞ്ഞു; നീ ആശ്രമത്തിൽ ചെന്ന് മാർക്കണ്ഡേയന്റെ  ചായം തേച്ച മൺമയിൽ എടുത്തു കൊണ്ടു വരൂ. അപ്പോൾ സർവ്വദമനൻ പറഞ്ഞു അതുവരെ സിംഹക്കുട്ടിയെക്കൊണ്ട് ഞാൻ കളിക്കും എന്ന്. ഈ സമയത്ത് ദുഷ്ഷന്തൻ ഓർത്തു .ശാഠ്യം പിടിക്കുന്ന കുട്ടിയോട് എനിക്ക് വല്ലാത്ത സ്നേഹം തോന്നുന്നു .

ശ്ലോകം നാല് വിശകലനം

 അവ്യക്ത മധുരമായ വാക്കുകളും കൊഞ്ചിക്കുഴയലും നിഷ്കളങ്കമായ ചിരിയും കൊണ്ട് മക്കൾ മാതാപിതാക്കളെ സന്തോഷിപ്പിക്കുന്നു.അവരുടെ ശരീരത്തിൽ പറ്റിയിരിക്കുന്ന പൊടി സ്വന്തം ശരീരത്തിൽ ഏൽക്കുന്നത് പോലും മാതാപിതാക്കൾ സുകൃതമായി കരുതുന്നു ലൗകിക ജീവിതത്തിലെ ശ്രേഷ്ഠവും ധന്യവുമായ നിമിഷങ്ങളിലൊന്നാണിത്. അതിനുള്ള ഭാഗ്യം തനിക്കില്ലെന്നത് ദുഷ്ഷന്തനെ ദു:ഖിതനാക്കുന്നു. പല്ലിനെ മുല്ലമൊട്ടിനെ പ്പോലെ എന്ന തോന്നൽ ഉളവാക്കു മാറ് വിവരിച്ചിരിക്കുന്നു.
ഒരു താപസി ദുഷ്ഷന്തനെ കണ്ടു. സിംഹക്കുട്ടിയെ ബാലന്റെ കയ്യിൽ നിന്ന് വിടുവിക്കാൻ പറഞ്ഞു. രാജാവ് കുട്ടിയോട് ഇങ്ങനെ പറഞ്ഞു. "മഹർഷി ബാലകാ "

ശ്ലോകം അഞ്ച് വിശകലനം

ചെറു പാമ്പ് ചന്ദനമരത്തിനെന്നപോലെ നീ ആശ്രമ വിരുദ്ധമായ കാര്യങ്ങൾ ചെയ്ത് നിന്റെ  ശ്രേഷ്ഠ ജന്മത്തിന് കളങ്കമുണ്ടാക്കരുത് .

വിശുദ്ധമായ ജീവിതത്തെ ചന്ദനമരത്തോടും സർവ്വദമനനെ ചെറു പാമ്പിനോടും സാദൃശ്യപ്പെടുത്തിയിരിക്കുന്നു

.അപ്പോൾ താപസി 'ഇവൻ മഹർഷി ബാലൻ അല്ലെന്ന് രാജാവിനോട് പറഞ്ഞു .ഇവനെക്കണ്ടാൽ തന്നെ അറിയാം ആശ്രമവാസിയല്ല എന്ന് രാജാവും തിരിച്ചു പറഞ്ഞു .അപ്പോൾ രാജാവ് ഇങ്ങനെ വിചാരിച്ചു.

ശ്ലോകം ആറ് വിശകലനം
കുലം തുടങ്ങിയ മറ്റ് വിവരങ്ങളൊന്നുമറിയാതെ ഇവന്റെ ശരീരത്തിൽ തൊട്ടപ്പോൾ എനിക്ക് ഇത്രമാത്രം സുഖം തോന്നുന്നുണ്ടെങ്കിൽ പുത്രനാണെന്ന പ്രതിപത്തിയോടെ പുണരുന്ന പുണ്യവാൻ അനുഭവിക്കുന്ന നിർവൃതി എത്രത്തോളമായിരിക്കും
സർവ്വദമനന്റെ പിതാവായിരിക്കുന്നത് അത്രയേറെ പുണ്യമാണെന്ന് ദുഷ്ഷന്തൻ കരുതുന്നു. അവന്റെ കുസൃതിയും നിഷ്ക്കളങ്കതയും പ്രസരിപ്പും അത്രയ്ക്ക് ദുഷ്ഷന്തനെ ആകർഷിച്ചു. .അപ്പോൾ താപസി പറഞ്ഞു താങ്കൾക്കും ഈ ബാലനും ഒരേപോലുള്ള മുഖം തന്നെ. മുൻ പരിചയമില്ലെങ്കിലും അങ്ങയെ ഇവൻ അനുസരിക്കുന്നു .അപ്പോൾ രാജാവ് കുട്ടി ഏത് വംശജനാണെന്ന് ചോദിച്ചു.പുരുവംശജനാണെന്ന്  താപസി പറഞ്ഞു

ശ്ലോകം ഏഴ് വിശകലനം

 രാജ്യഭരണത്തിനായി കൊട്ടാരത്തിൽ വസിച്ചതിനുശേഷം പുരുവംശത്തിൽ പിറന്നവർ ഏകപത്നീ സമേതം എത്തിച്ചേരാറുണ്ട് .രാജഭരണത്തിന്റെ ആഡംബരത്തിൽ നിന്ന് പ്രകൃതിയുടെ ലാളിത്യത്തിലേക്ക് രാജാക്കന്മാർ മാറാറുണ്ട് .

ഈ ബാലന്റെ  മാതാവ് കാശ്യപന്റെ ഈ ആശ്രമത്തിൽ ഇവനെ പ്രസവിച്ചു എന്ന് താപസി  പറഞ്ഞു .അപ്പോൾ രാജാവ് ചോദിച്ചു .ഭർത്താവിന്റെ പേരെന്താണ്  എന്ന്. പത്നിയെ ഉപേക്ഷിച്ച ഭർത്താവിന്റെ പേര് പോലും ആരും പറയില്ല എന്നു പറഞ്ഞപ്പോൾ ദുഷ്ഷന്തന്  അത് തന്നെ ഉദ്ദേശിച്ച് ആയിരിക്കുമോ എന്ന് തോന്നി .കുട്ടിയുടെ അമ്മയുടെ പേര് ചോദിക്കാൻ മടി തോന്നി ..

 

 സർവ്വദമനൻ പൂരുവംശത്തിൽപ്പെട്ടവനാണെന്നും അപ്സര സംബന്ധം കൊണ്ട് അവന്റെ അമ്മ കാശ്യപമഹർഷിയുടെ ആശ്രമത്തിൽ അവനെ പ്രസവിച്ചു എന്ന് താപസി പറഞ്ഞപ്പോൾ തന്റെ ആശയ്ക്ക് ഒരു താങ്ങൽകൂടി ആയി എന്ന രാജാവ് ചിന്തിക്കുന്നു.

മൺമയിലിനെ എടുക്കാൻ പോയ താപസി തിരിച്ചെത്തി. മൺമയിലിനെ ആടുന്ന ഭാവത്തിൽ പിടിച്ചുകൊണ്ടുവന്നു .സർവ്വദമനാ ഇതാ ശകുന്തലാസ്യം  നോക്കൂ എന്നു പറഞ്ഞു .കുട്ടി ചുറ്റിലും നോക്കി. അമ്മ ഇവിടെ ഇല്ലല്ലോ എന്ന് പറഞ്ഞു .താപസി ശകുന്തം എന്നതുകൊണ്ട് പക്ഷിഎന്നും ലാസ്യം എന്നതുകൊണ്ട് നൃത്തം എന്നുമാണ് ഉദ്ദേശിച്ചത് .അതായത് പക്ഷിയുടെ നൃത്തം.പക്ഷേ കുട്ടി വിചാരിച്ചത് ശകുന്തളയുടെ  മുഖം എന്നാണ്. താപസി ചിരിച്ചുകൊണ്ടു പറഞ്ഞു അമ്മയോട് സ്നേഹക്കൂടുതൽ ഉള്ളതുകൊണ്ട് ബാലൻ അർത്ഥം മാറി ചിന്തിച്ചു പോയതാണ് എന്ന് .അവന്റെ അമ്മയുടെ പേര് ശകുന്തള എന്നാണോ എന്ന രാജാവ് ചിന്തിച്ചു. എന്നാൽ പലർക്കും ഒരേ പേര് വരാവുന്നതാണല്ലോ എന്നും മറിച്ച് ചിന്തിച്ചു.തന്റെ ചിന്ത കാനൽ ജലം പോലെ സങ്കടത്തിന് കാരണമാകുമോ എന്നും രാജാവിന് ആശങ്കയായി .ചുട്ടുപഴുത്ത സ്ഥലത്ത് വെള്ളം ഉള്ളതുപോലെ തോന്നും. എന്നാൽ അവിടെ വെള്ളം ഉണ്ടാവില്ല .ഇതാണ് കാനൽ ജലം. ഈ തോന്നലുകൾ തനിക്ക് ദുഃഖത്തിന് കാരണമാകുമോ എന്ന ചിന്ത രാജാവിനെ വിഷമിപ്പിച്ചു .അപ്പോൾ ബാലൻ എനിക്ക് മയിലിനെ ഭയങ്കര ഇഷ്ടമായി ഞാനിത് അമ്മയെ കാണിക്കാൻ കൊണ്ടു പോവുകയാണ് എന്ന് പറഞ്ഞു .അപ്പോൾ ഒന്നാം താപസി പെട്ടെന്ന് പേടിച്ചു കൊണ്ട് പറഞ്ഞു ബാലന്റെ കയ്യിലെ രക്ഷ കാണുന്നില്ലല്ലോ എന്ന് . രക്ഷ അന്വേഷിച്ചു.അപ്പോൾ രാജാവ് പറഞ്ഞു സിംഹക്കുട്ടിയുമായുള്ള പിടിവലിക്കിടയിൽ അത് താഴെ വീണു പോയി എന്ന് . രാജാവ് അതെടുക്കാൻ ഭാവിച്ചപ്പോൾ താപസിമാർ തൊടരുത് എന്ന് പറഞ്ഞെങ്കിലും അപ്പോൾ തന്നെ രാജാവ് രക്ഷ എടുത്തു. അവർ അത്ഭുതത്തോടെ അന്യോന്യം നോക്കി. രാജാവ് തന്നെ തടഞ്ഞത് എന്തിനാണ് എന്ന് ചോദിച്ചു .ഈ രക്ഷ അപരാജിത എന്ന് പേരായ ഔഷധിയാണ്. ഇവന്റെ ജാതകർമ്മസമയത്ത് മാരീചഭഗവാൻ ഇത് ഇവനെ ധരിപ്പിച്ചു. അച്ഛനോ അമ്മയോ കുട്ടിയോ അല്ലാതെ ആരും അത് താഴെവീണാൽ എടുത്തുകൂടാ എന്ന് പറഞ്ഞു.രക്ഷ എടുത്താൽ എന്തു സംഭവിക്കുമെന്ന് രാജാവ് ചോദിച്ചു .അത് എടുത്താൽ പാമ്പായി വന്ന് കടിക്കും എന്ന് താപസി പറഞ്ഞു .അപ്പോൾ രാജാവ് നിങ്ങൾക്ക് ഇങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചു .പലപ്രാവശ്യം ഉണ്ടായിട്ടുണ്ട് എന്ന് താപസി മറുപടി നൽകി. അപ്പോൾ രാജാവ് താൻ വിചാരിക്കും പോലെ എല്ലാം നടക്കുന്നുണ്ടെന്ന് ചിന്തിച്ചു. എനിക്ക് അമ്മയുടെ അടുത്ത് പോകണം എന്ന് പറഞ്ഞ് ബാലൻ വാശിപിടിച്ചു .അപ്പോൾ രാജാവ്  നമുക്ക് ഒരുമിച്ച് അമ്മയെ ചെന്ന് കാണാം എന്ന് പറഞ്ഞു. എന്റെഅച്ഛൻ ദുഷ്ഷന്തനാണ്  താനല്ല എന്ന് ബാലൻ പറഞ്ഞു .രാജാവ് ചിരിച്ചുകൊണ്ട് ഈ വാക്കുകൾ തന്നെ വിശ്വാസത്തെ ഉറപ്പിച്ചു എന്നു പറഞ്ഞു.കെട്ടാത്ത തലമുടിയുമായി ശകുന്തള അവിടേക്ക് വന്നു. രാജാവിന് ശകുന്തളയെ കണ്ടപ്പോൾ സന്തോഷമായി .സന്തോഷത്തോടെ 

ഇതാ ശ്രീമതി ശകുന്തള ..

ശ്ലോകം 8

മലിനമായ രണ്ടു വസ്ത്രങ്ങളാണ് അവൾ ധരിച്ചിരിക്കുന്നത് .വ്രത ദീക്ഷയാൽ അവൾ ഏറെ മെലിഞ്ഞിരിക്കുന്നു. മുടി മെടഞ്ഞ് ഒറ്റയാക്കിയിരിക്കുന്നു. (വിരഹത്തിൽ പതിവ്രതമാർ മുടി ഒറ്റയായി  മെടഞ്ഞു കെട്ടുകയാണ് പതിവ്.ദുഷ്ടനായ തന്റെ ദീർഘകാലമായുള്ള വിരഹത്തെ ഇവൾ പലനാളായി  വ്രതമായി അനുഷ്ഠിച്ചു വരുകയാണ് .
എന്നാൽ ജീവിതാവസ്ഥകൾ കൊണ്ട് കോലം കെട്ടുപോയ രാജാവിനെ ശകുന്തള തിരിച്ചറിയുന്നില്ല ഇതു തന്റെ ആര്യപുത്രനെപ്പോലെ ഇരിക്കുന്നില്ലല്ലോ എന്ന് ചിന്തിക്കുന്നു .പിന്നെ എന്റെ മകനെ തൊട്ട് ദുഷിപ്പിക്കുന്നതെന്താണെന്നും ചിന്തിക്കുന്നു.
 ആരോ വന്ന് എന്നെ മകനേ എന്നു വിളിക്കുന്നു എന്ന് സർവ്വദമനൻ പറഞ്ഞു.
താൻ ക്രൂരതയാണ് പ്രവർത്തിച്ചെങ്കിലും ശകുന്തള നല്ലവൾ ആയതിനാൽ നല്ലതായി തന്നെ അവസാനിച്ചു എന്നും രാജാവ് പറഞ്ഞു .ഞാൻ നിന്റെ ഭർത്താവാണെന്ന്  തിരിച്ചറിയുക എന്ന് പറഞ്ഞു .ശകുന്തള വിചാരിച്ചു ഹൃദയമേ ആശ്വസിക്കുക .ദൈവം എനിക്ക് കരുണ ചെയ്തിരിക്കുന്നു. ഇതെന്റെ ആര്യപുത്രൻ തന്നെ.

ശ്ലോകം 9

( രാജാവ്)
ഓർമ്മ വന്നപ്പോൾ സുന്ദരിയായ നീ എന്റെ മുന്നിൽ വന്നു .രാഹുവിനെ ഉപേക്ഷിച്ച ചന്ദ്രൻ രോഹിണിയോട് ചേർന്ന പോലെ .

 ചന്ദ്രന്റെ ഭാര്യയാണ് രോഹിണി .രാഹുഗ്രസ്തനാകുമ്പോൾ രോഹിണിയെക്കാണാൻ ചന്ദ്രന് സാധിക്കില്ല .ഗ്രഹണം തീരുമ്പോൾ രോഹിണിയുടെ സാമീപ്യം വരും .അതുപോലെ ശാപം കൊണ്ട് ശകുന്തളയെ മറന്ന ദുഷ്ഷന്തൻ ശാപമകന്ന് ബുദ്ധി തെളിഞ്ഞപ്പോൾ ശകുന്തളയെ തിരിച്ചറിയുന്നു



ശകുന്തള ആര്യപുത്രന് വിജയം നേരുന്നു എന്ന് പറഞ്ഞു തീരും മുമ്പ് തൊണ്ടയിടറി .അപ്പോൾ ദുഷ്ഷന്തൻ പ്രതിവചിച്ചു.
ശ്ലോകം 10
രാജാവ് ഇങ്ങനെ പറഞ്ഞു
വിജയിക്കട്ടെ എന്ന ഈ പ്രാർത്ഥന ഇന്ന് ഇടയ്ക്കുവെച്ച് ഗദ്ഗദത്താൽ പൂർണ്ണമാകാതിരുന്നിട്ടും  അത് എന്നിൽ ഫലിച്ചിരിക്കുന്നു. വെറ്റിലയുടെ ചുവപ്പു പുരളാത്ത തൊണ്ടിപ്പഴം പോലുള്ള നിന്റെ അധരങ്ങൾ കണ്ടത് അതിനു തെളിവാണ്.
(വിരഹിണികൾ വെറ്റിലമുറുക്കാറില്ല. (താംബൂല ചർവ്വണം = താംബൂലം - വെറ്റില, ചർവ്വണം - ചവയ്ക്കൽ) ശകുന്തളയെക്കണ്ടപ്പോൾ അവൾ തന്നെ പിരിഞ്ഞ ദുഃഖം നന്നായി അനുഭവിച്ചു എന്ന് മനസ്സിലായി .അവളുടെ ചുണ്ടിൽ ചുമപ്പ് നിറം ഇല്ല. ഇക്കാലമത്രയും അവൾ തന്നെ സ്നേഹിച്ചിരുന്നുവെന്നറിഞ്ഞ രാജാവിന് സന്തോഷമായി)
അപ്പോൾ ബാലൻ ഇതാരാ എന്ന് അമ്മയോട് ചോദിച്ചു .ശകുന്തള ആ ചോദ്യം നിന്റെ ഭാഗ്യത്തോട് ചോദിക്കൂ എന്ന് പറഞ്ഞു
ശ്ലോകം 11
രാജാവ് ശകുന്തളയുടെ കാലിൽ വീഴുന്നു
ഞാൻ ഉപേക്ഷിച്ചതിനെ പരിഭവം നീ നിന്റെ ഹൃദയത്തിൽ നിന്ന് നീക്കിക്കളയുക. എന്റെ മനസ്സിന് എന്തോ കളങ്കം ബാധിച്ചിരുന്നു .(ദുർവ്വാസാവിന്റെശാപം ) മനസ്സിൽ കളങ്കം ബാധിച്ചവൻ  നന്മ വരുമ്പോഴും ഇതുപോലെ തന്നെയാണല്ലോ പെരുമാറുന്നത്.തലയിൽ ഇട്ടു കൊടുത്ത പൂമാലയെ കാഴ്ചയില്ലാത്തവൻ പാമ്പ് എന്ന് പേടിച്ച് കുടഞ്ഞു കളയും.

ശകുന്തളയിലെ നന്മ തിരിച്ചറിയാൻ മനസ്സിലെ മാലിന്യം കൊണ്ട് കഴിഞ്ഞില്ലെന്ന കുറ്റസമ്മതമാണ്  ദുഷ്ഷന്തൻ നടത്തുന്നത്

ശകുന്തള കരഞ്ഞുകൊണ്ടു പറഞ്ഞു ആര്യപുത്രാ എഴുന്നേൽക്കൂ .എന്റെ മുൻ ജന്മ പാപം  കൊണ്ടാണ് ഇത് സംഭവിച്ചത് .അതാണ് അങ്ങ് എന്നെ മറന്നത് .പിന്നെ എങ്ങനെ ഓർമ്മവന്നു ?രാജാവ് പറഞ്ഞു എന്റെ  സങ്കടം ഒന്നടങ്ങട്ടെ എന്നിട്ട് പറയാം.
 ശ്ലോകം 12
കൊട്ടാരത്തിലെത്തിയ ഗർഭിണിയായ ശകുന്തളയെ ദുഷ്ഷന്തൻ തിരിച്ചയക്കുമ്പോൾ അപമാനഭാരത്താൽ അവൾ കരഞ്ഞു.അന്ന് മനസ്സിലെ അജ്ഞത കൊണ്ട് അവളുടെ അധരങ്ങളിൽ പതിച്ച ചുടു കണ്ണുനീർ തുടക്കാൻ എനിക്ക് കഴിഞ്ഞില്ല. ഇന്ന് അവളുടെ മനോഹരമായ ഇമകളിൽപറ്റി നിൽക്കുന്ന കണ്ണീരു തുടച്ച് ഞാൻ എന്റെ മനസ്സിന്റെ ദുഃഖം കുറയ്ക്കട്ടെ.
ശകുന്തള മുദ്രമോതിരം നോക്കിയിട്ട് ഇത് ആ മോതിരം അല്ലേ എന്ന് ചോദിച്ചു .ഇതു കണ്ടപ്പോഴാണ് എനിക്ക് ശകുന്തളയെ ഓർമ്മ വന്നത് എന്ന് രാജാവ് പറഞ്ഞു .ശകുന്തള പറഞ്ഞു അന്ന് ആര്യപുത്രൻ മറന്നുവെന്ന് പറഞ്ഞ ആദിവസം ഈ മോതിരം കിട്ടാതെ പോയത് കഷ്ടമായി. അപ്പോൾ രാജാവ് വള്ളി വസന്തത്തിന്റെ ചിഹ്നമായ പുഷ്പത്തെ  ധരിക്കട്ടെ എന്നു പറഞ്ഞു .അതിനർത്ഥം നീ മോതിരം ധരിക്കുക എന്നാണ് .തനിക്ക് ഈ മോതിരത്തെ വിശ്വാസമില്ലെന്നും ആര്യപുത്രൻ തന്നെ ധരിച്ചാൽ മതി എന്നും ശകുന്തള പറഞ്ഞു.
അപ്പോൾ മാതലി വന്നു. രാജാവിന് ഭാര്യയെയും പുത്രനെയും ഒരുമിച്ചു ലഭിച്ചതിൽ തന്റെ സന്തോഷം അറിയിച്ചു .ദേവേന്ദ്രൻ ഇക്കാര്യം അറിഞ്ഞിരിക്കുമോ എന്ന് രാജാവിന് സംശയം തോന്നി .ഈശ്വരന്മാർ എല്ലാം മുൻകൂട്ടി അറിയുന്നുവല്ലോ എന്ന് പറയുകയും ചെയ്തു .കാശ്യപമഹർഷി രാജാവിനെ കാത്തിരിക്കുന്നു എന്ന് പറഞ്ഞു. ശകുന്തള കുഞ്ഞിനെ എടുത്ത്  മുൻപിൽ നടക്കാൻ രാജാവ് പറഞ്ഞു. അപ്പോൾ മാരീചനും അദിതിയും പ്രവേശിച്ചു മാരീചൻ രാജാവിനെ കണ്ടിട്ട് ഇങ്ങനെ പറഞ്ഞു
.ദാക്ഷയണീ ,(ദക്ഷപുത്രിയായ അദിതി)
ശ്ലോകം 13
നിന്റെ മകനായ ഇന്ദ്രൻ യുദ്ധത്തിൽ മുമ്പനാണ് .രാജാവായ ദുഷ്ഷൻ ആകട്ടെ കുല വില്ലാൽ ശത്രുസംഹാരം നടത്തി .അതിനാൽ വജ്രായുധം ഇന്ദ്രന് കേവലം അലങ്കാരമായി മാറി .

.ഇന്ദ്രന് യുദ്ധത്തിൽ വജ്രായുധം പ്രയോഗിക്കേണ്ടി വന്നില്ല .ദുഷ്ഷൻ അസുര നിഗ്രഹം നടത്തിയെന്നാണ് ഇവിടെ പരാമർശിക്കുന്നത് .അപ്പോൾ അദിതി ഇദ്ദേഹം മഹാനാണ് എന്ന് കാണുമ്പോൾ തന്നെ അറിയാം എന്ന് പറഞ്ഞു രാജാവ് മാതലിയോട് ഇങ്ങനെ പറഞ്ഞു.
മാതലീ,
ശ്ലോകം 14
പന്ത്രണ്ട് മൂർത്തികളായി പിരിയുന്ന  തേജസിന്റെ സമൂഹമായ സൂര്യൻ ജന്മകാരണവും മന്ത്രത്താൽ പരിശുദ്ധവുമായ ഹോമദ്രവ്യങ്ങളേൽക്കുന്ന ഇന്ദ്രന്റെ മാതാപിതാക്കളായിട്ടുള്ളവരും ബ്രഹ്മാവിന് മുൻപേയുള്ള വാമനന്റെ ജന്മദാതാക്കളുമായ മാരീചനും ദാക്ഷായണിയും ബ്രഹ്മാവിന്റെ പൗത്രന്മാരാണ്.
രാജാവ് രണ്ടുപേരെയും നമസ്കരിച്ചു അവർ അനുഗ്രഹിച്ചു

 മാരീചൻ പറഞ്ഞു.

ശ്ലോകം 15

 (ശകുന്തളയെ ആശ്വസിപ്പിക്കുന്നു )ഇന്ദ്ര തുല്യനായ ഭർത്താവ്, ജയന്തതുല്യനായ പുത്രൻ ,നീ പൗലോമി തുല്യയാവുക.മറ്റെന്ത് അനുഗ്രഹമാണ് ഞാൻ തരേണ്ടത്?

ഭർത്താവു നിന്നെ ആദരിക്കട്ടെ. നിന്റെ പുത്രൻ ദീർഘായുസ്സായിരുന്ന് സന്തോഷിപ്പിക്കട്ടെ എന്ന് അദിതി പറഞ്ഞു.
                                      മലയാള ശാകുന്തളം
                                    7-ാം അങ്കം
                                    ഏ ആർ രാജ രാജ വർമ്മ

പുരന്ദരൻ - ഇന്ദ്രൻ
ജയന്തൻ - ഇന്ദ്രന്റെ മകൻ
പൗലോമി - ഇന്ദ്രന്റെ ഭാര്യ

ലക്ഷ്മണസാന്ത്വനം -തുഞ്ചത്തുരാമാനുജൻ എഴുത്തച്ഛൻ -ആസ്വാദനക്കുറിപ്പ്

വത്സാ സുമിത്രയുടെ പുത്രാ നീ എന്റെ വാക്കുകൾ കേൾക്കണം. നിന്റെ മത്സരബുദ്ധി കളയുക. നിനക്ക് എന്നോടുള്ളത്ര സ്നേഹവും ആദരവും മറ്റാർക്കുമില്ല. നിനക്ക് ഒരു കാര്യവും അസാധ്യമായില്ല. ഞാൻ പറയുന്ന കാര്യം നീ അനുസരിച്ചേ മതിയാകൂ. ഈ കാണുന്ന രാജ്യം, ദേഹം,ലോകം, ധനം ,ധാന്യം ഇവ എന്നും നിലനിൽക്കില്ല അതുകൊണ്ടുതന്നെ നശ്വരമായ അതിന്റെ നേട്ടത്തിൽ നമ്മൾക്ക് സന്തോഷിക്കാൻ ഒന്നുമില്ല. ലൗകിക സുഖങ്ങൾ എല്ലാം ഇടിമിന്നൽ പോലെ ക്ഷണികമാണ്. നമ്മുടെ ജീവിതവും ക്ഷണികമാണ്. ചുട്ടുപഴുത്ത ലോഹത്തിൽ ഒരു തുള്ളി ജലം വീഴുമ്പോൾ എന്തു സംഭവിക്കുമോ അതുപോലെ പെട്ടെന്നു നശിച്ചു പോകുന്നതാണ് മനുഷ്യജീവിതവും. പാമ്പിന്റെ വായിൽ അകപ്പെട്ട തവള ഭക്ഷണത്തിന് വേണ്ടി ശ്രമിക്കുന്നത് പോലെയാണ് കാലമാകുന്ന പാമ്പിനാൽ വിഴുങ്ങപ്പെട്ട മനുഷ്യർ ലൗകിക സുഖങ്ങൾ തേടുന്നത്." മകൻ ,കൂട്ടുകാരൻ ,ഭാര്യ തുടങ്ങിയവരോടൊപ്പമുള്ള ജീവിതവും അല്പ കാലത്തേക്ക് മാത്രമേയുള്ളൂ. വഴിയാത്രക്കാർ സത്രത്തിൽ ഒരുമിച്ചുകൂടി ഒറ്റയ്ക്ക് പിരിഞ്ഞു പോകുന്നത് പോലെയും നദിയിൽ ഒഴുകുന്ന വിറക് കഷ്ണങ്ങൾ ഒരുമിച്ചുകൂടി പിന്നീട് ഓരോന്നായി ഒഴുകിപ്പോകുന്നത് പോലെയും അസ്ഥിരമാണ് കുടുംബജീവിതം .ധനവും ഐശ്വര്യവും യൗവനവും ഒന്നും ശാശ്വതമല്ല .സ്വപ്നം കണ്ടു തീരുന്ന വേഗത്തിൽ തീർന്നു പോകുന്നതാണ് കുടുംബജീവിതം എന്ന് ലക്ഷ്മണാ നീ മനസ്സിലാക്കുക. ഈ ലോക ജീവിതം ഒരു സ്വപ്നം പോലെയാണ്. ദേഹം നിമിത്തമാണ് അഹങ്കാരം ഉണ്ടാകുന്നത് . മനുഷ്യൻ ഞാൻ ബ്രാഹ്മണനാണ് ഞാൻ രാജാവാണ് ഞാൻ ശ്രേഷ്ഠനാണ് എന്നൊക്കെ ആവർത്തിച്ചു പറഞ്ഞ് അഹങ്കരിച്ചു കൊണ്ടിരിക്കുമ്പോൾ ജന്തുക്കൾ അവരെ ഭക്ഷിച്ച് വിസർജിച്ചേക്കാം. തീയിൽ വെന്ത് ചാമ്പലായിത്തീരാം ..മണ്ണിന്റെ താഴെ ചീഞ്ഞ് കീടങ്ങളായിത്തീരാം. അതിനാൽ ദേഹം നിമിത്തമുള്ള അതിമോഹം ഒരിക്കലും നല്ലതല്ല തുടർന്ന് ശരീരത്തിന്റെ നിസ്സാരത യെക്കുറിച്ച് രാമൻ പറയുന്നു .ചർമ്മം,രക്തം ,അസ്ഥി ,മൂത്രം, ശുക്ലം എന്നിവയെല്ലാം സമ്മേളിക്കുന്ന ഒരിടം മാത്രമാണ് ശരീരം. ശരീരം നശിച്ചുപോകും. ഭൂമി ,ജലം ,അഗ്നി ,വായു ,ആകാശം എന്നീ പഞ്ചഭൂതങ്ങളാൽ നിർമ്മിച്ച ശരീരം കൊണ്ട് ആരും ഒന്നും നേടുന്നില്ല .ശരീരം മാറ്റത്തിന് വിധേയമാണ് .അസ്ഥിരമാണ്. ദേഹാഹങ്കാരം കൊണ്ടാണ് ലക്ഷ്മണാ നീ ഈ ലോകം നശിപ്പിക്കാം എന്ന് വിചാരിച്ചത്.അത് നിന്റെ അറിവില്ലായ്മയാണ്മാണ്. താനെന്ന ചിന്ത മനുഷ്യർക്കുണ്ടാകുന്നത് മോഹത്തെ ജനിപ്പിക്കുന്ന അവിദ്യയിലൂടെയാണ് . ഞാൻ ദേഹം അല്ല ആത്മാവാണ് എന്ന മോഹത്തെ ഇല്ലാതാക്കുന്ന ചിന്ത ഉണ്ടാക്കുന്നത് വിദ്യയാണ്. ഈ ലോക ജീവിതത്തോട് നമ്മെ ബന്ധിപ്പിക്കുന്നത് അവിദ്യയാണ്.എന്നാൽ ലൗകിക സുഖങ്ങളോടുള്ള ആവേശം നശിപ്പിക്കുന്നത് വിദ്യയാണ് .ആയതിനാൽ മോക്ഷം ആഗ്രഹിക്കുന്നവനാണ് നീയെങ്കിൽ വിദ്യാഭ്യാസം ഏകാന്ത മാനസനായി അഭ്യസിക്കണം.അവിടെ കാമ ക്രോധ ലോഭ മോഹാദികൾ നമ്മുടെ ശത്രുക്കളാണ് .മോക്ഷത്തിന് തടസ്സം നിൽക്കുന്നതിൽ പ്രധാനി ക്രോധമാണ്. ദേഷ്യം മൂലമാണ് നാം നമ്മുടെ മാതാപിതാക്കളേയും സഹോദരങ്ങളേയും സുഹൃത്തുക്കളേയും പത്നിയേയും ഇല്ലാതാക്കുന്നത് .ദേഷ്യം മൂലം നമുക്ക് ദുഃഖമുണ്ടാകും .മനുഷ്യരെ ലോക ജീവിതത്തോട് ബന്ധിപ്പിക്കുന്നത് ദേഷ്യമാണ്. നമ്മുടെ ധർമ്മത്തെ നശിപ്പിക്കുന്നത് ദേഷ്യമാണ്. ബുദ്ധിയുള്ളവർ ദേഷ്യം ഉപേക്ഷിക്കണം