Friday, March 26, 2021

ആസ്വാദനക്കുറിപ്പ് -മൈക്കലാഞ്ജലോ മാപ്പ് -ഒഎൻവി കുറുപ്പ്


ലോകത്തിലെ ഉന്നത കലാസൃഷ്ടികളിൽ ഒന്നാണ് മൈക്കലാഞ്ജലോയുടെ 'ലാ പിയാത്ത '.ഈ ശില്പത്തിന് നേർക്ക് 1972 മെയ് 21ന് മയക്കുമരുന്നിന്റെ ഉന്മാദം ബാധിച്ച  ഒരു  ചെറുപ്പക്കാരൻ ചുറ്റിക കൊണ്ട് നടത്തിയ ആക്രമണത്തെപ്പറ്റിയുള്ള പത്രവാർത്തയിൽ  നിന്ന് രൂപപ്പെട്ടതാണ് ഒഎൻവി കുറുപ്പിന്റെ മൈക്കലാഞ്ജലോ മാപ്പ് എന്ന കവിത .പിയത്ത നേരിൽ കണ്ട അനുഭവമാണ് വായനക്കാർക്ക് കവിത പകരുന്നത്. ക്രിസ്തുവിന്റെ മരണം ഉണ്ടാക്കിയ ദുഃഖം ഈ കവിതാപാരായണത്തിലൂടെ നാം അനുഭവിക്കുന്നു. ഒരു ചെറിയ ചലനവും ഒരു നോട്ടവും ഒരു കണ്ണീർതുള്ളിയും സ്നേഹസങ്കടങ്ങളുമെല്ലാം ഒരു സർഗരചനയ്ക്ക് പ്രേരകമാകാം എന്ന് നമ്മളെ മനസ്സിലാക്കിത്തരുന്നു ഈ കവിത .ഒരു പത്രവാർത്ത ,അതും ഒരു ശിൽപം തകർക്കപ്പെട്ട സംഭവം.അതിൽ നിന്നാണ് ഈ കവിത രൂപംകൊള്ളുന്നത് .കുരിശു മരണത്തിനു ശേഷം താഴേക്ക് എടുക്കപ്പെട്ട ക്രിസ്തുവിന്റെ മൃതദേഹത്തിൽ വിലപിക്കുന്ന കന്യാമറിയത്തിന്റെ  കലാരൂപത്തിലുള്ള ചിത്രീകരണത്തിന് ഇറ്റാലിയൻ ഭാഷയിൽ നൽകപ്പെട്ട നാമമാണ് പിയത്ത.കരുണ എന്നാണ് ഇതിനർത്ഥം. 

 

കുരിശിൽ നിന്ന് ഇറക്കിയ ക്രിസ്തുവിന്റെ  ജഡം നോക്കി സൂര്യ ശിലയായിത്തീർന്ന അമ്മ തന്റെ മകന്റെ തണുത്താറിയ തിരുശരീരത്തിൻമേൽ തഴുകിയിരിക്കുന്നു .ചുമന്ന രേഖകൾ പടർന്ന ലില്ലിപ്പൂപോലുള്ള ജഡമായിരുന്നു .അവന്റെ കൂമ്പിയ കണ്ണുകൾ അപ്പോഴും പിതാവേ നീ ഇവരോട് പൊറുക്കേണമേ എന്ന് പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.മകനെ നഷ്ടപ്പെട്ട ആ അമ്മയുടെ വേദന അവർണനീയമാണ്. അടർത്തിയെടുത്ത മുത്ത് നഷ്ടപ്പെട്ട പാഴ്ചിപ്പിയെ പോലെ ആയി തീർന്നു ആ അമ്മ .അമ്മയ്ക്ക് കരയുവാൻ കണ്ണുനീരില്ല .പറയുവാൻ വാക്കുകളില്ല .കവി ആ ശില്പത്തെ നോക്കി നിന്നു.ചില ഉജ്ജ്വലമുഹൂർത്തങ്ങൾ തന്റെ മനസ്സിൽ ഉദിച്ചു .കുരിശും വഹിച്ചുകൊണ്ട് ക്രിസ്തു നടത്തുന്ന യാത്രാമധ്യേ അദ്ദേഹം അവശനായി കുഴഞ്ഞുവീണപ്പോൾ അദ്ദേഹത്തെ സഹായിച്ച അരിമത്യക്കാരനായ ജോസഫിനൊപ്പം ഗലീലി സ്ത്രീകൾക്കൊപ്പം താനും ഉണ്ടെന്ന് കവിക്ക് തോന്നി.ഭൂമിയെപ്പോലെ ദുഃഖത്തിന്റെ ചുമടുമായിരിക്കുന്ന ആ അമ്മയെ കവി കണ്ടു. മരണം ആശ്ലേഷിച്ചിട്ടും തന്റെ മകന്റെ ശരീരത്തിൽ ഇത്തിരിയെങ്കിലും ജീവൻ ഉണ്ടോ എന്ന് തിരയുന്ന അമ്മയുടെ ദുഃഖം പറഞ്ഞറിയിക്കാനാവില്ല. ഈ ശില്പം കണ്ടതിന്  ഗൈഡിനോടും വത്തിക്കാനോടും പ്രിയപ്പെട്ട മൈക്കലാഞ്ജലോയോടും നന്ദി പറയുന്നു .മൈക്കലാഞ്ജലോയുടെ കരം  താൻ മുത്തുന്നതായ് തോന്നി  .ശില്പനിർമ്മാണത്തിന് ദൃക് സാക്ഷി ആവുന്നത് പോലെ തനിക്ക് അനുഭവപ്പെട്ടു. മൈക്കലാഞ്ജലോയുടെ കൈകൾ ചലിക്കുന്നത് കവി കണ്ടു .മംഗളഗാനം കവി കേട്ടു .മൈക്കലാഞ്ജലോയുടെ ഉറങ്ങാത്ത രാവുകളും വിയർത്തൊലിക്കുന്ന പകലുകളും കവി ഒപ്പം പങ്കിടുന്നത് പോലെ തോന്നി. മൈക്കലാഞ്ജലോയുടെ ഒപ്പം പാനം ചെയ്യുകയും മയങ്ങുകയും ചെയ്തു.കുളിർ വെണ്ണക്കല്ലിനു മീതെ പറക്കുന്ന കരിവണ്ടാകുന്ന ചുറ്റിക പാറി പറക്കുന്നത് കവി കണ്ടു .ഉളിയുടെ നെറുകയിൽ  ചുറ്റിക ചുംബിക്കുന്ന സീൽക്കാരം കവി കേട്ടു. ഇന്നലെ വരെ വെറും കല്ലായിരുന്ന ആ ശിൽപം ഇന്ന് കരുണയുടെ ഭാവഗാനം സൃഷ്ടിക്കുന്നു .താൻ മൈക്കലാഞ്ജലോയോടൊപ്പം ഉറങ്ങുകയും ഉണരുകയും അവനോടൊപ്പം അനശ്വരനായിത്തീരുകയും ചെയ്തു .മൈക്കലാഞ്ജലോയോട് കവി മനസാ ഒത്തിരി നന്ദി പറഞ്ഞു. ആ ശില്പിയുടെ കണ്ണീരുറഞ്ഞ്  ജീവൻ വച്ച ശില്പമായിരുന്നു അത് .ആ ശില്പത്തെ ഭദ്രമായി  കവി തന്റെ മനസ്സിൽ  ഇരുത്തി

 പിൻതിരിഞ്ഞപ്പോൾ പെട്ടെന്ന് ഇടിവെട്ടും പോലുള്ള ചുറ്റികയുടെ ശബ്ദം കേട്ടു.ആ ശിൽപം വെൺ പൊട്ടുപൊടികളായി തകർന്നു തരിപ്പണമായി. ആർദ്രതയുടെ വെളുത്ത കൈത്താമര  തകർന്നുപോയി .ഹേ കാട്ടാളാ നീ നിർത്തു എന്ന് കവി  അലറിപ്പറഞ്ഞു . താനാകെ ഇല്ലാതാകുന്നത് പോലെ തോന്നി .എന്തിനും മയക്കുമരുന്നുകൾത്തേടിപ്പോകുന്ന യുഗത്തിന്റെ  ഭ്രാന്തമായ ഒരു അട്ടഹാസം ഞാൻ കേട്ടു .സൃഷ്ടിക്കാനായി ചുറ്റിയ കയ്യിൽ എടുത്ത പഴയ തലമുറയും തച്ചുടക്കാനായി മാത്രം ചുറ്റിക എടുക്കുന്ന പുതിയ തലമുറയും ഇവിടെ വെളിപ്പെടുന്നു.ആ ബിംബം തകർത്തവന്റെ പരിവേഷം ഒപ്പുവാനായി ക്യാമറകൾ കൺചിമ്മി .ഒഎൻവി കുറുപ്പ് മൈക്കലാഞ്ജലയോട് മാപ്പ് ചോദിക്കുന്നു. ക്രിസ്തു പ്രാർത്ഥിച്ചത് പോലെ ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല ഇവരോട് മാപ്പാക്കണേ എന്ന് പ്രാർത്ഥിക്കുന്നു. ശില്പഭഞ്ജനത്തിലെ വ്യസനം ,തന്റെ കാലഘട്ടത്തിലാണല്ലോ ഈ ദുഷ് ചെയ്തി നടന്നതെന്നപമാനം ,ലോകത്തിലെ സാംസ്കാരിക പൈതൃകചിഹ്നങ്ങൾ നശിപ്പിക്കപ്പെടുന്നതിലുള്ള വേദന ഇവയെല്ലാം ഒഎൻവി കുറുപ്പിന്റെ ഈ കവിതയിലൂടെ വെളിപ്പെടുത്തുന്നു.

ആസ്വാദനക്കുറിപ്പ് -ഉരുളക്കിഴങ്ങ് തിന്നുന്നവർ -സുഭാഷ് ചന്ദ്രൻ

വിൻസൺ വാൻഗോഗിന്റെ പൊട്ടറ്റോ ഈറ്റേഴ്സ് എന്ന ചിത്രം ലോകപ്രശസ്തമാണ് .യൂറോപ്പിലെ ദാരിദ്ര്യവും തൊഴിലില്ലായ്മയും ജീവിതത്തിന്റെ ദൈന്യവും ലോകത്തിന് കാട്ടിക്കൊടുത്ത ചിത്രമാണിത് .ചിത്രകലയിലെ ലോക ക്ലാസിക്കുകളിൽ ഒന്നായി  ഈ രചന അറിയപ്പെടുന്നു. ഈ  ചിത്രത്തെ ആസ്പദമാക്കി സുഭാഷ് ചന്ദ്രൻ എഴുതിയ ചെറുകഥയാണ് ഉരുളക്കിഴങ്ങ് തിന്നുന്നവർ.ഉരുളക്കിഴങ്ങ്പാടത്തിനു നടുവിലുള്ള വീട്ടിലേക്ക് കിഴവൻ മിറൽ വേച്ച് നടക്കുകയാണ്.കമ്പിളിയുടെ പിഞ്ഞിയ വിടവുകളിലൂടെ ശരീരത്തിലേക്ക് മഞ്ഞുകണങ്ങൾ വീഴുന്നുണ്ടായിരുന്നു. ഒരു വെളുത്ത പൂവ് വച്ച ശവകുടീരം പോലെ തന്റെ വീടിനെ അയാൾക്ക് തോന്നി. മകന്റെ ഭാര്യ ജൂലിയാന കണ്ടോ അച്ഛനെ എന്ന് ആകാംക്ഷയോടെ ചോദിച്ചു .മഞ്ഞിലൂടെയുള്ള നടത്തം കാരണം അയാളുടെ കാൽപ്പാദം പൊള്ളിച്ചിരുന്നു. ജൂലിയാന നോക്കിയപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു .ആണി പറിഞ്ഞ് നിലം പൊത്താറായ മേശ, കൂറനിറമുള്ള കുപ്പായം ഇതൊക്കെ ദാരിദ്ര്യത്തിന്റെ ചിഹ്നങ്ങളാണ്.ആ വീട്ടിൽ ജൂലിയാനയുടെ വൃദ്ധരായ മാതാപിതാക്കളും ജൂലിയാനയുടെ മകൾ എട്ടുവയസ്സുകാരി അന്നയും  വിളക്കിന്റെ പ്രകാശത്തിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു .കുറച്ചുദിവസമായി ജൂലിയാനയുടെ ഭർത്താവ് ഖനിയിൽ തൊഴിൽ ചെയ്യുകയാണ്. അദ്ദേഹത്തെ കാണാതെ അവർ വിഷമിച്ചിരിക്കുകയാണ് .ഖനിയിൽ അപകടം നിറഞ്ഞ പണിയേക്കാൾ ഉരുളക്കിഴങ്ങ് കൃഷിചെയ്ത് ജീവിക്കുകയാണ് നല്ലതെന്ന് വീട്ടുകാർ പറഞ്ഞിരുന്നു. ക്രൂശിതനായ യേശുവിന് മുന്നിൽ വിലപിക്കുന്ന മറിയത്തിന്റെ പടത്തിനു മുന്നിൽ ജൂലിയാന പ്രാർത്ഥിച്ചു നിന്നപ്പോൾ തുള്ളി തുള്ളിയായി ചോര ഇറ്റു വീഴുന്ന ശബ്ദം കേട്ടു. അവൾ പ്രാർത്ഥിച്ചു :പണി ചെയ്യുന്നവർക്ക് ഒരാപത്തും വരുത്തരുതേ എന്ന്.ലോകത്തിലെ ഒരാൾക്കും ഒരാപത്തും വരുത്തരുതേ എന്ന് പിന്നിട് മാറ്റിപ്പറഞ്ഞു.ഈസ്റ്ററിന് ചായം തേച്ച മുട്ടകൾ കൊണ്ടുവരണമെന്ന് അച്ഛനോട് പറഞ്ഞില്ലേ എന്ന്  മിറലിനോട് അന്ന ചോദിച്ചു. ഖനികളിൽ നിന്നും ഭംഗിയുള്ള ഈസ്റ്റർ മുട്ടകളാണ് കുഴിച്ചെടുക്കുന്നത് എന്നും അത് ഉരുളക്കിഴങ്ങ് കിട്ടും പോലെയാണെന്നും അന്ന ധരിച്ചു വെച്ചിരുന്നു. ജൂലിയാന ഭക്ഷണത്തിനായി മാതാപിതാക്കളെ വിളിച്ചു. ഒരു പരന്ന പാത്രത്തിൽ പുഴുങ്ങിയ ഉരുളക്കിഴങ്ങുകൾ കൊണ്ടുവന്ന് മേശപ്പുറത്തുവച്ചു. ആ ഉരുളക്കിഴങ്ങ് കണ്ടപ്പോൾ മണ്ണിനടിയിൽ പെട്ട് ചതഞ്ഞ് മുഖം പൊട്ടി വികൃതമായി തിരിച്ചറിയാനാകാത്ത വിധത്തിൽ മുടിയും തൊലിയും പറിഞ്ഞുകിടക്കുന്ന തന്റെ മകനെ ഓർത്തു. ദീർഘമായി നിശ്വസിച്ചു.തന്റെ ഭർത്താവിരിക്കുന്ന കസേരയിൽ ജൂലിയാന ഇരുന്നു .ഘടികാരത്തിൽ നിന്ന് സമയം തുള്ളി തുള്ളികളായി താഴേക്ക് വീഴുന്ന ശബ്ദം ജൂലിയാനയുടെ കാതിൽ പിന്നെയും മുഴങ്ങാൻ തുടങ്ങി. അവർ ഉരുളക്കിഴങ്ങ് തിന്നാൻ ആരംഭിച്ചു .ഭർത്താവിന്റെ അച്ഛൻ ശൂന്യമായ കണ്ണുമായിരിക്കുന്നത് കണ്ടപ്പോൾ അദ്ദേഹത്തെ നോക്കി. അച്ഛന്റെ  കടക്കണ്ണിൽ നിന്നും ചോര പൊടിയുന്നത് കണ്ടപ്പോൾ തന്റെ ഭർത്താവിന്റെ ഇരിപ്പിടത്തിൽ താനുറഞ്ഞ് പോകുന്നത് അവൾ തിരിച്ചറിഞ്ഞു.മിറൽ ഉള്ളിൽ സൂക്ഷിച്ചിരുന്ന മരണവാർത്ത ആ വീടിനെ  ശവകുടീരമായി മാറ്റിയതു പോലെ അയാൾക്ക് തോന്നി.

അശ്വമേധം -വയലാർ രാമവർമ്മ ആസ്വാദനക്കുറിപ്പ്


    അനന്തമായ പ്രപഞ്ചത്തിലെ ഒരു ജീവി മാത്രമായ മനുഷ്യന്റെ അസാധാരണമായ ശക്തിയെക്കുറിച്ച് അഭിമാനത്തോടെ പാടിയ കവിയാണ് വയലാർ രാമവർമ്മ. മനുഷ്യവംശം വിജയം നേടിയത് അവന്റെയുള്ളിൽ ആദികാലം മുതൽ ജ്വലിച്ചുനിന്ന സർഗ്ഗശേഷിയാണെന്ന് തന്റെ  കവിതകളിലൂടെ വയലാർ ഉദ്ഘോഷിച്ചു .ആ കവിതകളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് അശ്വമേധം .വളർച്ചയുടെ ഓരോഘട്ടത്തിലും സർഗ്ഗശക്തി എങ്ങനെ പ്രയോജനപ്പെട്ടു എന്ന് കവിത കൃത്യമായി സൂചിപ്പിക്കുന്നു. മനുഷ്യന് അതീതമായ അത്ഭുതങ്ങളല്ല ,ഈ പ്രകൃതിയിൽ നിന്ന് ആർജിച്ച മനുഷ്യശേഷിയാണ് പ്രപഞ്ചത്തേയും നമ്മളേയും മുന്നോട്ടുനയിക്കുന്നത് എന്ന് കവി പറയുന്നു .ചരിത്രവും ആദർശങ്ങളും ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളും മനുഷ്യനുള്ള വിശ്വാസവും നിറഞ്ഞ ഈ കവിത കരുത്തുറ്റതാണ് .കരുത്തിന്റേയും അധികാരത്തിന്റേയും പ്രതീകമായ ഈ കുതിര മനുഷ്യശക്തിയുടെ വിജയം സൂചിപ്പിക്കുന്നു .മനുഷ്യ ജന്മത്തിന്റെ മഹത്വം ഉൾക്കൊള്ളാനും അവനവന്റെ സർഗ്ഗശേഷിയെ സമൂഹനന്മയുടെ പാതയിലേക്ക് തിരിച്ചു വിടാനും പ്രചോദിപ്പിക്കുന്നതാണ് ഈ കവിത .അശ്വമേധം എന്നാൽ പ്രാചീനഭാരതത്തിൽ ചക്രവർത്തിമാർ ദിഗ്‌വിജയാനന്തരം നടത്തിവന്നിരുന്ന ഒരു യാഗമാണ്.
 ആർക്കാണ് എന്റെ കുതിരയെ കെട്ടുവാൻ ശക്തിയുള്ളത് ?ആർക്കും അതിന്റെ മാർഗ്ഗം മുടക്കുവാൻ കഴിയില്ല .ഈ ലോകം മൊത്തം ജയിക്കുന്നതിനായി ഞാനെന്റെ സർഗ്ഗശക്തിയാകുന്ന കുതിരയെ വിട്ടയയ്ക്കുന്നു. ഈ ലോകത്തെസംസ്കാരത്തിൽ പുതിയതായ ഒരു അശ്വമേധം നടത്തുകയാണ് .ശിരസ്സുയർത്തി പായുന്ന ചെമ്പൻ കുതിരയെ നിങ്ങൾ കണ്ടോ ?അതിന്റെ കണ്ണുകളിലും കാലുകളിലും എന്തൊരു ഉത്സാഹവും ഉന്മേഷവും ആണ് ! കോടിക്കണക്കിന് വർഷങ്ങളിലൂടെ നേടിയതാണ് അതിന്റെ ശക്തി .ഈ പ്രകൃതിയിൽ നിന്നും മല്ലിട്ട് നേടിയതാണ് അതിന്റെ സിദ്ധി. അത് ഒരിക്കലും മാന്ത്രിക വിദ്യയിലൂടെ  ഒന്നും നേടിയിട്ടില്ല. കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് കാടിനുള്ളിൽ വച്ച്  പ്രപിതാമഹർ കണ്ടെത്തിയപ്പോൾ കാട്ട്പുല്ലു  നല്കിവളർത്തി .കാട്ടുചോലകൾ പാടിയപാട്ടുകൾ  ഏറ്റു പാടി പഠിപ്പിച്ചതാണ് ആ മുത്തശ്ശിമാർ.ഗുഹാചിത്രം, കാട്ടിലെ നൃത്തം, പാട്ട്, വാദ്യോപകരണങ്ങൾ ഇവയാണ് സൂചിതം.പ്രാചീന കവിതകളും സംസ്കാരവും ഇന്നത്തെ മനുഷ്യനെ  വളർത്തി വലുതാക്കി.  രാമായണ മഹാഭാരതങ്ങളിലൂടെ വളർന്ന ഇന്നത്തെ സാഹിത്യത്തെക്കുറിച്ചും ഇവിടെ സൂചനയുണ്ട് .ഇന്നത്തെ ചരിത്രം മയങ്ങുന്ന മണ്ണിലൂടെ ആ കുതിര കുതിച്ചു പായുമ്പോൾ എത്രയേറെ ശവകുടീരങ്ങളിൽ അതി  ന്റെ കുളമ്പുകൾ നൃത്തമാടി. ചില രാഷ്ട്രങ്ങളുടെ അഹങ്കാരവും ആധിപത്യവും കൊണ്ട് ലോകത്ത് എത്രയോ ദുരന്തങ്ങളുണ്ടായി.   ആ കുളമ്പടിയേറ്റു എത്ര ഭരണകൂടങ്ങൾ വീണുപോയി . ലോകത്തുണ്ടായ മഹാ വിപ്ലവങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച സർഗശക്തിയുടെ പ്രേരണകൾ ഓർമിപ്പിക്കുന്നു.കുഞ്ചിരോമങ്ങൾതുള്ളിച്ചുതുള്ളിച്ചു നടക്കുന്ന ആ ചെമ്പൻ കുതിരയെ പണ്ട് സവാരിക്കിറങ്ങിയ ദൈവം കണ്ടപ്പോൾ കടിഞ്ഞാണുമായി വന്നു കൊണ്ടുപോയി .ദൈവസ്തുതികൾക്കായി സർഗശേഷി പ്രയോജനപ്പെടുത്തുന്നു.പിന്നീട് രാജകീയ പ്രതാപങ്ങൾ പടപ്പാളയത്തിലേക്ക് അവനെ കൊണ്ടുപോയി. യോഗദണ്ഡിൽ എത്രയോപേർ ഈ കുതിരയെ തളയ്ക്കുവാൻ ശ്രമിച്ചു.എന്റെ പൂർവ്വികരായവരെല്ലാം അശ്വഹൃദയജ്ഞരാണ്.അവരിൽ നിന്നാണ് ഞാനും ഈ കുതിരയെ നേടിയത്. വിശ്വത്തെ ജനിച്ചവരാണ് പൂർവ്വികർ. ഭൂമിയിലെ ജീവിതം നവീകരിച്ചവരാണവർ. മണ്ണിൽ പിറന്ന അവർ  മണ്ണിനെ പൊന്നണിയിച്ച സംസ്കാരശില്പികളാണ് .ഈ യുഗത്തിന്റെസാമൂഹ്യശക്തിയാണ് ഞാൻ .എന്റെ ചൈതന്യം മായുകയില്ല. ഞാൻ ഈശ്വരനോ മാന്ത്രികനോ അല്ല. പച്ചമണ്ണിന്റെ മനുഷ്യത്വമാണു ഞാൻ. ഈ ലോകം മൊത്തം ജയിക്കുവാൻ സർഗ്ഗശക്തിയാകുന്ന ഈ കുതിരയെ ഞാൻ വിട്ടയയ്ക്കുന്നു .ആർക്കും ഈ കുതിരയെ കെട്ടുവാൻ പറ്റില്ല. ആർക്കും മാർഗ്ഗം മുടക്കുവാൻ സാധിക്കുകയില്ല.

നരവംശ ചരിത്രത്തിൽ മനുഷ്യവംശത്തിന്റെ  ഉല്പത്തി മുതൽ മനുഷ്യവംശം ഒത്തിരി നേട്ടങ്ങൾ കൈവരിച്ചത് സർഗ്ഗസൃഷ്ടിയിലൂടെയാണ് .വളർച്ചയുടെ ഘട്ടങ്ങളിൽ സാഹിത്യകൃതികൾ ഒരു ദിശാബോധം നൽകി. മനുഷ്യന്റെ സാംസ്കാരിക വികസനത്തിന് സാഹിത്യവും കലകളും സഹായിച്ചു .മനുഷ്യരാശി നാശം നേരിടുമ്പോൾ സാഹിത്യം നവോത്ഥാനത്തിന് പ്രചോദനമായി .ഉദാഹരണം എഴുത്തച്ഛൻ ,ഹ്യൂഗോ, കബീർ,ആധുനിക കവിത്രയം.
ദുഷിച്ച അധികാരപ്രവണതകൾ ഇല്ലായ്മചെയ്യാൻ കലയും സാഹിത്യവും ചരിത്രത്തിൽ സഹായകമായിട്ടുണ്ട് .പ്ലേറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങിയ ചിന്തകർ ദുഷിച്ച അധികാര പ്രവണതയ്ക്കെതിരെ സർഗാത്മകമായി പ്രതികരിച്ചവരാണ് .എല്ലാ കാലത്തും എല്ലാ ദേശത്തും ഇത്തരം പ്രതിഭകൾ ഉണ്ടാകാറുണ്ട് ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് കരുത്തു പകർന്ന സാഹിത്യസൃഷ്ടികളുണ്ട് .സർഗ്ഗ ശക്തിയെ സ്വാർത്ഥ താൽപര്യത്തിനു വേണ്ടി പണ്ട് ഉപയോഗിച്ചിരുന്നു. മതവും അധികാരകേന്ദ്രങ്ങളും സർഗ്ഗശക്തി ഉപയോഗപ്പെടുത്തി .എന്നാൽ നവോത്ഥാന നായകന്മാരും സാമൂഹ്യ പരിഷ്കർത്താക്കളും സർഗ്ഗശക്തി മനുഷ്യനന്മയുടെ സാഹോദര്യത്തിനുവേണ്ടി വീണ്ടെടുത്തു.അമാനുഷികതയും തന്ത്രങ്ങളുമില്ലാത്ത പച്ചമനുഷ്യന്റെ  എല്ലാ നന്മകളും സ്വപ്നങ്ങളുമുള്ള മനുഷ്യനാകുവാൻ കവി ആഗ്രഹിക്കുന്നു. സർഗാത്മകതയാണ് കവിയെ കൊണ്ട് ഇങ്ങനെ പറയിക്കുന്നത് .ആ സർഗ്ഗാത്മകതയുടെ വിജയമാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.ആയുധങ്ങളേക്കാൾ എഴുത്തിന്റെ ശക്തി ലോകത്തിന് അറിയാം.എഴുത്തുകൊണ്ട് ലോകത്തെ പുതുക്കുക എന്ന ധർമ്മമാണ് ചെയ്യേണ്ടത് .ഗാന്ധിജി കർമ്മത്തെ ദൈവമായി കണ്ടു .മനുഷ്യന്റെ കണ്ടുപിടുത്തങ്ങളിൽ  അക്ഷീണപ്രയത്നമുണ്ട് .ചക്രത്തിന്റെകണ്ടുപിടുത്തം മനുഷ്യപുരോഗതിയുടെ അടിസ്ഥാനമാണ്

                    

                                      യുട്യൂബ് ലിങ്ക്

ഞാൻ കഥാകാരനായ കഥ -ആസ്വാദനക്കുറിപ്പ് - എസ് കെ പൊറ്റക്കാട്


 ജീവിതാവസ്ഥകൾ സർഗ്ഗപ്രതിഭകളിൽ സൃഷ്ടിക്കുന്ന പ്രതികരണങ്ങളിൽ നിന്നാണ് സാഹിത്യം ജനിക്കുന്നത് .സാഹിത്യരചനയെ  സംബന്ധിക്കുന്ന സുപ്രധാനമായ സത്യമൂന്നിപ്പറയുകയാണ് ഞാൻ കഥാകാരനായ കഥ എന്ന എഴുത്തനുഭവത്തിലൂടെ എസ്  കെ പൊറ്റക്കാട് .നോവലിസ്റ്റും കഥാകൃത്തും സഞ്ചാര സാഹിത്യകാരനുമായ അദ്ദേഹം അനേകം ദേശങ്ങളിൽ ജീവിതാവസ്ഥകൾ അടുത്തറിയുകയും സ്വന്തം രചനകളിലൂടെ പകർന്നു നൽകുകയും ചെയ്തു. അനുഭവങ്ങൾ ഹൃദയാവർജകമായ ചിത്രീകരിക്കുന്നതിലൂടെ വായനക്കാരുടെ മനസ്സിൽ ചലനങ്ങളുണ്ടാക്കി .അത് മനംമാറ്റത്തിന് കാരണമാകും.

എസ് കെ പൊറ്റക്കാട് ഹൈസ്കൂൾ വിദ്യാർത്ഥിയായിരിക്കുന്ന സമയത്ത് നടന്ന ഒരു സംഭവമാണ് ചെറുകഥകൾ എഴുതുവാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് എസ് കെ പൊറ്റക്കാട് പറയുന്നത് .അക്ഷരജ്ഞാനമില്ലാത്ത ഒരു വൃദ്ധമാതാവ് തന്റെ
 മകനെ വളരെ കഷ്ടപ്പെട്ട് പഠിപ്പിച്ചു. ഒരു ഉദ്യോഗസ്ഥനാക്കി .അയാൾ മറ്റൊരു ഉദ്യോഗസ്ഥയിൽ അനുരക്തനായി. അകലെ ഒരിടത്ത് ഭാര്യയുമൊത്ത് ജീവിക്കുകയാണ് .നിസ്സഹായയായ അമ്മ തന്റെ മകന്റെ
  മനസ്സിളക്കാൻ വേണ്ടി വിദ്യാർത്ഥിയായ കെ പൊറ്റക്കാടിനോട്  കത്തെഴുതാൻ ആവശ്യപ്പെട്ടു .അതെഴുതുമ്പോൾ അവർ ഇങ്ങനെ പറയുമായിരുന്നു. അവന് വയറുനിറയെ ഉണ്ണാൻ വേണ്ടി ഞാൻ പട്ടിണി കിടന്നതും അവന്  സ്കൂളിലേക്ക് "ഷ്കൂറ് പെട്ടി "വാങ്ങിക്കാൻ പൊൻപണം തൂക്കി വിറ്റതും  ഓർമ്മയുണ്ടോ എന്ന് ചോദിക്കൂ. ഇപ്പോൾ അവന് എന്നെ ഇഷ്ടമല്ല. എന്നെ "കുoം"പിടിച്ച പട്ടിയെപ്പോലെ ആട്ടിപ്പായിച്ചു. ഇതെല്ലാം അവനെ മനസ്സിലാക്കാൻ വേണ്ടി എഴുതിയയയ്ക്കണം എന്ന് പറഞ്ഞു .ദൈവത്തെ മറന്ന് കളിക്കേണ്ട എന്നും പറയാൻ ആവശ്യപ്പെട്ടു .എന്നാലും തന്റെ  പുത്രനോട് അമ്മയ്ക്ക് ഒരിക്കലും ദേഷ്യം ഉണ്ടായിരുന്നില്ല.ആ വൃദ്ധയോട് വിദ്യാർത്ഥിയായ കെ പൊറ്റക്കാടിന് വളരെ സഹതാപം തോന്നി. അങ്ങനെ അവർ പറഞ്ഞതിനപ്പുറം ഭാവന ചേർത്ത് മകന്  തുടരെത്തുടരെ കത്തുകൾ എഴുതാൻ തുടങ്ങി ..കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഭാര്യ അറിയാതെ അയാൾ  തന്റെ  അമ്മയ്ക്ക്  പണം അയച്ചു തുടങ്ങി. ഞാൻ എഴുതിയ കത്ത് വായിച്ചാണ് ആ മകന് മനംമാറ്റം വന്നത് എന്നത് എസ് കെ പൊറ്റക്കാടിന് വളരെ അഭിമാനം തോന്നിയ സംഭവമാണ് .ഒരു നാൾ അമ്മയെ കാണാൻ വന്നപ്പോൾ ആരാണ് അമ്മയ്ക്ക് ഈ കത്തെഴുതി തന്നത് എന്ന് മകൻ അമ്മയോട് ചോദിച്ചു .അപ്പോൾ മകനോട് ഒരു ഷ്കോൾ കുട്ടിയാണ് എഴുതുന്നതെന്ന് പറഞ്ഞതായും അറിഞ്ഞു .അപ്പോൾ അഭിമാനബോധം ഉച്ചകോടിയിൽ എത്തി.സന്തോഷം പൂർണ്ണമായനുഭവിക്കുന്നതിനു മുമ്പ് തന്നെ ആ സ്ത്രീ മരണമടഞ്ഞു
 തന്റെ  കഥാരചനയിൽ ആദ്യത്തെ ഗുരുനാഥ എന്നാണ് എസ് കെ പൊറ്റക്കാട്  ആ സ്ത്രീയെക്കുറിച്ച് പറയുന്നത് .ആ മകന് അമ്മ എഴുതിയ കത്തുകളാണ് തന്റെ  ആദ്യകാല ചെറുകഥകൾ എന്നും അദ്ദേഹം പറയുന്നു .ഒരു വൃദ്ധമാതാവിന്റെ അവസാന കാലത്തെ ആഗ്രഹം സാധിക്കുവാൻ തനിക്ക് ആയല്ലോ എന്നത് എസ് കെ പൊറ്റക്കാടിനെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത് .വർഷങ്ങൾക്കുശേഷം ആ മകനെ ഒരു നാൾ കോഴിക്കോട് വച്ച് കണ്ടുമുട്ടി അയാൾ തന്റെ  ഭാര്യയെ ഉപേക്ഷിച്ചെന്നും കുട്ടികൾ തന്നോടൊപ്പമാണെന്നും എസ് കെ പൊറ്റക്കാടിനോട് പറഞ്ഞു .പണ്ട് തന്റെ അമ്മയ്ക്ക് കത്തെഴുതി കൊടുത്ത ആ സ്കൂൾ കുട്ടിയാണ് മുൻപിൽ ഉള്ളതെന്ന് ആ മനുഷ്യൻ അറിഞ്ഞില്ല .അപ്പോൾ സഹതാപവും ചിരിയും വന്നു. മനസ്സുരുകി മരിച്ച മാതാവിന്റെ  ജീവിതകഥകൾ കേട്ടപ്പോഴാണ് സഹതാപം വന്നത്. ചിരി വന്നത്  ഭാര്യയുടെ നടപടി ദൂഷ്യം കണ്ടുപിടിക്കാൻ ആ മണ്ടന് പതിനേഴു കൊല്ലം കാത്തിരിക്കേണ്ടി വന്നല്ലോ എന്നോർത്താണ്.

ആസ്വാദനക്കുറിപ്പ് -അക്കർമാശി -ശരൺകുമാർ ലിംബാളെ

 ഉത്തരേന്ത്യയിലെ ജാതി വിവേചനത്തെക്കുറിച്ചും  അത് സൃഷ്ടിക്കുന്ന ദയനീയമായ ജീവിത സാഹചര്യത്തെക്കുറിച്ചും തുറന്നെഴുതുന്ന സാഹിത്യകാരനാണ് ശരൺകുമാർ ലിംബാളെ. അതിന് അദ്ദേഹം എടുത്ത അസംസ്കൃത വസ്തുവാണ് സ്വന്തം ജീവിതം.അക്കർമാശി എന്ന ഒറ്റക്കൃതി കൊണ്ട് തന്നെ അദ്ദേഹം ശ്രദ്ധേയനായി. ഒരു ദളിത് ബ്രാഹ്മണനായ ( അർധ ജാതി)അദ്ദേഹം നേരിട്ട അനുഭവങ്ങളാണ് ഈ ആത്മകഥയിൽ ആവിഷ്കരിക്കുന്നത് .ദാരിദ്ര്യം കൊണ്ടും വിവേചനങ്ങൾ കൊണ്ടും അതിദയനീയമായിപ്പോയ ബാല്യ കൗമാരങ്ങളെ അദ്ദേഹം ഈ കൃതിയിൽ  വരച്ചു വച്ചിരിക്കുന്നു. ചാണകത്തിൽ നിന്നും ശേഖരിക്കുന്ന ധാന്യ വസ്തുക്കൾ പൊടിച്ചു തിന്ന് വിശപ്പകറ്റേണ്ടി വന്ന കുട്ടിക്കാലവും ചപ്പുചവറുകൾക്കിടയിൽ നിന്ന് ആഹാരം കണ്ടെത്തേണ്ടി വന്ന കൗമാരവുമെല്ലാം വായനക്കാരനെ ഏറ്റവും പരിഗണന അർഹിക്കുന്നവരുടെ ജീവിത പരിസരത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും വിധമാണ് അദ്ദേഹം ചിത്രീകരിച്ചിരിക്കുന്നത്. വെല്ലുവിളികളെ  സാഹിത്യ രചനയ്ക്കുള്ള മഷിപാത്രമാക്കി മാറ്റി വിജയത്തിലേക്ക് നടന്ന ലിംബാളെയുടെ ജീവിതത്തിലെ ചില മുഹൂർത്തങ്ങളാണ് അക്കർമാശി എന്ന ഭാഗത്ത് ചേർത്തിരിക്കുന്നത്.
 കഷ്ടപ്പാടുകൾക്കിടയിലും മൂല്യവത്തായ ഒരു ജീവിതം സാധ്യമാണെന്ന ഗുണാത്മക സന്ദേശമാണ് ഈ പാഠഭാഗം നൽകുന്നത് .കുമാർമാമയുടേയും ശാന്ത ആത്യയുടേയും ഒപ്പം ബാലനായ ശരൺകുമാർ ലിംബാളെ പഴം വണ്ടി ഉന്തി ജീവിച്ചു .കുമാർമാമ മടിയനും ഒരു കടക്കാരനും ആയിരുന്നു .അയാൾ എന്നും ശാന്താ ആത്യയുമായി വഴക്കിടും.

പിന്നീട് കുമാർമാമയും ശാന്ത ആത്യായും കീറക്കടലാസും പഴന്തുണിയും പെറുക്കി . ചവറു പെറുക്കാൻ ശരൺകുമാർ ലിംബാളെയും കൂടെക്കൂടി. ചിലപ്പോൾ കടലാസ് പൊതികളിൽ മനുഷ്യമലമായിരിക്കും ഉണ്ടാവുക. മിഠായിപ്പൊതി കണ്ടാൽ ലിംബാളെയുടെ വായിൽ വെള്ളമൂറും. ചില കടലാസുകൾ കാണുമ്പോൾ വളരെ സന്തോഷം തോന്നും. അത് നിവർത്തി വായിക്കാൻ തുടങ്ങും.ചവറുകൾക്ക് പകരം തൂക്കി നോക്കേണ്ടത് തങ്ങളുടെ വിശപ്പാണെന്ന് ലിംബാളെയ്ക്ക് തോന്നാറുണ്ട് .പഠനം തുടരുന്നതിൽ ലിംബാളെ പ്രത്യേകം താല്പര്യം കാണിച്ചിരുന്നു .ബോർഡിംഗ് സ്കൂളിൽ ചേർത്തപ്പോൾ വല്ലാത്ത ഏകാന്തത തനിക്ക് തോന്നി എന്നാണ് ലിംബാളെ പറയുന്നത്. ഒരിക്കൽ സന്താമായി കാൽനടയായി ബോർഡിംഗ് സ്കൂളിൽ  വന്നു കണ്ടു. പഴയൊരു ജോഡി ചെരുപ്പ് കയ്യിലുണ്ടായിരുന്നു. ഒരു ബസ്സ്റ്റാൻഡിൽ നിന്നും കിട്ടിയതാണ് .അത് ശരിക്കും പെൺകുട്ടികൾക്കുള്ളതായിരുന്നു. ഒരു ചെരുപ്പുകുത്തിയുടെ അടുത്ത് കൊണ്ടുപോയെങ്കിലും മഹാർ ജാതിയിൽപ്പെട്ടതാണ് സന്താമായി എന്നറിഞ്ഞപ്പോൾ ചെരുപ്പുകുത്തി ചെരുപ്പ് തുന്നാൻ കൂട്ടാക്കിയില്ല.
തന്റെ   ജീവിതത്തിലെ അവിസ്മരണീയമായ ഒരു ദിനത്തെക്കുറിച്ച് ലിംബാളെ ഓർക്കുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ വഴിയിൽനിന്ന് മുപ്പത് രൂപ വീണുകിട്ടി .അത് എടുക്കുന്നത് കൂട്ടുകാരൻ പിർജാദെ കണ്ടു .അത് പകുതി വീതം എടുത്ത് സിനിമ കാണാം എന്ന് അവൻ പറഞ്ഞു . സ്കൂൾ അസംബ്ലിയിൽ പ്രാർത്ഥന കഴിഞ്ഞയുടനെ ലിംബാളെ ഹെഡ് മാസ്റ്ററെ  ചെന്നു കണ്ടു. കിട്ടിയ പൈസ മുഴുവൻ അദ്ദേഹത്തെ ഏൽപ്പിച്ചു. സത്യസന്ധതയിൽ സന്തുഷ്ടനായ അദ്ദേഹം ഉച്ചഭാഷിണിയിലൂടെ അഭിനന്ദിച്ചു. അക്കൊല്ലം അവരുടെ ക്ലാസിൽ കായികമത്സരങ്ങളിൽ ആർക്കും സമ്മാനം കിട്ടിയിരുന്നില്ല .ക്ലാസ് ടീച്ചറുടെ അടുത്ത് എത്തിക്കഴിഞ്ഞപ്പോൾ അദ്ദേഹം കുറച്ചുസമയം ക്ലാസ്സ് നിർത്തി .എന്നിട്ട് പറഞ്ഞു. നമ്മൾ ഇക്കൊല്ലത്തെ സ്പോർട്സിൽ തോറ്റു പോയി. പക്ഷേ സാരമില്ല .ലിംബാളെയുടെ സത്യസന്ധത ഈ ക്ലാസിന്റെ  മുഴുവൻ വിജയമാണ്.തന്റെ
 സത്യസന്ധത തനിക്കു നൽകിയ ആനന്ദം മുപ്പത് രൂപയെക്കാൾ വളരെ വലുതായിരുന്നു എന്നാണ് ശരൺകുമാർ ലിംബാളെ പറയുന്നത്. ആഗ്രഹങ്ങൾ സഫലമാക്കാൻ മൂല്യങ്ങൾ കൈവിടാതിരിക്കുക. മൂല്യ സംരക്ഷണം നമുക്ക് ആനന്ദം നൽകിയിരിക്കും എന്നതാണ് ഈ പാഠഭാഗത്തിൽ നിന്നും നമുക്ക് കിട്ടുന്ന സന്ദേശം .ഏത് എളിയ ജീവിത സാഹചര്യങ്ങളിൽ നിന്നും വിദ്യാഭ്യാസത്തിലൂടെ ഉയർന്ന നിലയിൽ എത്താമെന്ന് ശരൺകുമാർ ലിംബാളെയുടെ ജീവിതം നമുക്ക് കാണിച്ചു തരുന്നു .