ഊട്ടിക്കൂട്ടിലേക്ക് ഇളംകുന്നപ്പുഴപ്പറവകള്‍ പറന്ന് പറന്ന്
പ്രതീക്ഷയറ്റിരിക്കുന്ന കാത്തിരിപ്പുകള്‍ക്ക് വിരാമം കുറിച്ചുകൊണ്ട് ആ ദിനം 2011-നവംബര്‍-7,വേഗം ഉദിച്ചുയര്‍ന്നു .ആ വിനോദയാത്രയ്ക്ക് പങ്കാളികളായ അധ്യാപകരും വിദ്യാര്‍ത്ഥികളും 8മണിക്ക് തന്നെ സ്കൂളില്‍ എത്തിച്ചേര്‍ന്നു .ലിസ്സി ടീച്ചര്‍ യാത്രയ്ക്ക് വെണ്ടുന്ന മുന്നൊരുക്കങ്ങള്‍ നല്‍കി കുട്ടികളെ ഗ്രൂപ്പുകളായ് തിരിച്ചു.സങ്കല്‍പ്പങ്ങളില്‍ പോലും ആകാംക്ഷ തുളുമ്പി നിന്ന ആ യാത്ര 9 മണിക്ക് ആരംഭിച്ചു .യാത്രയ്ക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും ആ എയര്‍ ബസ്സില്‍ ഉണ്ടായിരുന്നു.
യാത്രയുടെ ആരംഭത്തില്‍ തന്നെ ഊര്‍ജ്ജം നല്‍കി കൊണ്ട്,കുട്ടികളെ ഉന്മേഷഭരിതമാക്കുന്ന അടിപൊളി ഗാനങ്ങള്‍ അണിനിരത്തി.അതിനൊപ്പം ചുവടു വച്ച കുട്ടികള്‍ എല്ലാവരെയും സന്തോഷിപ്പിച്ചു.അധ്യാപകരുടെ വാല്‍സല്യത്തോടൊപ്പം കൊച്ചു കൊച്ചു തമാശകളും കുസൃതികളും രസകരമായ അനുഭൂതികളായ് മാറി.ആ കളി ചിരിക്കുള്ളില്‍ ലക്ഷ്യ സ്ഥാനത്തേക്കുള്ള ദൂരം കുറഞ്ഞത് അറിഞ്ഞില്ല.
സമയംഒരുമണി.വിജനമായ റോഡരികിലെ വിശാലമായ ഒരു തണല്‍ മരത്തിനു കീഴ് ബസ്സ് പാര്‍ക്ക് ചെയ്ത് ചോറും സാമ്പാറും അവിയലും അച്ചാറും പപ്പടവും കൂട്ടി രുചികരമായ സദ്യ ഉണ്ടു.അല്‍പ്പനേരം പാലക്കാടന്‍ പച്ച വയലുകളിലേക്കും അവിടുത്തെ സുന്ദര പ്രകൃതിയിലേക്കും കണ്ണോടിച്ചു.ആമ്പല്‍ക്കുളങ്ങളും പൂന്തോപ്പുകളും ആകര്‍ഷകമായി.പിന്നീട് വയറും മനവും നിറഞ്ഞു തുടങ്ങിയ യാത്ര ഉച്ചമയക്കത്തിലേക്ക് ആണ്ടുപോയ്.
വൈകുന്നേരച്ചൂടില്‍ കണ്ണുതുറന്നതും തമിഴ്‌നാട്‌എത്തി യെന്നറിഞ്ഞു . ആഗ്നസ്‌ടീച്ചര്‍ എല്ലാവര്‍ക്കും ഉണ്ണിയപ്പം നല്‍കി.സിനിമയും കണ്ടുകൊണ്ട് യാത്ര ചെയ്തു .അല്‍പ്പം കഴിഞ്ഞപ്പോള്‍ മലകയറ്റമായിരുന്നു.അതി ന്റെ പ്രതിസന്ധികളുണ്ടാകാതിരിക്കാന്‍ ''അന്ത്യാക്ഷരി'' മല്‍സരം നടത്തി .ദിലീപ് സാറും ആണ്‍കുട്ടികളും ഒരു ഗ്രൂപ്പും അധ്യാപികമാരും പെണ്‍കുട്ടികളും മറ്റൊരു ഗ്രൂപ്പുമായിരുന്നു.വാശിയേറിയ ആ മല്‍സരം പഴയ പാട്ടുകളെ തേടിപ്പോയി.ഒടുവില്‍ വിജയം കരസ്ഥമാക്കിയത് ആണ്‍കുട്ടികള്‍ ആണ്.ഊട്ടിയിലേക്കുള്ള ആ പാതയില്‍ തണുപ്പ് ഏറുകയാണ്.വഴിയരികില്‍ ഞങ്ങളെ സ്വാഗതം ചെയ്യും വിധം വികൃതിക്കുരങ്ങുകള്‍ ധാരാളമുണ്ടായിരുന്നു.
ആദ്യമായ് ഊട്ടിയിലെ പ്രസിദ്ധമായ ഷൂട്ടിംഗ് ലൊക്കേഷനില്‍ ആണ് പോയത്.നിറയെ കുഞ്ഞു കുഞ്ഞു മഞ്ഞപ്പൂക്കള്‍ നിറഞ്ഞആ പുല്‍മേടുകള്‍ ,കുന്നിന്റെ മുകളില്‍ നിന്നും നോക്കുമ്പോള്‍ നോക്കെത്താദൂരത്തോളം വ്യാപിച്ചു കിടക്കുന്ന തേയില തോട്ടങ്ങള്‍.അടിവാരത്ത് കല്ലുകള്‍ക്ക് മീതെ നിര്‍ഗളം ഒഴുകുന്ന നദികള്‍ ,ശരീരമാകെ കുളിരുകോരിയിടുന്ന തെന്നല്‍, സവാരിക്കായ് കാത്തുനില്‍ക്കുന്ന കുതിരകള്‍ ..എല്ലാം തന്നെ മനോഹര ദ്രശ്യങ്ങളായിരുന്നു.
അവിടെ നിന്നും ബോട്ട് ഹൌസിലേക്കുള്ള യാത്രയില്‍ പൈന്‍മരങ്ങളുടെ വന്‍ ശേഖരം തന്നെ കണ്ടു.ആ പടുകൂറ്റന്‍ മരങ്ങള്‍ തണലും തണുപ്പും തന്നതെത്രയെന്നോ !അവിടെ വിപണന കേന്ദ്രം ഉണ്ടായിരുന്നു.ഊട്ടിപ്പൂവും ക്യാരറ്റുമുള്‍പ്പെടെ കണ്ണെടുക്കാനാവാത്ത നിരവധി സാധനങ്ങളാണ് നിരത്തി വച്ചത്.കുട്ടികള്‍ ഷോപ്പിംഗിന്റെ രസം ആസ്വദിച്ചു.മരങ്ങളുടെ ഛായയില്‍ നിശ്ചലമായ തടാകം.1.30 മണിയോടെ ഞങ്ങള്‍ ഭക്ഷണം കഴിച്ചു.
തുടര്‍ന്ന്‍റോസ്ഗാര്‍ഡനിലേക്ക്നടന്നു.മലകയറ്റത്തിന്റെയും ഇറക്കത്തിന്റെയും അനുഭവം പലര്‍ക്കും പലതായിരുന്നു .കണ്ണഞ്ചിപ്പിക്കുന്ന വിസ്മയക്കാഴ്ചകളായിരുന്നു റോസാപ്പൂക്കള്‍ ഞങ്ങള്‍ക്കൊരുക്കി തന്നത് .കുന്നിന്‍ ചരുവില്‍ നിറവൈവിധ്യങ്ങളോടെ മന്ദസ്മിതം ചൂടി നില്‍ക്കുന്ന ആ പൂക്കള്‍ ഇന്നും ഓര്‍മ്മയില്‍ വിരിഞ്ഞു നില്‍ക്കുന്നു .പിന്നീട് ഞങ്ങള്‍ ബോട്ടാനിക്കല്‍ ഗാര്‍ഡനില്‍ എത്തിച്ചേര്‍ന്സ്ഫടിക ഗൃഹങ്ങള്‍ ,അപൂര്‍വ്വ സസ്യങ്ങള്‍ ,കുന്നിന്‍ചരിവില്‍ ക്രമീകരിച്ച പൂക്കള്‍, ആമ്പല്‍ക്കുളങ്ങള്‍എല്ലാം ആസ്വദിച്ചു.കുന്നുകളുടെ ഉയരങ്ങളിലേക്ക് കയറിയപ്പോള്‍ ചളിപുരണ്ട പാതകളും വനങ്ങളുടെ നിബിഡതയും മനം നിറയെ കണ്ടു.വളരെ മൂകവും സുന്ദരവുമായിരുന്നു അവിടം.വലിയ വലിയ മരങ്ങളും അവയില്‍ നിന്ന്‍ തെറ്റിപ്പിരിഞ്ഞു നില്‍ക്കുന്ന ശാഖകളും പ്രകൃതിഭംഗിയെ വിളിച്ചോതി.അവിടെ കുടിയേറിപ്പാര്‍ത്ത ആദിവാസികളുടെ ചരിത്രപ്രധാനമായ ഒരു വീടും ഞങ്ങള്‍ കണ്ടു.മുള കൊണ്ട് നിര്‍മ്മിച്ച വ്യത്യസ്തമായി രൂപകല്‍പ്പന ചെയ്ത ഒരുഗൃഹമാണത്. പുണ്യപുരാതനമായാണ് അവര്‍ ആ വീടിനെ കാണുന്നത്.സാവിത്രിടീച്ചറുടെ തൊപ്പി ഒരു പ്രത്യേക സംഭവം തന്നെ ആയതും എടുത്തു പറയേണ്ടതാണ്.കാശ്മീരില്‍ നിന്നും വാങ്ങിയ ആ തൊപ്പി എവിടെ നിന്ന് വാങ്ങി എന്ന് ചോദിച്ച് പലരും ടീച്ചറെ സമീപിച്ചത് ഞങ്ങള്‍ക്ക് കൌതുകം ആയ്.കുട്ടിപ്പട്ടാളത്തിനൊപ്പം നടന്ന ടീച്ചര്‍ മറ്റ് അധ്യാപകര്‍ക്കും അത്ഭുതമായി. ഊട്ടി ഇന്നു ഒരോര്‍മ്മയാണ് .തിരിച്ച് ഊട്ടിയോട് യാത്ര പറഞ്ഞപ്പോള്‍ എന്തോ ഒരു നഷ്ട്ട ബോധം.ഊട്ടിപ്പൂവും പനിനീര്‍പ്പൂവും മഞ്ഞും തണുപ്പും മലനിരകളും എന്നും നല്ല ഓര്‍മ്മകള്‍ ആയിരിക്കും.ഈ വിനോദയാത്ര ഞങ്ങള്‍ക്ക് സമ്മാനിച്ചത് അറിവും വിനോദവുമാണ്.സ്കൂളില്‍ ബസ്സ് തിരിച്ചെത്തിയപ്പോള്‍ നൊമ്പരക്കാറ്റിന്‍റെ വിങ്ങല്‍ .....ഊട്ടിയിലെ തണുപ്പ് ഇപ്പോളൊരു സ്വപ്നമാണല്ലോ ! രേഷ്മ ചന്ദ്രന്‍ x c