Sunday, November 6, 2011

നാടിന്‍ ചരിതം

 എളങ്കുന്നപ്പുഴ ....ഒഴുകുന്നു 

സദാ ഇളകി ക്കൊണ്ടിരിക്കുന്ന ഒരു പുഴ പോലെ തോന്നുമാറായിരുന്നു ഇവിടെ കടല്‍ ഈ സ്വഭാവം കൊണ്ടാണ് ഇളംകുന്നപ്പുഴയെന്ന പേര് വന്നത്. വൈപ്പിന്‍ കരയുടെ  തെക്കെ അറ്റത്ത്  കിടക്കുന്ന ഒരു ഗ്രാമം  ആണ്  എളങ്കുന്നപ്പുഴ  .1/1/1962  ഇല്‍ ഈ പഞ്ചായത്ത് രൂപീകരിച്ചു.പഴയകാല തുറമുഖം  ആയിരുന്നു മാലിപ്പുറം .ബോംബെയില്‍ നിന്ന് ഉപ്പു ഈ തുറമുഖത്തേക്ക്‌ കൊണ്ടുവന്നിരുന്നു .ഉപ്പു ശേഖരിച്ചു വയ്ക്കുന്നതിനു നിലവറകള്‍ ഉണ്ടായിരുന്നു .മാലിപ്പുറത്തു ഉണ്ടായിരുന്ന വലിയ കൊടിമരത്തിലെ  കൊടികള്‍ കാട്ടിയും വലിയ വിളക്ക്‌ തെളിയിച്ചും  ആണ്  കപ്പലുകള്‍ക്ക് ദിശാ ബോധം നല്‍കിയിരുന്നത്. 1503 -ഇല്‍ കോഴിക്കോട് 1 സാമൂതിരി കൊച്ചിയെ ആക്രമിച്ചപ്പോള്‍   പരിക്ക്  പറ്റിയ രാജാവും കൂട്ടരും ഇളംകുന്നപ്പുഴ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ആണ് അഭയം പ്രാപിച്ചത്.ക്ഷേത്രത്തില്‍ രക്തം ചിന്തേണ്ടതില്ലയെന്നു തീരുമാനിച്ചു സാമൂതിരി കോഴിക്കോട്ടേയ്ക്ക്  മടങ്ങി.1762 മുതല്‍ അഞ്ചര  ദേശത്തിന്‍റെയും ഭരണം തിരുവിതാംകൂറിനു ആയിരുന്നു .1965 -ഇല്‍  ക്ഷേത്രം അധികാരം കൊച്ചി രാജാവിന് കിട്ടി. എളങ്കുന്നപുഴ  എന്ന്‍ ഇന്നു  അറിയപ്പെടുന്ന സ്ഥലത്തായിരുന്നു കൊച്ചികോവിലകത്തു നിന്ന് അഞ്ചര ദേശങ്ങളുടെയും   ചുങ്കം പിരിക്കുന്നതിന് എത്തിയിരുന്നത്. 1917-ഇല്‍ സഹോദരന്‍ അയ്യപ്പന്‍  ചെറായിയില്‍ നടത്തിയ മിശ്ര ഭോജനം ഓച്ചന്തുരുത്തിലും ഉണ്ടായി .അയിത്തത്തിന് എതിരായ പാല്യം  ക്ഷേത്ര വഴിയില്‍ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരങ്ങളില്‍ എളങ്കുന്നപ്പുഴ പഞ്ചായത്തിന് നല്ല സ്ഥാനം ഉണ്ടായിരുന്നത്.



എളംകുന്നപുഴ ജി .എച്ച് . എസ് .എസ് ചെറുചരിത്രം



എളംകുന്നപുഴ  ജി .എച്ച് . എസ് .എസ് ചെറുചരിത്രം 

വൈപ്പിന്‍കരയുടെ തെക്കേ അറ്റത് സ്ഥിതി ചെയ്യുന്ന ഗ്രാമം  ആണ് എളംകുന്നപുഴ. ക്രിസ്തു വര്‍ഷം 1915 ഇല്‍ ഈ പഞ്ചായത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ വിദ്യാലയം എളംകുന്നപുഴ ശ്രീ സുബ്രമണ്യ ക്ഷേത്രത്തിന് പടിഞ്ഞാറ്  ഭാഗത്ത്‌ കൊച്ചി രാജാവ്കച്ചേരിയോട് ചേര്‍ന്ന് സ്ഥാപിച്ചു .ഇവിടെ ഒന്നാം  ക്ലാസ്സ്‌ മുതല്‍ ഇംഗ്ലീഷ് പഠനം ആരംഭിച്ചു. തുടര്‍ന്ന് കോവിലകത്തെയും നായര്‍ പ്രമാണിമാരുടെയും പെണ്‍കുട്ടികള്‍ക്കായുള്ള സര്‍ക്കാര്‍ വിദ്യാലയം എളംകുന്നപുഴ കിഴക്കേനടയില്‍ സ്ഥാപിച്ചു. കച്ചേരിയോടു   ചേര്‍ന്ന് സ്ഥിതി ചെയ്തതുകൊണ്ട് കച്ചേരിസ്ക്കൂള്‍ എന്ന്  പേര് വന്നു.ഒന്നാം ക്ലാസ്സ് മുതല്‍ നാലാം ക്ലാസ്സ് വരെ ഇംഗ്ലീഷ്,സംസ്കൃതം  നിര്‍ബന്ധമായി പഠിപ്പിച്ചിരുന്നു. .വര്‍ഷത്തില്‍  രണ്ടു പ്രാവശ്യം മഹാരാജാവ് തിരുമനസ്സ് കൊണ്ട് കച്ചേരിയില്‍എഴുന്നള്ളിയിരിക്കുകയുംഈ  വിദ്യാലയത്തിലെ   വിദ്യാര്‍ത്ഥികള്‍ക്ക്‌ പുസ്തകങ്ങളുംപഠന സാമഗ്രികളും നല്‍കിയും പോന്നു...ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍  കച്ചേരിപ്പറയോടൊപ്പം    നല്‍കിയിരുന്ന പറവഴിപാട്‌  ഇന്നും തുടരുന്നു. പിന്നീട്  ഈ സ്കൂള്‍ അപ്പര്‍ പ്രൈമറി ആയ് ഉയര്‍ത്തി. ഫസ്റ്റ് ഫോറം മുതല്‍ തേഡ് ഫോറം   
വരെ ഉള്ള ക്ലാസ്സുകള്‍ ആരംഭിച്ചു. എന്നാല്‍ ഏഴാം ക്ലാസ്സിലെ പൊതു പരീക്ഷ ഞാറക്കല്‍ ഗവണ്മെന്റ് ഹൈസ്കൂളില്‍ ആണ് എഴുതി  ഇരുന്നത്.ഈ കാലഘട്ടത്തില്‍ സംഗീത  ക്ലാസ് , മരഉരുപ്പടികളുടെ നിര്‍മ്മാണക്ലാസ്സ് ,പുസ്തകനിര്‍മ്മാണ൦ തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള  തൊഴില്‍ അധിഷ്ടിത  വിദ്യാഭ്യാസം  ആണ് ഇവിടെ നിലനിന്നിരുന്നത് .1949 ഇല്‍ ഹൈസ്കൂള്‍  ആകുകയും അതെ വര്‍ഷം തന്നെ 8 ,9 10  ക്ലാസ്സുകള്‍ ആരംഭിക്കുകയും.ചെയ്തു.ഇന്ന് കാണുന്ന ഇരുനില കെട്ടിടം തീരു. കൊച്ചി സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ തന്നെ ഹൈസ്കൂളിന്  വേണ്ടി പണികഴിപ്പിച്ചു. വിദ്യാഭ്യാസം ജനകീയവല്‍ക്കരിച്ചതോടെ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചു . കുട്ടികള്‍ക്ക് ഇരിക്കാന്‍ സ്ഥലം ഇല്ലാതായി. സമീപത്തു ഉള്ള കൊല്ലംപറമ്പ് ശ്രീ.സേട്ടുവിന്റെ പക്കല്‍ നിന്നും സര്‍ക്കാര്‍ വാങ്ങി. എല്‍ പി വിഭാഗം പ്രത്യേകം മാറ്റി പ്രവര്‍ത്തിപ്പിച്ചു.  ആ സ്കൂള്‍ ആണ് ഇന്നത്തെ ന്യൂ.എല്‍  പി  സ്കൂള്‍  .1990  ഇല്‍ സ്ഥല സൗകര്യം ഉള്ള സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ പ്ലസ്‌ ടു കോഴ്സുകള്‍ അനുവദിച്ചപ്പോള്‍ നാട്ടുകാരുടെയും പി.ടി.എ യുടെയും ശ്രമത്തിന്‍ ഫലം ആയി ഇവിടെ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അനുവദിച്ചു. സയന്‍സ്,കോമ്മെഴ്സ്,ഹുമാനിറ്റിസ് എന്നീ ഗ്രൂപ്പുകള്‍ ഇപ്പോള്‍ നിലവില്‍ ഉണ്ട്.കമ്പ്യൂട്ടര്‍ ലാബ് ,പ്രോജെക്ടര്‍ റൂം ,സയന്‍സ് ലാബ്, ലൈബ്രറി ,സ്മാര്‍ട്ട്‌ ക്ലാസ് റൂം ഇവ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ആണ് ഹയര്‍ സെകണ്ടറിക്ക്  ലാബു പണിതത്. 
     സ്വാതന്ത്ര്യ സമര സേനാനി ശ്രീ.കരുണാകരമേനോന്‍ ,നയതന്ത്ര പ്രതിനിധിയും രാജ്യ സഭാംഗവും തൊഴിലാളി സംഘടന നേതാവും ആയിരുന്ന ശ്രീ.കെ.പി.എസ് മേനോന്‍ ,ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും പിന്നീട് ആത്മീയ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ശ്രീ .ഗുരുവയൂരപ്പദാസ് സ്വാമി ,ചെമ്പഴന്തി എസ്.എന്‍ കോളേജിലെ മലയാളം പ്രൊഫസര്‍ സി.കല്യാണിക്കുട്ടി അമ്മ ,നിയമസഭയിലെ മുന്‍ ആന്‍ഗ്ലോഇന്ത്യന്‍ പ്രതിനിധി ശ്രീ ഡേവിഡ് പിന്‍ഹീറോ തുടങ്ങിയവര്‍ ഈ സ്കൂളിലെ അഭിമാനങ്ങള്‍ ആണ്. 







അമ്മക്കിളി

അമ്മക്കിളി 
അമ്മക്കിളി ഇങ്ങനെയാണ്.......നൊമ്പരങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവള്‍ ....വഴിതെറ്റുന്നു കുഞ്ഞുക്കിളികള്‍ക്ക്.....കാടായ കാടെല്ലാം പറന്നു പറന്നു ഇര തേടി നടന്നപ്പോള്‍ എത്രയോ പ്രാവശ്യം ചിറകുകള്‍ കുഴഞ്ഞു.?.... ...കാത്തിരിക്കുന്നത് ചിറകുമുളയ്ക്കാത്ത പാവം തന്റെ കുഞ്ഞുങ്ങള്‍ എന്ന ഓര്‍മ്മയില്‍ കൂടിനരികില്‍ എത്തുമ്പോഴേയ്ക്കും അവശയായിട്ടുണ്ടാകും.ഭക്ഷണം പകുത്തു കൊടുക്കുമ്പോഴേയ്ക്കും അവരുടെ ആര്‍ത്തി കാണുമ്പോള്‍ തന്റെ ക്ഷീണമെല്ലാം പമ്പ കടക്കും .താന്‍ അറിഞ്ഞില്ലല്ലോ അവര്‍ വളര്‍ന്നത് .എപ്പോഴോ എന്നെ തനിച്ചാക്കി പറന്നകന്നപ്പോഴും എനിക്കറിയാമായിരുന്നു പോകേണ്ട വഴികളെക്കുറിച്ച്  ഞാന്‍ പറഞ്ഞു കൊടുത്തിട്ടില്ലെന്ന് .കാണേണ്ടതും അറിയേണ്ടതുമായ വഴികളിലൂടെ പറന്നാല്‍ മതിയെന്നും പഠിപ്പിച്ചില്ല ഞാന്‍ ......ഇര തേടുമ്പോള്‍ വിഷക്കനികള്‍ കഴിക്കരുതെന്ന് പറയാനും മറന്നു...എന്താണ് അവര്‍ തന്നെ തേടി വരാത്തതെന്ന് ചിന്തിക്കാറുണ്ട് ഞാന്‍....അതും ഉത്തരം കിട്ടാത്ത ചോദ്യം .കൂടെ പറക്കുന്നവര്‍ അവരെ ചതിക്കാതിരുന്നാല്‍ മതിയായിരുന്നു .കഴുകന്മാരുടെ താവളം എവിടെയെന്ന്‍ പണ്ട് എപ്പോഴോ പറഞ്ഞതായാണ് ഓര്‍മ്മ.മറന്നിട്ടുണ്ടാകും അവര്‍ .എങ്ങനെ ഓര്‍ക്കാന്‍ ?തിരിച്ചു വരാത്ത പലതിനെയും കാത്തിരുന്നു തന്നെയല്ലേ ഞാന്‍ ഒറ്റയ്ക്കായത് ?കാത്തിരിപ്പിന്റെ പ്രതീക്ഷയുള്ള മനസ്സ് സൂക്ഷിക്കാനായത് തന്നെ ഭാഗ്യം !എന്നെങ്കിലും തിരിച്ചറിയുമോ അവര്‍ ...എന്റെ പ്രാണവായു നിലയ്ക്കും വരെ വരും ...വരും....എന്ന ഒറ്റ ചിന്തയിലാണ് താന്‍ ജീവിച്ചതെന്നു?എവിടെ ആണെങ്കിലും നല്ലത്  മാത്രമേ സംഭവിക്കൂ  എന്നാണ് എന്റെ വിശ്വാസം .ഈ മരത്തിനു താഴെ വീണു കിടക്കുന്ന കുഞ്ഞു തൂവലുകള്‍ ....നിങ്ങള്‍ എന്റെ ഒപ്പം ഉണ്ട് എന്ന ഓര്‍മ്മപ്പെടുത്തല്‍ ആണ്.....ഓര്‍മ്മകള്‍ ആണ് എന്റെ ജീവനാഡി.അത് നിലയ്ക്കുമ്പോള്‍ ബാക്കി ആവുക ഈ കൂട് മാത്രം .....



ആത്മവിശ്വാസം

ചിലപ്പോള്‍ തോന്നും ചിറകുകള്‍ക്ക് ശക്തി ഇല്ലെന്ന്.ചിലപ്പോള്‍ പറന്നുയരാനും അദമ്യമായ ആഗ്രഹം.ഈ തോന്നലുകള്‍ തന്നെ അല്ലേ ഓരോ ദിവസത്തേയും വ്യത്യസ്തമാക്കുന്നത് ?കടല്‍ കടക്കാനാകും എന്ന ആ  ആത്മവിശ്വാസം അതുമാത്രം കൈമുതലായ് പ്രയാണം ആരംഭിച്ച കുഞ്ഞു ദേശാടനക്കിളികള്‍ ' അഗ്നിച്ചിറകുകള്‍ '  കരുപ്പിടിപ്പിച്ചില്ലേ ?