Wednesday, September 19, 2012

തട്ടകം

മുപ്പിലിശ്ശേരി  എന്ന ദേശത്തിന്‍റെ ചരിത്രകഥയാണ് തട്ടകം.ഗുരുവായൂരിനടുത്തുള്ള കണ്ടാണശ്ശേരിയാണ് കോവിലന്റെ നാട്.നോവലില്‍ അത് മുപ്പിലിശ്ശേരി എന്നായി മാറി.കോവിലന്റെ പന്ത്രണ്ടു വര്‍ഷത്തെ ശ്രമഫലമാണ് 'തട്ടകം'.

തട്ടകത്തിലെ മനുഷ്യര്‍ സാധാരണരല്ല.കേവല മനുഷ്യരില്‍ അസാധാരണമായ പ്രത്യേകതകള്‍ അദ്ദേഹം കണ്ടെത്തുന്നു.അങ്ങനെ ഈ  നോവല്‍ ഒരു ഇതിഹാസമായ്‌ മാറുന്നു.

എല്ലാ സമൂഹത്തിലും കാലാകാലങ്ങളില്‍ ചില കൌതുകജനകമായ കഥകള്‍ പ്രചരിക്കും.ഇതിനെ മിത്ത്[പുരാവൃത്തം] എന്ന് പറയുന്നു. ഇത് സത്യം ആയിരിക്കണമെന്നില്ല.നേരിന്‍റെ ഒരു കണം എവിടെയെങ്കിലും കാണും.ദേശത്തിന്‍റെ പൈതൃകസ്വത്താണ് മിത്തുകള്‍  .

ഈ നോവല്‍ ആരംഭിക്കുന്നത് ഉണ്ണീരിമൂപ്പന്റെ കാലിച്ചന്തയിലേക്കുള്ള പുറപ്പാടോടെയാണ് .നോവലിലെ ഒന്നാം അധ്യായത്തിലെ ഒരു ഭാഗമാണ് പാഠഭാഗം.ഭാഷയുടെ ചടുലതയും താളപ്പൊലിമയും ഒരു പ്രത്യേക അനുഭവം വായനക്കാരില്‍ സൃഷ്ട്ടിക്കുന്നു.

വടക്കന്‍പ്പാട്ടുകളോട് ചേര്‍ന്ന് നില്‍ക്കുന്ന ആഖ്യാനരീതിയാണ്  കോവിലന്‍ പിന്തുടര്‍ന്നത്.ഉണ്ണീരിമുത്തപ്പന്റെ പുറപ്പാട്  വിവരിക്കുമ്പോള്‍ ചേകവന്മാരുടെ അങ്കപ്പുറപ്പാടാണ് നമുക്ക്‌ ഓര്‍മ്മ വരുന്നത്.കടത്തനാട്ടുനിന്നും വെട്ടത്തുനിന്നും കണ്ടാണിശ്ശേരിയിലേക്ക്‌ കുടിയേറി വന്ന ചേകവന്മാരുടെ കുടുംബപുരാണം കൂടിയാണ് തട്ടകം.

ഗോത്രവര്‍ഗ്ഗസംസ്കൃതിയുടെയും കാര്‍ഷികജീവിതവ്യവസ്ഥയുടെയും വിവരണങ്ങള്‍ തട്ടകത്തില്‍ ഉണ്ട്.''അലരിത്തറയില്‍ പറക്കുട്ടിയെ കുമ്പിട്ട്, കല്‍ ത്തറയില്‍ മലവായിയെ തൊഴുതാണ്'' ഉണ്ണീരിമുത്തപ്പന്‍ യാത്രയാകുന്നത്. പറക്കുട്ടി ,മലവായി എന്നിവര്‍ നാട്ടുദേവതകള്‍ ആണ്.കല്‍ ത്തറകള്‍ ആണ്‌ ഈ ദേവതമാര്‍  .വര്‍ണ്ണവിവേചനം ഇല്ലാത്ത നന്മയുള്ള കാലത്തെ ചിത്രണം ചെയ്തു.നായരായ കമ്മളൂട്ടിയും ഈഴവനായ ഉണ്ണീരിയും ഉള്ളിണങ്ങിയ ചങ്ങാതിമാരായി മുട്ടിയുരുമ്മി നടക്കുന്ന കാഴ്ച ജാതിബോധമേറ്റിട്ടില്ലാത്ത ഒരു സമൂഹത്തിന്റെതാണ്  .


നഷ്ടപ്പെട്ട സാമൂഹികമൂല്യങ്ങളുടെ മുദ്രകളാണ് വാണിയം കുളത്തെക്കുള്ള യാത്രയ്ക്കിടയില്‍ കാണുന്ന വഴിയമ്പലം,തണ്ണീര്‍പ്പന്തല്‍   ,ആല്‍ത്തറ,പൊതുകിണര്‍ ,കല്‍ ത്തൊട്ടി തുടങ്ങിയവയൊക്കെ.വഴിപോക്കന്റെ വിശപ്പടക്കാന്‍ വഴികണ്ടിരുന്ന പഴയകാലത്തിന്‍റെ ഉദാരത ഈ നോവലില്‍ ഉണ്ട്.


കാലിച്ചന്തയില്‍ തങ്ങളെ കബളിപ്പിക്കാന്‍ ശ്രമിച്ച കൂളന്മാരായ പൊരുത്തുകാരോട് പോലും പിന്നീട് പൊരുത്തപ്പെട്ടും യാത്രചോദിച്ചുമാണ് ഉണ്ണീരിക്കുട്ടിയും കമ്മളുട്ടിയും നാട്ടിലെക്ക് തിരിക്കുന്നത്.പ്രകൃതിക്കും പ്രകൃതിക്ക് അതീതമായ ശക്തികള്‍ക്കും പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നു.പന്നിശ്ശേരിയും വെട്ടുകാടും പട്ടാമ്പിപ്പുഴയും അനങ്ങന്‍മലയും കല്ലടിക്കോടന്‍ മലയും കവളപ്പാറയും യാത്രാദൃശ്യങ്ങളായ് രേഖപ്പെടുത്തിയിരിക്കുന്നു.


മനുഷ്യനും പ്രകൃതിക്കുമൊപ്പം നില്‍ക്കുന്ന അദൃശ്യശക്തികളുടെ സാന്നിധ്യമാണ് ഈ നോവലിന്‍റെ പ്രത്യേകത.


നമ്മുടെ സംസ്കാരത്തിന്‍റെ പൂര്‍വകാലമുദ്രകള്‍ 'പാണപ്പൊതിയും പാണക്കോലും ','തണ്ണീര്‍പ്പന്തല്‍  'എന്നീ പ്രയോഗങ്ങളിലൂടെ കണ്ടെത്താനാകും.കൃഷിയോടുള്ള ആരാധന,നാട്ടറിവുകള്‍ ,സഹജീവികളോടുള്ള കരുതല്‍ എന്നിവയും ഈ കൃതിയില്‍ ദര്‍ശിക്കാം.അച്ഛനമ്മമാരോടും ഗുരുക്കന്മാരോടുമുള്ള ആദരം ,ജാതിചിന്തയില്ലാത്ത കൂട്ട്,പറ്റിക്കാന്‍  ശ്രമിച്ചവരോട് സ്നേഹത്തോടെ വിട പറയുന്നത്   എന്നീ ഭാഗങ്ങള്‍ മനുഷ്യ ബന്ധങ്ങളുടെ ആഴവും ഉദാരതയും വെളിപ്പെടുത്തുന്നു.