Thursday, September 13, 2012

പത്താംക്ലാസ് കേരളപാഠാവലി-4-കടലിന്‍റെവക്കത്ത് ഒരു വീട്


ഫാക്റ്ററിയില്‍ കാവല്‍ക്കാരനായ അറുമുഖത്തിനെ മദ്യപിച്ച കാരണത്താല്‍ ഫാക്റ്ററി ഉടമ ജോലിയില്‍ നിന്ന്‍ പുറത്താക്കി. എസ്സോ  പാര്‍ക്കിനരികില്‍ കടല്‍ക്കാറ്റ് ഏറ്റ് വീടില്ലാത്ത അയാളും ഭാര്യയും ജീവിക്കുന്നു.പഴകിയ ഭക്ഷണം വിതരണം ചെയ്യുന്ന രസ്ന എന്ന ഭക്ഷണശാലയില്‍ യാചകര്‍ക്ക്‌ കൊടുക്കുന്ന ഭക്ഷണം ഭാര്യയ്‌ക്ക്‌ വേണ്ടിക്കൂടി സമ്പാദിച്ച് എങ്ങനെയെങ്കിലും ദിനങ്ങള്‍ തള്ളിനീക്കുന്നു.പ്രതീക്ഷയ്ക്ക് വകയുള്ളതൊന്നും അവര്‍ക്കില്ല.ഇതിനിടയിലേക്കാണ് തീവണ്ടിയില്‍ സിനിമാപ്പാട്ടുപാടി ജീവിക്കുന്ന യുവാവിനെ അവര്‍ പരിചയപ്പെടുന്നത്.കുട്ടികളെ മാത്രമേ തീവണ്ടിയില്‍ പാട്ടുപാടാന്‍ അനുവദിക്കൂ എന്നതിനാല്‍ അയാള്‍ക്ക് ആ ജോലി നഷ്ട്ടപ്പെടുന്നു.എന്നാല്‍ അയാള്‍ക്ക് ജീവിതത്തെക്കുറിച്ച് പ്രതീക്ഷയുള്ള മനസ്സാണുള്ളത്.

ആ ചെറുപ്പക്കാരന്റെ വാക്കുകള്‍ ആ സ്ത്രീയുടെ ജീവിതത്തെ മാറ്റിമറിച്ചു.അറുമുഖത്തിനു ആഹാരത്തെക്കുറിച്ച് സംസാരിക്കാനാണ് ഇഷ്ട്ടം.സംഗീതത്തെക്കുറിച്ചുള്ള അവരുടെ സംസാരം അയാള്‍ക്ക് മുഷിപ്പനായി തോന്നി.വീടും പൈസയും ഇല്ലാത്ത താന്‍ ഒരു വൃദ്ധന്‍റെ ഭാര്യയായതില്‍ നിന്ന്‌ തന്നെ ഭാഗ്യം കെട്ട ആളാണ്‌ താനെന്നു മനസ്സിലാക്കാമല്ലോ എന്നുപറഞ്ഞ്   അവള്‍ വിലപിക്കുന്നു.അപ്പോള്‍ അങ്ങനെ വ്യസനിക്കരുത് എന്ന്‍ ആ യുവാവ്‌ പറഞ്ഞു.

'കടലിന്‍റെ വക്കത്തു പാര്‍ക്കാനും ഭാഗ്യംവേണം.രാത്രിയില്‍ കടലിന്‍റെ പാട്ടും കേട്ട് നക്ഷത്രങ്ങളും നോക്കിക്കൊണ്ട് മലര്‍ന്നു കിടക്കാനുള്ള ഭാഗ്യം നിങ്ങള്‍ക്കില്ലേ?'എന്ന് ചോദിച്ചു കൊണ്ട് അയാള്‍ പോകാന്‍ തുനിഞ്ഞപ്പോള്‍ അവള്‍ തന്‍റെ ഭാണ്ഡത്തില്‍ നിന്ന്‌ പിഞ്ഞിയതെങ്കിലും കട്ടിയുള്ള ഒരു രോമപ്പുതപ്പെടുത്ത് അയാള്‍ക്ക് നീട്ടി.'എന്‍റെ ഓര്‍മ്മയ്ക്ക്‌ ഇത് കയ്യിലിരിക്കട്ടെ' എന്ന്‍ അവര്‍ പറഞ്ഞു.ആകെയുള്ള പുതപ്പ് കൊടുത്തതെന്താണ് എന്ന അറുമുഖത്തിന്‍റെ ചോദ്യത്തിന് 'അയാള്‍ എന്നോട് സംഗീതത്തെപ്പറ്റി സംസാരിച്ചു' എന്ന്‍ ആ സ്ത്രീ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

[ജീവിതത്തെ വെറുപ്പോടെ കണ്ട ആ സ്ത്രീക്ക് പുതിയൊരു തലത്തില്‍ ജീവിതത്തെ കാണാന്‍ പാകത്തിന് മനസ്സിനെ ചിട്ടപ്പെടുത്താന്‍ ആ യുവാവിന്‍റെ വാക്കുകള്‍ക്കായി.കാഴ്ചപ്പാടിന്റെ മാറ്റം അവള്‍ക്ക് നല്‍കിയ അനുഭൂതി എന്താണെന്ന് പറഞ്ഞറിയിക്കാന്‍ ആവില്ല.അതിനുമുന്നില്‍ പുതപ്പ് എത്രയോ നിസ്സാരം.ജീവിതത്തെ വേദനയില്‍ നിന്നും  ഉയര്‍ത്തുവാന്‍ സംഗീതത്തിനാകും.ജീവിതത്തെ സുന്ദരമായ്‌ക്കാണാന്‍ സഹായകമായ മനോഭാവം അവള്‍ക്ക് നല്‍കിയത്‌ പുതിയൊരു ജീവിതം തന്നെയാണ്.പ്രതീക്ഷയുള്ള മനസ്സുതന്നെയാണ് അവളുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ അഭയമാകുന്നത്]
ലിങ്ക്
മാധവിക്കുട്ടി[കമലസുരയ്യ]