Monday, March 22, 2021

പത്രനീതി -സുകുമാർ അഴീക്കോട്_ ആസ്വാദനക്കുറിപ്പ്

 
 
           ജനമനസ്സുകളിൽ മാധ്യമങ്ങൾ സൃഷ്ടിക്കുന്ന സ്വാധീനം വലുതാണ്. പത്രങ്ങളെക്കുറിച്ചുള്ള  സുകുമാർ അഴീക്കോടിന്റെ   ലേഖനമാണ് പത്രനീതി. മലയാളത്തിന്റെ  അതുല്യ പ്രതിഭയായ സുകുമാർ അഴീക്കോടിന്റെ  നവയാത്രകൾ എന്ന ഗ്രന്ഥത്തിലെ 'പത്രങ്ങൾ ഏതുപക്ഷത്ത് ' എന്ന ലേഖനത്തിൽ നിന്നുള്ള ഭാഗമാണ് പത്രനീതി .
ഏതു മനുഷ്യനും വാർത്ത അറിയുന്നതിന് മാത്രമല്ല വാർത്ത നൽകുന്നതിനും പത്രങ്ങളെ ആശ്രയിക്കണം .ലോകത്തിന്റെ  ഏതു കോണിൽ ഇരുന്നാലും ഏത് വാർത്തയും നമുക്ക് പത്രങ്ങളിലൂടെ അറിയാൻ സാധിക്കുന്നു.പത്രത്തിനെ എതിർക്കേണ്ടി വന്നാൽ അത് പത്രത്തിലൂടെ തന്നെ വേണം എന്നത് ഒരു വിരോധാഭാസമാണ്. പത്രങ്ങൾ എല്ലാത്തിനെയും വിമർശിക്കുന്നു എന്നാൽ പത്രങ്ങൾ അത്രത്തോളം വിമർശിക്കപ്പെടുന്നില്ല.
സ്വേച്ഛാധിപതി പോലും പത്രങ്ങളെ ബഹുമാനിക്കുന്നു. അയാൾ പത്രങ്ങളെ ഭയപ്പെടുന്നു.  ചിലർ പത്രങ്ങളെ പീഡിപ്പിക്കുകയും നിരോധിക്കുകയും ചെയ്യുന്നു. നെപ്പോളിയൻ അതിനുള്ള കാരണം തുറന്നുപറയുന്നു .താൻ ബയനറ്റിനെക്കാളും പേടിക്കുന്നത് പത്രത്തെയാണ്. ബയനറ്റിന്റെ  മൂർച്ച ഭയങ്കരമാണെങ്കിലും പത്രത്തിൽ എഴുതുന്ന വാക്കിന്റെ  മൂർച്ച അതിനേക്കാൾ ഭയങ്കരമാണ്.രാഷ്ട്രീയത്തിലെ മഹാ ശക്തിയാണ് പത്രം .ഒരു ചിന്തകൻ പറഞ്ഞത് തനിക്ക് എന്തെങ്കിലും ഒരു അറിവുണ്ടെങ്കിൽ അത് പത്രങ്ങളിൽ നിന്ന് കിട്ടിയതാണെന്നാണ് .ജഫേഴ്സൺ എന്ന സ്വാതന്ത്ര്യ പ്രേമി പറഞ്ഞത് പത്രം ഇല്ലാത്ത ഭരണത്തേക്കാൾ തനിക്കിഷ്ടം ഭരണമില്ലാതെ പത്രമുള്ള അവസ്ഥയാണ് എന്നാണ് .അതിനർത്ഥം പത്രം ഉണ്ടായാൽ എല്ലാം ആയി എന്നാണ്. അരാജകമായ അവസ്ഥയിലും സത്യവും നീതിയും പുലർത്തുന്ന പത്രങ്ങൾ സമൂഹത്തെ രക്ഷിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ  അഭിപ്രായത്തിന്റെ  അർത്ഥം

.എന്നാൽ പത്രങ്ങളെക്കുറിച്ച് എതിരഭിപ്രായങ്ങൾ പറയുന്ന ആളുകളുണ്ട് .
എന്തിന്റേയും മറുവശം ചൂണ്ടിക്കാണിക്കുന്നതിൽ മിടുക്കനായ ഓസ്കാർ വൈൽഡ് പത്രങ്ങളെ എപ്പോഴും കളിയാക്കി. സാഹിത്യം വായിക്കപ്പെടുന്നില്ല .പത്രം വായിക്കാൻ കൊള്ളുകയില്ല എന്നാണ് അദ്ദേഹം പറഞ്ഞത് .
പത്രങ്ങൾ ഏറ്റവും കൂടുതൽ അതിജീവിക്കുന്നത് അവയുടെ വഷളത്തരം കൊണ്ടാണെന്ന് പറയുന്നുണ്ട് .പ്രശസ്ത നാടകകൃത്തായ ഇബ്സൻ പറഞ്ഞത് കഠിനമാണ് .മൃഗങ്ങളുടെ മേൽ പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞർ പത്രപ്രവർത്തകരുടേയും രാഷ്ട്രീയ പ്രവർത്തകരുടേയും മേൽ ശസ്ത്രക്രിയ നടത്തി പരീക്ഷിക്കട്ടെ എന്നാണ് ഇബ്സൺ പറഞ്ഞത്. പത്രങ്ങൾ അസത്യങ്ങൾ  പറയുകയും ആ അസത്യം സത്യമായിത്തീരും എന്ന് വിചാരത്താൽ ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നു എന്നാണ് ഒരെഴുത്തുകാരൻ പറഞ്ഞത്.പരിഹസിക്കാൻ മിടുക്കനായ സാമുവൽ ബട്ലർ പറഞ്ഞത് പത്രങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ സേവനം അച്ചടിച്ചത് കണ്ടാൽ ജനങ്ങൾ അവിശ്വസിക്കാൻ പഠിക്കുന്നു എന്നാണ്

സുകുമാർ അഴീക്കോട് തന്റെ  കാഴ്ചപ്പാടുകൾ പറയുന്നു .പത്തൊമ്പതാം നൂറ്റാണ്ടിലെ ബട്ലർ ഇരുപതാം നൂറ്റാണ്ടിൽ പത്രങ്ങൾ എത്തിച്ചേർന്ന അവസ്ഥയെക്കുറിച്ച് പ്രവചിച്ചത് എത്രമേൽ ശരിയാണ്.ഒരു ശീലം ആയിപ്പോയതുകൊണ്ടാണ് താൻ പലപ്പോഴും വായിച്ച പത്രങ്ങൾ വായിച്ചു കൊണ്ടിരിക്കുന്നത് .കുറേക്കാലം കഴിഞ്ഞപ്പോൾ ആദ്യ സ്വഭാവത്തിൽ നിന്ന് പത്രങ്ങൾ മാറിത്തുടങ്ങി എന്ന് താൻ മനസ്സിലാക്കിയിരുന്നുവെന്നും എന്നാൽ ശീലം മാറ്റാൻ പ്രയാസം ആയതുകൊണ്ടാണ്  ആ പത്രങ്ങൾ തന്നെ വായിക്കുന്നതെന്നും അദ്ദേഹം പറയുന്നു .നല്ല പത്രം വായിക്കാമെന്ന് വച്ച്  വായിക്കുന്നപത്രം നിർത്തുന്നവൻ വിഡ്ഢിയാണ് .പല പത്രങ്ങൾ ഒരുമിച്ച് വായിക്കുക. എന്നിട്ട് അതിലെ സത്യവും അസത്യവും തിരിച്ചറിയാൻ ശ്രമിക്കുക അതാണ് വേണ്ടത് എന്നാണ് സുകുമാർ അഴീക്കോട് ഈ ലേഖനത്തിലൂടെ പറഞ്ഞുവയ്ക്കുന്നത്.

                 



ആസ്വാദനക്കുറിപ്പ് -ശ്രീനാരായണഗുരു

 

കുറ്റിപ്പുഴ കൃഷ്ണപിള്ള


  കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ ലേഖനമാണ് ശ്രീനാരായണഗുരു. ശ്രീനാരായണ ഗുരുവിന്റെ  സന്ദേശങ്ങൾ വിലയിരുത്തുകയാണ് ഈ ലേഖനത്തിലൂടെ ചെയ്യുന്നത്. മതഗ്രന്ഥങ്ങൾക്കും മഹാന്മാരുടെ ജീവിത സന്ദേശത്തിനും വ്യത്യസ്ത വ്യാഖ്യാനങ്ങൾ ഉണ്ടാകാറുണ്ട് .ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ പഠിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ  ആവശ്യമാണ്. ആധുനികതയുടെ ധർമ്മമാണ് അധഃകൃത വർഗോദ്ധാരണം. റാം മോഹൻ റായ്, ദയാനന്ദസരസ്വതി, രാമകൃഷ്ണ പരമഹംസൻ, സ്വാമി വിവേകാനന്ദൻ തുടങ്ങിയവർ ഈ ധർമം പുനസ്ഥാപിക്കാൻ പ്രവർത്തിച്ചവരാണ്,

 ഭാരതീയ വേദാന്തത്തിൽ മോക്ഷം ഒരു വ്യക്തിയെ ഉദാത്തീകരിക്കും. എത്രയോ സന്യാസിമാരുടെ അറിവ് ഈ സ്വാർത്ഥത മൂലം സമൂഹത്തിന് ഉപകരിക്കാതെ പോയിട്ടുണ്ട്. ശ്രീനാരായണഗുരു തപസ്സു കൊണ്ട് നേടിയ അറിവ് സമൂഹത്തിന്റെ ഉന്നമനത്തിനായി വിനിയോഗിച്ചു.  ജനങ്ങളുടെ അന്ധകാര ജീവിതത്തിൽ പ്രകാശം പരത്തി .അവരെ സ്വാതന്ത്ര്യ ബോധമുള്ളവരാക്കി .ജാതിപ്പിശാചിനെ ആട്ടിയോടിച്ചു. മനുഷ്യത്വം പഠിപ്പിച്ച ഗുരുനാഥനാണ് ഗുരു. ജ്ഞാനസിദ്ധനും കർമ്മസിദ്ധനുമാണ് ഇദ്ദേഹം.പ്രായോഗികവേദാന്തത്തിന് ഇദ്ദേഹം പ്രാധാന്യം കല്പിച്ചു. കർമ്മം ചെയ്യാതെ അലസജീവിതം നയിക്കുന്ന ഇന്ത്യൻ സന്യാസിമാർക്ക് ശ്രീനാരായണഗുരുവിന്റെ  ജീവിതം മാതൃകയാണ് .മനുഷ്യജാതി എന്ന വിശാലമായ ആശയം അദ്ദേഹം അവതരിപ്പിച്ചു .അന്ധവിശ്വാസങ്ങളേ'യും അനാചാരങ്ങളേയും എതിർത്ത് വിപ്ലവം സൃഷ്ടിച്ച ഉൽപ്പതിഷ്ണുവാണ് ഗുരു ."മതമേതായാലും മനുഷ്യൻ നന്നായാൽ മതി "എന്ന വചനത്തിൽ മനുഷ്യനന്മയ്ക്കാണ് പ്രാധാന്യം.ആധ്യാത്മികതയ്ക്കും ഭൗതികതയ്ക്കും തുല്യപ്രാധാന്യം നൽകി .ഹിന്ദു മതത്തെ കുറിച്ച് ഒരക്ഷരം പറയാതെ എല്ലാമതങ്ങളും നദികൾ ആണെന്നും അവ ഈശ്വരൻ എന്ന ഒറ്റ സമുദ്രത്തിലാണ് പതിക്കുന്നത് എന്നുമാണ് ഗുരു പറഞ്ഞത് .അന്ധർ ആനയെ കാണാൻ പോയി, ആനയെ പലതരത്തിൽ വ്യാഖ്യാനിച്ച് വഴക്കടിക്കുന്നത് പോലെയാണ് അറിവില്ലാത്തവർ മതത്തിന്റെ  പേരിൽ ലഹള ഉണ്ടാക്കുന്നത് എന്നായിരുന്നു ഗുരുവിന്റെ  പക്ഷം. "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് "എന്ന സന്ദേശം ഏതു രാജ്യത്തും സാംസ്കാരിക വികസനത്തിന് ഉപകരിക്കും. .ഏകലോകം എന്ന ആശയവുമായി അദ്ദേഹത്തിന്റെ  സന്ദേശങ്ങൾ ചേർന്നുനിൽക്കുന്നു.

 ഗുരു ക്ഷേത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട് .അത് സമുദായങ്ങളെ ഉയർത്തുന്നതിനുള്ള ഉപാധി മാത്രമായിരുന്നു .ക്ഷേത്രങ്ങൾ ഇനി ആവശ്യമില്ലെന്നും പകരം വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായശാലകളുമാണ് വേണ്ടതെന്നും അദ്ദേഹം തുറന്നു പറഞ്ഞു .ഗുരു നടത്തിയ കണ്ണാടിപ്രതിഷ്ഠയിൽ മനുഷ്യന്റെ ധ്യാന ലക്ഷ്യം മനുഷ്യൻ തന്നെയാണെന്നും അവന്റെ  അന്ത ശക്തിയാണ് വികസിക്കേണ്ടത് എന്നുമുള്ള വസ്തുതയാണ് വെളിപ്പെടുത്തുന്നത്.

സാർവ്വലൗകികത്വം ഗുരുവിന്റെ  ഉപദേശങ്ങളുടെ പ്രത്യേകതയാണ് .ഏറ്റവും ലളിതമായ ഭാഷയിലാണ് ഗുരു ഉപദേശിച്ചത് .അർത്ഥ ഗാംഭീര്യവുമുണ്ട്. സാധാരണക്കാരനുപോലും മനസ്സിലാകും." ജാതി ഒന്നാണെന്ന് തെളിവൊന്നും വേണ്ട .ഒരു പട്ടി മറ്റൊരു പട്ടിയെ കണ്ടാൽ അതിന്റെ  സ്വന്തം ജാതിയാണെന്ന് മനസ്സിലാക്കുന്നു. എല്ലാ മൃഗങ്ങൾക്കും ഈ വകതിരിവുകൾ ഉണ്ട്. മനുഷ്യനുമാത്രം തിരിച്ചറിയാനുള്ള ശക്തിയില്ല. മൃഗങ്ങളേക്കാളും മോശം " ഈ ആശയം എത്ര ഊക്കോടെയാണ് നമ്മുടെ മനസ്സിലേക്ക് പതിക്കുക! ഇങ്ങനെ ലളിത ഉദാഹരണങ്ങളിലൂടെയാണ് അദ്ദേഹം എല്ലാം വിശദീകരിച്ചത്. വിദ്യാഭ്യാസം, വ്യവസായം, സംഘടന, ജീവിതവിശുദ്ധി ഇവയാണ് അധ:സ്ഥിതസമുദായങ്ങൾക്ക് വേണ്ടത് എന്നായിരുന്നു ഗുരുവിന്റെ  പക്ഷം. ജാതിപ്പാതാളത്തിൽ നിന്ന് കേരളത്തെ ഉയർത്തിയ ഇദ്ദേഹത്തിന്റെ  ജീവിതവും വചനങ്ങളും ഭാവി തലമുറകൾക്ക് പ്രചോദനമാകും.

                           

                              ദൃശ്യാവിഷ്ക്കാരം 
                           
                             ശ്രീനാരായണഗുരു

കോഴിയും കിഴവിയും - കാരൂർ നീലകണ്ഠപ്പിള്ള-(ആസ്വാദനക്കുറിപ്പ് )

 

            മനുഷ്യ നന്മയിൽ വിശ്വസിക്കുന്ന കഥാകാരനാണ് കാരൂർ നീലകണ്ഠപ്പിള്ള. ഒരേസമയം കഥയോടൊപ്പം നടന്നും കഥയെ നേരിട്ട് നിയന്ത്രിക്കാതെയും ആഖ്യാനം ചെയ്യാനുള്ള കാരൂരിന്റെ  കഴിവ് ശ്രദ്ധേയമാണ്. ഇപ്പറഞ്ഞ ഗുണവിശേഷങ്ങൾ ചേരുന്ന മനോഹരമായ കഥയാണ് കോഴിയും കിഴവിയും. നന്മകളാൽ സമൃദ്ധമായ നാട്ടിൻപുറമാണ് കാരൂർ കഥകളുടെ തട്ടകം. രണ്ടു ഗ്രാമീണ  കുടുംബങ്ങളുടെ കഥയാണ് ഇത്.

തലമുറകളായി അയൽക്കാരായി കഴിയുന്ന മർക്കോസിന്റേയും മത്തായിയുടേയും കുടുംബങ്ങളുടെ പരസ്പരാശ്രയത്വവും നന്മയും  ഈ കഥയിലുണ്ട്. ഒരാളുടെ കോഴിയെ അയാൾ തന്നെ കൊന്നാൽ അതിൽ അപകടമില്ല .എന്നാൽ കയ്യബദ്ധം കൊണ്ട് അന്യനാണ് കൊന്നതെങ്കിൽ അതുണ്ടാക്കുന്ന പുകിലുകൾ വലുതായിരിക്കും. ബന്ധങ്ങൾ മറന്നുപോകും .

മത്തായിയുടെ കോഴിയെ മാർക്കോസിന്റെ  വീട്ടിലെ കുട്ടി അറിയാതെ കല്ലെറിഞ്ഞപ്പോൾ അത് ചത്തുപോയി.  ചത്ത കോഴിയെ മത്തായിയുടെ വീട്ടിൽ ഏൽപ്പിക്കുകയാണ് മാർക്കോസിന്റെ  ഭാര്യ ചെയ്തത് .ആ പൂവങ്കോഴി ഒരു വിപ്ലവമാണ് അഴിച്ചുവിട്ടത്. മത്തായിയും ഭാര്യയും ആ കോഴിയെ പാചകം ചെയ്തു കഴിച്ചു .എന്നാൽ ആ കോഴി മത്തായിയുടെ തലച്ചോറിനകത്ത് ചികയുകയും മാന്തുകയും കൊത്തിപ്പെറുക്കുകയും ചെയ്തു. കോഴിയിറച്ചിയോടുള്ള കൊതി കോഴിയുടെ വേദനയെ കാണാതിരിക്കാൻ പ്രേരിപ്പിക്കുന്നു. കൊതി സഹാനുഭൂതിയെ തടയുന്നു.

എങ്ങനെയെങ്കിലും മത്തായി മർക്കോസിനെ പ്രശ്നത്തിലാക്കാൻ തീരുമാനിച്ചു,  മർക്കോസിന്റെ  അപ്പൻ തന്റെ  സ്ഥലത്തിൽ  കുറച്ച്  മത്തായിയുടെ അമ്മയ്ക്ക് പണ്ട് പാർക്കാൻ കൊടുത്തതാണ്. അവൾ അവിടെ താമസിച്ചു. വളരെ കഷ്ടപ്പെട്ടാണ് അവൾ അവിടെ ജീവിച്ചത്  .അവൾ ഒരു ചെറിയ പീടിക തുടങ്ങി. അടുത്തൊന്നും മറ്റു കടകൾ ഇല്ലാതിരുന്നതുകൊണ്ട് അവിടെ കച്ചവടം പൊടിപൊടിച്ചു. പിന്നീട് അവൾ പലതരം വ്യാപാരങ്ങൾ തുടങ്ങി. വിപുലമായി മെച്ചപ്പെട്ടു . അങ്ങനെ അവർ നല്ല നിലയിലേക്ക് മാറി .ചിട്ടികൾ നടത്തി .ഒരുപക്ഷേ അവളുടെ ഭർത്താവ് ജീവിച്ചിരുന്നുവെങ്കിൽ ഇങ്ങനെ ഒരു നല്ല ഗതി വരുമായിരുന്നില്ല.

മർക്കോസിന്റെ  വീട്ടിൽ സാമാന്യം സ്വത്ത് ഉണ്ടായിരുന്നു. എന്നാൽ  മാർക്കോസിന്റെ  അമ്മ എല്ലാ ആണ്ടിലും പ്രസവിക്കുമായിരുന്നു. ഒരു ആൺകുട്ടിയെ കിട്ടണം എന്നതായിരുന്നു അവരുടെ ആഗ്രഹം .അങ്ങനെ ഏഴ് പെങ്ങന്മാരുടെ ഇടയിലേക്ക് ഒരു കുഞ്ഞാങ്ങള വന്നു .അപ്പനും അമ്മയും മരിച്ചു. ഇവരെ കെട്ടിച്ച് അയക്കേണ്ട ചുമതലയും മറ്റും മാർക്കോസിന്റെ  തലയിൽ വന്നു .

അങ്ങനെ മത്തായി  താഴെനിന്ന് മേലോട്ട് വളർന്നു. മർക്കോസ് ക്ഷീണിച്ചപ്പോൾ മത്തായി സഹായിച്ചു തുടങ്ങി. എന്നാൽ അത്  ഉപകാരസ്മരണ കൊണ്ടല്ല .മറിച്ച് അവന് കുറച്ചു കൂടി സ്ഥലം പുര വെക്കാൻ വേണം.അയൽപക്കത്ത് അത്താഴപ്പട്ടിണിക്കാരൻ വന്നാൽ അതൊരു സ്വൈരക്കേടാണെന്നാണ് മത്തായിയുടെ പക്ഷം .അവനെ എങ്ങനെയെങ്കിലും അവിടെ നിന്ന് തുരത്തണം ഇതായി മത്തായിയുടെ ചിന്ത.തന്നെക്കൊണ്ട് ആവുന്ന എല്ലാ ഉപദ്രവവും അവൻ മർക്കോസിനെതിരെ ചെയ്തു .എന്നാൽ മത്തായിയുടെ അമ്മയ്ക്ക് ഈ നന്ദികേടിൽ  പ്രതിഷേധമുണ്ട്.

 രണ്ടുപേരുടെയും കുട്ടികൾ തമ്മിൽ തല്ലു പിടിക്കും .എങ്കിലും അവരുടെ പിണക്കം പെട്ടെന്ന് ഇണക്കമായി മാറും. മാർക്കോസിന്റെ  മകൾ വേലിക്കരികിൽ മത്തായിയുടെ മക്കൾ പേരയ്ക്ക പറിച്ചു തിന്നുന്നത് കൊതിയോടെ നോക്കി നിൽക്കുകയായിരുന്നു .അതിൽ ഒരു കുട്ടി പേരയ്ക്ക പറിച്ച് അവൾക്ക് എറിഞ്ഞുകൊടുത്തു. എന്നാൽ പേരയ്ക്ക അവളുടെ നെറ്റിയിൽ പതിച്ചു. ഇതൊരു തല്ലു പിടിത്തത്തിന് കാരണമായി .എന്നാൽ പിറ്റേ ദിവസം അവർ തമ്മിൽ വഴക്കു തീർത്തു.രണ്ടു വീട്ടിലെയും കുട്ടികൾ ഒരുമിച്ചു നടക്കുന്നത് രണ്ടു വീട്ടുകാർക്കും ഇഷ്ടമല്ല. പരസ്പരം കുറ്റം പറഞ്ഞല്ലാതെ അവർ കിടന്ന് ഉറങ്ങാറില്ല .മത്തായിയുടെ അമ്മ മകന്റെ  ഈ നന്ദികേടിനെക്കുറിച്ച് എപ്പോഴും മകനോട് സംസാരിക്കാറുണ്ട്. ആ രണ്ട് വീട്ടുകാരുടേയും ഇടയിൽ ഒരു അഗ്നിപർവതം പൊട്ടാറായി നിൽക്കുകയാണ് .ഒരു പക്ഷേ അതിൽ രണ്ടു കുടുംബങ്ങളും തകർന്നുവെന്നുവരാം .അത്രയധികം അവരുടെ ഇടയിൽ പ്രശ്നങ്ങൾ വർദ്ധിച്ചു .

മത്തായി മർക്കോസിനെതിരെ പോലീസിൽ പരാതി കൊടുത്തു. മർക്കോസിന്റെ  വീട്ടിൽ പൊലീസുകാർ വന്നു. പറമ്പിൽ നിന്ന് കോഴിയുടെ തൂവലും കാലും തലയും തൊണ്ടിയായി എടുത്തു.മർക്കോസ് കോഴിയെ കട്ടു എന്നാണ് കേസ് .

മർക്കോസ് പോലീസിനോട് അപ്പുറത്തെ വീട്ടിലെ അമ്മ വയസ്സായി ഇരിക്കുകയാണ് ഒന്ന് കയറിയിട്ട് പോകണം എന്ന് അപേക്ഷിച്ചു .പോലീസുകാർ ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് അനുവദിച്ചു.കോഴിയെ കട്ടു തിന്നതിന്  തന്നെ പോലീസുകാർ കൊണ്ടുപോകുകയാണെന്ന് മാർക്കോസ് പറഞ്ഞു.

 അപ്പോൾ ആ വൃദ്ധ കണ്ണു തുടച്ചിട്ട് ഇങ്ങനെ പറഞ്ഞു .ഈ കൂട്ടത്തിൽ മത്തായി ഉണ്ടെങ്കിൽ അവനോട് തന്നെ വടക്കേതിൽ ഒന്ന് കൊണ്ടുപോകാൻ പറയണം എന്നും ഞാൻ അവിടെക്കിടന്നു ചത്തോളാമെന്നും നന്ദികെട്ട ഇവന്റെ  കൂടെ താൻ കഴിയുകയില്ല എന്നും ഇന്നലെ കൊച്ചുങ്ങളെപ്പോലും അറിയിക്കാതെയാണ് മത്തായിയും  ഭാര്യയും കോഴിയെ വേവിച്ചു തിന്നത് എന്നും  എന്നിട്ട് മാർക്കോസിന്റെ   പേരിൽ കേസ് കൊടുത്തിരിക്കുന്നത് തെറ്റാണ്  എന്നും പോലീസുകാരെ  അറിയിച്ചു. വൃദ്ധ മർക്കോസിനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു. എന്റെ  മകനെ ഈ നന്ദികേട്ടവരുടെ ഇടയിൽനിന്ന് കർത്താവെന്നെ  വേഗം വിളിച്ചിരുന്നെങ്കിൽ എന്ന് പറഞ്ഞു. പിന്നീട് താൻ വരുത്തിവെച്ച വയ്യാവേലി യിൽ നിന്ന് രക്ഷപ്പെടാൻ മത്തായിക്ക് കുറേ കഷ്ടപ്പെടേണ്ടി വന്നു.

ഇരുട്ടുനിറഞ്ഞ പരിതസ്ഥിതിയിൽ അനുഭവസമ്പന്നരായ മുതിർന്നവരുടെ  അവസരോചിതമായ ഇടപെടലുകളും ശാസനകളുമാണ് അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തുന്നത്. മത്തായിയുടെ അമ്മച്ചിയുടെ പ്രകാശം നിറഞ്ഞ വാക്കുകൾ ചുറ്റുമുള്ളവർക്ക്  വഴിവിളക്കായി മാറുന്നുണ്ട് .തലമുറകൾക്ക് മുമ്പേ തുടങ്ങിവെച്ച സ്നേഹോഷ്മളമായ ബന്ധങ്ങളെ പണത്തിന്റെ  കണക്കിൽ വിലയിടുന്നതിനെ തുറന്നുകാട്ടുകയാണ് ഈ കഥയുടെ ലക്ഷ്യം. ഗ്രാമ ജീവിതത്തിന്റെ നിർമ്മലമായ വെളിച്ചം തിരിച്ചറിയാനും നാട്ടു നന്മകളുടെ മങ്ങിത്തുടങ്ങിയ ദീപനാളങ്ങൾ തെളിച്ചു നിർത്താനും ഈ കഥ ശ്രമിക്കുന്നു. കഥാപാത്രങ്ങളുടെ ജീവിത ഭാവങ്ങൾ സൂക്ഷ്മതയോടെയാണ് കഥാകൃത്ത് ചിത്രീകരിച്ചിരിക്കുന്നത് .കളങ്കമില്ലാത്ത ജനങ്ങളേയും നന്മ സൂക്ഷിക്കുന്നവരേയും ,ബന്ധങ്ങളിലെ ഊഷ്മളതയും ,മറ്റും ഈ കഥയിൽ നമുക്ക് കാണാൻ സാധിക്കുന്നു. നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്ന ആ വരികൾ നമ്മൾ ഈ കഥയിലെ വൃദ്ധയെ കാണുമ്പോൾ ഓർത്തു പോകും.ഇതിലെ വൃദ്ധയുടെ നിസ്വാർത്ഥത എടുത്തുപറയേണ്ടതാണ് .ആ അമ്മയുടെ  ഇടപെടലാണ് കഥാഗതിയിൽ മാറ്റമുണ്ടാക്കുന്നത്. ആ മനസ്സിന്റെ  നന്മയും സഹാനുഭൂതിയും  നന്മയുടെ പക്ഷത്തു നിൽക്കുന്ന മനോധർമ്മവും ഈ കഥയുടെ പ്രകാശമായി മാറുന്നു

                      


                                      യുട്യൂബ് ലിങ്ക്