Wednesday, November 11, 2020

പൂക്കളും ആണ്ടറുതികളും _വി ടി ഭട്ടതിരിപ്പാട്


 കേരളം ഒരു കാർഷിക രാജ്യമാണ്. പുഷ്പങ്ങളാൽ സമ്പന്നമാണ് കേരളം. മുല്ലത്തറ ഇല്ലാത്ത വീടില്ല. തുളസിച്ചെടി വെള്ളിയിലച്ചെടി, മുക്കുറ്റി, മന്ദാരം ചെമ്പരത്തി ,കോളാമ്പി, ശംഖുപുഷ്പം ഇങ്ങനെയുള്ള പൂക്കളെക്കൊണ്ട് നിറഞ്ഞ പൂപ്പാത്രമാണ് കേരളം. പൂവിറുത്ത് മാലകെട്ടൽ ,പൂക്കളം വരക്കൽ, പൂജയ്ക്ക് ഒരുക്കൽ ഇതൊക്കെ കേരളീയ ജനതയുടെ ദൈനംദിന പ്രവർത്തനങ്ങളാണ് .പുഷ്പം ആത്മാവിന്റേയും ജീവിതത്തിന്റേയും പ്രതീകമാണെന്നാണ് കവികൾ പറയുന്നത് .ലക്ഷ്മിയും സരസ്വതിയും താമരയിലാണ് വിരാജിക്കുന്നത് .കവികളുടെ നായികാനായകന്മാരേയും ഉപമിക്കുന്നത് പൂക്കളെപ്പോലെ എന്നാണ്. കുട്ടികളുടെ ആദ്യപാഠം ആരംഭിക്കുന്നതുതന്നെ കൈയാകുന്ന താമരപ്പൂവ് കൊണ്ട് കാലാകുന്ന താമരപ്പൂവിനെ മുഖമാകുന്ന താമരപ്പൂവിൽ ചേർത്തുവച്ചിരിക്കുന്ന കൃഷ്ണനെ ഞാനോർക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് .

പ്രശ്നങ്ങളുള്ള സാധാരണ ജീവിതത്തിൽ നമ്മളെ അലട്ടിക്കൊണ്ടിരിക്കുന്ന താളപ്പിഴകൾക്കിടയിലും കർമ്മം ചെയ്യാനും ചെയ്ത കാര്യങ്ങളോർത്തു സന്തോഷിക്കാനും കിട്ടുന്ന വിശേഷ സന്ദർഭങ്ങളാണ് ആണ്ടറുതികൾ.കേരളത്തിന് മൂന്ന് ആണ്ടറുതികൾ ഉണ്ട്. ഓണം, വിഷു, തിരുവാതിര .വിഷു അധ്വാനത്തിന്റെ ഉത്സവമാണ്. ഓണം സമൃദ്ധിയുടെ ഉത്സവമാണ്. തിരുവാതിര സൗന്ദര്യത്തിന്റെ പ്രതീകമാണ്.

 മുണ്ടകൻ കൊയ്ത്തു കഴിഞ്ഞാൽ കർഷകർ എല്ലാവരും സ്വതന്ത്രരായി .പുതു മഴ പെയ്തു മണ്ണു കുളുർക്കുന്നതുവരെ അവർ വിശ്രമത്തിലാണ്. പിന്നീട് ചാമുണ്ഡിക്കാവിന്റെ മുറ്റത്ത് പൂത്തുനിൽക്കുന്ന കുങ്കുമം അടുത്ത ഉത്സവത്തിനുള്ള കളിവിളക്ക് നാട്ടലാണ്.വിഷുപ്പക്ഷി കർഷകരെ വിളിച്ചുണർത്തുന്നു .കർഷകർ അധ്വാനിക്കുന്നു .അവരുടെ അധ്വാന ഫലത്തിന്റെ പ്രതീകമാണ് ഉരുളിയിലെ കണിക്കൊന്നയും കണിവെള്ളരിയും നാളികേരമുറിയും ഉണങ്ങലരിയും വെറ്റിലയും അടക്കയും എല്ലാം.വാൽക്കണ്ണാടിയും സ്വർണ്ണവും രാമായണവും  അലക്കിയ വസ്ത്രവും അവർ നിലവിളക്കിനു മുന്നിൽ പ്രദർശിപ്പിക്കുന്നു.

 അടുത്തത് ഓണമാണ്. എല്ലാ ചീത്ത വിചാരങ്ങളുടേയും വൃത്തിഹീനതകളുടേയും ശുദ്ധീകരണമാണ് ഓണത്തിന് പ്രധാനം .ചേട്ടയെ കളയുക എന്നൊരു ചടങ്ങുണ്ട്. ഒരു പൊട്ടക്കലത്തിൽ എല്ലാ അശുദ്ധിയും സ്വീകരിച്ച ഒരു സ്ത്രീ ചൂലും ചാണക വെള്ളവുമായി പടിക്ക്‌ പുറത്തിറങ്ങുമ്പോൾ ചേട്ടേ ചേട്ടേ പോ പോ എന്ന് പറയും. അങ്ങനെ ഐശ്വര്യം അകത്തും  ചേട്ട പുറത്തും എന്നൊരു സങ്കൽപത്തിലൂടെയാണ് ഈ ആചാരം കൈവന്നത്. കർക്കിടക കാലം പട്ടിണിക്കാലമാണ് .പത്തായം കാലിയാകും. ചിങ്ങമാസത്തിന്റെ പിറവി  സ്വപ്നം കണ്ട് കർഷകൻ ഈശ്വര വിചാരത്തിലും ഇലക്കറികൾ കഴിച്ചും രാത്രിയും പകലും തള്ളിനീക്കും.അപ്പോഴാണ് മത്തയുടെ പൂവിരിയുന്നത്. ഓണക്കാലം വരവായി എന്ന് എല്ലാവരും കണക്ക് കൂട്ടും. വട്ടൻ എന്നാൽ ഒരു നെല്ലാണ് .അതിന്റെ ചുണ്ട് ചുവന്നാൽ അത്തം മുറ്റത്തെത്തുമെന്നാണ്. കുട്ടികൾ പൂക്കൾ ശേഖരിച്ച് മുറ്റത്ത് പൂക്കളമിടുന്നു. കേരളത്തിന്റെ പരദൈവമായ തൃക്കാക്കരത്തേവരുടെ ഉത്സവത്തിന് പച്ചമണ്ണുരുട്ടി ജനങ്ങൾ അദ്ദേഹത്തെ ആരാധിക്കും .

അടുത്ത ആണ്ടറുതിയാണ് തിരുവാതിര. സുമംഗലികളാണ് തിരുവാതിരയാഘോഷിക്കുന്നത്. ഭർത്താവിന്റെ ഇഷ്ടം നേടുക എന്നതാണ് ലക്ഷ്യം. ശ്രീപാർവ്വതിയെയാണ് അവർ ആരാധിക്കുന്നത്. ഭർത്താവിന്റെ പ്രീതി കിട്ടാൻ വേണ്ടി കുറേക്കാലം തപസ്സനുഷ്ഠിച്ച പാർവതിയിൽ ശിവന് അനുരാഗം ജനിപ്പിച്ച രതി കാമന്മാരെ പൂജിക്കുകയും അങ്ങനെ കുടുംബത്തിന് സൗഖ്യം വരുത്തുകയും ചെയ്യുക എന്നതാണ് ഉദ്ദേശ്യം.രാവിലെതന്നെ തെളി വെള്ളത്തിലിറങ്ങി സുമംഗലിമാർ കൂട്ടുകാരികളോടൊത്ത് ആടുകയും പാടുകയും ചെയ്യുന്നു .വെള്ളവസ്ത്രം ധരിച്ച് ഊഞ്ഞാലാടുകയും കൈകൊട്ടിക്കളിക്കുകയും ചെയ്യുന്നു.

 നടുമുറ്റത്ത് ഒത്ത്ചേർന്ന് ആതിരപ്പൂ ചൂടുന്നു .അധ്വാനിക്കുക അനുഭവിക്കുക ആഹ്ലാദിക്കുക ഇതാണ് കേരളീയരുടെ ജീവിതാദർശം. ഇവിടത്തെ പൂക്കളും പ്രകൃതിയും ആണ്ടറുതികളും അതിന് അനുകൂലമായ ഒരു സാഹചര്യം ഒരുക്കിത്തരുന്നു.