Sunday, March 21, 2021

ആസ്വാദനക്കുറിപ്പ്_ കൊച്ചുചക്കരച്ചി- എ പി ഉദയഭാനു


                         എ പി ഉദയഭാനുവിന്റെ കൊച്ചുചക്കരച്ചി ഒരു ഉപന്യാസമാണ് .തന്റെ  ജീവിതത്തിലെ രസകരമായ ഓർമ്മകളും അനുഭവങ്ങളും കൂട്ടിയിണക്കിയാണ് ഇവിടെ അവതരിപ്പിക്കുന്നത് .വൃക്ഷങ്ങളിൽ പ്രധാനിയാണ് മാവ്. ഉണ്ണിമാങ്ങ പരുവം മുതൽ മാവിൻചുവട്ടിൽ സദ്യ ആരംഭിക്കുന്ന ഗ്രാമജീവിതത്തെക്കുറിച്ച് ഓർക്കുകയാണ് എ പി ഉദയഭാനു .പച്ചമാങ്ങ ഉപ്പു ചേർത്ത് കഴിക്കുന്നതും മാങ്ങ പഴുത്ത് കഴിക്കുന്നതും എത്രമാത്രം രസകരമാണ് എന്ന് അദ്ദേഹം ഓർക്കുന്നു.തൻ്റെ വീട്ടിലുണ്ടായിരുന്ന കുരുടിച്ചിഎന്ന മാവിൻ്റെ കാര്യം അദ്ദേഹം ഓർത്തു. അതിന് ചക്കക്കുരുവിന്റെ  വലുപ്പമില്ല .ചുള്ളിക്കമ്പുകൾ വിറകാക്കിയുയർത്തിയ ഹോമാഗ്നിയിൽ മാങ്ങനീരിട്ട് അണ്ണാൻ പിറന്നാൾ എന്ന ഒരു ചടങ്ങ് നടത്തിയിരുന്നത് അദ്ദേഹം ഓർത്തു. ഹോമധൂപം മാവിന്റെ  ഉയരത്തിൽ ചെല്ലുമ്പോൾ മാവ് മാങ്ങ പൊഴിച്ചു തരും എന്നായിരുന്നു വിശ്വാസം. കഴിഞ്ഞ തലമുറയിൽ ഗ്രാമപ്രദേശങ്ങളിൽ വസിച്ചിരുന്ന മിക്കവർക്കും അനുഭവിക്കാൻ കഴിഞ്ഞിട്ടുള്ള സൗഭാഗ്യങ്ങളിൽ ഒന്നാണ് ബാല്യകാലത്ത് സമപ്രായക്കാർ മൊത്തമായി മുകളിലുള്ള ഒത്തുചേരൽ.കവികൾക്കും മാവിനോട് ഇഷ്ടമാണ്. അവരും ഏതെങ്കിലും ഒരു കൊതിയ സമാജത്തിലെ അംഗങ്ങൾ ആയിരുന്നിരിക്കണം. അല്ലെങ്കിൽ മാങ്ങ പോലെ തേനൂറുന്ന കവിത എങ്ങനെ അവർക്ക് രചിക്കാൻ സാധിക്കുന്നു ?കാമദേവന്റെ  അമ്പിൽ ഒന്ന് മാമ്പൂവാണ് .വൈലോപ്പിള്ളി ശ്രീധരമേനോന്റെ  മാമ്പഴം എന്ന കവിത ഉൽക്കടമായ വേദനയുടെ മധുരം നമുക്ക് പകർന്നു തന്നതാണല്ലോ .തറവാട് വീട്ടിൽ താമസമുറപ്പിച്ചപ്പോഴാണ് കൊച്ചുചക്കരച്ചിയുമായി ബന്ധമുറച്ചത്.പണ്ട് ഒരു കാരണവർ കൊച്ചുചക്കരച്ചിയെ വെട്ടി നീക്കാൻ ഒരുങ്ങിയതാണ് .പക്ഷേ ആരൊക്കെയോ തടഞ്ഞു. അവൾക്ക് നാവുണ്ടായിരുന്നെങ്കിൽ കുടുംബത്തിലെ കഥ എല്ലാം പറയുമായിരുന്നുവെന്ന് എ പി ഉദയഭാനു ഓർത്തു .പണത്തിന് ബുദ്ധിമുട്ടു വന്നപ്പോൾ മാങ്ങ വിൽക്കാൻ അമ്മ ശ്രമിച്ചു. പക്ഷേ നീറുകൾ അതിൽ കയറാൻ ശ്രമിക്കുന്നവരെയെല്ലാം ഓടിച്ചു കളഞ്ഞു. മാങ്ങകൾ വിൽക്കാനുള്ളതല്ല, ആളുകൾക്ക് വെറുതെ കഴിക്കാനുള്ളതാണ് എന്ന മട്ടായിരുന്നു കൊച്ചുചക്കരച്ചിയുടെ നിലപാട്. മാവിന്റെ  തടിയുടെ വിലപറഞ്ഞു ആളുകൾ വന്നു .എന്നാൽ അവരെല്ലാം തുരുത്തപ്പെട്ടു.

കൊച്ചുചക്കരച്ചിയുടെ തടി ജീർണ്ണിച്ചു തുടങ്ങി. എല്ലാവരും അത് വെട്ടിക്കളയണം എന്ന് അമ്മയോട് പറഞ്ഞു. ഒന്നുകിൽ  അത് ശത്രുക്കളുടെ ദ്രോഹമാകാം .അല്ലെങ്കിൽ ഇടിമിന്നലിൽ  നശിച്ചതാകാം .അല്ലെങ്കിൽ തടിക്കച്ചവടക്കാർ തുരന്നതാകാം എന്നൊക്കെ പലരും പല അഭിപ്രായം പറഞ്ഞു. മാവ് ഒടിഞ്ഞു വീണാൽ ആളുകൾക്കാണല്ലോ ആപത്ത്. മാവിനെ വെട്ടണമെന്ന് ഉദയഭാനു വാശിപിടിച്ചു .എന്നാൽ അമ്മ ഒരു വാദവും സമ്മതിച്ചു തന്നില്ല .കൊച്ചുചക്കരച്ചി വീഴില്ല. വീണാലും അവൾ ആപത്ത് വരുത്തില്ല എന്ന ഉറച്ച നിലപാടായിരുന്നു അമ്മയ്ക്ക്. കാറ്റും മഴയും വരുമ്പോൾ അമ്മ മുറ്റത്ത് വരാന്തയിൽ വന്നിരിക്കും. കൊച്ചുചക്കരച്ചി ചതിക്കില്ല എന്ന വിശ്വാസമാണോ അതോ എല്ലാം തകർക്കുന്നെങ്കിൽ അതോടെ താനും കൂടി നശിച്ച് പോകട്ടെയെന്ന വിചാരമാണോ എന്നത് എ പി ഉദയഭാനുവിന് സംശയമായിരുന്നു. ആ ജീർണിച്ച അവസ്ഥയിലും മാവ് തളിർത്തു... പൂത്തു. മാമ്പഴങ്ങൾ ഉണ്ടായി.
 നല്ല കറുത്തവാവിൻ നാളിൽ മിന്നാമിനുങ്ങുകൾ ആ മാവിൽ വന്നിരിക്കുമ്പോൾ മറ്റൊരു ആകാശമാണോ എന്ന് തോന്നിച്ചു .ഇത്തരം കാഴ്ചകൾ  ആ വീട്ടുകാരെ വളരെയധികം സങ്കടപ്പെടുത്തി .കാരണം നാളെ ഈ മാവിന്റെ  നാശം ഉണ്ടാകുമല്ലോ എന്നോർത്ത്.കുറെ നാളുകൾക്കു ശേഷം ഒരു ശക്തിയുള്ള കാറ്റും മഴയും ഉണ്ടായി .അപ്പോൾ കൊച്ചുചക്കരച്ചി മുറിഞ്ഞു വീണു .മതിലിന്റെ  ഒരല്പം പൊളിഞ്ഞു എന്ന  വിപത്ത് മാത്രമേ സംഭവിച്ചുള്ളൂ.  പുളിമരത്തിന്റെ  ഏതാനും കൊമ്പുകളും അടർന്നുവീണു .അല്ലാതെ മറ്റൊരുപദ്രവവും ആ മാവ് വീണതു കൊണ്ട് ഉണ്ടായില്ല .ഒരു മിടുക്കനായ മരംവെട്ടുകാരന് പോലും ഇതിനേക്കാൾ നന്നായി ആ മരത്തെ മുറിച്ച് ഇടാൻ കഴിയുമായിരുന്നില്ല. കൊച്ചുചക്കരച്ചി ദോഷം വരുത്തില്ല എന്ന അമ്മയുടെ വിശ്വാസമാണ് ഇവിടെ ജയിച്ചത്. കൊച്ചുചക്കരച്ചിയുടെ മകൾ എന്ന നിലയിൽ അമ്മ വാത്സല്യത്തോടെ ഒരു മാവിൻ തൈ നട്ടു നനച്ചു വളർത്തി. പക്ഷേ അത് പുളിയുള്ള മാങ്ങയാണ്.

കൊച്ചുചക്കരച്ചിയിൽ ഒരു മനുഷ്യഭാവമുണ്ട് .മുത്തശ്ശിയെ പോലെ തലമുറയുടെ കഥ പറയുന്നവൾഎന്നാണ് എ പി ഉദയഭാനു പറയുന്നത് .കുല ശ്രേഷ്ഠകൾ, രണ്ടു ചക്കരച്ചികൾ, സഹോദരങ്ങൾ എന്നിങ്ങനെയും പറയുന്നുണ്ട് .ഇതിലും മനുഷ്യ ഭാവമുണ്ട്..തലമുടിയുള്ളവൾ എന്ന്പറയുമ്പോഴും അവിടെ സ്ത്രീ ഭാവമുണ്ട് .നേരുള്ളവൾ, ചതിക്കാത്തവൾ എന്നൊക്കെയും സൂചിപ്പിക്കുന്നുണ്ട്. കുട്ടികളെപ്പോലെ അരുമത്തം നേടിയവൾഎന്നും ഉദയഭാനു പറയുന്നു.

                    



2 comments:

Anonymous said...

Nice class
👍👍👍

Unknown said...

Pwoli pwoli👍👍

Post a Comment