Sunday, July 22, 2012

പത്താംക്ലാസ്സ്‌ കേരളപാഠാവലി-3 അര്‍ജ്ജുനവിഷാദയോഗം

ഹാഭാരതത്തില്‍ വേദവ്യാസന്‍ പറയാതെ പോയ കാര്യങ്ങള്‍ക്ക് സ്വയം ചോദ്യം ചോദിച്ച് ഉത്തരം കണ്ടെത്തുകയാണ് 'ഭാരതപര്യടന'ത്തിലൂടെ കുട്ടികൃഷ്ണമാരാര്‍ ചെയ്യുന്നത്.വ്യാസന്‍ മൌനം പാലിച്ച സന്ദര്‍ഭങ്ങള്‍ കണ്ടെത്തി കഥാപാത്രങ്ങളിലൂടെ,അവരുടെ മനസ്സിന്‍റെ ഉള്ളറകളിലൂടെ യാത്ര ചെയ്യുന്നു മാരാര്‍   .അര്‍ജ്ജുനവിഷാദയോഗം എന്ന ലേഖനം യുദ്ധത്തിന്‍റെ നിഷ്ഫലതയിലാണ് ഊന്നുന്നത്.അര്‍ജ്ജുനനെ ഒട്ടേറെ വലച്ച സംഭവങ്ങളെ വിശകലനം ചെയ്യുന്നു.

ചുരുക്കം ചിലര്‍ മാത്രം അവശേഷിച്ച പരിതാപകരമായ അവസ്ഥ കണ്ട് ഇനി ഒരിക്കലും യുദ്ധം ചെയ്യില്ല എന്ന് തീരുമാനിച്ച് അശ്വമേധത്തിനിറങ്ങിയ അര്‍ജ്ജുനന് പിന്നേയും പലരേയും കൊല്ലേണ്ടിവന്നു.ദുശ്ശളയുടെ ഭര്‍ത്താവ് ജയദ്രഥന്‍റെ രാജ്യമായ സൈന്ധവരാജ്യത്തില്‍ അശ്വം എത്തി.[യുദ്ധത്തില്‍ ജയദ്രഥനെ വധിച്ചത്‌ അര്‍ജ്ജുനനാണ് ]ജയദ്രഥന്‍റെ മകനായ സുരഥനാണ്‌ ഇപ്പോള്‍ ആ രാജ്യം ഭരിക്കുന്നത്.തന്‍റെ പിതാവിനെ വധിച്ചവന്‍ നാട്ടിലെത്തിയെന്നറിഞ്ഞ നടുക്കത്തില്‍ സുരഥന്‍ മരിച്ചുവീണു.ആ നാട്ടുകാര്‍ അര്‍ജ്ജുനനോട്‌ ശക്തമായ്‌ പോരാടി.അവരോടെതിര്‍ത്ത് അവശനായെങ്കിലും അര്‍ജ്ജുനന്‍ വിജയിച്ചു.

രണപ്പെട്ട സുരഥന്‍റെ പിഞ്ചുകുഞ്ഞിനേയും എടുത്തുകൊണ്ട് സഹോദരിയായ ദുശ്ശള വിലപിച്ചുകൊണ്ട് മുന്നില്‍ വന്നുനിന്നപ്പോള്‍ എന്തുവേണമെന്ന് അര്‍ജ്ജുനന്‍ ചോദിച്ചു.അവള്‍ക്ക്   ഒന്നിനോടും ഒരു പരാതിയുമില്ല.ആ കൈക്കുഞ്ഞിനോട് ആയിടെ അഭിമന്യുവിന് ജനിച്ച കുഞ്ഞിനോടെന്ന വിധം വാത്സല്യം തോന്നണമേ എന്ന് അവള്‍ യാചിച്ചു.ആയുധം നിഷ്ഫലം എന്ന് അറിഞ്ഞ ആ മുഹൂര്‍ത്തത്തില്‍ അര്‍ജ്ജുനന്‍റെ ഹൃദയം പറഞ്ഞറിയിക്കാനാവാത്ത ദു:ഖത്തില്‍ മുങ്ങിപ്പോയ്‌.. .

ങ്ങള്‍ ചെയ്ത 'വീരകൃത്യങ്ങള്‍ ' കാരണമാണല്ലോ സഹോദരി അനാഥയായ്‌ പിച്ചക്കാരിയെ പോലെ തങ്ങളുടെ മുന്നില്‍ വന്നു നില്‍ക്കുന്നത്‌  .നൂറ്റഞ്ചു സഹോദരന്മാരുടെ പെങ്ങള്‍ ഇപ്പോഴിതാ അശരണയായ്‌ കേഴുന്നു.എന്തൊക്കെ നേടി എന്നുപറഞ്ഞാലും ഈ അധര്‍മ്മത്തിന് പരിഹാരം കണ്ടെത്താനാവില്ലയെന്ന തിരിച്ചറിവ് അര്‍ജ്ജുനനെ വിഷാദത്തിലേക്ക് നയിക്കുന്നു.

പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്തപ്പോള്‍  നാണംകെട്ട നിസ്സംഗത പാണ്ഡവര്‍ക്കുണ്ടായി.ഇന്ന് ഇവളെ രക്ഷിക്കാന്‍ ആങ്ങളമാരില്ലല്ലോ.സഹോദരിയെ സംരക്ഷിക്കേണ്ടിയിരുന്ന തനിക്ക്‌  ഇന്ന് വീണ്ടും നാണംകെട്ട ആ നിസ്സംഗത വന്നോ എന്ന് അര്‍ജ്ജുനന്‍ ചിന്തിക്കുന്നു.

ന്‍റെ പുത്രനെ കൊന്നവനായ ജയദ്രഥനെ താനും കൊന്നു.എന്നാല്‍ അയാളുടെ പുത്രനെ മനസ്സറിഞ്ഞുകൊണ്ടല്ലയെങ്കിലും പേടിപ്പിച്ചു കൊന്നത് എത്ര ഭീകരമായിപ്പോയ്‌!!!!!!!!!  !

താന്‍ രക്ഷിക്കേണ്ടിയിരുന്ന സ്ത്രീ തന്‍റെ പേരക്കുഞ്ഞിന്‍റെ ജീവനുവേണ്ടി തന്നോട് യാചിക്കെണ്ടിവന്നത് എത്ര പരിതാപകരം!ഇങ്ങനെ അര്‍ജ്ജുനന്‍ ചിന്തയാല്‍ വേട്ടയാടപ്പെടുന്നു.വ്യാസന്‍ ചുരുക്കം വാക്കുകള്‍ മാത്രമേ ഈ അവസ്ഥയെ കുറിക്കാന്‍ ഉപയോഗിക്കുന്നുള്ളൂ.

യുദ്ധത്തിനു ശേഷമുള്ള മഹാഭാരതകഥ ശോകപൂര്‍ണ്ണമാണ്  .കര്‍ണ്ണന്‍ തന്‍റെ സഹോദരനാണ് എന്നറിഞ്ഞപ്പോള്‍ യുധിഷ്ഠിരന്‍ അനുഭവിച്ച ആത്മനിന്ദ പറഞ്ഞറിയിക്കാന്‍ പറ്റില്ല .തന്‍റെ ദിവ്യായുധങ്ങളെല്ലാം പ്രയോജനമില്ലാത്തതാണെന്ന അറിവ് മുന്‍പും അര്‍ജ്ജുനന് ഉണ്ടായിട്ടുണ്ട്.യാദവസ്ത്രീകളേയും കുട്ടികളേയും കാട്ടാളന്മാരില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ അസ്ത്രവിദ്യകള്‍ പ്രയോജനകരമാകാഞ്ഞ അനുഭവത്തില്‍ നിന്നും  എല്ലാം അറിഞ്ഞതാണ്.

പാണ്ഡവന്മാര്‍ സകലതും പരിത്യജിച്ച് മഹാപ്രസ്ഥാനത്തിനു മരവുരി ധരിച്ച് പുറപ്പെട്ടപ്പോള്‍ അഗ്നിദേവന്‍  പ്രത്യക്ഷപ്പെട്ടുപറഞ്ഞപ്പോള്‍ മാത്രമാണ് ഗാണ്ഡീവം വെള്ളത്തിലിട്ട് യാത്ര തുടര്‍ന്നത്.ഒരാള്‍ നേട്ടമെന്നെണ്ണുന്ന കാര്യം അയാള്‍ക്ക് പ്രയോജനകരം അല്ലെന്നറിഞ്ഞിട്ടും അത് കൈവെടിയാത്ത അവസ്ഥയോര്‍ത്ത് കവി ദു:ഖിക്കുന്നു.

[മനുഷ്യനെ മൃഗമാക്കുന്ന ഒന്നാണ് യുദ്ധം.സ്വന്തക്കാരേയും ബന്ധുക്കളേയും കൊന്നൊടുക്കിയിട്ട് ഒരു ദിവസം പോലും സന്തോഷിച്ചു ജീവിക്കാന്‍ പാണ്ഡവര്‍ക്കാകുന്നില്ല.യുദ്ധത്തെക്കുറിച്ച് എഴുതിയ കൃതികളെല്ലാം യുദ്ധവിരുദ്ധകൃതികളാണ്.ലോകമഹായുദ്ധങ്ങളുടെ നാശം കൊണ്ടറിഞ്ഞവരാണ് നാം.യുദ്ധങ്ങള്‍ക്കെതിരെ മനുഷ്യരെ ഉണര്‍ത്തുക എന്ന കൃത്യം ചെയ്യേണ്ട കടമ എഴുത്തുകാര്‍ക്കുണ്ട്.]


                                                            കുട്ടിക്കൃഷ്ണമാരാര്‍