![]() |
മുഖം മൂടി |
നെയ്തുകൂട്ടിയ സ്വപ്‌നങ്ങളെല്ലാമൊരുദിനം
കൂടയിലാക്കിയൊഴുക്കി വിട്ടു
നിരാലംബത വരണമാല്യമായത്രേ
ആരോ പറഞ്ഞ കഥ
ഇടവേളകള്‍ ശുഷ്ക്കമായതിനാല്‍
മുഖംമൂടി അഴിക്കാന്‍ കഴിയാറേയില്ല
പ്രഭാത മധ്യാഹ്നസായാഹ്നങ്ങള്‍
ആടിതിമര്‍ത്തു
നിശയില്‍ കണ്ണീര്‍മഴകള്‍
പെയ്തൊടുങ്ങി
തൂവാലകള്‍ നനഞ്ഞു കുമിഞ്ഞപ്പോള്‍
പൊട്ടിച്ചിരിക്കാനാരോ പഠിപ്പിച്ചു
എപ്പോഴാണെന്നറിയില്ല
ഹൃദയത്തിലൊരു ശിലനാട്ടി
ആഞ്ജകളട്ടഹാസങ്ങള്‍
തേജോവധങ്ങളവഗണനകള്‍
ശിലകള്‍ പുകഞ്ഞു പൊടിഞ്ഞതാരും കണ്ടില്ല
ശിലകളില്‍ നിന്ന് രക്തം കിനിയുമത്രേ
എപ്പോഴാണാവോ ?
ആ ദിനം എന്റേതായിരുന്നു
ഏതെന്നു ചോദിക്കാത്തതെന്ത്?
പറയാനെനിക്കായിരം നാവുണ്ടായി-
രുന്നെങ്കിലെന്‍ മകനെ ?
വിപണിയില്‍ നിന്നൊരെണ്ണം
വാങ്ങിത്തരുമോ സഖീ?
ഇനി വരും സായംസന്ധ്യകളി-
ലെനിക്കെന്റെ മുഖം മറക്കാന്‍