Sunday, March 21, 2021

പ്രലോഭനം -ഉണ്ണായിവാര്യർ( ആസ്വാദനക്കുറിപ്പ് )



                  ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥ രണ്ടാം ദിവസത്തിലെ മൂന്നാം രംഗമാണ് പ്രലോഭനം എന്ന പേരിൽ  നൽകിയിരിക്കുന്നത്. മഹാഭാരതം വനപർവ്വത്തിലെ നളോപാഖ്യാനമാണ് നളചരിതം ആട്ടക്കഥയുടെ ഇതിവൃത്തമായി സ്വീകരിച്ചിരിക്കുന്നത് .കഥകളിയുടെ സാഹിത്യരൂപമാണ് ആട്ടക്കഥ .ആട്ടക്കഥാ പ്രസ്ഥാനത്തിന് സാഹിത്യ രംഗത്ത് മഹത്തായ ഒരു സ്ഥാനം നൽകിക്കൊടുത്ത കൃതിയാണ് ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥ.

ദമയന്തിയുടെ സ്വയംവരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിലും ദമയന്തി നളനെ വരിച്ചതിലും കുപിതനായ കലി നളദമയന്തിമാരെ തമ്മിലകറ്റി രാജ്യത്ത് നിന്നും പുറത്താക്കുമെന്ന്  ശപഥം ചെയ്തു .അതിനായി അനുജനായ പുഷ്കരനെ സ്വാധീനിക്കാൻ ശ്രമിക്കുകയാണ്. കോപത്തിനു മത്സരത്തിനും വശംവദനായി കലി ദ്വാപരനോടൊപ്പം ഭൂമിയിലേക്ക് ചെല്ലുന്നു. പുഷ്കരനെ അന്യന്റെ ധനം അപഹരിക്കാൻ കലി പ്രേരിപ്പിച്ചു .തനിക്കുതന്നെ ആപത്തായിത്തീരുമെന്ന് മൂഢനായ പുഷ്കരന് മനസ്സിലായില്ല .

തന്റെ  അരികിൽ വന്നു നിന്നത് ആരാണ് ?എന്തുവേണം? എല്ലാം വേഗം പറയുക? എന്നാണ്  പുഷ്കരൻ കലിയോടും ദ്വാപരനോടും പറയുന്നത്. വന്നിരിക്കുന്നവർ  ആരാണെന്നറിയാൻ പുഷ്കരൻ തിരിഞ്ഞുനോക്കുന്നില്ല. തന്നെ കണ്ടിട്ട് ആർക്കും ഒരു കാര്യവുമില്ല. മറ്റെന്തെങ്കിലും ആവശ്യത്തിനായി അടുത്തു കൂടെ പോകുന്ന ആളുകളായിരിക്കും എന്നാണ് അയാൾ ഓർത്തത്. നിങ്ങൾ എന്താണ് എന്റെ  അരികിൽ വന്നത്? നിങ്ങളുടെ ആഗ്രഹം എന്താണ്? എല്ലാം എന്നോട് പെട്ടെന്ന് പറയുക എന്നാണ് പുഷ്കരൻ പറയുന്നത് .നിങ്ങളെ ഞാൻ അറിയില്ല എങ്കിലും എൻ്റെ അരികിൽ വന്നപ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നി .കാരണം ഈ ലോകത്തിലുള്ള എല്ലാ ജനങ്ങളും നളനെ കാണാനാണ് വരുന്നത്. നളൻ അവർക്ക് വേണ്ടുന്ന കാര്യങ്ങൾ എല്ലാം സാധിച്ചു കൊടുക്കും. ദൂരെനിന്ന് ആരും എന്നെ ഇതുവരെ കാണാൻ വന്നിട്ടില്ല.നാടും നഗരവും രാജ്യത്വചിഹ്നങ്ങളായ വെൺകൊറ്റക്കുടയും ചാമരവും ഒന്നും എനിക്കില്ല. ശത്രു രാജാക്കളെ അമർച്ച ചെയ്യാൻ വേണ്ട സൈന്യം ഇല്ല .കേവലം ക്ഷത്രിയൻ എന്ന പേര് മാത്രമേ എനിക്കുള്ളൂ എന്ന്  ആദ്യമായി കണ്ട കലിയോടും ദ്വാപര നോടും പുഷ്കരൻ പറയുന്നു.ഞാൻ എന്തിനാണ് വെറുതേ നിങ്ങളോട് പലതും പറഞ്ഞു കേൾപ്പിക്കുന്നത് ? നളന്റെ  കർമ്മം ഒന്ന് എൻ്റെ കർമ്മം മറ്റൊന്ന് .അതിരിക്കട്ടെ നമ്മളെക്കൊണ്ട് എന്തുപകാരമാണ് നിങ്ങൾക്ക് വേണ്ടത്  എന്ന് പുഷ്കരൻ ചോദിക്കുന്നു . ഇവിടെ അയാളുടെ നിസ്സഹായതയും ഒളിഞ്ഞിരിക്കുന്ന അസൂയയും പ്രകടമാകുന്നു.  ഈ വാക്കുകളിലൂടെ  നമുക്ക് പുഷ്കരന്റെ  മനസ്സ് വായിച്ചെടുക്കാൻ സാധിക്കും. അത്യന്തം  അസൂയാലുവും അസംതൃപ്തനുമാണ് പുഷ്കരൻ. പ്രജാക്ഷേമ തൽപരനായ ജനങ്ങളുടെ ആരാധനാ പാത്രമാണ് നളൻ .സുന്ദരിയായ ദമയന്തി യോടൊപ്പം നളൻ  ഐശ്വര്യമായി കഴിയുന്നു .താൻ രാജകുടുംബാംഗമാണെന്ന് പറഞ്ഞിട്ട് എന്തുകാര്യം? അധികാരം ഇല്ലാത്തതിനാൽ നളനെ എന്നപോലെ ആരും തന്നെ കാണാൻ വരുന്നില്ല. അങ്ങനെ ആകെക്കൂടി അലസതയിൽ മുങ്ങിക്കഴിയുന്ന പുഷ്കരന്റെ  മാനസികാവസ്ഥ ധ്വനിപ്പിക്കുന്നതാണ് ഈ വാക്കുകൾ

.ഞങ്ങളുടെ പദ്ധതി വിജയിപ്പിക്കാൻ ഏറ്റവും പറ്റിയ മാനസികാവസ്ഥയിലാണ് പുഷ്കരൻ എന്ന് മനസ്സിലാക്കിയ കലി അയാൾക്ക് ആവേശം നൽകി പ്രലോഭിപ്പിക്കാൻ ശ്രമിക്കുന്നു .പുഷ്കരാ നീ നിന്റെ  ജന്മം വെറുതെ പാഴാക്കരുത് എന്ന കലി പറയുന്നു. ശ്രമിച്ചാൽ നിനക്ക് പലതും നേടാൻ കഴിയും എന്ന് സാരം .ഇവിടുത്തെ പഴുതേ എന്ന വാക്കിന് സാധാരണ അർത്ഥത്തിനപ്പുറം അർത്ഥവ്യാപ്തി കൈവരുന്നത് അതുകൊണ്ടാണ്. കലി  ഇങ്ങനെയാണ് പറഞ്ഞത്. പുഷ്കരാ  നിന്റെ  ജന്മം നീ പാഴാക്കരുത് .ശ്രമിച്ചാൽ നിനക്ക് പലതും നേടാൻ കഴിയും. എൻ്റെ സഹായം ലഭിച്ചാൽ നേടാൻ കഴിയാത്തതായി ഒന്നുമില്ല. നളനും നീയും തമ്മിൽ വ്യത്യാസമൊന്നുമില്ല. അതിനാൽ ഇപ്പോൾത്തന്നെ നളനെ തോൽപ്പിച്ച് നീ രാജാവാകുക. ഇനി ഒന്നും ഒളിക്കാതെ ഞാൻ ആരാണെന്ന് നിന്നോട് തുറന്നു പറയാം. ഭൂമിയിൽ എന്നെ അറിയാത്തവരായി ആരുമില്ല. വീരസേനന്റെ  പുത്രനായ നളന് ഞാൻ ശത്രുവാണ്. എന്നാൽ നിനക്ക് ഞാൻ മിത്രമാണ്.അവന്റെ  രാജ്യം ഞാൻ നിനക്ക് തരുന്നു.  അതിനായി നീ ധൈര്യത്തോടെ ചൂതാട്ടത്തിലേർപ്പെടാൻ പോരൂ.കലി തുടർന്നു. നീ എന്റെ  അഭിപ്രായത്തിൽ ഉറച്ചു നിൽക്കണം .അങ്ങനെ നിന്നാൽ  നിനക്ക് വിജയം ഉറപ്പാണ്. ചൂതിൽ  പണയം വയ്ക്കാൻ വിലപിടിപ്പുള്ള വസ്തുക്കൾ ഒന്നുമില്ലയെന്നാണെങ്കിൽ ഈ എന്നെത്തന്നെ പണയം വച്ചുകൊള്ളുക. (കാളയുടെ രൂപം ധരിച്ച കലിയെയാണ് പണയം വച്ചത് ) ധനധാന്യാദിളും രാജ്യവും എല്ലാം കൈക്കലാക്കിയിട്ട് ഉടനെ  നളനെ കാട്ടിലേക്ക് അയക്കുക .വിഡ്ഢിയായ പുഷ്കരനെ ക്രൂരനും അധാർമികനുമായ കലി ഇങ്ങനെ പ്രലോഭിപ്പിച്ചാണ് നളദമയന്തിമാരെ കാട്ടിൽ അയക്കാനുള്ള തന്ത്രമൊരുക്കുന്നത്

                      

                      

                     

No comments:

Post a Comment