Friday, September 3, 2021

കുപ്പിവളകൾ - സാറാ തോമസ്

 

 സാറാതോമസ് 

       സാറാതോമസിന്റെ  ഹൃദയസ്പർശിയായ കഥയാണ് കുപ്പിവളകൾ. കണ്ണമ്മ എന്ന പെൺകുട്ടിയുടെ ചിന്തകളിലൂടെയാണ് കഥ ഇതൾവിരിയുന്നത്. അന്ധയായ കണ്ണമ്മയുടെ ജീവിത സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് കഥയിൽ പറയുന്നത്.പ്രതീക്ഷിക്കാൻ കൂടുതലായി അവൾക്ക് ഒന്നുമില്ല. അവളുടെ ജീവിതത്തിലേക്ക് കുപ്പിവളകൾ അതിഥികളായി എത്തുമ്പോൾ ഒത്തിരി സന്തോഷമുഹൂർത്തങ്ങളാണ് അവൾക്ക് സമ്മാനിക്കപ്പെടുന്നത്. ഈ കഥയിലെ പ്രധാന കഥാപാത്രം അന്ധയായ കണ്ണമ്മയാണ്. പ്രത്യേക പരിഗണന അർഹിക്കുന്ന കഥാപാത്രമാണ് .അനാഥാലയത്തിൽ വിശിഷ്ടാതിഥികൾ ഓരോരുത്തരായി വരിക പതിവുണ്ട്. തങ്ങളെ പ്രദർശന വസ്തുക്കളെ പോലെനിർത്തുന്ന മനോഭാവത്തെ  ചെറുക്കാൻ അവൾക്ക് സാധിക്കുന്നില്ല."ഞങ്ങൾക്ക് ഇങ്ങനെയും ഒരാളുണ്ട് കണ്ണിന് കാഴ്ചയില്ലാത്ത കണ്ണമ്മ "എന്ന് പറഞ്ഞാണ് സിസ്റ്ററമ്മ അതിഥികളുടെ മുന്നിൽ തന്നെ പരിചയപ്പെടുത്തുന്നത് .കാഴ്ചയുള്ള മേരിയും ലിസയും സേതുവും ഒക്കെ പറയുന്നതൊന്നും തനിക്ക് മനസിലാകാത്തത് കാഴ്ചയില്ലാത്തതുകൊണ്ടാണെന്ന് കണ്ണമ്മ തിരിച്ചറിയുന്നുണ്ട്.


      ദേവു ചേച്ചി മാത്രമാണ് കൈവെള്ളയിൽ പിടിച്ച് എന്തെങ്കിലുമൊക്കെ ചൂണ്ടുവിരൽ കൊണ്ട് വരച്ച്  തന്നെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് .അതിഥികൾ വന്നു. എല്ലാവർക്കും പുതിയ വസ്ത്രങ്ങൾ നല്കി. മുൻപ് വന്ന ഒരു അതിഥി ഓണത്തിന് പുതുവസ്ത്രങ്ങൾ സമ്മാനിച്ച കാര്യം കണ്ണമ്മ ഓർത്തു .എല്ലാവർക്കും പുതിയ വസ്ത്രം എന്നു പറഞ്ഞാൽ അത് വളരെ സന്തോഷമാണ്. തന്നെ സംബന്ധിച്ചാണെങ്കിൽ കുളിച്ചു മാറ്റിയുടുക്കാൻ പറ്റിയ വസ്ത്രം എന്നല്ലാതെ മറ്റൊന്നും ചിന്തിക്കാൻ ആകുന്നില്ല. ഇപ്രാവശ്യം തങ്ങൾക്ക് പുതിയ വസ്ത്രങ്ങൾ  കൊണ്ടുവന്ന ആളുകളെക്കുറിച്ച്  ലിസി പറഞ്ഞു .അവരുടെ കൂടെ ഒരു നല്ല സുന്ദരിക്കുട്ടി ഉണ്ട് .കയ്യിൽ നിറയെ കുപ്പിവളകൾ ഉണ്ടെന്നും പറഞ്ഞു .കുപ്പിവളകൾ എന്ന് കേട്ടപ്പോൾ അവൾക്ക് സന്തോഷമായി. പള്ളിയിൽ കുർബാന സമയത്തുള്ള മണികിലുക്കം പോലെ കിലുങ്ങുന്ന ഒരു വസ്തു എന്നാണ് കണ്ണമ്മയുടെ ധാരണ.  കുപ്പിവളകളെക്കുറിച്ച് കൂടുതൽ പറഞ്ഞുതന്നത് ദേവുചേച്ചിയാണ്. മഴ പാത്തിയിൽ കൂടി പെയ്തപ്പോൾ അവൾ കൈ വീണ്ടും വെളിയിലേക്ക് നിവർത്തി .അപ്പോൾ തന്റെ  കൈത്തടത്തിൽ ആരോ സ്പർശിക്കുന്നത് പോലെ തോന്നി. 


   സിസ്റ്ററമ്മ പറഞ്ഞു റോസി മോൾ ഒരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട് .കൈനീട്ടിക്കൊടുക്കാൻ  പറഞ്ഞു.അവൾ കൈനീട്ടിക്കൊടുത്തപ്പോൾ കൈത്തണ്ടയിൽ കലപില കൂട്ടുന്ന കുപ്പിവളകൾ ഇടുകയാണ് എന്ന് മനസ്സിലായി.മണികിലുക്കം പോലെ കൗതുകമുണർത്തുന്ന ശബ്ദം അവൾ കേട്ടു .മനസ്സിൽ സന്തോഷത്തിന്റെ  രോമാഞ്ചം വന്നു .അത് ശരീരം മൊത്തം പടർന്നു കയറുകയാണെന്ന് അവൾക്ക് തോന്നി. അവളുടെ മുഖം ആകെ സന്തോഷംകൊണ്ട് തുളുമ്പി .അവൾ മറ്റെല്ലാ കാര്യങ്ങളും മറന്നുപോയിരുന്നു.മനസ്സിന്റെ നന്മ ആഹ്ലാദം ജനിപ്പിക്കുന്നതാണ്. അത് ജീവിതത്തിന് സൗന്ദര്യം നൽകും .


   കണ്ണമ്മയുടെ ലോകം .ശബ്ദങ്ങളുടേതുമാത്രമാണ് കുപ്പിവളകളുടെ  കിലുക്കം അവളുടെ ജീവിതത്തിൽ വളരെ സന്തോഷം നിറയ്ക്കുന്നു .അവളുടെ ജീവിതം പ്രത്യാശാഭരിതമായി മാറുന്നു. കുപ്പിവളകൾ എന്ന ശീർഷകം അതിന്റെ  കലമ്പലുകളിലൂടെ കണ്ണമ്മയുടെ അനുഭവ ലോകവുമായി ഈ കഥയെ ബന്ധിപ്പിക്കാൻ സഹായകമാകുന്നു. കുപ്പിവളകൾ എന്ന കഥ വായിക്കപ്പെടേണ്ടത് കണ്ണമ്മയോടുള്ള സഹാനുഭൂതി എന്ന നിലയിലല്ല .അവളോട് കാണിക്കുന്ന സന്മനസ്സിൽ നിന്നുണ്ടായ സൗന്ദര്യം എന്ന നിലയിലാണ്.മനസ്സിന്റെ ആഹ്ലാദമാണ് സൗന്ദര്യം .മനസ്സിനെ ആഹ്ലാദിപ്പിക്കുന്ന നന്മയെക്കുറിച്ചാണ് കഥയിൽ പറയുന്നത്. നന്മയും ആഹ്ലാദവും   ജീവിതത്തെ കൂടുതൽ ആവേശം കൊള്ളിക്കുന്നു. ശബ്ദം എന്നതുപോലെ സ്പർശവും കണ്ണമ്മയുടെ അനുഭവ ലോകത്തെ സ്വാധീനിക്കുന്നുണ്ട് .അങ്ങനെ ശബ്ദത്തിന്റേയും സ്പർശത്തിന്റേയും ലോകത്തിൽ ഒതുങ്ങിനിൽക്കുന്ന  കണ്ണമ്മയുടെ മാനസിക സൗന്ദര്യത്തിന്റെ ആവിഷ്കാരമാണ് കുപ്പിവളകൾ


 ഹെലൻ കെല്ലർ -അവതരണം -ആൻഡ്രിയ  റീത്ത 

വിൽമ റുഡോൾഫ്-അവതരണം-ശ്രേയ  ബെൻ  സുരേന്ദ്രൻ 


സ്റ്റീഫൻ  ഹോക്കിങ് -അവതരണം-മാനസ്  കെ .എസ് 



       നിക്ക് -അവതരണം - ഹെലൻ 


 ബീഥോവൻ -അവതരണം -അനുപമ

കൊടിയേറ്റം _അടൂർ ഗോപാലകൃഷ്ണൻ

 

അടൂർ ഗോപാലകൃഷ്ണൻ 

    കാലത്തേയും ദേശത്തേയും അതിർവരമ്പുകളില്ലാതെ ആസ്വദിക്കാൻ പറ്റുന്ന ജനപ്രിയ കലയാണ് സിനിമ. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത കൊടിയേറ്റം എന്ന സിനിമയുടെ തിരക്കഥയിലെ ഒരു ഭാഗമാണ് പാഠഭാഗം. 1978 ഇൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കൊടിയേറ്റം. അടൂർ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള അവാർഡും മികച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഈ ചിത്രം നേടി. സിനിമയുടെ സാഹിത്യരൂപമാണ് തിരക്കഥ .കൊടിയേറ്റത്തിന്റെ തിരക്കഥയാണ് പാഠഭാഗം.ശങ്കരൻകുട്ടിയെ കേന്ദ്ര കഥാപാത്രമാക്കിയ കൊടിയേറ്റം ജീവിതത്തിന്റെ നിസ്സാരത ബോധ്യപ്പെടുത്തുന്ന ചലച്ചിത്രമാണ് .അലസവും ആഹ്ലാദകരമായ ജീവിതയാത്രയിൽ സ്വയം മനസ്സിലാക്കാനാകാതെ പോവുകയും ഒടുവിൽ താനും സമൂഹത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയുകയും ചെയ്യുന്ന നിഷ്കളങ്കനായ കഥാപാത്രമാണ് കൊടിയേറ്റത്തിലെ ശങ്കരൻകുട്ടി .അയാളുടെ മനസ്സു നിറയെ നന്മയാണ്. ലോറി ക്ലീനറായി ജോലി ചെയ്യുന്ന ശങ്കരൻകുട്ടി ഭാര്യയെയും കുഞ്ഞിനെയും കാണാനായി വരുന്ന ഭാഗമാണ് പാഠഭാഗം ചർച്ചചെയ്യുന്നത് .

  കഥാപാത്രങ്ങളുടെ ഭാവ ചലനങ്ങൾക്ക് വളരെയേറെ പ്രാധാന്യം കൊടുത്തിരിക്കുന്നു.ശങ്കരൻകുട്ടി വീട്ടിലേക്ക് വരുന്നതും ശാന്തമ്മയെ കാണുന്നതുമായ രംഗം ഉദാഹരണം.ഏറെ വൈകാരികമായ രംഗങ്ങൾ പോലും അടൂർ ഗോപാലകൃഷ്ണൻ അതിന്റെ പൂർണ്ണതയിൽ ആവിഷ്കരിച്ചിരിക്കുന്നു. തന്റെ കുഞ്ഞിനെ കാണുമ്പോൾ ശങ്കരൻകുട്ടിയിൽ ഉണ്ടാകുന്ന പുഞ്ചിരി ഏറെ സ്നേഹസാന്ദ്രമാണ്. പൊതുവേ കുഞ്ഞുങ്ങളോട്  ഇഷ്ടമുള്ള ശങ്കരൻകുട്ടി തന്റെ കുഞ്ഞിനെക്കാണുമ്പോൾ ആഹ്ലാദം മറച്ചുവയ്ക്കുന്നില്ല. 

 നദിയുടെ അരികിൽ  നിൽക്കുന്ന കുഞ്ഞിനെ നോക്കാത്തത് കൊണ്ട് കുഞ്ഞിന്റെ അമ്മയെ ശകാരിക്കുന്ന രംഗത്തും ശങ്കരൻകുട്ടിക്ക് കുഞ്ഞുങ്ങളോടുള്ള കരുതലും വാത്സല്യവും പ്രകടമാണ് .താനൊരു പിതാവാണെന്ന ഉത്തരവാദിത്വബോധത്തിലേക്ക് വളർന്ന ശങ്കരൻകുട്ടിക്ക് ഒരുമിച്ച് ജീവിക്കാൻ കഴിയാത്തതിലുള്ള നൊമ്പരമുണ്ട്. അത് അവർ നോട്ടങ്ങളിൽ മാത്രം ഒതുക്കുന്നു. പറയാതെ പോകുന്ന മൗനങ്ങളും  ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു. തീവ്രമായ ഭാവങ്ങളെ അതിന്റെ പൂർണ്ണതയിൽ ചിത്രീകരിക്കാനുള്ള കഴിവ് ഇത്തരം സന്ദർഭങ്ങളിൽ പ്രകടമാണ്ശങ്കരൻകുട്ടി നടന്നു നീങ്ങുമ്പോൾ പറമ്പിൽ എവിടെയോ വിരഹ വേദനയുടെ പ്രതീകമെന്നോണം പശു അമറുന്നുണ്ടായിരുന്നു. ഇത്തരത്തിൽ പശ്ചാത്തല രംഗത്തിലെ ശബ്ദങ്ങൾ പോലും മനോഹരമായി സംയോജിപ്പിച്ചുകൊണ്ട് സിനിമയെ ക്കുറിച്ചുള്ള പരമ്പരാഗത ധാരണകളെ കൊടിയേറ്റം തിരുത്തുന്നു. 

  പച്ചയായ ജീവിതത്തിന്റെ തനിമയാർന്ന ആവിഷ്കാരമായി സിനിമ മാറുന്നു. ശങ്കരൻകുട്ടിയായി അഭിനയിച്ച ഭരത്ഗോപി ഓരോ നിമിഷവും ശങ്കരൻകുട്ടിയായി ജീവിക്കുകയായിരുന്നു.നിലനിൽക്കുന്ന ധാരണകളെ തകർത്ത സിനിമയാണിത്. മലയാള സിനിമയുടെ മാറ്റത്തെ അടയാളപ്പെടുത്തിയ സിനിമയാണ്. പച്ചയായ ഗ്രാമീണതയുടെ പ്രത്യേകതയെ തനിമയോടെ ആവിഷ്കരിക്കുകയാണ് കൊടിയേറ്റം എന്ന സിനിമ. കെട്ടുപൊട്ടിയ പട്ടം പോലെ പാറി നടന്ന  ശങ്കരൻ കുട്ടിയുടെ വ്യക്തിത്വത്തെ തിരിച്ചറിയുന്നതാണ് തിരക്കഥയുടെ പ്രമേയം സൂക്ഷ്മമായ ആവിഷ്കാരങ്ങളാണ് അടൂർ സിനിമയെ വ്യതസ്തമാക്കുന്നത് .പറയാതെ പറയുന്ന മൗനങ്ങളും അർഥഗർഭമായനോട്ടങ്ങളും കഥാഗതിയെ സമ്പന്നമാക്കുന്നു.  നിലവിലുള്ള സിനിമകളിൽ നിന്നും വ്യത്യസ്തമായി നാടകീയത ഒട്ടുമില്ലാത്ത സ്വാഭാവികമായ അവതരണം കൊടിയേറ്റത്തെ വ്യത്യസ്തമാക്കുന്നു സന്ദർഭങ്ങളെ സ്വാഭാവികതയോടെ അവതരിപ്പിച്ചിരിക്കുന്നു. യോജിച്ച പശ്ചാത്തലം ഒരുക്കുന്നു. ശബ്ദദൃശ്യ സാധ്യതകളുടെ സംയോജനം വളരെ ഗംഭീരമായിരിക്കുന്നു. കഥാപാത്രങ്ങളുടെ സ്വാഭാവികമായ അഭിനയം, ക്യാമറയുടെ സ്ഥാനം ഇവ ഈ സിനിമയുടെ പ്രത്യേകതയാണ്.മനുഷ്യരുടെ ജീവിതാവിഷ്കാരങ്ങൾ, ഭാഷാപ്രയോഗങ്ങൾ ഇവ ദൃശ്യ സാധ്യതകൾ ഉപയോഗിച്ച് കൂടുതൽ സ്വാഭാവികവും മികവുറ്റതാക്കാൻ കഴിയുന്നു . അലസമായി ജീവിച്ച ഗ്രാമീണ നന്മയുള്ള കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ ചുരുളഴിയുന്നത്.


                                       

                            കൊടിയേറ്റം-പാഠഭാഗം -യുട്യൂബ് ലിങ്ക് 

                             

 ഭരത് ഗോപി