Thursday, November 12, 2020

രണ്ടു മത്സ്യങ്ങൾ -അംബികാസുതൻ മാങ്ങാട്




                             ദൃശ്യാവിഷ്ക്കാരം

 കവ്വായിക്കായലിൽ നിന്ന് ശൂലാപ്പ് കാവിലേക്ക് മുട്ടയിടാനായി യാത്ര പോകുന്ന രണ്ട് നെടുംചൂരി മത്സ്യങ്ങളുടെ കഥയാണിത്. യാത്രയ്ക്കിടയിൽ ഉണ്ടാവുന്ന പ്രതിസന്ധികൾ പുതിയ കാലത്തിലെ പരിസ്ഥിതി പ്രശ്നങ്ങളാണ്. മനുഷ്യന്റെ  ഇടപെടൽ മൂലം പ്രകൃതിയ്ക്ക്  ഏൽക്കുന്ന നാശം ഈ കഥ വ്യക്തമാക്കുന്നു.യാത്രയിലുടനീളം മത്സ്യങ്ങൾക്ക് വ്യത്യസ്ത തടസ്സങ്ങൾ നേരിടേണ്ടി വരുന്നു. മഴയുടെ അഭാവം ,മീൻ വേട്ടക്കാർ, കാവുകളുടേയും പുഴകളുടേയും നാശം ഇവ മത്സ്യ വംശത്തിന്റെ  നിലനിൽപ്പ് തന്നെ അപകടത്തിലാക്കുന്ന ഘടകങ്ങളാണ്.

താഴ്ന്നു വരുന്ന മണ്ണിരയെക്കണ്ട് അത് മരണക്കെണിയാണെന്ന് പറഞ്ഞ് അഴകൻ പൂവാലിയെ വിലക്കുന്നു. പതിനഞ്ച്ദിവസത്തോളമായി മഴ പെയ്തിട്ട്. മഴ പെയ്തില്ലെങ്കിൽ ശൂലാപ്പ് കാവിൽ എത്തിച്ചേരാൻ സാധിക്കില്ല. കായലിൽ ഉപ്പുവെള്ളത്തിൽ നെടുംചൂരി മത്സ്യങ്ങൾക്ക് മുട്ടയിടാനാകില്ല. എല്ലാം ചീഞ്ഞു പോകും. ശത്രുക്കൾ തിന്നുകയും ചെയ്യും. മനുഷ്യനെയാണോ ഏറ്റവും കൂടുതൽ പേടിക്കേണ്ടതെന്ന് പൂവാലി അഴകനോട് ചോദിക്കുന്നു. പണ്ട് ശൂലാപ്പിലേക്ക് പോകും വഴി നെടുംചൂരി മത്സ്യങ്ങൾ ഏറ്റവും പേടിച്ചിരുന്നത് മണ്ണൻ മുതലകളേയും നീർ നായ്ക്കളേയുമാണെന്ന് അഴകൻ പറയുന്നു.ഇന്ന് ആ ജീവികളും മീൻകൊത്തികളും  തന്നെ ഇല്ലാതായി. മനുഷ്യനെ പേടിച്ചേ പറ്റുവെന്നും മീനുകൾ മുട്ടയിടാൻ പോവുകയാണോ കുഞ്ഞുങ്ങളെയും കൊണ്ട് തിരിച്ചുവരികയാണോ എന്നൊന്നും മനുഷ്യന് അറിയേണ്ട എന്ന് പൂവാലിയോട് അഴകൻ പറഞ്ഞു നമ്മുടെ മരണശേഷവും ഈ കായലിൽ കുഞ്ഞുങ്ങളിലൂടെയും അവരുടെ കുഞ്ഞുങ്ങളിലൂടെയും നമുക്ക് ജീവിക്കണം എന്ന് അഴകനോട് പൂവാലി പറഞ്ഞു. ഈ നല്ല വാക്കുകൾക്ക് ജീവിതകാലം മുഴുവൻ താൻ കടപ്പെട്ടിരിക്കുന്നു എന്ന് ബഹുമാനത്തോടെ പറഞ്ഞു.ഒരു മഴ പെയ്തപ്പോൾ അവർ കുന്നു കയറാൻ തുടങ്ങി .

മീൻപിടുത്തക്കാരെക്കണ്ട ആ രണ്ടു മീനുകൾ ഒളിച്ചിരുന്നു. പാറകൾക്കുള്ളിലെ മാളത്തിലൂടെ അവർ അകത്തേക്ക് കയറാൻ ശ്രമിച്ചു. അപ്പോൾ "രണ്ടുമത്സ്യങ്ങളേ നിങ്ങൾ എന്തിനിവിടെ വന്നു "? എന്ന് കടുംപച്ച നിറത്തിലുള്ള നൂറ്റാണ്ടുകളോളം പഴക്കമുള്ള  ഒരു വലിയ തവള അവരോട് ചോദിച്ചു. മനുഷ്യരിൽ നിന്ന് രക്ഷപ്പെടാൻ കയറിയതാണെന്നും ശൂലാപ്പ് കാവിലേക്ക് പോവുകയാണെന്നും അവർ പറഞ്ഞു.ശൂലാപ്പ് കാവിലാണ് തവള ജനിച്ചതെന്നും, ഒരുനാൾ ധ്യാനത്തിനായി ബുദ്ധൻ കാവിലേക്ക് വന്നപ്പോൾ വഴിയിൽ കിടക്കുകയായിരുന്ന തന്നെ ചവിട്ടി എന്ന് വിചാരിച്ച് ബുദ്ധൻ തന്നെ കയ്യിലെടുത്തു എന്നും,  വഴിമാറി കൊടുക്കാൻ ഉള്ള വെപ്രാളത്തിൽ  ഒന്ന് പിടഞ്ഞതാണെന്നും അല്ലാതെ അദ്ദേഹം തന്നെ ചവിട്ടിയത് ആയിരുന്നില്ലെന്നും തവള പറഞ്ഞു .എന്നാൽ അദ്ദേഹം തവളയെ കയ്യിൽ കോരിയെടുത്ത് തടവിയെന്നും അദ്ദേഹത്തിന്റെ  കണ്ണിൽ അലിവിന്റെ  നനവുണ്ടായിരുന്നുവെന്നും അന്നുമുതൽ തവള ചിരഞ്ജീവിയായി മാറിയെന്നും സൂചിപ്പിച്ചു.ചിരഞ്ജീവിയായതിൽ തനിക്ക് അഭിമാനം  തോന്നിയെന്നും എന്നാൽ  മനുഷ്യൻ ഭൂമിയോട് കാണിക്കുന്ന കൊള്ളരുതായ്മകൾ സഹിക്കാൻ സാധിച്ചില്ല എന്നും കാവിനു ചുറ്റും രാക്ഷസ യന്ത്രങ്ങളുപയോഗിച്ച് പാറകൾ തകർക്കാൻ തുടങ്ങിയപ്പോൾ താൻ അവിടംവിട്ട് വന്നതാണെന്നും തവള പറഞ്ഞു. മനുഷ്യർ മാത്രം ബാക്കിയാകുന്ന സങ്കല്പമാണോ വികസനമെന്ന് തവള  കോപത്തോടെ ചോദിച്ചു.ഭൂമിയുടെ ചോര പോലെ മെലിഞ്ഞൊഴുകുന്ന നീർച്ചാലിലൂടെ തവളയുടെ പിന്നാലെ മീനുകൾ നീന്തി ശൂലാപ്പ് കാവിലെത്തി. 

അവിടത്തെ കാഴ്ചകൾ കണ്ട് അവർ ഞെട്ടി .മരങ്ങൾ നിറഞ്ഞിരുന്ന കാവിന്റെ   സ്ഥാനത്ത് ഇപ്പോൾ നാലഞ്ചു മരങ്ങൾ മാത്രമേയുള്ളൂ .കായൽ നികത്തി അവർ മാർബിളിൽ മനോഹരമായ ഒരു സൗധം പണിതിരിക്കുന്നു. അവിടെ കരഞ്ഞു പാടിക്കൊണ്ടിരിക്കുന്ന പച്ച പനങ്കിളിത്തത്തയോട് എന്താണ് അവിടെ സംഭവിച്ചത് എന്ന് തവള ചോദിച്ചു.കഴിഞ്ഞകൊല്ലം മുട്ടയിടാൻ വന്ന മീനുകളെല്ലാം വെള്ളത്തിലെ  രാസവിഷം കാരണം ചത്തുപൊന്തി. അന്ന് കുറെ മനുഷ്യർ കാവിൽ തീയിട്ടു. കൂട്ടുകാരും തന്റെ  പ്രാണപ്രിയനും  ജീവനോടെ വെന്തു മരിച്ചു എന്ന് കിളി പറഞ്ഞു .താൻ ഇതാ മരണത്തിലേക്ക് പോവുകയാണെന്നും എത്രയും പെട്ടെന്ന് സുരക്ഷിതരായി തിരിച്ചുപോകാൻ ശ്രമിക്കൂ എന്നും എവിടെയെങ്കിലും മനുഷ്യർ എത്തിച്ചേരാത്ത ഒരു സ്വർഗ്ഗം കാത്തിരിക്കുന്നുണ്ടാകും എന്നും തവള പറഞ്ഞു.  നീയൊരു പാട്ടുകാരിയാണ് .ഇങ്ങനെ സ്വന്തം ദുഃഖത്തിൽ അടയിരിക്കാതെ  ഇവിടെ കണ്ടതെല്ലാം ലോകത്തെ മുഴുവൻ പാടി കേൾപ്പിക്കുക. അതാണ് നിന്റെ  നിയോഗമെന്നും തവള ഓർമ്മിപ്പിച്ചു.അപ്പോൾ താൻ ഇനി കരയില്ലെന്ന് കിളി  ഉറപ്പു നൽകി.തവളയുടെ കണ്ണുകളടഞ്ഞു. പൂവാലി കരയാൻ തുടങ്ങി. പൂവാലിയോട് കരയാനുള്ള നേരമല്ല ഇതെന്നും മണ്ണിൽ ജീവനെ കുളിരണിയിക്കാൻ  നിറയെ വെള്ളമുള്ള ഒരിടം ഉണ്ടാകുമെന്നും അഴകൻ സമാധാനിപ്പിച്ചു. അവർ കിളിയോട് യാത്ര പറഞ്ഞ് വെള്ളം വറ്റിത്തുടങ്ങിയ പാറകൾക്കിടയിലൂടെ യാത്ര തുടങ്ങി.

ബുദ്ധ സ്പർശമേറ്റ ചിരഞ്ജീവിയായ തവളയാണ് പുതിയ ദർശനങ്ങളിലേക്ക് മീനുകളെ നയിക്കുന്നത്. ഇവിടെ പാരിസ്ഥിതികമായ ഒരു നവോത്ഥാനത്തിനായി പുതിയ കിളിപ്പാട്ടുകൾ ഉണ്ടാകേണ്ടതാണ് എന്ന് സൂചിപ്പിക്കുന്നു.എഴുത്തച്ഛന്റെ  കിളിപ്പാട്ട് ഉദാഹരണമാണ് .ദുഃഖത്തിന് മേൽ അടയിരിക്കുന്നവർക്ക് അതിജീവനം സാധിക്കില്ല. പ്രതീക്ഷയുടെ പുതിയ പാട്ടുകളിലൂടെ നഷ്ടപ്പെട്ടവ തിരിച്ചുപിടിക്കുകയാണ് വേണ്ടതെന്ന് ഈ കഥ നമ്മോടു പറയുന്നു. തവള  നൽകുന്ന ഊർജ്ജത്തിൽ നിന്നും ജീവനെ കുളിരണിയിക്കാൻ നിറയെ വെള്ളമുള്ള ഒരിടം തേടി യാത്രയാകുന്ന മത്സ്യങ്ങളുടെ ശുഭപ്രതീക്ഷയിലാണ് കഥ അവസാനിക്കുന്നത്

No comments:

Post a Comment