നാടിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച തലമുറയിലെ ഒരു കണ്ണിയാണ് പി. ഭാസ്കരന്‍.. .
അദ്ദേഹത്തിന്‍റെ സമരഗാനങ്ങള്‍ക്കൊപ്പം കേരളീയര്‍ ചലിച്ച ഒരു കാലമുണ്ടായിരുന്നു.മര്‍ദ്ദനങ്ങള്‍ ,ഒളിവുജീവിതം,ജയില്‍വാസം എന്നിങ്ങനെയുള്ള കാലത്തിന്‍റെ ഓര്‍മ്മപ്പെടുത്തലാണ് 'വിണ്ട കാലടികള്‍ ' എന്ന കവിത.
ഉച്ചഭക്ഷണത്തിനു ശേഷം പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് നഗ്നപാദനായ് കണ്ട പി. ഭാസ്കരനോട് ഭിഷഗ്വരനായ സുഹൃത്ത് ചെരുപ്പും സോക്സും ഇല്ലാതെ നടക്കരുത് എന്നും വിണ്ട കാലടികള്‍ അനാരോഗ്യത്തിന്‍റെ ലക്ഷണം ആണെന്നും പറഞ്ഞു.തന്‍റെ വിണ്ട കാല്‍പ്പാദങ്ങള്‍ക്ക് ഒരു ചരിത്രമുണ്ട് എന്നദ്ദേഹം ഓര്‍ത്തു.തന്‍റെ ശക്തിയും ശുദ്ധിയുംആരോഗ്യവും ഈ വിണ്ട കാല്‍പ്പാദങ്ങള്‍ ആണെന്ന അറിവ് ഈ സുഹൃത്തിന് എങ്ങനെ അറിയാനാകും?.ചെരുപ്പുകളില്ലാതെ വരമ്പിലൂടെയും ചെമ്മണ്ണിലൂടെയും പൊള്ളുന്ന വെയിലേറ്റ് ഏറെ ദൂരം താണ്ടിയത് ഈ വിണ്ട കാലുകളുപയോഗിച്ചാണ്.ഇടവപ്പാതിയിലെ കോരിച്ചൊരിയുന്ന മഴയത്ത് ഇരുട്ടത്ത് ഒളിവില്‍ കഴിയുന്ന കൂട്ടുകാരനെ രക്ഷിക്കാന്‍ ഒറ്റയ്ക്ക് തിരിച്ചപ്പോള്‍ ഇടിവെട്ട് ചൂട്ടിന്‍റെ വെളിച്ചം പോലെയും പെരുംമഴ തണുത്തനീരുറവ പോലെയും തോന്നിച്ചു.അന്ന് തന്നെ നയിച്ച ഈ നഗ്നപാദങ്ങള്‍ തന്നെയാണ് എന്നും ബലമായത്.
പുല്ലൂറ്റ്-തൃശ്ശൂര്‍ റോഡില്‍ ഞങ്ങള്‍ ചെരുപ്പില്ലാത്തവര്‍ മൂവര്‍ണ്ണക്കൊടി ചൂടിസമരഗാനങ്ങള്‍ പാടി നടന്ന കഥ ഇന്നത്തെ തലമുറയിലെ കണ്ണിയായ സുഹൃത്തിന് എങ്ങനെ അറിയാനാകും.നമ്മുടെ ചരിത്രങ്ങള്‍ വ്യത്യസ്തമാണ്.
കൃഷിക്കാരന്‍റെ വീട്ടില്‍ നിന്ന് കഞ്ഞികുടിച്ച് പിന്നിയ പായയില്‍ ഉറങ്ങി,പാടത്തിന്‍റെ വക്കത്തുള്ള കിണറുവെള്ളത്തില്‍ കുളിച്ച് വണ്ടിക്ക് കാശില്ലാഞ്ഞതിനാല്‍ നഗരത്തിലേക്ക് പ്രവേശിക്കാന്‍ കുതിച്ചുനടന്നത് ഈ ചെരുപ്പില്ലാ പാദങ്ങളാണ്.
ചൂരലടിയേറ്റിട്ടും ചുളുങ്ങാത്ത ചോരച്ചാലുകളില്‍ അടിതെറ്റിവീഴാത്ത പാദങ്ങളിലെ വിള്ളലുകള്‍ ഓരോ ചരിത്രമാണ് .ചെരുപ്പില്ലാതെ സഞ്ചരിച്ച അനേകരുടെ വിണ്ടുകീറിയ കാല്‍പ്പാദങ്ങളാണ് കേരളചരിത്രത്തെ രൂപപ്പെടുത്തിയത്.
മണ്ണില്‍ വീഴുന്ന വിയര്‍പ്പിന്‍റെ ഉപ്പും കയ്പ്പും എന്നിലേക്കെത്തിക്കുന്ന ശക്തിസംഭരണികള്‍ ആണ് ഈ കാല്‍പ്പാദങ്ങള്‍ .അവ ഇല്ലെങ്കില്‍ അക്കിലിസ്സിനെപ്പോലെ ലോകബന്ധം വിട്ടവനെ പോലെയാകും.ഓരോ ചുവടുവയ്ക്കുമ്പോഴും ഉണ്ടാകുന്ന വേദനകള്‍ പോലും പഴയകാല ഓര്‍മ്മകള്‍ പുതുക്കുന്നു.ഭൂമിയോടെന്നെ ബന്ധിക്കുന്ന തായ്‌വേരാണവ.ജീവിതത്തെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്ന കണ്ണാടികളാണവ.
പട്ടുസോക്സില്‍ പാദം പൊതിഞ്ഞാലും നൃത്തപ്പാട്ടുകള്‍ക്കൊപ്പം ഷൂസും പൃഷ്ഠവും ചലിച്ചാലും ലിഫ്റ്റ് നിലച്ചാലും ചെരിപ്പില്ലാത്തവരായ പാദം വിണ്ടുകീറിയവര്‍ തന്നെയാണെന്‍റെ സുഹൃത്തുക്കള്‍ .ആ വിണ്ടപാദങ്ങള്‍ തന്‍റെ നേട്ടങ്ങള്‍ ആണ്. .ആരോഗ്യം തരുന്ന ഉപ്പുനീരുറവകളാണ്.
[അലസതയും സുഖലോലുപതയും മാത്രം കൈമുതലായുള്ള ഇന്നത്തെ തലമുറയെ കവി വിമര്‍ശിക്കുന്നു.കവി രണ്ടു സംസ്കാരങ്ങളുടെ കാഴ്ചപ്പാടുകളെ വിലയിരുത്തുന്നു.വിണ്ടകാല്‍പ്പാദം സുഹൃത്തിന് അനാരോഗ്യ ലക്ഷണം ആണെങ്കില്‍ കവിക്കത് നേട്ടമാണ്.കവി തന്‍റെ ധര്‍മ്മം തിരിച്ചറിയുന്നു.അവശരോടൊപ്പം നില്‍ക്കുന്നതാണ് തന്‍റെ നിയോഗം എന്ന് കവി മറക്കുന്നില്ല.]
ലിങ്ക്
![]() |
പി.ഭാസ്കരന്‍ |