Monday, June 25, 2012

സാഹിത്യത്തിലെ സ്ത്രീ

സാഹിത്യകാരന്മാര്‍ അവര്‍ സൃഷ്ട്ടിച്ച സ്ത്രീ കഥാപാത്രങ്ങളിലൂടെയാണ് ജീവിക്കുന്നത്.കുമാരനാശാന്‍റെ നായികാകഥാപാത്രങ്ങള്‍ പ്രസിദ്ധി നേടിയവരാണ്‌.നാടകങ്ങള്‍ ,നോവലുകള്‍ ഇവയിലൊക്കെ സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്.സാഹിത്യകാരന്മാര്‍ക്ക്‌ സ്ത്രീ പക്ഷപാതം ഉണ്ടായതു കൊണ്ടാണോ അതോ കൃതികള്‍ പ്രസിദ്ധമാകാനുള്ള കലാകൌശലമാണോ?

സ്ത്രീക്ക്‌ എന്നും രണ്ടാം സ്ഥാനമാണ് സമൂഹം നല്കുന്നത്.കുടുംബങ്ങളിലും ഇതു തന്നെഅവസ്ഥ.ബഹുഭാര്യാത്വം ഇന്നും നിലവില്‍ ഉണ്ട്.സ്ത്രീകളെക്കൊണ്ട് വേലയെടുപ്പിക്കാനും സന്താനങ്ങള്‍ വളര്‍ന്നാല്‍ അവരെക്കൊണ്ട് വേലയെടുപ്പിക്കാനും വേണ്ടിയാണ് ഒന്നിലധികം ഭാര്യമാര്‍  .

സ്തീപുരുഷ സമത്വം ഏറെ കാണപ്പെടുന്നത് കൃഷിക്കാര്‍ക്കിടയിലാണ്.പുരുഷന്‍ ഭര്‍ത്താവാകുമ്പോള്‍ ഭാര്യയാണ് സത്രീ.ഭര്‍ത്ത്രിയെന്നും ഭാര്യനെന്നും പദങ്ങള്‍ മറിച്ചിടാന്‍ പുരുഷന്മാര്‍ സമ്മതിക്കില്ല.സത്രീ പതിവ്രതയാകണമെന്ന് സിദ്ധാന്തമുണ്ട്.ഭര്‍ത്താവ്‌ മരിച്ചാല്‍ ചിതയില്‍ ചാടിമരിക്കണമെന്ന് നിയമമുണ്ടായിരുന്നു.പുരുഷന് ഇവ ബാധകമല്ല.

കുടുംബത്തിലേയും സമൂഹത്തിലേയും ദുരന്തങ്ങള്‍ ചെന്നുചേരുക സത്രീയുടെ തലയ്ക്കാണ്.പുരുഷന്‍റെ ദുര്‍ചിന്തകള്‍ ,ദുര്‍പ്രവണതകള്‍ ഇവ അനുഭവിക്കേണ്ടി വരുന്നതും സ്ത്രീയാണ്.സ്ത്രീ എല്ലാം സഹിക്കേണ്ടവളാണ് എന്നാണ്  ധാരണ.പുരുഷന്‍റെ ത്യാഗിനികള്‍ എന്ന സര്‍ട്ടിഫിക്കറ്റില്‍ സ്ത്രീകള്‍ മയങ്ങിപ്പോകുന്നു.പുരുഷനെ ചോദ്യം ചെയ്യുവാന്‍ 'ഉത്തമസ്ത്രീ ധൈര്യപ്പെടില്ല.ആത്മാവില്ലാത്ത സ്ത്രീ ആത്മാവിന്‍റെ കുത്തകക്കാരനായ പുരുഷനെ ചോദ്യം ചെയ്യില്ലല്ലോ!

ത്യാഗശാലിനികളായ് എല്ലാ കഥകളിലും സ്ത്രീകള്‍ ചിത്രീകരിക്കപ്പെടുന്നു.വായനക്കാര്‍ക്ക്‌ സഹാനുഭൂതി ഉണ്ടാകുന്നത് സ്ത്രീകളെപ്രതിയാണെങ്കില്‍ കവിതകള്‍ ,നാടകങ്ങള്‍ ,നോവലുകള്‍   ഇവ വിജയിക്കുന്നത് സ്ത്രീകളെക്കൊണ്ടാണ്.രാമായണത്തിലെ രാമനേക്കാള്‍ സീതയും നൈഷധത്തിലെ നളനേക്കാള്‍ ദമയന്തിയും സത്യവാനേക്കാള്‍ സാവിത്രിയും നമ്മുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നു.കാളിദാസനെ നാം ഓര്‍ക്കുന്നത് ദുഷ്യന്തന്റെ പേരിലല്ല ശകുന്തളയുടെ പേരിലാണ്.

യൂറോപ്യന്‍ സാഹിത്യത്തിലും ഇതുതന്നെ അവസ്ഥ.ഷേക്ക്സ്പിയറുടെ ഏറ്റവും നല്ല കഥാപാത്രങ്ങള്‍ സ്ത്രീകളാണ്  .ഉദാഹരണങ്ങള്‍ -ഡെസ്ഡമോണ, കൊര്‍ഡീലിയ.തോമസ്‌ ഹാര്‍ഡിയുടെ നോവലുകളിലും സ്ത്രീ തന്നെ പ്രധാനം.

മലയാളത്തിലും സ്ത്രീകള്‍ തന്നെ മുഖ്യകഥാപാത്രങ്ങള്‍  . സി.വി യുടെ സുഭദ്ര എന്ന കഥാപാത്രത്തേക്കാള്‍ പ്രഭ ചൊരിയുന്ന ഏതു കഥാപാത്രമുണ്ട് അദ്ദേഹത്തിന്‍റെ കൃതികളില്‍  ?പുരുഷന്‍റെ ചെയ്തികളുടെ ദുരന്തഫലം അനുഭവിക്കുന്ന സ്ത്രീകളെക്കുറിച്ച്  നൊന്തുനൊന്താണ് വായനക്കാര്‍ വായിച്ചുപോകുന്നത്.ആ വേദനിക്കുന്നവര്‍ക്ക് സ്ത്രീയെ നോവിപ്പിക്കുന്ന സാമൂഹ്യനീതിയെ ചോദ്യം ചെയ്യാനാവുന്നില്ല.ആ ദുഃഖങ്ങള്‍ ആഭരണങ്ങള്‍ ആണെന്ന ചിന്തയാണ് സാഹിത്യകൃതികള്‍ ജനിപ്പിക്കുന്നത്.കൊല്ലപ്പെടുന്ന സ്ത്രീകളുടെ ദു:ഖങ്ങളിന്മേല്‍ അനുവാചകര്‍ ആഹ്ലാദം കൊള്ളുന്നു.

കുമാരനാശാന്‍റെ സ്ത്രീകഥാപാത്രങ്ങള്‍ സ്നേഹമയികള്‍ തന്നെ;എന്നാല്‍ പലകാര്യങ്ങളിലും അവര്‍ തന്റേടം കാണിക്കുന്നുണ്ട്.'ലീല'യില്‍ ലീല പാരമ്പര്യത്തിനു നേരെ പല്ലിറുമ്മുന്നുണ്ട്.'ചിന്താവിഷ്ടയായ സീത'യില്‍  സ്ത്രീക്ക് കരുത്തും ആത്മാഭിമാനവും കൊടുക്കുന്നുണ്ട്.രാമനെ അനുസരിച്ച സീത രാമനെ വിമര്‍ശിക്കുന്നത് കാണാന്‍ കഴിയും.ത്യാഗിനിയായ സീതയെ അഭിമാനമുള്ള സ്ത്രീ ആക്കിയപ്പോള്‍ ആശാനെ അപരാധിയാക്കി.പുരുഷനോടൊപ്പം വര്‍ത്തിക്കുന്നവളായ് സ്ത്രീയെ ചിത്രീകരിക്കുന്നത് നമുക്കിഷ്ട്ടം അല്ല.ആശാന്‍റെ 'നളിനി',ലീല,വാസവദത്ത,മാതംഗി ഇവയ്ക്കൊപ്പമല്ല  ദുരവസ്ഥയിലെ സാവിത്രി എന്ന പെണ്‍കുട്ടിയും സീതയും...തന്റേടമുള്ള സ്ത്രീയെ പുരുഷസാഹിത്യം ഇഷ്ട്ടപ്പെടുന്നില്ല.