Sunday, March 21, 2021

കടൽത്തീരത്ത് - ഒ വി വിജയൻ (ആസ്വാദനക്കുറിപ്പ്)

 
                 ഭാവതീവ്രമായ ആഖ്യാനം കൊണ്ട് ശ്രദ്ധേയമായ ചെറുകഥയാണ് ഒ വി വിജയന്റെ കടൽത്തീരത്ത്. മകന്റെ  മരണശിക്ഷയ്ക്ക് സാക്ഷിയാകാൻ വെള്ളായിയപ്പൻ യാത്രയാകുന്നു .വെള്ളായിയപ്പനൊപ്പം തേങ്ങുന്ന പാഴുതറ ഗ്രാമമാണ് കഥയെ മുന്നോട്ടു നയിക്കുന്നത്. വെള്ളായിയപ്പന്റെ  കൂടെ കണ്ണൂരിലേക്ക് യാത്ര തിരിക്കുവാൻ ആളുകൾ ഏറെയുണ്ടെങ്കിലും തീവണ്ടി കയറാൻ കാശില്ലാത്തത് അതിന് ഒരു തടസ്സമാണ് .നിസ്സഹായമായ ഗ്രാമീണ ജീവിതത്തിന്റെ  കാഴ്ചകളിലൂടെ കഥ നീങ്ങുന്നു. മകനുവേണ്ടി അമ്മ കൊടുത്തയച്ച പൊതിച്ചോറിൽ വീണ കണ്ണീരിന്റെ  നനവ് വായനക്കാർക്കും അനുഭവിച്ചറിയാം. മകന്റെ  വധശിക്ഷയ്ക്കുള്ള നീതീകരണം കഥാകൃത്ത് പറയുന്നില്ല. എന്നാൽ ഒപ്പമുള്ള ഗ്രാമത്തിന്റെ  തേങ്ങൽ ചില സൂചനകൾ വായനക്കാർക്ക് നൽകുന്നു. ഇത്തരം സൂചനകളാണ് കഥയുടെ മുഖ്യ സവിശേഷത.യാത്ര പുറപ്പെടുമ്പോൾ കരിമ്പനകളിൽ കാറ്റ് പിടിക്കുന്നത് ദൈവത്തിന്റെ  യാത്രയയയ്ക്കലായാണ് വെള്ളായിയപ്പന് തോന്നിയത് .."വെള്ളായിയേ ,""മരയ്ക്കാരേ" ഈ രണ്ടു വാക്കുകളിൽ ദീർഘങ്ങളും സമ്പന്നങ്ങളുമായ സംഭാഷണം വായനക്കാർ കൂടി മനസ്സിലാക്കുന്നു .ദീർഘകാല സൗഹൃദവും കടമയും കടപ്പാടും ജാതിമതചിന്തകളെ മറികടക്കുന്നത് നാം കാണുന്നു . നിന്റെയും എന്റെയും ദൈവങ്ങൾ തുണയ്ക്കട്ടെ എന്നത് ഒരു ശുഭസൂചനയാണ്. വാക്കുകൾക്കും വാക്യങ്ങൾക്കും ഇടയിലെ നീണ്ട മൗനം പോലും നമ്മോട് സംസാരിക്കുന്നുണ്ട് .വീടാത്ത കടങ്ങൾ പടച്ചവൻ്റെ സൂക്ഷിപ്പുകളാണ് എന്ന്  കുട്ട്യസ്സൻ മാപ്പിള പറയുന്നുണ്ട് .വഴിയിൽ എതിരെവന്ന നീലി  "വെള്ളായിച്ചോ " എന്ന് പറഞ്ഞപ്പോൾ "നീലിയേ " എന്ന് മാത്രമേ വെള്ളായിയപ്പൻ പറഞ്ഞുള്ളു. രണ്ടു വാക്കുകൾക്കിടയിൽ ഒത്തിരി സാന്ത്വനമുണ്ടായിരുന്നു.പുഴയുടെ നടുക്ക് എത്തിയപ്പോൾ  വെള്ളായിയപ്പന്റെ  ഓർമ്മകളിൽ ഒത്തിരി ചിത്രങ്ങൾ തെളിഞ്ഞു. അപ്പന്റെ ശവശരീരത്തെ കുളിപ്പിച്ചതും മകനെ കുളത്തിൽ കുളിപ്പിച്ചതുമാണ് അദ്ദേഹം ഓർത്തത് ".ചവിട്ടടിപ്പാത വെട്ടുവഴിയിൽ ചേർന്നു "എന്നിങ്ങനെ കഥയിലെ ഓരോ വാക്യവും നമുക്ക് ഒരു കാഴ്ചയായി തന്നെ തോന്നുന്നു .

 

തീവണ്ടി കാത്തുനിന്നപ്പോൾ ഒരു കാരണവർ കോയമ്പത്തൂർക്കോ എന്ന് ചോദിച്ചു .താൻ കണ്ണൂർക്കാണെന്ന് വെള്ളായിയപ്പൻ പറഞ്ഞു .അയാളുടെ സംഭാഷണം ഒരു കൊലക്കയർ പോലെ വെള്ളായിയപ്പന്റെ  കഴുത്തിൽ ചുറ്റി മുറുക്കി എന്നാണ് കഥാകൃത്ത് പറയുന്നത്.അത്രയേറെ മാനസിക സംഘർഷത്തിൽ അകപ്പെട്ട വെള്ളായിയപ്പന് അപരിചിതന്റെ  സംഭാഷണം തന്റെ മകനിൽ എത്തിച്ചേരുമെന്ന് പേടിയാണ് .അപരിചിതനായ അയാളോട് എല്ലാം തുറന്നുപറയാനുള്ള ഭയം കൊണ്ടാണ് അതൊരു കൊലക്കയർ ആയി അദ്ദേഹത്തിന് തോന്നിയത്. പാഴുതറയിൽ നിന്ന് ഒരിക്കലും വിട്ടു നിൽക്കാത്ത വെള്ളായിയപ്പന് കണ്ണൂരിലേക്കുള്ള യാത്ര ആദ്യാനുഭവം ആണ് .ജയിലിലേക്കുള്ള വഴി ഏതാണെന്ന് കുതിരവണ്ടിക്കാരോട് ചോദിച്ചപ്പോൾ കട്ടാൽ മതി ജയിലിൽ എത്തിച്ചേരാം എന്ന അവരുടെ സ്വരം കഴുത്തിനുചുറ്റും വീണ്ടും കൊലക്കയർ കൊണ്ട് കുരുക്കുന്നത് പോലെ വെള്ളായിയപ്പന് തോന്നി .ജയിലിലെ പാറാവുകാരൻ വെള്ളായിയപ്പനോട് രാവിലെ എങ്ങോട്ടേക്കാണ് എന്ന് ചോദിച്ചു. അയാൾ മുണ്ടിന്റെ  കോന്തല അഴിച്ച് ഒരു കടലാസ് പുറത്തെടുത്തു .പാറാവുകാരൻ അത് വായിച്ചു .അത് വായിച്ച് കഴിഞ്ഞ് ഉടനെ പാറാവുകാരന്റെ   മുഖത്ത് കനിവ് നിറഞ്ഞു. "നാളെയാണ് അല്ലേ "എന്ന് ചോദിച്ചു .തനിക്കൊന്നുമറിയില്ലെന്ന് വെള്ളായിയപ്പൻ നിഷ്കളങ്കമായി മറുപടി നൽകി .നാളെ രാവിലെ അഞ്ചുമണിക്ക് ആണെന്ന് അയാൾ  പറഞ്ഞു .കോടച്ചി പൊതിഞ്ഞു കൊടുത്ത കഴിക്കാത്ത പൊതിച്ചോറ് പുളിച്ചു .വീണ്ടും ഓഫീസിൽ അപരിചിതരുടെ ശബ്ദങ്ങൾ കേട്ടപ്പോൾ അയാൾക്ക് അത് കുരുക്കായി തോന്നി .ശ്വാസം മുട്ടുന്നത് പോലെ അനുഭവപ്പെട്ടു .

 

വെള്ളായിയപ്പനെ കണ്ടുണ്ണിയെ കാണിക്കാനായി കൊണ്ടുപോയി .വെള്ളായിയപ്പനും  മകനും അവസാനമായി കാണുമ്പോൾ അവർ തമ്മിലുള്ള വിനിമയങ്ങൾ അത്രയും രണ്ടു വാക്കിൽ ഒതുങ്ങുന്നു ."മകനേ," "അപ്പാ "ഈ രണ്ടു വാക്കുകൾ മാത്രം.അവരുടെ മനസ്സുകൾ തമ്മിൽ സംസാരിച്ചു.മകനേ നീ എന്തു ചെയ്തു എന്ന ചോദ്യത്തിന് തനിക്കൊന്നും ഓർമ്മയില്ലെന്നും കൊലപാതകം നടത്തിയ കാര്യം പോലും തനിക്കറിയില്ലെന്നും  മകൻ പറഞ്ഞു. എന്നാൽ ഇനി ഒന്നും ഓർമ്മിക്കേണ്ട എന്ന് വെള്ളായിയപ്പൻ ആശ്വസിപ്പിച്ചു .ഇതെല്ലാം മൗനത്തിലൂടെയുള്ള സംഭാഷണങ്ങൾ ആയിരുന്നു .കണ്ടുണ്ണിയുടെ കരച്ചിലിൽ നിന്ന് " അപ്പാ എന്നെ തൂക്കിക്കൊല്ലാൻ അനുവദിക്കരുത് " എന്ന്  പറയുന്നത് നമുക്ക് അനുഭവപ്പെടുന്നു .വെള്ളായിയപ്പന്റെ  കാത്തിരിപ്പ് നമ്മുടെ ഉള്ള്  പൊള്ളിക്കുന്നു .വധശിക്ഷയുടെ ചടങ്ങിന്റെ ശബ്ദമാണെന്ന് വെള്ളായിയപ്പന്  കൊമ്പുവിളി കേട്ടപ്പോൾ മനസ്സിലായില്ല .എന്നാൽ രാവിലെ അഞ്ച് മണിക്കാണെന്ന് അവർ പറഞ്ഞിരുന്നു .കയ്യിൽ വാച്ചില്ലെങ്കിലും ഒരു കർഷകന്റെ  ജന്മസിദ്ധിയിലൂടെ വെള്ളായിയപ്പന്  അഞ്ച് മണിയായെന്ന് മനസ്സിലായി .ഒരു പേറ്റിച്ചിയെപ്പോലെ തൻ്റെ മകന്റെ  ദേഹത്തെ വെള്ളായിയപ്പൻ പാറാവ്കാരനിൽ നിന്നും ഏറ്റുവാങ്ങി .ജീവന്റെ  തുടിപ്പോടെയാണ് പേറ്റിച്ചി കുഞ്ഞിനെ ഏറ്റുവാങ്ങുന്നത് .എന്നാൽ ജീവനറ്റ മകന്റെ  ദേഹമാണ് ഈ പിതാവ് കൈമാറുന്നത്. ദരിദ്രനായ അയാൾക്ക് ആ ചേതനയറ്റ മൃതദേഹം ഏറ്റുവാങ്ങുവാനാകുന്നില്ല .മൃതദേഹം ജയിൽ അധികൃതർക്ക് വിട്ടുകൊടുക്കാൻ മാത്രമേ വെള്ളായിയപ്പന് സാധിക്കുമായിരുന്നുള്ളൂ. 

 

ആദ്യമായാണ് വെള്ളായി കടൽ കാണുന്നത് .കഥാകൃത്ത്  വെള്ളായിയുടെ നിസ്സംഗതയെ വളരെ ഹൃദ്യമായി ചിത്രീകരിച്ചിരിക്കുന്നു. ഒരു പൊട്ടിക്കരച്ചിൽ  പോലും ഇല്ലാതെ ഒരു ദേഹം കൂടി മണ്ണിൽ അലിയുന്നു.യാത്രയിൽ കഴിക്കാൻ ഭാര്യ കൊടുത്തയച്ച പൊതിച്ചോറ് ബലിച്ചോറായി മാറുന്നു. യാത്ര പുറപ്പെടുമ്പോൾ വീട്ടിൽനിന്ന് കൂട്ടനിലവിളി ഉയർന്നു. എന്നാൽ യാത്ര അവസാനിക്കുന്നിടം നിശബ്ദമായിരുന്നു.പാഴുതറയിൽ നിന്ന് കണ്ണൂരിലേക്ക് യാത്രതിരിക്കുന്ന വെള്ളായിയപ്പന് കോടച്ചി കൊടുത്തുവിട്ട പൊതിച്ചോറിന്പ്രത്യേക സ്ഥാനമുണ്ട്. തൂക്കിലേറ്റപ്പെട്ട മകന്റെ  അടുത്തേക്ക് യാത്രതിരിക്കുന്ന പ്രിയപ്പെട്ടവന് നൽകുന്ന പൊതിച്ചോറ് പൊതിയുമ്പോൾ കോടച്ചിയുടെ കണ്ണുനീർ വെള്ളായിയപ്പൻ അനുഭവിച്ചറിയുന്നു. കണ്ണുകൾ നിറയാതെ കഥ മുന്നോട്ട് വായിക്കാനാവില്ല .കഥയിലെ പൊതിച്ചോർ കഥാപാത്രത്തിന്റെ  സ്ഥാനം വഹിക്കുന്നു .വെള്ളായിയപ്പന്  വഴിയാത്രയിൽ നൽകിയ ഭക്ഷണത്തിന് കഥാന്ത്യം വരെയുംസാന്നിധ്യമുണ്ട് .വിശപ്പും ദാഹവും ഉണ്ടായിട്ടും ചോറിന്റെ   കെട്ടഴിക്കാൻ വെള്ളായിയപ്പൻ തയ്യാറാകുന്നില്ല .അത് പുളിച്ചു പോയിരുന്നു. മകന്റെ  ശവദാഹത്തിനുശേഷം ബലിച്ചോറായി കാക്കകൾക്ക് മുന്നിലെത്തുന്ന ഈ പൊതിച്ചോറ് നിസ്സഹായന്റെ നിലവിളിയായി കഥാന്ത്യത്തിൽ പരിണമിക്കുന്നു


                                                      യുട്യൂബ് ലിങ്ക്

No comments:

Post a Comment