Sunday, April 15, 2012

കാലിലാലോലം ചിലമ്പുമായ്‌...ചെറുതായില്ല ചെറുപ്പം


ചെറുതായില്ല ചെറുപ്പം

മഹാഭാരതം വനപര്‍വത്തില്‍ നിന്നുള്ളതാണ് നളചരിതം കഥ.കഥകളിയുടെ സാഹിത്യരൂപമാണ് ആട്ടക്കഥ .നാല് ദിനം കൊണ്ട് ആടാന്‍ പാകത്തിനാണ് ഉണ്ണായിവാര്യര്‍ നളചരിതം രചിച്ചത്.


നിഷധരാജ്യത്തിലെ രാജാവാണ് നളന്‍.നാരദമുനി ഭീമരാജാവിന്റെ മകളായ ദമയന്തിയെക്കുറിച്ച്   നളനോട്‌ വര്‍ണ്ണിച്ചത് കേട്ട് നളന്‍ അവളില്‍ അനുരക്തനായ്‌.ഉദ്യാനത്തില്‍ വച്ച് ഒരു ഹംസത്തെ കാണുകയും അതിനെ പിടികൂടുകയും ചെയ്ത നളന്‍ തന്റെ പ്രണയം ദമയന്തിയെ അറിയിക്കാമെന്ന ഹംസത്തിന്റെ ഉറപ്പില്‍ അതിനെ വിട്ടയയ്ക്കുന്നു.പൂന്തോട്ടത്തില്‍ തോഴിമാരൊത്ത് വിഹരിക്കുന്ന ദമയന്തിയുടെ മുന്നിലേക്ക് ഹംസം വരുന്നതാണ് പാഠഭാഗം.നളചരിതം ആട്ടക്കഥയിലെ ഒന്നാം ഭാഗത്തില്‍ നിന്നാണ് ഈ ഭാഗം.


ഉദ്യാനത്തിലിരുന്ന ദമയന്തി കൊട്ടാരത്തിലേക്ക് മടങ്ങാം എന്ന് തോഴിമാരോട് ചോദിക്കുന്നു.അച്ഛനടുക്കലിരുന്നാല്‍ ഭൂമിയിലെ പല കാര്യങ്ങളെക്കുറിച്ചും പലരും പലതും പറയുന്നത് കേള്‍ക്കാംഎന്ന്‍ പറഞ്ഞു.നളനെ കുറിച്ച് പലരും പറഞ്ഞു കേട്ട് അവള്‍ക്ക് അനുരാഗം തോന്നിയിരുന്നു.മനസ്സിന്‍റെ ഏകാഗ്രത പോയ അവളെ സഖിമാര്‍ കളിയാക്കുന്നു.കൊട്ടാരത്തില്‍ വച്ച് പൂന്തോപ്പില്‍ പോകാമെന്നും പൂന്തോപ്പില്‍ വച്ച് കൊട്ടാരത്തില്‍ പോകാമെന്നും പറയും.


പണ്ട് ആനന്ദം നല്‍കിയിരുന്ന പൂന്തോട്ടം,ശബ്ദങ്ങള്‍ ഇവയൊക്കെ അവള്‍ക്ക് അസഹനീയമായ്‌ തോന്നി.വണ്ടിന്റെ മൂളല്‍ ചെവിയില്‍ തീക്കനല്‍ കോരിയിടുന്നു.കുയിലിന്‍റെ കൂവല്‍ കൂരമ്പുകള്‍ ആയ്‌ തോന്നുന്നു.നാസാദ്വാരമാകുന്ന സരസ്സ് കുത്തിക്കലക്കുന്ന കാട്ടുപോത്തായ്‌  പൂവിന്റെ സുഗന്ധം അനുഭവപ്പെടുന്നു.


ഉദ്യാനത്തിലേക്ക് പറന്നിറങ്ങുന്ന  ഹംസത്തെ ദമയന്തി ആദ്യം മന്നിലേക്ക് വരുന്ന  മിന്നല്‍ക്കൊടിയായും പിന്നീട് വിധുമണ്‍ഡലമായും ഒടുവില്‍ സ്വര്‍ണ്ണ നിറമുള്ള അരയന്നമായും സന്ദേഹിക്കുന്നു.ദൂരത്ത് നിന്ന് പറന്നടുക്കുന്നതിന്റെ വേഗത കൊണ്ട് മിന്നലായും അടുത്തെത്തിയപ്പോള്‍ അരയന്നമായും തോന്നിപ്പിച്ചു. 


ആ അരയന്നം പാവമാണ്.അതിനാല്‍ ഉപദ്രവിക്കില്ല എന്ന് പറഞ്ഞ് അവള്‍ അതിനെ പിടിക്കാനൊരുങ്ങുന്നു.ഇനിയൊരടി നടന്നാല്‍ കിട്ടും എന്ന് തോന്നിപ്പിക്കുമാറ് ഹംസം നടന്നകന്നു.ദമയന്തിയെ തോഴിമാരില്‍ നിന്നകറ്റി ഹംസം തന്റെ ദൌത്യത്തിലേക്ക് കടക്കുന്നു.


ആകാശചാരിയായ തന്നെ പിടിക്കാനുള്ള അവളുടെ അതിമോഹത്തെ ഹംസം കളിയാക്കുന്നു."യൌവനം വന്നിട്ടും ചെറുതായില്ല ചെറുപ്പം" എന്ന ഹംസത്തിന്റെ പ്രയോഗത്തില്‍ യുവതിയായിട്ടും കൌമാരചാപല്യങ്ങള്‍ കൈവിടാത്ത അവള്‍ ഹംസത്തെ പിടിക്കാന്‍ ശ്രമിച്ചതിനെ കളിയാക്കുന്നു.ഇത്തരം ചാപല്യത്തെ അറിവുള്ളവര്‍ പരിഹസിക്കാനും ചിലര്‍ കുറ്റപ്പെടുത്താനും ഇടയുണ്ട് എന്നും ഹംസം പറയുന്നു.താന്‍ മുന്നറിയിപ്പ് തരുന്നതാണെന്ന് ഹംസം പറയുന്നു.


ദമയന്തിയോട് അനുരാഗമുള്ളവനും സുന്ദരനുമായ ഒരു രാജാവിനെ  ഭര്‍ത്താവായ് ലഭിക്കും എന്ന് ആശീര്‍വദിച്ച് കൊണ്ട് തന്നെ പരിചയപ്പെടുത്തുന്നു.താന്‍ നളനഗരത്തില്‍ വാഴുന്നു എന്നാണ് ഹംസം പറഞ്ഞത്‌.ഈ വാക്ക്‌ കേള്‍ക്കുമ്പോള്‍ ദമയന്തിയുടെ മുഖഭാവം ഹംസം നിരീക്ഷിക്കുന്നു.നളനോട് താല്പര്യം വര്‍ധിപ്പിക്കുക എന്ന ദൌത്യം ഹംസം വളരെ നന്നായ്‌ തന്നെ നിറവേറ്റി.                          
     1.കഥകളി        




ചോദ്യങ്ങള്‍

1.ചെറുതായില്ല ചെറുപ്പം എന്ന ശീര്‍ഷകത്തിന്‍റെ ഔചിത്യം?
2. ചെറുതായില്ല ചെറുപ്പം എന്ന് ഹംസം പറയാനിടയായ സാഹചര്യം എന്താണ്?
3.കഥകളി വേഷവിഭജനം
4.കേരളീയ കലകള്‍
5.കഥകളിചടങ്ങുകള്‍
6.ഹംസത്തിന്റെ വരവിനെ ദമയന്തി പലതായ്‌ സംശയിക്കുന്നു.എന്ത് കൊണ്ട്?