Sunday, March 21, 2021

പ്രിയദർശനം - ആസ്വാദനക്കുറിപ്പ്

 

                കുമാരനാശാന്റെ  റൊമാന്റിക് കഥാകാവ്യമാണ് നളിനി . ഒരു സ്നേഹം എന്നുകൂടി ഈ കൃതിക്ക് പേരുണ്ട് .നളിനിയും ദിവാകരനും കുട്ടിക്കാലം മുതൽ കൂട്ടുകാരായിരുന്നു .നളിനി ദിവാകരനെ ഏറെ സ്നേഹിച്ചിരുന്നു. ദിവാകരൻ യൗവനാരംഭത്തിൽ ലൗകിക വിരക്തനായി നാടുവിട്ടു. ഈ വേർപാട് നളിനിയെ ദുഃഖത്തിലാഴ്ത്തി. അവളുടെ അച്ഛൻ വിവാഹം നിശ്ചയിച്ചു .നളിനി വീടുവിട്ടിറങ്ങി .അവൾ ഒരു സരസ്സിൽ ചാടി ആത്മഹത്യയ്ക്ക് ഒരുങ്ങി. എന്നാൽ ഒരു സന്യാസിനി അവളെ രക്ഷപ്പെടുത്തി ആശ്രമത്തിലേക്ക് കൊണ്ടുപോയി. അഞ്ചുവർഷം അവൾ തപസ്സനുഷ്ഠിച്ച്  അവിടെ കഴിഞ്ഞു.ഹിമാലയത്തിലെ ഉയർന്ന ശൃംഗത്തിൽ ഒരുനാൾ നളിനി - ദിവാകരൻമാർ കണ്ടുമുട്ടുന്നു. ഈ കണ്ടുമുട്ടലിൽ നളിനി സ്വയം പരിചയപ്പെടുത്തി പഴയ കാര്യങ്ങൾ ഓർമയിൽ നിന്ന് എടുത്തു പറയുന്നു. ഇതാണ് പാഠഭാഗം. വളരെക്കാലത്തിനുശേഷം നളിനി ഇപ്പോൾ കാണുന്നത് തന്റെ  പഴയ കൂട്ടുകാരനായ ദിവാകരനെയല്ല. പാവന സംസ്കാര സമ്പന്നനായ ഒരു സന്ന്യാസിയെയാണ്. ദിവാകരൻ നളിനിയെ ആദ്യം തിരിച്ചറിഞ്ഞില്ല

."തന്റെ  കഷ്ടകാലം എല്ലാം തീർന്നുവെന്നും തൻ്റെ ഭാഗ്യം രൂപം പ്രാപിച്ചു വന്നപോലെ അങ്ങയെ തനിക്ക് കാണാൻ സാധിച്ചു "എന്നും നളിനി പറയുന്നു. "അല്ലയോ മഹാത്മാവേ, ഞാൻ പണ്ട് അങ്ങയ്ക്ക് ഇഷ്ടമായിരുന്ന നളിനിയാണെ"ന്ന് ദിവാകരനോട് പറഞ്ഞു. "തന്റെ  മരണത്തിനു മുമ്പ് എന്നെങ്കിലുമൊരിക്കൽ അങ്ങയുടെ പാദം കാണാൻ കഴിയുമെന്ന ആശയോടെ താൻ  ഇവിടെ കഴിയുകയായിരുന്നുവെന്നും മനസ്സുരുകി പ്രാർത്ഥിക്കുന്നവരുടെ ഇഷ്ടം എന്നെങ്കിലുമൊരിക്കൽ ഈശ്വരൻ കാണുക തന്നെ ചെയ്യും" എന്നും പറയുന്നു.ദിവാകരനെ കാണുക മാത്രമായിരുന്നു തന്റെ  ജീവിതലക്ഷ്യമെന്നും ഈശ്വരാനുഗ്രഹത്താൽ അത്  സാധിച്ചു എന്നുമാണ് അർത്ഥം.

 നളിനി സന്ന്യാസം സ്വീകരിച്ചപ്പോഴും ദിവാകരനോടുള്ള സ്നേഹം നിമിത്തം അദ്ദേഹത്തെ ഓർത്തുകൊണ്ടാണ് കഴിഞ്ഞത്. ദിവാകരൻ തന്നെ ഓർത്തില്ലെങ്കിലും ഓർത്താലും ഇന്ന് അപ്രതീക്ഷിതമായി  കാണാൻ കഴിഞ്ഞത് നിമിത്തം താൻ ഭാഗ്യവതിയാണെന്നും നളിനി പറഞ്ഞു.ഒന്നും പറയാൻ കഴിയാതെ അവൾ കണ്ണുനീർ ചൊരിഞ്ഞു കൊണ്ടു നിന്നു .സ്നേഹത്തിൽ ആയിരുന്നവർ വേർപെട്ട്  കുറേക്കാലത്തിനു ശേഷം അപ്രതീക്ഷിതമായി കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന സുഖം ദുഃഖം നിറഞ്ഞതും വികാര വൈവിധ്യമാർന്നതുമായിരിക്കും. അതിനാലാണ് അപ്പോഴത്തെ സുഖം വികലമായി തീരുന്നത് .അവളുടെ മുഖം കണ്ണുനീർ വീണ് ചുമന്ന് തുടുത്തിരുന്നു .മഞ്ഞുതുള്ളി വീണ പനിനീർ പുഷ്പം പോലെ അവളുടെ മുഖം തോന്നിപ്പിച്ചു. ഒരുപക്ഷേ ദിവാകരൻ തന്നെ തിരിച്ചറിയാത്തതിനാലും തന്നെ മറന്നുകളഞ്ഞതിനാലുമുള്ള സങ്കടം കൊണ്ടായിരിക്കും അവൾ കരഞ്ഞത്.

അവൾ ആരാണെന്ന്  മനസ്സിലാക്കിയ ദിവാകരൻ പണ്ടത്തെ സംഭവങ്ങൾ ഓർത്ത് സന്തുഷ്ടനായി .കഴിഞ്ഞുപോയ ശൈശവകാലത്തെ സംഭവങ്ങൾക്ക് അനുസരിച്ച് ദയയോടെ ഇങ്ങനെ പറഞ്ഞു. "എനിക്ക് ഏറ്റവും പരിചയമുള്ള ഈ പേരും നിൻ്റെ മനോഹരമായ ശബ്ദവും നീയും നിൻ്റെ ദൂരെയുള്ള വീടും എല്ലാം എൻ്റെ ഓർമ്മയിൽ ഇപ്പോൾ വരുന്നുണ്ട് കണ്ടയുടനെ നിന്നെ തിരിച്ചറിയാത്തതിനാൽ വിഷമിക്കേണ്ട. അന്നു ഞാൻ കാണുമ്പോൾ നീ ഒരു കുരുന്നായിരുന്നു .ഇന്ന് നീ വല്ലിയായി മാറിക്കഴിഞ്ഞു .കൗമാരപ്രായത്തിൽ കണ്ടതാണ്. ഇന്ന് പ്രായപൂർത്തിയായ യുവതിയായി മാറിക്കഴിഞ്ഞു. ആ വ്യത്യാസം കൊണ്ടാണ് താൻ തിരിച്ചറിയാതിരുന്നത് "എന്ന് ദിവാകരൻ പറഞ്ഞു. "അക്കാലത്ത് എന്നിൽ നിന്നും ചെറിയൊരു അപ്രിയം ഉണ്ടായാൽ പോലും നീ കരയുമായിരുന്നു. സ്നേഹം കൊണ്ടുണ്ടാകുന്ന ദൗർബല്യം അന്നും ഇന്നും ഒരുപോലെയാണ് നിന്നിൽ കാണുന്നതെന്ന് ദിവാകരൻ പറഞ്ഞു .കാലമിത്രയായിട്ടും നളിനിയുടെ സ്വഭാവത്തിൽ മാറ്റം വന്നിട്ടില്ല എന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്. കഴിഞ്ഞതെല്ലാം കഴിഞ്ഞു നമ്മുടെ പ്രായവും ലക്ഷ്യങ്ങളും മാറി .വേണ്ടത്ര പക്വത വന്നു .അതെല്ലാം പോകട്ടെ .നീ എന്തിനാണ്  ഇവിടെ വസിക്കുന്നത് " എന്ന് ചോദിച്ചു ."അല്ലയോ നളിനി നീ ഇവിടെ വസിക്കുന്നതിന് കാരണം ഞാൻ അന്വേഷിക്കുന്നത് വെറുതെയാണ് ..ഏതോ കാര്യത്തിനു വേണ്ടി നീ തുനിഞ്ഞുവെന്ന് കരുതിയാൽ മതി. ജീവികൾ അവയുടെ കർമ മാർഗം സ്വീകരിക്കും.ഓരോരുത്തരും അവനവന് ഇഷ്ടമുള്ള രീതിയിലാണ് മുന്നോട്ട് പോകുന്നത് .അതുകൊണ്ട് അതിന്റെ  കാരണം അന്വേഷിക്കുന്നത് വെറുതെയാണെന്നാണ് ദിവാകരൻ കരുതുന്നത്. നളിനി അങ്ങനെ സ്വന്തം ഇഷ്ടപ്രകാരമുള്ള ഒരു മാർഗ്ഗം സ്വീകരിച്ചു എന്നു കരുതാം .

അല്ലയോ സഖീ,  ഒരു കാര്യം കൂടി ചോദിക്കട്ടെയെന്ന് അദ്ദേഹം ആരാഞ്ഞു.നളിനി എന്നെ ഓർത്ത് തപസ്സ് ചെയ്തു കൊണ്ട് ഇവിടെ കഴിഞ്ഞു എന്നു പറഞ്ഞല്ലോ. എന്ത് ഉപകാരമാണ് നീ എന്നിൽ നിന്നും പ്രതീക്ഷിക്കുന്നത് .വിവേകികളായ ആളുകൾ സ്വന്തം ജീവിതം അന്യർക്ക് ഉപയോഗപ്രദമായ രീതിയിൽ വിനിയോഗിച്ച് ധന്യരാകും .നളിനിക്കു വേണ്ടി എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കിൽ തികച്ചും സന്തോഷത്തോടെ തന്നെ ചെയ്യും എന്നാണ് ദിവാകരൻ പറയുന്നത്. മനുഷ്യ ജീവിതത്തിൽ സാർവത്രികമായി ലയിച്ചു കിടക്കുന്ന അഗാധമായ സ്നേഹത്തെ കലാപരമായി ആവിഷ്കരിക്കുകയാണ് കുമാരനാശാൻ ഈ കവിതയിലൂടെ.

             


 

No comments:

Post a Comment