Monday, September 10, 2012

പത്താംക്ലാസ് കേരളപാഠാവലി-4-അടുത്തൂണ്‍

പെന്‍ഷന്‍ പറ്റിയതിനു ശേഷം സ്വന്തം ഗ്രാമത്തില്‍ എത്തിയ കവിയോട്‌ പട്ടണം വിശേഷങ്ങള്‍ചോദിച്ചു.അടുത്തൂണ്‍ പറ്റി ഗ്രാമത്തില്‍ ഒരുമാസക്കാലമായ്‌ കഴിയുന്ന,ചാരുകസേരയില്‍ ഇരുന്ന്‍നഗരത്തിന്‍റെ ആഹ്ലാദം ഓര്‍ത്തുകൊണ്ടിരിക്കുന്ന താങ്കള്‍ക്ക് ഈ ഗ്രാമത്തിന്‍റെ ഏകാന്തത മടുത്തില്ലേ?ഗതി മുട്ടിയ താന്‍ ഒരുത്തരം കണ്ടെത്തണം.

മുറ്റത്ത്‌ വര്‍ഷം തോറും വിടര്‍ന്നു വാടാറുള്ള മുക്കൂറ്റിപ്പൂവിന് ഇതള്‍ എത്രയെന്നറിയാതെ അമ്പത്തൊമ്പത് വര്‍ഷം കടന്നുപോയതെങ്ങനെ എന്ന അമ്പരപ്പാണ് തനിക്ക്‌..  .; എന്നാല്‍ ഇന്ന് മുക്കൂറ്റിപ്പൂവിന് അഞ്ചിതള്‍ എന്ന് നിസ്സംശയം തനിക്ക് പറയാനാകും.

മാസം രണ്ടു കഴിഞ്ഞപ്പോള്‍  ഒരു പ്രഭാതത്തില്‍ ജീപ്പില്‍ വന്നിറങ്ങിയ നഗരം വീണ്ടും പരിഹസിച്ചു.മൂന്നു മാസക്കാലമായ്‌ ഗ്രാമജീവിതത്തിന്റെ മൂകവേദനയില്‍ മുങ്ങിക്കിടക്കുന്ന ജീവാത്മാവേ നിനക്ക് ഈ ഏകാന്തത മടുത്തില്ലേ? എന്ന  ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള പരക്കംപാച്ചിലിലാണ് കവിമനസ്സ്. ഞാനിതാ സംശയം ഒട്ടുമില്ലാതെ ഉറക്കെപ്പറയട്ടെ....മുറ്റത്തെ നിലപ്പനപ്പൂവിന് ഇതളുകള്‍ ആറ്.
[നഗരത്തിന്‍റെ തിരക്കുകള്‍ നിറഞ്ഞ ഭൂതകാലം കവിക്കുണ്ട്.നന്മകള്‍ നിറഞ്ഞ ഗ്രാമജീവിതത്തിന്റെ സുഖം അദ്ദേഹം അനുഭവിക്കുന്നുണ്ട്.വലുതുകളെ കീഴടക്കാനുള്ള നഗരത്തിന്‍റെ പരിഹാസത്തെ വകവയ്ക്കാതെ പ്രകൃതിയുടെ സൂക്ഷ്‌മഭാവത്തില്‍പോലും ലയിക്കാനുള്ള മനസ്സ്‌ കവി തിരിച്ചു പിടിക്കുന്നു.ലോകം മുഴുവന്‍ ചുറ്റിയ സഞ്ചാരി സ്വന്തം വീട്ടുമുറ്റത്ത് എത്തിയ സന്തോഷം നമ്മെ ഈ കവിത ബോധ്യപ്പെടുത്തുന്നു.പ്രപഞ്ചത്തിന്റെ കുഞ്ഞുസൌന്ദര്യങ്ങള്‍ നാം നേടിയ ഭൌതിക നേട്ടങ്ങളേക്കാള്‍ നമ്മെ സന്തോഷിപ്പിക്കും.പലതും വെട്ടിപ്പിടിക്കാനുള്ള പാച്ചിലില്‍ അറിയേണ്ടതും കാണേണ്ടതുമായ പലതും മനസ്സിലാക്കാതെ കടന്നുപോകുന്നു.നിലപ്പനപ്പൂവിന്റെയും മുക്കൂറ്റിപ്പൂവിന്റെയും ഇതളുകള്‍ എത്രയെന്ന അറിവ്‌ വെറുമൊരു അറിവല്ല.താന്‍ എന്താണെന്നുള്ള തിരിച്ചറിവ് കൂടിയാണ്]