Sunday, March 21, 2021

ആസ്വാദനക്കുറിപ്പ് -ആത്മാവിന്റെ വെളിപാടുകൾ - പെരുമ്പടവം ശ്രീധരൻ

 

     പ്രശസ്ത റഷ്യൻ നോവലിസ്റ്റ് ദസ്തയേവ്സ്കിയുടെ ജീവിതം അടിസ്ഥാനമാക്കി പെരുമ്പടവം ശ്രീധരൻ എഴുതിയ ഒരു സങ്കീർത്തനം പോലെ എന്ന നോവലിലെ പത്താം അധ്യായമാണ് ആത്മാവിന്റെ  വെളിപാടുകൾ. ഭാര്യയുടേയും  ചേട്ടന്റേയും മരണം ഏൽപ്പിച്ച ആഘാതവും ചേട്ടൻ  ഉണ്ടാക്കിവെച്ച കടങ്ങളും ചേട്ടന്റെ  കുടുംബത്തെ രക്ഷിക്കാനുള്ള സാമ്പത്തിക ബാധ്യതയും ദസ്തയേവിസ്കിയെ ആകെ ഉലച്ചു കളഞ്ഞു. കിട്ടിയ പണം മുഴുവൻ നഷ്ടപ്പെടുത്തി. കുറ്റവും ശിക്ഷയും എഴുതാൻ തുടങ്ങിയത് നിലനിൽപ്പുതന്നെ പരുങ്ങലിലായ അവസ്ഥയിലാണ്.അദ്ദേഹം ഒരു നോവൽ എഴുതി കൊടുക്കാമെന്നും അല്ലാത്തപക്ഷം എഴുതാനിടയുള്ള എല്ലാ പുസ്തകങ്ങളുടെ അവകാശവും വിട്ടു നൽകാമെന്നും ഉള്ള കരാറിൽ പ്രസാധകരിൽ നിന്ന് പണം മുൻകൂറായി വാങ്ങി .നിശ്ചിത സമയത്തിനുള്ളിൽ നോവൽ പൂർത്തിയാക്കണമെങ്കിൽ ചുരുക്കെഴുത്ത് അറിയാവുന്ന ഒരാളുടെ സഹായം കൂടിയേ തീരൂ എന്ന സ്ഥിതിവന്നു. അങ്ങനെ അന്ന എന്ന യുവതിയുടെ സഹായത്തോടെ ദസ്തയേവ്സ്കി നോവൽ രചനയിൽ ഏർപ്പെട്ടു.അന്ന ദസ്തയേവ്സ്കിയുടെ ആരാധകന്റെ  മകളാണ്. അവളുടെ സ്നേഹ പരിചരണങ്ങളാൽ നോവൽ പൂർത്തിയാക്കാൻ നോവലിസ്റ്റ് ശ്രമിക്കുന്നു .ചുഴലി രോഗത്തിന്റെ  പിടിയിലായിരുന്ന ദസ്തയേവ്സ്കി രണ്ടുദിവസം വീട്ടിൽ കിടന്നു. ഒരു ദിവസം വെറുതെ പുറത്തേക്കിറങ്ങി നടക്കണമെന്ന് വിചാരത്താൽ  കുറെ ദൂരം നടന്നു. അപ്പോൾ പ്രകൃതിയും ദസ്തയേവ്സ്കി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന ബോധത്താൽ തന്നോട് തന്നെ ദസ്തയേവ്സ്കി സംസാരിച്ചു .തന്റെ  ജീവിതത്തിന് എന്ത് അർത്ഥമാണുള്ളത് എന്ന് ചിന്തിച്ചു .വഴിയരികിൽ വലിച്ചെറിയപ്പെട്ട ഒരു പാറയുടെ അവസ്ഥയല്ലേ തനിക്കെന്നും ചിന്തിച്ചു തനിക്ക് ആകെയുള്ളത് പ്രാർത്ഥനയാണ്. എന്നാൽ ഒരാൾക്ക് എത്രനേരം പ്രാർത്ഥനയിൽ തന്നെ ലയിച്ച് ഇരിക്കാൻ സാധിക്കും? അതിനുശേഷം പുറംലോകത്തേക്ക് വന്നാലോ അവിടെയെങ്ങും കഴുകന്റെ  നഖങ്ങൾ ആണ്. ചേട്ടൻ മൈക്കിളിന്റെഭാര്യ ചേട്ടന്റെ  മരണശേഷം വരുമ്പോൾ അവരെ സഹായിക്കുന്നത് ദസ്തയേവ്സ്കി പതിവായിരുന്നു. വീട്ടിലുള്ള എല്ലാ സാധനങ്ങളും വിറ്റു .ദസ്തയേവ്സ്കിയുടെ ആദ്യഭാര്യ മേരിയയുടെ മകനാണ് പാഷ .പണത്തിനു മറ്റും എപ്പോഴും ചൂഷണം ചെയ്യുന്ന പ്രകൃതമാണ്. അവനും ഉപദേശത്തിന്റെ  കുറവുകൊണ്ടല്ല ചീത്തയാകുന്നത് .

സഹിക്കാൻ ഒന്നുമില്ലാത്ത ജീവിതം യഥാർത്ഥ ജീവിതം ആണോ എന്ന് അദ്ദേഹം ചിന്തിച്ചു ചേട്ടൻ,  'എപോക്  'എന്ന ഒരു പബ്ലിക്കേഷൻ തുടങ്ങിയിരുന്നു .അതിൽ അധോതല കുറിപ്പുകൾ എന്ന ഒരു കൃതി ദസ്തയേവ്സ്കി എഴുതി. കനത്ത നഷ്ടത്തിൽ സ്ഥാപനം നിർത്തേണ്ടിവന്നു. തൻ്റെ ഭാര്യ മേരിയ മോസ്കോവിൽ മരണശയ്യയിൽ കിടക്കുന്ന സമയത്ത് ഒരു കൊല്ലമാണ് അവളെ ശുശ്രൂഷിച്ചത്. പിരിഞ്ഞാണ് നിന്നിരുന്നെങ്കിലും  അവസാന സമയത്ത് താൻ തന്നെയാണ് അവളെ നോക്കിയത്. ജീവിതത്തിൽ ഏറ്റവും നല്ല സ്ത്രീ അവളായിരുന്നു എന്ന് അവൾ മരിച്ചു കഴിഞ്ഞപ്പോഴാണ് മനസ്സിലായത്. നമ്മൾ സ്നേഹിച്ച ഒരാളുടെ മരണം നമ്മുടെ ജീവിതത്തെ ശൂന്യമാക്കിത്തീർക്കുമെന്ന് അദ്ദേഹം ഓർക്കുന്നു .പിന്നീട് ചേട്ടനും മരിച്ചു.

ബൈബിളിലെ ഇയ്യോബിന്റെ  പുസ്തകം വായിക്കുന്നത് ദസ്തയേവ്സ്കിക്ക് ' ഇഷ്ടമായിരുന്നു . ജീവിതത്തെ ഓർത്ത് ഇയ്യോബ് തന്റെ   ജന്മദിനത്തെ പോലും ശപിച്ചത് വീണ്ടും വീണ്ടും അദ്ദേഹം വായിച്ചു. എന്നാൽ തന്റെ പീഡാനുഭവങ്ങളെ സ്നേഹിക്കാൻ താൻ പഠിച്ചു കഴിഞ്ഞു എന്ന് സ്വയം പറഞ്ഞു .

തനിക്ക് നോവൽ വേഗം തീർക്കണം എന്നില്ലെന്ന് ദസ്തയേവ്സ്കി പറഞ്ഞു സ്റ്റെല്ലോവ്സ്കി അപ്പോൾ ഈ എഴുതിയതിന്റെ  അവകാശം മൊത്തം എടുക്കില്ലേ എന്ന് ചോദിച്ചപ്പോൾ ഒരു നിബന്ധന വെച്ച് ഒരു സാഹിത്യകാരന് ഒരിക്കലും നോവലെഴുതാൻ സാധിക്കുകയില്ല എന്ന് ദസ്തയേവ്സ്കി പറഞ്ഞു .നോവലെഴുത്ത്  ആത്മാവിന്റെ വെളിപാടാണ്. സ്റ്റെല്ലോവ്സ്കി ആദായം എടുത്താലും അത് എഴുതിയത് അയാൾ ആകില്ല ഞാൻ തന്നെയല്ലേ എന്ന് പറഞ്ഞപ്പോൾ അവൾ അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കി .നോവൽ തീർന്നാൽ അന്ന ഇവിടുന്ന് പോകുമല്ലോ അതുകൊണ്ടാണ് തീരാതിരിക്കാൻ ആഗ്രഹിക്കുന്നതെന്ന് ദസ്തേയേവ്സ്കി പറഞ്ഞു. ആശയത്തിന്റെ  കൂടുതൽ കൊണ്ടാണ് എനിക്ക് എഴുതാൻ പറ്റാത്തത് എന്ന് അദ്ദേഹം അന്നയോട് പറഞ്ഞു .നന്മയുടെ മൂർത്തിയായി ഒരു ശുദ്ധാത്മാവിനെ സൃഷ്ടിക്കുകയാണ് തന്റെ  ലക്ഷ്യമെന്നും അതാണ് ജീവിതത്തിൽ ഏറ്റവും പ്രയാസമുള്ള പണിയെന്നും അദ്ദേഹം പറഞ്ഞു .പ്രത്യേകിച്ച് ഈ കുടിലബുദ്ധികളുള്ള ഇക്കാലത്ത്.അങ്ങനെ നന്മയുള്ളവരെ കഥാപാത്രങ്ങളാക്കി എഴുതാൻ വേണ്ടിയാണ്  ഞാൻ ഭൂമിയിൽ അവതരിച്ചത് എന്ന് ദസ്തയേവ്സ്കി പറഞ്ഞു .അതിൽ ഒരു കഥാപാത്രം ഉണ്ടാവും .പതിനാറ് വയസ്സുകാരൻ  ഇപ്പോലിത്ത്. ക്ഷയരോഗം കൊണ്ട് മരിച്ചുകൊണ്ടിരിക്കുന്ന  അവൻ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. ആ ശ്രമത്തിലൂടെ ദൈവത്തിനുള്ള അധികാരത്തെ ചോദ്യം ചെയ്യുകയാണ് ഉന്നം. മിഷ്കിനോട്  എങ്ങനെ മരിക്കണമെന്ന് ഉപദേശിക്കാൻ ആവശ്യപ്പെട്ടു .ഞങ്ങളുടെ ആനന്ദത്തിന് ഞങ്ങളോട് ക്ഷമിച്ചു കൊണ്ട് ഞങ്ങളെ കടന്നു പോവുക എന്നാണ് മിഷ്കിൻ മറുപടി പറഞ്ഞത് .അത് പറഞ്ഞപ്പോൾ തൊണ്ടയിടറി, അദ്ദേഹം കരഞ്ഞു. കുരിശിൽ കിടന്ന് പ്രാണൻ പിടയുമ്പോൾ പിതാവേ ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല ഇവരോട് ക്ഷമിക്കണമേ എന്ന് ക്രിസ്തു പ്രാർത്ഥിച്ചത് അന്ന അറിയാതെ ഓർത്തുപോയി .ആത്മസംഘർഷങ്ങൾ അനുഭവിക്കുന്ന ക്രിസ്തുവിനെ പോലെയാണ് അന്നയ്ക്ക് ദസ്തയേവ്സ്കിയെ തോന്നിയത്. കുറ്റവും ശിക്ഷയും വായിച്ചുകൊണ്ടിരുന്നപ്പോൾ തന്റെ  പിതാവ് പറഞ്ഞ കാര്യം അന്ന ഓർത്തു .മനുഷ്യമനസ്സിന്റെയുള്ളിലുള്ള എല്ലാ കാര്യങ്ങളെയും ഇത്രമാത്രം തുറന്ന് കാണിച്ചുതന്ന മറ്റൊരു സാഹിത്യകാരൻ ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത് ധാരാളം ആത്മക്ഷതങ്ങള്‍ ഏറ്റിട്ടുള്ള ആളാണ് താങ്കൾ എന്ന് അന്ന പറഞ്ഞു .ആത്മസംഘർഷം  കഥാപാത്രങ്ങൾക്ക് വീതിച്ചു കൊടുക്കുന്നു അല്ലേ എന്ന് ചോദിച്ചു. നീ എന്റെ  ഹൃദയത്തിനകത്താണോ നിൽക്കുന്നത് എന്ന് വിസ്മയത്തോടെ ദസ്തയേവിസ്കി പറഞ്ഞു എന്റെ  വേദനകൾ അല്ലാതെ ഞാൻ എന്താണ് അവർക്ക് കൊടുക്കേണ്ടത് എന്ന്  തിരിച്ചു ചോദിച്ചു അപ്പോൾ അന്ന ജീവിതത്തെ വെറുക്കാനും കഥാപാത്രങ്ങളെ പഠിപ്പിക്കും അല്ലേ എന്ന് ചോദിച്ചു നീ വളരെ മിടുക്കിയാണ് എന്നും എന്നാൽ ഇപ്പറഞ്ഞതിൽ തെറ്റുപറ്റിയെന്നും ഓരോ ദുരന്തവും ജീവിതത്തെ സ്നേഹിക്കാനാണ് എന്നെ പഠിപ്പിച്ചത് എന്നും അദ്ദേഹം പറഞ്ഞപ്പോൾ അവൾ അദ്ദേഹത്തിന്റെ  മനസ്സിനു   മുന്നിൽ ശിരസ്സു കുനിച്ചു

No comments:

Post a Comment