Friday, September 21, 2012

കടമ്മനിട്ട

പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ടയാണ് കവിയുടെ ജന്മദേശം.സ്വന്തം നാട് തന്നെയാണ് കവിക്ക്‌ കവിതാരചനയ്ക്ക് പ്രചോദനമാകുന്നത്.1967 ലെഴുതിയ നാടിന്‍റെ പേരിട്ട കവിതയിലെ കുറച്ചു വരികളാണ് പാഠഭാഗം.

കടമ്മനിട്ട എന്ന ഗ്രാമത്തിലൂടെ രാവിലെ മുതല്‍ രാത്രി വരെ കാഴ്ചകള്‍ കണ്ടുനടന്ന ഒരു മനുഷ്യന്‍റെ ഓര്‍മ്മകളുടെ  രൂപത്തിലാണ് ഈ കവിത രചിച്ചിരിക്കുന്നത്.നെല്ലിന്‍തണ്ടു മണക്കുന്ന വഴികളിലും എള്ളിന്‍ നാമ്പുകുരുക്കും വയലിലും മുഴുകി നടന്ന  കവിക്ക്‌ പ്രായമായതിനാല്‍ ഓര്‍മ്മകള്‍ക്ക് എണ്ണം തെറ്റുന്നു.ഒരു വൃദ്ധന്റെ കുഴഞ്ഞുമറിഞ്ഞ ഓര്‍മ്മകളാണ്  ഈ കവിത.അങ്ങനെ നടക്കുമ്പോള്‍ ഓര്‍മ്മകള്‍ കുന്നിന്‍ ചരിവിലെ മാവിന്‍ കൊമ്പില്‍ ഉണ്ണിമാങ്ങകളായി കണ്ണുമിഴിച്ചുകിടക്കുന്നു.കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകളാണ് ഇത്.ഇടിഞ്ഞുപൊളിഞ്ഞകുളക്കടവില്‍ നാമം ജപിക്കുന്ന തള്ളത്തവളകള്‍ നാട്ടിലെ പ്രായമായവരെ ഓര്‍മ്മിപ്പിക്കുന്നു.


ഒരു ഗ്രാമീണയുവതി തോര്‍ത്തുമുണ്ടെടുത്ത് എണ്ണനിറച്ച കിണ്ണവുമായി കുളിക്കാന്‍ വരുന്നതുപോലെയാണ് പുലരിയെ കണ്ടപ്പോള്‍  കവിക്ക്‌ തോന്നിയത്‌.... ................കവി പുല്‍ക്കൊടിയെയും പൂക്കളെയും നോക്കി ,കുറുമ്പും കുന്നായ്മയും ഉള്ള തനി ഗ്രാമീണനായ് നടന്നു നീങ്ങുന്നു.കുളക്കരയിലൂടെയുള്ള ആ യാത്രയില്‍ തുണിയഴിച്ച് കൂസലില്ലാതെ പോകുന്ന കുളക്കോഴിപ്പിടയെ കണ്ട കവി നാട്ടിലെ പഴമക്കാരെ അമ്പരപ്പിക്കുന്ന പാശ്ചാത്യപരിഷ്ക്കാരികളായ പുത്തന്‍തലമുറയെ ഓര്‍ത്തുപോയി.
പെട്ടെന്ന് കവിയുടെ കണ്ണുകള്‍ മുള്ളിലുടക്കി.ജീവിതാനുഭവങ്ങള്‍ ചിലപ്പോള്‍ മുള്ളുകള്‍ പോലെ ആകാറുണ്ട്.അങ്ങനെ പലതും ഓര്‍ത്തു നടക്കുമ്പോള്‍ തന്‍റെ മനസ്സിലാണ് ആ ഓര്‍മ്മകള്‍ എന്നതുകൊണ്ട് പാഴ്മുളയായിരിക്കും എന്ന് കവി സങ്കടപ്പെടുന്നു.


എങ്കിലും ഈ സ്മരണകള്‍ കൊണ്ട് പ്രയോജനം ഉണ്ട്.ചെറുമണികള്‍ പെറുക്കി തന്‍റെ മനസ്സിലെ ഓലത്തുഞ്ചത്ത് ഊഞ്ഞാലാടുന്ന കിളിയുടെ വായില്‍ വായ്ക്കരിയായ്‌ ഇട്ടുകൊടുക്കാം.ഓര്‍മ്മകള്‍ ഉറങ്ങുന്ന തന്‍റെ മനസ്സിന് നല്‍കുന്ന ഭക്ഷണമാണ് ഗ്രാമസ്മൃതികള്‍  .ഗ്രാമസ്മൃതികളോടുള്ള വേദനാജനകമായ വിടവാങ്ങലാണ് വായ്ക്കരി.ഓര്‍മ്മകള്‍ കൊണ്ടുള്ള വായ്ക്കരിയും ഓര്‍മ്മകള്‍ക്കുള്ള വായ്ക്കരിയുമാണിത്.


ഓര്‍ക്കാക്കഥയുടെ ശീലുകള്‍ ഓര്‍ക്കുമ്പോള്‍ ഓലേഞ്ഞാലിക്കിളിയുടെ വാലില്‍ ഒമ്പതുശീലക്കൊടികള്‍ കെട്ടിയതും ഓലക്കുടയുടെ കീഴില്‍ താളംചവിട്ടിയതും വെളളം ചെപ്പി ബഹളം കൂട്ടിയതും തെളിയുന്നു.ഓടിച്ചാടി നടന്ന കുട്ടിക്കാലമാണ് ഈ വര്‍ണ്ണനകളിലൂടെ തെളിയുന്നത്.


ഓര്‍മ്മയില്‍ താലോലിക്കുന്ന കൌമാരസ്മരണയില്‍ കവി മുഴുകുന്നു.കാവിലമ്മയ്ക്ക് സമര്‍പ്പിക്കാന്‍ തെച്ചിപ്പൂങ്കുല പറിച്ചുനിന്ന  തന്‍റെ പ്രണയനായികയെ കവി ഓര്‍ക്കുന്നു.അവളുടെ കണ്ണില്‍ വീണ കരട് എടുത്തതും തുടര്‍ന്നുണ്ടായ സ്നേഹപ്രകടനവും കവി ഓര്‍ത്തു.അവള്‍ മുറിവേല്‍പ്പിച്ചതിന്റെ നീറ്റല്‍ ഇപ്പോഴുമുണ്ട്.നഷ്ടമായിപ്പോയ പ്രണയത്തിന്‍റെ ഓര്‍മ്മ കവിയെ വേദനിപ്പിക്കുന്നു.എല്ലാ നീറ്റലിനും ഉള്ള പച്ചമരുന്നുകള്‍ നാട്ടിലുണ്ട്.എന്നാല്‍ ഈ നീറ്റല്‍ മാറ്റാനുള്ള പച്ചില കിട്ടാനില്ല.അതുമാത്രം ആടുതിന്നുപോയത്‌[[[ [[[[(>കിട്ടാനില്ലാത്തത്< കവിയെ അത്ഭുതപ്പെടുത്തുന്നു.നിലാവിനേക്കാള്‍ ഭംഗിയുണ്ട് തന്‍റെ കൌമാരകാലത്തിന്  .തന്നെക്കുറിച്ച് ആളുകള്‍ അപവാദം പരത്തിയത് കൊണ്ടാകാം അവള്‍ തന്നെ ഉപേക്ഷിച്ചത്.


തന്‍റെ ഓര്‍മ്മകള്‍ മൂത്തുനരച്ചു.ഓര്‍മ്മകള്‍ മുതുകിലെ കൂനായ്‌ മാറി.കര്‍ഷകസമൂഹത്തെ ഉള്ളുകൊണ്ട് കണ്ടറിഞ്ഞ കവി അവരെക്കുറിച്ച് ഓര്‍ക്കുന്നു.വൈക്കോല്‍ അരിഞ്ഞും കലപ്പ പിടിച്ചും  വളക്കൂറുള്ള പാടത്ത് ഉഴാനെടുത്ത കാളയുടെ വാലില്‍ തൂങ്ങിനടക്കുന്ന വായാടിക്കുട്ടികള്‍ക്കിടയില്‍ പണ്ട് താനും ഉണ്ടായിരുന്നു.പ്രകൃതിയോട് ഇണങ്ങിയാണ് അവര്‍ ജീവിച്ചത്. ആഞ്ഞിലിമൂട്ടില്‍ മണ്ണപ്പംചുട്ടുകളിച്ചും  ചുട്ടാറ്റിലെ വെള്ളത്തില്‍ മൂത്രമൊഴിച്ചും വളര്‍ന്ന ആ കുട്ടികള്‍ വിളര്‍ത്തും മെലിഞ്ഞും വിശപ്പിന്‍റെ നെഞ്ചത്ത് ആഞ്ഞുതൊഴിച്ചു കറുത്തും വരുന്നത് കവി  കാണുന്നു.കര്‍ഷകരുടെ കയ്പ്പുനിറഞ്ഞ യാതനകള്‍ കൌമാര കാലത്ത്‌ കവിയെ ഏറെ ചിന്തിപ്പിച്ചിരുന്നു.തന്‍റെ ഗ്രാമം തന്നെയാണ് സാമൂഹിക അവബോധം നല്‍കിയത്‌ എന്ന് നന്ദിയോടെ കവി ഓര്‍ക്കുന്നു.


കുറെക്കാലങ്ങള്‍ക്കു ശേഷം തന്‍റെ നാട് കണ്ട കവി മാറ്റങ്ങളെ തിരിച്ചറിഞ്ഞു.തന്‍റെ കുട്ടിക്കാലത്ത്‌ സജീവമായ കുളം ഇന്ന് നശിച്ചിരിക്കുന്നു.ഉപേക്ഷിക്കപ്പെട്ട കുളം ഉപേക്ഷിക്കപ്പെട്ട   നാടിന്‍റെ നന്മയെ സൂചിപ്പിക്കുന്നു.പാതിരായ്ക്ക് ഭഗവതി മാത്രം കുളിക്കുന്ന, പായലും പാഴ്ച്ചെടിയും മൂടിയ പാലക്കൊമ്പിന്‍റെ നിഴലുവീണ കുളം കണ്ട് പേടിച്ചുവിറച്ച് കവി നടക്കുന്നു...


[ വര്‍ഷങ്ങള്‍ക്കുശേഷം നാട്ടിലെത്തിയ കവിയുടെ ഓര്‍മ്മകളില്‍ മാത്രമാണ് ഗ്രാമം നിലനില്‍ക്കുന്നത്.കടമ്മനിട്ടക്കാവും കുളവും പരിസരവും ഈ കവിതയിലൂടെ നമ്മളും ദര്‍ശിക്കുന്നു.പടയണിക്ക് പാടുന്ന ഭൈരവിപ്പാട്ടിന്റെ താളത്തിലാണ് കവിത .

*നാട്ടിന്‍പുറത്തെ കുറിച്ചുള്ള ഓര്‍മ്മ

*നാട്ടിന്‍പുറത്തെ ദാരിദ്ര്യത്തെക്കുറിച്ചുള്ള ഓര്‍മ്മ

*നഷ്ട്ട പ്രണയത്തെ കുറിച്ചുള്ള ഓര്‍മ്മ

*വര്‍ത്തമാനകാല ജീവിതദുരന്തം]
                                                        കടമ്മനിട്ട രാമകൃഷ്ണന്‍