Monday, November 15, 2021

എന്റെ ഗുരുനാഥൻ -വള്ളത്തോൾ നാരായണമേനോൻ

 


വള്ളത്തോൾ നാരായണമേനോൻ


ഗാന്ധിജിയെ വള്ളത്തോൾ തന്റെ ഗുരുനാഥനായി അംഗീകരിക്കുകയും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ വിശദീകരിക്കുകയും ചെയ്യുന്ന കവിതയാണിത്. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പറഞ്ഞ ഗാന്ധിജി എല്ലാ ദർശനങ്ങളുടേയും ആൾരൂപമാണെന്ന് കവി പറയുന്നു. ആമുഖമൊന്നും കൂടാതെ ഗാന്ധിജിയുടെ വ്യക്തിത്വം  വർണ്ണിച്ചു കൊണ്ടാണ് കവിത തുടങ്ങുന്നത്. എവിടേയും ഗാന്ധിജിയുടെ പേര് പരാമർശിച്ചില്ല. എന്നാലും എല്ലാവർക്കും അദ്ദേഹം ഗാന്ധിജിയെക്കുറിച്ചാണ് കവിത എഴുതിയിരിക്കുന്നത് മനസ്സിലാക്കാൻ സാധിക്കും.

ലോകം തന്റെ തറവാടായും എല്ലാ ചെടികളേയും പൂക്കളേയും പുല്ലിനേയും പുഴുക്കളേയും  തന്റെ കുടുംബക്കാരായും കരുതുന്നു. ത്യാഗമാണ് അദ്ദേഹത്തിന്റെ നേട്ടം. താഴ്മയാണ് അദ്ദേഹത്തിന്റെ ഉയർച്ച. അദ്ദേഹമൊരു യോഗിയാണ്. അദ്ദേഹത്തെ നക്ഷത്രങ്ങൾ കൊണ്ടുള്ള മാല അണിയിച്ചാലതും അലങ്കാരമായിരിക്കും.  ചെളി പുരട്ടിയാൽ അതും അദ്ദേഹത്തിന് അലങ്കാരമാണ്. അദ്ദേഹത്തിന് യാതൊരു കളങ്കവും ഇല്ല. ആകാശംപോലെ തെളിമയും വിശാലവും ആണ് എന്റെ ഗുരുനാഥന്റെ മനസ്സ്.അദ്ദേഹം ശസ്ത്രം ഇല്ലാതെ ധർമ്മം പരിപാലിക്കുന്നു. പുസ്തകം ഇല്ലാതെ അധ്യാപനം നടത്തുന്നു .ഔഷധം ഇല്ലാതെ രോഗം ശമിപ്പിക്കുന്നു. ഹിംസ ഇല്ലാതെ യാഗം നടത്തുന്നു. അഹിംസയാണ് അദ്ദേഹത്തിന്റെ വ്രതം. ശാന്തിയാണ് അദ്ദേഹത്തിന്റെ ദേവത. അഹിംസയാകുന്ന പടച്ചട്ടയണിഞ്ഞാൽ ഏതു കൊടിയ വാളിന്റേയും വായ്ത്തല മടക്കാൻ സാധിക്കും എന്നാണ് അദ്ദേഹം പറയാറുള്ളത്. 


ക്രിസ്തുവിന്റെ പരിത്യാഗവും കൃഷ്ണന്റെ ധർമ്മരക്ഷോപായവും ബുദ്ധന്റെ അഹിംസയും ശങ്കരാചാര്യരുടെ ബുദ്ധിശക്തിയും ഹരിചന്ദ്രന്റെ സത്യവും മുഹമ്മദിന്റെ സ്ഥൈര്യവും ഒരാളിൽ തന്നെ കാണണമെങ്കിൽ എല്ലാവരും എന്റെ ഗുരുവിന്റെ അരികിലേക്ക് പോകുക. അല്ലെങ്കിൽ അദ്ദേഹത്തിന്റെ ചരിത്രം വായിക്കുക.അദ്ദേഹത്തിന്റെ പാദം ഒരിക്കൽ ദർശിച്ചാൽ പേടിയുള്ളവൻ ധീരനാകും .കർക്കശൻ കൃപാലുവാകും.പിശുക്കൻ പിശുക്കുപേക്ഷിക്കും. സംസാരിക്കാൻ മടിയുള്ളവൻ നന്നായി സംസാരിക്കുന്നവനാകും .ഭഗവത്ഗീതയ്ക്ക് ജന്മം നൽകിയ ഈ ഭാരതത്തിൽ മാത്രമേ ഇങ്ങനെയൊരു കർമയോഗി ഉണ്ടാകൂ. ഹിമവാന്റേയും വിന്ധ്യപർവതത്തിന്റേയും മധ്യദേശത്ത് മാത്രമേ ഇങ്ങനെ ശമം   ശീലിച്ച സിംഹത്തെ കാണാൻ സാധിക്കൂ. ഗംഗ ഒഴുകുന്ന നാട്ടിൽ മാത്രമേ ഇങ്ങനെ മംഗളം കായ്ക്കുന്ന കല്പവൃക്ഷം ഉണ്ടാകൂവെന്നാണ് വള്ളത്തോൾ പറയുന്നത്.


കിട്ടും പണമെങ്കിലിപ്പോൾ - കുഞ്ചൻ നമ്പ്യാർ

കുഞ്ചൻ നമ്പ്യാർ

                        ധ്രുവൻ കാട്ടിൽ അലയുന്ന സമയത്ത് നാരദമഹർഷി നാട്ടിലെ ജീവിതാവസ്ഥകളെക്കുറിച്ചും മനുഷ്യന്റെ  അതിമോഹങ്ങളെക്കുറിച്ചും ധ്രുവനോട് പറയുന്ന കാര്യങ്ങളാണ് പാഠഭാഗത്തുള്ളത്. പണം കിട്ടും എന്നോർത്ത് എന്തു ദുഷ്ടത കാണിക്കുവാനും മനുഷ്യന് മടിയില്ല .മനുഷ്യന് എത്ര കിട്ടിയാലും മതിയാവില്ല രണ്ടു പണം  കിട്ടും എന്നു കേട്ടാൽ അവർ പതിനെട്ടു കാതമെങ്കിലും അത് വാങ്ങാൻ ഓടും. ഭക്ഷണത്തിനും പ്രസിദ്ധിക്കും രാജസേവയ്ക്കും ദുരമൂത്ത് നടക്കുകയാണ് ചിലർ.രാജാവിനെ സേവിക്കുക എന്ന വ്യാജേന  ചിലർ പെരുമാറുന്നു. നുണകൾ പറഞ്ഞ് പലരേയും ചതിക്കുന്നു. കൈക്കൂലി വാങ്ങിക്കുകയെന്നല്ലാതെ മറ്റൊരു വിചാരവും അവർക്കില്ല .അർഹതപ്പെട്ടവരെ സഹായിക്കാൻ ആരുമില്ല. ദുരാഗ്രഹം നിമിത്തം മാത്രമാണ് അവർ ശ്ലോകങ്ങൾ എഴുതുന്നത് .അർത്ഥരഹിതമായ കാവ്യങ്ങളാകും അവ. പട്ടുകിട്ടുമ്പോൾ പോലും അവർക്ക് സന്തോഷമില്ല .കാരണം പണം കൂടെ കിട്ടുമെന്ന് അതിനുമുമ്പേ അവൻ കരുതിയിട്ടുണ്ടായിരുന്നു .പട്ടു കിട്ടിയാൽ തരിവള കിട്ടിയില്ലല്ലോ എന്ന ദു:ഖമാണവന്.ഇങ്ങനെ ഓരോ കുറുക്കുവിദ്യകൾ കാണിച്ചാണ് ഇവിടുത്തെ ജനങ്ങൾ ജീവിക്കുന്നത് . ആട്ടവും പാട്ടും കൊട്ടും ചാട്ടവും എല്ലാം അവർ പഠിക്കുന്നുണ്ട്. കച്ചകെട്ടി വെട്ടും തടയും അവർ പയറ്റുന്നുണ്ട്. വായന കൊണ്ട് മാത്രമേ ഫലം ഉള്ളു എന്ന് വിചാരിച്ച് ചിലർ മത്സരിച്ച് വായിക്കുന്നുണ്ട്.  പണം കിട്ടുവാൻ വേണ്ടി വേറെ എന്ത് പഠിച്ചിട്ടും കാര്യമില്ല വൈദ്യം തന്നെ വേണം എന്ന് ചിലർ ചിന്തിക്കുന്നു. കാശുണ്ടാക്കാൻ മാത്രമാണ് വൈദ്യം പഠിക്കാൻ പോകുന്നത് .'കയ്പ്പുള്ളകാരസ്കരഘൃതവും ''ഗുൽഗുലുതിക്തകം 'ചേരുന്ന നെയ്കളും എണ്ണയും പൊടികളും ഗുളികകളും ഓരോരുത്തർക്ക് കൊടുത്ത് വ്യാജ ചികിത്സ ചെയ്ത് ചിലർ പണം കൈക്കലാക്കുന്നു .കാശ് കിട്ടാൻ മാത്രം മന്ത്രവാദം പഠിക്കുന്നു .മന്ത്രങ്ങൾ ഓരോന്നും  വെറുതെ എഴുതി കൊടുക്കുന്നു.  ചിലർ മന്ത്രിമാരോടും രാജാക്കന്മാരോടും ചേർന്ന് നിന്ന് അവരെ സന്തോഷിപ്പിച്ച് പട്ടും വളയും അവരിൽനിന്നും പിടുങ്ങുന്നു. ജ്യോതിഷ ശാസ്ത്രം പഠിച്ചു എന്ന വ്യാജേന രാജാവിന്റെ പക്കൽ നിന്നും പകുതി രാജ്യം കൈക്കലാക്കാൻ വരെയും ചിലർക്ക് മടിയില്ല .ജാതകം നോക്കിയിട്ട് അവർ പറയുന്ന നുണകൾ കേട്ട് നമ്മൾ പല വസ്തുക്കളും എടുത്ത്കൊടുത്തു പോകും. നീർക്കുമിള പോലെയുള്ള ജീവനെ പോറ്റുവാൻ മനുഷ്യൻ എത്ര മാത്രമാണ് കഷ്ടപ്പെടുന്നത്!

മുക്തകങ്ങൾ

മുക്തകം 1


 കയ്പയ്ക്ക അഥവാ പാവയ്ക്കയെ വർണിക്കുന്ന മനോഹരമായൊരു ശ്ലോകമാണ് "പാടത്തിൻ കര"എന്നാരംഭിക്കുന്ന മുക്തകം -

"വയലിന്റെ കര മുഴുവനും നീല നിറമാകത്തക്ക തരത്തിലും വേലിക്ക് ആഘോഷമാകുന്ന രീതിയിലും ആടിത്തൂങ്ങിയലഞ്ഞുകൊണ്ട് ലോകത്തിന്റെ സുകൃതമാണോ എന്ന് തോന്നുമാറ് നിൽക്കുന്ന അല്ലയോ കയ്പവള്ളിയുടെ കിടാങ്ങളേ , അമൃതിന്റെ അഹങ്കാരത്തപ്പോലും മറികടക്കാൻ കഴിവുള്ള നിങ്ങൾ എന്റെ കൈയിലേക്ക് വേഗം വരിക "

കവി കയ്പക്കയിൽ മനുഷ്യത്വം കൽപിച്ചിരിക്കുന്നു.  കയ്പ്പവല്ലിയുടെ  കിടാങ്ങളെ എന്ന് വിളിക്കുമ്പോൾ ഈ തോന്നൽ  നമുക്ക് അനുഭവപ്പെടുന്നു.. പ്രകൃതിയാകുന്ന അമ്മയുടെ പുണ്യമായാണ് പാവക്കയെ കാണുന്നത്..അമൃതിനെ പോലെ പാവയ്ക്കാ ഔഷധ ഗുണമുള്ളതും ആയുസ്സിന് ബലം നൽകുന്നതുമാണ്.പാവയ്ക്കായെ  കുട്ടികൾക്ക് തുല്യമായാണ് കവി കാണുന്നത്.. കുട്ടികൾ വീടിന് സുകൃതമാണ്,പുണ്യമാണ്. അതുപോലെ വേലിക്കൊരാഘോഷമാണ് പാവയ്ക്കാ.. കുട്ടികളുടെ മുൻപിൽ മുതിർന്നവരുടെ അഹങ്കാരത്തിന് യാതൊരു സ്ഥാനവുമില്ല... അതുപോലെയാണ് അമൃതിന്റെ അഹങ്കാരത്തെ പാവയ്ക്കാ ഇല്ലാതാക്കുന്നു.. കുട്ടികളെ എടുക്കാനുള്ള ഇഷ്ടത്തെ പോലെയാണ്  പാവയ്ക്കാകൂട്ടങ്ങളേ   എന്റെ അടുത്തേക്ക് വരൂ എന്ന് കവി പറയുന്നത്....

                                                                       

                                           ചേലപ്പറമ്പു നമ്പൂതിരി

മുക്തകം 2

                         നാലപ്പാട്ട് നാരായണമേനോൻ

"മനോഹരമായ കൊട്ടാരത്തിന്റെ പൂന്തോട്ടത്തിലെ കുളിർ കൽത്തറയിൽ രാജാക്കന്മാർ എത്തി വിശ്രമിക്കുകയും ലീലകളിലേർപ്പെടുകയും ചെയ്യുമ്പോൾ രാജാക്കന്മാരുടെ പരിഗണനയ്ക്കും ലാളനയ്ക്കും പാത്രമാവാൻ അവസരം ലഭിച്ചു കൊണ്ട് വളരുന്ന സുന്ദരമായ പൂവല്ലിയ്ക്കും , ആരുടെയും ശ്രദ്ധയിൽപ്പെടാതെ മതിലിന്റെ വിടവിൽ മുളച്ച് പുറത്തേക്ക് എത്തി നോക്കാൻ പാടുപെടുന്ന പാഴ് വള്ളിക്കും സൂര്യൻ തന്റെ കിരണങ്ങൾ തുല്യമായി നൽകുന്നു

അവസ്ഥ പരിഗണിക്കാതെ എല്ലാറ്റിനെയും സമഭാവനയോടെ (ഒരുപോലെ )കാണാനുള്ള സൂര്യന്റെ കഴിവിനെ ഈ മുക്തകം വെളിപ്പെടുത്തുന്നു. ജാതി, മതം, വർഗം ദേശം തുടങ്ങിയവ സാമൂഹികമായ ഉച്ചനീചത്വങ്ങൾ സൃഷ്ടിക്കുന്നു. അധികാരവർഗമെന്നും സാധാരണക്കാരെന്നും രണ്ടു വിഭാഗങ്ങൾ ഉണ്ടാകാൻ അത് കാരണമാകുന്നു..

പ്രകൃതിയുടെ സമഭാവനയാണ് ഈ മുക്തത്തിലൂടെ നാലപ്പാട്ട് വിശദീകരിക്കുന്നത്..

സംക്ഷേപണം എന്ന കഴിവ് ഏറെ ബോധ്യപ്പെടുത്തുന്നതാണ് മുക്തകങ്ങളുടെ രചന.

'ചുരുക്കിപ്പറയുക അല്ലെങ്കിൽ സംക്ഷേപിച്ച് പറയുക ' അപ്പോഴാണ് മുത്തു പോലെ മൂല്യവും വേറിട്ട് നിൽക്കുന്നതുപോലെയുമുള്ള  സൗന്ദര്യവും ദൃശ്യമാവുക.

  മുക്തകങ്ങളുടെ ജീവൻ ഇപ്പോഴും നിലനിൽക്കുന്നത് അക്ഷരശ്ലോകസദസ്സുകളിലൂടെയാണ്