Tuesday, October 2, 2012

ആസ്സാം പണിക്കാര്‍

രണ്ടാംലോകമഹായുദ്ധകാലത്ത് ലോകത്താകമാനം അശാന്തിയും സങ്കീര്‍ണ്ണതകളും മാത്രം കളിയാടി.മനുഷ്യജീവന് യാതൊരു വിലയും ആരും കല്‍പ്പിച്ചില്ല.കൊടുംദാരിദ്ര്യത്തിന്‍റെ പിടിയിലമര്‍ന്ന് ഒത്തിരിയേറെ ആളുകള്‍ ചരമമടഞ്ഞു.മരണത്തേക്കാള്‍ ഭയാനകമായിരുന്നു പട്ടിണി.ജന്മികുടിയാന്‍ വ്യവസ്ഥ നിലനിന്നിരുന്ന അക്കാലകേരളീയ  സമൂഹം ഈ അവസരത്തില്‍ അനുഭവിച്ച യാതനകള്‍ നരകതുല്യമായിരുന്നു.ആ അവസ്ഥയെ വൈലോപ്പിള്ളി 'ആസ്സാം പണിക്കാര്‍ ' എന്ന കവിതയിലൂടെ അവതരിപ്പിക്കുന്നു.

ജനിച്ചനാടിനെ ശപിച്ചുകൊണ്ടാണ് ദരിദ്രരായ  തൊഴിലാളികള്‍ പട്ടാളപ്പാളയം നിര്‍മ്മിക്കാനായി ആസ്സാമിലേക്ക് പുറപ്പെടുന്നത്.കേരളത്തിന്‍റെ സൌന്ദര്യം അവരുടെ കത്തിയാളുന്ന വിശപ്പ് ശമിപ്പിക്കാന്‍ പര്യാപ്തമായിരുന്നില്ല.ആസ്സാമില്‍ പോയാല്‍ സുഖജീവിതം കിട്ടുമെന്ന് അവര്‍ സ്വപ്നം കണ്ടില്ല.അധ്വാനത്തിന് കൂലിയും വിശപ്പിന് അന്നവും കിട്ടുമല്ലോ എന്നാണവര്‍ ചിന്തിച്ചത്‌. .

നാട്ടിലേക്ക്‌ തിരിച്ചു വരുന്ന അവരുടെ ചിന്തകള്‍ക്ക്‌ തീവണ്ടിയേക്കാള്‍ വേഗതയുണ്ടായിരുന്നു.പലനാളായ് പിരിഞ്ഞിരുന്ന ജന്മനാട് മറ്റെന്തു കാഴ്ചയെക്കാളും പ്രിയതരമെന്ന് അവര്‍ തിരിച്ചറിഞ്ഞു.കൊക്കുകള്‍ പാറിക്കളിക്കുന്ന പാടങ്ങള്‍ ,കുന്നിന്‍ ചരിവുകളില്‍ മേഞ്ഞുനടക്കുന്ന കന്നിന്‍കൂട്ടങ്ങള്‍ ,മുടി വിടര്‍ത്തിയാടുന്ന കവുങ്ങുതെങ്ങുകള്‍ക്കിടയില്‍ പുഞ്ചിരി തൂകിനില്‍ക്കുന്ന വീടുകള്‍ ,പൂത്ത മാവുകള്‍ ,നാട്ടിന്‍പുറത്തെ സ്വപ്നം കാണുന്ന നഗരങ്ങള്‍ ഇവയെല്ലാം അവരെ സന്തോഷിപ്പിച്ചു.പഴയ കൂട്ടുകാരെ കാണാന്‍ കൊതിച്ചു.

നാട് വിട്ടപ്പോളാണ് നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് പോലും മാധുര്യം ഉണ്ടെന്ന് തിരിച്ചറിയുന്നത്!ഒരു തെങ്ങോ ഒരു വെള്ളവസ്ത്രമോ കണ്ടാല്‍ പോലും നാടിന്‍റെ സാന്നിധ്യം അവര്‍ അറിഞ്ഞു.

ജന്മനാടിനെ നരകമാക്കിയത്‌ ചില നരകീടങ്ങളാണ്.അവര്‍ക്കുള്ള ശിക്ഷ വരുംകാലത്തിന്റെ കയ്യിലുണ്ട്.ഞങ്ങളുടെ ഈ മണ്ണില്‍ തന്നെ ജീവിതം പടുത്തുയര്‍ത്തും.വയറിന്‍റെ വിശപ്പ് മാറ്റാന്‍ പോയ ഞങ്ങള്‍ ഹൃദയത്തിന്‍റെ വിശപ്പ് മാറ്റാന്‍ തിരിച്ചുപോന്നു.സമൃദ്ധമെങ്കിലും ദരിദ്രമാണ് ഈ നാട്.സുന്ദരമെങ്കിലും വികൃതമാണ് ഇവിടം.ഇവിടെ സ്നേഹിച്ച് ആശിച്ച് ദു:ഖിച്ച് കഴിയുവാന്‍ സാധിക്കുന്നത് തന്നെയാണ് ഭാഗ്യവും സുഖവും.

[ആസ്സാംപണിക്കാര്‍ എന്ന കവിതയില്‍ പിറന്ന നാട് ഒരേ സമയം സമ്പന്നയും ദരിദ്രയുമാണ് .ദാരിദ്ര്യം,തൊഴിലില്ലായ്മ,ചൂഷണം ഇവയെ കവിതയിലൂടെ വെളിവാക്കുന്നു.പ്രവാസജീവിതം നയിക്കുന്ന മലയാളികളുടെ പ്രശ്നങ്ങള്‍ കവിതയിലുണ്ട്.]

ലിങ്ക്
വൈലോപ്പിള്ളി ശ്രീധരമേനോന്‍

ഗാന്ധിജയന്തി