ഡോ:എം.പി രവീന്ദ്രനാഥന്‍
ഇളംകുന്നപ്പുഴ വിദ്യാലയത്തിനെക്കുറിച്ചുള്ള എന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍ - 1946-1956
എന്‍റെ പഠനം ഇളംകുന്നപ്പുഴ ഗവണ്‍മെന്റ് സ്‌കൂളില്‍ ആയിരുന്നു;ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെ .അന്ന് സ്കൂള്‍ ചെറുതായിരുന്നു .ഇപ്പോള്‍ ഉള്ള രണ്ടുനിലക്കെട്ടിടമൊന്നുമില്ല.ഞാന്‍ പെരുമ്പിള്ളി ഭാഗത്ത് മുട്ടത്ത് വീട്ടിലായിരുന്നു താമസിച്ചിരുന്നത് .സ്‌കൂളില്‍ നിന്ന്‍ ഒരു മൈല്‍ അകലെ .
സ്കൂളിനെക്കുറിച്ച് എനിക്ക് നല്ല ഓര്‍മ്മകള്‍ മാത്രമേയുള്ളൂ.എല്ലാ ടീച്ചര്‍മാരും നല്ലവരും പഠിപ്പിക്കുന്നതില്‍ ശുഷ്കാന്തിയുള്ളവരും ആയിരുന്നു.പ്രത്യേകിച്ച് കണക്കുമാസ്റ്റര്‍ ശ്രീ .ഗോവിന്ദന്‍ കുട്ടിമേനോന്‍,ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന ശ്രീധരമേനോന്‍ മാസ്റ്റര്‍ സയന്‍സ് പഠിപ്പിച്ചിരുന്ന ആന്റണി&വര്‍ക്കി മാസ്റ്റര്‍മാര്‍ ,ഭൂമിശാസ്ത്രം പഠിപ്പിച്ചിരുന്ന ജോസഫ് ജോണ്‍&മത്തായി മാസ്റ്റര്‍മാര്‍ പിന്നെ സരോജിനി ടീച്ചര്‍ ,നരസിംഹ അയ്യര്‍ മാസ്റ്റര്‍,നമ്പൂതിരി സാര്‍ അങ്ങനെ പലരും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു.
കണക്കിന് താല്പര്യമുണ്ടായിരുന്ന എന്നെ ഏഴാം ക്ലാസ്സില്‍ നിന്ന് പത്താംക്ലാസ്സിലേക്ക് ചിലപ്പോള്‍ വിളിച്ചുകൊണ്ടുപോകും.അവര്‍ക്ക് ചെയ്യാന്‍ പറ്റാത്ത പ്രശ്നങ്ങള്‍ എന്നെക്കൊണ്ട് ചെയ്യിക്കും.അപ്പോള്‍ ആ കുട്ടികള്‍ എന്നെ ദേഷ്യത്തോടെ നോക്കാറുണ്ടായിരുന്നു.ഒരു പക്ഷേ ശപിക്കുകയും ..
ഞാന്‍ ആറാം ക്ലാസ്സില്‍ പഠിച്ചു കൊണ്ടിരുന്നപ്പോഴാണ് എന്റെ തലയില്‍ ക്ലാസ്സിലെ ഒരു മൂലയ്ക്ക് വച്ചിരുന്ന ബ്ലാക്ക്‌ബോര്‍ഡ് വന്നുവീണത്.ഉടനെ തന്നെ ഞാറക്കല്‍ ഗവ .ഹോസ്പിറ്റലില്‍ കൊണ്ടുപോയി മുറിവ് തുന്നിക്കേണ്ടിവന്നത് മറക്കാനാവുകയില്ല.
പഠനത്തില്‍ നല്ല പ്രാവീണ്യം കാണിക്കണമെന്ന് എന്‍റെ അച്ഛന് വളരെ നിര്‍ബന്ധമായിരുന്നു.അതുകൊണ്ട് ഒന്നുമുതല്‍ പത്തുവരെ ക്ലാസ്സുകളില്‍ ഒന്നാമനാകാന്‍ സാധിച്ചു.കായികാഭ്യാസത്തില്‍ എനിക്ക് വലിയ കഴിവുകളൊന്നും ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞു കൊള്ളട്ടെ.
എല്ലാക്കൊല്ലവും സ്കൂള്‍ വാര്‍ഷികം [Anniversary Celebrations] ഞങ്ങള്‍ കുട്ടികള്‍ക്കെല്ലാവര്‍ക്കും ഒരു ഹരമായിരുന്നു.മിക്ക മത്സരങ്ങളിലും പ്രസംഗം,പദ്യംചൊല്ലല്‍ , അക്ഷരശ്ലോകം,ഉപന്യാസം മുതലായ പല മത്സരങ്ങളിലും ഒന്നാം സമ്മാനം അല്ലെങ്കില്‍ രണ്ടാം സമ്മാനം ഞാന്‍ കരസ്ഥമാക്കാറുണ്ടായിരുന്നു.
കെമിസ്ട്രി ക്ലാസ്സില്‍ ആന്‍റണി മാസ്റ്റെര്‍ മേശപ്പുറത്ത് ചിലപ്പോള്‍ ലബോറട്ടറി പരീക്ഷണങ്ങള്‍ ചെയ്തു കാണിച്ചിരുന്നത് അത്ഭുതത്തോടെ നോക്കിക്കൊണ്ടിരിക്കുന്നത് ഓര്‍മ്മയുണ്ട്.കണക്ക് മാസ്റ്റര്‍ ഗോവിന്ദന്‍കുട്ടി മേനോനെ എല്ലാവര്‍ക്കും പേടി ആയിരുന്നു.
ഞങ്ങളുടെ സ്കൌട്ട് മാസ്റ്റര്‍ ശ്രീ.ജോസഫ് ജോണ്‍ ആയിരുന്നു.ഒരു കൊല്ലം ഞങ്ങളെ എല്ലാവരേയും കൊണ്ട് ഏലൂര്‍ ക്യാമ്പിനു പോയി.FACT ന്‍റെ അടുത്തുള്ള ഒരു വിദ്യാലയത്തില്‍ രണ്ടു ദിവസം താമസിച്ചു എന്നാണോര്‍മ്മ.നല്ല രസമായിരുന്നു.FACT മുഴുവന്‍ കണ്ടുമടങ്ങി.
അങ്ങനെ പോകുന്നു സ്കൂള്‍ പഠനകാലത്തെ എന്റെ സ്മരണകള്‍ .ചെറുപ്പത്തില്‍ കിട്ടിയ ആ നല്ല അടിസ്ഥാന വിദ്യാഭ്യാസം നല്ലൊരു ഭാവിക്കുള്ള നാന്ദ്യം കുറിച്ചു എന്ന് കൃതജ്ഞതാപൂര്‍വ്വം ഞാന്‍ അനുമാനിക്കുന്നു.
ഇപ്പോഴത്തെ സ്കൂള്‍ കുട്ടികള്‍ക്ക് ഒരു സന്ദേശം: "നിങ്ങള്‍ വളരെ ശുഷ്കാന്തിയോടെ പഠിക്കുക.ക്ലാസ്സില്‍ ടീച്ചര്‍മാര്‍ പഠിപ്പിക്കുമ്പോള്‍ നല്ലപോലെ മനസ്സിരുത്തുക .വിദ്യാഭ്യാസം കൊണ്ട് മാത്രമേ നമുക്ക് വിജയം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ...."
DR.MP RAVINDRA NATHAN
MD,FACC,FACP,FRCP
[LOND&CANADA],FAHA
EMIRITUS EDITOR,AAPI JOURNAL
MD,FACC,FACP,FRCP
[LOND&CANADA],FAHA
EMIRITUS EDITOR,AAPI JOURNAL
OLD STUDENT OF GHSS ELAMKUNNAPPUZHA
[ തികഞ്ഞ ലാളിത്യത്തോടെ കുടുംബസമേതം വിദ്യാലയത്തിലേക്ക് കടന്നുവന്ന ഡോ.എം .പി രവീന്ദ്രനാഥന്‍ പഴയ അനുഭവങ്ങള്‍ വിവരിച്ചപ്പോള്‍ ഈ സ്കൂളില്‍ ഇതു പോലുള്ള എത്ര മാണിക്യക്കല്ലുകള്‍ ഉണ്ടായിട്ടുണ്ടാകും എന്നാണ് ചിന്തിച്ചത്.. . ..,അദ്ദേഹം നല്‍കിയത് സ്മരണകള്‍ മാത്രം അല്ല;എക്കാലവും വിവരസാങ്കേതിക ലോകത്തേയ്ക്ക് പറന്നുയരാനുള്ള തട്ടകങ്ങള്‍ ആണ്.ചെറിയ കാര്യങ്ങള്‍ പോലും സൂക്ഷ്മമായ് ചെയ്യുന്ന ഇദ്ദേഹം തന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ഇമെയില്‍ വഴിയും തപാല്‍ വഴിയും അയച്ചുതന്നു.ഉയര്‍ച്ചയ്ക്ക് മൂലക്കല്ലായ സ്‌കൂളിനെ ആത്മാവില്‍ സംവഹിക്കുന്ന ഇദ്ദേഹത്തിന്‍റെ ഗുരുനാഥന്‍മാര്‍ എത്ര ഭാഗ്യവാന്മാരാണ്!ഈ മഹാനായ ഭിഷഗ്വരന്‍ ഫ്ലോറിഡയില്‍ സ്ഥിരതാമസമാണിപ്പോള്‍ . എളിമയും സുതാര്യതയും സമ്പത്തായുള്ള ഈ ഇളംകുന്നപ്പറവയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.]