Wednesday, May 30, 2012

മലയാളം'

പത്താംക്ലാസ്സ് അടിസ്ഥാനപാഠാവലി
ഭൂമി  ഊട്ടുന്നതിനു മുന്‍പ്‌ ഗര്‍ഭാവസ്ഥയില്‍  പൊക്കിള്‍ക്കൊടിയിലൂടെ ശിശുവിനെ അമൃതൂട്ടുന്നു മാതൃഭാഷ.ഈറ്റുനോവില്‍ വളര്‍ന്ന്‍ ഉലുവയുടേയും വെളുത്തുള്ളിയുടേയും ഗന്ധത്തിലേക്ക് നയിച്ചവളാണ് ഭാഷ.ഗര്‍ഭാശയത്തിലെ ഇരുട്ടില്‍ നിന്ന് ലോകത്തേക്കെത്തിയ ശിശുവിന്‍റെ ശരീരത്തിലെ ചോര വെളിച്ചത്തിന്‍റെ അപ്പൂപ്പന്‍താടികള്‍ കൊണ്ട് തുടച്ച് മാമ്പൂമണത്തില്‍ കുളിപ്പിച്ചവളും ഭാഷ തന്നെ.ശിശുവിന് ആദ്യമായ്‌ നല്‍കുന്നത് പൊന്നും  വയമ്പുമാണ്.ഇവയിലൂടെ ഖനികളുടെ ആഴവും വനങ്ങളുടെ സാന്ദ്രതയും പകര്‍ന്നുനല്‍കുന്നവളാണ് ഭാഷ.

ഇരയിമ്മന്‍തമ്പിയുടെ താരാട്ടുപാട്ടും ഉണ്ണായിവാര്യരുടെ ആട്ടകഥയിലെ പദങ്ങളും കൊണ്ട്സ്വപ്നങ്ങളിലേക്ക് ഉറക്കിക്കിടത്തിയവളാണ് ഭാഷ.സ്വപ്നം തരുന്നതും ഭാഷയാണ്‌.വിരല്‍ത്തുമ്പില്‍ പിടിച്ച് മണലില്‍ ഹരിശ്രീയുടെ രാജമല്ലികള്‍ വിടര്‍ത്തിയവള്‍ ആണ്‌ ഭാഷ.സൂര്യന്‍ഉദിക്കുന്നതിനോടൊപ്പം അച്ഛന്‍റെ മേല്‍നോട്ടത്തില്‍ പഠനം തുടങ്ങി.വ്യാകരണം കാട്ടി ഭാഷ പേടിപ്പിച്ചു.കവിത കാട്ടി പ്രലോഭിപ്പിച്ചു.സ്ലയിറ്റില്‍ വിടരുന്ന മഴവില്ലുപോലെയും പുസ്തകത്താളില്‍ പെറ്റ്പെരുകുന്ന മയില്‍‌പ്പീലിപോലെയുമാണ് ഭാഷ.മധുരവും ചവര്‍പ്പും ഇടകലര്‍ന്ന ഇലഞ്ഞിപ്പഴം പോലെ ഭാഷ ചുണ്ടില്‍ നിന്നുതിര്‍ന്നു. വഴിയരികില്‍ കേട്ട സംഗീതം പോലെ ഭാഷയെ കിട്ടി.സ്വരങ്ങളും വ്യഞ്ജനങ്ങളും ചേര്‍ന്ന അമ്പത്തിയൊന്നക്ഷരങ്ങള്‍ ഉള്ളവളാണ് ഭാഷ.

ഞാറ്റുവേലപ്പാട്ടുകളും കിളിപ്പാട്ടുകളും ഭാഷ തന്നു.ആടലോടകത്തിന്റെ മണമുള്ള നാട്ടറിവുകളും പഴഞ്ചൊല്ലുകളും ഭാഷയെ പ്രകാശിപ്പിക്കുന്നു.ഉത്തരം കണ്ടെത്താന്‍ പാമ്പിന്‍ മാളങ്ങള്‍ നിറഞ്ഞ വഴികളിലൂടെ സഞ്ചരിക്കേണ്ട കടങ്കഥകള്‍ പറഞ്ഞുതന്നു ഭാഷ. .ചിലപ്പോള്‍ അത് മൈലാഞ്ചി വഴികള്‍ ആകും.സന്ധ്യയില്‍ എഴുത്തച്ഛന്റെ രാമായണപാരായണമായി  ഭാഷ മാറുന്നു.പച്ചകുത്തി കിരീടമണിഞ്ഞ് അരമണിയുംചിലമ്പും കുലുക്കി തുള്ളലിലൂടെ ഭാഷ നൃത്തം വയ്ക്കുന്നു.ഉത്സവത്തിന്‍റെ അടുത്ത ദിവസം പ്രഭാതമയക്കത്തില്‍ ആട്ടപ്പാട്ടായ്‌ ഭാഷയെ കേള്‍ക്കാം.ക്ഷീരസാഗരത്തില്‍ ശയിക്കുന്ന മഹാവിഷ്ണുവിനെ പ്രകീര്‍ത്തിക്കുന്ന സ്വാതിതിരുനാളിന്റെ കീര്‍ത്തനങ്ങളിലും ഭാഷ ഉണ്ട്.

ലില്ലിപ്പുഷ്പ്പം പോലെ നിര്‍മ്മലയും മനോഹരിയുമായ ഭാഷയെ  ബൈബിളില്‍ സോളമന്‍റെ ഉത്തമഗീതങ്ങളിലൂടെ  അറിയുന്നു.മോശയുടെ പുസ്തകങ്ങളിലൂടെ നിയമഭാഷ പഠിക്കുന്നു.കാളക്കൂറ്റന്മാരുടെ കരുത്തിനെ മുട്ടുകുത്തിച്ച ദാവീദിന്റെ സങ്കീര്‍ത്തനങ്ങളിലൂടെ ഭാഷ ഹൃദയസ്പര്‍ശി ആകുന്നു.ക്രൂശിതന്റെ വിലാപവും ഉയിര്‍പ്പിന്റെ സന്തോഷവും പകര്‍ന്ന് തന്നവളാണ് ഭാഷ.
[ ഭൂമിയുടെ ഉല്‍പ്പത്തി മുതല്‍ ശബ്ദരൂപത്തില്‍ അവതരിച്ച ഭാഷയ്ക്ക് മനുഷ്യസമൂഹത്തില്‍ ഉള്ള  സ്വാധീനത്തെക്കുറിച്ചാണ് സച്ചിദാനന്ദന്റെ മലയാളം എന്നകവിതയില്‍ വര്‍ണ്ണിക്കുന്നത്.ഗന്ധമായും നാദമായും നിറമായും ഭാഷ സ്വാധീനിക്കുന്നു.പഴമൊഴികള്‍ക്കും കടംകഥകള്‍ക്കും ഭാഷയില്‍ സ്ഥാനമുണ്ട്.മലയാളഗദ്യം കാല്‍പ്പനികഭാഷയെ പരിചയപ്പെടുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലെ ബൈബിള്‍ തര്‍ജമയിലൂടെയാണ്]


സച്ചിദാനന്ദന്‍