Sunday, September 30, 2012

എന്തൊക്കെയോ നഷ്ട്ടപ്പെട്ട ഒരാള്‍

ഗരത്തിലെ സാരിക്കടകള്‍ കയറിയിറങ്ങുമ്പോള്‍ ആ ദമ്പതികള്‍ തങ്ങളെ പിന്തുടരുന്ന ആ ആറോ ഏഴോ വയസ്സുള്ള പെണ്‍കുട്ടിയെ ശ്രദ്ധിച്ചു.അയാള്‍ സഹതാപത്തോടെ ഒരു രൂപ നീട്ടിയപ്പോള്‍ അവള്‍ അത് സ്വീകരിച്ചില്ല.

താന്‍ ഉദ്ദേശിച്ച നിറമുള്ള സാരി കിട്ടാതെ സ്വന്തം അനുജത്തിയുടെ മകളായ നീനയുടെ കല്യാണത്തിന് പോകില്ലെന്ന് രമണി വാശി പിടിക്കുന്നു.ആ പെണ്‍കുട്ടി കുശലം ചോദിച്ച് അവര്‍ക്ക്‌ പിറകില്‍ നടന്നു.രമണിക്ക്‌ സാരി കിട്ടാത്തതിന്റെ വിഷമം മാത്രമേ ഉള്ളൂ.ഇവിടെ കിട്ടിയില്ലെങ്കില്‍ തൃശ്ശൂരിലോ കോയമ്പത്തൂരിലോ ചെന്നൈയിലോ പോയ്‌ സാരി വാങ്ങണം എന്നും ബ്ലൌസ് തുന്നിക്കാന്‍ കൊടുക്കണം എന്നുംമറ്റും രമണി പറഞ്ഞു.സാരിയുടെ പളപളപ്പില്‍ അയാളും ആ കുട്ടിയുടെ കാര്യം മറന്നു.പെട്ടെന്ന്‍ പുറത്തുനില്‍ക്കുന്ന അവളെ അയാള്‍ ഓര്‍ത്തു.പുറത്ത്ചെന്ന് പേരും ഊരും കുടുംബവിശേഷവും ചോദിച്ചു.റാണിയെന്നാണ് പേരെന്നും അച്ഛന്‍ ഇല്ലെന്നും അമ്മ രണ്ടുദിവസം മുന്‍പ്‌ മരിച്ചുവെന്നും വീടില്ലെന്നും അവള്‍ പറഞ്ഞു.ഒരു കടയുടെ മുന്നിലാണ് രണ്ടു ദിവസമായുറങ്ങുന്നത് എന്നും പറഞ്ഞു.അയാള്‍ക്ക് വല്ലാത്ത സങ്കടം തോന്നി.

ആ കടയില്‍ നിന്ന് രമണി ഉദ്ദേശിച്ച സാരി ലഭിച്ചു.രണ്ടായിരത്തിഎണ്ണൂറു രൂപയുള്ള ആ സാരി അവളെ സന്തോഷിപ്പിച്ചു.അവര്‍ ഐസ്ക്രീം കഴിക്കാന്‍ കടയില്‍ കയറി.അയാള്‍ പെണ്‍കുട്ടിയെ ക്ഷണിച്ചെങ്കിലും അവള്‍ വന്നില്ല.അതിനെയൊന്നും വിളിക്കണ്ട','.നമ്മളേം കൂടി കേറ്റില്ല'.നമുക്ക്‌ വരുമ്പോ എന്തെങ്കിലും വാങ്ങിക്കൊടുക്കാ'മെന്ന് സാരി കിട്ടിയ ആഹ്ലാദത്തില്‍ രമണി പറഞ്ഞു.അവളെക്കുറിച്ചുള്ള ചിന്ത അയാളുടെ മനസ്സില്‍ നിന്നുംമാഞ്ഞുപോകുന്നുണ്ടായില്ല.കോണ്‍ഐസ്ക്രീം അവള്‍ക്ക് വാങ്ങിക്കൊടുത്തു.അവര്‍ കാറിന്റെയുള്ളില്‍  കയറിയപ്പോള്‍ 'എന്നേം കൊണ്ടുപോവ്വോ' എന്നവള്‍ ചോദിച്ചു.'എന്തെങ്കിലും കൊടുത്ത്‌ പറഞ്ഞയയ്ക്കൂ.പിന്നെ ശല്ല്യാവും'എന്ന് രമണി ഓര്‍മ്മിപ്പിച്ചു.അയാള്‍ പത്തുരൂപാ നോട്ടെടുത്ത് നീട്ടിയെങ്കിലും അവള്‍ വാങ്ങിയില്ല.കാര്‍ ഓടിച്ചുകൊണ്ടിരുന്നപ്പോള്‍ നമുക്കവളെ ഒപ്പം കൂട്ടാമായിരുന്നുവെന്നയാള്‍ പറഞ്ഞു.ഇനിയതുംകൂടിയേ വേണ്ടൂ ..ബാക്കിയെല്ലാമായി എന്ന് രമണി ദേഷ്യത്തോടെ പറഞ്ഞു.

തനിക്ക്‌ അറുപതാം വയസ്സിലും പന്തീരായിരം രൂപ കിട്ടുന്നുണ്ട്.ബോംബെയിലുള്ള മകനും വന്‍ശമ്പളമുണ്ട്.ആ പെണ്‍കുട്ടിയെ വീട്ടില്‍ താമസിപ്പിക്കാന്‍ പറ്റിയില്ലെങ്കില്‍ വല്ല അനാഥാലയത്തിലും ചെലവിനു കൊടുത്ത്‌ ആക്കാമായിരുന്നുവെന്ന് അയാള്‍ ഓര്‍ത്തു.

കുട്ടിക്കാലത്ത്‌ സ്കൂളില്‍ നിന്ന് വരുമ്പോള്‍ ഒരു പൂച്ചക്കുട്ടി ഒപ്പം കൂടിയതും മറ്റ് കുട്ടികള്‍ വിളിച്ചപ്പോള്‍ പൂച്ച തന്‍റെ പിന്നില്‍ നിന്ന്‍ മാറാതിരുന്നതും അയാള്‍ ഓര്‍ത്തു.വീട്ടില്‍ പൂച്ചയെ വളര്‍ത്തുന്നതിനോട് എല്ലാവര്‍ക്കും എതിര്‍പ്പായിരുന്നു.തന്‍റെ പ്രതിഷേധം വകവയ്ക്കാതെ പൂച്ചയെ വീട്ടുകാര്‍ എവിടെയോ വിട്ടു.പിന്നെ അതിനെ കാണുന്നത് ഏതോ വാഹനത്തിന്നടിയില്‍പ്പെട്ട് ചതഞ്ഞ മട്ടിലാണ് .അയാള്‍ക്ക് ആ ചിന്ത അസ്വസ്ഥത ജനിപ്പിച്ചു.കുറച്ചു പെട്രോള്‍ അടിച്ചിട്ട് വരാം എന്ന് പറഞ്ഞ് അയാള്‍ കാര്‍ പുറത്തേക്കെടുത്തു.ഷട്ടര്‍ താഴ്ത്തിയ കടയുടെ ഒതുക്കു കല്ലില്‍ അവള്‍ ചുരുണ്ടു കിടക്കുന്നതയാള്‍ കണ്ടു. കൂലിപ്പണിക്കാരനായ ഒരച്ഛനനും അമ്മയും മകനും വഴിയരികില്‍ നിന്ന് ഷര്‍ട്ട്‌ വിലപേശി വാങ്ങുന്നതും ആ പെണ്‍കുട്ടിക്കരികില്‍ വന്നപ്പോള്‍ അവര്‍ എന്തോ അവളോട് ചോദിക്കുന്നതും പിന്നെ അവള്‍ അവരുടെയൊപ്പം പോകുന്നതും ആ അച്ഛന്‍ അവളെ എടുക്കുന്നതും അവളുടെ കൊച്ചുകൈ കഴുത്തില്‍ ഇട്ടിരിക്കുന്നതും അയാള്‍ കണ്ടു.

തന്‍റെ കാറിനുള്ളില്‍ അനങ്ങാനാകാതെ അയാള്‍ ഇരുന്നു.അയാള്‍ക്ക് എന്തൊക്കെയോ നഷ്ട്ടപ്പെട്ടിരുന്നു.

[നാം കാണാതെ പോകുന്ന എന്നാല്‍ കാണേണ്ട സന്ദര്‍ഭങ്ങളെ വായനക്കാരന്റെ മനസ്സിലേക്ക് കുറ്റബോധം ജനിപ്പിക്കുന്ന വിധത്തില്‍ കഥയാക്കി അവതരിപ്പിക്കുവാന്‍ ഇ .ഹരികുമാര്‍ എന്ന ചെറുകഥാകൃത്തിന് പ്രത്യേക മിടുക്കുണ്ട്.ഇന്നത്തെ കേരളീയ സമൂഹം ഉപഭോഗസംസ്കാരത്തിന്‍റെ നീരാളിപ്പിടുത്തത്തിലാണ്.രമണി എന്ന കഥാപാത്രം ഈ ഉപഭോഗാസക്തി പിടിപെട്ടവളാണ്.സമൂഹത്തിന്റെ പരിരക്ഷ ലഭിക്കേണ്ട എത്രയോ കുട്ടികളെയാണ് റാണിയിലൂടെ അവതരിപ്പിക്കുന്നത്.ജീവിതം ആര്‍ഭാടമായി കൊണ്ടാടുന്ന ഇടത്തരം കുടുംബത്തിന്റെ പ്രതിനിധികളാണ് ഇതിലെ രമണിയും ഭര്‍ത്താവും.ഇഷ്ട്ടപ്പെട്ടത്‌ എന്ത് വില കൊടുത്തും വാങ്ങാന്‍ മടിക്കാത്ത പൊങ്ങച്ചസംസ്കാരത്തിന്റെ പൊള്ളത്തരം ഈ കഥയിലൂടെ വെളിവാകുന്നു.]

                                              ലിങ്ക്
                                        ഇ.ഹരികുമാര്‍





No comments:

Post a Comment