Sunday, September 30, 2012

ബ്രഹ്മാലയം തുറക്കപ്പെട്ടു


ഗുരുവായൂര്‍ സത്യാഗ്രഹപ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായ്‌ രണ്ട് ഈഴവര്‍ വി.ടി ഭട്ടതിരിപ്പാടിന്റെ ഭവനത്തിലെത്തി.ശ്രീ കേളപ്പന്റെ അഭിലാഷമറിയിക്കലാണ് അവരുടെ ലക്ഷ്യം.അയിത്തത്തിന്റെ പേരില്‍ഒരു നമ്പൂതിരി ഗൃഹത്തിലേക്ക്‌ കയറിവരാന്‍ അവര്‍ക്ക്‌ പേടിയുണ്ടായിരുന്നു.കാരണം വി.ടി യുടെ അച്ഛന്‍ ബ്രാഹ്മണ്യത്തിന്റെ നിയമങ്ങള്‍ പാലിക്കുന്ന ആളാണ് എന്ന് അവര്‍ക്കറിയാമായിരുന്നു.ഭാരതപ്പുഴയുടെ വക്കത്തുള്ള ക്ഷേത്രത്തില്‍ പകല്‍ മുഴുവന്‍ ഭജനമിരുന്ന്‍ കഴിച്ചുകൂട്ടി,രാത്രി എട്ടു മണിക്കേ അദ്ദേഹം തിരിച്ചുവരൂ.ഭക്ഷണത്തിനിടയിലാണ് അദ്ദേഹം ലോകകാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞിരുന്നത്.വ്രതകാര്‍ക്കശ്യം മൂലം ക്ഷീണിച്ചവശനായിരുന്നുവെങ്കിലും വെണ്ണീറില്‍ കനല്‍ എന്ന പോലെ ഒളിഞ്ഞുകിടക്കുന്ന കുടുംബസ്നേഹം അപ്പോള്‍ ദര്‍ശിക്കാമായിരുന്നു.ഈ ഒരു മണിക്കൂര്‍ മാത്രമാണ് അദ്ദേഹത്തിന് ഈ ലോകജീവിതവുമായുള്ള ബന്ധം.ഭക്ഷണത്തിന് ശേഷം അദ്ദേഹം സ്വന്തം മുറിയില്‍ ചെന്നുകിടക്കുമായിരുന്നു.

അച്ഛന്‍ വീടണയുന്നതിനു മുന്‍പ്‌ ചങ്ങാതികളെ കുളക്കടവില്‍ കൊണ്ടുപോയി.അദ്ദേഹം കിടന്നുവെന്നുറപ്പായപ്പോള്‍ അതിഥികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി .അന്തര്‍ജ്ജനങ്ങള്‍ മടികൂടാതെ അത്താഴം വിളമ്പിക്കൊടുത്തു.

'എനിക്കിവരെ മനസ്സിലായില്ല' എന്ന അച്ഛന്‍റെ ശബ്ദം കേട്ട് എല്ലാവരും ഞെട്ടിത്തരിച്ചു.അതിഥികള്‍ നമ്പൂതിരിമാരായിരിക്കും എന്ന ധാരണയോടെ അച്ഛന്‍ സംസാരമാരംഭിച്ചു.സത്യം പറഞ്ഞാല്‍ അവരെ ആട്ടിയിറക്കുമോ എന്ന പേടി വി.ടിക്കുണ്ടായി.തിരുവിതാംകൂറില്‍ നിന്ന്‍ വന്ന പോറ്റിമാരാണ് എന്ന് പറഞ്ഞാല്‍ ഇല്ലപ്പേര് ചോദിച്ചാല്‍ സത്യം പുറത്താകും....അതുകൊണ്ട് അതിഥികള്‍ ആരാണെന്നുള്ള സത്യാവസ്ഥ വെളിപ്പെടുത്തി.

എല്ലാവരേയും അമ്പരപ്പിച്ച് കൊണ്ട് അച്ഛന്‍ ഗീതാപദ്യശകലം മൊഴിഞ്ഞു.ആ ഗാനമാധുരി വാടിയ തുളസിപ്പൂവിനെ പച്ചവെള്ളം തളിച്ചുണര്‍ത്തിയ പോലെ അവര്‍ക്ക് അനുഭവപ്പെട്ടു.കുടുമയും പൂണൂലും അല്ല ബ്രാഹ്മണ്യത്തിന്റെ ലക്ഷണം എന്നും ജീവജാലങ്ങള്‍ എല്ലാം ഈശ്വരസൃഷ്ട്ടികള്‍ ആണെന്നും ജാതി,അയിത്തം,മതം ഇതൊക്കെ സംസ്കാരഭേദത്തെ സൂചിപ്പിക്കുന്ന വ്യത്യാസങ്ങള്‍ ആണെന്നും ജ്ഞാനംകൊണ്ടും പ്രവൃത്തികൊണ്ടും വിശ്വപ്രേമം നേടുന്നതാരാണോ അവനാണ് ദിവ്യന്‍.... എന്നും  നിങ്ങള്‍ എന്നെക്കണ്ട് ഭയപ്പെടേണ്ട   എന്നും ഈ പ്രസ്ഥാനം തനിക്ക്‌ ഇഷ്ട്ടമാണെന്നും  വീണ്ടും വരണമെന്നും എന്ത് സഹായവും ചെയ്ത് തരുമെന്നും അറിയിച്ചു.

പറഞ്ഞറിയിക്കാനാവാത്ത ആശ്വാസവും ഊര്‍ജ്ജവും സന്തോഷവും അവര്‍ക്ക്‌ അനുഭവപ്പെട്ടു.മകന്‍റെ ലക്‌ഷ്യം തിരിച്ചറിഞ്ഞ ആ പിതാവ്‌ സമത്വസുന്ദരമായ ഒരു നവലോകത്തിലേക്ക് അവരെ തുറന്നുവിടുകയാണ് ചെയ്തത്.അച്ഛനെ വേണ്ടതുപോലെ മനസ്സിലാക്കാന്‍ കഴിയാതെപോയ ഒരു മകനേയും മകനെ നന്നായി മനസ്സിലാക്കിയ ഒരച്ഛനേയും നമുക്കിവിടെ  കാണാം.[യാഥാസ്ഥിതിക ചട്ടക്കൂടുകളില്‍ ആണെങ്കിലും പുതിയ കാലത്തിന്‍റെ മാറ്റം അച്ഛന്‍ ഉള്‍ക്കൊണ്ടിരുന്നു]


ലിങ്ക്






No comments:

Post a Comment