Sunday, September 30, 2012

-തോരാമഴ


ഉമ്മുക്കുലുസു മരിച്ച രാത്രിയില്‍ ഉമ്മ ശൂന്യമായ മുറ്റത്ത്‌ തനിച്ച് നിന്നു.ബന്ധുക്കള്‍ എല്ലാവരും പിരിഞ്ഞുപോയിരുന്നു.വാടകയ്ക്കെടുത്ത കസേരകള്‍ ,ഗ്യാസ്‌ലൈറ്റ് ,പായകള്‍ ഒക്കെ കൊണ്ടുപോയി.ഉമ്മുക്കുലുസു നട്ട ചെമ്പകത്തിന്റെ ചുവട്ടില്‍ എത്തിയ ഇരുട്ട് ചിമ്മിനിവിളക്കിന്റെ കണ്ണീര്‍ ആകുന്ന വെളിച്ചത്തെ ഒപ്പിനിന്നു.

ഉമ്മറപ്പടിയില്‍ അവള്‍ അഴിച്ചിട്ട ചെരിപ്പുരുമ്മി പുള്ളിക്കുറിഞ്ഞിപൂച്ച കല്ലുവെട്ടാംകുഴിയിലേക്ക്‌ നിസ്സംഗമായ്‌ കയറിപ്പോയി.അയക്കോലിലിട്ട പിഞ്ഞിയ കുഞ്ഞുടുപ്പില്‍ തട്ടി വീശിയ കാറ്റ്  മരക്കൊമ്പിലേറി.ഉമ്മയുടെ ദു:ഖത്തിനു പൂച്ചയും കാറ്റും സാക്ഷികളായി.

ഉമ്മുക്കുലുസു മരിച്ചരാത്രിയില്‍ ഒറ്റയ്ക്ക് പുറത്ത് നില്‍ക്കുന്ന  ഉമ്മയ്ക്കരികില്‍ പെട്ടെന്ന്‍ മഴയെത്തി.ഉമ്മ അകത്തേക്ക് പോയ്‌ ,വില്ലൊടിഞ്ഞു എന്ന് പറഞ്ഞ് ഉമ്മുക്കുലുസു കരയാറുള്ള പുള്ളിക്കുടയെടുത്ത് വന്നു.പള്ളിപ്പറമ്പില്‍ പുതിയ മണ്ണട്ടിയില്‍ ആ കുട നിവര്‍ത്തിവച്ചു.ഉമ്മുക്കുലുസു മരിച്ച അന്നുരാത്രി തൊട്ട് ഇന്നോളം ആ മഴ തോര്‍ന്നില്ല.

[കുഞ്ഞ്‌ ആഗ്രഹിച്ച മാമ്പഴം കുഴിമാടത്തില്‍ വച്ചുകൊണ്ട് കരഞ്ഞ 'മാമ്പഴം' എന്ന കവിത നമുക്ക്‌  സുപരിചിതമാണ്.അടക്കിവെച്ച ദു:ഖം മഴയായ്‌ പെയ്യുന്ന തീവ്രതയിലെക്കാണ് കവി നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.ദാരിദ്ര്യം,ഒറ്റപ്പെടല്‍ ഇവ ഓരോ വരികളില്‍ നിന്നും വെളിവാകുന്നു.പെട്ടെന്നെത്തുന്ന മഴ ഉമ്മയുടെ കണ്ണീര്‍മഴയാണ്.മരിച്ചുപോയെങ്കിലും അവളുടെ മൃതശരീരത്തിന് മഴയേല്‍ക്കാതിരിക്കാന്‍ ആ അമ്മ ശ്രമിക്കുമ്പോള്‍ അനുവാചകഹൃദയത്തിലും കണ്ണീര്‍ പൊടിയും.തോരാത്ത മഴ ഉമ്മയുടെ തോരാത്ത ദു:ഖം തന്നെയാണ്.]

                                     ലിങ്ക് 

                                            റഫീക്ക്‌ അഹമ്മദ്‌







മാമ്പഴം-വൈലോപ്പിള്ളി ശ്രീധരമേനോന്‍









No comments:

Post a Comment