Sunday, November 6, 2011

അമ്മക്കിളി

അമ്മക്കിളി 
അമ്മക്കിളി ഇങ്ങനെയാണ്.......നൊമ്പരങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവള്‍ ....വഴിതെറ്റുന്നു കുഞ്ഞുക്കിളികള്‍ക്ക്.....കാടായ കാടെല്ലാം പറന്നു പറന്നു ഇര തേടി നടന്നപ്പോള്‍ എത്രയോ പ്രാവശ്യം ചിറകുകള്‍ കുഴഞ്ഞു.?.... ...കാത്തിരിക്കുന്നത് ചിറകുമുളയ്ക്കാത്ത പാവം തന്റെ കുഞ്ഞുങ്ങള്‍ എന്ന ഓര്‍മ്മയില്‍ കൂടിനരികില്‍ എത്തുമ്പോഴേയ്ക്കും അവശയായിട്ടുണ്ടാകും.ഭക്ഷണം പകുത്തു കൊടുക്കുമ്പോഴേയ്ക്കും അവരുടെ ആര്‍ത്തി കാണുമ്പോള്‍ തന്റെ ക്ഷീണമെല്ലാം പമ്പ കടക്കും .താന്‍ അറിഞ്ഞില്ലല്ലോ അവര്‍ വളര്‍ന്നത് .എപ്പോഴോ എന്നെ തനിച്ചാക്കി പറന്നകന്നപ്പോഴും എനിക്കറിയാമായിരുന്നു പോകേണ്ട വഴികളെക്കുറിച്ച്  ഞാന്‍ പറഞ്ഞു കൊടുത്തിട്ടില്ലെന്ന് .കാണേണ്ടതും അറിയേണ്ടതുമായ വഴികളിലൂടെ പറന്നാല്‍ മതിയെന്നും പഠിപ്പിച്ചില്ല ഞാന്‍ ......ഇര തേടുമ്പോള്‍ വിഷക്കനികള്‍ കഴിക്കരുതെന്ന് പറയാനും മറന്നു...എന്താണ് അവര്‍ തന്നെ തേടി വരാത്തതെന്ന് ചിന്തിക്കാറുണ്ട് ഞാന്‍....അതും ഉത്തരം കിട്ടാത്ത ചോദ്യം .കൂടെ പറക്കുന്നവര്‍ അവരെ ചതിക്കാതിരുന്നാല്‍ മതിയായിരുന്നു .കഴുകന്മാരുടെ താവളം എവിടെയെന്ന്‍ പണ്ട് എപ്പോഴോ പറഞ്ഞതായാണ് ഓര്‍മ്മ.മറന്നിട്ടുണ്ടാകും അവര്‍ .എങ്ങനെ ഓര്‍ക്കാന്‍ ?തിരിച്ചു വരാത്ത പലതിനെയും കാത്തിരുന്നു തന്നെയല്ലേ ഞാന്‍ ഒറ്റയ്ക്കായത് ?കാത്തിരിപ്പിന്റെ പ്രതീക്ഷയുള്ള മനസ്സ് സൂക്ഷിക്കാനായത് തന്നെ ഭാഗ്യം !എന്നെങ്കിലും തിരിച്ചറിയുമോ അവര്‍ ...എന്റെ പ്രാണവായു നിലയ്ക്കും വരെ വരും ...വരും....എന്ന ഒറ്റ ചിന്തയിലാണ് താന്‍ ജീവിച്ചതെന്നു?എവിടെ ആണെങ്കിലും നല്ലത്  മാത്രമേ സംഭവിക്കൂ  എന്നാണ് എന്റെ വിശ്വാസം .ഈ മരത്തിനു താഴെ വീണു കിടക്കുന്ന കുഞ്ഞു തൂവലുകള്‍ ....നിങ്ങള്‍ എന്റെ ഒപ്പം ഉണ്ട് എന്ന ഓര്‍മ്മപ്പെടുത്തല്‍ ആണ്.....ഓര്‍മ്മകള്‍ ആണ് എന്റെ ജീവനാഡി.അത് നിലയ്ക്കുമ്പോള്‍ ബാക്കി ആവുക ഈ കൂട് മാത്രം .....



No comments:

Post a Comment