Sunday, February 12, 2012

എസ്.എസ് .എല്‍ .സി മോഡല്‍ പരീക്ഷ എഴുതുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ആശംസകള്‍  

Saturday, February 11, 2012

ലേഖനം



മലയാളം ടീച്ചറുടെ ഗണിതം
25000 രൂപ ശമ്പളം ഉള്ള ഒരു അധ്യാപകന്
ഒരു മാസം 22 ദിവസം  ജോലി ചെയ്യേണ്ടി വരും
6 മണിക്കൂര്‍ ആണ് കൂടിയ പ്രവര്‍ത്തനസമയം
1 ദിവസത്തെ വേതനം                  =1136.36രൂപ
ഒരു മണിക്കൂറിനു കിട്ടുന്ന വേതനം =189.39രൂപ
ഒരു മിനിറ്റിനു കിട്ടുന്ന വേതനം        =3.15 രൂപ


      എന്നാല്‍ ആറു മണിക്കൂര്‍ നിരന്തരമായ്‌ ഒരാള്‍ക്കും പണിയെടുക്കേണ്ടാ.വെറുതെ ഇരിക്കുന്നു എന്നല്ല ഇതിനര്‍ത്ഥം .അവകാശങ്ങളെ കുറിച്ച് നമ്മള്‍ കൂടുതല്‍ ബോധാവാന്മാരാകുമ്പോള്‍ കടമകളെ കുറിച്ച് ശ്രദ്ധിക്കുന്നേയില്ല....ഒരു പുസ്തകം എടുക്കാന്‍ സ്റ്റാഫ്‌ റൂമില്‍ പോയ്‌ തിരിച്ചു വരുമ്പോള്‍ നഷ്ട്ടമാകുന്ന സമയം ഒരു പക്ഷേ രണ്ടു മിനിട്ടോ മറ്റോ ആകാം .ആ കണക്ക്‌ നമ്മള്‍ നഷ്ട്ടപ്പട്ടികയില്‍ പെടുത്താറു പോലുമില്ല.അണ്‍എയിഡഡ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ ഒരു മാസത്തെ സാലറി ആണ് നാല് ദിവസം കൊണ്ട് ഗവണ്‍ന്മേന്റ്  എയിഡഡ് ജീവനക്കാര്‍ക്ക്‌ ലഭിക്കുന്നത്.രൂപയുടെ മൂല്യത്തെക്കാള്‍ മുന്നിലിരിക്കുന്ന ഓരോ കുട്ടിയുടെയും മൂല്യങ്ങളെക്കുറിച്ചും മൂല്യത്തകര്‍ച്ചയേയും  കുറിച്ച് പഠിക്കുവാന്‍ ആര്‍ക്കു നേരം?അഥവാ ആ തകര്‍ച്ച കണ്ടെത്തി പരിഹരിക്കാന്‍ ആര്‍ക്കു പറ്റുന്നു?അധ്യാപകര്‍ക്ക്‌ ശമ്പള വര്‍ധനവ്‌ ഉയര്‍ന്നു.എന്നാല്‍ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ഇടയിലുള്ള സ്ഥാനം എന്ത്?വിഷയങ്ങള്‍ക്കിടയില്‍ വിസ്മരിക്കപ്പെടുന്ന മൂല്യമുള്ള പലതും....അത് കുട്ടികള്‍ക്ക്‌ എത്തിച്ചു കൊടുക്കാന്‍ അധ്യാപകനല്ലാതെ ആര്‍ക്കാണ് ആകുക?അതിനു വേണ്ടി പലതും ത്യജിക്കേണ്ടി വരും.നന്നാക്കാന്‍ നോക്കുമ്പോള്‍ ശത്രു സ്ഥാനത്ത്‌ നമ്മെ കാണുന്ന ശിഷ്യ ഗണങ്ങള്‍.  .....
      അവരുടെ ഉയര്‍ച്ചയുടെ പടവുകളില്‍ നമ്മള്‍ വിസ്മരിക്കപ്പെട്ടെക്കാം ..നമ്മുടെ ത്യാഗം വാഴ്ത്തുവാന്‍ സ്തുതിപാഠകരെ ആവശ്യമില്ല..അല്ലെങ്കിലും വെടിയേറ്റ്‌ പിടഞ്ഞു മരിച്ചപ്പോഴാണല്ലോ ഗാന്ധിജി നമ്മുടെ എല്ലാമായത്‌......
       വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്ന് വരുന്ന കുട്ടികള്‍....   നമ്മുടെ ക്ഷമയുടെ നെല്ലിപ്പലക തകര്‍ക്കുന്ന ചെയ്തികള്‍.   .......പക്ഷെ അവരല്ലേ നമ്മുടെ അന്നദാതാക്കള്‍? ആ ചിന്ത പോലും ചിലപ്പോള്‍ പോയ്‌ പോകുന്നുവല്ലോ?
    നീക്കിയിരിപ്പ് എത്ര എന്ന് അറിയാനാവാത്ത നിക്ഷേപമാണ് കാലം...നമ്മള്‍ കൂട്ടുന്ന കണക്കുകള്‍ക്ക്‌ അപ്പുറമുള്ള പലതുമാണ് സംഭവിക്കുക.ഒന്നും പഠിക്കാത്ത ഒരു ഉഴപ്പന്‍ ആകും ഒരു പക്ഷേ ഒത്തിരി പഠിപ്പിസ്റ്റായ ഒരു വിദ്യാര്‍ഥിയേക്കാള്‍ നമ്മുടെ മനസ്സറിയുക?അവിടെ ആണ് കണക്ക്‌ പിഴയ്ക്കുന്നത്.കാലം കുട്ടികളുടെ കുട്ടിത്തത്തെ മായ്ച്ചു കളഞ്ഞു..പകരം നന്ദി വേണ്ട എന്നാല്‍ നിന്ദ ....അത് എത്രയോ ഗുരു ദക്ഷിണ ആയ് ലഭിച്ചു?അവര്‍ കുട്ടികള്‍ അല്ലെ?അവരോടു വേറെ ആരു ക്ഷമിക്കാന്‍?.മരുഭൂമിയിലെ കുഞ്ഞു പൂക്കള്‍ ഇടയ്ക്കെ വിരിയാറുള്ള്‌ു.എന്നാല്‍ അവരുടെ  സൌരഭ്യം ഇല്ലായിരുന്നു എങ്കില്‍ പണ്ടേ ഒരു ഉറക്കം തൂങ്ങി ആയ് പോയാനെ?അങ്ങനെ ഒരു കാലം വരുമോ ആവോ?
    എല്ലാം യാന്ത്രികമാകുന്ന ഈ യുഗത്തില്‍ അധ്യാപനവും പഠനവുമെല്ലാം യാന്ത്രികം ആകുന്നതു തന്നെ മറ്റു ജോലികളെ പോലെ ഉദര സംരക്ഷണം മാത്രം ഉദേശിച്ചു വരും പോലെആകുന്നു.ഗ്രൂപ്പിസ്സവും രാഷ്ട്രീയവും കൊടി കുത്തി വാഴുമ്പോള്‍ സ്ഥാപനമോ കുട്ടികളോ ഒന്നും മുന്നിലില്ല .തൊഴിലില്ലാത്ത ലക്ഷക്കണക്കിന് ജനങ്ങള്‍ കഷ്ട്ടപ്പെടുമ്പോള്‍   ശമ്പള വര്‍ദ്ധനവിനു വേണ്ടി  അലമുറയിടുന്ന നമ്മള്‍ മനസ്സിലാക്കുന്നില്ല നിന്ന ഇടം മണ്ണ്‍ കൂടി ഒലിച്ചു പോകുന്നു എന്ന്.ക്വാളിറ്റി വര്ധിപ്പിക്കേണ്ടത് സ്വന്തം മനസ്സിന്റെതാണ് എന്ന്  ..
      എന്തെങ്കിലും മാറ്റം വന്നേമതിയാകൂ എന്ന് ചിന്തിക്കുന്നവര്‍ക്ക് മാനഹാനിയും അപവാദവും മര്‍ദ്ദനങ്ങളും മാത്രം....അപ്പോള്‍ മാത്രം ആണ് മാറ്റാന്‍ പറ്റാത്ത ചിലതുണ്ട് എന്ന് മനസ്സിലാകുന്നത്.ഒരു ഗവ: സ്ഥാപനം എന്നാല്‍ ആ നാടിന്റെ സമ്പത്താണ്.പൈതൃകമായ് കൈമാറ്റം ചെയ്യപ്പെട്ട ആ മുതല്‍ കഴുക്കോലുകള്‍ മാത്രമായ്‌ പൊന്തക്കാടുകള്‍ ആയി ജീര്‍ണ്ണാവസ്ഥയില്‍ നില്‍ക്കുന്ന കാഴ്ച്ച !അവിടെ നിന്നാണ് പണ്ട് നമ്മള്‍ നേടേണ്ടത് എല്ലാം നേടിയത്‌... ..നമ്മള്‍ തിരിച്ച് കൊടുത്തത്‌ മരണം ആണ്.....സ്ഥാപനത്തിന്റെ ആത്മാവ് കണ്ടെത്തുന്നില്ല.പണമിടപാട്‌ നടത്തുന്ന ബാങ്ക് ....മാത്രമായ്‌ ഒതുങ്ങുമ്പോള്‍ നഷ്ട്ടങ്ങള്‍ ഒന്നും നാം ഓര്‍ക്കുന്നില്ല.നേട്ടങ്ങളെ കുറിച്ച് പരാതികള്‍ മാത്രം.നമ്മുടെ ചിന്തകള്‍ കൊണ്ട് മറ്റുള്ളവരെ അളക്കാന്‍ എടുക്കുന്ന സമയം കുട്ടികളുടെ ദൈനം ദിന മേഖലയിലേക്ക്‌ ചെലവഴിക്കുകയാണ് എങ്കില്‍ ഉണ്ടാക്കാമായിരുന്ന മാറ്റം! ചത്ത കുഞ്ഞിന്റെ ജാതകം ഇനി എന്തിന്?


പൂക്കള്‍ വാടി വീഴുന്നിടത്ത് മനുഷ്യന് ജീവിക്കാനാകില്ല-നെപ്പോളിയന്‍



Friday, February 10, 2012

പറന്നകന്ന കുഞ്ഞു കിളി പറഞ്ഞത്‌ 


മഴ അനശ്വരമാണ് .ലോകം നിയന്ത്രിക്കുന്ന ജലത്തിന്‍റെ ഒരു കണ്ണി .ദുഖവും സന്തോഷവും പങ്കിടാന്‍ മനുഷ്യന് സാധിക്കുന്ന വലിയ കൂട്ടുകാരനാണ് മഴ .ദിവ്യമായ അനുഭൂതിയും സ്നേഹത്തിന്റെ ആത്മാര്‍ഥതയും പുലര്‍ത്തുന്ന തോഴനായ മഴ.എന്റെ കൈത്തണ്ടയില്‍ വീണ മഴത്തുള്ളികള്‍ എന്റെ ഹൃദയത്തില്‍ ഉണര്‍ത്തിയ അലകള്‍ !  ഒപ്പം  ആരോ ഉണ്ടെന്ന ഓര്‍മ്മപ്പെടുത്തലാണ്.
                                           മഴത്തുള്ളികള്‍ ക്ലാസ്സ്‌  മാഗസിന്‍
ബിജീഷ് പി.ബി
XC
               മഴ ചിന്തകള്‍


                                         

Thursday, February 9, 2012

അനുഭവം

സ്റ്റാഫ്‌ റൂം 


                                                   ലിജയുടെ തമാശയും 
                                  ധനലക്ഷ്മി തന്‍ ചോദ്യങ്ങളും
                                  സാവിത്രിയുടെ മറുപടിയും 
                                   സംഗീതയുടെ മൌനവും 
                                   ഷീലയുടെ ചിരിയും
                                   ആഗ്നസിന്റെ വിവേകവും 
                                    ധന്യയുടെ കണ്‍ മിഴിക്കലും
                                     ലിസിയുടെ ശ്രദ്ധയും 
                                    രജിതയുടെ ആവലാതിയും 
                                    നീലിമയുടെ അമ്പരപ്പും
                                     സ്റ്റാഫ്‌റൂമിലുച്ചയെ ഉണര്‍ത്തി
                                    ഇനി എത്ര നാള്‍ ഈ ഇണക്കം ?
                                    ഇനി എത്ര നാള്‍ ഈ പിണക്കം ?
                                    ചിന്തിച്ചു ചിന്തിച്ച് ചിരിക്കുള്ളില്‍ 
                                     ഞാനെന്‍ ചിന്തയൊളിപ്പിച്ചു
    
                                        

Wednesday, February 8, 2012

ചിന്താവിഷയം 

ജീവിതത്തെ സ്നേഹിക്കുകയോ വെറുക്കുകയോ ചെയ്യരുത്‌.. ................,കിട്ടിയ സമയം നന്നായി ജീവിക്കുക -മില്‍ട്ടന്‍

ലേഖനം

ജീവിതം 


ഒരു റോസാപ്പൂവ് വിരിയുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ?പരിമളം ഉള്ള പൂവിന് ജന്മം നല്‍കുന്നത് അതിന്‍റെ അമ്മയായ ചെടിയാണ് .അമ്മയ്ക്ക് നിറയെ മുള്ളുകളാണ്.പക്ഷേ..മകള്‍ സുഗന്ധം പരത്തി ലോകശ്രദ്ധയാകര്‍ഷിക്കുന്നു.പക്ഷേ ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍ ഞെട്ടറ്റു വീണ പൂവിന്റെ മരണവാര്‍ത്ത !ഇതു തന്നെയാണ് നമ്മുടെ ജീവിതം.ചിറകൊടിഞ്ഞു വീണ പക്ഷി പറക്കാന്‍ ശ്രമിക്കുന്നു...ജീവിതത്തില്‍ വേദനയുണ്ട് .അതിലുപരി സുഖവുമുണ്ട്.ജീവിക്കാന്‍ പഠിക്കുമ്പോള്‍ ജീവിതം പരിപൂര്‍ണ്ണമാകുന്നു.ജീവിതം നമുക്ക്‌  സ്വന്തമാണോ?അല്ല.ദൈവത്തിന്‍റെ വരദാനമാണ് ജീവിതം.സ്നേഹം,കരുണ,നിഷ്ക്കളങ്കത ,നന്മ,സത്യം ,അനുഭവങ്ങള്‍,വിദ്യാഭ്യാസം കൂടാതെ അനേകമനേകം കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതല്ലേ ജീവിതം?
    തൂലിക പടവാളാക്കിയ കെ രാമകൃഷ്ണപിള്ള,തിന്മയെ വാക്കുകള്‍ കൊണ്ട്  പ്രഹരിച്ച സുകുമാര്‍ അഴീക്കോട്...ഇവരെല്ലാം നമുക്ക്‌ പരിചിതര്‍  .കല്പനചൌളയെ നിങ്ങള്‍ക്കറിയാമല്ലോ?ദാരിദ്ര്യത്തില്‍ വളര്‍ന്നപ്പോഴും അവളുടെ മനം നിറയെ അഴികളില്ലാത്ത അനന്തതയിലേക്ക് പറക്കണം എന്നതായിരുന്നു.അവള്‍ പ്രയത്നിച്ചു.അവള്‍ എത്തിച്ചേര്‍ന്നു...ഉയര്‍ന്ന ചവിട്ടു പടിയില്‍ ! ആദ്യത്തെ ബഹിരാകാശയാത്ര ...ഒട്ടേറെ സംശയങ്ങള്‍ ഉണ്ടായിരുന്നു അവളുടെ ഉള്ളില്‍ .അവള്‍ തന്റെ ഡയറിയില്‍ ഒരു റോസപ്പൂവിനെ കുറിച്ച് പറയുന്നുണ്ട്.കല്‍പ്പന ബഹിരാകാശത്ത് പോയപ്പോള്‍ അവളുടെ കയ്യില്‍ ഒരു റോസപ്പൂവുണ്ടായിരുന്നു.ബഹിരാകാശത്ത് ചെല്ലുന്തോറും ആ പൂവിന്റെ ഗന്ധം വര്‍ധിച്ചിരുന്നു.മാലിന്യമില്ലാ ആകാശത്തില്‍ ആ പൂവിന്‍റെ ഗന്ധം വര്‍ധിച്ചു.സ്വര്‍ഗ്ഗരാജ്യത്തിന്  തുല്യമായ പ്രകാശതിളക്കം അവള്‍ കണ്ടു.വിജയയാത്ര അവളുടെ അന്ത്യ യാത്ര ആയ്‌.... ..''ഇടയ്ക്ക് വച്ച് എവിടെയോ നിന്നു പോയ ജീവിതം...നമ്മുടെ ജീവിതവും ഒരുപക്ഷെ ഇത് പോലെ ആകുമോ?അറിയില്ലല്ലോ.ആയിരിക്കുന്ന അവസ്ഥയില്‍ സന്തോഷത്തോടെ ജീവിക്കുക. 


സിന്‍സി വിന്‍സെന്റ്
IX C

Tuesday, February 7, 2012

നീലാകാശത്തിലെ മേഘങ്ങള്‍ -ഒപ്പം കുപ്പിയിലെ ജലവും 
ചിലപ്പോള്‍ മേഘം പെയ്ത് ജലം ആകുന്നു.മറ്റു ചിലപ്പോള്‍ ജലം ഉയര്‍ന്ന്‍ മേഘമാകുന്നു ..മേഘമായിട്ടത്‌ അനുഭവപ്പെടുമ്പോള്‍ കാറ്റിനൊപ്പം സഞ്ചരിക്കുക .ജലമാകുമ്പോള്‍ അതിനൊപ്പം നീന്തി തുടിക്കുക.                                                          
                                                                                         സോണി ദീദി 

Monday, February 6, 2012

ഭൂമിക്ക്‌ പറയാനുള്ളത്‌

ഞാന്‍ ചാകാറായ് മക്കളേ.....എന്നെ ചവിട്ടി മെതിക്കുന്ന നിങ്ങള്‍ക്ക് അറിയില്ലല്ലോ....ഒന്നും .നിങ്ങള്‍ പുരോഗതി എന്ന് പറഞ്ഞു ആകാശത്തോളം പടുത്തുയര്‍ത്തുന്ന കെട്ടിടങ്ങള്‍ എനിക്ക് താങ്ങാനാവുന്നില്ല.ആര് കാണാന്‍ എന്‍റെ നൊമ്പരം?ഒരു കൂട്ടം വിദ്യാര്‍ത്ഥികളും ചുരുക്കം ചില അധ്യാപകരും ഇല്ലായിരുന്നുവെങ്കില്‍ പണ്ടേ ഞാന്‍ മരിച്ചേനെ.അവരും കൂടി എന്‍റെ ദയനീയ സ്ഥിതി മനസ്സിലാക്കി ഇല്ലായിരുന്നു എങ്കില്‍ ......ഇന്നത്തെ നിങ്ങളുടെ ജീവിതരീതിയുമായ്‌ പൊരുത്തപ്പെടാന്‍ എനിക്കാവുന്നില്ലല്ലോ...എന്നെ സഹായിക്കാന്‍ ആര്‍ക്കാണ് കഴിയുക?കോടാനുകോടിയോളം വരുന്ന ജനങ്ങള്‍ക്ക് അഭയം നല്‍കുന്ന എന്നെ മനസ്സിലാക്കാനും സഹായിക്കാനും ഒരാള്‍ പോലും വരാത്തതിലാണ് എനിക്ക് കൂടുതല്‍ ദു:ഖം .എന്‍റെ തൊലിപ്പുറം ചുട്ടുപൊള്ളുന്നു...വരണ്ടു കീറിയ ശരീരം ...വയ്യ .പണ്ടത്തെ പച്ചപ്പും നദികളും പുഴകളും കുളങ്ങളും എവിടെ?നദികള്‍ എത്ര ലാഘവത്തോടെ ആണ് നിങ്ങള്‍ നികത്തുന്നത് ...വരും തലമുറ നിങ്ങളെ എത്ര കുറ്റപ്പെടുത്തും?അല്ലെങ്കില്‍ തന്നെ വരും തലമുറ എന്ന ഒന്ന് ഉണ്ടാകുമോ ആവോ?അരുതേ...എന്ന എന്‍റെ ഉഗ്ര രോദനം ആര് കേള്‍ക്കാന്‍??


                                         സുമിത കെ.എസ് 
                                                IX C

Sunday, February 5, 2012

ബുദ്ധിമാന്മാരായ മൂന്നു കുരങ്ങന്മാര്‍

                                       കേട്ടതു പറയാനും 
                                       കണ്ടതു പറയാനും 
                                       വായില്ലാത്തപ്പോള്‍
                                       കേള്‍ക്കാത്തത് പറയാനും
                                       കാണാത്തത് പറയാനും 
                                        ഒത്തിരി വായുണ്ടാകും

                                        ചെവിയുള്ളവന്‍ കേള്‍ക്കട്ടെ
                                        കണ്ണുള്ളവന്‍ കാണട്ടെ
                                         നാവുള്ളവന്‍  പറയട്ടെ....
                                         കേള്‍ക്കാനും കാണാനും 
                                         ഏതൊരവതാരമാണോ
                                         ഊക്കുള്ള നാക്കോടെ പിറക്കുക?


Saturday, February 4, 2012

വിലക്കപ്പെട്ട കനി

ആ കനി തിന്നരുതെന്ന് പറഞ്ഞത് ലംഘിച്ചതു കൊണ്ടാണല്ലോ പാപം പൊട്ടി മുളച്ചത്.ആ കനി ഭക്ഷിച്ചാലുണ്ടാകുന്ന വിപത്തുകള്‍ എന്തെന്ന്‍ അവനറിഞ്ഞില്ല...പുത്തന്‍ തലമുറയും അറിയുന്നില്ലല്ലോ അവരുടെ ശീലങ്ങളാകുന്ന കനികള്‍ സ്വര്‍ഗത്തില്‍ നിന്ന് അവരെ പാതാളത്തിലേക്ക് ചവിട്ടി താഴ് ത്തുമെന്ന്...