Monday, March 22, 2021

ആസ്വാദനക്കുറിപ്പ് -ശ്രീനാരായണഗുരു

 

കുറ്റിപ്പുഴ കൃഷ്ണപിള്ള


  കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ ലേഖനമാണ് ശ്രീനാരായണഗുരു. ശ്രീനാരായണ ഗുരുവിന്റെ  സന്ദേശങ്ങൾ വിലയിരുത്തുകയാണ് ഈ ലേഖനത്തിലൂടെ ചെയ്യുന്നത്. മതഗ്രന്ഥങ്ങൾക്കും മഹാന്മാരുടെ ജീവിത സന്ദേശത്തിനും വ്യത്യസ്ത വ്യാഖ്യാനങ്ങൾ ഉണ്ടാകാറുണ്ട് .ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ പഠിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ  ആവശ്യമാണ്. ആധുനികതയുടെ ധർമ്മമാണ് അധഃകൃത വർഗോദ്ധാരണം. റാം മോഹൻ റായ്, ദയാനന്ദസരസ്വതി, രാമകൃഷ്ണ പരമഹംസൻ, സ്വാമി വിവേകാനന്ദൻ തുടങ്ങിയവർ ഈ ധർമം പുനസ്ഥാപിക്കാൻ പ്രവർത്തിച്ചവരാണ്,

 ഭാരതീയ വേദാന്തത്തിൽ മോക്ഷം ഒരു വ്യക്തിയെ ഉദാത്തീകരിക്കും. എത്രയോ സന്യാസിമാരുടെ അറിവ് ഈ സ്വാർത്ഥത മൂലം സമൂഹത്തിന് ഉപകരിക്കാതെ പോയിട്ടുണ്ട്. ശ്രീനാരായണഗുരു തപസ്സു കൊണ്ട് നേടിയ അറിവ് സമൂഹത്തിന്റെ ഉന്നമനത്തിനായി വിനിയോഗിച്ചു.  ജനങ്ങളുടെ അന്ധകാര ജീവിതത്തിൽ പ്രകാശം പരത്തി .അവരെ സ്വാതന്ത്ര്യ ബോധമുള്ളവരാക്കി .ജാതിപ്പിശാചിനെ ആട്ടിയോടിച്ചു. മനുഷ്യത്വം പഠിപ്പിച്ച ഗുരുനാഥനാണ് ഗുരു. ജ്ഞാനസിദ്ധനും കർമ്മസിദ്ധനുമാണ് ഇദ്ദേഹം.പ്രായോഗികവേദാന്തത്തിന് ഇദ്ദേഹം പ്രാധാന്യം കല്പിച്ചു. കർമ്മം ചെയ്യാതെ അലസജീവിതം നയിക്കുന്ന ഇന്ത്യൻ സന്യാസിമാർക്ക് ശ്രീനാരായണഗുരുവിന്റെ  ജീവിതം മാതൃകയാണ് .മനുഷ്യജാതി എന്ന വിശാലമായ ആശയം അദ്ദേഹം അവതരിപ്പിച്ചു .അന്ധവിശ്വാസങ്ങളേ'യും അനാചാരങ്ങളേയും എതിർത്ത് വിപ്ലവം സൃഷ്ടിച്ച ഉൽപ്പതിഷ്ണുവാണ് ഗുരു ."മതമേതായാലും മനുഷ്യൻ നന്നായാൽ മതി "എന്ന വചനത്തിൽ മനുഷ്യനന്മയ്ക്കാണ് പ്രാധാന്യം.ആധ്യാത്മികതയ്ക്കും ഭൗതികതയ്ക്കും തുല്യപ്രാധാന്യം നൽകി .ഹിന്ദു മതത്തെ കുറിച്ച് ഒരക്ഷരം പറയാതെ എല്ലാമതങ്ങളും നദികൾ ആണെന്നും അവ ഈശ്വരൻ എന്ന ഒറ്റ സമുദ്രത്തിലാണ് പതിക്കുന്നത് എന്നുമാണ് ഗുരു പറഞ്ഞത് .അന്ധർ ആനയെ കാണാൻ പോയി, ആനയെ പലതരത്തിൽ വ്യാഖ്യാനിച്ച് വഴക്കടിക്കുന്നത് പോലെയാണ് അറിവില്ലാത്തവർ മതത്തിന്റെ  പേരിൽ ലഹള ഉണ്ടാക്കുന്നത് എന്നായിരുന്നു ഗുരുവിന്റെ  പക്ഷം. "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് "എന്ന സന്ദേശം ഏതു രാജ്യത്തും സാംസ്കാരിക വികസനത്തിന് ഉപകരിക്കും. .ഏകലോകം എന്ന ആശയവുമായി അദ്ദേഹത്തിന്റെ  സന്ദേശങ്ങൾ ചേർന്നുനിൽക്കുന്നു.

 ഗുരു ക്ഷേത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട് .അത് സമുദായങ്ങളെ ഉയർത്തുന്നതിനുള്ള ഉപാധി മാത്രമായിരുന്നു .ക്ഷേത്രങ്ങൾ ഇനി ആവശ്യമില്ലെന്നും പകരം വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായശാലകളുമാണ് വേണ്ടതെന്നും അദ്ദേഹം തുറന്നു പറഞ്ഞു .ഗുരു നടത്തിയ കണ്ണാടിപ്രതിഷ്ഠയിൽ മനുഷ്യന്റെ ധ്യാന ലക്ഷ്യം മനുഷ്യൻ തന്നെയാണെന്നും അവന്റെ  അന്ത ശക്തിയാണ് വികസിക്കേണ്ടത് എന്നുമുള്ള വസ്തുതയാണ് വെളിപ്പെടുത്തുന്നത്.

സാർവ്വലൗകികത്വം ഗുരുവിന്റെ  ഉപദേശങ്ങളുടെ പ്രത്യേകതയാണ് .ഏറ്റവും ലളിതമായ ഭാഷയിലാണ് ഗുരു ഉപദേശിച്ചത് .അർത്ഥ ഗാംഭീര്യവുമുണ്ട്. സാധാരണക്കാരനുപോലും മനസ്സിലാകും." ജാതി ഒന്നാണെന്ന് തെളിവൊന്നും വേണ്ട .ഒരു പട്ടി മറ്റൊരു പട്ടിയെ കണ്ടാൽ അതിന്റെ  സ്വന്തം ജാതിയാണെന്ന് മനസ്സിലാക്കുന്നു. എല്ലാ മൃഗങ്ങൾക്കും ഈ വകതിരിവുകൾ ഉണ്ട്. മനുഷ്യനുമാത്രം തിരിച്ചറിയാനുള്ള ശക്തിയില്ല. മൃഗങ്ങളേക്കാളും മോശം " ഈ ആശയം എത്ര ഊക്കോടെയാണ് നമ്മുടെ മനസ്സിലേക്ക് പതിക്കുക! ഇങ്ങനെ ലളിത ഉദാഹരണങ്ങളിലൂടെയാണ് അദ്ദേഹം എല്ലാം വിശദീകരിച്ചത്. വിദ്യാഭ്യാസം, വ്യവസായം, സംഘടന, ജീവിതവിശുദ്ധി ഇവയാണ് അധ:സ്ഥിതസമുദായങ്ങൾക്ക് വേണ്ടത് എന്നായിരുന്നു ഗുരുവിന്റെ  പക്ഷം. ജാതിപ്പാതാളത്തിൽ നിന്ന് കേരളത്തെ ഉയർത്തിയ ഇദ്ദേഹത്തിന്റെ  ജീവിതവും വചനങ്ങളും ഭാവി തലമുറകൾക്ക് പ്രചോദനമാകും.

                           

                              ദൃശ്യാവിഷ്ക്കാരം 
                           
                             ശ്രീനാരായണഗുരു

No comments:

Post a Comment