Thursday, September 16, 2021

നഗരത്തിൽ ഒരു യക്ഷൻ - ആറ്റൂർ രവിവർമ്മ


ദൃശ്യാവിഷ്ക്കാരം 

                                                                       
റ്റൂർ രവിവർമ്മ 


   ദൂരക്കാഴ്ചകൾക്ക് മിഴിവ് കൂടുതലുണ്ടെന്ന തോന്നലിൽ നിന്നാകാം അകന്നിരിക്കുമ്പോൾ ആത്മ ബന്ധങ്ങൾക്ക് അടുപ്പം വർദ്ധിക്കുന്നത് .എങ്കിലും പ്രിയപ്പെട്ടവരെ വേർപിരിഞ്ഞ് ഒറ്റയ്ക്ക് ജീവിക്കേണ്ടി വരുന്നത് സങ്കടകരമായ ഒരു അവസ്ഥയാണ്. സങ്കടം പങ്കു വെക്കാൻ ഒരാളും ഇല്ലാതിരിക്കുന്നത് സങ്കടത്തിന്റെ പാരമ്യമാണ് .

തീവ്രമായ വേദന അസഹ്യമായപ്പോഴാണ് മഹാകവി കാളിദാസന്റെ മേഘസന്ദേശത്തിലെ നായകൻ  യക്ഷൻ ഭാര്യയെ വേർപിരിഞ്ഞ്, ജീവിക്കേണ്ടിവന്ന ഹൃദയവേദന  മേഘത്തോട്പങ്കുവയ്ക്കുന്നത്. ജോലിയുടെ ഭാഗമായി വീടുവിട്ട് ദൂരെ നഗരത്തിൽ കഴിയാൻ ഭാര്യയെ വേർപെട്ടു കഴിയുമ്പോൾ സ്വയം യക്ഷനായി സങ്കൽപ്പിച്ചുകൊണ്ട് എഴുതുന്ന രീതിയിലാണ് ആറ്റൂർ രവിവർമ്മയുടെ നഗരത്തിൽ ഒരു യക്ഷൻ എന്ന കവിത രചിച്ചിരിക്കുന്നത്

വിവാഹത്തിനു മുൻപുള്ള നാളുകളിൽ ഭാര്യക്ക് ഉണ്ടായിരുന്ന ഭംഗി നഷ്ടപ്പെടുന്നത് ഓർത്ത് വേദനിക്കുന്ന നായകപക്ഷ ചിന്തയിൽനിന്നാണ് കവിത ആരംഭിക്കുന്നത് .വേനലിൽ വരളുകയും മഞ്ഞുകാലത്ത് ഭംഗി നഷ്ടപ്പെടുകയും ചെയ്യുന്ന ചുണ്ടുകൾ ബാഹ്യസൗന്ദര്യ നഷ്ടത്തിന്റെ പ്രതീകമാണ്. എഴുത്തിലൂടെയും വാക്കിലൂടെയും ഉള്ള ആശയവിനിമയം പണ്ടത്തേക്കാൾ വളരെ കുറഞ്ഞിരിക്കുന്നു . പണ്ട് സന്ദേശങ്ങൾ കൈമാറിയിരുന്ന പേന അതാ മൂലയിൽ മരിച്ചു കിടക്കുന്നു .പണ്ട് വാചാലമായിരുന്ന ചുണ്ടുകൾ ഇപ്പോൾ പൂട്ടിയിരിക്കുന്നു. ഭിത്തിയിൽ തൂക്കിയിട്ട വിവാഹ ഫോട്ടോ തങ്ങൾ വളരെ നിഷ്കർഷയോടെ എടുത്തതായിരുന്നുവെന്നും നായകൻ കൗതുകത്തോടെ ഓർക്കുന്നു. ഇന്ന് തളത്തിലെ ഭിത്തിയിലുള്ള അനേകം ചിത്രങ്ങളിൽ ഒന്നു മാത്രമാണിത് ദാമ്പത്യത്തിന് പുതുമകൾ നഷ്ടപ്പെടുന്നതും അത് പഴയ സർവ്വസാധാരണമായ ഒന്നായി മാറുന്നതും ഈ വരികളിലൂടെ വായിച്ചെടുക്കാം .

സ്ഥലം മാറ്റം കിട്ടി ദൂരെ നഗരത്തിൽ ജോലിയിൽ കഴിയുമ്പോഴാണ് ഭാര്യയുടെ അഭാവം അയാളിൽ നഷ്ടബോധം ഉണ്ടാക്കുന്നത്. അമ്മയെ നഷ്ടപ്പെട്ടപ്പോൾ അനുഭവിച്ച വേദനയോടാണ്  ആ അവസ്ഥയെ താരതമ്യം ചെയ്യുന്നത്.അമ്മയെ നഷ്ടപ്പെട്ടതിനു ശേഷം അവൾ അയാളുടെ ഭാര്യാപദവിയോടൊപ്പം മാതൃ സ്ഥാനത്തേക്ക് ഉയരുന്നതും ഇവിടെ സൂചിതമാണ് .പ്രിയപ്പെട്ടവരിൽ നിന്ന് അകന്നു നിൽക്കുമ്പോൾ അനുഭവിക്കുന്ന വേദന സമാനസ്വഭാവമുള്ളതാണെന്ന് തിരിച്ചറിയുകയാണ് കവി 

തന്റെ വേദനയ്ക്ക് സമാനമായ വേദന ലോഡ്ജിൽ ഒപ്പം കഴിയുന്ന കൂട്ടുകാർക്കും ഉണ്ട് .അത് പരസ്യമാക്കാതെ അവർ പത്രവാർത്തകളെ ചൊല്ലി തർക്കിക്കുന്നു. 

ദൂരെ ജോലിസ്ഥലത്തുനിന്ന് ഭാര്യയെ ഓർക്കുമ്പോൾ അവൾ കാപ്പി നൽകുമ്പോൾ പറഞ്ഞിരുന്ന ബാല്യകാല നുറുങ്ങുകഥകൾ കൂടി ഓർമ്മയിൽ എത്തുന്നു .ബോംബെയിൽ താമസിക്കുന്ന അമ്മായിയുടെ വീമ്പുപറച്ചിൽ, വീട്ടിൽവന്ന ഭിക്ഷുവിന്റെ ദൈന്യം, ഭർത്താവറിയാതെ മാസക്കുറി ചേർന്നത്  തുടങ്ങിയ കഥകൾ പറയുമ്പോൾ ഭർത്താവ് മൂളി കേൾക്കണം എന്നത് നിർബന്ധമായിരുന്നു അവൾക്ക് .അങ്ങനെ ചെയ്തില്ലെങ്കിൽ അവൾ പിണങ്ങി കിടക്കാറുള്ളതും അയാൾ ഓർക്കുന്നു. മധുവിധു കാലത്തേക്കാളും പ്രിയം അയാൾക്ക് അവളോട് ഇപ്പോൾ തോന്നുന്നു എന്ന പ്രഖ്യാപനത്തോടെ കവിത അവസാനിക്കുന്നു.

ദാമ്പത്യജീവിതത്തിലെ മിഴിവുള്ള ചിത്രമാണ് ഈ കവിത നൽകുന്നത്. അതിൽ അടുപ്പവും അകൽച്ചയുമുണ്ട്. ഇണക്കവും പിണക്കവും ഉണ്ട്. ജീവിതത്തിന്റെ മടുപ്പ് നേരിടാൻ സുദൃഢമായ സ്നേഹബന്ധം കൊണ്ടേ കഴിയൂ എന്നൊരു പ്രഖ്യാപനവും കവി നടത്തുന്നുണ്ട് .അകന്നിരിക്കുമ്പോഴും ഓർമ്മച്ചിത്രങ്ങൾ കൊണ്ട് പരസ്പരം താങ്ങും തണലുമായി തീരുന്ന ദമ്പതികൾ ഇന്നത്തെ ആധുനിക ഗൃഹാന്തരീക്ഷത്തിൽ വിളക്കും വെളിച്ചവുമായിത്തീരുന്നു 

വിവാഹപൂർവ കാലത്ത് അവർ എഴുത്തിലൂടെ വിനിമയം ചെയ്തിരുന്ന പേന പിന്നെ ഉപയോഗിക്കേണ്ടി വന്നില്ല. പരസ്പരമുള്ള കൗതുകവും മറ്റും കുറഞ്ഞുവന്നു. മരിച്ചുകിടക്കുന്ന പേന ഉപയോഗശൂന്യമാണ് .പേനയുടെ ഉപയോഗം എഴുത്താണല്ലോ? എഴുത്തു നടക്കുന്നില്ലെങ്കിൽ പേന മരിച്ചതിനു തുല്യമാണ്


                                                                    മേഘസന്ദേശം 

ശ്യവചസ്സായ മഹാകവി കാളിദാസന്റെ കാവ്യമാണ് മേഘസന്ദേശം. വിരഹദു:ഖത്താൽ ഉന്മാദാവസ്ഥയിൽ എത്തിച്ചേർന്ന യക്ഷൻ തന്റെ ഹൃദയം ആകാശത്തു കാണുന്ന മേഘത്തോട് തുറന്നുവയ്ക്കുന്ന അപൂർവ്വമായ കല്പനയാണ് മേഘസന്ദേശത്തിലെ ഉള്ളടക്കം. അതോടൊപ്പം മേഘസന്ദേശത്തിൽ ശ്രദ്ധേയമാകുന്ന ഘടകം അതിലെ നായക സങ്കല്പമാണ് .ധീരനായ ഒരു നായകനല്ല അതിലുള്ളത് .അക്കാലത്തെ പതിവ് രീതികൾ തെറ്റിച്ചുകൊണ്ട് സാധാരണക്കാരനായ, രാജസേവകനായ യക്ഷനാണ് അതിലെ നായകൻ. വിവാഹം കഴിഞ്ഞ് അധികനാൾ കഴിയുന്നതിനു മുമ്പ് ജോലിയിൽ തിരികെ പ്രവേശിച്ച യക്ഷൻ ജോലിയിൽ ഒരു പിഴവ് വരുത്തി രാജാവിന്റെ കോപത്തിനു പാത്രമായി തീർന്നു.കാട്ടിൽ രാമഗിരി ആശ്രമത്തിലേക്ക് നാടുകടത്തപ്പെട്ടു. ഏകാന്തതടവിൽ യക്ഷൻ ഭാര്യയെക്കുറിച്ച് ഓർത്ത് സങ്കടപ്പെടുന്നു .ദൂരെ ഉജ്ജയിനിയിൽക്കഴിയുന്ന ഭാര്യയോട് തനിക്ക് പറയാനുള്ള കാര്യങ്ങൾ അറിയിക്കാൻ ആരെയും കാണാതെ വിഷമിക്കുന്നു .ഒടുവിൽ എല്ലാ ദുഃഖങ്ങളും ആകാശത്തു പ്രത്യക്ഷപ്പെട്ട മേഘത്തോട് ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു.

                                    കാളിദാസൻ 

No comments:

Post a Comment