Saturday, March 20, 2021

പാവങ്ങൾ_ വിവർത്തനം നാലപ്പാട്ട്നാരായണ മേനോൻ-മൂലകൃതി - വിക്ടർ ഹ്യൂഗോ Les Miserables

 പാവങ്ങൾ_ വിവർത്തനം നാലപ്പാട്ട്നാരായണ മേനോൻ
 മൂലകൃതി - വിക്ടർ ഹ്യൂഗോ Les Miserables
ഒരു പാവപ്പെട്ട മരംവെട്ടുകാരനായിരുന്നു ഴാങ് വാൽ ഴാങ്. വിധവയായ സഹോദരിയും ഏഴ് മക്കളും അയാളുടെ സംരക്ഷണത്തിലായിരുന്നു .തൊഴിലില്ലാതെ മുഴുപ്പട്ടിണിയിലകപ്പെട്ടപ്പോൾ അവരുടെ വിശപ്പുമാറ്റാൻ ബേക്കറിയിൽ നിന്ന് ഒരു റൊട്ടി മോഷ്ടിച്ചു. ആ കുറ്റത്തിന് അഞ്ചുവർഷം ശിക്ഷിക്കപ്പെട്ടു. മൂന്നു തവണ അദ്ദേഹം ജയിൽ ചാടി .പത്തൊൻപതു വർഷം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നു .ജയിൽമോചിതനായിട്ടും ആരും അയാൾക്ക് അഭയം നൽകിയില്ല. ഒടുവിൽ അയാൾ ഡി പട്ടണത്തിലെ മെത്രാന്റെ ഭവനത്തിൽ വിശപ്പും ദാഹവും കൊണ്ട് തളർന്ന അവസ്ഥയിൽ എത്തിച്ചേർന്നു.

ഴാങ് വാൽ ഴാങ് അന്ന് മെത്രാന്റെയൊപ്പം  കഴിഞ്ഞു .അദ്ദേഹം ഉറങ്ങിയെന്നുറപ്പായപ്പോൾ അയാളുടെ മനസ്സിലുള്ള തിന്മയുടെശക്തി അയാളെ കുറ്റം ചെയ്യാൻ പ്രേരിപ്പിച്ചു .വാതിൽ ശബ്ദമുണ്ടാക്കാതെ അയാൾ തുറക്കാൻ ശ്രമിച്ചു .പരലോകത്ത് വെച്ച് വിധി കൽപ്പനയുടെ സമയത്തുണ്ടാകുന്ന കാഹള ശബ്ദം പോലെയാണ്  വാതിൽക്കുറ്റിയുടെ ശബ്ദത്തെ അയാൾക്ക് തോന്നിയത് .അയാളുടെ മനസ്സിലുള്ള കുറ്റബോധവും ഭയവുമാണ് കാഹള ശബ്ദം പോലെ അയാൾക്ക് തോന്നാൻ കാരണം. നന്മതിന്മകളുടെ ആത്മസംഘർഷമാണത്. വാതിൽ
ക്കുറ്റിക്ക് ജീവനുണ്ടോ എന്നുവരെ അയാൾക്ക് തോന്നി .അയാൾ ആകെ വിറച്ചു .ആ വാതിൽക്കുറ്റിയുടെ ശബ്ദം ഭൂകമ്പത്തിന്റെ ശബ്ദം പോലെയും ഭയങ്കരമായ ഗർജനം പോലെയുമാണ് അയാൾക്ക് തോന്നിയത് .ഈ ശബ്ദം കേട്ട് മെത്രാനും അവിടുത്തെ രണ്ട് വൃദ്ധ സ്ത്രീകളും ഉറക്കെ നിലവിളിക്കും എന്നും പോലീസുകാർ തന്നെ വീണ്ടും പിടിച്ചു കൊണ്ടുപോകും എന്നും അയാൾ തീർച്ചപ്പെടുത്തി. വെള്ളി സാധനങ്ങൾ വച്ചിട്ടുള്ള കൊട്ടയിലാണ് അയാളുടെ ശ്രദ്ധ .വെള്ളി വസ്തുക്കൾ കയ്യിലെടുത്ത്  കൊട്ട വലിച്ചെറിഞ്ഞ് ഒരു നരിയെ പോലെ മതിൽ ചാടിക്കടന്ന് അയാൾ അവിടെനിന്ന് ഓടി.

 പിറ്റേന്ന് മോൺസിന്യേർ  തോട്ടത്തിൽ നടക്കുന്ന സമയത്ത് മദാം മഗ്ല്വാർ അദ്ദേഹത്തിന്റെ അടുക്കലേക്ക് പേടിയോടെ ചെന്നു .വെള്ളി വസ്തുക്കൾ വയ്ക്കുന്ന കൊട്ട എവിടെയാണെന്നറിയാമോ എന്ന് അദ്ദേഹത്തോട് ചോദിച്ചു . അദ്ദേഹം അറിയാമെന്നു പറഞ്ഞു. പൂച്ചട്ടിയിൽ കിടക്കുന്ന കൊട്ട മെത്രാൻ തന്നെയാണ് കണ്ടെത്തിയത്. അതിന്റെ ഉള്ളിൽ വെള്ളി വസ്തുക്കൾ ഒന്നും ഇല്ലല്ലോ എന്ന് മദാം മഗ്ല്വാർ പറഞ്ഞു.അപ്പോൾ വെള്ളി വസ്തുക്കളാണല്ലേ നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് എന്ന്  മെത്രാൻ ചോദിച്ചു .വെള്ളി വസ്തുക്കൾ എവിടെ എന്ന് തനിക്കറിയില്ലെന്നും പറഞ്ഞു. ഇന്നലെ വന്ന ആൾ അവ കട്ടുക്കൊണ്ടുപോയെന്ന്  മദാം മഗ്ല്വാർ പറഞ്ഞു .കൊട്ടവീണതു കൊണ്ട് കേടുവന്ന പൂച്ചെടി സംരക്ഷിക്കുകയായിരുന്നു മോൺസിന്യേർ .ആ വെള്ളി വസ്തുക്കൾ നമ്മുടേത് ആയിരുന്നുവോ എന്ന് മോൺസിന്യേർ ചോദിച്ചു .മദാം മഗ്ല്വാർ മിണ്ടാതെയായി .അത് പാവങ്ങളുടേതാണ് എന്നും ആ മനുഷ്യൻ കാഴ്ചയിൽത്തന്നെ ഒരു പാവമാണ് എന്ന മറുപടിയാണ് മോൺസിഞ്ഞോർ പറഞ്ഞത്. ആരും ഒന്നിന്റേയും ഉടമസ്ഥരല്ല. എല്ലാം എല്ലാവർക്കും അവകാശപ്പെട്ടതാണ് 'മരംകൊണ്ടുള്ള കയിൽ ആയാലും നമുക്ക് ഉപയോഗിക്കാനാകും. പാവങ്ങൾക്ക് വെള്ളിക്കയിൽ ലഭിച്ചാൽ അതവർക്ക് വളരെ ഉപകാരപ്രദമാകും എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത് .പ്രഭാത ഭക്ഷണം കഴിക്കുന്ന സമയത്ത് ഒരു കഷ്ണം അപ്പം ഒരു കോപ്പ പാലിൽ എടുത്തു മുക്കുന്നതിനു മരംകൊണ്ടുള്ള കയിൽ  കൂടി ആവശ്യമില്ലെന്ന് മോൺസിന്യേർ അവരോട് പറഞ്ഞു .അദ്ദേഹം ഉദ്ദേശിച്ചത് ജീവിതത്തെ ലാളിത്യം കൊണ്ട് സന്തുഷ്ടമാക്കാം. കുറവ് സാധനങ്ങൾ മതി ജീവിക്കാൻ. ജീവിതം സങ്കീർണ്ണമാക്കുന്നത് വസ്തുക്കൾകൊണ്ട് നിറയ്ക്കുമ്പോഴാണ്.മദാം മഗ്ല്വാർ അയാൾ മെത്രാനെ ഉപദ്രവിച്ചില്ലല്ലോഎന്നോർത്ത് സമാധാനിച്ചു. വാതിലിൽ ആരോ  മുട്ടുന്ന ശബ്ദം കേട്ടു. ഒരു ചെറിയ ആൾക്കൂട്ടമാണ് പുറത്തു നിൽക്കുന്നതെന്ന് അവർക്ക് മനസ്സിലായി. അപ്പോൾ മൂന്ന് പോലീസുകാർ ഒരാളുടെ കഴുത്തിൽ പിടിച്ച് കൊണ്ട് അവിടെ എത്തിയിരിക്കുന്നത് കണ്ടു. നാലാമൻ ഴാങ് വാൽ ഴാങ് ആയിരുന്നു. അയാളെ കണ്ടപ്പോൾ മോൺസിന്യേർ പറഞ്ഞു .നിങ്ങളെ കാണാൻ സാധിച്ചതിൽ ഞാൻ സന്തോഷിക്കുന്നു. ഞാൻ നിങ്ങൾക്ക് ഈ മെഴുകുതിരിക്കാലുകൾ കൂടി തന്നതാണല്ലോ. അവയും വെള്ളികൊണ്ട് നിർമ്മിച്ചതാണ് .നിങ്ങൾക്ക് അവയിൽ നിന്ന് ഇരുന്നൂറ് ഫ്രാങ്ക് കിട്ടും .ഇവിടെ നിങ്ങൾ മുള്ളുകളും കയിലുകളും എടുത്ത കൂട്ടത്തിൽ അതു കൂടി കൊണ്ടുപോകാമായിരുന്നു എന്ന് പറഞ്ഞു.അയാൾ മെത്രാനെ മിഴിച്ചുനോക്കി. അപ്പോൾ പോലീസ് പറഞ്ഞു ഇയാളും അതുതന്നെയാണ് പറഞ്ഞത് എന്ന് .പക്ഷേ തങ്ങൾ വിശ്വസിച്ചില്ല .പോലീസുകാർ ഴാങ് വാൽ ഴാങിനെ വെറുതെവിട്ടു .സ്നേഹിതാ നിങ്ങൾ പോകുന്നതിനു മുമ്പ് ഈ മെഴുകുതിരിക്കാലുകൾ എടുക്കൂ എന്ന് മെത്രാൻ പറഞ്ഞു. ഴാങ് വാൽ ഴാങ് ആകെ വിറച്ചു .സ്നേഹവും കാരുണ്യവും നമ്മുടെ ജീവിതത്തിൽ ഭയം ഇല്ലാതാക്കും. നമ്മൾ എല്ലാ ഭയത്തിനും അതീതരാകും. അതാണ് മെത്രാൻ തൻ്റെ ജീവിതത്തിലൂടെ കാണിച്ചുതരുന്നത്. ജീവിതത്തിൽ നേർവഴിയിലൂടെ നടക്കാൻ ശ്രമിക്കുക, വളഞ്ഞ വഴികൾ ഉപേക്ഷിക്കുക ,അതുകൊണ്ടുതന്നെയാണ് തന്റെ  അടുത്ത് ആ കുറ്റവാളിയെ കിടക്കാൻ പോലും ആ മെത്രാൻ ഭയക്കാതിരുന്നത്. ഴാങ് വാൽ ഴാങിനോട് നിങ്ങൾ സമാധാനത്തോടെ പോവുക എന്നും സ്നേഹിതാ ഇനി നിങ്ങൾ തോട്ടത്തിലൂടെ അല്ല പോകേണ്ടതെന്ന് വാതിലിലൂടെ തന്നെ വരികയും പോവുകയും ചെയ്യണമെന്നും രാത്രിയിലും പകലും ഒരേ പോലെയാണ് വാതിൽ തുറന്നിട്ടിരിക്കുന്നതെന്നും അതിനു കുറ്റിയില്ലെന്നും പറഞ്ഞു. പോലീസുകാർ പോയി. ഴാങ് വാൽ ഴാങ് മോഹാലസ്യപ്പെട്ടു വീഴാൻ തുടങ്ങി .അപ്പോൾ മെത്രാൻ അടുത്തുചെന്നു പറഞ്ഞു. ഒരു സത്യവാൻ ആയിരിക്കുവാൻ നീ ഇനി നിന്റെ  ജീവിതം ഉപയോഗപ്പെടുത്തണം .നീ അത് പ്രതിജ്ഞ ചെയ്തിട്ടുള്ളതാണ് .ഒരിക്കലും അത് മറക്കരുത് . തന്റെ  വാക്കുകളിലൂടെ ഴാങ് വാൽ ഴാങ് നന്മയിൽ എത്തുമെന്ന് മെത്രാൻ കരുതുന്നു. മെത്രാൻ  സത്യത്തിന്റേ
യും മനുഷ്യ സ്നേഹത്തിന്റേയും മെഴുകുതിരിക്കാലുകളാണ് അദ്ദേഹത്തിന് സമ്മാനിച്ചത് .മനുഷ്യമനസ്സുകളെ സ്നേഹത്തിലൂടെ മാത്രമേ മാറ്റിമറിക്കാൻ സാധിക്കൂ എന്ന് മെത്രാന് അറിയാമായിരുന്നു. ചെറിയ കുറ്റത്തിന് വലിയ ശിക്ഷ നൽകുന്ന നിയമം മാത്രമല്ല തെറ്റുകുറ്റങ്ങൾക്ക് മാപ്പു നൽകുന്ന സ്നേഹത്തിന്റെ വ്യവസ്ഥ കൂടി ലോകത്തുണ്ടെന്ന് തിരിച്ചറിയുമ്പോഴാണ് നന്മയുടെ വെളിച്ചം കടക്കുന്ന ആ മുഹൂർത്തത്തെ നമുക്ക് ഒരു വലിയ അനുഭവമായി തോന്നുന്നത്.
സമൂഹത്തിന്റെ  കണ്ണിൽ ഴാങ് വാൽ ഴാങിന്റെ പ്രവൃത്തി കുറ്റമാണെങ്കിൽ മെത്രാൻ  അത് കുറ്റമായി കാണുന്നില്ല. പാപികളോട് പൊറുക്കുക എന്നത് മാനവികതയുടെ നിയമമാണ് ..മെത്രാന്റെ  പ്രവൃത്തി ഴാങിന് ആശ്വാസവും സമാധാനവും നൽകുന്നു. കുറ്റവാളിയുടെ നന്മയെ സമൂഹം അംഗീകരിക്കുന്നില്ല .സമൂഹം അവനെ ആട്ടിയോടിക്കുമ്പോൾ അവന് വളഞ്ഞ വഴികൾ സ്വീകരിക്കേണ്ടിവരുന്നു


 

1 comment:

Anonymous said...

Ok miss

Post a Comment