Sunday, June 17, 2012

കൊച്ചുദു:ഖങ്ങളുറങ്ങൂ...!

ഷ്ട്ട സംസ്കാരത്തെ കുറിച്ച് ഒ.എന്‍.വി ക്കുള്ള ദു:ഖമാണ് ഈ കവിതയില്‍  .ഇനിയും വന്നുചേരാത്ത പാട്ടിന് ശ്രാവണപുഷ്പ്പങ്ങള്‍ കാതോര്‍ത്തു നില്‍ക്കുന്ന വഴിയില്‍ കവി കാത്തിരിക്കുന്നു.ഒക്കത്ത് പാട്ടിന്‍റെ തേന്‍കുടമേന്തിയ പെണ്‍കുട്ടി വന്നില്ല.അന്തിയും മയങ്ങി.എന്നിട്ടും നീ വന്നില്ല.
വന്നുചേരാത്ത പെണ്‍കൊടീ, മണിത്തംബുരുവാക്കുന്ന മണ്‍കുടമാര്‍ക്കു വിറ്റു?നാവേറും കണ്ണേറും ഏല്‍ക്കാതിരിക്കാന്‍ ആ       മണിത്തംബുരുവില്‍ നിന്നുള്ള ഗാനങ്ങളെയാണ് ആശ്രയിച്ചിരുന്നത്.നാഗഫണങ്ങളെ ആടിപ്പിച്ച പുള്ളുവവീണ മയങ്ങിപ്പോയി.


കവിഭാവനയെ പ്രചോദിപ്പിക്കുമാറ് പാതിരാപ്പൂവിന്‍റെ നിശ്ശബ്ദത 'പാടുക വീണ്ടും' എന്ന്‍ നെടുവീര്‍പ്പിട്ടു.നിലാവിന്‍റെ ഇളനീര്‍ക്കുടങ്ങള്‍ നീട്ടിപ്പിടിച്ച് 'മൊത്തിക്കുടിക്കൂ' എന്ന്‍ രാത്രികള്‍ പറയുന്നു.മൊട്ടുകളെ ഇക്കിളികൂട്ടി ഇളംവെയില്‍ തൊട്ടുണര്‍ത്തുന്നു.തെച്ചിപ്പഴങ്ങള്‍ ഇറുത്തുവീഴ്ത്തുന്ന തെക്കന്‍ മണിക്കാറ്റും 'പാടുക വീണ്ടും' എന്ന്‍ പറയുന്നു.സ്വര്‍ണ്ണശലഭങ്ങള്‍ ചുറ്റും പാറിപ്പറന്നു.


ഭൂമികന്യകയുടെ ദു:ഖങ്ങള്‍ പാടിയ കൊച്ചുപൈങ്കിളി എന്‍റെ ഏകാന്തവും സങ്കടം നിറഞ്ഞതുമായ കൂട്ടിലിരുന്ന് കൊക്കുവിടര്‍ത്തുന്നു.നാട് വെടിഞ്ഞ നന്മയുടെ കഥകള്‍ പറഞ്ഞ പൈങ്കിളി തന്‍റെ കൊക്കില്‍ച്ചുരത്തിയ നറുതേന്‍ നുകര്‍ന്നാണ് കൊച്ചുദു:ഖങ്ങളുറക്കിക്കിടത്തിയത്.കവി ഇന്നെഴുതുന്ന പാട്ടിലെങ്കിലും  കണ്ണീരിന്‍റെ ഉപ്പുകലരാതിരിക്കട്ടെ എന്നാശംസിക്കുന്നു.


[സമൂഹത്തിന്‍റെ വറ്റിപ്പോകുന്ന ഭാവന വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കേണ്ടതുണ്ട്.കവിയുടെ ധര്‍മ്മമാണ് ഭാവനയെ വളര്‍ത്തുകയെന്നത്.ഭൂമിയുടെ ദു:ഖങ്ങള്‍ പാടിയ,പോയ്മറയുന്ന നന്മകളെ കുറിച്ച് പാടിയ എഴുത്തച്ഛന്റെ പൈങ്കിളിപ്പൈതലാണ്  തന്നില്‍ കവിത്വം ഉണ്ടാക്കിയത്. പാട്ടിനു കാതോര്‍ക്കുന്ന ശ്രാവണപുഷ്പ്പം,വരാത്ത പെണ്‍കൊടി എന്നീ പ്രയോഗങ്ങള്‍ ഓണത്തിന് വന്നുചേര്‍ന്ന അപചയം,മറയുന്ന കാവ്യസംസ്കാരം,നാടോടിസംസ്കാരത്തിന്‍റെ നാശം ഇവയുടെ സൂചനകള്‍ തരുന്നു.മണ്‍കുടം വിറ്റു എന്നത് കലകള്‍ വില്പ്പനച്ചരക്കാക്കുന്നതിനെ സൂചിപ്പിക്കുന്നു.പ്രകൃതിയുടെ രമ്യഭാവങ്ങള്‍ കവിതയെഴുതാന്‍ കവിയെ പ്രേരിപ്പിക്കുന്നു.കവികള്‍ സമൂഹത്തിന്‍റെ കാവല്‍ക്കാരാണ്.മയങ്ങുന്ന പുള്ളുവവീണ എന്നത് കവികള്‍ പണ്ട് സാമൂഹ്യനീതിക്ക്‌ വേണ്ടി പോരാടി എന്നതിനേയും ഇന്ന്‍ അതിനു സംഭവിച്ച മാന്ദ്യത്തേയും സൂചിപ്പിക്കുന്നു.കൈകേയി രാമനെ കാട്ടിലയപ്പിച്ചു.പിന്നെ ആ രാമന്‍ സീതയേയും.നന്മകളുടെ അപചയത്തെക്കുറിച്ചുള്ള ധാരണ ഉണ്ടായതും കവിതയിലൂടെയാണ്.തന്‍റെ ദു:ഖങ്ങള്‍ നിസ്സാരമെന്ന് കവി തിരിച്ചറിയുന്നു.ആ ദു:ഖങ്ങളെ മറക്കാന്‍ കവി ആഗ്രഹിക്കുന്നു.ലോകത്തിന്‍റെ ദു:ഖങ്ങള്‍ ഏറ്റുവാങ്ങേണ്ടവരാണ് കവികള്‍  .കവിതയിലൂടെ ആ ദു:ഖങ്ങളെ വെളിപ്പെടുത്തണം.അപ്പോള്‍ സ്വന്തം ദു:ഖങ്ങള്‍ കവി മറക്കുന്നു. എഴുത്തുകാരന്‍റെ ധര്‍മ്മം എന്തെന്ന് വെളിപ്പെടുത്തുകയാണ് ഒ.എന്‍.വി.]

                         







1 comment:

sathath said...

സമൂഹത്തിന്റെ " ഖൂര്‍ക്കകള്‍ " എന്ന പൊതുപ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും നാടിന്റെ നന്മയ്ക്കായിമാത്രം പ്രവര്‍ത്തിക്കട്ടെ...

Post a Comment