Saturday, March 20, 2021

ലക്ഷ്മണസാന്ത്വനം -തുഞ്ചത്തുരാമാനുജൻ എഴുത്തച്ഛൻ -ആസ്വാദനക്കുറിപ്പ്

വത്സാ സുമിത്രയുടെ പുത്രാ നീ എന്റെ വാക്കുകൾ കേൾക്കണം. നിന്റെ മത്സരബുദ്ധി കളയുക. നിനക്ക് എന്നോടുള്ളത്ര സ്നേഹവും ആദരവും മറ്റാർക്കുമില്ല. നിനക്ക് ഒരു കാര്യവും അസാധ്യമായില്ല. ഞാൻ പറയുന്ന കാര്യം നീ അനുസരിച്ചേ മതിയാകൂ. ഈ കാണുന്ന രാജ്യം, ദേഹം,ലോകം, ധനം ,ധാന്യം ഇവ എന്നും നിലനിൽക്കില്ല അതുകൊണ്ടുതന്നെ നശ്വരമായ അതിന്റെ നേട്ടത്തിൽ നമ്മൾക്ക് സന്തോഷിക്കാൻ ഒന്നുമില്ല. ലൗകിക സുഖങ്ങൾ എല്ലാം ഇടിമിന്നൽ പോലെ ക്ഷണികമാണ്. നമ്മുടെ ജീവിതവും ക്ഷണികമാണ്. ചുട്ടുപഴുത്ത ലോഹത്തിൽ ഒരു തുള്ളി ജലം വീഴുമ്പോൾ എന്തു സംഭവിക്കുമോ അതുപോലെ പെട്ടെന്നു നശിച്ചു പോകുന്നതാണ് മനുഷ്യജീവിതവും. പാമ്പിന്റെ വായിൽ അകപ്പെട്ട തവള ഭക്ഷണത്തിന് വേണ്ടി ശ്രമിക്കുന്നത് പോലെയാണ് കാലമാകുന്ന പാമ്പിനാൽ വിഴുങ്ങപ്പെട്ട മനുഷ്യർ ലൗകിക സുഖങ്ങൾ തേടുന്നത്." മകൻ ,കൂട്ടുകാരൻ ,ഭാര്യ തുടങ്ങിയവരോടൊപ്പമുള്ള ജീവിതവും അല്പ കാലത്തേക്ക് മാത്രമേയുള്ളൂ. വഴിയാത്രക്കാർ സത്രത്തിൽ ഒരുമിച്ചുകൂടി ഒറ്റയ്ക്ക് പിരിഞ്ഞു പോകുന്നത് പോലെയും നദിയിൽ ഒഴുകുന്ന വിറക് കഷ്ണങ്ങൾ ഒരുമിച്ചുകൂടി പിന്നീട് ഓരോന്നായി ഒഴുകിപ്പോകുന്നത് പോലെയും അസ്ഥിരമാണ് കുടുംബജീവിതം .ധനവും ഐശ്വര്യവും യൗവനവും ഒന്നും ശാശ്വതമല്ല .സ്വപ്നം കണ്ടു തീരുന്ന വേഗത്തിൽ തീർന്നു പോകുന്നതാണ് കുടുംബജീവിതം എന്ന് ലക്ഷ്മണാ നീ മനസ്സിലാക്കുക. ഈ ലോക ജീവിതം ഒരു സ്വപ്നം പോലെയാണ്. ദേഹം നിമിത്തമാണ് അഹങ്കാരം ഉണ്ടാകുന്നത് . മനുഷ്യൻ ഞാൻ ബ്രാഹ്മണനാണ് ഞാൻ രാജാവാണ് ഞാൻ ശ്രേഷ്ഠനാണ് എന്നൊക്കെ ആവർത്തിച്ചു പറഞ്ഞ് അഹങ്കരിച്ചു കൊണ്ടിരിക്കുമ്പോൾ ജന്തുക്കൾ അവരെ ഭക്ഷിച്ച് വിസർജിച്ചേക്കാം. തീയിൽ വെന്ത് ചാമ്പലായിത്തീരാം ..മണ്ണിന്റെ താഴെ ചീഞ്ഞ് കീടങ്ങളായിത്തീരാം. അതിനാൽ ദേഹം നിമിത്തമുള്ള അതിമോഹം ഒരിക്കലും നല്ലതല്ല തുടർന്ന് ശരീരത്തിന്റെ നിസ്സാരത യെക്കുറിച്ച് രാമൻ പറയുന്നു .ചർമ്മം,രക്തം ,അസ്ഥി ,മൂത്രം, ശുക്ലം എന്നിവയെല്ലാം സമ്മേളിക്കുന്ന ഒരിടം മാത്രമാണ് ശരീരം. ശരീരം നശിച്ചുപോകും. ഭൂമി ,ജലം ,അഗ്നി ,വായു ,ആകാശം എന്നീ പഞ്ചഭൂതങ്ങളാൽ നിർമ്മിച്ച ശരീരം കൊണ്ട് ആരും ഒന്നും നേടുന്നില്ല .ശരീരം മാറ്റത്തിന് വിധേയമാണ് .അസ്ഥിരമാണ്. ദേഹാഹങ്കാരം കൊണ്ടാണ് ലക്ഷ്മണാ നീ ഈ ലോകം നശിപ്പിക്കാം എന്ന് വിചാരിച്ചത്.അത് നിന്റെ അറിവില്ലായ്മയാണ്മാണ്. താനെന്ന ചിന്ത മനുഷ്യർക്കുണ്ടാകുന്നത് മോഹത്തെ ജനിപ്പിക്കുന്ന അവിദ്യയിലൂടെയാണ് . ഞാൻ ദേഹം അല്ല ആത്മാവാണ് എന്ന മോഹത്തെ ഇല്ലാതാക്കുന്ന ചിന്ത ഉണ്ടാക്കുന്നത് വിദ്യയാണ്. ഈ ലോക ജീവിതത്തോട് നമ്മെ ബന്ധിപ്പിക്കുന്നത് അവിദ്യയാണ്.എന്നാൽ ലൗകിക സുഖങ്ങളോടുള്ള ആവേശം നശിപ്പിക്കുന്നത് വിദ്യയാണ് .ആയതിനാൽ മോക്ഷം ആഗ്രഹിക്കുന്നവനാണ് നീയെങ്കിൽ വിദ്യാഭ്യാസം ഏകാന്ത മാനസനായി അഭ്യസിക്കണം.അവിടെ കാമ ക്രോധ ലോഭ മോഹാദികൾ നമ്മുടെ ശത്രുക്കളാണ് .മോക്ഷത്തിന് തടസ്സം നിൽക്കുന്നതിൽ പ്രധാനി ക്രോധമാണ്. ദേഷ്യം മൂലമാണ് നാം നമ്മുടെ മാതാപിതാക്കളേയും സഹോദരങ്ങളേയും സുഹൃത്തുക്കളേയും പത്നിയേയും ഇല്ലാതാക്കുന്നത് .ദേഷ്യം മൂലം നമുക്ക് ദുഃഖമുണ്ടാകും .മനുഷ്യരെ ലോക ജീവിതത്തോട് ബന്ധിപ്പിക്കുന്നത് ദേഷ്യമാണ്. നമ്മുടെ ധർമ്മത്തെ നശിപ്പിക്കുന്നത് ദേഷ്യമാണ്. ബുദ്ധിയുള്ളവർ ദേഷ്യം ഉപേക്ഷിക്കണം


                     

1 comment:

Anonymous said...

Ok

Post a Comment