Thursday, November 12, 2020

ഹരിതമോഹനം-സുസ്മേഷ് ചന്ത്രോത്ത്



ഹരിതമോഹനം-സുസ്മേഷ് ചന്ത്രോത്ത് 

    
         ദൃശ്യാവിഷ്‌ക്കാരം 

                   ദൃശ്യാവിഷ്‌ക്കാരം കണ്ടതിന്  ശേഷം  കഥാകൃത്ത് 
 ഹരിതമോഹനം എന്ന കഥയിൽ മനുഷ്യരിൽ പരിസ്ഥിതിബോധം  ഒരു വികാരമായി രൂപപ്പെടുന്നുവെന്നും അതിനനുസരിച്ച് ജീവിതത്തിൽ നമുക്ക് പ്രത്യാശയും നന്മയും ഉണ്ടാകുന്നുവെന്നും സാക്ഷ്യപ്പെടുത്തുന്നു. അരവിന്ദാക്ഷൻ ഫ്ലാറ്റിൽ ഒരു ചെടി വച്ച് പിടിപ്പിക്കുന്നു .അതിനായി കൊണ്ടുവന്ന മണ്ണ് ലിഫ്റ്റിൽ വീഴുന്നു. അതിനെക്കുറിച്ച് ചോദിക്കാൻ ഫ്ലാറ്റിന്റെ മുഖ്യ നടത്തിപ്പുകാരനായ രാജൻപിള്ള എത്തുന്നിടത്താണ് കഥ തുടങ്ങുന്നത്. ലിഫ്റ്റിൽ മണ്ണു വീണെന്നുപറഞ്ഞാണ് അയാൾ പരാതിപ്പെടുന്നത്. എന്നാൽ ഇറച്ചിയുടേയും മീനിന്റേയും ഒക്കെ രക്തം ലിഫ്റ്റിൽ എത്രയോ പ്രാവശ്യം അരവിന്ദാക്ഷൻ കണ്ടിട്ടുണ്ടെന്ന് ഓർക്കുന്നു .എല്ലാവരും മണ്ണും പൊടിയും അടിച്ചു വാരിക്കളയുമ്പോൾ താൻ എന്തിനാണ് മണ്ണ് വാരി വലിച്ച് അകത്തേക്ക് കൊണ്ടുവരുന്നത് എന്നാണ് രാജൻപിള്ള ചോദിക്കുന്നത്. മക്കളുടെ മുന്നിൽ വെച്ച് ശകാരം കിട്ടിയതിനാൽ അരവിന്ദാക്ഷന് ഒരു ജാള്യത തോന്നി.മകൾ പീലി അച്ഛനോട് കൈ കൊണ്ടാണോ മണ്ണെടുത്ത് ?എങ്കിൽ അമ്മയും ചീത്തപറയും മണ്ണ് ഇച്ചിച്ചിയാണെന്ന് ഉപദേശിക്കുന്നു. മകൾ തന്മയയും  അച്ഛൻ സോയിൽ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് ?എന്ന് ചോദിച്ചു .മണ്ണ് എന്ന പച്ചമലയാളം അവരെ കൈ വിട്ടിരിക്കുന്നു. ആധുനിക സംസ്കാരം മണ്ണിനും പ്രകൃതിക്കും വിലകൽപ്പിക്കുന്നില്ല .കുട്ടികൾ പ്രകൃതിയെ അറിഞ്ഞ്  വളരുന്നില്ല. ഇലഞ്ഞി മരത്തിന്റെ  തൈ ആണ് കൊണ്ടു വന്നിരിക്കുന്നതെന്ന് അയാൾ  പറഞ്ഞു.  പണ്ട് മീനുകളേയും പക്ഷികളേയും വളർത്തുന്നതിൽ എതിർപ്പുള്ള ആൾ ഇന്ന് ചട്ടികളിൽ മരം വളർത്തുന്നതിന് എങ്ങനെ ന്യായീകരിക്കുമെന്ന് സുമന ചോദിക്കുന്നുണ്ട് .കുട്ടികൾക്ക് എല്ലാ മരങ്ങളുടേയും ബൊട്ടാണിക്കൽ നെയിം അറിയണമെന്ന് പറയുന്നുണ്ട്. പിന്നീട് രാജൻ പിള്ളയുടെ കണ്ണിൽപ്പെടാതെ ചെമ്പകത്തൈ, മന്ദാരം, നാഗലിംഗമരം, നീർമാതളം, വാക. പുന്ന ആര്യവേപ്പ് ഇങ്ങനെ പല മരങ്ങൾ ലിഫ്റ്റ് കയറി വീട്ടിലേക്ക് വന്നു. അവയെ ടെറസിൽ നടുകയും ചെയ്തു.
 പത്തുവർഷമായി താമസിച്ചുവന്ന വീടിന്റെ താളം തെറ്റിക്കാൻ ഒരു ഇലഞ്ഞിത്തൈയ്ക്ക്  കഴിഞ്ഞു .അത് അയാളെ ഒരു വലിയ ഹരിത സ്വപ്നത്തിലേക്ക് നയിച്ചു.  ഞാൻ നമ്മുടെ സ്വന്തമായുള്ള ഭൂമിയിൽ മരങ്ങളെ കുഴിച്ചു വെക്കുമെന്നും നമ്മൾ വെള്ളമൊഴിച്ച് അവയെ വലുതാക്കും എന്നുമൊക്കെയാണ് അയാളുടെ സ്വപ്നം. ഒരു  വീട് പണിയാൻ കുറെ നാളായി  അയാൾ ആഗ്രഹിക്കുന്നു പക്ഷേ സാമ്പത്തികമില്ലാത്തതുകൊണ്ട് സാധിച്ചിട്ടില്ല .ഒരു ദിവസം രാജൻ പിള്ള അടുത്ത പരാതിയും കൊണ്ട് എത്തി. കാർഷെഡിൽ  അസമയത്ത് പോയി എന്നതായിരുന്നു അയാൾക്ക് കിട്ടിയ പരാതി .കണിക്കൊന്ന വിത്ത് നടാനാണ് പോയത്.
രാജൻപിള്ളയേയും വിളിച്ച് സുമന ടെറസിലേക്ക് പോയി.അപ്പോൾ  അവിടെ മരങ്ങൾ കണ്ട് അയാൾ അമ്പരന്നു.സുമന ഹെർബേറിയം ആണെന്ന് പറഞ്ഞ് പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത് .ഹെർബേറിയം എന്നാൽ പഠനാവശ്യത്തിനോ മറ്റുമായി സസ്യങ്ങളേയും സസ്യഭാഗങ്ങളേയും ശാസ്ത്രീയമായി സംരക്ഷിച്ച് സൂക്ഷിക്കുന്ന സ്ഥലമാണ്. 

കഥ പ്രത്യാശ നിർഭരമാകുന്നത് ഈ സംഭവത്തിലൂടെയാണ്. അരവിന്ദാക്ഷന് ഭാര്യ സുമനയിൽ നിന്ന് ലഭിക്കുന്നത് പരിപൂർണ്ണ പിന്തുണയാണ്. രാജൻ പിള്ളയെ ഹെർബേറിയം കാണിച്ചുകൊടുത്ത് വിശദീകരിച്ച് സുമന ശാന്തമാക്കുന്നു.അരവിന്ദാക്ഷനും ഭാര്യയുടെ ഈ നിലപാട് ശരിക്കും ഞെട്ടൽ ഉളവാക്കി  .അന്ന് അവർ തങ്ങളുടെ സാമ്പത്തിക ഞെരുക്കത്തെക്കുറിച്ച് പരസ്പരം സംസാരിച്ചു. പിറ്റേന്ന് രാജൻ പിള്ള അവരെ ഓഫീസ് മുറിയ്ക്ക് മുന്നിൽ കാത്തുനിൽപ്പുണ്ടായിരുന്നു .അവിടെ അടുത്ത് അമേരിക്കയിൽ  താമസമാക്കിയ ഉടമസ്ഥരുടെ ഒരു പ്ലോട്ട് കിടപ്പുണ്ട്. അവർക്ക് ആകെ ഒരു നിബന്ധനയേയുള്ളു .അവിടത്തെ മരങ്ങളൊക്കെ സംരക്ഷിക്കപ്പെടണം. അരവിന്ദാക്ഷനാകുമ്പോൾ അത് വെട്ടിനുറുക്കില്ല എന്ന് ഉറപ്പാണ്  എന്ന്  രാജൻപിള്ള  പറഞ്ഞു. അവർ സ്ഥലം കാണാൻ പോകാൻ ഒരുങ്ങുന്നു .അരവിന്ദാക്ഷൻ ടെറസിലേക്ക് മുഖമുയർത്തി നോക്കിയപ്പോൾ ഏഴാം നിലയിൽ നിന്ന് അയാളെ നോക്കി ഇലകൾ തലയാട്ടുന്നത് പോലെ അയാൾക്ക് തോന്നി. ഇവിടേയും പ്രതീക്ഷയുണർത്തുന്ന ഒരു സംഭവം നമ്മൾക്ക് കാണാൻ സാധിക്കുന്നു .കഥയിലെ ഒടുവിൽ അരവിന്ദാക്ഷനും കുടുംബത്തിനും താങ്ങാവുന്ന വിലയ്ക്ക് ഒരു പ്ലോട്ട് ലഭിക്കുന്നു .

ഈ കഥയിലെ പ്രധാന കഥാപാത്രമായ രാജൻപിള്ള മുഖ്യ സൂക്ഷിപ്പുകാരൻ എന്ന നിലയിൽ കർശനമായ ഇടപെടുന്നുവെങ്കിലും ഉള്ളിൽ നന്മയുണ്ട്. നന്മയുടെ പാലമായി രാജൻപിള്ള മാറുന്നുണ്ട്.ഈ കഥയിൽ ആദിമുതൽ നാടകീയത നിറഞ്ഞുനിൽക്കുന്നുണ്ട് .മരങ്ങൾ വെട്ടി മുറിക്കാൻ കഴിയാത്ത, അതൊക്കെ സംരക്ഷിക്കും എന്ന് ഉറപ്പുള്ള, ചിലർക്ക് അവകാശപ്പെടാൻ ഉള്ളതാണ് ഈ മണ്ണ് എന്ന സന്ദേശമാണ് ഈ കഥ നമുക്ക് നൽകുന്നത്.

                             
                                 പ്രസംഗം എങ്ങനെ ?
                              
 മരമാണ് ആഗോളതാപനത്തിനുള്ള മറുപടി 
                             
                          

                                  
 എർത്ത് സോങ്ങ്        മൈക്കിൾ ജാക്‌സൺ
                                  യൂട്യൂബ് ലിങ്ക്    
              ഈ വീഡിയോ ആൽബത്തിന്റെ  സന്ദേശം ?

No comments:

Post a Comment