Sunday, January 6, 2013

ആല്‍ക്കെമിസ്റ്റ് [നോവല്‍ ] വായനക്കുറിപ്പ്

ഒരു സ്വപ്നത്തിന്‍റെ പ്രേരണയില്‍ സാന്റിയാഗോ എന്ന ഇടയബാലന്‍ നടത്തുന്ന യാത്രയാണ് ആല്‍ക്കെമിസ്റ്റിന്‍റെ പ്രമേയം.സാന്‍റിയാഗോ ഉപേക്ഷിക്കപ്പെട്ട പള്ളിക്കരുകില്‍ സൈക്കമോര്‍ മരത്തിനടുത്ത്‌ രാത്രി കഴിച്ചു കൂട്ടി.ആട്ടിന്‍പറ്റങ്ങളെ മേച്ചു നടന്നപ്പോള്‍ ഒരു കുഞ്ഞ് അവന്‍റെ കൈ പിടിച്ച് ഈജിപ്തിലെ പിരമിഡുകളുടെ അരികില്‍ കൊണ്ടുപോകുന്നു .അവിടെയുള്ള നിധി കാട്ടിക്കൊടുക്കുന്നു. ഇതാണ് സ്വപ്നം.സാന്റിയാഗോ യാത്ര തിരിച്ചു.
സാന്റിയാഗോ പതിനാറ് വയസ്സു വരെ സെമിനാരിയില്‍ പുരോഹിതനാകാന്‍ പഠിച്ചു.ലോകമെന്തെന്ന് അറിയുവാന്‍ അവിടത്തെ പഠനം ഉപേക്ഷിച്ചു.സാന്റിയാഗോവിന് പുസ്തകങ്ങള്‍ എന്നും പ്രിയപ്പെട്ടവയാണ്.വഴിയില്‍ കാണുന്ന നിമിത്തങ്ങളെ തിരിച്ചറിയുവാനുള്ള രണ്ടുകല്ലുകള്‍ രാജാവെന്നു സ്വയം വിശേഷിപ്പിച്ച വൃദ്ധന്‍ നല്‍കി."ഈ ലോകത്തിലുള്ള സുഖവും സൌഭാഗ്യങ്ങളും ആസ്വദിച്ചോളൂ.അപ്പോഴും കൈവശമുള്ള സ്പൂണും അതിലെ രണ്ടു തുള്ളി എണ്ണയും മനസ്സിലുണ്ടായിരിക്കണം.അതു തന്നെയാണ് സന്തോഷത്തിന്റെ രഹസ്യം."എന്ന് വൃദ്ധന്‍ പറഞ്ഞു.അവന്‍റെ യാത്ര തുടങ്ങി.ആടുകളെ വിറ്റ് കിട്ടിയ കാശ് ആഫ്രിക്കയില്‍ വച്ച് മോഷ്ട്ടിക്കപ്പെടുന്നു.താന്‍ വായിച്ച പുസ്തകങ്ങളിലെ ധീരനായകന്മാരുടെ കഥ അവനു കരുത്തായി.ഒരു സ്ഫടികക്കച്ചവടക്കാരന്റെ കടയില്‍ പണിയെടുക്കാന്‍ തുടങ്ങി.സാന്റിയാഗോവിന്‍റെ ബുദ്ധിയാല്‍ ആ വ്യാപാരം അഭിവൃദ്ധി പ്രാപിച്ചു.
 സാന്‍റിയാഗോ സ്വരുക്കൂട്ടിയ പണവുമായ്‌ യാത്ര ആരംഭിച്ചു.ആല്‍ക്കെമിസ്റ്റി നെ അന്വേഷിച്ച് ഒരു ഇംഗ്ലീഷ്കാരനും നിധിയന്വേഷിച്ച് സാന്റിയാഗോയും ഈജിപ്തി ലേക്ക് യാത്ര തുടര്‍ന്നു.മരുഭൂമിയിലൂടെയുള്ള യാത്ര അവന് പുത്തന്‍ അറിവുകള്‍ നല്‍കി.ആല്‍ക്കെമിയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ ഇംഗ്ലീഷ്കാരന്‍ വായിക്കാന്‍ നല്‍കി.ജീവിതകാലമത്രയും പരീക്ഷണശാലയിലിരുന്ന് വിലകുറഞ്ഞ ലോഹങ്ങളെ ശുദ്ധീകരിക്കുന്നവരാണ്  ആല്‍ക്കെമിസ്റ്റുകള്‍ .ലോഹങ്ങളെ വര്‍ഷങ്ങളോളം ചൂടാക്കിയാല്‍ പ്രകൃതം നഷ്ട്ടപ്പെടും എന്നും പിന്നീട്‌ അതില്‍  ലോകത്തിന്‍റെ ആത്മാവ് മാത്രം അവശേഷിക്കും എന്നും പകുതി ഖരവും പകുതി ദ്രാവകവുമായ ആ വസ്തുവുണ്ടെങ്കില്‍ ലോകത്തിന്‍റെ എല്ലാത്തിന്റെയും അര്‍ത്ഥം മനസ്സിലാക്കാം എന്നും അവര്‍ക്കറിയാം.ആ ദ്രാവകം രോഗം നശിപ്പിക്കും.ജരാനരകളെ നശിപ്പിക്കും.അതിലെ ഖരമാണ് കല്ല്‌. .   .അത് എല്ലാലോഹത്തെയും സ്വര്‍ണ്ണമാക്കും.എന്നാല്‍ ഭൂമിയിലെ അടയാളങ്ങള്‍ അനുസരിച്ച് ജീവിച്ചാല്‍ ആല്‍ക്കെമി സ്വന്തമാകും എന്നതായിരുന്നു സാന്റിയാഗോവിന്‍റെ നിലപാട്‌.. .
അറബികളുടെ ഇടയില്‍ ആല്‍ക്കെമിസ്റ്റിനെ അന്വേഷിച്ചു നടന്നു.അവിടെവച്ച് ഒരു പെണ്‍കുട്ടിയോട് അനുരാഗം തോന്നി.യുദ്ധംനടക്കുന്നതിനാല്‍ തുടര്‍ യാത്ര അപ്പോള്‍ അസാധ്യമായിരുന്നു.രണ്ടു കഴുകന്മാര്‍ പരസ്പരം ആക്രമിക്കുന്നത് പട്ടാളക്കാരുടെ ആക്രമണത്തെക്കുറിച്ചുള്ള മുന്നറിയിപ്പെന്നു ഗോത്രത്തലവനോട് അവന്‍ പറഞ്ഞു.അസാധാരണത്വമുള്ള ഒരു മനുഷ്യനെ അവന്‍ കണ്ടു.അവന് ഉറപ്പായിരുന്നു അതാണ് ആല്‍ക്കെമിസ്റ്റ് എന്ന്.അവന്‍റെ വെളിപാട്‌ പോലെ സംഭവിച്ചു.ഒരുങ്ങി നിന്നത് കൊണ്ട് ശത്രുക്കളെ കീഴടക്കാനായി.അവനെ ഉപദേഷ്ട്ടാവായി നിയമിച്ചു.
"എന്തെങ്കിലും നേടിയെടുക്കണം എന്ന് ഒരാള്‍ പൂര്‍ണ്ണമനസ്സോടെ ആഗ്രഹിച്ചാല്‍ ആ ആഗ്രഹം സഫലമാക്കാനായ്‌ ലോകം മുഴുവന്‍ അവന്‍റെ സഹായത്തിനെത്തും" എന്ന് ആല്‍ക്കെമിസ്റ്റ് പറഞ്ഞു.നിധി കിട്ടാന്‍ ഇയാള്‍ക്ക്‌ തന്നെ സഹായിക്കാനാകും എന്ന്‍ അവന് തോന്നി.തന്‍റെ കയ്യില്‍സ്ഫടികക്കടയില്‍ നിന്ന് ലഭിച്ച പണവും ഗോത്രത്തലവന്‍ നല്‍കിയ അന്‍പതു സ്വര്‍ണ്ണനാണയങ്ങള്‍ വേറെയുണ്ട് എന്നും നാട്ടില്‍ ചെന്നാല്‍ പണക്കാരനായി  ഫാത്തിമയുമൊത്ത് കഴിയാമെന്നും അവന്‍ പറഞ്ഞു.എന്നാല്‍ ആല്‍ക്കെമിസ്റ്റിന്‍റെ സാന്നിധ്യം അവന്‍റെ ലക്ഷ്യത്തെ വീണ്ടും ഉദീപിപ്പിച്ചു.ഉദേശിച്ചത്‌ നിറവേറ്റാന്‍ സാധിച്ചില്ലെങ്കില്‍ കാലം നമ്മെ കുറ്റപ്പെടുത്തും എന്ന് ആല്‍ക്കെമിസ്റ്റ് ഓര്‍മ്മിപ്പിച്ചു.ഫാത്തിമയെ പിരിഞ്ഞു പോകുവാന്‍ അവന് വിഷമമായിരുന്നു."നീ കണ്ടെത്തിയത്‌ സത്യവും ശുദ്ധവും ആണെങ്കില്‍ അതിനു നാശമില്ല.എത്രകാലം കഴിഞ്ഞു തിരിച്ചുചെന്നാലും അത് അതുപോലെ തന്നെ അവിടെയുണ്ടാകും.അല്ല,ഒരു നക്ഷത്രം പൊഴിയുന്നതുപോലെയുള്ള ക്ഷണികമായ പ്രകാശമായിരുന്നു അതെങ്കില്‍ അതന്നേ പൊലിഞ്ഞുപോയിരിക്കും,സംശയമില്ല."എന്ന് ധൈര്യപ്പെടുത്തി.
സ്വന്തം ആത്മാവില്‍ തന്നെ ശ്രദ്ധ തിരിക്കുക.അതിനറിയാത്തതായി ഒന്നുംതന്നെയില്ല എന്ന് ആല്‍ക്കെമിസ്റ്റ് പറഞ്ഞു.ഹൃദയത്തിന്‍റെ വാക്കനുസരിച്ച് യാത്ര തുടര്‍ന്നു.സ്വന്തം സ്വപ്നം സാക്ഷാല്‍ക്കരിക്കാനുള്ള യാത്രയില്‍ ഒരു ഹൃദയവും നോവനുഭവിക്കേണ്ട.കാരണം ഈ അന്വേഷണത്തിലെ ഓരോ നിമിഷവും അയാളെ ഈശ്വരന്‍റെ ശക്തിയോടു കൂടുതല്‍ അടുപ്പിക്കുന്നു എന്നും ആല്‍ക്കെമിസ്റ്റ് പറഞ്ഞു.ഓരോ യാത്രയും ആരംഭിക്കുന്നത് തുടക്കക്കാരന്റെ ഭാഗ്യത്തോടെയാണ്.അവസാനിക്കുന്നത് കഠിനപരീക്ഷണത്തിലും.അതില്‍ ജയിക്കുന്നവനാണ് യഥാര്‍ത്ഥ ജേതാവ്.
യാത്രയ്ക്കിടയില്‍ മൂന്നു പട്ടാളക്കാര്‍ അവരെ തടഞ്ഞു.എന്നാല്‍ കയ്യിലുള്ള വസ്തുക്കളെ സാധാരണ മട്ടില്‍ ആല്‍ക്കെമിസ്റ്റ് അവതരിപ്പിച്ചു."കയ്യില്‍ വിലപിടിച്ചത് എന്തെങ്കിലും ഉണ്ടെങ്കില്‍ തികച്ചും സാധാരണം എന്ന മട്ടില്‍ അതു തുറന്നു കാട്ടുക.ഇതെന്തു തമാശ എന്നേ എല്ലാവരും വിചാരിക്കൂ..സത്യാവസ്ഥ ആരും മനസ്സിലാക്കില്ല്ല "എന്ന പാഠം അവന്‍ പഠിച്ചു.ഒരു ലക്‌ഷ്യം കൈവരിക്കാന്‍ മനസ്സ്‌ എന്നും നമ്മുടെ രക്ഷ്യ്ക്കെത്തും.
"പ്രപഞ്ചത്തിലെ ഓരോ സൃഷ്ട്ടിക്കും  ഒരു ദൌത്യമുണ്ട് .മറ്റൊരാളുടെ ജീവിത ദൌത്യത്തില്‍ ഇടങ്കോലിടാന്‍ പോയാല്‍ അതിന്‍റെ ഫലം തന്‍റേതായ ലക്ഷ്യം കൈമോശം വരിക എന്നതായിരിക്കും"എന്നും ആല്‍ക്കെമിസ്റ്റ് പറഞ്ഞു.പിരമിഡുകളിലേക്ക് അവര്‍ യാത്ര തുടര്‍ന്നു.
അവരെ പട്ടാളക്കാര്‍ പിടികൂടി.ആല്‍ക്കെമിസ്റ്റ് പറഞ്ഞു താനൊരു ഊരുചുറ്റിയാണ്.കൂടെയുള്ളആള്‍  [സാന്റിയാഗോ] ഒരു ആല്‍ക്കെമിസ്റ്റ് ആണെന്നും.അവന്‍റെ സഞ്ചിയിലെ പണം പട്ടാളത്തലവനു നല്‍കി രക്ഷപ്പെടാന്‍ ശ്രമിച്ചു.വേണമെന്ന് വച്ചാല്‍ ഊക്കനായ കൊടുങ്കാറ്റായി വീശാന്‍ ആല്‍ക്കെമിസ്റ്റിനാകും എന്ന് അയാള്‍പറഞ്ഞു.സാന്റിയാഗോയ്ക്ക് മൂന്നു ദിവസം സമയം പട്ടാളക്കാര്‍ കാറ്റായ്‌ വീശാന്‍ നല്‍കി."മരണവുമായി മുഖാമുഖം നില്‍ക്കുമ്പോഴാണ് ഒരുവനില്‍ ആത്മബോധം ഉണ്ടാകുക.സ്വന്തം ജീവിതത്തെക്കുറിച്ച് അപ്പോഴാണ്‌ ബോധാവാനാകുക" എന്ന്‍ അയാള്‍ ധൈര്യപ്പെടുത്തി.
മൂന്നാം ദിനമെത്തി.പടനായകനും ഉദ്യോഗസ്ഥരും അവന്‍ കാറ്റായ്‌ വീശുന്നത് കാണാന്‍ എത്തി.താനെങ്ങനെ കൊടുങ്കാറ്റായ്മാറുമെന്ന് അവന്‍ മരുഭൂമിയോടു ചോദിച്ചു.കാറ്റിനു വീശിപ്പരത്താന്‍ മണല്‍ തരാം.വീശാന്‍ കാറ്റിനോട് പറയൂ.. എന്ന് മരുഭൂമി പറഞ്ഞു.നിനക്ക് ഒരിക്കലും കാറ്റാകാന്‍ സാധ്യമല്ല  എന്ന് കാറ്റ് പറഞ്ഞു.മനുഷ്യന്‍ ആകാശത്തോടു മുഖമുയര്‍ത്തിസംസാരിക്കുന്നത് താന്‍ കണ്ടിട്ടുണ്ട് എന്ന് അവന്‍ പറഞ്ഞപ്പോള്‍ ആകാശത്തോട് ചോദിക്കൂ... എന്ന് കാറ്റ് പറഞ്ഞു.സൂര്യനെ പൊടിക്കാറ്റില്‍ മറച്ചുനിര്‍ത്തിയാല്‍ ആകാശത്തോട് സംസാരിക്കാമെന്ന് പറഞ്ഞപ്പോള്‍ കാറ്റ് വീശി .പട്ടാളക്കാര്‍ അവന്‍ കാറ്റായ്‌ മാറിയെന്നോര്‍ത്ത്‌ അത്ഭുതപ്പെട്ടു.സൂര്യനും ഭൂമിയും ഉല്‍ക്കടമായ സ്നേഹം ഉള്ളിലൊതുക്കി കഴിയുന്നുവെന്ന് സൂര്യന്‍ പറഞ്ഞു.
സൂര്യനും കാറ്റും അവനും സംഭാഷണം നടത്തി.കാറ്റ് കൂടുതല്‍ ശക്തിയോടെ വീശി.താനും ഒരു ആല്‍ക്കെമിസ്റ്റ് ആണെന്ന് അവന്‍ തിരിച്ചറിഞ്ഞു.പിന്നീടവര്‍ സ്നേഹത്തെക്കുറിച്ച് സംസാരിച്ചു.കാറ്റിനെ പോലെ ലോകം ചുറ്റിത്തിരിയുന്നതും സൂര്യനെപ്പോലെ എല്ലാം നോക്കിയും കണ്ടും നില്‍ക്കുന്നതുംസ്നേഹമല്ല എന്നും സ്നേഹം ശക്തിയാണെന്നും സ്നേഹം നന്മയെ ഉത്തേജിപ്പിക്കുന്നുവെന്നും അവന്‍ പറഞ്ഞു.കാറ്റായ്‌ തീരണമെങ്കില്‍ പ്രപഞ്ചം സൃഷ്ട്ടിച്ച കൈകളെ സമീപിക്കണം എന്ന സൂര്യന്‍റെ നിര്‍ദേശമനുസരിച്ച് അവന്‍റെ മനസ്സ്‌ പ്രാര്‍ത്ഥനാനിരതമായി.താന്‍ വിശ്വചൈതന്യത്തെ തൊട്ടറിയുന്നത് പോലെ അവനു തോന്നി.ഈശ്വരന്റെ ഒരു അംശം മാത്രമാണ് താനെന്നും തന്നില്‍ തുടിച്ച്നില്‍ക്കുന്നത്‌ ആ ചൈതന്യം തന്നെയാണെന്നും മനസ്സിലായപ്പോള്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തനിക്കുമാകുമെന്ന് അവന് ബോധ്യപ്പെട്ടു.അന്ന് ഒരിക്കലും പതിവില്ലാത്ത വിധം കാറ്റ് വീശി.പട്ടാളക്കാര്‍ അവരെ വിട്ടയച്ചു.ആല്‍ക്കെമിസ്റ്റ് ഒരു സന്ന്യാസാശ്രമത്തില്‍ അവനെ കൊണ്ടുപോയി.ലോഹത്തെ സ്വര്‍ണ്ണമാക്കി കാണിച്ചു.സ്വര്‍ണ്ണം പങ്കുവച്ചു.
പിന്നീടവന്‍ തനിയെ യാത്ര ചെയ്തു.തന്റെ ജീവിതത്തില്‍ സംഭവിച്ചതിനെല്ലാം ദൈവത്തോട് നന്ദി പറഞ്ഞു.പിരമിഡിനരികെ കുഴിക്കാന്‍ തുടങ്ങി.ഫലമുണ്ടായില്ല.കുറെ അറബികള്‍ അവനെ പ്രഹരിച്ചു.രണ്ടു തവണ ഒരേ സ്വപ്നം കണ്ടതുകൊണ്ടാണ് താന്‍ നിധി തേടി വന്നതെന്ന് പറഞ്ഞു.അവന്‍റെ കയ്യിലുള്ള സ്വര്‍ണ്ണം മുഴുവന്‍ അവരെടുത്തു.നേതാവ്‌ പോകും മുന്‍പ്‌ പറഞ്ഞു.ഞാനും ഇതേപോലൊരു സ്വപ്നം കണ്ടു.സ്പെയിനില്‍ ഇടിഞ്ഞുപൊളിഞ്ഞ പഴയപള്ളിയുണ്ട്. ഇടയന്മാര്‍ അന്തിയുറങ്ങുന്ന സ്ഥലം.അവിടെ സക്രാരിയുടെ സ്ഥാനത്ത്‌ സൈക്കമോര്‍ മരമുണ്ട്.അതിന്‍റെ അടിയില്‍ കുഴിച്ചാല്‍ നിധി കിട്ടുമെന്ന്...ഞാനൊരു വിഡ്ഢിയല്ലാത്തതിനാല്‍ പോയില്ല..എന്ന് പറഞ്ഞ് നടന്നകന്നു.
അവന്‍റെ മനസ്സില്‍ നിറഞ്ഞ സന്തോഷം.അവന്‍  തിരിച്ചെത്തി. സ്വന്തം ദൌത്യത്തെക്കുറിച്ച് ബോധമുള്ളവര്‍ക്ക് മുന്നില്‍ ജീവിതം ഉദാരമാകുമെന്ന്‍ അവനറിഞ്ഞു.വിലയേറിയ നിധിക്ക് അവന്‍ അവകാശിയായി.ഫാത്തിമയെക്കാണാന്‍ അവന് കൊതിയായി...
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
ഹൃദയം ലോകത്തിന്‍റെ മനസ്സാണ്.മനുഷ്യന്‍ ഹൃദയത്തിന്റെ ഭാഷ ശ്രദ്ധിക്കണം.പ്രപഞ്ചത്തിലെ അടയാളങ്ങള്‍ മുന്നറിയിപ്പുകളാണ്.പ്രപഞ്ചത്തിലെ വസ്തുക്കള്‍ തമ്മില്‍ ബന്ധമുണ്ട്‌.ഓരോ വ്യക്തിയും അവന്‍റെ സ്വകാര്യ ഐതിഹ്യത്തെ പിന്തുടരണം.
പൌലോ കൊയ്‌ലോ

Friday, October 26, 2012

ഗാന്ധിജയന്തിയും എട്ട് ബിയും

     എട്ട് ബി യിലെ വിദ്യാര്‍ത്ഥികള്‍ ഗാന്ധിജയന്തി ദിനം സമുചിതമായ്‌ കൊണ്ടാടി

എട്ട് ബി യിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസ്സ്‌ ചാര്‍ജ് വഹിക്കുന്ന സാവിത്രി ടീച്ചര്‍ക്കും പ്രത്യേക അഭിനന്ദനങ്ങള്‍

Tuesday, October 2, 2012

ആസ്സാം പണിക്കാര്‍

രണ്ടാംലോകമഹായുദ്ധകാലത്ത് ലോകത്താകമാനം അശാന്തിയും സങ്കീര്‍ണ്ണതകളും മാത്രം കളിയാടി.മനുഷ്യജീവന് യാതൊരു വിലയും ആരും കല്‍പ്പിച്ചില്ല.കൊടുംദാരിദ്ര്യത്തിന്‍റെ പിടിയിലമര്‍ന്ന് ഒത്തിരിയേറെ ആളുകള്‍ ചരമമടഞ്ഞു.മരണത്തേക്കാള്‍ ഭയാനകമായിരുന്നു പട്ടിണി.ജന്മികുടിയാന്‍ വ്യവസ്ഥ നിലനിന്നിരുന്ന അക്കാലകേരളീയ  സമൂഹം ഈ അവസരത്തില്‍ അനുഭവിച്ച യാതനകള്‍ നരകതുല്യമായിരുന്നു.ആ അവസ്ഥയെ വൈലോപ്പിള്ളി 'ആസ്സാം പണിക്കാര്‍ ' എന്ന കവിതയിലൂടെ അവതരിപ്പിക്കുന്നു.

ജനിച്ചനാടിനെ ശപിച്ചുകൊണ്ടാണ് ദരിദ്രരായ  തൊഴിലാളികള്‍ പട്ടാളപ്പാളയം നിര്‍മ്മിക്കാനായി ആസ്സാമിലേക്ക് പുറപ്പെടുന്നത്.കേരളത്തിന്‍റെ സൌന്ദര്യം അവരുടെ കത്തിയാളുന്ന വിശപ്പ് ശമിപ്പിക്കാന്‍ പര്യാപ്തമായിരുന്നില്ല.ആസ്സാമില്‍ പോയാല്‍ സുഖജീവിതം കിട്ടുമെന്ന് അവര്‍ സ്വപ്നം കണ്ടില്ല.അധ്വാനത്തിന് കൂലിയും വിശപ്പിന് അന്നവും കിട്ടുമല്ലോ എന്നാണവര്‍ ചിന്തിച്ചത്‌. .

നാട്ടിലേക്ക്‌ തിരിച്ചു വരുന്ന അവരുടെ ചിന്തകള്‍ക്ക്‌ തീവണ്ടിയേക്കാള്‍ വേഗതയുണ്ടായിരുന്നു.പലനാളായ് പിരിഞ്ഞിരുന്ന ജന്മനാട് മറ്റെന്തു കാഴ്ചയെക്കാളും പ്രിയതരമെന്ന് അവര്‍ തിരിച്ചറിഞ്ഞു.കൊക്കുകള്‍ പാറിക്കളിക്കുന്ന പാടങ്ങള്‍ ,കുന്നിന്‍ ചരിവുകളില്‍ മേഞ്ഞുനടക്കുന്ന കന്നിന്‍കൂട്ടങ്ങള്‍ ,മുടി വിടര്‍ത്തിയാടുന്ന കവുങ്ങുതെങ്ങുകള്‍ക്കിടയില്‍ പുഞ്ചിരി തൂകിനില്‍ക്കുന്ന വീടുകള്‍ ,പൂത്ത മാവുകള്‍ ,നാട്ടിന്‍പുറത്തെ സ്വപ്നം കാണുന്ന നഗരങ്ങള്‍ ഇവയെല്ലാം അവരെ സന്തോഷിപ്പിച്ചു.പഴയ കൂട്ടുകാരെ കാണാന്‍ കൊതിച്ചു.

നാട് വിട്ടപ്പോളാണ് നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് പോലും മാധുര്യം ഉണ്ടെന്ന് തിരിച്ചറിയുന്നത്!ഒരു തെങ്ങോ ഒരു വെള്ളവസ്ത്രമോ കണ്ടാല്‍ പോലും നാടിന്‍റെ സാന്നിധ്യം അവര്‍ അറിഞ്ഞു.

ജന്മനാടിനെ നരകമാക്കിയത്‌ ചില നരകീടങ്ങളാണ്.അവര്‍ക്കുള്ള ശിക്ഷ വരുംകാലത്തിന്റെ കയ്യിലുണ്ട്.ഞങ്ങളുടെ ഈ മണ്ണില്‍ തന്നെ ജീവിതം പടുത്തുയര്‍ത്തും.വയറിന്‍റെ വിശപ്പ് മാറ്റാന്‍ പോയ ഞങ്ങള്‍ ഹൃദയത്തിന്‍റെ വിശപ്പ് മാറ്റാന്‍ തിരിച്ചുപോന്നു.സമൃദ്ധമെങ്കിലും ദരിദ്രമാണ് ഈ നാട്.സുന്ദരമെങ്കിലും വികൃതമാണ് ഇവിടം.ഇവിടെ സ്നേഹിച്ച് ആശിച്ച് ദു:ഖിച്ച് കഴിയുവാന്‍ സാധിക്കുന്നത് തന്നെയാണ് ഭാഗ്യവും സുഖവും.

[ആസ്സാംപണിക്കാര്‍ എന്ന കവിതയില്‍ പിറന്ന നാട് ഒരേ സമയം സമ്പന്നയും ദരിദ്രയുമാണ് .ദാരിദ്ര്യം,തൊഴിലില്ലായ്മ,ചൂഷണം ഇവയെ കവിതയിലൂടെ വെളിവാക്കുന്നു.പ്രവാസജീവിതം നയിക്കുന്ന മലയാളികളുടെ പ്രശ്നങ്ങള്‍ കവിതയിലുണ്ട്.]

ലിങ്ക്
വൈലോപ്പിള്ളി ശ്രീധരമേനോന്‍

ഗാന്ധിജയന്തി


Sunday, September 30, 2012

എന്തൊക്കെയോ നഷ്ട്ടപ്പെട്ട ഒരാള്‍

ഗരത്തിലെ സാരിക്കടകള്‍ കയറിയിറങ്ങുമ്പോള്‍ ആ ദമ്പതികള്‍ തങ്ങളെ പിന്തുടരുന്ന ആ ആറോ ഏഴോ വയസ്സുള്ള പെണ്‍കുട്ടിയെ ശ്രദ്ധിച്ചു.അയാള്‍ സഹതാപത്തോടെ ഒരു രൂപ നീട്ടിയപ്പോള്‍ അവള്‍ അത് സ്വീകരിച്ചില്ല.

താന്‍ ഉദ്ദേശിച്ച നിറമുള്ള സാരി കിട്ടാതെ സ്വന്തം അനുജത്തിയുടെ മകളായ നീനയുടെ കല്യാണത്തിന് പോകില്ലെന്ന് രമണി വാശി പിടിക്കുന്നു.ആ പെണ്‍കുട്ടി കുശലം ചോദിച്ച് അവര്‍ക്ക്‌ പിറകില്‍ നടന്നു.രമണിക്ക്‌ സാരി കിട്ടാത്തതിന്റെ വിഷമം മാത്രമേ ഉള്ളൂ.ഇവിടെ കിട്ടിയില്ലെങ്കില്‍ തൃശ്ശൂരിലോ കോയമ്പത്തൂരിലോ ചെന്നൈയിലോ പോയ്‌ സാരി വാങ്ങണം എന്നും ബ്ലൌസ് തുന്നിക്കാന്‍ കൊടുക്കണം എന്നുംമറ്റും രമണി പറഞ്ഞു.സാരിയുടെ പളപളപ്പില്‍ അയാളും ആ കുട്ടിയുടെ കാര്യം മറന്നു.പെട്ടെന്ന്‍ പുറത്തുനില്‍ക്കുന്ന അവളെ അയാള്‍ ഓര്‍ത്തു.പുറത്ത്ചെന്ന് പേരും ഊരും കുടുംബവിശേഷവും ചോദിച്ചു.റാണിയെന്നാണ് പേരെന്നും അച്ഛന്‍ ഇല്ലെന്നും അമ്മ രണ്ടുദിവസം മുന്‍പ്‌ മരിച്ചുവെന്നും വീടില്ലെന്നും അവള്‍ പറഞ്ഞു.ഒരു കടയുടെ മുന്നിലാണ് രണ്ടു ദിവസമായുറങ്ങുന്നത് എന്നും പറഞ്ഞു.അയാള്‍ക്ക് വല്ലാത്ത സങ്കടം തോന്നി.

ആ കടയില്‍ നിന്ന് രമണി ഉദ്ദേശിച്ച സാരി ലഭിച്ചു.രണ്ടായിരത്തിഎണ്ണൂറു രൂപയുള്ള ആ സാരി അവളെ സന്തോഷിപ്പിച്ചു.അവര്‍ ഐസ്ക്രീം കഴിക്കാന്‍ കടയില്‍ കയറി.അയാള്‍ പെണ്‍കുട്ടിയെ ക്ഷണിച്ചെങ്കിലും അവള്‍ വന്നില്ല.അതിനെയൊന്നും വിളിക്കണ്ട','.നമ്മളേം കൂടി കേറ്റില്ല'.നമുക്ക്‌ വരുമ്പോ എന്തെങ്കിലും വാങ്ങിക്കൊടുക്കാ'മെന്ന് സാരി കിട്ടിയ ആഹ്ലാദത്തില്‍ രമണി പറഞ്ഞു.അവളെക്കുറിച്ചുള്ള ചിന്ത അയാളുടെ മനസ്സില്‍ നിന്നുംമാഞ്ഞുപോകുന്നുണ്ടായില്ല.കോണ്‍ഐസ്ക്രീം അവള്‍ക്ക് വാങ്ങിക്കൊടുത്തു.അവര്‍ കാറിന്റെയുള്ളില്‍  കയറിയപ്പോള്‍ 'എന്നേം കൊണ്ടുപോവ്വോ' എന്നവള്‍ ചോദിച്ചു.'എന്തെങ്കിലും കൊടുത്ത്‌ പറഞ്ഞയയ്ക്കൂ.പിന്നെ ശല്ല്യാവും'എന്ന് രമണി ഓര്‍മ്മിപ്പിച്ചു.അയാള്‍ പത്തുരൂപാ നോട്ടെടുത്ത് നീട്ടിയെങ്കിലും അവള്‍ വാങ്ങിയില്ല.കാര്‍ ഓടിച്ചുകൊണ്ടിരുന്നപ്പോള്‍ നമുക്കവളെ ഒപ്പം കൂട്ടാമായിരുന്നുവെന്നയാള്‍ പറഞ്ഞു.ഇനിയതുംകൂടിയേ വേണ്ടൂ ..ബാക്കിയെല്ലാമായി എന്ന് രമണി ദേഷ്യത്തോടെ പറഞ്ഞു.

തനിക്ക്‌ അറുപതാം വയസ്സിലും പന്തീരായിരം രൂപ കിട്ടുന്നുണ്ട്.ബോംബെയിലുള്ള മകനും വന്‍ശമ്പളമുണ്ട്.ആ പെണ്‍കുട്ടിയെ വീട്ടില്‍ താമസിപ്പിക്കാന്‍ പറ്റിയില്ലെങ്കില്‍ വല്ല അനാഥാലയത്തിലും ചെലവിനു കൊടുത്ത്‌ ആക്കാമായിരുന്നുവെന്ന് അയാള്‍ ഓര്‍ത്തു.

കുട്ടിക്കാലത്ത്‌ സ്കൂളില്‍ നിന്ന് വരുമ്പോള്‍ ഒരു പൂച്ചക്കുട്ടി ഒപ്പം കൂടിയതും മറ്റ് കുട്ടികള്‍ വിളിച്ചപ്പോള്‍ പൂച്ച തന്‍റെ പിന്നില്‍ നിന്ന്‍ മാറാതിരുന്നതും അയാള്‍ ഓര്‍ത്തു.വീട്ടില്‍ പൂച്ചയെ വളര്‍ത്തുന്നതിനോട് എല്ലാവര്‍ക്കും എതിര്‍പ്പായിരുന്നു.തന്‍റെ പ്രതിഷേധം വകവയ്ക്കാതെ പൂച്ചയെ വീട്ടുകാര്‍ എവിടെയോ വിട്ടു.പിന്നെ അതിനെ കാണുന്നത് ഏതോ വാഹനത്തിന്നടിയില്‍പ്പെട്ട് ചതഞ്ഞ മട്ടിലാണ് .അയാള്‍ക്ക് ആ ചിന്ത അസ്വസ്ഥത ജനിപ്പിച്ചു.കുറച്ചു പെട്രോള്‍ അടിച്ചിട്ട് വരാം എന്ന് പറഞ്ഞ് അയാള്‍ കാര്‍ പുറത്തേക്കെടുത്തു.ഷട്ടര്‍ താഴ്ത്തിയ കടയുടെ ഒതുക്കു കല്ലില്‍ അവള്‍ ചുരുണ്ടു കിടക്കുന്നതയാള്‍ കണ്ടു. കൂലിപ്പണിക്കാരനായ ഒരച്ഛനനും അമ്മയും മകനും വഴിയരികില്‍ നിന്ന് ഷര്‍ട്ട്‌ വിലപേശി വാങ്ങുന്നതും ആ പെണ്‍കുട്ടിക്കരികില്‍ വന്നപ്പോള്‍ അവര്‍ എന്തോ അവളോട് ചോദിക്കുന്നതും പിന്നെ അവള്‍ അവരുടെയൊപ്പം പോകുന്നതും ആ അച്ഛന്‍ അവളെ എടുക്കുന്നതും അവളുടെ കൊച്ചുകൈ കഴുത്തില്‍ ഇട്ടിരിക്കുന്നതും അയാള്‍ കണ്ടു.

തന്‍റെ കാറിനുള്ളില്‍ അനങ്ങാനാകാതെ അയാള്‍ ഇരുന്നു.അയാള്‍ക്ക് എന്തൊക്കെയോ നഷ്ട്ടപ്പെട്ടിരുന്നു.

[നാം കാണാതെ പോകുന്ന എന്നാല്‍ കാണേണ്ട സന്ദര്‍ഭങ്ങളെ വായനക്കാരന്റെ മനസ്സിലേക്ക് കുറ്റബോധം ജനിപ്പിക്കുന്ന വിധത്തില്‍ കഥയാക്കി അവതരിപ്പിക്കുവാന്‍ ഇ .ഹരികുമാര്‍ എന്ന ചെറുകഥാകൃത്തിന് പ്രത്യേക മിടുക്കുണ്ട്.ഇന്നത്തെ കേരളീയ സമൂഹം ഉപഭോഗസംസ്കാരത്തിന്‍റെ നീരാളിപ്പിടുത്തത്തിലാണ്.രമണി എന്ന കഥാപാത്രം ഈ ഉപഭോഗാസക്തി പിടിപെട്ടവളാണ്.സമൂഹത്തിന്റെ പരിരക്ഷ ലഭിക്കേണ്ട എത്രയോ കുട്ടികളെയാണ് റാണിയിലൂടെ അവതരിപ്പിക്കുന്നത്.ജീവിതം ആര്‍ഭാടമായി കൊണ്ടാടുന്ന ഇടത്തരം കുടുംബത്തിന്റെ പ്രതിനിധികളാണ് ഇതിലെ രമണിയും ഭര്‍ത്താവും.ഇഷ്ട്ടപ്പെട്ടത്‌ എന്ത് വില കൊടുത്തും വാങ്ങാന്‍ മടിക്കാത്ത പൊങ്ങച്ചസംസ്കാരത്തിന്റെ പൊള്ളത്തരം ഈ കഥയിലൂടെ വെളിവാകുന്നു.]

                                              ലിങ്ക്
                                        ഇ.ഹരികുമാര്‍