Showing posts with label oldപത്താംക്ലാസ് അടിസ്ഥാനപാഠാവലി. Show all posts
Showing posts with label oldപത്താംക്ലാസ് അടിസ്ഥാനപാഠാവലി. Show all posts

Tuesday, October 2, 2012

ആസ്സാം പണിക്കാര്‍

രണ്ടാംലോകമഹായുദ്ധകാലത്ത് ലോകത്താകമാനം അശാന്തിയും സങ്കീര്‍ണ്ണതകളും മാത്രം കളിയാടി.മനുഷ്യജീവന് യാതൊരു വിലയും ആരും കല്‍പ്പിച്ചില്ല.കൊടുംദാരിദ്ര്യത്തിന്‍റെ പിടിയിലമര്‍ന്ന് ഒത്തിരിയേറെ ആളുകള്‍ ചരമമടഞ്ഞു.മരണത്തേക്കാള്‍ ഭയാനകമായിരുന്നു പട്ടിണി.ജന്മികുടിയാന്‍ വ്യവസ്ഥ നിലനിന്നിരുന്ന അക്കാലകേരളീയ  സമൂഹം ഈ അവസരത്തില്‍ അനുഭവിച്ച യാതനകള്‍ നരകതുല്യമായിരുന്നു.ആ അവസ്ഥയെ വൈലോപ്പിള്ളി 'ആസ്സാം പണിക്കാര്‍ ' എന്ന കവിതയിലൂടെ അവതരിപ്പിക്കുന്നു.

ജനിച്ചനാടിനെ ശപിച്ചുകൊണ്ടാണ് ദരിദ്രരായ  തൊഴിലാളികള്‍ പട്ടാളപ്പാളയം നിര്‍മ്മിക്കാനായി ആസ്സാമിലേക്ക് പുറപ്പെടുന്നത്.കേരളത്തിന്‍റെ സൌന്ദര്യം അവരുടെ കത്തിയാളുന്ന വിശപ്പ് ശമിപ്പിക്കാന്‍ പര്യാപ്തമായിരുന്നില്ല.ആസ്സാമില്‍ പോയാല്‍ സുഖജീവിതം കിട്ടുമെന്ന് അവര്‍ സ്വപ്നം കണ്ടില്ല.അധ്വാനത്തിന് കൂലിയും വിശപ്പിന് അന്നവും കിട്ടുമല്ലോ എന്നാണവര്‍ ചിന്തിച്ചത്‌. .

നാട്ടിലേക്ക്‌ തിരിച്ചു വരുന്ന അവരുടെ ചിന്തകള്‍ക്ക്‌ തീവണ്ടിയേക്കാള്‍ വേഗതയുണ്ടായിരുന്നു.പലനാളായ് പിരിഞ്ഞിരുന്ന ജന്മനാട് മറ്റെന്തു കാഴ്ചയെക്കാളും പ്രിയതരമെന്ന് അവര്‍ തിരിച്ചറിഞ്ഞു.കൊക്കുകള്‍ പാറിക്കളിക്കുന്ന പാടങ്ങള്‍ ,കുന്നിന്‍ ചരിവുകളില്‍ മേഞ്ഞുനടക്കുന്ന കന്നിന്‍കൂട്ടങ്ങള്‍ ,മുടി വിടര്‍ത്തിയാടുന്ന കവുങ്ങുതെങ്ങുകള്‍ക്കിടയില്‍ പുഞ്ചിരി തൂകിനില്‍ക്കുന്ന വീടുകള്‍ ,പൂത്ത മാവുകള്‍ ,നാട്ടിന്‍പുറത്തെ സ്വപ്നം കാണുന്ന നഗരങ്ങള്‍ ഇവയെല്ലാം അവരെ സന്തോഷിപ്പിച്ചു.പഴയ കൂട്ടുകാരെ കാണാന്‍ കൊതിച്ചു.

നാട് വിട്ടപ്പോളാണ് നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് പോലും മാധുര്യം ഉണ്ടെന്ന് തിരിച്ചറിയുന്നത്!ഒരു തെങ്ങോ ഒരു വെള്ളവസ്ത്രമോ കണ്ടാല്‍ പോലും നാടിന്‍റെ സാന്നിധ്യം അവര്‍ അറിഞ്ഞു.

ജന്മനാടിനെ നരകമാക്കിയത്‌ ചില നരകീടങ്ങളാണ്.അവര്‍ക്കുള്ള ശിക്ഷ വരുംകാലത്തിന്റെ കയ്യിലുണ്ട്.ഞങ്ങളുടെ ഈ മണ്ണില്‍ തന്നെ ജീവിതം പടുത്തുയര്‍ത്തും.വയറിന്‍റെ വിശപ്പ് മാറ്റാന്‍ പോയ ഞങ്ങള്‍ ഹൃദയത്തിന്‍റെ വിശപ്പ് മാറ്റാന്‍ തിരിച്ചുപോന്നു.സമൃദ്ധമെങ്കിലും ദരിദ്രമാണ് ഈ നാട്.സുന്ദരമെങ്കിലും വികൃതമാണ് ഇവിടം.ഇവിടെ സ്നേഹിച്ച് ആശിച്ച് ദു:ഖിച്ച് കഴിയുവാന്‍ സാധിക്കുന്നത് തന്നെയാണ് ഭാഗ്യവും സുഖവും.

[ആസ്സാംപണിക്കാര്‍ എന്ന കവിതയില്‍ പിറന്ന നാട് ഒരേ സമയം സമ്പന്നയും ദരിദ്രയുമാണ് .ദാരിദ്ര്യം,തൊഴിലില്ലായ്മ,ചൂഷണം ഇവയെ കവിതയിലൂടെ വെളിവാക്കുന്നു.പ്രവാസജീവിതം നയിക്കുന്ന മലയാളികളുടെ പ്രശ്നങ്ങള്‍ കവിതയിലുണ്ട്.]

ലിങ്ക്
വൈലോപ്പിള്ളി ശ്രീധരമേനോന്‍

Sunday, September 30, 2012

എന്തൊക്കെയോ നഷ്ട്ടപ്പെട്ട ഒരാള്‍

ഗരത്തിലെ സാരിക്കടകള്‍ കയറിയിറങ്ങുമ്പോള്‍ ആ ദമ്പതികള്‍ തങ്ങളെ പിന്തുടരുന്ന ആ ആറോ ഏഴോ വയസ്സുള്ള പെണ്‍കുട്ടിയെ ശ്രദ്ധിച്ചു.അയാള്‍ സഹതാപത്തോടെ ഒരു രൂപ നീട്ടിയപ്പോള്‍ അവള്‍ അത് സ്വീകരിച്ചില്ല.

താന്‍ ഉദ്ദേശിച്ച നിറമുള്ള സാരി കിട്ടാതെ സ്വന്തം അനുജത്തിയുടെ മകളായ നീനയുടെ കല്യാണത്തിന് പോകില്ലെന്ന് രമണി വാശി പിടിക്കുന്നു.ആ പെണ്‍കുട്ടി കുശലം ചോദിച്ച് അവര്‍ക്ക്‌ പിറകില്‍ നടന്നു.രമണിക്ക്‌ സാരി കിട്ടാത്തതിന്റെ വിഷമം മാത്രമേ ഉള്ളൂ.ഇവിടെ കിട്ടിയില്ലെങ്കില്‍ തൃശ്ശൂരിലോ കോയമ്പത്തൂരിലോ ചെന്നൈയിലോ പോയ്‌ സാരി വാങ്ങണം എന്നും ബ്ലൌസ് തുന്നിക്കാന്‍ കൊടുക്കണം എന്നുംമറ്റും രമണി പറഞ്ഞു.സാരിയുടെ പളപളപ്പില്‍ അയാളും ആ കുട്ടിയുടെ കാര്യം മറന്നു.പെട്ടെന്ന്‍ പുറത്തുനില്‍ക്കുന്ന അവളെ അയാള്‍ ഓര്‍ത്തു.പുറത്ത്ചെന്ന് പേരും ഊരും കുടുംബവിശേഷവും ചോദിച്ചു.റാണിയെന്നാണ് പേരെന്നും അച്ഛന്‍ ഇല്ലെന്നും അമ്മ രണ്ടുദിവസം മുന്‍പ്‌ മരിച്ചുവെന്നും വീടില്ലെന്നും അവള്‍ പറഞ്ഞു.ഒരു കടയുടെ മുന്നിലാണ് രണ്ടു ദിവസമായുറങ്ങുന്നത് എന്നും പറഞ്ഞു.അയാള്‍ക്ക് വല്ലാത്ത സങ്കടം തോന്നി.

ആ കടയില്‍ നിന്ന് രമണി ഉദ്ദേശിച്ച സാരി ലഭിച്ചു.രണ്ടായിരത്തിഎണ്ണൂറു രൂപയുള്ള ആ സാരി അവളെ സന്തോഷിപ്പിച്ചു.അവര്‍ ഐസ്ക്രീം കഴിക്കാന്‍ കടയില്‍ കയറി.അയാള്‍ പെണ്‍കുട്ടിയെ ക്ഷണിച്ചെങ്കിലും അവള്‍ വന്നില്ല.അതിനെയൊന്നും വിളിക്കണ്ട','.നമ്മളേം കൂടി കേറ്റില്ല'.നമുക്ക്‌ വരുമ്പോ എന്തെങ്കിലും വാങ്ങിക്കൊടുക്കാ'മെന്ന് സാരി കിട്ടിയ ആഹ്ലാദത്തില്‍ രമണി പറഞ്ഞു.അവളെക്കുറിച്ചുള്ള ചിന്ത അയാളുടെ മനസ്സില്‍ നിന്നുംമാഞ്ഞുപോകുന്നുണ്ടായില്ല.കോണ്‍ഐസ്ക്രീം അവള്‍ക്ക് വാങ്ങിക്കൊടുത്തു.അവര്‍ കാറിന്റെയുള്ളില്‍  കയറിയപ്പോള്‍ 'എന്നേം കൊണ്ടുപോവ്വോ' എന്നവള്‍ ചോദിച്ചു.'എന്തെങ്കിലും കൊടുത്ത്‌ പറഞ്ഞയയ്ക്കൂ.പിന്നെ ശല്ല്യാവും'എന്ന് രമണി ഓര്‍മ്മിപ്പിച്ചു.അയാള്‍ പത്തുരൂപാ നോട്ടെടുത്ത് നീട്ടിയെങ്കിലും അവള്‍ വാങ്ങിയില്ല.കാര്‍ ഓടിച്ചുകൊണ്ടിരുന്നപ്പോള്‍ നമുക്കവളെ ഒപ്പം കൂട്ടാമായിരുന്നുവെന്നയാള്‍ പറഞ്ഞു.ഇനിയതുംകൂടിയേ വേണ്ടൂ ..ബാക്കിയെല്ലാമായി എന്ന് രമണി ദേഷ്യത്തോടെ പറഞ്ഞു.

തനിക്ക്‌ അറുപതാം വയസ്സിലും പന്തീരായിരം രൂപ കിട്ടുന്നുണ്ട്.ബോംബെയിലുള്ള മകനും വന്‍ശമ്പളമുണ്ട്.ആ പെണ്‍കുട്ടിയെ വീട്ടില്‍ താമസിപ്പിക്കാന്‍ പറ്റിയില്ലെങ്കില്‍ വല്ല അനാഥാലയത്തിലും ചെലവിനു കൊടുത്ത്‌ ആക്കാമായിരുന്നുവെന്ന് അയാള്‍ ഓര്‍ത്തു.

കുട്ടിക്കാലത്ത്‌ സ്കൂളില്‍ നിന്ന് വരുമ്പോള്‍ ഒരു പൂച്ചക്കുട്ടി ഒപ്പം കൂടിയതും മറ്റ് കുട്ടികള്‍ വിളിച്ചപ്പോള്‍ പൂച്ച തന്‍റെ പിന്നില്‍ നിന്ന്‍ മാറാതിരുന്നതും അയാള്‍ ഓര്‍ത്തു.വീട്ടില്‍ പൂച്ചയെ വളര്‍ത്തുന്നതിനോട് എല്ലാവര്‍ക്കും എതിര്‍പ്പായിരുന്നു.തന്‍റെ പ്രതിഷേധം വകവയ്ക്കാതെ പൂച്ചയെ വീട്ടുകാര്‍ എവിടെയോ വിട്ടു.പിന്നെ അതിനെ കാണുന്നത് ഏതോ വാഹനത്തിന്നടിയില്‍പ്പെട്ട് ചതഞ്ഞ മട്ടിലാണ് .അയാള്‍ക്ക് ആ ചിന്ത അസ്വസ്ഥത ജനിപ്പിച്ചു.കുറച്ചു പെട്രോള്‍ അടിച്ചിട്ട് വരാം എന്ന് പറഞ്ഞ് അയാള്‍ കാര്‍ പുറത്തേക്കെടുത്തു.ഷട്ടര്‍ താഴ്ത്തിയ കടയുടെ ഒതുക്കു കല്ലില്‍ അവള്‍ ചുരുണ്ടു കിടക്കുന്നതയാള്‍ കണ്ടു. കൂലിപ്പണിക്കാരനായ ഒരച്ഛനനും അമ്മയും മകനും വഴിയരികില്‍ നിന്ന് ഷര്‍ട്ട്‌ വിലപേശി വാങ്ങുന്നതും ആ പെണ്‍കുട്ടിക്കരികില്‍ വന്നപ്പോള്‍ അവര്‍ എന്തോ അവളോട് ചോദിക്കുന്നതും പിന്നെ അവള്‍ അവരുടെയൊപ്പം പോകുന്നതും ആ അച്ഛന്‍ അവളെ എടുക്കുന്നതും അവളുടെ കൊച്ചുകൈ കഴുത്തില്‍ ഇട്ടിരിക്കുന്നതും അയാള്‍ കണ്ടു.

തന്‍റെ കാറിനുള്ളില്‍ അനങ്ങാനാകാതെ അയാള്‍ ഇരുന്നു.അയാള്‍ക്ക് എന്തൊക്കെയോ നഷ്ട്ടപ്പെട്ടിരുന്നു.

[നാം കാണാതെ പോകുന്ന എന്നാല്‍ കാണേണ്ട സന്ദര്‍ഭങ്ങളെ വായനക്കാരന്റെ മനസ്സിലേക്ക് കുറ്റബോധം ജനിപ്പിക്കുന്ന വിധത്തില്‍ കഥയാക്കി അവതരിപ്പിക്കുവാന്‍ ഇ .ഹരികുമാര്‍ എന്ന ചെറുകഥാകൃത്തിന് പ്രത്യേക മിടുക്കുണ്ട്.ഇന്നത്തെ കേരളീയ സമൂഹം ഉപഭോഗസംസ്കാരത്തിന്‍റെ നീരാളിപ്പിടുത്തത്തിലാണ്.രമണി എന്ന കഥാപാത്രം ഈ ഉപഭോഗാസക്തി പിടിപെട്ടവളാണ്.സമൂഹത്തിന്റെ പരിരക്ഷ ലഭിക്കേണ്ട എത്രയോ കുട്ടികളെയാണ് റാണിയിലൂടെ അവതരിപ്പിക്കുന്നത്.ജീവിതം ആര്‍ഭാടമായി കൊണ്ടാടുന്ന ഇടത്തരം കുടുംബത്തിന്റെ പ്രതിനിധികളാണ് ഇതിലെ രമണിയും ഭര്‍ത്താവും.ഇഷ്ട്ടപ്പെട്ടത്‌ എന്ത് വില കൊടുത്തും വാങ്ങാന്‍ മടിക്കാത്ത പൊങ്ങച്ചസംസ്കാരത്തിന്റെ പൊള്ളത്തരം ഈ കഥയിലൂടെ വെളിവാകുന്നു.]

                                              ലിങ്ക്
                                        ഇ.ഹരികുമാര്‍





-തോരാമഴ


ഉമ്മുക്കുലുസു മരിച്ച രാത്രിയില്‍ ഉമ്മ ശൂന്യമായ മുറ്റത്ത്‌ തനിച്ച് നിന്നു.ബന്ധുക്കള്‍ എല്ലാവരും പിരിഞ്ഞുപോയിരുന്നു.വാടകയ്ക്കെടുത്ത കസേരകള്‍ ,ഗ്യാസ്‌ലൈറ്റ് ,പായകള്‍ ഒക്കെ കൊണ്ടുപോയി.ഉമ്മുക്കുലുസു നട്ട ചെമ്പകത്തിന്റെ ചുവട്ടില്‍ എത്തിയ ഇരുട്ട് ചിമ്മിനിവിളക്കിന്റെ കണ്ണീര്‍ ആകുന്ന വെളിച്ചത്തെ ഒപ്പിനിന്നു.

ഉമ്മറപ്പടിയില്‍ അവള്‍ അഴിച്ചിട്ട ചെരിപ്പുരുമ്മി പുള്ളിക്കുറിഞ്ഞിപൂച്ച കല്ലുവെട്ടാംകുഴിയിലേക്ക്‌ നിസ്സംഗമായ്‌ കയറിപ്പോയി.അയക്കോലിലിട്ട പിഞ്ഞിയ കുഞ്ഞുടുപ്പില്‍ തട്ടി വീശിയ കാറ്റ്  മരക്കൊമ്പിലേറി.ഉമ്മയുടെ ദു:ഖത്തിനു പൂച്ചയും കാറ്റും സാക്ഷികളായി.

ഉമ്മുക്കുലുസു മരിച്ചരാത്രിയില്‍ ഒറ്റയ്ക്ക് പുറത്ത് നില്‍ക്കുന്ന  ഉമ്മയ്ക്കരികില്‍ പെട്ടെന്ന്‍ മഴയെത്തി.ഉമ്മ അകത്തേക്ക് പോയ്‌ ,വില്ലൊടിഞ്ഞു എന്ന് പറഞ്ഞ് ഉമ്മുക്കുലുസു കരയാറുള്ള പുള്ളിക്കുടയെടുത്ത് വന്നു.പള്ളിപ്പറമ്പില്‍ പുതിയ മണ്ണട്ടിയില്‍ ആ കുട നിവര്‍ത്തിവച്ചു.ഉമ്മുക്കുലുസു മരിച്ച അന്നുരാത്രി തൊട്ട് ഇന്നോളം ആ മഴ തോര്‍ന്നില്ല.

[കുഞ്ഞ്‌ ആഗ്രഹിച്ച മാമ്പഴം കുഴിമാടത്തില്‍ വച്ചുകൊണ്ട് കരഞ്ഞ 'മാമ്പഴം' എന്ന കവിത നമുക്ക്‌  സുപരിചിതമാണ്.അടക്കിവെച്ച ദു:ഖം മഴയായ്‌ പെയ്യുന്ന തീവ്രതയിലെക്കാണ് കവി നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.ദാരിദ്ര്യം,ഒറ്റപ്പെടല്‍ ഇവ ഓരോ വരികളില്‍ നിന്നും വെളിവാകുന്നു.പെട്ടെന്നെത്തുന്ന മഴ ഉമ്മയുടെ കണ്ണീര്‍മഴയാണ്.മരിച്ചുപോയെങ്കിലും അവളുടെ മൃതശരീരത്തിന് മഴയേല്‍ക്കാതിരിക്കാന്‍ ആ അമ്മ ശ്രമിക്കുമ്പോള്‍ അനുവാചകഹൃദയത്തിലും കണ്ണീര്‍ പൊടിയും.തോരാത്ത മഴ ഉമ്മയുടെ തോരാത്ത ദു:ഖം തന്നെയാണ്.]

                                     ലിങ്ക് 

                                            റഫീക്ക്‌ അഹമ്മദ്‌







മാമ്പഴം-വൈലോപ്പിള്ളി ശ്രീധരമേനോന്‍









ബ്രഹ്മാലയം തുറക്കപ്പെട്ടു


ഗുരുവായൂര്‍ സത്യാഗ്രഹപ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായ്‌ രണ്ട് ഈഴവര്‍ വി.ടി ഭട്ടതിരിപ്പാടിന്റെ ഭവനത്തിലെത്തി.ശ്രീ കേളപ്പന്റെ അഭിലാഷമറിയിക്കലാണ് അവരുടെ ലക്ഷ്യം.അയിത്തത്തിന്റെ പേരില്‍ഒരു നമ്പൂതിരി ഗൃഹത്തിലേക്ക്‌ കയറിവരാന്‍ അവര്‍ക്ക്‌ പേടിയുണ്ടായിരുന്നു.കാരണം വി.ടി യുടെ അച്ഛന്‍ ബ്രാഹ്മണ്യത്തിന്റെ നിയമങ്ങള്‍ പാലിക്കുന്ന ആളാണ് എന്ന് അവര്‍ക്കറിയാമായിരുന്നു.ഭാരതപ്പുഴയുടെ വക്കത്തുള്ള ക്ഷേത്രത്തില്‍ പകല്‍ മുഴുവന്‍ ഭജനമിരുന്ന്‍ കഴിച്ചുകൂട്ടി,രാത്രി എട്ടു മണിക്കേ അദ്ദേഹം തിരിച്ചുവരൂ.ഭക്ഷണത്തിനിടയിലാണ് അദ്ദേഹം ലോകകാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞിരുന്നത്.വ്രതകാര്‍ക്കശ്യം മൂലം ക്ഷീണിച്ചവശനായിരുന്നുവെങ്കിലും വെണ്ണീറില്‍ കനല്‍ എന്ന പോലെ ഒളിഞ്ഞുകിടക്കുന്ന കുടുംബസ്നേഹം അപ്പോള്‍ ദര്‍ശിക്കാമായിരുന്നു.ഈ ഒരു മണിക്കൂര്‍ മാത്രമാണ് അദ്ദേഹത്തിന് ഈ ലോകജീവിതവുമായുള്ള ബന്ധം.ഭക്ഷണത്തിന് ശേഷം അദ്ദേഹം സ്വന്തം മുറിയില്‍ ചെന്നുകിടക്കുമായിരുന്നു.

അച്ഛന്‍ വീടണയുന്നതിനു മുന്‍പ്‌ ചങ്ങാതികളെ കുളക്കടവില്‍ കൊണ്ടുപോയി.അദ്ദേഹം കിടന്നുവെന്നുറപ്പായപ്പോള്‍ അതിഥികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി .അന്തര്‍ജ്ജനങ്ങള്‍ മടികൂടാതെ അത്താഴം വിളമ്പിക്കൊടുത്തു.

'എനിക്കിവരെ മനസ്സിലായില്ല' എന്ന അച്ഛന്‍റെ ശബ്ദം കേട്ട് എല്ലാവരും ഞെട്ടിത്തരിച്ചു.അതിഥികള്‍ നമ്പൂതിരിമാരായിരിക്കും എന്ന ധാരണയോടെ അച്ഛന്‍ സംസാരമാരംഭിച്ചു.സത്യം പറഞ്ഞാല്‍ അവരെ ആട്ടിയിറക്കുമോ എന്ന പേടി വി.ടിക്കുണ്ടായി.തിരുവിതാംകൂറില്‍ നിന്ന്‍ വന്ന പോറ്റിമാരാണ് എന്ന് പറഞ്ഞാല്‍ ഇല്ലപ്പേര് ചോദിച്ചാല്‍ സത്യം പുറത്താകും....അതുകൊണ്ട് അതിഥികള്‍ ആരാണെന്നുള്ള സത്യാവസ്ഥ വെളിപ്പെടുത്തി.

എല്ലാവരേയും അമ്പരപ്പിച്ച് കൊണ്ട് അച്ഛന്‍ ഗീതാപദ്യശകലം മൊഴിഞ്ഞു.ആ ഗാനമാധുരി വാടിയ തുളസിപ്പൂവിനെ പച്ചവെള്ളം തളിച്ചുണര്‍ത്തിയ പോലെ അവര്‍ക്ക് അനുഭവപ്പെട്ടു.കുടുമയും പൂണൂലും അല്ല ബ്രാഹ്മണ്യത്തിന്റെ ലക്ഷണം എന്നും ജീവജാലങ്ങള്‍ എല്ലാം ഈശ്വരസൃഷ്ട്ടികള്‍ ആണെന്നും ജാതി,അയിത്തം,മതം ഇതൊക്കെ സംസ്കാരഭേദത്തെ സൂചിപ്പിക്കുന്ന വ്യത്യാസങ്ങള്‍ ആണെന്നും ജ്ഞാനംകൊണ്ടും പ്രവൃത്തികൊണ്ടും വിശ്വപ്രേമം നേടുന്നതാരാണോ അവനാണ് ദിവ്യന്‍.... എന്നും  നിങ്ങള്‍ എന്നെക്കണ്ട് ഭയപ്പെടേണ്ട   എന്നും ഈ പ്രസ്ഥാനം തനിക്ക്‌ ഇഷ്ട്ടമാണെന്നും  വീണ്ടും വരണമെന്നും എന്ത് സഹായവും ചെയ്ത് തരുമെന്നും അറിയിച്ചു.

പറഞ്ഞറിയിക്കാനാവാത്ത ആശ്വാസവും ഊര്‍ജ്ജവും സന്തോഷവും അവര്‍ക്ക്‌ അനുഭവപ്പെട്ടു.മകന്‍റെ ലക്‌ഷ്യം തിരിച്ചറിഞ്ഞ ആ പിതാവ്‌ സമത്വസുന്ദരമായ ഒരു നവലോകത്തിലേക്ക് അവരെ തുറന്നുവിടുകയാണ് ചെയ്തത്.അച്ഛനെ വേണ്ടതുപോലെ മനസ്സിലാക്കാന്‍ കഴിയാതെപോയ ഒരു മകനേയും മകനെ നന്നായി മനസ്സിലാക്കിയ ഒരച്ഛനേയും നമുക്കിവിടെ  കാണാം.[യാഥാസ്ഥിതിക ചട്ടക്കൂടുകളില്‍ ആണെങ്കിലും പുതിയ കാലത്തിന്‍റെ മാറ്റം അച്ഛന്‍ ഉള്‍ക്കൊണ്ടിരുന്നു]


ലിങ്ക്






Sunday, June 17, 2012

കൊച്ചുദു:ഖങ്ങളുറങ്ങൂ...!

ഷ്ട്ട സംസ്കാരത്തെ കുറിച്ച് ഒ.എന്‍.വി ക്കുള്ള ദു:ഖമാണ് ഈ കവിതയില്‍  .ഇനിയും വന്നുചേരാത്ത പാട്ടിന് ശ്രാവണപുഷ്പ്പങ്ങള്‍ കാതോര്‍ത്തു നില്‍ക്കുന്ന വഴിയില്‍ കവി കാത്തിരിക്കുന്നു.ഒക്കത്ത് പാട്ടിന്‍റെ തേന്‍കുടമേന്തിയ പെണ്‍കുട്ടി വന്നില്ല.അന്തിയും മയങ്ങി.എന്നിട്ടും നീ വന്നില്ല.
വന്നുചേരാത്ത പെണ്‍കൊടീ, മണിത്തംബുരുവാക്കുന്ന മണ്‍കുടമാര്‍ക്കു വിറ്റു?നാവേറും കണ്ണേറും ഏല്‍ക്കാതിരിക്കാന്‍ ആ       മണിത്തംബുരുവില്‍ നിന്നുള്ള ഗാനങ്ങളെയാണ് ആശ്രയിച്ചിരുന്നത്.നാഗഫണങ്ങളെ ആടിപ്പിച്ച പുള്ളുവവീണ മയങ്ങിപ്പോയി.


കവിഭാവനയെ പ്രചോദിപ്പിക്കുമാറ് പാതിരാപ്പൂവിന്‍റെ നിശ്ശബ്ദത 'പാടുക വീണ്ടും' എന്ന്‍ നെടുവീര്‍പ്പിട്ടു.നിലാവിന്‍റെ ഇളനീര്‍ക്കുടങ്ങള്‍ നീട്ടിപ്പിടിച്ച് 'മൊത്തിക്കുടിക്കൂ' എന്ന്‍ രാത്രികള്‍ പറയുന്നു.മൊട്ടുകളെ ഇക്കിളികൂട്ടി ഇളംവെയില്‍ തൊട്ടുണര്‍ത്തുന്നു.തെച്ചിപ്പഴങ്ങള്‍ ഇറുത്തുവീഴ്ത്തുന്ന തെക്കന്‍ മണിക്കാറ്റും 'പാടുക വീണ്ടും' എന്ന്‍ പറയുന്നു.സ്വര്‍ണ്ണശലഭങ്ങള്‍ ചുറ്റും പാറിപ്പറന്നു.


ഭൂമികന്യകയുടെ ദു:ഖങ്ങള്‍ പാടിയ കൊച്ചുപൈങ്കിളി എന്‍റെ ഏകാന്തവും സങ്കടം നിറഞ്ഞതുമായ കൂട്ടിലിരുന്ന് കൊക്കുവിടര്‍ത്തുന്നു.നാട് വെടിഞ്ഞ നന്മയുടെ കഥകള്‍ പറഞ്ഞ പൈങ്കിളി തന്‍റെ കൊക്കില്‍ച്ചുരത്തിയ നറുതേന്‍ നുകര്‍ന്നാണ് കൊച്ചുദു:ഖങ്ങളുറക്കിക്കിടത്തിയത്.കവി ഇന്നെഴുതുന്ന പാട്ടിലെങ്കിലും  കണ്ണീരിന്‍റെ ഉപ്പുകലരാതിരിക്കട്ടെ എന്നാശംസിക്കുന്നു.


[സമൂഹത്തിന്‍റെ വറ്റിപ്പോകുന്ന ഭാവന വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കേണ്ടതുണ്ട്.കവിയുടെ ധര്‍മ്മമാണ് ഭാവനയെ വളര്‍ത്തുകയെന്നത്.ഭൂമിയുടെ ദു:ഖങ്ങള്‍ പാടിയ,പോയ്മറയുന്ന നന്മകളെ കുറിച്ച് പാടിയ എഴുത്തച്ഛന്റെ പൈങ്കിളിപ്പൈതലാണ്  തന്നില്‍ കവിത്വം ഉണ്ടാക്കിയത്. പാട്ടിനു കാതോര്‍ക്കുന്ന ശ്രാവണപുഷ്പ്പം,വരാത്ത പെണ്‍കൊടി എന്നീ പ്രയോഗങ്ങള്‍ ഓണത്തിന് വന്നുചേര്‍ന്ന അപചയം,മറയുന്ന കാവ്യസംസ്കാരം,നാടോടിസംസ്കാരത്തിന്‍റെ നാശം ഇവയുടെ സൂചനകള്‍ തരുന്നു.മണ്‍കുടം വിറ്റു എന്നത് കലകള്‍ വില്പ്പനച്ചരക്കാക്കുന്നതിനെ സൂചിപ്പിക്കുന്നു.പ്രകൃതിയുടെ രമ്യഭാവങ്ങള്‍ കവിതയെഴുതാന്‍ കവിയെ പ്രേരിപ്പിക്കുന്നു.കവികള്‍ സമൂഹത്തിന്‍റെ കാവല്‍ക്കാരാണ്.മയങ്ങുന്ന പുള്ളുവവീണ എന്നത് കവികള്‍ പണ്ട് സാമൂഹ്യനീതിക്ക്‌ വേണ്ടി പോരാടി എന്നതിനേയും ഇന്ന്‍ അതിനു സംഭവിച്ച മാന്ദ്യത്തേയും സൂചിപ്പിക്കുന്നു.കൈകേയി രാമനെ കാട്ടിലയപ്പിച്ചു.പിന്നെ ആ രാമന്‍ സീതയേയും.നന്മകളുടെ അപചയത്തെക്കുറിച്ചുള്ള ധാരണ ഉണ്ടായതും കവിതയിലൂടെയാണ്.തന്‍റെ ദു:ഖങ്ങള്‍ നിസ്സാരമെന്ന് കവി തിരിച്ചറിയുന്നു.ആ ദു:ഖങ്ങളെ മറക്കാന്‍ കവി ആഗ്രഹിക്കുന്നു.ലോകത്തിന്‍റെ ദു:ഖങ്ങള്‍ ഏറ്റുവാങ്ങേണ്ടവരാണ് കവികള്‍  .കവിതയിലൂടെ ആ ദു:ഖങ്ങളെ വെളിപ്പെടുത്തണം.അപ്പോള്‍ സ്വന്തം ദു:ഖങ്ങള്‍ കവി മറക്കുന്നു. എഴുത്തുകാരന്‍റെ ധര്‍മ്മം എന്തെന്ന് വെളിപ്പെടുത്തുകയാണ് ഒ.എന്‍.വി.]

                         







Wednesday, May 30, 2012

മലയാളം'

പത്താംക്ലാസ്സ് അടിസ്ഥാനപാഠാവലി
ഭൂമി  ഊട്ടുന്നതിനു മുന്‍പ്‌ ഗര്‍ഭാവസ്ഥയില്‍  പൊക്കിള്‍ക്കൊടിയിലൂടെ ശിശുവിനെ അമൃതൂട്ടുന്നു മാതൃഭാഷ.ഈറ്റുനോവില്‍ വളര്‍ന്ന്‍ ഉലുവയുടേയും വെളുത്തുള്ളിയുടേയും ഗന്ധത്തിലേക്ക് നയിച്ചവളാണ് ഭാഷ.ഗര്‍ഭാശയത്തിലെ ഇരുട്ടില്‍ നിന്ന് ലോകത്തേക്കെത്തിയ ശിശുവിന്‍റെ ശരീരത്തിലെ ചോര വെളിച്ചത്തിന്‍റെ അപ്പൂപ്പന്‍താടികള്‍ കൊണ്ട് തുടച്ച് മാമ്പൂമണത്തില്‍ കുളിപ്പിച്ചവളും ഭാഷ തന്നെ.ശിശുവിന് ആദ്യമായ്‌ നല്‍കുന്നത് പൊന്നും  വയമ്പുമാണ്.ഇവയിലൂടെ ഖനികളുടെ ആഴവും വനങ്ങളുടെ സാന്ദ്രതയും പകര്‍ന്നുനല്‍കുന്നവളാണ് ഭാഷ.

ഇരയിമ്മന്‍തമ്പിയുടെ താരാട്ടുപാട്ടും ഉണ്ണായിവാര്യരുടെ ആട്ടകഥയിലെ പദങ്ങളും കൊണ്ട്സ്വപ്നങ്ങളിലേക്ക് ഉറക്കിക്കിടത്തിയവളാണ് ഭാഷ.സ്വപ്നം തരുന്നതും ഭാഷയാണ്‌.വിരല്‍ത്തുമ്പില്‍ പിടിച്ച് മണലില്‍ ഹരിശ്രീയുടെ രാജമല്ലികള്‍ വിടര്‍ത്തിയവള്‍ ആണ്‌ ഭാഷ.സൂര്യന്‍ഉദിക്കുന്നതിനോടൊപ്പം അച്ഛന്‍റെ മേല്‍നോട്ടത്തില്‍ പഠനം തുടങ്ങി.വ്യാകരണം കാട്ടി ഭാഷ പേടിപ്പിച്ചു.കവിത കാട്ടി പ്രലോഭിപ്പിച്ചു.സ്ലയിറ്റില്‍ വിടരുന്ന മഴവില്ലുപോലെയും പുസ്തകത്താളില്‍ പെറ്റ്പെരുകുന്ന മയില്‍‌പ്പീലിപോലെയുമാണ് ഭാഷ.മധുരവും ചവര്‍പ്പും ഇടകലര്‍ന്ന ഇലഞ്ഞിപ്പഴം പോലെ ഭാഷ ചുണ്ടില്‍ നിന്നുതിര്‍ന്നു. വഴിയരികില്‍ കേട്ട സംഗീതം പോലെ ഭാഷയെ കിട്ടി.സ്വരങ്ങളും വ്യഞ്ജനങ്ങളും ചേര്‍ന്ന അമ്പത്തിയൊന്നക്ഷരങ്ങള്‍ ഉള്ളവളാണ് ഭാഷ.

ഞാറ്റുവേലപ്പാട്ടുകളും കിളിപ്പാട്ടുകളും ഭാഷ തന്നു.ആടലോടകത്തിന്റെ മണമുള്ള നാട്ടറിവുകളും പഴഞ്ചൊല്ലുകളും ഭാഷയെ പ്രകാശിപ്പിക്കുന്നു.ഉത്തരം കണ്ടെത്താന്‍ പാമ്പിന്‍ മാളങ്ങള്‍ നിറഞ്ഞ വഴികളിലൂടെ സഞ്ചരിക്കേണ്ട കടങ്കഥകള്‍ പറഞ്ഞുതന്നു ഭാഷ. .ചിലപ്പോള്‍ അത് മൈലാഞ്ചി വഴികള്‍ ആകും.സന്ധ്യയില്‍ എഴുത്തച്ഛന്റെ രാമായണപാരായണമായി  ഭാഷ മാറുന്നു.പച്ചകുത്തി കിരീടമണിഞ്ഞ് അരമണിയുംചിലമ്പും കുലുക്കി തുള്ളലിലൂടെ ഭാഷ നൃത്തം വയ്ക്കുന്നു.ഉത്സവത്തിന്‍റെ അടുത്ത ദിവസം പ്രഭാതമയക്കത്തില്‍ ആട്ടപ്പാട്ടായ്‌ ഭാഷയെ കേള്‍ക്കാം.ക്ഷീരസാഗരത്തില്‍ ശയിക്കുന്ന മഹാവിഷ്ണുവിനെ പ്രകീര്‍ത്തിക്കുന്ന സ്വാതിതിരുനാളിന്റെ കീര്‍ത്തനങ്ങളിലും ഭാഷ ഉണ്ട്.

ലില്ലിപ്പുഷ്പ്പം പോലെ നിര്‍മ്മലയും മനോഹരിയുമായ ഭാഷയെ  ബൈബിളില്‍ സോളമന്‍റെ ഉത്തമഗീതങ്ങളിലൂടെ  അറിയുന്നു.മോശയുടെ പുസ്തകങ്ങളിലൂടെ നിയമഭാഷ പഠിക്കുന്നു.കാളക്കൂറ്റന്മാരുടെ കരുത്തിനെ മുട്ടുകുത്തിച്ച ദാവീദിന്റെ സങ്കീര്‍ത്തനങ്ങളിലൂടെ ഭാഷ ഹൃദയസ്പര്‍ശി ആകുന്നു.ക്രൂശിതന്റെ വിലാപവും ഉയിര്‍പ്പിന്റെ സന്തോഷവും പകര്‍ന്ന് തന്നവളാണ് ഭാഷ.
[ ഭൂമിയുടെ ഉല്‍പ്പത്തി മുതല്‍ ശബ്ദരൂപത്തില്‍ അവതരിച്ച ഭാഷയ്ക്ക് മനുഷ്യസമൂഹത്തില്‍ ഉള്ള  സ്വാധീനത്തെക്കുറിച്ചാണ് സച്ചിദാനന്ദന്റെ മലയാളം എന്നകവിതയില്‍ വര്‍ണ്ണിക്കുന്നത്.ഗന്ധമായും നാദമായും നിറമായും ഭാഷ സ്വാധീനിക്കുന്നു.പഴമൊഴികള്‍ക്കും കടംകഥകള്‍ക്കും ഭാഷയില്‍ സ്ഥാനമുണ്ട്.മലയാളഗദ്യം കാല്‍പ്പനികഭാഷയെ പരിചയപ്പെടുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലെ ബൈബിള്‍ തര്‍ജമയിലൂടെയാണ്]


സച്ചിദാനന്ദന്‍









Thursday, May 17, 2012

സൗന്ദര്യപൂജ




















 *******************************************************************************
പി.കുഞ്ഞിരാമന്‍നായര്‍
  പ്രകൃതി സ്നേഹിയായ കവി.കളിയച്ഛന്‍,  സൗന്ദര്യപൂജ ,പൂമൊട്ടിന്റെ കണി,നരബലി,ചന്ത പിരിഞ്ഞിട്ടും ഇവ പ്രധാന കൃതികള്‍ 
താമരത്തോണി,വസന്തോത്സവം,കവിയുടെ കാല്‍പ്പാടുകള്‍,നിത്യകന്യകയെത്തേടി ,ഓണപ്പൂവ്‌,നിറപറ  ഇവയും കുഞ്ഞിരാമന്‍നായരുടെ കൃതികളാണ്.കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്.

കേരളീയ പ്രകൃതിയെ കവിതയിലേക്ക് സന്നിവേശിപ്പിച്ച മലയാള കവികളില്‍ കുഞ്ഞിരാമന്‍ നായരുടെ സ്ഥാനം ഒന്നാമതാണ്.പ്രകൃതി സൗന്ദര്യത്തില്‍ അദ്ദേഹം ലയിച്ചതിന്റെ തെളിവാണ് സൗന്ദര്യപൂജ .പ്രകൃതി സൗന്ദര്യത്തില്‍ മതിമറന്ന അദ്ദേഹത്തിന്‍റെ മനസ്സില്‍ പ്രഭാതംപൂക്കളമിട്ടു.സന്ധ്യ ഓണത്തിന്റെ കുമ്പിളേന്തി.ഭാഷയുടെ അനിര്‍വചനീയ സൌന്ദര്യം ഈ കവിതയില്‍ കാണാം.


Friday, May 4, 2012

വാക്കിന്‍റെ കൂടെരിയുന്നു

                                       വാക്കിന്‍റെ കൂടെരിയുന്നു


ഗൂഗി വാ തി ഓംഗോ എന്ന കെനിയന്‍ എഴുത്തുകാരന്‍ മാതൃഭാഷയായ 'ഗികുയു' വിന്മേല്‍ ഇംഗ്ലീഷ് ഭാഷ ആധിപത്യം അടിച്ചേല്‍പ്പിച്ചതിന്റെ അനുഭവങ്ങളെ വളരെ ഹൃദ്യമായ്‌ വര്‍ണ്ണിക്കുന്നു.
   കെനിയയിലെ സാധാരണക്കാര്‍ ഗികുയു ഭാഷയില്‍ പാട്ട്പാടി കഥകള്‍ പറഞ്ഞ് പാടത്തും പറമ്പിലും ജോലി ചെയ്തു കഴിഞ്ഞ് വന്നു.കര്‍ഷക കുടുംബത്തില്‍ മനുഷ്യേതരജീവികള്‍ കഥാപാത്രങ്ങളായ  നാടോടിക്കഥകള്‍ കേട്ടാണ് ഗൂഗി വാ തി ഓംഗോ വളര്‍ന്നത് .ശക്തനെ ബുദ്ധികൊണ്ട് തോല്‍പ്പിക്കാന്‍ പറ്റും എന്നും മറ്റുമുള്ള സന്ദേശം പകര്‍ന്നു കിട്ടിയത്‌ അത്തരം കഥകളിലൂടെയാണ്.
   മനുഷ്യന്‍ മുഖ്യകഥാപാത്രമായ കഥകളിലൂടെ തിന്മയോടുള്ള എതിര്‍പ്പ്,സഹാനുഭൂതി ,സഹകരണം എന്നിവ പഠിച്ചു.വാക്കുകളിലൂടെ ഭാഷയുടെ ശക്തി അവര്‍ മനസ്സിലാക്കി.ഭാഷയിലൂടെ വീടും വയലും അവര്‍ക്ക്‌ വിദ്യാലയങ്ങളായി.
    ഗൂഗി വാ തി ഓംഗോ  ഒരു  കൊളോണിയല്‍ സ്കൂളില്‍ ചേര്‍ന്നു.രമണീയമായ ലോകത്തെ പകര്‍ന്നു തന്ന സ്വന്തം ഭാഷയെ നഷപ്പെടുത്തിയത് സ്വന്തം സംസ്കാരം നശിപ്പിക്കലാണെന്ന്‍ അദ്ദേഹം വിലയിരുത്തുന്നു.ഇടയ്ക്ക് ദേശീയവാദികള്‍ നടത്തുന്ന സ്കൂളുകളില്‍ ചേര്‍ന്നപ്പോള്‍ തന്‍റെ ഭാഷയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരംകിട്ടിയിരുന്നതായി അദ്ദേഹം ഓര്‍ക്കുന്നു.
   1952 ഇല്‍ കെനിയയില്‍ അധിനിവേശ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ വിദ്യാഭ്യാസ ഭാഷ ഇംഗ്ലീഷ് ആയിത്തീര്‍ന്നു.ഗികുയു ഭാഷയില്‍ സംസാരിച്ചതിന് കുറ്റവാളിയെപ്പോലെ പിടിച്ചത്‌ അപമാനകരമായിരുന്നുവെന്നു അദ്ദേഹം ഓര്‍ക്കുന്നു.കെനിയന്‍ കുട്ടികള്‍ക്ക്‌ നഷ്ട്ടമായത് സ്വന്തം സംസ്കാരമാണെന്ന് അദ്ദേഹം പറയുന്നു.മാതൃഭാഷയില്‍ സംസാരിച്ചാല്‍ ഒരു ബട്ടണ്‍ കുട്ടിക്ക്‌ കിട്ടും.അവന്‍ അത് മാതൃഭാഷ സംസാരിക്കുന്ന അടുത്ത കുട്ടിക്ക്‌ കൈമാറണം .ഇങ്ങനെ കൈമാറിയ കുട്ടികളെ കുറ്റവാളികളെ പോലെ കണ്ടിരുന്നതും അദ്ദേഹം മറച്ചുവയ്ക്കുന്നില്ല.കഴിവിന്റെ അളവുകോല്‍ ഇംഗ്ലീഷ് ഭാഷ ആയിത്തീര്‍ന്നു.വര്‍ണ്ണവിവേചന സ്വഭാവം അക്കാല വിദ്യാഭ്യാസത്തിനുണ്ടായിരുന്നു.[മലയാളം സംസാരിച്ചതിന് പിഴയടക്കേണ്ടി വന്നമലയാളിയെ ഓര്‍ക്കുക]നാട്ടുഭാഷയെ നിരാകരിച്ചു കൊണ്ടല്ല ഇംഗ്ലിഷ് ഭാഷയെ വളര്‍ത്തേണ്ടത്.
  അധിനിവേശസംസ്കാരം ഇംഗ്ലിഷ് ഭാഷയേയും സാഹിത്യത്തേയും വളര്‍ത്തിയതോടൊപ്പം കെനിയന്‍ ഭാഷയേയും സാഹിത്യത്തേയും അടിച്ചമര്‍ത്തി.സ്വന്തം സംസ്കാരത്തില്‍ നിന്നും അന്യമാക്കപ്പെട്ട ജനതയെ ഏത് ശക്തിക്കും കീഴ്പ്പെടുത്താനാകും എന്നാണ് ഗൂഗി വാ തിഓംഗോ വ്യക്തമാക്കുന്നത്.
 ഗൂഗി വാ തിഓംഗോ                                     ഡികോളനൈസിങ്ങ് ദി മൈന്‍ഡ്‌


[ഗൂഗി വാ തിഓംഗോ ആംഗലഭാഷയില്‍ ശ്രദ്ധേയനായ നോവലിസ്റ്റായ്‌ മാറി.എഴുത്തിന്റെ പരകോടിയില്‍ എത്തിയപ്പോള്‍ താനിനി ഇംഗ്ലിഷില്‍ എഴുതില്ല എന്നും സ്വന്തം ഭാഷയായ ഗിയുകുവില്‍ മാത്രമേ എഴുതൂ എന്നും തീരുമാനിച്ചു.പ്രശസ്തിയുടെ അങ്ങേയറ്റത്ത് നിന്ന് ബഹുമതികള്‍ വാരിക്കൂട്ടുമ്പോള്‍ ആണ് ഈ എഴുത്തുകാരന്‍ സ്വന്തം ഭാഷയിലേക്ക്‌ തിരിച്ചു വന്നത്.'എനിക്ക് തോന്നുമ്പോള്‍ വിവാഹിതനാകും' എന്ന നാടകമെഴുതിയതിന് 1980 ഇല്‍ തടവിലായ്‌.]

Saturday, April 28, 2012

എന്റെ ഭാഷ-വള്ളത്തോള്‍

എന്റെ ഭാഷ

സംസാരിക്കാന്‍ ശ്രമിക്കുന്ന ഒരു കുഞ്ഞ്‌ ആദ്യമായ്‌ അമ്മയെന്നാണ് പറയുന്നത്.മറ്റുള്ള ഭാഷകള്‍ വളര്‍ത്തമ്മമാര്‍ മാത്രമാണ്.ഒരു മനുഷ്യന് പെറ്റമ്മയ്ക്ക്  തുല്യമാണ് മാതൃഭാഷ.അമ്മിഞ്ഞപ്പാല്‍ നുകര്‍ന്നാലെ ഒരു കുഞ്ഞ്‌ പൂര്‍ണ്ണ വളര്‍ച്ച നേടൂ.അമ്മ തരുന്നതെന്താണോ അത് നമുക്ക്‌ അമൃതായ് തോന്നും.വേദമാകട്ടെ ശാസ്ത്രമാകട്ടെ കാവ്യമാകട്ടെ നമ്മുടെ ഹൃദയത്തില്‍ പതിയണമെങ്കില്‍ സ്വന്തം ഭാഷയിലൂടെ ആകണം.സ്വഭാഷയാകുന്ന വെള്ളത്തുള്ളികള്‍ നമ്മുടെ മനസ്സില്‍ തേനായ് പതിക്കുമ്പോള്‍ അന്യഭാഷകള്‍ പുറമേ പതിക്കുന്ന തുള്ളികള്‍ മാത്രമായിരിക്കും.രാമായണവും പഞ്ചമ വേദവും ഉപനിഷത്തും മലയാളികളെ കേള്‍പ്പിച്ച മലയാളം കഴിവില്ലാത്തവള്‍ എന്ന്‍ ആരു പറയും?വൈദേശീയാധിപത്യത്തിന്റെ ഇരുള്ക്കുണ്ടില്‍ നിന്നും കയറാനുള്ള ഏക പിടിക്കയര്‍ ആണ് മാതൃഭാഷ.പെറ്റമ്മയ്ക്ക് പകരമാവില്ല വളര്‍ത്തമ്മ.

ജനനം മുതല്‍ മരണം വരെ ഒരാള്‍ ഭാഷയ്ക്കകത്താണ് ജീവിക്കുന്നത്.ഒരു ജനത ഉയിര്‍ത്തെഴുന്നേല്‍പ്പ് നടത്തേണ്ടതും ഭാഷയാകുന്ന ആയുധം ഉപയോഗിച്ചാണ്.ആത്മാവിന്റെ ആവിഷ്ക്കാരം സാധ്യമാകുന്നത് മാതൃഭാഷയിലൂടെയാണ്.
വള്ളത്തോള്‍ നാരായണമേനോന്‍ - (സാഹിത്യമഞ്ജരി,ഏഴാം ഭാഗം)
ചോദ്യങ്ങള്‍
1.ഭാഷ പിടിക്കയറാകുന്നത് എങ്ങനെ?
2.കൈരളിയെ സാമര്‍ഥ്യമില്ലാത്തവള്‍ എന്ന് പറയുന്നത് എന്ത് കൊണ്ട്‌?ഭാഷയെ ഇങ്ങനെ വിളിക്കുന്നത് ആര്?
ലിങ്ക് 

ദിക്ക് തെറ്റിയ പെണ്‍പക്ഷി

                                                                                                              


വാക്കാം വര്‍ണ്ണക്കുട ചൂടി.....ദിക്ക്   തെറ്റിയ പെണ്‍പക്ഷി

ദിക്ക് തെറ്റിയ പെണ്‍ പക്ഷി കരയുന്നു.തന്റെ കുഞ്ഞും കൂടും തേടുന്ന അമ്മയുടെ ദു:ഖം പറഞ്ഞറിയിക്കാനാവില്ല.ആ കിളിയുടെ കൂടും കുഞ്ഞിനേയും അറിയാവുന്ന കവിക്ക് അറിഞ്ഞുകൂടാത്തത് കിളിയുടെ ഭാഷയാണ്‌..ജീവിതത്തില്‍ ഒരാളുടെ വികാരവിചാരങ്ങളെ ആവിഷ്കരിക്കാന്‍ ഭാഷ വഹിക്കുന്ന പങ്ക് പരമമാണ്.സ്വന്തം ഭാഷ മാത്രമാണ് ഉരുകിയൊലിപ്പിക്കുന്ന പ്രശ്നങ്ങള്‍ക്കിടയില്‍ നമുക്ക് തണലാകുന്ന വര്‍ണ്ണക്കുടയാകുന്നത്.നമ്മുടെ നൊമ്പരങ്ങളില്‍ ആശ്വാസം നല്‍കുവാനും സന്തോഷങ്ങളില്‍ ഒപ്പം നില്‍ക്കുവാനും നമുക്കൊപ്പമുള്ളവര്‍ക്ക് സാധ്യമാകുക ഭാഷയിലൂടെയാണ്.

വിധി                                                                                   കലാപ്രിയ

                പരിഭാഷ :ആറ്റൂര്‍ രവിവര്‍മ്മ