Showing posts with label എട്ടാംക്ലാസ് കേരളപാഠാവലി യൂണിറ്റ് 2. Show all posts
Showing posts with label എട്ടാംക്ലാസ് കേരളപാഠാവലി യൂണിറ്റ് 2. Show all posts

Monday, November 15, 2021

മുക്തകങ്ങൾ

മുക്തകം 1


 കയ്പയ്ക്ക അഥവാ പാവയ്ക്കയെ വർണിക്കുന്ന മനോഹരമായൊരു ശ്ലോകമാണ് "പാടത്തിൻ കര"എന്നാരംഭിക്കുന്ന മുക്തകം -

"വയലിന്റെ കര മുഴുവനും നീല നിറമാകത്തക്ക തരത്തിലും വേലിക്ക് ആഘോഷമാകുന്ന രീതിയിലും ആടിത്തൂങ്ങിയലഞ്ഞുകൊണ്ട് ലോകത്തിന്റെ സുകൃതമാണോ എന്ന് തോന്നുമാറ് നിൽക്കുന്ന അല്ലയോ കയ്പവള്ളിയുടെ കിടാങ്ങളേ , അമൃതിന്റെ അഹങ്കാരത്തപ്പോലും മറികടക്കാൻ കഴിവുള്ള നിങ്ങൾ എന്റെ കൈയിലേക്ക് വേഗം വരിക "

കവി കയ്പക്കയിൽ മനുഷ്യത്വം കൽപിച്ചിരിക്കുന്നു.  കയ്പ്പവല്ലിയുടെ  കിടാങ്ങളെ എന്ന് വിളിക്കുമ്പോൾ ഈ തോന്നൽ  നമുക്ക് അനുഭവപ്പെടുന്നു.. പ്രകൃതിയാകുന്ന അമ്മയുടെ പുണ്യമായാണ് പാവക്കയെ കാണുന്നത്..അമൃതിനെ പോലെ പാവയ്ക്കാ ഔഷധ ഗുണമുള്ളതും ആയുസ്സിന് ബലം നൽകുന്നതുമാണ്.പാവയ്ക്കായെ  കുട്ടികൾക്ക് തുല്യമായാണ് കവി കാണുന്നത്.. കുട്ടികൾ വീടിന് സുകൃതമാണ്,പുണ്യമാണ്. അതുപോലെ വേലിക്കൊരാഘോഷമാണ് പാവയ്ക്കാ.. കുട്ടികളുടെ മുൻപിൽ മുതിർന്നവരുടെ അഹങ്കാരത്തിന് യാതൊരു സ്ഥാനവുമില്ല... അതുപോലെയാണ് അമൃതിന്റെ അഹങ്കാരത്തെ പാവയ്ക്കാ ഇല്ലാതാക്കുന്നു.. കുട്ടികളെ എടുക്കാനുള്ള ഇഷ്ടത്തെ പോലെയാണ്  പാവയ്ക്കാകൂട്ടങ്ങളേ   എന്റെ അടുത്തേക്ക് വരൂ എന്ന് കവി പറയുന്നത്....

                                                                       

                                           ചേലപ്പറമ്പു നമ്പൂതിരി

മുക്തകം 2

                         നാലപ്പാട്ട് നാരായണമേനോൻ

"മനോഹരമായ കൊട്ടാരത്തിന്റെ പൂന്തോട്ടത്തിലെ കുളിർ കൽത്തറയിൽ രാജാക്കന്മാർ എത്തി വിശ്രമിക്കുകയും ലീലകളിലേർപ്പെടുകയും ചെയ്യുമ്പോൾ രാജാക്കന്മാരുടെ പരിഗണനയ്ക്കും ലാളനയ്ക്കും പാത്രമാവാൻ അവസരം ലഭിച്ചു കൊണ്ട് വളരുന്ന സുന്ദരമായ പൂവല്ലിയ്ക്കും , ആരുടെയും ശ്രദ്ധയിൽപ്പെടാതെ മതിലിന്റെ വിടവിൽ മുളച്ച് പുറത്തേക്ക് എത്തി നോക്കാൻ പാടുപെടുന്ന പാഴ് വള്ളിക്കും സൂര്യൻ തന്റെ കിരണങ്ങൾ തുല്യമായി നൽകുന്നു

അവസ്ഥ പരിഗണിക്കാതെ എല്ലാറ്റിനെയും സമഭാവനയോടെ (ഒരുപോലെ )കാണാനുള്ള സൂര്യന്റെ കഴിവിനെ ഈ മുക്തകം വെളിപ്പെടുത്തുന്നു. ജാതി, മതം, വർഗം ദേശം തുടങ്ങിയവ സാമൂഹികമായ ഉച്ചനീചത്വങ്ങൾ സൃഷ്ടിക്കുന്നു. അധികാരവർഗമെന്നും സാധാരണക്കാരെന്നും രണ്ടു വിഭാഗങ്ങൾ ഉണ്ടാകാൻ അത് കാരണമാകുന്നു..

പ്രകൃതിയുടെ സമഭാവനയാണ് ഈ മുക്തത്തിലൂടെ നാലപ്പാട്ട് വിശദീകരിക്കുന്നത്..

സംക്ഷേപണം എന്ന കഴിവ് ഏറെ ബോധ്യപ്പെടുത്തുന്നതാണ് മുക്തകങ്ങളുടെ രചന.

'ചുരുക്കിപ്പറയുക അല്ലെങ്കിൽ സംക്ഷേപിച്ച് പറയുക ' അപ്പോഴാണ് മുത്തു പോലെ മൂല്യവും വേറിട്ട് നിൽക്കുന്നതുപോലെയുമുള്ള  സൗന്ദര്യവും ദൃശ്യമാവുക.

  മുക്തകങ്ങളുടെ ജീവൻ ഇപ്പോഴും നിലനിൽക്കുന്നത് അക്ഷരശ്ലോകസദസ്സുകളിലൂടെയാണ്

                             

                                

Thursday, November 12, 2020

കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാഗീതം- കെ .പി അപ്പൻ






                                                 ദൃശ്യാവിഷ്ക്കാരം 
കെ പി അപ്പന് മഴയേക്കാൾ ഇഷ്ടം കാർമുകിലാണെന്നാണ്  പറഞ്ഞു വയ്ക്കുന്നത് .പെയ്യാൻ വിതുമ്പി നിൽക്കുന്ന കാർമേഘങ്ങളാണ് കെ പി അപ്പന്  ഇഷ്ടം. ഒഴുകാൻ ഒരുങ്ങിനിൽക്കുന്ന കാർമേഘം പ്രവാഹ സന്നദ്ധമായ മനസ്സു പോലെയും കവിത പോലെയും ആശയങ്ങൾ പോലെയും ആണ് കാർമേഘങ്ങൾ കവിതയെഴുതാൻ  പ്രചോദനമാകാറുണ്ട്. രാവിലെയുള്ള കാർമേഘത്തിനാണ് കൂടുതൽ സൗന്ദര്യം. ചിലപ്പോൾ ആകാശത്തിൽ ഒരു കറുത്ത സിംഹം  നിൽക്കുന്നതു പോലെ തനിക്ക് കാർമേഘത്തെ തോന്നാറുണ്ട്. ചിലപ്പോൾ കൊടുമുടികളായും പർവ്വതമായും തോന്നാറുണ്ട്. ഉറക്കത്തിന് കാർമേഘത്തിന്റെ  നിറമാണെന്ന് വെറുതെ ചിന്തിക്കാറുണ്ട്. ഇതൊക്കെ വെറും കിറുക്കുകളാണ് എന്ന്  മറ്റുള്ളവർക്ക് തോന്നാം.

മേഘത്തെ പോലെ ഏകാകി എന്ന വേർഡ്സ് വർത്ത്  കല്പന തനിക്ക് വളരെ ഇഷ്ടമായിരുന്നു. വില്യം ബ്ലേക്ക് മേഘത്തെ ദൈവത്തിന്റെ  പേരായാണ് സങ്കൽപ്പിച്ചത് .യേറ്റ്സ് ന് മേഘം എന്ന് പറയുന്നത് ഉപയോഗമില്ലാത്ത തത്വമാണ്. ചില കവികൾ മേഘങ്ങളെ ഈശ്വരന്റെ  തൂണുകളായി സംഘടിപ്പിച്ചിരിക്കുന്നു. ചില കവികൾ ദൈവത്തിന്റെ  ഇരുണ്ട തേരായാണ് മേഘങ്ങളെ സങ്കൽപ്പിച്ചത് .മേഘം സൂര്യന് എതിരെയുള്ള രക്ഷാകവചമാണ്. ഖനീഭവിച്ച മഴയാണ് .ഭൂമിയെ പുഷ്പിപ്പിക്കുന്ന അനുഗ്രഹമാണ്.

അരിസ്റ്റോഫനീസ് മേഘങ്ങൾ എന്ന കോമഡിയിൽ സോക്രട്ടീസിന്റെ  ദൈവനിന്ദയെ വിമർശിച്ചു.അതിൽ മേഘങ്ങളുടെ സംഘഗാനം നാം കേൾക്കുന്നു. കാറ്റും കൊടുങ്കാറ്റും കൊണ്ടുവരുന്നത് മേഘങ്ങൾ ആണെന്നാണ് അതിൽ പറയുന്നത്. കാറ്റും മഴയും കൊണ്ടുവരുന്നത് സ്യൂസ് ദേവനല്ല മേഘങ്ങൾ ആണെന്ന് 
 പറയുന്നു.മേഘങ്ങൾ ഉണ്ടാകുന്നത് ഊർജ്ജം മൂലമാണെന്നാണ് സോക്രട്ടീസ് പറയുന്നത്. ഡിനോസ് എന്ന വസ്തുവാണ് മേഘത്തെ സൃഷ്ടിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ  വാദം .സോക്രട്ടീസിനെ കളിയാക്കാനാണ് അരിസ്റ്റോഫനീസ് മേഘങ്ങൾ എന്ന കോമഡി ഉണ്ടാക്കിയത് .

ബൈബിളിൽ മേഘങ്ങളുടെ വരവും പോക്കും മനുഷ്യന് അജ്ഞാതമാണ് എന്ന് പറയുന്നുണ്ട്. മേഘം അനിത്യതയുടെ പ്രതീകമായാണ് ബൈബിളിൽ പറയുന്നത് ചിലപ്പോൾ കഷ്ടതയുടെ അടയാളമായി സൂചിപ്പിക്കുന്നുണ്ട് വാർധക്യത്തിന്റെ  ലക്ഷണമായും മേഘം വിഭാവന ചെയ്യപ്പെടുന്നു. ഇയ്യോബിന്റെ  പുസ്തകത്തിൽ മഴവെള്ളം മേഘങ്ങളിൽ നിറച്ചു വെച്ചിരിക്കുന്നു എന്ന് പറയുന്നു.മഹത്വത്തിന്റെ  അടയാളമായും മേഘത്തെ പറയുന്നുണ്ട്. സമുദ്രത്തിന്റെ  വസ്ത്രമായും മേഘം സൂചിപ്പിക്കപ്പെടുന്നു .പുറപ്പാട് പുസ്തകത്തിൽ മേഘം ദൈവത്തിന്റെ  സാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത് ദൈവത്തെ ജനങ്ങളിൽനിന്ന് മേഘം മറച്ചുപിടിക്കുന്നു എന്നും പറയുന്നുണ്ട് .മേഘങ്ങൾ യഹോവയുടെ രഥമാണെന്നും മിശിഹായും അവന്റെ  ഭക്തന്മാരും സ്വർഗ്ഗത്തിലേക്ക് മേഘത്തിലൂടെ പ്രവേശിക്കുന്നു എന്ന് ബൈബിളിൽ പറയുന്നു .

മേഘങ്ങളെ കാണുമ്പോൾ പി കുഞ്ഞിരാമൻനായരുടെ കർക്കടക മാരിമേഘം വരുന്നുവെന്ന വരികൾ കെ പി അപ്പൻ ഓർത്തു .ഈ ലേഖനം കാർമുകിലിനുള്ള അർച്ചനാ ലേഖനം മാത്രമല്ല കാർമുകിലിനെക്കുറിച്ചുള്ള കിറുക്കുകൾ കൂടിയാണെന്നാണ് കെ പി അപ്പൻ പറയുന്നത്

Wednesday, November 11, 2020

പൂക്കളും ആണ്ടറുതികളും _വി ടി ഭട്ടതിരിപ്പാട്


 കേരളം ഒരു കാർഷിക രാജ്യമാണ്. പുഷ്പങ്ങളാൽ സമ്പന്നമാണ് കേരളം. മുല്ലത്തറ ഇല്ലാത്ത വീടില്ല. തുളസിച്ചെടി വെള്ളിയിലച്ചെടി, മുക്കുറ്റി, മന്ദാരം ചെമ്പരത്തി ,കോളാമ്പി, ശംഖുപുഷ്പം ഇങ്ങനെയുള്ള പൂക്കളെക്കൊണ്ട് നിറഞ്ഞ പൂപ്പാത്രമാണ് കേരളം. പൂവിറുത്ത് മാലകെട്ടൽ ,പൂക്കളം വരക്കൽ, പൂജയ്ക്ക് ഒരുക്കൽ ഇതൊക്കെ കേരളീയ ജനതയുടെ ദൈനംദിന പ്രവർത്തനങ്ങളാണ് .പുഷ്പം ആത്മാവിന്റേയും ജീവിതത്തിന്റേയും പ്രതീകമാണെന്നാണ് കവികൾ പറയുന്നത് .ലക്ഷ്മിയും സരസ്വതിയും താമരയിലാണ് വിരാജിക്കുന്നത് .കവികളുടെ നായികാനായകന്മാരേയും ഉപമിക്കുന്നത് പൂക്കളെപ്പോലെ എന്നാണ്. കുട്ടികളുടെ ആദ്യപാഠം ആരംഭിക്കുന്നതുതന്നെ കൈയാകുന്ന താമരപ്പൂവ് കൊണ്ട് കാലാകുന്ന താമരപ്പൂവിനെ മുഖമാകുന്ന താമരപ്പൂവിൽ ചേർത്തുവച്ചിരിക്കുന്ന കൃഷ്ണനെ ഞാനോർക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് .

പ്രശ്നങ്ങളുള്ള സാധാരണ ജീവിതത്തിൽ നമ്മളെ അലട്ടിക്കൊണ്ടിരിക്കുന്ന താളപ്പിഴകൾക്കിടയിലും കർമ്മം ചെയ്യാനും ചെയ്ത കാര്യങ്ങളോർത്തു സന്തോഷിക്കാനും കിട്ടുന്ന വിശേഷ സന്ദർഭങ്ങളാണ് ആണ്ടറുതികൾ.കേരളത്തിന് മൂന്ന് ആണ്ടറുതികൾ ഉണ്ട്. ഓണം, വിഷു, തിരുവാതിര .വിഷു അധ്വാനത്തിന്റെ ഉത്സവമാണ്. ഓണം സമൃദ്ധിയുടെ ഉത്സവമാണ്. തിരുവാതിര സൗന്ദര്യത്തിന്റെ പ്രതീകമാണ്.

 മുണ്ടകൻ കൊയ്ത്തു കഴിഞ്ഞാൽ കർഷകർ എല്ലാവരും സ്വതന്ത്രരായി .പുതു മഴ പെയ്തു മണ്ണു കുളുർക്കുന്നതുവരെ അവർ വിശ്രമത്തിലാണ്. പിന്നീട് ചാമുണ്ഡിക്കാവിന്റെ മുറ്റത്ത് പൂത്തുനിൽക്കുന്ന കുങ്കുമം അടുത്ത ഉത്സവത്തിനുള്ള കളിവിളക്ക് നാട്ടലാണ്.വിഷുപ്പക്ഷി കർഷകരെ വിളിച്ചുണർത്തുന്നു .കർഷകർ അധ്വാനിക്കുന്നു .അവരുടെ അധ്വാന ഫലത്തിന്റെ പ്രതീകമാണ് ഉരുളിയിലെ കണിക്കൊന്നയും കണിവെള്ളരിയും നാളികേരമുറിയും ഉണങ്ങലരിയും വെറ്റിലയും അടക്കയും എല്ലാം.വാൽക്കണ്ണാടിയും സ്വർണ്ണവും രാമായണവും  അലക്കിയ വസ്ത്രവും അവർ നിലവിളക്കിനു മുന്നിൽ പ്രദർശിപ്പിക്കുന്നു.

 അടുത്തത് ഓണമാണ്. എല്ലാ ചീത്ത വിചാരങ്ങളുടേയും വൃത്തിഹീനതകളുടേയും ശുദ്ധീകരണമാണ് ഓണത്തിന് പ്രധാനം .ചേട്ടയെ കളയുക എന്നൊരു ചടങ്ങുണ്ട്. ഒരു പൊട്ടക്കലത്തിൽ എല്ലാ അശുദ്ധിയും സ്വീകരിച്ച ഒരു സ്ത്രീ ചൂലും ചാണക വെള്ളവുമായി പടിക്ക്‌ പുറത്തിറങ്ങുമ്പോൾ ചേട്ടേ ചേട്ടേ പോ പോ എന്ന് പറയും. അങ്ങനെ ഐശ്വര്യം അകത്തും  ചേട്ട പുറത്തും എന്നൊരു സങ്കൽപത്തിലൂടെയാണ് ഈ ആചാരം കൈവന്നത്. കർക്കിടക കാലം പട്ടിണിക്കാലമാണ് .പത്തായം കാലിയാകും. ചിങ്ങമാസത്തിന്റെ പിറവി  സ്വപ്നം കണ്ട് കർഷകൻ ഈശ്വര വിചാരത്തിലും ഇലക്കറികൾ കഴിച്ചും രാത്രിയും പകലും തള്ളിനീക്കും.അപ്പോഴാണ് മത്തയുടെ പൂവിരിയുന്നത്. ഓണക്കാലം വരവായി എന്ന് എല്ലാവരും കണക്ക് കൂട്ടും. വട്ടൻ എന്നാൽ ഒരു നെല്ലാണ് .അതിന്റെ ചുണ്ട് ചുവന്നാൽ അത്തം മുറ്റത്തെത്തുമെന്നാണ്. കുട്ടികൾ പൂക്കൾ ശേഖരിച്ച് മുറ്റത്ത് പൂക്കളമിടുന്നു. കേരളത്തിന്റെ പരദൈവമായ തൃക്കാക്കരത്തേവരുടെ ഉത്സവത്തിന് പച്ചമണ്ണുരുട്ടി ജനങ്ങൾ അദ്ദേഹത്തെ ആരാധിക്കും .

അടുത്ത ആണ്ടറുതിയാണ് തിരുവാതിര. സുമംഗലികളാണ് തിരുവാതിരയാഘോഷിക്കുന്നത്. ഭർത്താവിന്റെ ഇഷ്ടം നേടുക എന്നതാണ് ലക്ഷ്യം. ശ്രീപാർവ്വതിയെയാണ് അവർ ആരാധിക്കുന്നത്. ഭർത്താവിന്റെ പ്രീതി കിട്ടാൻ വേണ്ടി കുറേക്കാലം തപസ്സനുഷ്ഠിച്ച പാർവതിയിൽ ശിവന് അനുരാഗം ജനിപ്പിച്ച രതി കാമന്മാരെ പൂജിക്കുകയും അങ്ങനെ കുടുംബത്തിന് സൗഖ്യം വരുത്തുകയും ചെയ്യുക എന്നതാണ് ഉദ്ദേശ്യം.രാവിലെതന്നെ തെളി വെള്ളത്തിലിറങ്ങി സുമംഗലിമാർ കൂട്ടുകാരികളോടൊത്ത് ആടുകയും പാടുകയും ചെയ്യുന്നു .വെള്ളവസ്ത്രം ധരിച്ച് ഊഞ്ഞാലാടുകയും കൈകൊട്ടിക്കളിക്കുകയും ചെയ്യുന്നു.

 നടുമുറ്റത്ത് ഒത്ത്ചേർന്ന് ആതിരപ്പൂ ചൂടുന്നു .അധ്വാനിക്കുക അനുഭവിക്കുക ആഹ്ലാദിക്കുക ഇതാണ് കേരളീയരുടെ ജീവിതാദർശം. ഇവിടത്തെ പൂക്കളും പ്രകൃതിയും ആണ്ടറുതികളും അതിന് അനുകൂലമായ ഒരു സാഹചര്യം ഒരുക്കിത്തരുന്നു.