Showing posts with label oldപത്താംക്ലാസ്സ്‌ കേരളപാഠാവലി. Show all posts
Showing posts with label oldപത്താംക്ലാസ്സ്‌ കേരളപാഠാവലി. Show all posts

Sunday, September 23, 2012

ഉരുളികുന്നത്തിന്റെ ലുത്തീനിയ


കോട്ടയത്തെ ഉരുളികുന്നം എന്ന സ്വന്തം ഗ്രാമത്തില്‍ പിറക്കാന്‍ സാധിച്ചത് തന്‍റെ ഭാഗ്യമായി സക്കറിയ കരുതുന്നു.താന്‍ ആ നാടിന്‍റെ കല്ലിന്റെയും മുള്ളിന്റെയും കാറ്റിന്‍റെയും ഫലമായുണ്ടായ വെറും ഉല്‍പ്പന്നം മാത്രമാണെന്ന് അദ്ദേഹം പറയുന്നു.

ലുത്തീനിയ എന്നാല്‍ പ്രാര്‍ത്ഥനയെന്നാണര്‍ത്ഥം.ഉരുളികുന്നത്തെ പ്രത്യേകതകളാണ് സക്കറിയ  എന്ന സാഹിത്യകാരനെ ജനിപ്പിച്ചത് എന്ന് പറയുമ്പോള്‍ നാടിന്‍റെ മഹത്വം വ്യക്തിത്വത്തേക്കാള്‍ എത്രയോ പടി മുന്നിലെന്ന് അദ്ദേഹം കരുതുന്നു!

വീട്ടുമുറ്റങ്ങള്‍ ,പാറക്കെട്ടുകള്‍ ,റബ്ബര്‍തോട്ടങ്ങള്‍ ,തെങ്ങിന്‍പറമ്പുകള്‍ ,കമ്മൂണിസ്റ്റ് പച്ചകള്‍ ,ഇഞ്ചി ,കുരുമുളക് ,പ്ലാവ്‌ ,മാവ്‌ ,മഞ്ഞള്‍ ,കമുക്‌ ,കപ്പ ,കാച്ചില്‍ ,കിഴങ്ങ്  ,ചേന ,വാഴ,ചാമ്പ,കാപ്പി,പുളി,കപ്പളം,പശു,പട്ടി,പൂച്ച,പന്നി,കോഴി അങ്ങനെയെല്ലാം അദ്ദേഹം ഓര്‍ക്കുന്നു.തന്‍റെ ചുറ്റിലുമുള്ള നാടുകളുടെ പേരുകള്‍ കൌതുകത്തോടെ അദ്ദേഹം സ്മരിച്ചു.സൂര്യന്‍റെ കീഴില്‍ തന്‍റെ നാടും ഉള്ളതില്‍  അദ്ദേഹം അഭിമാനിക്കുന്നു.

പാറക്കെട്ടുകള്‍ക്ക് മുകളിരുന്നും കുളിക്കുമ്പോഴും പ്രാര്‍ത്ഥിക്കുമ്പോഴും ചോറുണ്ണുമ്പോഴും താന്‍ ദിവാസ്വപ്നം കാണുമായിരുന്നു.മരങ്ങളുടെ തണല്‍ മൂലം ഉരുളികുന്നം ഇരുട്ടും നിഴലും പൂണ്ടുകിടന്നിരുന്നു.പകല്‍ക്കിനാവ് കാണാന്‍ പറ്റിയ സ്ഥലം!

മരങ്ങള്‍ക്കിടയിലൂടെ  നടന്ന്‌ തോടും കടന്ന്‍ കുത്തുകല്ലുകള്‍ കയറിച്ചെന്നാല്‍ തന്‍റെ പാലത്തിങ്കല്‍  വീട് കാണാം.അപ്പന്‍ ,അമ്മ ,പെങ്ങള്‍ പിന്നെ കൃഷികള്‍ ,ജീവികള്‍  ഇങ്ങനെ എല്ലാവരേയും അദ്ദേഹം ഓര്‍ത്തു.


നടക്കുന്നവര്‍  ,  പണിയെടുക്കുന്നവര്‍  ,കുളിക്കുന്നവര്‍  എന്നിങ്ങനെ ചലനാത്മകമായ ഒരു ലോകമാണ് സക്കറിയ നാട്ടില്‍ കണ്ടത്‌. ..തോടുകളിലും പൊയ്കകളിലും കുളങ്ങളിലും കിണറ്റുകരയിലും ആ നാട്ടുകാര്‍ കുളിക്കുന്നതില്‍ ഉല്‍സുകരായിരുന്നു .അമ്മമാര്‍ വടികളുമായ് വരുമ്പോള്‍ മാത്രമേ കരയിലേക്ക്‌ കുട്ടികള്‍ കയറുമായിരുന്നുള്ളൂ.


തനിക്ക്‌ എന്താണ് ആ ഗ്രാമം നല്‍കിയതെന്ന് അദ്ദേഹം ചിന്തിക്കുന്നു.പ്രകൃതിയോട് വിവരിക്കാനാകാത്ത അടുപ്പം തന്നത് ആ നാടാണ്.ഇലയുടെയും മേഘത്തിന്റെയും കല്ലിന്റെയും ചിലന്തിയുടെയും എറുമ്പിന്റെയും മഴത്തുള്ളിയുടെയും മട്ട്മാറ്റങ്ങളെക്കുറിച്ചുള്ള അറിവ്‌;കുന്നും തോടും പറമ്പും കപ്പയും ചക്കയും കപ്പളങ്ങയും നല്‍കിയ ആരോഗ്യം ;ചിരിക്കാനും സന്തോഷിക്കാനും പഠിപ്പിച്ച മനുഷ്യര്‍ ആടയാഭരണങ്ങള്‍  ഇല്ലാത്ത ഭാഷ ;ഇതൊക്കേയും തന്‍റെ നാടിന്‍റെ ദാനങ്ങളാണ് .ആ ഗ്രാമജീവിതത്തിന്റെ ലാളിത്യമാണ് തന്‍റെ  ഭാഷയുടെ കരുത്ത്‌  എന്നദ്ദേഹം പറയുന്നു.ജീവിതത്തിന്‍റെ സങ്കീര്‍ണ്ണതകള്‍ തന്നെ വലച്ചു എങ്കിലും ഇന്നും ബുദ്ധിഭ്രംശം  വരാതെ ജീവിക്കാനാകുന്നത് ഉരുളികുന്നത്ത്കാരനായത് കൊണ്ടാണെന്ന്‌ സക്കറിയ കരുതുന്നു.ഉരുളികുന്നത്തുകാരന്‍ മണ്ണുണ്ണിയാണ് തന്നെ ഉറപ്പുള്ള മനുഷ്യനാക്കുന്നത് എന്നദ്ദേഹം പറയുന്നു.


ബാല്യകാലത്തില്‍ മനസ്സില്‍ പതിഞ്ഞ ഉരുളികുന്നത്തെ തന്‍റെ പ്രാണനായാണ് സക്കറിയ കരുതുന്നത്.ജീവിതത്തില്‍ യാതനകള്‍ അനുഭവിക്കേണ്ടി വന്നപ്പോള്‍ അവ തരണം ചെയ്യാന്‍ സാധിച്ചത് കര്‍ഷകന്‍റെ മഹത്തായ പൊരുള്‍ സമ്മാനിച്ച ഉരുളികുന്നം ഗ്രാമത്തിന്‍റെ പുത്രനായതിനാലാണ് .

ഉരുളികുന്നത്തുകാര്‍ തന്നെ' എഴുത്തുകാരന്‍സക്കറിയ' എന്ന് പറയില്ല ;'പാലത്തുങ്കലെ കറിയാച്ചന്‍ 'എന്നേ പറയൂ. ആ സൗമ്യമായ തിരിച്ചറിയലാണ്  തന്‍റെ ആത്മബലമെന്ന് വിനയാന്വിതനായി അദ്ദേഹം വെളിപ്പെടുത്തുന്നു.

                                          സക്കറിയ

Friday, September 21, 2012

കടമ്മനിട്ട

പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ടയാണ് കവിയുടെ ജന്മദേശം.സ്വന്തം നാട് തന്നെയാണ് കവിക്ക്‌ കവിതാരചനയ്ക്ക് പ്രചോദനമാകുന്നത്.1967 ലെഴുതിയ നാടിന്‍റെ പേരിട്ട കവിതയിലെ കുറച്ചു വരികളാണ് പാഠഭാഗം.

കടമ്മനിട്ട എന്ന ഗ്രാമത്തിലൂടെ രാവിലെ മുതല്‍ രാത്രി വരെ കാഴ്ചകള്‍ കണ്ടുനടന്ന ഒരു മനുഷ്യന്‍റെ ഓര്‍മ്മകളുടെ  രൂപത്തിലാണ് ഈ കവിത രചിച്ചിരിക്കുന്നത്.നെല്ലിന്‍തണ്ടു മണക്കുന്ന വഴികളിലും എള്ളിന്‍ നാമ്പുകുരുക്കും വയലിലും മുഴുകി നടന്ന  കവിക്ക്‌ പ്രായമായതിനാല്‍ ഓര്‍മ്മകള്‍ക്ക് എണ്ണം തെറ്റുന്നു.ഒരു വൃദ്ധന്റെ കുഴഞ്ഞുമറിഞ്ഞ ഓര്‍മ്മകളാണ്  ഈ കവിത.അങ്ങനെ നടക്കുമ്പോള്‍ ഓര്‍മ്മകള്‍ കുന്നിന്‍ ചരിവിലെ മാവിന്‍ കൊമ്പില്‍ ഉണ്ണിമാങ്ങകളായി കണ്ണുമിഴിച്ചുകിടക്കുന്നു.കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകളാണ് ഇത്.ഇടിഞ്ഞുപൊളിഞ്ഞകുളക്കടവില്‍ നാമം ജപിക്കുന്ന തള്ളത്തവളകള്‍ നാട്ടിലെ പ്രായമായവരെ ഓര്‍മ്മിപ്പിക്കുന്നു.


ഒരു ഗ്രാമീണയുവതി തോര്‍ത്തുമുണ്ടെടുത്ത് എണ്ണനിറച്ച കിണ്ണവുമായി കുളിക്കാന്‍ വരുന്നതുപോലെയാണ് പുലരിയെ കണ്ടപ്പോള്‍  കവിക്ക്‌ തോന്നിയത്‌.... ................കവി പുല്‍ക്കൊടിയെയും പൂക്കളെയും നോക്കി ,കുറുമ്പും കുന്നായ്മയും ഉള്ള തനി ഗ്രാമീണനായ് നടന്നു നീങ്ങുന്നു.കുളക്കരയിലൂടെയുള്ള ആ യാത്രയില്‍ തുണിയഴിച്ച് കൂസലില്ലാതെ പോകുന്ന കുളക്കോഴിപ്പിടയെ കണ്ട കവി നാട്ടിലെ പഴമക്കാരെ അമ്പരപ്പിക്കുന്ന പാശ്ചാത്യപരിഷ്ക്കാരികളായ പുത്തന്‍തലമുറയെ ഓര്‍ത്തുപോയി.
പെട്ടെന്ന് കവിയുടെ കണ്ണുകള്‍ മുള്ളിലുടക്കി.ജീവിതാനുഭവങ്ങള്‍ ചിലപ്പോള്‍ മുള്ളുകള്‍ പോലെ ആകാറുണ്ട്.അങ്ങനെ പലതും ഓര്‍ത്തു നടക്കുമ്പോള്‍ തന്‍റെ മനസ്സിലാണ് ആ ഓര്‍മ്മകള്‍ എന്നതുകൊണ്ട് പാഴ്മുളയായിരിക്കും എന്ന് കവി സങ്കടപ്പെടുന്നു.


എങ്കിലും ഈ സ്മരണകള്‍ കൊണ്ട് പ്രയോജനം ഉണ്ട്.ചെറുമണികള്‍ പെറുക്കി തന്‍റെ മനസ്സിലെ ഓലത്തുഞ്ചത്ത് ഊഞ്ഞാലാടുന്ന കിളിയുടെ വായില്‍ വായ്ക്കരിയായ്‌ ഇട്ടുകൊടുക്കാം.ഓര്‍മ്മകള്‍ ഉറങ്ങുന്ന തന്‍റെ മനസ്സിന് നല്‍കുന്ന ഭക്ഷണമാണ് ഗ്രാമസ്മൃതികള്‍  .ഗ്രാമസ്മൃതികളോടുള്ള വേദനാജനകമായ വിടവാങ്ങലാണ് വായ്ക്കരി.ഓര്‍മ്മകള്‍ കൊണ്ടുള്ള വായ്ക്കരിയും ഓര്‍മ്മകള്‍ക്കുള്ള വായ്ക്കരിയുമാണിത്.


ഓര്‍ക്കാക്കഥയുടെ ശീലുകള്‍ ഓര്‍ക്കുമ്പോള്‍ ഓലേഞ്ഞാലിക്കിളിയുടെ വാലില്‍ ഒമ്പതുശീലക്കൊടികള്‍ കെട്ടിയതും ഓലക്കുടയുടെ കീഴില്‍ താളംചവിട്ടിയതും വെളളം ചെപ്പി ബഹളം കൂട്ടിയതും തെളിയുന്നു.ഓടിച്ചാടി നടന്ന കുട്ടിക്കാലമാണ് ഈ വര്‍ണ്ണനകളിലൂടെ തെളിയുന്നത്.


ഓര്‍മ്മയില്‍ താലോലിക്കുന്ന കൌമാരസ്മരണയില്‍ കവി മുഴുകുന്നു.കാവിലമ്മയ്ക്ക് സമര്‍പ്പിക്കാന്‍ തെച്ചിപ്പൂങ്കുല പറിച്ചുനിന്ന  തന്‍റെ പ്രണയനായികയെ കവി ഓര്‍ക്കുന്നു.അവളുടെ കണ്ണില്‍ വീണ കരട് എടുത്തതും തുടര്‍ന്നുണ്ടായ സ്നേഹപ്രകടനവും കവി ഓര്‍ത്തു.അവള്‍ മുറിവേല്‍പ്പിച്ചതിന്റെ നീറ്റല്‍ ഇപ്പോഴുമുണ്ട്.നഷ്ടമായിപ്പോയ പ്രണയത്തിന്‍റെ ഓര്‍മ്മ കവിയെ വേദനിപ്പിക്കുന്നു.എല്ലാ നീറ്റലിനും ഉള്ള പച്ചമരുന്നുകള്‍ നാട്ടിലുണ്ട്.എന്നാല്‍ ഈ നീറ്റല്‍ മാറ്റാനുള്ള പച്ചില കിട്ടാനില്ല.അതുമാത്രം ആടുതിന്നുപോയത്‌[[[ [[[[(>കിട്ടാനില്ലാത്തത്< കവിയെ അത്ഭുതപ്പെടുത്തുന്നു.നിലാവിനേക്കാള്‍ ഭംഗിയുണ്ട് തന്‍റെ കൌമാരകാലത്തിന്  .തന്നെക്കുറിച്ച് ആളുകള്‍ അപവാദം പരത്തിയത് കൊണ്ടാകാം അവള്‍ തന്നെ ഉപേക്ഷിച്ചത്.


തന്‍റെ ഓര്‍മ്മകള്‍ മൂത്തുനരച്ചു.ഓര്‍മ്മകള്‍ മുതുകിലെ കൂനായ്‌ മാറി.കര്‍ഷകസമൂഹത്തെ ഉള്ളുകൊണ്ട് കണ്ടറിഞ്ഞ കവി അവരെക്കുറിച്ച് ഓര്‍ക്കുന്നു.വൈക്കോല്‍ അരിഞ്ഞും കലപ്പ പിടിച്ചും  വളക്കൂറുള്ള പാടത്ത് ഉഴാനെടുത്ത കാളയുടെ വാലില്‍ തൂങ്ങിനടക്കുന്ന വായാടിക്കുട്ടികള്‍ക്കിടയില്‍ പണ്ട് താനും ഉണ്ടായിരുന്നു.പ്രകൃതിയോട് ഇണങ്ങിയാണ് അവര്‍ ജീവിച്ചത്. ആഞ്ഞിലിമൂട്ടില്‍ മണ്ണപ്പംചുട്ടുകളിച്ചും  ചുട്ടാറ്റിലെ വെള്ളത്തില്‍ മൂത്രമൊഴിച്ചും വളര്‍ന്ന ആ കുട്ടികള്‍ വിളര്‍ത്തും മെലിഞ്ഞും വിശപ്പിന്‍റെ നെഞ്ചത്ത് ആഞ്ഞുതൊഴിച്ചു കറുത്തും വരുന്നത് കവി  കാണുന്നു.കര്‍ഷകരുടെ കയ്പ്പുനിറഞ്ഞ യാതനകള്‍ കൌമാര കാലത്ത്‌ കവിയെ ഏറെ ചിന്തിപ്പിച്ചിരുന്നു.തന്‍റെ ഗ്രാമം തന്നെയാണ് സാമൂഹിക അവബോധം നല്‍കിയത്‌ എന്ന് നന്ദിയോടെ കവി ഓര്‍ക്കുന്നു.


കുറെക്കാലങ്ങള്‍ക്കു ശേഷം തന്‍റെ നാട് കണ്ട കവി മാറ്റങ്ങളെ തിരിച്ചറിഞ്ഞു.തന്‍റെ കുട്ടിക്കാലത്ത്‌ സജീവമായ കുളം ഇന്ന് നശിച്ചിരിക്കുന്നു.ഉപേക്ഷിക്കപ്പെട്ട കുളം ഉപേക്ഷിക്കപ്പെട്ട   നാടിന്‍റെ നന്മയെ സൂചിപ്പിക്കുന്നു.പാതിരായ്ക്ക് ഭഗവതി മാത്രം കുളിക്കുന്ന, പായലും പാഴ്ച്ചെടിയും മൂടിയ പാലക്കൊമ്പിന്‍റെ നിഴലുവീണ കുളം കണ്ട് പേടിച്ചുവിറച്ച് കവി നടക്കുന്നു...


[ വര്‍ഷങ്ങള്‍ക്കുശേഷം നാട്ടിലെത്തിയ കവിയുടെ ഓര്‍മ്മകളില്‍ മാത്രമാണ് ഗ്രാമം നിലനില്‍ക്കുന്നത്.കടമ്മനിട്ടക്കാവും കുളവും പരിസരവും ഈ കവിതയിലൂടെ നമ്മളും ദര്‍ശിക്കുന്നു.പടയണിക്ക് പാടുന്ന ഭൈരവിപ്പാട്ടിന്റെ താളത്തിലാണ് കവിത .

*നാട്ടിന്‍പുറത്തെ കുറിച്ചുള്ള ഓര്‍മ്മ

*നാട്ടിന്‍പുറത്തെ ദാരിദ്ര്യത്തെക്കുറിച്ചുള്ള ഓര്‍മ്മ

*നഷ്ട്ട പ്രണയത്തെ കുറിച്ചുള്ള ഓര്‍മ്മ

*വര്‍ത്തമാനകാല ജീവിതദുരന്തം]
                                                        കടമ്മനിട്ട രാമകൃഷ്ണന്‍




Wednesday, September 19, 2012

തട്ടകം

മുപ്പിലിശ്ശേരി  എന്ന ദേശത്തിന്‍റെ ചരിത്രകഥയാണ് തട്ടകം.ഗുരുവായൂരിനടുത്തുള്ള കണ്ടാണശ്ശേരിയാണ് കോവിലന്റെ നാട്.നോവലില്‍ അത് മുപ്പിലിശ്ശേരി എന്നായി മാറി.കോവിലന്റെ പന്ത്രണ്ടു വര്‍ഷത്തെ ശ്രമഫലമാണ് 'തട്ടകം'.

തട്ടകത്തിലെ മനുഷ്യര്‍ സാധാരണരല്ല.കേവല മനുഷ്യരില്‍ അസാധാരണമായ പ്രത്യേകതകള്‍ അദ്ദേഹം കണ്ടെത്തുന്നു.അങ്ങനെ ഈ  നോവല്‍ ഒരു ഇതിഹാസമായ്‌ മാറുന്നു.

എല്ലാ സമൂഹത്തിലും കാലാകാലങ്ങളില്‍ ചില കൌതുകജനകമായ കഥകള്‍ പ്രചരിക്കും.ഇതിനെ മിത്ത്[പുരാവൃത്തം] എന്ന് പറയുന്നു. ഇത് സത്യം ആയിരിക്കണമെന്നില്ല.നേരിന്‍റെ ഒരു കണം എവിടെയെങ്കിലും കാണും.ദേശത്തിന്‍റെ പൈതൃകസ്വത്താണ് മിത്തുകള്‍  .

ഈ നോവല്‍ ആരംഭിക്കുന്നത് ഉണ്ണീരിമൂപ്പന്റെ കാലിച്ചന്തയിലേക്കുള്ള പുറപ്പാടോടെയാണ് .നോവലിലെ ഒന്നാം അധ്യായത്തിലെ ഒരു ഭാഗമാണ് പാഠഭാഗം.ഭാഷയുടെ ചടുലതയും താളപ്പൊലിമയും ഒരു പ്രത്യേക അനുഭവം വായനക്കാരില്‍ സൃഷ്ട്ടിക്കുന്നു.

വടക്കന്‍പ്പാട്ടുകളോട് ചേര്‍ന്ന് നില്‍ക്കുന്ന ആഖ്യാനരീതിയാണ്  കോവിലന്‍ പിന്തുടര്‍ന്നത്.ഉണ്ണീരിമുത്തപ്പന്റെ പുറപ്പാട്  വിവരിക്കുമ്പോള്‍ ചേകവന്മാരുടെ അങ്കപ്പുറപ്പാടാണ് നമുക്ക്‌ ഓര്‍മ്മ വരുന്നത്.കടത്തനാട്ടുനിന്നും വെട്ടത്തുനിന്നും കണ്ടാണിശ്ശേരിയിലേക്ക്‌ കുടിയേറി വന്ന ചേകവന്മാരുടെ കുടുംബപുരാണം കൂടിയാണ് തട്ടകം.

ഗോത്രവര്‍ഗ്ഗസംസ്കൃതിയുടെയും കാര്‍ഷികജീവിതവ്യവസ്ഥയുടെയും വിവരണങ്ങള്‍ തട്ടകത്തില്‍ ഉണ്ട്.''അലരിത്തറയില്‍ പറക്കുട്ടിയെ കുമ്പിട്ട്, കല്‍ ത്തറയില്‍ മലവായിയെ തൊഴുതാണ്'' ഉണ്ണീരിമുത്തപ്പന്‍ യാത്രയാകുന്നത്. പറക്കുട്ടി ,മലവായി എന്നിവര്‍ നാട്ടുദേവതകള്‍ ആണ്.കല്‍ ത്തറകള്‍ ആണ്‌ ഈ ദേവതമാര്‍  .വര്‍ണ്ണവിവേചനം ഇല്ലാത്ത നന്മയുള്ള കാലത്തെ ചിത്രണം ചെയ്തു.നായരായ കമ്മളൂട്ടിയും ഈഴവനായ ഉണ്ണീരിയും ഉള്ളിണങ്ങിയ ചങ്ങാതിമാരായി മുട്ടിയുരുമ്മി നടക്കുന്ന കാഴ്ച ജാതിബോധമേറ്റിട്ടില്ലാത്ത ഒരു സമൂഹത്തിന്റെതാണ്  .


നഷ്ടപ്പെട്ട സാമൂഹികമൂല്യങ്ങളുടെ മുദ്രകളാണ് വാണിയം കുളത്തെക്കുള്ള യാത്രയ്ക്കിടയില്‍ കാണുന്ന വഴിയമ്പലം,തണ്ണീര്‍പ്പന്തല്‍   ,ആല്‍ത്തറ,പൊതുകിണര്‍ ,കല്‍ ത്തൊട്ടി തുടങ്ങിയവയൊക്കെ.വഴിപോക്കന്റെ വിശപ്പടക്കാന്‍ വഴികണ്ടിരുന്ന പഴയകാലത്തിന്‍റെ ഉദാരത ഈ നോവലില്‍ ഉണ്ട്.


കാലിച്ചന്തയില്‍ തങ്ങളെ കബളിപ്പിക്കാന്‍ ശ്രമിച്ച കൂളന്മാരായ പൊരുത്തുകാരോട് പോലും പിന്നീട് പൊരുത്തപ്പെട്ടും യാത്രചോദിച്ചുമാണ് ഉണ്ണീരിക്കുട്ടിയും കമ്മളുട്ടിയും നാട്ടിലെക്ക് തിരിക്കുന്നത്.പ്രകൃതിക്കും പ്രകൃതിക്ക് അതീതമായ ശക്തികള്‍ക്കും പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നു.പന്നിശ്ശേരിയും വെട്ടുകാടും പട്ടാമ്പിപ്പുഴയും അനങ്ങന്‍മലയും കല്ലടിക്കോടന്‍ മലയും കവളപ്പാറയും യാത്രാദൃശ്യങ്ങളായ് രേഖപ്പെടുത്തിയിരിക്കുന്നു.


മനുഷ്യനും പ്രകൃതിക്കുമൊപ്പം നില്‍ക്കുന്ന അദൃശ്യശക്തികളുടെ സാന്നിധ്യമാണ് ഈ നോവലിന്‍റെ പ്രത്യേകത.


നമ്മുടെ സംസ്കാരത്തിന്‍റെ പൂര്‍വകാലമുദ്രകള്‍ 'പാണപ്പൊതിയും പാണക്കോലും ','തണ്ണീര്‍പ്പന്തല്‍  'എന്നീ പ്രയോഗങ്ങളിലൂടെ കണ്ടെത്താനാകും.കൃഷിയോടുള്ള ആരാധന,നാട്ടറിവുകള്‍ ,സഹജീവികളോടുള്ള കരുതല്‍ എന്നിവയും ഈ കൃതിയില്‍ ദര്‍ശിക്കാം.അച്ഛനമ്മമാരോടും ഗുരുക്കന്മാരോടുമുള്ള ആദരം ,ജാതിചിന്തയില്ലാത്ത കൂട്ട്,പറ്റിക്കാന്‍  ശ്രമിച്ചവരോട് സ്നേഹത്തോടെ വിട പറയുന്നത്   എന്നീ ഭാഗങ്ങള്‍ മനുഷ്യ ബന്ധങ്ങളുടെ ആഴവും ഉദാരതയും വെളിപ്പെടുത്തുന്നു.





Friday, September 14, 2012

പൊന്നാനി


പ്രശസ്ത ചിത്രകാരനും ശില്പിയുമായ നമ്പൂതിരി ആത്മകഥയില്‍തന്‍റെ ദേശത്തെ ചിത്രങ്ങളിലൂടെയും കുറിപ്പുകളിലൂടെയും അവതരിപ്പിക്കുന്നു.സ്വന്തം നാടിനെ ഓര്‍ക്കുന്നത് വരകളിലൂടെയാണ്.

തൃക്കാവ്‌ അമ്പലം,അവിടത്തെ സദ്യ,മേളം,തായമ്പക,പൊന്നാനി തുറമുഖം,കോടതി,കാനോനി കനാല്‍,ഭാരതപ്പുഴ,പൊന്നാനി അങ്ങാടി,ആചാരങ്ങള്‍ ,അനുഷ്ഠാനങ്ങള്‍  ,ജീവിതരീതികള്‍ ,തോടുകള്‍ ,നാട്ടുവഴികള്‍ ,കെട്ടിടങ്ങള്‍ ,ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ ,വസ്ത്രധാരണരീതി എന്നിവയെ രേഖാചിത്രങ്ങളിലൂടെ അവതരിപ്പിക്കുന്നു.

മനുഷ്യചിത്രങ്ങള്‍ വരയ്ക്കുമ്പോള്‍ ചില സവിശേഷതകള്‍ നമ്പൂതിരിയുടെ സൃഷ്ടികളില്‍ കാണാന്‍ സാധിക്കും.കറുപ്പും വെളുപ്പും വരകളും നിറങ്ങളും നമ്പൂതിരിക്ക്‌ പ്രിയപ്പെട്ടവയാണ്.
ലിങ്ക്



[ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ ,മുറജപം,മലബാര്‍ മാന്വല്‍]  ലിങ്കുകള്‍

Thursday, September 13, 2012

പത്താംക്ലാസ് കേരളപാഠാവലി-4-കടലിന്‍റെവക്കത്ത് ഒരു വീട്


ഫാക്റ്ററിയില്‍ കാവല്‍ക്കാരനായ അറുമുഖത്തിനെ മദ്യപിച്ച കാരണത്താല്‍ ഫാക്റ്ററി ഉടമ ജോലിയില്‍ നിന്ന്‍ പുറത്താക്കി. എസ്സോ  പാര്‍ക്കിനരികില്‍ കടല്‍ക്കാറ്റ് ഏറ്റ് വീടില്ലാത്ത അയാളും ഭാര്യയും ജീവിക്കുന്നു.പഴകിയ ഭക്ഷണം വിതരണം ചെയ്യുന്ന രസ്ന എന്ന ഭക്ഷണശാലയില്‍ യാചകര്‍ക്ക്‌ കൊടുക്കുന്ന ഭക്ഷണം ഭാര്യയ്‌ക്ക്‌ വേണ്ടിക്കൂടി സമ്പാദിച്ച് എങ്ങനെയെങ്കിലും ദിനങ്ങള്‍ തള്ളിനീക്കുന്നു.പ്രതീക്ഷയ്ക്ക് വകയുള്ളതൊന്നും അവര്‍ക്കില്ല.ഇതിനിടയിലേക്കാണ് തീവണ്ടിയില്‍ സിനിമാപ്പാട്ടുപാടി ജീവിക്കുന്ന യുവാവിനെ അവര്‍ പരിചയപ്പെടുന്നത്.കുട്ടികളെ മാത്രമേ തീവണ്ടിയില്‍ പാട്ടുപാടാന്‍ അനുവദിക്കൂ എന്നതിനാല്‍ അയാള്‍ക്ക് ആ ജോലി നഷ്ട്ടപ്പെടുന്നു.എന്നാല്‍ അയാള്‍ക്ക് ജീവിതത്തെക്കുറിച്ച് പ്രതീക്ഷയുള്ള മനസ്സാണുള്ളത്.

ആ ചെറുപ്പക്കാരന്റെ വാക്കുകള്‍ ആ സ്ത്രീയുടെ ജീവിതത്തെ മാറ്റിമറിച്ചു.അറുമുഖത്തിനു ആഹാരത്തെക്കുറിച്ച് സംസാരിക്കാനാണ് ഇഷ്ട്ടം.സംഗീതത്തെക്കുറിച്ചുള്ള അവരുടെ സംസാരം അയാള്‍ക്ക് മുഷിപ്പനായി തോന്നി.വീടും പൈസയും ഇല്ലാത്ത താന്‍ ഒരു വൃദ്ധന്‍റെ ഭാര്യയായതില്‍ നിന്ന്‌ തന്നെ ഭാഗ്യം കെട്ട ആളാണ്‌ താനെന്നു മനസ്സിലാക്കാമല്ലോ എന്നുപറഞ്ഞ്   അവള്‍ വിലപിക്കുന്നു.അപ്പോള്‍ അങ്ങനെ വ്യസനിക്കരുത് എന്ന്‍ ആ യുവാവ്‌ പറഞ്ഞു.

'കടലിന്‍റെ വക്കത്തു പാര്‍ക്കാനും ഭാഗ്യംവേണം.രാത്രിയില്‍ കടലിന്‍റെ പാട്ടും കേട്ട് നക്ഷത്രങ്ങളും നോക്കിക്കൊണ്ട് മലര്‍ന്നു കിടക്കാനുള്ള ഭാഗ്യം നിങ്ങള്‍ക്കില്ലേ?'എന്ന് ചോദിച്ചു കൊണ്ട് അയാള്‍ പോകാന്‍ തുനിഞ്ഞപ്പോള്‍ അവള്‍ തന്‍റെ ഭാണ്ഡത്തില്‍ നിന്ന്‌ പിഞ്ഞിയതെങ്കിലും കട്ടിയുള്ള ഒരു രോമപ്പുതപ്പെടുത്ത് അയാള്‍ക്ക് നീട്ടി.'എന്‍റെ ഓര്‍മ്മയ്ക്ക്‌ ഇത് കയ്യിലിരിക്കട്ടെ' എന്ന്‍ അവര്‍ പറഞ്ഞു.ആകെയുള്ള പുതപ്പ് കൊടുത്തതെന്താണ് എന്ന അറുമുഖത്തിന്‍റെ ചോദ്യത്തിന് 'അയാള്‍ എന്നോട് സംഗീതത്തെപ്പറ്റി സംസാരിച്ചു' എന്ന്‍ ആ സ്ത്രീ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

[ജീവിതത്തെ വെറുപ്പോടെ കണ്ട ആ സ്ത്രീക്ക് പുതിയൊരു തലത്തില്‍ ജീവിതത്തെ കാണാന്‍ പാകത്തിന് മനസ്സിനെ ചിട്ടപ്പെടുത്താന്‍ ആ യുവാവിന്‍റെ വാക്കുകള്‍ക്കായി.കാഴ്ചപ്പാടിന്റെ മാറ്റം അവള്‍ക്ക് നല്‍കിയ അനുഭൂതി എന്താണെന്ന് പറഞ്ഞറിയിക്കാന്‍ ആവില്ല.അതിനുമുന്നില്‍ പുതപ്പ് എത്രയോ നിസ്സാരം.ജീവിതത്തെ വേദനയില്‍ നിന്നും  ഉയര്‍ത്തുവാന്‍ സംഗീതത്തിനാകും.ജീവിതത്തെ സുന്ദരമായ്‌ക്കാണാന്‍ സഹായകമായ മനോഭാവം അവള്‍ക്ക് നല്‍കിയത്‌ പുതിയൊരു ജീവിതം തന്നെയാണ്.പ്രതീക്ഷയുള്ള മനസ്സുതന്നെയാണ് അവളുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ അഭയമാകുന്നത്]
ലിങ്ക്
മാധവിക്കുട്ടി[കമലസുരയ്യ]


Monday, September 10, 2012

പത്താംക്ലാസ് കേരളപാഠാവലി-4-അടുത്തൂണ്‍

പെന്‍ഷന്‍ പറ്റിയതിനു ശേഷം സ്വന്തം ഗ്രാമത്തില്‍ എത്തിയ കവിയോട്‌ പട്ടണം വിശേഷങ്ങള്‍ചോദിച്ചു.അടുത്തൂണ്‍ പറ്റി ഗ്രാമത്തില്‍ ഒരുമാസക്കാലമായ്‌ കഴിയുന്ന,ചാരുകസേരയില്‍ ഇരുന്ന്‍നഗരത്തിന്‍റെ ആഹ്ലാദം ഓര്‍ത്തുകൊണ്ടിരിക്കുന്ന താങ്കള്‍ക്ക് ഈ ഗ്രാമത്തിന്‍റെ ഏകാന്തത മടുത്തില്ലേ?ഗതി മുട്ടിയ താന്‍ ഒരുത്തരം കണ്ടെത്തണം.

മുറ്റത്ത്‌ വര്‍ഷം തോറും വിടര്‍ന്നു വാടാറുള്ള മുക്കൂറ്റിപ്പൂവിന് ഇതള്‍ എത്രയെന്നറിയാതെ അമ്പത്തൊമ്പത് വര്‍ഷം കടന്നുപോയതെങ്ങനെ എന്ന അമ്പരപ്പാണ് തനിക്ക്‌..  .; എന്നാല്‍ ഇന്ന് മുക്കൂറ്റിപ്പൂവിന് അഞ്ചിതള്‍ എന്ന് നിസ്സംശയം തനിക്ക് പറയാനാകും.

മാസം രണ്ടു കഴിഞ്ഞപ്പോള്‍  ഒരു പ്രഭാതത്തില്‍ ജീപ്പില്‍ വന്നിറങ്ങിയ നഗരം വീണ്ടും പരിഹസിച്ചു.മൂന്നു മാസക്കാലമായ്‌ ഗ്രാമജീവിതത്തിന്റെ മൂകവേദനയില്‍ മുങ്ങിക്കിടക്കുന്ന ജീവാത്മാവേ നിനക്ക് ഈ ഏകാന്തത മടുത്തില്ലേ? എന്ന  ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള പരക്കംപാച്ചിലിലാണ് കവിമനസ്സ്. ഞാനിതാ സംശയം ഒട്ടുമില്ലാതെ ഉറക്കെപ്പറയട്ടെ....മുറ്റത്തെ നിലപ്പനപ്പൂവിന് ഇതളുകള്‍ ആറ്.
[നഗരത്തിന്‍റെ തിരക്കുകള്‍ നിറഞ്ഞ ഭൂതകാലം കവിക്കുണ്ട്.നന്മകള്‍ നിറഞ്ഞ ഗ്രാമജീവിതത്തിന്റെ സുഖം അദ്ദേഹം അനുഭവിക്കുന്നുണ്ട്.വലുതുകളെ കീഴടക്കാനുള്ള നഗരത്തിന്‍റെ പരിഹാസത്തെ വകവയ്ക്കാതെ പ്രകൃതിയുടെ സൂക്ഷ്‌മഭാവത്തില്‍പോലും ലയിക്കാനുള്ള മനസ്സ്‌ കവി തിരിച്ചു പിടിക്കുന്നു.ലോകം മുഴുവന്‍ ചുറ്റിയ സഞ്ചാരി സ്വന്തം വീട്ടുമുറ്റത്ത് എത്തിയ സന്തോഷം നമ്മെ ഈ കവിത ബോധ്യപ്പെടുത്തുന്നു.പ്രപഞ്ചത്തിന്റെ കുഞ്ഞുസൌന്ദര്യങ്ങള്‍ നാം നേടിയ ഭൌതിക നേട്ടങ്ങളേക്കാള്‍ നമ്മെ സന്തോഷിപ്പിക്കും.പലതും വെട്ടിപ്പിടിക്കാനുള്ള പാച്ചിലില്‍ അറിയേണ്ടതും കാണേണ്ടതുമായ പലതും മനസ്സിലാക്കാതെ കടന്നുപോകുന്നു.നിലപ്പനപ്പൂവിന്റെയും മുക്കൂറ്റിപ്പൂവിന്റെയും ഇതളുകള്‍ എത്രയെന്ന അറിവ്‌ വെറുമൊരു അറിവല്ല.താന്‍ എന്താണെന്നുള്ള തിരിച്ചറിവ് കൂടിയാണ്]


Saturday, September 1, 2012

പത്താംക്ലാസ്സ്‌ കേരളപാഠാവലി-4 ഉതുപ്പാന്റെ കിണര്‍


ഉതുപ്പാന്‍ എന്ന മനുഷ്യന്‍ അനാഥനാണ്.അവനു ജീവിതാവശ്യങ്ങള്‍ കുറവാണ്.അവനെക്കൊണ്ടാവുന്ന ജോലി പകലന്തിയോളം ചെയ്യും.മറ്റുള്ളവരുടെ വേദന അയാളെ ദു:ഖിപ്പിക്കും.പ്രാര്‍ത്ഥനയ്ക്കും സുവിശേഷപ്രസംഗത്തിനും അയാള്‍ സമയം കണ്ടെത്തി.ആ നഗരത്തിന്‍റെ മൂലയിലെ ഒരു തുണ്ട് ഭൂമി വാങ്ങി അതില്‍ കിണറ് കുഴിച്ചതും താന്‍ കഷ്ട്ടപ്പെട്ട് ഉണ്ടാക്കിയ കാശ് കൊണ്ടാണ്.എല്ലാവരും അയാളെ 'പ്രാന്തന്‍' എന്ന് വിളിച്ച് കളിയാക്കി.കിണര്‍ അടി താഴ്ന്നതോടെ ഉതുപ്പാന്റെ മടിശീലയുടെ നെല്ലിപ്പലകയും കണ്ടു.'ഇങ്ങോട്ടുവരുവിന്‍!!!!!!!!!!!!   !!!!!!ഇവിടെ ആശ്വസിക്കാം' എന്ന് രേഖപ്പെടുത്തി ഒരു കപ്പി കൊളുത്തി,തൊട്ടിയും കയറും ഇട്ടപ്പോള്‍ മകളുടെ വിവാഹം നടത്തിയ ധന്യത അയാള്‍ക്കുണ്ടായി.

പലരും അയാളെ പരിഹസിച്ചു.അയല്‍ക്കാരില്‍ പലരും അവിടെ നിന്ന് വെള്ളം കോരി.കിണറ്റിന്‍ കരയില്‍ നിന്ന് കുളിച്ചു.ഉതുപ്പാന്‍ രണ്ടുനേരം അവിടെ ചെന്ന് പരിസരം ശുചിയാക്കും.കല്‍ത്തൊട്ടി നിറയ്ക്കും.ആരെങ്കിലും വെള്ളം കുടിക്കുന്നത് കണ്ടാല്‍ അവന്റെ ഹൃദയം പുളകിതമാകും.

നഗരം വളര്‍ന്നു.പൌരക്ഷേമത്തെ രക്ഷിക്കുന്നതിലും വ്യക്തിസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിലും നഗരസഭ ജാഗ്രത കാണിച്ചു.ശുദ്ധജല വിതരണത്തിനും മലിനജലവിസര്‍ജ്ജനത്തിനുമുള്ള പദ്ധതികള്‍  നടപ്പാക്കിയപ്പോള്‍ പണിക്കാര്‍ കിണറിന്റെ ചുറ്റുമതില്‍ പൊളിച്ചു.ഉതുപ്പാന്‍ പിറ്റേ ദിവസം അതിന്‍റെ കേടുപാടുകള്‍ തീര്‍ത്തു.

കുഴല്‍വെള്ളം നടപ്പിലായപ്പോള്‍ജലധാരകള്‍ മൂടണമെന്ന നിയമം വന്നു.ഉതുപ്പാന്റെ കിണറും നികത്തണം .അയാള്‍ അധികാരികളെ ചെന്ന് കണ്ടു.സര്‍ക്കാരില്‍ സങ്കടം ബോധിപ്പിച്ചു.തന്‍റെ പ്രാണനായ കിണര്‍ മൂടില്ലെന്ന്അയാള്‍ ശഠിചു.പലരും അയാളുടെ ബദ്ധപ്പാടിനു യാതൊരു വിലയും കൊടുത്തില്ല.കുഴല്‍വെള്ളം കിട്ടിയപ്പോള്‍ കിണറിന്റെ കാര്യം എല്ലാവരും മറന്നു.കിണറില്‍ കല്ലിട്ട് കളിക്കുന്ന കുട്ടികള്‍  മാത്രം മറന്നില്ല.കിണര്‍ മൂടിയില്ലെങ്കില്‍ കൊതുക് പെരുകും എന്നൊക്കെ പലരും അയാളെ ഉപദേശിച്ചു.

ആ വൃദ്ധന്‍ വേദനയാല്‍ ഉരുകി.കിണറു മൂടേണ്ട അവസാന ദിനവും കഴിഞ്ഞു.ഉതുപ്പാന്‍ കിണറ്റുകരയില്‍ ചെന്ന് അവിടെ ശുചിയാക്കി.വലംവച്ചു.ലോകോപകാരത്തിനു താന്‍ കണ്ട മാര്‍ഗ്ഗം...പുണ്യവസ്തു...ആ കിണര്‍ തന്‍റെ കൈകൊണ്ട് നികത്തുക എന്നത് അയാള്‍ക്ക് ചിന്തിക്കാന്‍ പോലും ആകില്ല.അയാള്‍ ആ കിണറ്റുമതിലില്‍ കയറി.അയാളുടെ തൊണ്ട വരണ്ടു.ഹൃദയം തമ്പേറടിച്ചു.ആ തെളിനീര്‍ അയാളെ മാറോടണച്ചു.ആ കിണര്‍ ഉതുപ്പാന്റെ രഹസ്യത്തെ വിശ്വസ്തതയോടെ ഗോപനം ചെയ്തു.

ന്ത്രവല്‍ക്കരണം മനുഷ്യന്‍റെ വൈകാരികമുഖത്തിനേല്‍പ്പിച്ച പരുക്കാണ് നാമിവിടെ കാണുന്നത്.
[ പാവപ്പെട്ടവരോട് സമൂഹത്തിന്‍റെ അവഗണന ഉതുപ്പാനെ വിഷമിപ്പിക്കുന്നുണ്ട്.എന്ത് ജോലി ചെയ്യാനും ഉതുപ്പാന് മടിയില്ല.സഹജീവികളോട് ഒടുങ്ങാത്ത സ്നേഹം.ആരെങ്കിലും വെള്ളം കുടിക്കുമ്പോള്‍ ഉതുപ്പാന് തോന്നുന്ന സന്തോഷം നിസ്സാരമായിരുന്നില്ല .കിണര്‍ ഉതുപ്പാന് മകളുടെ സ്ഥാനത്തായിരുന്നു.]
ലിങ്ക്
കാരൂര്‍ നീലകണ്‌ഠപ്പിള്ള

Monday, July 23, 2012

കായിന്‍പേരില്‍ പൂ മതിക്കുവോര്‍


നാടിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച തലമുറയിലെ ഒരു കണ്ണിയാണ് പി. ഭാസ്കരന്‍.. .
അദ്ദേഹത്തിന്‍റെ സമരഗാനങ്ങള്‍ക്കൊപ്പം കേരളീയര്‍ ചലിച്ച ഒരു കാലമുണ്ടായിരുന്നു.മര്‍ദ്ദനങ്ങള്‍ ,ഒളിവുജീവിതം,ജയില്‍വാസം എന്നിങ്ങനെയുള്ള കാലത്തിന്‍റെ ഓര്‍മ്മപ്പെടുത്തലാണ് 'വിണ്ട കാലടികള്‍  ' എന്ന കവിത.
ഉച്ചഭക്ഷണത്തിനു ശേഷം പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച്  നഗ്നപാദനായ് കണ്ട പി. ഭാസ്കരനോട് ഭിഷഗ്വരനായ സുഹൃത്ത് ചെരുപ്പും സോക്സും ഇല്ലാതെ നടക്കരുത്‌ എന്നും വിണ്ട കാലടികള്‍ അനാരോഗ്യത്തിന്‍റെ ലക്ഷണം ആണെന്നും പറഞ്ഞു.തന്‍റെ വിണ്ട കാല്‍പ്പാദങ്ങള്‍ക്ക് ഒരു ചരിത്രമുണ്ട് എന്നദ്ദേഹം ഓര്‍ത്തു.തന്‍റെ ശക്തിയും ശുദ്ധിയുംആരോഗ്യവും ഈ വിണ്ട കാല്‍പ്പാദങ്ങള്‍ ആണെന്ന അറിവ് ഈ സുഹൃത്തിന് എങ്ങനെ അറിയാനാകും?.ചെരുപ്പുകളില്ലാതെ വരമ്പിലൂടെയും ചെമ്മണ്ണിലൂടെയും പൊള്ളുന്ന വെയിലേറ്റ് ഏറെ ദൂരം താണ്ടിയത് ഈ വിണ്ട കാലുകളുപയോഗിച്ചാണ്.ഇടവപ്പാതിയിലെ കോരിച്ചൊരിയുന്ന മഴയത്ത്  ഇരുട്ടത്ത് ഒളിവില്‍ കഴിയുന്ന കൂട്ടുകാരനെ രക്ഷിക്കാന്‍ ഒറ്റയ്ക്ക് തിരിച്ചപ്പോള്‍ ഇടിവെട്ട് ചൂട്ടിന്‍റെ വെളിച്ചം പോലെയും പെരുംമഴ തണുത്തനീരുറവ പോലെയും തോന്നിച്ചു.അന്ന് തന്നെ നയിച്ച ഈ നഗ്നപാദങ്ങള്‍ തന്നെയാണ് എന്നും ബലമായത്.

പുല്ലൂറ്റ്-തൃശ്ശൂര്‍ റോഡില്‍ ഞങ്ങള്‍ ചെരുപ്പില്ലാത്തവര്‍ മൂവര്‍ണ്ണക്കൊടി ചൂടിസമരഗാനങ്ങള്‍ പാടി നടന്ന കഥ  ഇന്നത്തെ തലമുറയിലെ കണ്ണിയായ സുഹൃത്തിന് എങ്ങനെ അറിയാനാകും.നമ്മുടെ ചരിത്രങ്ങള്‍ വ്യത്യസ്തമാണ്. 

കൃഷിക്കാരന്‍റെ വീട്ടില്‍ നിന്ന് കഞ്ഞികുടിച്ച് പിന്നിയ പായയില്‍ ഉറങ്ങി,പാടത്തിന്‍റെ വക്കത്തുള്ള കിണറുവെള്ളത്തില്‍ കുളിച്ച് വണ്ടിക്ക് കാശില്ലാഞ്ഞതിനാല്‍ നഗരത്തിലേക്ക് പ്രവേശിക്കാന്‍ കുതിച്ചുനടന്നത് ഈ ചെരുപ്പില്ലാ പാദങ്ങളാണ്.

ചൂരലടിയേറ്റിട്ടും ചുളുങ്ങാത്ത ചോരച്ചാലുകളില്‍ അടിതെറ്റിവീഴാത്ത പാദങ്ങളിലെ വിള്ളലുകള്‍ ഓരോ ചരിത്രമാണ് .ചെരുപ്പില്ലാതെ സഞ്ചരിച്ച അനേകരുടെ വിണ്ടുകീറിയ കാല്‍പ്പാദങ്ങളാണ് കേരളചരിത്രത്തെ രൂപപ്പെടുത്തിയത്‌.

മണ്ണില്‍ വീഴുന്ന വിയര്‍പ്പിന്‍റെ ഉപ്പും കയ്പ്പും എന്നിലേക്കെത്തിക്കുന്ന ശക്തിസംഭരണികള്‍ ആണ്‌ ഈ കാല്‍പ്പാദങ്ങള്‍  .അവ ഇല്ലെങ്കില്‍ അക്കിലിസ്സിനെപ്പോലെ ലോകബന്ധം വിട്ടവനെ പോലെയാകും.ഓരോ ചുവടുവയ്ക്കുമ്പോഴും ഉണ്ടാകുന്ന വേദനകള്‍ പോലും പഴയകാല ഓര്‍മ്മകള്‍ പുതുക്കുന്നു.ഭൂമിയോടെന്നെ ബന്ധിക്കുന്ന തായ്‌വേരാണവ.ജീവിതത്തെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്ന കണ്ണാടികളാണവ.


പട്ടുസോക്സില്‍ പാദം പൊതിഞ്ഞാലും നൃത്തപ്പാട്ടുകള്‍ക്കൊപ്പം ഷൂസും പൃഷ്ഠവും ചലിച്ചാലും ലിഫ്റ്റ് നിലച്ചാലും ചെരിപ്പില്ലാത്തവരായ പാദം വിണ്ടുകീറിയവര്‍ തന്നെയാണെന്‍റെ സുഹൃത്തുക്കള്‍ .ആ വിണ്ടപാദങ്ങള്‍ തന്‍റെ നേട്ടങ്ങള്‍ ആണ്‌. .ആരോഗ്യം തരുന്ന ഉപ്പുനീരുറവകളാണ്.
[അലസതയും സുഖലോലുപതയും മാത്രം കൈമുതലായുള്ള ഇന്നത്തെ തലമുറയെ കവി വിമര്‍ശിക്കുന്നു.കവി രണ്ടു സംസ്കാരങ്ങളുടെ കാഴ്ചപ്പാടുകളെ വിലയിരുത്തുന്നു.വിണ്ടകാല്‍പ്പാദം സുഹൃത്തിന് അനാരോഗ്യ ലക്ഷണം ആണെങ്കില്‍ കവിക്കത് നേട്ടമാണ്.കവി തന്‍റെ ധര്‍മ്മം തിരിച്ചറിയുന്നു.അവശരോടൊപ്പം നില്‍ക്കുന്നതാണ് തന്‍റെ നിയോഗം എന്ന് കവി മറക്കുന്നില്ല.]

ലിങ്ക്
പി.ഭാസ്കരന്‍

Sunday, July 22, 2012

പത്താംക്ലാസ്സ്‌ കേരളപാഠാവലി-3 അര്‍ജ്ജുനവിഷാദയോഗം

ഹാഭാരതത്തില്‍ വേദവ്യാസന്‍ പറയാതെ പോയ കാര്യങ്ങള്‍ക്ക് സ്വയം ചോദ്യം ചോദിച്ച് ഉത്തരം കണ്ടെത്തുകയാണ് 'ഭാരതപര്യടന'ത്തിലൂടെ കുട്ടികൃഷ്ണമാരാര്‍ ചെയ്യുന്നത്.വ്യാസന്‍ മൌനം പാലിച്ച സന്ദര്‍ഭങ്ങള്‍ കണ്ടെത്തി കഥാപാത്രങ്ങളിലൂടെ,അവരുടെ മനസ്സിന്‍റെ ഉള്ളറകളിലൂടെ യാത്ര ചെയ്യുന്നു മാരാര്‍   .അര്‍ജ്ജുനവിഷാദയോഗം എന്ന ലേഖനം യുദ്ധത്തിന്‍റെ നിഷ്ഫലതയിലാണ് ഊന്നുന്നത്.അര്‍ജ്ജുനനെ ഒട്ടേറെ വലച്ച സംഭവങ്ങളെ വിശകലനം ചെയ്യുന്നു.

ചുരുക്കം ചിലര്‍ മാത്രം അവശേഷിച്ച പരിതാപകരമായ അവസ്ഥ കണ്ട് ഇനി ഒരിക്കലും യുദ്ധം ചെയ്യില്ല എന്ന് തീരുമാനിച്ച് അശ്വമേധത്തിനിറങ്ങിയ അര്‍ജ്ജുനന് പിന്നേയും പലരേയും കൊല്ലേണ്ടിവന്നു.ദുശ്ശളയുടെ ഭര്‍ത്താവ് ജയദ്രഥന്‍റെ രാജ്യമായ സൈന്ധവരാജ്യത്തില്‍ അശ്വം എത്തി.[യുദ്ധത്തില്‍ ജയദ്രഥനെ വധിച്ചത്‌ അര്‍ജ്ജുനനാണ് ]ജയദ്രഥന്‍റെ മകനായ സുരഥനാണ്‌ ഇപ്പോള്‍ ആ രാജ്യം ഭരിക്കുന്നത്.തന്‍റെ പിതാവിനെ വധിച്ചവന്‍ നാട്ടിലെത്തിയെന്നറിഞ്ഞ നടുക്കത്തില്‍ സുരഥന്‍ മരിച്ചുവീണു.ആ നാട്ടുകാര്‍ അര്‍ജ്ജുനനോട്‌ ശക്തമായ്‌ പോരാടി.അവരോടെതിര്‍ത്ത് അവശനായെങ്കിലും അര്‍ജ്ജുനന്‍ വിജയിച്ചു.

രണപ്പെട്ട സുരഥന്‍റെ പിഞ്ചുകുഞ്ഞിനേയും എടുത്തുകൊണ്ട് സഹോദരിയായ ദുശ്ശള വിലപിച്ചുകൊണ്ട് മുന്നില്‍ വന്നുനിന്നപ്പോള്‍ എന്തുവേണമെന്ന് അര്‍ജ്ജുനന്‍ ചോദിച്ചു.അവള്‍ക്ക്   ഒന്നിനോടും ഒരു പരാതിയുമില്ല.ആ കൈക്കുഞ്ഞിനോട് ആയിടെ അഭിമന്യുവിന് ജനിച്ച കുഞ്ഞിനോടെന്ന വിധം വാത്സല്യം തോന്നണമേ എന്ന് അവള്‍ യാചിച്ചു.ആയുധം നിഷ്ഫലം എന്ന് അറിഞ്ഞ ആ മുഹൂര്‍ത്തത്തില്‍ അര്‍ജ്ജുനന്‍റെ ഹൃദയം പറഞ്ഞറിയിക്കാനാവാത്ത ദു:ഖത്തില്‍ മുങ്ങിപ്പോയ്‌.. .

ങ്ങള്‍ ചെയ്ത 'വീരകൃത്യങ്ങള്‍ ' കാരണമാണല്ലോ സഹോദരി അനാഥയായ്‌ പിച്ചക്കാരിയെ പോലെ തങ്ങളുടെ മുന്നില്‍ വന്നു നില്‍ക്കുന്നത്‌  .നൂറ്റഞ്ചു സഹോദരന്മാരുടെ പെങ്ങള്‍ ഇപ്പോഴിതാ അശരണയായ്‌ കേഴുന്നു.എന്തൊക്കെ നേടി എന്നുപറഞ്ഞാലും ഈ അധര്‍മ്മത്തിന് പരിഹാരം കണ്ടെത്താനാവില്ലയെന്ന തിരിച്ചറിവ് അര്‍ജ്ജുനനെ വിഷാദത്തിലേക്ക് നയിക്കുന്നു.

പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്തപ്പോള്‍  നാണംകെട്ട നിസ്സംഗത പാണ്ഡവര്‍ക്കുണ്ടായി.ഇന്ന് ഇവളെ രക്ഷിക്കാന്‍ ആങ്ങളമാരില്ലല്ലോ.സഹോദരിയെ സംരക്ഷിക്കേണ്ടിയിരുന്ന തനിക്ക്‌  ഇന്ന് വീണ്ടും നാണംകെട്ട ആ നിസ്സംഗത വന്നോ എന്ന് അര്‍ജ്ജുനന്‍ ചിന്തിക്കുന്നു.

ന്‍റെ പുത്രനെ കൊന്നവനായ ജയദ്രഥനെ താനും കൊന്നു.എന്നാല്‍ അയാളുടെ പുത്രനെ മനസ്സറിഞ്ഞുകൊണ്ടല്ലയെങ്കിലും പേടിപ്പിച്ചു കൊന്നത് എത്ര ഭീകരമായിപ്പോയ്‌!!!!!!!!!  !

താന്‍ രക്ഷിക്കേണ്ടിയിരുന്ന സ്ത്രീ തന്‍റെ പേരക്കുഞ്ഞിന്‍റെ ജീവനുവേണ്ടി തന്നോട് യാചിക്കെണ്ടിവന്നത് എത്ര പരിതാപകരം!ഇങ്ങനെ അര്‍ജ്ജുനന്‍ ചിന്തയാല്‍ വേട്ടയാടപ്പെടുന്നു.വ്യാസന്‍ ചുരുക്കം വാക്കുകള്‍ മാത്രമേ ഈ അവസ്ഥയെ കുറിക്കാന്‍ ഉപയോഗിക്കുന്നുള്ളൂ.

യുദ്ധത്തിനു ശേഷമുള്ള മഹാഭാരതകഥ ശോകപൂര്‍ണ്ണമാണ്  .കര്‍ണ്ണന്‍ തന്‍റെ സഹോദരനാണ് എന്നറിഞ്ഞപ്പോള്‍ യുധിഷ്ഠിരന്‍ അനുഭവിച്ച ആത്മനിന്ദ പറഞ്ഞറിയിക്കാന്‍ പറ്റില്ല .തന്‍റെ ദിവ്യായുധങ്ങളെല്ലാം പ്രയോജനമില്ലാത്തതാണെന്ന അറിവ് മുന്‍പും അര്‍ജ്ജുനന് ഉണ്ടായിട്ടുണ്ട്.യാദവസ്ത്രീകളേയും കുട്ടികളേയും കാട്ടാളന്മാരില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ അസ്ത്രവിദ്യകള്‍ പ്രയോജനകരമാകാഞ്ഞ അനുഭവത്തില്‍ നിന്നും  എല്ലാം അറിഞ്ഞതാണ്.

പാണ്ഡവന്മാര്‍ സകലതും പരിത്യജിച്ച് മഹാപ്രസ്ഥാനത്തിനു മരവുരി ധരിച്ച് പുറപ്പെട്ടപ്പോള്‍ അഗ്നിദേവന്‍  പ്രത്യക്ഷപ്പെട്ടുപറഞ്ഞപ്പോള്‍ മാത്രമാണ് ഗാണ്ഡീവം വെള്ളത്തിലിട്ട് യാത്ര തുടര്‍ന്നത്.ഒരാള്‍ നേട്ടമെന്നെണ്ണുന്ന കാര്യം അയാള്‍ക്ക് പ്രയോജനകരം അല്ലെന്നറിഞ്ഞിട്ടും അത് കൈവെടിയാത്ത അവസ്ഥയോര്‍ത്ത് കവി ദു:ഖിക്കുന്നു.

[മനുഷ്യനെ മൃഗമാക്കുന്ന ഒന്നാണ് യുദ്ധം.സ്വന്തക്കാരേയും ബന്ധുക്കളേയും കൊന്നൊടുക്കിയിട്ട് ഒരു ദിവസം പോലും സന്തോഷിച്ചു ജീവിക്കാന്‍ പാണ്ഡവര്‍ക്കാകുന്നില്ല.യുദ്ധത്തെക്കുറിച്ച് എഴുതിയ കൃതികളെല്ലാം യുദ്ധവിരുദ്ധകൃതികളാണ്.ലോകമഹായുദ്ധങ്ങളുടെ നാശം കൊണ്ടറിഞ്ഞവരാണ് നാം.യുദ്ധങ്ങള്‍ക്കെതിരെ മനുഷ്യരെ ഉണര്‍ത്തുക എന്ന കൃത്യം ചെയ്യേണ്ട കടമ എഴുത്തുകാര്‍ക്കുണ്ട്.]


                                                            കുട്ടിക്കൃഷ്ണമാരാര്‍

Sunday, July 15, 2012

പത്താംക്ലാസ് കേരളപാഠാവലി3-പട്ടാളക്കാരന്‍


ആരൊക്കെയോ നടത്തുന്ന യുദ്ധങ്ങളില്‍ ജീവന്‍ ഹോമിക്കേണ്ടിവരുന്ന പാവം പട്ടാളക്കാരുടെ കഥയാണ് തകഴി ശിവശങ്കരപ്പിള്ളയുടെ 'പട്ടാളക്കാരന്‍'.യുദ്ധം ചെയ്യാനുള്ള മോഹം കൊണ്ടോ ശത്രുത ഉള്ളതുകൊണ്ടോ അല്ല മറിച്ച് ജീവിക്കാന്‍ വേണ്ടിയാണ് പലരും പട്ടാളത്തില്‍ എത്തുന്നത്.യുദ്ധമുഖത്തിന്‍റെ ഭീകരതയിലേക്കൊന്നും കഥാകാരന്‍ നമ്മെ കൊണ്ടുപോകുന്നില്ല.

അനാഥനായി അലഞ്ഞ അയാള്‍ പട്ടാളത്തിലെത്തുന്നത് അപ്രതീക്ഷിതമായിട്ടാണ്.വിശപ്പകറ്റാനും പണം നേടുവാനുമുള്ള ഉപാധി ആയിരുന്നു അയാള്‍ക്ക്‌ ആ ഉദ്യോഗം.
അവധിക്കാലം അയാളെ സംബന്ധിച്ചിടത്തോളം അനാഥത്വത്തിന്‍റെ നൊമ്പരം പേറുന്നവയായിരുന്നു.കുടുംബമില്ലാത്ത അയാള്‍ക്ക്‌  എന്തിന്  അവധി?സ്വന്തക്കാരാരുമില്ലെങ്കിലും തന്‍റെ നാടിനോട് ഒരു പ്രത്യേകസ്നേഹം അയാള്‍ക്കുണ്ടായിരുന്നു.അന്യസംസ്ഥാനത്തു താമസിക്കേണ്ടി വന്ന അയാള്‍ക്ക് നാട്‌ പ്രിയപ്പെട്ടതാകാന്‍ വേറെ കാരണമൊന്നുമില്ല.
നാട്ടിലെത്തിയ അയാള്‍ തനിക്കൊരു ബന്ധത്തിനുവേണ്ടി അലഞ്ഞുനടക്കുന്നു.ആലപ്പുഴയിലും കൊല്ലത്തും തിരുവനന്തപുരത്തും പണിയെടുത്ത ഹോട്ടലിലും എത്തുന്നു.രാമന്‍ എന്ന് അവിടെ താനാണ് എഴുതിയിട്ടതെന്ന് അയാള്‍ പറയുന്നു.ആരും അയാളെ തിരിച്ചറിയുന്നില്ല.മലയാളത്തില്‍ സംസാരിക്കാനാകുന്നത് വളരെ ഭാഗ്യമായ്‌  കരുതുന്നു.

തിരക്കുപിടിച്ച നഗരത്തില്‍ നിന്ന്‍ അയാള്‍  ഒരു ഗ്രാമത്തിലെ കുന്നിന്‍ചെരുവില്‍ എത്തുന്നു.അവിടെയുള്ള ഒരു വൃദ്ധ സ്വന്തം മകനായ് അയാളെ സ്വീകരിക്കുന്നു.മകള്‍ നാണിയെ വിവാഹം ചെയ്തുകൊടുക്കുന്നു.പട്ടാളക്കാരന്‍ എന്ന നിലയില്‍നിന്ന് ഭര്‍ത്താവ്‌,കുടുംബനാഥന്‍,മകന്‍ എന്നീ സ്ഥാനങ്ങള്‍  കൂടി അയാള്‍ക്ക് ലഭിക്കുന്നു.

അയാള്‍ അവധി കഴിഞ്ഞ് പട്ടാളത്തിലേക്ക് തിരിച്ചുപോകുന്നു.അവള്‍ ഫാമിലി അലോട്ട്മെന്‍റ് വാങ്ങുന്നുണ്ട്.മാസം നാല്പ്പതുരൂപ.വീട്ടിലേക്ക്‌ പാത്രങ്ങള്‍ വാങ്ങിച്ചു.അതിലവളുടെ പേരു കൊത്തിച്ചു.വീടു നന്നാക്കി.അവള്‍ എന്നും അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിക്കും.

പോസ്റ്റ്മാന്‍ കൊണ്ടുവന്ന കവറില്‍ അയാളുടെ ഫോട്ടോ ഉണ്ടായിരുന്നു.പ്രതിമാസം നൂറുരൂപ കിട്ടിത്തുടങ്ങി.ആറുമാസം കഴിഞ്ഞപ്പോള്‍ അത് വീണ്ടും ഉയര്‍ന്നു.

പോലീസ്‌സ്റ്റേഷനില്‍നിന്നും മൂന്നു വലിയ ഇരുമ്പുപെട്ടികള്‍ ഏറ്റുവാങ്ങാന്‍ നോട്ടീസ് വന്നു.അതില്‍ അയാളുടെ ഔദ്യോഗിക ഉടുപ്പുകളായിരുന്നു.വിവാഹമാല്യവും ഉണ്ടായിരുന്നു.ഒരാഴ്ച്ചയ്ക്ക് ശേഷം പതിനായിരം രൂപയുടെ ചെക്ക് കിട്ടി.പിന്നീട് മണിയോഡറുകള്‍ വന്നതേയില്ല...
[യുദ്ധം എങ്ങനെമനുഷ്യരെ അനാഥരാക്കുന്നു എന്ന ചിന്ത അനുവാചകരില്‍ എത്തിക്കുവാന്‍ യുദ്ധരംഗത്തേക്ക് കൂട്ടികൊണ്ടു പോകാതെ തന്നെ സാധ്യമാക്കാന്‍ തകഴിക്കായി.മുഖ്യമായും മൂന്നു കഥാപാത്രങ്ങളെ ഉള്ളൂ.ബന്ധങ്ങള്‍ സ്ഥാപിക്കാനും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള മനുഷ്യന്‍റെ ആഗ്രഹത്തെ വരച്ചുകാട്ടുന്നു ഇതിലെ കഥാപാത്രങ്ങള്‍  .യുദ്ധത്തിന്‍റെ ക്രൂരതകള്‍ പാവം കഥാപാത്രങ്ങളെ ചേര്‍ത്തുവച്ചു വായിക്കുമ്പോള്‍ മാത്രമേ പൂര്‍ണ്ണമാകൂ.രണ്ടാം ലോകമഹായുദ്ധകാലത്ത് രചിച്ച ഈ കഥ കാലാതിവര്‍ത്തിയാണ്.]


Sunday, July 8, 2012

പത്താംക്ലാസ്സ്‌ കേരളപാഠാവലി-3 ഗാന്ധാരീവിലാപം

എഴുത്തച്ഛന്‍റെ ശ്രീമഹാഭാരതം കിളിപ്പാട്ടിലെ സ്ത്രീപര്‍വത്തില്‍ നിന്നെടുത്തതാണ് പാഠഭാഗം.കൃഷ്ണനേയും ബന്ധുക്കളേയും കൂട്ടി കുരുക്ഷേത്രത്തില്‍ചെന്ന ഗാന്ധാരി കണ്ണിന്‍റെ കെട്ടഴിച്ച് മരിച്ചുകിടക്കുന്ന ഇരുപക്ഷത്തെയും പ്രിയപ്പെട്ടവരെ കണ്ട് കരയുന്നു.'കണ്ടീലയോ നീ മുകുന്ദാ' എന്ന് വിളിച്ചാണ് കരയുന്നത്.
കൌരവപക്ഷക്കാരനായ ഭഗദത്തന്‍ മരിച്ചുകിടക്കുന്നത് കണ്ട് കൃഷ്ണനോട് കണ്ടില്ലേ എന്ന് പറഞ്ഞു കരയുന്നു.അദ്ദേഹത്തെ വധിച്ചത് അര്‍ജുനനാണ് .അര്‍ജുനന്‍റെ മകനായ അഭിമന്യുവിനെ കണ്ടപ്പോള്‍ 'മരതകക്കല്ല് പോലെ സുന്ദരനായവന്‍:; കൃഷ്ണന്‍റെ മരുമകനിതാ ചോരയണിഞ്ഞ് കിടക്കുന്നു.'കൊല്ലിക്കയത്രേ നിനക്കു രസമെടോ'.ഈ രംഗങ്ങള്‍ കാണുന്തോറും എനിക്ക് ദു:ഖം വര്‍ധിക്കുന്നു.ഇനി നീ ആരേയും കൊന്നില്ല എങ്കിലും കൊല്ലിക്കലാണ് നിനക്ക് സന്തോഷം എന്ന എന്‍റെ അഭിപ്രായത്തിന് മാറ്റം വരില്ല.മരിച്ച അഭിമന്യുവിന്‍റെ മുഖത്തുനിന്നും പുഞ്ചിരി മാഞ്ഞിട്ടില്ല.ഈ കാഴ്ച എങ്ങനെ സഹിക്കാന്‍ കഴിയും?അഭിമന്യുവിന്‍റെ ഭാര്യ ഉത്തരയുടെയും അമ്മ സുഭദ്രയുടെയും സങ്കടം നീ കാണുന്നില്ലേ?ഇതുപോലുള്ള സങ്കടങ്ങള്‍ കണ്ടിട്ടും നിന്‍റെ മനസ്സ്‌ വേദനിക്കുന്നില്ലേ?കല്ലുകൊണ്ടാണോ നിന്‍റെ മനസ്സുണ്ടാക്കിയത്?കല്ലുപോലും അലിയുന്നത്ര ദയനീയമാണ് കാഴ്ചകള്‍  എന്ന് പറഞ്ഞുകരഞ്ഞു.
കര്‍ണ്ണന്‍ പ്രയോഗിച്ച വേലും തറച്ച് നീലമല പോലെ കിടക്കുന്ന ഘടോല്‍ക്കചന്‍റെ ജഡമാണ് പിന്നീട് അവള്‍ കണ്ടത്‌. .ദുശ്ശളയുടെ ഭര്‍ത്താവ്‌ ജയദ്രഥന്‍റെ മൃതദേഹമാണ്  അടുത്തതായ് അവള്‍ കണ്ടത്‌.. ..... ./.. അര്‍ജുനന്‍ എയ്ത ശരത്താല്‍ കഴുത്ത്  മുറിഞ്ഞ്  കിടക്കുന്ന മരുമകനെ കണ്ടപ്പോള്‍ വിധവയായ ദുശ്ശളയുടെ കരച്ചിലോര്‍ത്ത് ഗാന്ധാരി നടുങ്ങുന്നു.
ദ്രോണരെ സംസ്കരിച്ച നിലമാണ് പിന്നെ കാണുന്നത്.ബ്രാഹ്മണനായത് കൊണ്ടാണ് അദ്ദേഹത്തെ വേഗം സംസ്കരിച്ചത്.ധൃഷ്ടദ്യുമ്നനല്ലാതെ മറ്റാര്‍ക്കും ഗുരുഹത്യ ചെയ്യാനാകില്ല.
എന്‍റെ മകന്‍ ദുര്യോധനന്‍റെ മകനായ ലക്ഷണന്‍റെ ശരീരമല്ലേ ആ കിടക്കുന്നത്.പേരക്കുട്ടിയുടെ ജഡം മുത്തശ്ശി കാണേണ്ടിവരുന്നത് അസ്സഹ്യമാണ്.തനിക്കിതും കാണേണ്ടിവന്നല്ലോ?
തന്‍റെ മക്കള്‍ക്ക്ഏറ്റവും പ്രിയപ്പെട്ട കര്‍ണ്ണന്‍റെ കുണ്ഡലമതാ വേറിട്ട്‌ കിടക്കുന്നു.എന്നിട്ടും കവിള്‍ത്തടം മിന്നുന്നു.ആദ്യമായ്‌ വില്ല് കൈവിടുന്നത് മരണത്തിലാണ്.അവന്‍റെ ശരീരം നായകളും നരികളും കടിച്ചുവലിക്കുന്നു.
ഭൂരിശ്രവാവിന്‍റെ ഭാര്യ ഭര്‍ത്താവിന്‍റെ കൈ മടിയില്‍ വച്ചാണ് നിലവിളിക്കുന്നത്.കൈ മാത്രം കണ്ടാണ് അവള്‍ തിരിച്ചറിയുന്നത്.
നാശത്തിനു കാരണക്കാരനായ സഹോദരന്‍ ശകുനിയുടെ മൃതദേഹം പക്ഷികള്‍ ഭക്ഷിക്കുന്ന കാഴ്ച കൃഷ്ണന് ഇഷ്ട്ടപ്പെട്ടതായിരിക്കുമല്ലോ?
മൂത്തമകന്‍ ദുര്യോധനന്‍റെ ജഡം കണ്ടപ്പോള്‍ ഗാന്ധാരി ഉറക്കെകരഞ്ഞു.അവന്‍റെ പ്രതാപവും പൊന്നിന്‍ക്കിരീടവുമെല്ലാം വെറുതെയായി.നീ നിന്‍റെ പിതാവിനെ ഉപേക്ഷിച്ചു പോയതെന്ത്‌?പട്ടുകിടക്കയില്‍ കിടക്കുന്ന  നീയിന്ന് ചോരയില്‍  കുളിച്ചുകിടക്കുകയാണല്ലോ? എന്നുപറയുന്നു.കൃഷ്ണന്‍റെ നിര്‍ദേശപ്രകാരമാണല്ലോ ഭീമന്‍ യുദ്ധനിയമം ധിക്കരിച്ച് ദുര്യോധനനെ തുടയ്ക്കടിച്ച് കൊന്നത്.
തനിക്കിതൊന്നും കാണാന്‍ ശക്തിയില്ലെന്ന് പറഞ്ഞ് ഗാന്ധാരി നിലത്തുവീണുരുണ്ടു.
ലിങ്കുകള്‍
തുഞ്ചത്തുരാമാനുജനെഴുത്തച്ഛന്‍


Saturday, July 7, 2012

യാത്രാമൊഴി-പത്താംക്ലാസ് കേരളപാഠാവലി2

ഞാന്‍ അതീവ തേജസുള്ള കനകാസ്ത്രങ്ങളാല്‍ ചുറ്റപ്പെട്ട സൂര്യദേവനോട് യാത്ര പറഞ്ഞിടുന്നു.[സൂര്യവംശജനായ ദശരഥനെയാണ് സീത ഓര്‍ക്കുന്നത്]
ആകാശത്തിന് വെണ്മ നല്‍കുന്നവനും താമരനൂല് പോലുള്ള രശ്മികള്‍ ഉള്ളവനുമായ ചന്ദ്രനെ സീത നമിക്കുന്നു.[ജനക മഹാരാജാവിനെയാണ് സ്മരിക്കുന്നത്]
കനത്ത  അന്ധകാരത്തെ കീറിമുറിച്ച് രശ്മികള്‍ പ്രസരിപ്പിക്കുന്ന നക്ഷത്രങ്ങളോട് സീത യാത്ര പറയുന്നു.[വനങ്ങളില്‍ താമസിച്ച് ലോകത്തിന് വിജ്ഞാനം നല്‍കുന്ന മുനിമാര്‍  ]
മനോഹരമായ ചിത്രവിരിപ്പ്‌ സ്വയം നെയ്തെടുത്ത് അന്തിക്കും വെളുപ്പിനും ആകാശമാകുന്ന വീടിന്‍റെ ഇരുവാതിലും മറയ്ക്കുകയാണ് സന്ധ്യ ചെയ്യുന്നത്.അങ്ങനെയുള്ള സന്ധ്യയോട് സീത യാത്ര പറയുന്നു.[ബ്രഹ്മാവിന്റെ മാനസപുത്രിയാണ് സന്ധ്യ]
ഭംഗിയുള്ള വനങ്ങളോടും അവിടുത്തെ പൂക്കളോടും സീത യാത്ര പറഞ്ഞു.അവിടെ വച്ച് അവള്‍ ഏറെ സന്തോഷിച്ചതാണ്.
സുന്ദരമായ ഈ പ്രപഞ്ചത്തോട് താന്‍ പിരിയേണ്ടതില്ല എന്ന്‍ അവള്‍ ചിന്തിക്കുന്നു.കാരണം മരണശേഷം ഈ ശരീരം മണ്ണില്‍ ചെന്നുചേരും.തന്‍റെ മനോഗതങ്ങള്‍ ഈ പ്രകൃതിഭംഗിയില്‍ ചെന്ന്‌ചേരും.ഈ പ്രപഞ്ചത്തില്‍ ഒന്നും നാശവിധേയമല്ല എന്ന് സൂചന.
അങ്ങേയറ്റം വാല്‍സല്യത്തോടെ പുണ്യവതിയായ ഭൂമീദേവി തന്‍റെ ശ്രേഷ്ഠമായ കിടക്കയിലേക്ക് പുത്രിയായ തന്നെ വഹിച്ചുകൊണ്ടുപോകുന്നു.
മലമുകളില്‍ നിന്നൊഴുകി വരുന്ന കാട്ടരുവികളുടെ ശാന്തിഗീതം ശ്രവിച്ചുകൊണ്ട് താന്‍ ശയിക്കുമ്പോള്‍ തൊട്ടരികിലുള്ള മരങ്ങളും വള്ളിപ്പടര്‍പ്പുകളും തന്‍റെമേല്‍ പൂക്കള്‍ ചൊരിയുമെന്ന് അവള്‍ ചിന്തിക്കുന്നു.[പ്രകൃതിയോടുള്ള സീതയുടെ സ്നേഹം]
ഭൂമിയുടെ ശയ്യാഗൃഹത്തില്‍ പ്രവേശിച്ചാല്‍ തനിക്ക്‌ മുകളിലായ്‌ പക്ഷികള്‍ പാട്ടുപാടി സഞ്ചരിക്കുമെന്നും മേഘങ്ങളെപ്പോലെയുള്ള പുല്‍ത്തകിടിയില്‍ മാനുകള്‍ തുള്ളിച്ചാടുമെന്നും സീത പ്രതീക്ഷിക്കുന്നു.
പര്‍വതസാനുക്കളില്‍ സ്ഥിതിചെയ്യുന്ന പുതിയ രത്നസമൂഹങ്ങളും ധാതുദ്രവ്യങ്ങളും തന്‍റെ കണ്ണിനും മനസ്സിനും ഒരുപോലെ കൌതുകകരമാകും.മാത്രമല്ല അവ തന്‍റെ സ്വന്തമായ്‌ തീരും.
ഭൂമിയില്‍ തന്‍റെ ശരീരം ലയിച്ചുചേരുന്നതിനെ പറ്റിയുള്ള ചിന്ത ഇടയ്ക്ക് വച്ച് അവസാനിപ്പിക്കുന്നു.ഭൂമീദേവിയുടെ മടിത്തട്ടാകുന്ന മെത്തമേല്‍ സൗഭാഗ്യങ്ങള്‍അനുഭവിച്ചുകൊണ്ട് സുഷുപ്തിയില്‍ താന്‍ ലയിക്കും.താന്‍ ഉപരിലോകത്തെക്ക് ഉയരും.
പരിശുദ്ധയായ ഭൂമീ,ഭവതിയുടെ പാദങ്ങളില്‍ ലയിച്ച ഞാന്‍ നദീജലത്തില്‍ പ്രതിബിംബിക്കുന്ന അംഗത്തോടെ ഭൂമിയെ കുമ്പിടുന്ന നക്ഷത്രമെന്ന പോലെ ആകാശത്തില്‍ ഉയര്‍ന്ന ദീപമായിത്തീരും.
പ്രിയ രാഘവാ,നിന്‍റെ ശാഖ വിട്ട് പറന്നുപോകുന്ന ഒരു പക്ഷിയാണ് താനിപ്പോള്‍  .നിര്‍ഭയം താന്‍ പറന്ന് പോയ്ക്കോളാം.
പ്രപഞ്ചഗോളങ്ങള്‍ക്ക് രൂപം നല്‍കുന്ന മണ്ണ് താന്‍ ചെന്നുചേരുന്നിടത്തില്ല.ദിനരാത്രങ്ങള്‍ ഇവിടെയില്ല.ശാന്തവും പരിശുദ്ധവുമായ ഈ സ്ഥാനം സൃഷ്ടിക്കും മുന്നേയുള്ള ജ്യോതിര്‍സ്ഥാനമാണ്.
വിരഹദു:ഖത്താല്‍ പക്വമായ മനസ്സോടെ കര്‍ത്തവ്യങ്ങളെല്ലാം അനുഷ്ഠിച്ച് ധന്യനായ്‌ ശ്രീരാമനും തന്‍റെ ലോകത്ത്‌ എത്തും.
[ചിന്താവിഷ്ടയായ സീത ഒരു സ്വഗതാഖ്യാനമാണ്.ലോകത്തോട് വിട പറയുന്ന വേളയില്‍ സീതയുടെ മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകള്‍ ആണ് ഈ കവിത.മറ്റാരോടും പങ്കുവയ്ക്കാനില്ലാത്ത അവസ്ഥയിലാണ് സ്വഗതാഖ്യാനങ്ങള്‍ ജനിക്കുന്നത്.സീത താന്‍ എത്തിച്ചേരാന്‍ പോകുന്ന ലോകത്തെ വിശിഷ്ടമായ്‌ കണക്കാക്കുന്നു.തന്നെ വേദനിപ്പിക്കുകയും അപമാനിക്കുകയും ചെയ്ത സാമൂഹ്യവ്യവസ്ഥിതിയോട്‌ അവള്‍ക്ക് അമര്‍ഷമുണ്ട്.തരംതിരിവുകളില്ലാത്ത താന്‍ എത്തിച്ചേരാന്‍ പോകുന്ന ലോകത്തെ അവള്‍ ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്നു.തനിക്ക്‌ ലഭിക്കാന്‍ പോകുന്ന സ്വാതന്ത്ര്യത്തെ കുറിച്ച് ഓര്‍ക്കാനും അവള്‍ ഇഷ്ട്ടപ്പെടുന്നു.സീതയുടെ കണ്ണിലൂടെ രാമായണത്തെ നാം വായിക്കുന്നു.സംസ്കാരം എന്ന പേരില്‍ ഉള്ള പലതും സ്ത്രീസ്വാതന്ത്ര്യത്തിന് എതിരാണെന്ന് കുമാരനാശാന്‍ വെളിപ്പെടുത്തുന്നു.പറക്കാന്‍ വെമ്പുന്ന കിളി എന്നത് തന്നെ സ്വാതന്ത്ര്യകാംക്ഷയാണ്.]
*കുടുംബത്തിലെ ചുമതലകള്‍
*സാമൂഹ്യമായ വിലക്കുകള്‍
*വിദ്യാഭ്യാസത്തിലെ പിന്നോക്കാവസ്ഥ
*പൊതുഇടങ്ങളിലെ അരക്ഷിതാവസ്ഥ
*അധികാരഘടനയിലെ പ്രാതിനിധ്യമില്ലായ്മ
*ചൂഷണം
              ലിങ്കുകള്‍
           കുമാരനാശാന്‍








Monday, June 25, 2012

സാഹിത്യത്തിലെ സ്ത്രീ

സാഹിത്യകാരന്മാര്‍ അവര്‍ സൃഷ്ട്ടിച്ച സ്ത്രീ കഥാപാത്രങ്ങളിലൂടെയാണ് ജീവിക്കുന്നത്.കുമാരനാശാന്‍റെ നായികാകഥാപാത്രങ്ങള്‍ പ്രസിദ്ധി നേടിയവരാണ്‌.നാടകങ്ങള്‍ ,നോവലുകള്‍ ഇവയിലൊക്കെ സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്.സാഹിത്യകാരന്മാര്‍ക്ക്‌ സ്ത്രീ പക്ഷപാതം ഉണ്ടായതു കൊണ്ടാണോ അതോ കൃതികള്‍ പ്രസിദ്ധമാകാനുള്ള കലാകൌശലമാണോ?

സ്ത്രീക്ക്‌ എന്നും രണ്ടാം സ്ഥാനമാണ് സമൂഹം നല്കുന്നത്.കുടുംബങ്ങളിലും ഇതു തന്നെഅവസ്ഥ.ബഹുഭാര്യാത്വം ഇന്നും നിലവില്‍ ഉണ്ട്.സ്ത്രീകളെക്കൊണ്ട് വേലയെടുപ്പിക്കാനും സന്താനങ്ങള്‍ വളര്‍ന്നാല്‍ അവരെക്കൊണ്ട് വേലയെടുപ്പിക്കാനും വേണ്ടിയാണ് ഒന്നിലധികം ഭാര്യമാര്‍  .

സ്തീപുരുഷ സമത്വം ഏറെ കാണപ്പെടുന്നത് കൃഷിക്കാര്‍ക്കിടയിലാണ്.പുരുഷന്‍ ഭര്‍ത്താവാകുമ്പോള്‍ ഭാര്യയാണ് സത്രീ.ഭര്‍ത്ത്രിയെന്നും ഭാര്യനെന്നും പദങ്ങള്‍ മറിച്ചിടാന്‍ പുരുഷന്മാര്‍ സമ്മതിക്കില്ല.സത്രീ പതിവ്രതയാകണമെന്ന് സിദ്ധാന്തമുണ്ട്.ഭര്‍ത്താവ്‌ മരിച്ചാല്‍ ചിതയില്‍ ചാടിമരിക്കണമെന്ന് നിയമമുണ്ടായിരുന്നു.പുരുഷന് ഇവ ബാധകമല്ല.

കുടുംബത്തിലേയും സമൂഹത്തിലേയും ദുരന്തങ്ങള്‍ ചെന്നുചേരുക സത്രീയുടെ തലയ്ക്കാണ്.പുരുഷന്‍റെ ദുര്‍ചിന്തകള്‍ ,ദുര്‍പ്രവണതകള്‍ ഇവ അനുഭവിക്കേണ്ടി വരുന്നതും സ്ത്രീയാണ്.സ്ത്രീ എല്ലാം സഹിക്കേണ്ടവളാണ് എന്നാണ്  ധാരണ.പുരുഷന്‍റെ ത്യാഗിനികള്‍ എന്ന സര്‍ട്ടിഫിക്കറ്റില്‍ സ്ത്രീകള്‍ മയങ്ങിപ്പോകുന്നു.പുരുഷനെ ചോദ്യം ചെയ്യുവാന്‍ 'ഉത്തമസ്ത്രീ ധൈര്യപ്പെടില്ല.ആത്മാവില്ലാത്ത സ്ത്രീ ആത്മാവിന്‍റെ കുത്തകക്കാരനായ പുരുഷനെ ചോദ്യം ചെയ്യില്ലല്ലോ!

ത്യാഗശാലിനികളായ് എല്ലാ കഥകളിലും സ്ത്രീകള്‍ ചിത്രീകരിക്കപ്പെടുന്നു.വായനക്കാര്‍ക്ക്‌ സഹാനുഭൂതി ഉണ്ടാകുന്നത് സ്ത്രീകളെപ്രതിയാണെങ്കില്‍ കവിതകള്‍ ,നാടകങ്ങള്‍ ,നോവലുകള്‍   ഇവ വിജയിക്കുന്നത് സ്ത്രീകളെക്കൊണ്ടാണ്.രാമായണത്തിലെ രാമനേക്കാള്‍ സീതയും നൈഷധത്തിലെ നളനേക്കാള്‍ ദമയന്തിയും സത്യവാനേക്കാള്‍ സാവിത്രിയും നമ്മുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നു.കാളിദാസനെ നാം ഓര്‍ക്കുന്നത് ദുഷ്യന്തന്റെ പേരിലല്ല ശകുന്തളയുടെ പേരിലാണ്.

യൂറോപ്യന്‍ സാഹിത്യത്തിലും ഇതുതന്നെ അവസ്ഥ.ഷേക്ക്സ്പിയറുടെ ഏറ്റവും നല്ല കഥാപാത്രങ്ങള്‍ സ്ത്രീകളാണ്  .ഉദാഹരണങ്ങള്‍ -ഡെസ്ഡമോണ, കൊര്‍ഡീലിയ.തോമസ്‌ ഹാര്‍ഡിയുടെ നോവലുകളിലും സ്ത്രീ തന്നെ പ്രധാനം.

മലയാളത്തിലും സ്ത്രീകള്‍ തന്നെ മുഖ്യകഥാപാത്രങ്ങള്‍  . സി.വി യുടെ സുഭദ്ര എന്ന കഥാപാത്രത്തേക്കാള്‍ പ്രഭ ചൊരിയുന്ന ഏതു കഥാപാത്രമുണ്ട് അദ്ദേഹത്തിന്‍റെ കൃതികളില്‍  ?പുരുഷന്‍റെ ചെയ്തികളുടെ ദുരന്തഫലം അനുഭവിക്കുന്ന സ്ത്രീകളെക്കുറിച്ച്  നൊന്തുനൊന്താണ് വായനക്കാര്‍ വായിച്ചുപോകുന്നത്.ആ വേദനിക്കുന്നവര്‍ക്ക് സ്ത്രീയെ നോവിപ്പിക്കുന്ന സാമൂഹ്യനീതിയെ ചോദ്യം ചെയ്യാനാവുന്നില്ല.ആ ദുഃഖങ്ങള്‍ ആഭരണങ്ങള്‍ ആണെന്ന ചിന്തയാണ് സാഹിത്യകൃതികള്‍ ജനിപ്പിക്കുന്നത്.കൊല്ലപ്പെടുന്ന സ്ത്രീകളുടെ ദു:ഖങ്ങളിന്മേല്‍ അനുവാചകര്‍ ആഹ്ലാദം കൊള്ളുന്നു.

കുമാരനാശാന്‍റെ സ്ത്രീകഥാപാത്രങ്ങള്‍ സ്നേഹമയികള്‍ തന്നെ;എന്നാല്‍ പലകാര്യങ്ങളിലും അവര്‍ തന്റേടം കാണിക്കുന്നുണ്ട്.'ലീല'യില്‍ ലീല പാരമ്പര്യത്തിനു നേരെ പല്ലിറുമ്മുന്നുണ്ട്.'ചിന്താവിഷ്ടയായ സീത'യില്‍  സ്ത്രീക്ക് കരുത്തും ആത്മാഭിമാനവും കൊടുക്കുന്നുണ്ട്.രാമനെ അനുസരിച്ച സീത രാമനെ വിമര്‍ശിക്കുന്നത് കാണാന്‍ കഴിയും.ത്യാഗിനിയായ സീതയെ അഭിമാനമുള്ള സ്ത്രീ ആക്കിയപ്പോള്‍ ആശാനെ അപരാധിയാക്കി.പുരുഷനോടൊപ്പം വര്‍ത്തിക്കുന്നവളായ് സ്ത്രീയെ ചിത്രീകരിക്കുന്നത് നമുക്കിഷ്ട്ടം അല്ല.ആശാന്‍റെ 'നളിനി',ലീല,വാസവദത്ത,മാതംഗി ഇവയ്ക്കൊപ്പമല്ല  ദുരവസ്ഥയിലെ സാവിത്രി എന്ന പെണ്‍കുട്ടിയും സീതയും...തന്റേടമുള്ള സ്ത്രീയെ പുരുഷസാഹിത്യം ഇഷ്ട്ടപ്പെടുന്നില്ല.

Monday, June 11, 2012

Saturday, June 9, 2012

oldപത്താംക്ലാസ്സ്‌ കേരളപാഠാവലി-2

ഇവള്‍ക്കു മാത്രമായ്

സുഗതകുമാരി
ഇവള്‍ക്ക് മാത്രം എന്നത് ഒരു ചുരുക്കലാണ്.കടലിന്‍റെ അത്രയും കണ്ണീര്‍ കുടിക്കുന്നവളാണ് സ്ത്രീ.ചിങ്ങമാസത്തിലെ വെയില്‍ പോലെ ചിരിക്കുന്നവളാണവള്‍ .  ഉള്ളില്‍ കൊടുംതീ എരിയുമ്പോഴും തണുത്ത ഭൂമിയെ പോലെ ആണവള്‍   .




ചിലപ്പോള്‍ പൂജിക്കപ്പെടാറുണ്ട് എങ്കിലും ചവിട്ടാണ് മിക്കവാറും അവള്‍ക്ക് ഏല്‍ക്കുന്നത്.എപ്പോഴും അവള്‍ പുച്ഛിക്കപ്പെടുന്നു.ഉപേക്ഷിക്കപ്പെടുന്നു.അവള്‍ ജീവിക്കുന്നത് ഭര്‍ത്താവിനും മക്കള്‍ക്കും വേണ്ടിയാണ്.നെറ്റിത്തടത്തില്‍ ഇത്തിരി കുങ്കുമം അവള്‍ അണിഞ്ഞിട്ടുണ്ട്.അവളുടെ വിളര്‍ത്ത ചുണ്ടത്തെ നിലാച്ചിരി മറ്റുള്ളവര്‍ക്കായ്‌ അവള്‍ എടുത്തണിഞ്ഞതാണ്.അവളുടെ ഹൃദയമാകുന്ന വിളക്കുമാടത്തില്‍ കത്തിച്ചു വച്ച തിരി മറ്റുള്ളവര്‍ക്ക് വഴികാട്ടിയും അഭയവുമാണ്.


അവള്‍ ദൈവത്തെക്കാള്‍ സ്നേഹത്തെയാണ് പൂജിക്കുന്നത്.അവള്‍ക്ക് ആശ്വാസം ഏകുന്നത് കാലത്തിന്‍റെ  ഒടുവിലത്തെ കരസ്പര്‍ശം മാത്രമാണ്.അവള്‍ക്കുവേണ്ടി ഒരു ഗാനമെങ്കിലും സമര്‍പ്പിക്കാനാണ് ,നിഷ്ഫലമെങ്കിലും കവയിത്രി മോഹിക്കുന്നത്.


[ഭാവഗീതത്തിന്റെ വികാരതീവ്രതയുള്ള കവിതയാണിത്‌.സ്വാതന്ത്ര്യങ്ങളില്‍ നിന്ന് വെട്ടിചുരുക്കപ്പെട്ട് ഒതുക്കത്തോടെ കഴിയേണ്ടവളാണ് സ്ത്രീ എന്നൊരു സങ്കല്പം നമുക്കിടയില്‍ ഉണ്ട്.സ്ത്രീക്കു മാത്രമായ് ചില വിശേഷണങ്ങള്‍ ,  സവിശേഷതകള്‍  ഇവ നാം കല്‍പ്പിച്ചു കൊടുക്കാറുണ്ട്.സ്ത്രീക്ക് മാത്രമായ് ഒരു കവിത പോലും പാടാന്‍ പറ്റാത്ത നിസ്സഹായാവസ്ഥ കവയിത്രിയെ വിഷമിപ്പിക്കുന്നു.പാട്ടില്‍ ഒതുക്കാനാവില്ല സ്ത്രീയുടെ ദു:ഖം.അവളുടെ ഉള്ളിലുള്ളത് പാടാന്‍ കഴിയില്ല.]
ഇവള്‍ക്ക് മാത്രമായ്


പെണ്‍കുഞ്ഞ്-90

രാത്രിമഴ

Wednesday, May 16, 2012

അവലോകനം- കാലിലാലോലം ചിലമ്പുമായ്‌

      ഏതു കലയ്ക്കും അത് ഉത്ഭവിച്ച നാടിന്‍റെ സംസ്കാരവുമായ്‌   ബന്ധമുണ്ട്.കഥകളിചടങ്ങുകള്‍,വേഷം,സംഗീതം,വാദ്യംഇവയ്ക്ക് കേരളീയത്തനിമയുണ്ട്.കാലത്തിനനുസരിച്ച് കലാഭിരുചിയില്‍ മാറ്റം വരും.നളചരിതത്തിലെ ഭാഷ മണിപ്രവാളമാണ്.ശുദ്ധ മണിപ്രവാളവും ശുദ്ധ സംസ്കൃതവും ഉപയോഗിച്ചിരിക്കുന്നു.പ്രകൃതിദത്തമായ ചായങ്ങള്‍ ആണ് കഥകളിക്ക് ഉപയോഗിക്കുന്നത്.കണ്ണ് ചുമപ്പ് നിറമാകാന്‍ ചുണ്ടപ്പൂ,മനയോലമുഖത്ത്തേയ്ക്കുന്നു.ചായില്യംചുണ്ട്ചുവപ്പിക്കുന്നു.നീല വണ്ടിന്റെ ഓട് കിരീടത്തില്‍ പതിപ്പിക്കുന്നു.ചുട്ടിക്ക് അരിമാവുപയോഗിക്കുന്നു.
    കഥകളിയേക്കാള്‍പ്രാചീനമാണ്കൂടിയാട്ടം.സാമൂഹ്യാവസ്ഥകള്‍ ചിത്രീകരിച്ചിരിക്കുന്നു.തന്റെ ചുറ്റുമുള്ള ലോകത്തെ വിദൂഷകന്‍ പുരാണത്തിലേക്ക്‌ കൊണ്ടുപോകുന്നു.കഥകളിക്ക് രൂപം നല്‍കാന്‍ സ്വാധീനം ചെലുത്തിയ കലാരൂപമാണ് കൂടിയാട്ടം.കയ്യേറ്റത്തെ കുറിച്ചാണ് വിദൂഷകന്‍ പറയുന്നത്.
    ഏതൊരു കലയും നേരിടുന്ന നാശത്തെക്കുറിച്ചാണ് ആര്‍ട്ട് അറ്റാക്ക്എന്നചെറുകഥയിലൂടെഅനാവരണംചെയ്യുന്നത്. കലാമൂല്യങ്ങള്‍  ഉപേക്ഷിക്കാന്‍ തയ്യാറാകാത്ത ശിവരാമന് നിലനില്‍പ്പ്‌ സാധ്യമല്ലാതാകുന്നു.കലകളോടുള്ള മാറുന്ന മനോഭാവം എം.മുകുന്ദന്‍ വളരെ ഹൃദ്യമായ്‌അവതരിപ്പിച്ചിരിക്കുന്നു.

Friday, May 11, 2012

ആര്‍ട്ട് അറ്റാക്ക്



1

2






ചിത്രം ഒന്നും രണ്ടും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാം?


നാഷണല്‍ ടൈംസ് എന്ന പത്രസ്ഥാപനത്തിലെ കലാനിരൂപകനാണ് ശിവരാമന്‍.സന്ധിവാതം വന്ന ഭാര്യയും പ്രായപൂര്‍ത്തിയായ മകളും അയാള്‍ക്കുണ്ട്.കോളേജ് ഓഫ് ആര്‍ട്ടില്‍ ബി.എഫ്..എ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ്‌ മകള്‍ ആരതി.തുന്നല് വിട്ട് വലുതായ പാന്റിന്റെ കീശ,ഓട്ടകള്‍വീണ സോക്സ്,തേഞ്ഞ ഷൂസ് ...ഇതാണ് ശിവരാമന്‍.
   ഡപ്യൂട്ടി എഡിറ്റര്‍ ഗിരിരാജ് പേനയ്ക്ക് ശക്തി വേണം എങ്കില്‍ ഇറച്ചിയും മീനും തിന്നണം എന്ന് പറഞ്ഞത്‌ തന്നെ കളിയാക്കിയാണോ എന്ന് വരെ അയാള്‍ക്ക് തോന്നി.
സീസണനുസരിച്ച്വില കുറയുന്ന പച്ചക്കറി മാത്രമേ അയാള്‍ വാങ്ങിയിരുന്നുള്ളൂ.
     ഇക്കണോമിക്സില്‍ ബിരുദാനന്തരബിരുദമെടുത്ത ഗിരിരാജ് എം.എഫ് ഹുസൈനിന്‍റെ ചിത്രങ്ങളെക്കുറിച്ച് താനെഴുതിയ ലേഖനത്തില്‍ ഇടപെടുന്നത് ശിവരാമന് ഉള്‍ക്കൊള്ളാന്‍ ആയില്ല.ഗിരിരാജിനു ചിത്രങ്ങളെ കുറിച്ചുള്ള അറിവ്‌ വായനയില്‍ നിന്നും മാത്രമാണ് ,ചിന്തയില്‍ നിന്നല്ല എന്ന് ശിവരാമന് മനസ്സിലായി.സൂസയുടെ വരയാണ് ഹുസ്സൈനിന്‍റെ  വരയെക്കാള്‍ നല്ലതെന്ന് ശിവരാമന് അഭിപ്രായമുണ്ടായിരുന്നു.എന്നാല്‍ താരതമ്യപഠനത്തിനു അദ്ദേഹം സ്ഥാനം കൊടുത്തില്ല  .തന്റെ മനസ്സാക്ഷിക്ക് എതിരായ്‌ ഒന്നും അയാള്‍ ചെയ്തില്ല.അതാണ്‌ ആര്‍ട്ട്‌ ക്രിറ്റിക് എന്ന നിലയില്‍ ശിവരാമന്‍ പ്രശസ്തനാകാന്‍ കാരണം.
[ദാരിദ്ര്യ കാരണവും].
    ഭാരതീയ ടൈമ്സിന്‍റെ ആര്‍ട്ട് ക്രിട്ടിക്ക് ആയ നരേഷ്‌ മല്‍ഹോത്രയെ പോലെ വിദേശത്ത് 
പോകാത്തത് എന്താണെന്ന ആരതിയുടെ ചോദ്യത്തിന് അച്ഛനൊരു പഴഞ്ചനാണ് എന്ന ഉത്തരമാണ് കിട്ടിയത്‌.ഗിരിരാജും വലിയൊരു ഫ്ലാറ്റ്‌ വാങ്ങിയപ്പോള്‍ ശിവരാമന് അതിശയമായ്‌ ശിവരാമന്‍ എഴുതുന്ന കലാപ്രദര്‍ശനങ്ങളുടെ നിരൂപണം ചിത്രങ്ങളോടെയാണ് നല്‍കിയിരുന്നത്.ചിത്രങ്ങള്‍ ഗ്യാലറിയില്‍ പോയ്‌ കണ്ടാല്‍ മതിയെന്നും പത്രത്തിന്‍റെ വില പിടിച്ച സ്പേസ് കളയാനാവില്ലെന്നും പറഞ്ഞ ഗിരിരാജ്  പത്രത്തില്‍ചിത്രങ്ങള്‍ കൊടുക്കുന്ന പതിവ്‌ നിറുത്തി.
 ടെക്നോളജിയുടെ വികസനം ശിവരാമനുംഅറിഞ്ഞു.ടൈപ്പ്റൈറ്ററുകളുടെ സ്ഥാനത്ത്‌ 
കമ്പ്യൂട്ടറുകള്‍ വന്നു.പരിഷ്ക്കാരം വസ്ത്രധാരണത്തിലും ഭാഷയിലും കടന്നു വന്നു.ശിവരാമന് ആത്മവിശ്വാസം വരെ നഷ്ട്ടമായ്‌.ഭാര്യ ലക്ഷ്മിയുടെ മരുന്നുകള്‍ വാങ്ങാന്‍ വരെ കാശ് തികയാതെയായ്‌.ഫാഷന്‍ഷോ ഇവന്‍റ് കവര്‍ ചെയ്യാന്‍ പോകണം എന്ന ആജ്ഞയെ അംഗീകരിക്കാതെ പരിതോഷ്‌ സെന്നിന്റെ റെട്രോസ്പെക്‌ടീവ് കവര്‍ ചെയ്തു.എന്നാല്‍ പത്രത്തില്‍ വന്നത് ഫാഷന്‍ഷോവിന്റെ കവര്‍ സ്റ്റോറി ആയിരുന്നു.
  'എന്‍റെ അച്ഛന്‍' എന്ന ചിത്രത്തിന് മകള്‍ക്ക് സമ്മാനം കിട്ടി.കുറെ കടും നിറത്തിലുള്ള ത്രികോണങ്ങളും വൃത്തങ്ങള്‍ക്കുമിടയില്‍ തന്റെ മുഖം കാണാന്‍ അയാള്‍ക്കായില്ല....


കലയെ കച്ചവടച്ചരക്കാക്കുന്ന ആധുനികയെ വെളിവാക്കുന്നു ഈ ചെറുകഥ.കലാമൂല്യങ്ങള്‍ ഉപേക്ഷിക്കാത്ത പണത്തിന് വേണ്ടി കലയെ പണയം വയ്ക്കാത്ത ശിവരാമന്‍ കാലത്തിനനുസരിച്ച് കോലം മാറാന്‍ കൂട്ടാക്കുന്നില്ല.പുതിയ കാല പ്രഫഷണലുകള്‍ ജീവിക്കാന്‍ വേണ്ടി കലയെ വികൃതമാക്കാന്‍ മടിക്കുന്നില്ല.
ആര്‍ട്ട് അറ്റാക്ക് എന്ന ശീര്‍ഷകം വളരെ അനുയോജ്യമാണ്.കലയുടെ നേര്‍ക്കുള്ള ആക്രമണമായോ കലകളുടെ നാശമായോ കലാസ്തംഭനമായോ കൂട്ടിവായിക്കാം.കലയെ ആരാധിക്കുന്ന ഒരുമനുഷ്യന്‍റെ  ദുരന്തമാണീ കഥ.
********************************************************************************
ചോദ്യങ്ങള്‍
1.കലാനിരൂപകര്‍ എന്ന നിലയില്‍ ശിവരാമനെയും ഗിരിരാജിനെയും താരതമ്യം ചെയ്യുക.
2.ശീര്‍ഷകത്തിന്റെ ഔചിത്യം വ്യക്തമാക്കുക
3.കലകളില്‍ ഏതു കലകള്‍ക്കാണ് പത്രമാധ്യമങ്ങളില്‍ സ്ഥാനം കിട്ടുന്നത്?എന്തുകൊണ്ട്?
      എം മുകുന്ദന്‍                                                                        [ദിനോസറുകളുടെ കാലം]









*********************************************
ഫ്രാന്‍സിസ് ന്യൂട്ടന്‍ സൂസ

പരിതോഷ്‌ സെന്‍
എം.എഫ് ഹുസൈന്‍         

Wednesday, May 9, 2012

മുരിഞ്ഞപ്പേരീം ചോറും

                                               മുരിഞ്ഞപ്പേരീം ചോറും
കൂടിയാട്ടം


    അതിപ്രാചീനമായ കലാരൂപമാണ് കൂടിയാട്ടം.ഭാരതത്തില്‍ ഇന്നവശേഷിക്കുന്നഒരേയൊരു സംസ്കൃത നാടകാഭിനയ സമ്പ്രദായമാണ് കൂടിയാട്ടം.കൂടിയാട്ടത്തെ മനുഷ്യരാശിയുടെ പൈതൃകത്തിന്‍റെ മഹത്തായ കലാസൃഷ്ട്ടിയായ് 2001 മെയ്‌ 18 ന്  യുനെസ്കൊ പ്രഖ്യാപിച്ചു.കൂത്ത് എന്നും പണ്ട് പേരുണ്ടായിരുന്നു.

    രണ്ട്‌ തരം കൂത്തുകള്‍ കേരളത്തില്‍ ഉണ്ട്
                            തോല്‍പ്പാവക്കൂത്ത്,ചാക്യാര്‍കൂത്ത്
    മുഖ്യമായ്‌  രണ്ടു ഭാഗങ്ങള്‍ കൂത്തിന് ഉണ്ട് .
ഒന്നിലധികം ആളുകള്‍ അവതരിപ്പിക്കുന്ന നാടകാഭിനയം[കൂടിയാട്ടം],ഒരാള്‍ ഒറ്റയ്ക്ക് രസകരമായ്‌ അവതരിപ്പിക്കുന്ന വിദൂഷകക്കൂത്ത്.ഈ വിദൂഷക അഭിനയം കൂടിയാട്ടത്തില്‍ നിന്നെടുത്ത്‌ ചാക്യാന്മാര്‍ വിസ്തരിച്ചു.കൂടിയാട്ടത്തില്‍ നിന്നും വ്യത്യസ്തമായി പ്രബന്ധങ്ങളെ ആശ്രയിച്ച കൂത്തായതിനാല്‍ പ്രബന്ധക്കൂത്ത് എന്നും വിളിക്കാറുണ്ട്.

  വിദൂഷകന്റെ നിര്‍വ്വഹണത്തിനു തന്നെ അഞ്ചു ദിവസമെടുക്കും.കുലശേഖരവര്‍മ്മ രചിച്ച സുഭദ്രാധനഞ്ജയം ഒന്നാം അങ്കത്തിലെ വിദൂഷകക്കൂത്തില്‍ നിന്നുള്ള ആദ്യ ഭാഗമാണ് മുരിഞ്ഞപ്പേരീം ചോറും എന്ന പാഠഭാഗം.

    കൂടിയാട്ടത്തിന്‍റെ നാലാം ദിവസം വിദൂഷകനായ കൌണ്ഡിന്യന്‍ രംഗത്ത് പ്രവേശിച്ച്‌ നായകനായ അര്‍ജുനന്റെ അടുത്ത് താന്‍ എത്തിച്ചേരാന്‍ ഇടയായ കഥ വിസ്തരിക്കുന്നു.ഭിക്ഷ യാചിച്ചുകൊണ്ടാണ് വിദൂഷകന്റെ പ്രവേശനം.ഭിക്ഷ യാചിച്ചു നിരാശനായ അയാള്‍ എല്ലാം തന്‍റെ കര്‍മ്മഫലം എന്നുപറയുന്നു.കേരളീയ ബ്രാഹ്മണരെ ബാധിച്ച സാംസ്കാരിക ജീര്‍ണ്ണത ഇതില്‍ നിഴലിക്കുന്നു.

   ധര്‍മ്മപുത്രമഹാരാജാവിന്‍റെ സേവകനായ്‌ പോകാന്‍ വിദൂഷകനെ ഗ്രാമമുഖ്യന്മാര്‍ തിരഞ്ഞെടുക്കുന്നു.വിദൂഷകന്‍ ധര്‍മ്മപുത്രരെ ചെന്നു കാണുന്നു.തന്‍റെ ദാരിദ്ര്യത്തെക്കുറിച്ച് പരോക്ഷമായ്‌ പറയുന്നു.രാജാവിന്റെ പ്രിയനായ്‌ കൊട്ടാരത്തില്‍ കഴിയുന്നു.സാമൂഹ്യാവസ്ഥകളെ ചിത്രീകരിക്കും വിധമാണ് വിദൂഷകന്‍ കഥ പറയുന്നത്.കേരളീയ ബ്രാഹ്മണര്‍  സമൂഹത്തിന്റെ മുഖ്യധാരയിലെത്തുകയും എന്നാല്‍ സാംസ്കാരിക അധ:പതനം സംഭവിക്കുകയും ചെയ്ത കാലഘട്ടത്തെ വിദൂഷകനിലൂടെ വെളിവാകും.
   മുരിഞ്ഞപ്പേരീം ചോറും എന്ന പാഠഭാഗത്തില്‍ ദാരിദ്ര്യമാണ് പ്രമേയം.ഉന്നത കുലജാതരായതിനാല്‍ അഭിമാനബോധം മൂലം ദാരിദ്ര്യം മൂടിവച്ചു.ആ മൂടിവയ്ക്കലിനെ ചാക്യാര്‍ കളിയാക്കുന്നിടത്താണ് ഹാസ്യത്തിന്‍റെ വിജയം.

   തന്‍റെ ചുറ്റുപാടുകളെയാണ് ചാക്യാര്‍ പുരാണകഥയില്‍ സന്നിവേശിപ്പിക്കുന്നത്.മുരിഞ്ഞപ്പേരീം ചോറും തമ്മില്‍ വഴക്കാ എന്നു പറയുന്ന ചാക്യാര്‍  സമൂഹത്തിലെ കയ്യേറ്റങ്ങളെ കുറിച്ച് ഇരുത്തി ചിന്തിപ്പിക്കും ഈ നൂറ്റാണ്ടിലും.മുരിങ്ങയില പണ്ടിരുന്നത് ഉപ്പേരിയുടെ സ്ഥാനത്ത്‌ ആയിരുന്നു.എന്നാല്‍ ഇപ്പോള്‍ ചോറിന്റെ സ്ഥാനം കയ്യേറിത്തുടങ്ങിയിരിക്കുന്നു എന്നു പറയുന്ന ചാക്യാര്‍ ചോറിന്റെ അളവ്‌ കുറയുന്നത് ദാരിദ്ര്യം കൊണ്ടാണ് എന്ന് നേരിട്ട് പറയുന്നില്ല.

     കൂടിയാട്ടത്തിലെ വിദൂഷകന്‍ സംസ്കൃത നാടകങ്ങളില്‍ നായകന്റെ തോഴനായ്‌ വന്ന് രാജാവിനെ സന്തോഷിപ്പിക്കുന്ന കഥാപാത്രമാണ് .നാടകത്തിലെ വിദൂഷകന്‍ കൂടിയാട്ടത്തിലെത്തുമ്പോള്‍ പ്രധാനിയാകുന്നു.കൂടിയാട്ടത്തിലെ വാചാല കഥാപാത്രമാണിയാള്‍ .വ്യക്തമായ ലക്ഷ്യമുണ്ടയാള്‍ക്ക്.കുറവുകള്‍ ഇല്ലാതാക്കാന്‍ വിദൂഷക പരിഹാസം കാണികളെ പ്രേരിപ്പിക്കും.വിദൂഷക ഹാസ്യത്തെ കുഞ്ചന്‍നമ്പ്യാര്‍ വികസിപ്പിച്ചെടുത്തു.കാണികളെ ചിരിപ്പിക്കുക,അറിവ്‌ പകരുക,ജീവിതത്തെ കുറിച്ച് ബോധം നല്‍കുക,സാമൂഹിക വിമര്‍ശനം നടത്തുക ഇവയാണ് വിദൂഷകന്‍ ചെയ്യുന്നത്.
*******************************************************
സമൂഹത്തിലെ കയ്യേറ്റങ്ങള്‍
ചര്‍ച്ച -രാജ്യം,ഭാഷ,പ്രകൃതി,മനുഷ്യാവകാശം ഇവയ്ക്കുമേല്‍ ഉള്ള കയ്യേറ്റം.
*******************************************************
കൌണ്‍ഡിന്യന്റെ ഹാസ്യം
1.സാന്ദര്‍ഭികമായ ഹാസ്യം
2.ദാരിദ്ര്യം ഹാസ്യരൂപത്തില്‍ 
3.കാര്യസാധ്യത്തിനായ്‌ ഹാസ്യം
4.സാമൂഹിക വിമര്‍ശനം
5.ആക്ഷേപഹാസ്യം
6.മുന്‍പിന്‍ ആലോചിക്കാതെയുള്ള ഹാസ്യം
7.ആത്മപരിഹാസം
*******************************************************
ചോദ്യങ്ങള്‍
1.കയ്യേറ്റക്കാരെ കഥയിലേക്ക് കൊണ്ടുവന്നതെന്തിന്?
2.കുഞ്ചന്‍ നമ്പ്യാരില്‍ ചാക്യാരുടെ സ്വാധീനം?
*******************************************************************************
കണ്ണികള്‍
2.കേരളീയ കലകള്‍                  
*******************************************************************************
                                           
                                            കേരളീയകലകള്‍
    ആദിത്യ പൂജ , അഷ്ടപദി ,അയ്യപ്പൻ തീയാട്ട് , അയ്യപ്പൻ‌പാട്ട് ,അയനിപ്പാട്ട് ,അലാമിക്കളി അർജ്ജുന നൃത്തം , അറബനമുട്ട് , ആടിവേടൻ ,ആണ്ടി , ആണ്ടിക്കളി , ഉടുക്കുകൊട്ടിപ്പാട്ട് , ഏഴിവട്ടംകളി , എഴമത്തുകളി , ഐവർകളി , ഒപ്പന , ഓട്ടൻ തുള്ളൽ ,ഓണത്തുള്ളളൽ , ഓണത്തല്ല് ,കണ്യാർകളി , കഥകളി , ഏലേലക്കരടി , കളരിപ്പയറ്റ് , കളമെഴുത്തുപാട്ട് , കാക്കാരിശ്ശിനാടകം , കാവടിയാട്ടം , കാളിയൂട്ട് , കാളക്കളി , കാളി തീയാട്ട് , കുത്തിയോട്ടം , കുറുന്തിനിപ്പാട്ട് , കുട്ടിച്ചാത്തനാട്ടം , കുതിരവേല , കുമ്മാട്ടി , കുതിരകളി , കുറത്തിയാട്ടം , കൂടിയാട്ടം · കൃഷ്ണനാട്ടം , കേളിയാത്രം , കൈകൊട്ടിക്കളി ,  കോതാമ്മൂരിയാട്ടം , കോഴിപ്പോരുകളി ,  ·കോൽക്കളി ,കോവിൽ നൃത്തം , ചവിട്ടുനാടകം , ചാക്യാർക്കൂത്ത് , ശാലിയ പൊറാട്ട് ,ചെണ്ടമേളം  ചെറിയാണ്ടി വലിയാണ്ടി , ചോഴി , തപ്പുമേളം , തായമ്പക , താലംകളി , തിടമ്പു നൃത്തം ,തിരുവാതിരക്കളി , തിറയാട്ടം ,തിമബലി , തീയാട്ട് , തുമ്പി തുള്ളൽ , തുമ്പിയറയൽ ,തെക്കനും തെക്കത്തിയും ,തെയ്യന്നം ,തെയ്യം , തെയ്യംതിറ , തേരുതുള്ളൽ , തോൽപ്പാവക്കൂത്ത് · തോറ്റം , ദഫ് മുട്ട് , ദാരികവധം ,നങ്ങ്യാർക്കൂത്ത് , നടീൽപാട്ട് , നന്തുണിപ്പാട്ട് , നവരാത്രി വേഷം  നാദസ്വരം , നായാടിക്കളി ,പഞ്ചവാദ്യം , പഞ്ചാരിമേളം , പടയണി , പണിയർകളി ,പതിച്ചിക്കളി , പയ്യന്നൂർ കോൽകളി , പരിചകളി ,പരിചമുട്ടുകളി ,പള്ളുകളി , പുള്ളുവൻ പാട്ട് , പൂക്കാവടിയാട്ടം , പറവേല , പറയൻ കൂത്ത് , പറയൻ തുള്ളൽ , പാക്കനാർതുള്ളൽ ,പാഠകം , പാണർപൂതം , പാണ്ടിമേളം , പാന , പാനപ്പാട്ട് , പാമ്പുതുള്ളൽ ,പാവക്കഥകളി , പുലിക്കളി ,പുള്ളുവൻ പാട്ട് , പൂതംകളി ,പൂതനും തിറയും , പൂരക്കളി ,പൊട്ടിക്കളി , പൊറാട്ടുനാടകം ,പൊറാട്ടൻ കളി ,പൊറാട്ട് , മലമക്കളി , മലവേട്ടുവർനൃത്തം , മലയൻ‌കെട്ട് , മണ്ണാൻ‌കൂത്ത് , മണ്ണാർപൂതം , മാപ്പിളപ്പാട്ട് , മാർഗ്ഗംകളി ,മാരിയമ്മപൂജ , തലയാട്ടം , മുടിയേറ്റ് , മുട്ടുംവിളിപ്പാട്ട് , മുളവടിനൃത്തം , മൂക്കൻചാത്തൻ ,മോഹിനിയാട്ടം , യക്ഷഗാനം ,വടക്കൻ പാട്ട് , തെക്കൻ പാട്ടുകൾ , വടിതല്ല് , വട്ടക്കളി , വില്ലുപാട്ട് , വേടൻ‌തുള്ളൽ ,വേലകളി , വൈക്കോൽപൂതം , ശിങ്കാരിമേളം , ശീതങ്കൻ തുള്ളൽ , ശൂരം‌പോര് ,സർപ്പം തുള്ളൽ , സർപ്പപ്പാട്ട് ,സോപാനസംഗീതം , സംഘക്കളി ·

*******************************************************************************