Showing posts with label പത്താംക്ലാസ് അടിസ്ഥാനപാഠാവലി യൂണിറ്റ് 1. Show all posts
Showing posts with label പത്താംക്ലാസ് അടിസ്ഥാനപാഠാവലി യൂണിറ്റ് 1. Show all posts

Sunday, March 21, 2021

അമ്മത്തൊട്ടിൽ-റഫീക്ക് അഹമ്മദ്


                                         

                                    റഫീക്ക് അഹമ്മദ്

                           കവിതാലാപനം

                     ശ്രേയ ബെൻ സുരേന്ദ്രൻ

                      ദൃശ്യാവിഷ്ക്കാരം

                   റഫീക്ക് അഹമ്മദിന്റെ കവിതയാണ് അമ്മത്തൊട്ടിൽ. ആധുനിക ജീവിതത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യബന്ധങ്ങളുടെ പ്രാധാന്യവും വാർദ്ധക്യത്തെ ഉൾക്കൊള്ളാൻ കഴിയാത്ത പുത്തൻ തലമുറയുടെ മനോഭാവവുമാണ് കവിതയുടെ വിഷയം. ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങൾക്കുള്ള അഭയമാണ് അമ്മത്തൊട്ടിൽ .കവിതയിൽ അമ്മയെ ഉപേക്ഷിക്കാനുള്ള ഇടമാണ് അമ്മത്തൊട്ടിൽ.അമ്മയെ ഉപേക്ഷിക്കാൻ തീരുമാനിച്ച മകൻ ജീവിതത്തിന്റെ പിൻസീറ്റിലേക്ക് അമ്മയെ മാറ്റാൻ ശ്രമിക്കുന്നു .മകൻ എത്ര ശ്രമിച്ചിട്ടും അമ്മയെ കാറിന്റെ പിൻസീറ്റിൽ നേരെ ഇരുത്തുവാൻ കഴിയുന്നില്ല.ഉണങ്ങിയ കയ്യുകൾ ചുള്ളിക്കമ്പുകൾ പോലെയായിട്ടുണ്ട്. അമ്മ കയ്യുകൾ നെഞ്ചോട് ചേർത്ത് വച്ചിട്ടുണ്ട് .എങ്ങോട്ട് പോകുന്നു എന്ന് മകനോട് ഒരു പ്രാവശ്യം പോലും അമ്മ ചോദിച്ചില്ല. എന്തിനു പോകുന്നുവെന്നും അവർ ചോദിച്ചില്ല.അമ്മയുടെ കണ്ണുകൾ പഴയ മങ്ങിയ നിറമുള്ള പിഞ്ഞാണം പോലെയായി.പാടയും പീളയും മൂടിക്കെട്ടിയ കണ്ണുകൾ വളരെ ബുദ്ധിമുട്ടിയാണ് അമ്മ അടച്ചു തുറന്നത് .പണ്ട് തിളക്കമുള്ള കണ്ണുകൾ ആയിരുന്നിരിക്കണം അമ്മയ്ക്ക് എന്നാൽ ജീവിതത്തിന്റെ   വേദനിപ്പിക്കുന്ന കാഴ്ചകൾ കണ്ട് അമ്മയുടെ കണ്ണുകൾ ആകെ നിറംകെട്ട പാത്രം പോലെയായി.

 മകൻ അമ്മയേയും കൊണ്ട് യാത്ര ചെയ്യുകയാണ്. ആരുമില്ലാത്ത വഴികളിലൂടെ, ആകാശഗോപുരങ്ങൾക്കു താഴെ കാറ് നീങ്ങി.അവിടെ ഒരു പെരുമാൾ കണ്ടു. അതിന്റെ  തൊട്ടടുത്തായി അമ്മയെ ഇറക്കിയിട്ട് പോകാമെന്ന് മകൻ വിചാരിച്ചു. എന്നാൽ പ്രസവിച്ചു കിടക്കുന്ന തെരുവു പട്ടി ഊറ്റത്തോടെ ചാടിക്കുതിച്ച് കുരച്ചത് കണ്ടപ്പോൾ മകൻ  തന്റെ  ബാല്യകാലത്ത് തന്നെ പുലർത്താൻ വളരെ കഷ്ടപ്പെട്ട അമ്മയെ ഓർത്തു. കുറ്റബോധം തോന്നി.
ഇവിടെ പെരുമാൾ എന്ന് രണ്ടുപ്രാവശ്യം ഉപയോഗിച്ചിരിക്കുന്നത് രണ്ട് വ്യത്യസ്തമായ അർത്ഥത്തിലാണ് .പണ്ട് ആരാധനാലയങ്ങളിൽ പോയിരുന്ന മനുഷ്യൻ ഇന്ന് അവ ഉപേക്ഷിച്ച് വലിയ മാളുകളെ ആശ്രയിക്കുന്ന കാഴ്ചയെത്തന്നെയാണ് കവിഇവിടെ ചൂണ്ടിക്കാണിക്കുന്നത്.
തെരുവ് പട്ടി വളരെ ഊർജത്തോടെ  മക്കളെ സംരക്ഷിക്കാൻ ശ്രമിച്ചത് കണ്ടപ്പോൾ അരക്ഷിതമായ ബാല്യകാലത്ത് കഷ്ടപ്പെട്ട് എല്ലാ പ്രശ്നങ്ങളേയും ഏറ്റെടുത്തത് തന്നെ പുലർത്തിയ അമ്മയോട്  അനുകമ്പ തോന്നി.

തുടർന്ന് ജില്ലാശുപത്രിയുടെ അരികിൽ അമ്മയെ ഉപേക്ഷിക്കാൻ തുനിഞ്ഞു.രാത്രി തുറക്കുന്ന ഒരു കടമാത്രമാണ് ആകെ അവിടെ ഉണ്ടായിരുന്നതെന്ന് അയാൾ കണ്ടുപിടിച്ചു .അവിടെ രണ്ടുമൂന്ന് ആളുകൾ മാത്രമേയുള്ളൂ .പിന്നിൽ ഒഴിഞ്ഞ സ്ഥലമുണ്ട് .അവിടെ അമ്മയെ   ഉപേക്ഷിക്കുവാൻ അയാൾ ശ്രമിച്ചു .പക്ഷേ ആശുപത്രിപ്പടികളിൽ അയാളുടെ കാൽ തടഞ്ഞപ്പോൾ പണ്ട് പനി വന്നതും  അമ്മ  തന്നെ എടുത്തുകൊണ്ട് ആശുപത്രിയുടെ പടി ഓരോന്നും കിതച്ചുകൊണ്ട് കയറിയതും സൂചി പ്രയോഗത്തിന്റെ  നീറ്റൽ അനുഭവപ്പെട്ടതും ഓർത്തു. ഇപ്പോൾ ആ നീറ്റൽ കുറ്റബോധത്തിന്റെ  നീറ്റലായി വന്നുപോയതും അയാൾ മനസ്സിലാക്കി

പിന്നെയും കാർ മുന്നോട്ടു നീങ്ങി .എങ്ങും ഇരുട്ടാണ് .വഴിയിൽ ആളുകൾ ആരുമില്ല .പണ്ട് കണ്ണുപൊത്തിക്കളിച്ച ആ വിദ്യാലയമുറ്റം കണ്ടപ്പോൾ ഒത്തിരി കാര്യങ്ങൾ ഓർത്തു.വാശിപിടിച്ചതും കരഞ്ഞതും കുതറി ഓടിയതും കരച്ചിൽ കേട്ട് ഉച്ചയാകും വരെ അമ്മ ചുറ്റുമതിലിന് പുറത്ത് കാത്ത്  നിന്നതും അയാൾ ഓർത്തു .അന്ന് കരച്ചിൽ ചങ്കിൽ കുരുങ്ങിയ അതേ അനുഭവംഇപ്പോഴും തോന്നി. അന്ന് തന്നെ പിച്ചിയത് ഈ ചുള്ളിക്കമ്പ് പോലുള്ള കൈകൾ കൊണ്ടാണോ ?പിന്നെയും അവിടെ വാഹനം നിർത്താതെ അയാൾ മുന്നോട്ടു പോയി.

 ഇനി എവിടെയാണ് അമ്മയെ ഉപേക്ഷിക്കേണ്ടത് എന്ന് അയാൾ ചിന്തിച്ചു. നിറദീപമായിരുന്ന അമ്മയെ വാർദ്ധക്യത്തിൽ കരിന്തിരിയായി കാണുന്ന തന്റെ  മാറ്റം അയാൾ മനസ്സിലാക്കുന്നുണ്ട്. സ്വബോധം നഷ്ടപ്പെടും വരെ അമ്മ എന്നും തന്നെ കൊണ്ടുപോകണം എന്ന് വാശി പിടിച്ചിരുന്ന ആ ശ്രീകോവിലിന് മുന്നിൽ തന്നെ അമ്മയെ ഉപേക്ഷിക്കുവാൻ അയാൾ തീരുമാനിച്ചു അപ്പോൾ ഒരാൾ പുറത്ത് നടക്കുന്നതായി കണ്ടു . തന്റെ ക്രൂരകൃത്യം കണ്ട് പൊറുതി ഇല്ലാതെ ഈശ്വരൻ കോവിലിൽ നിന്ന് ഇറങ്ങി വന്നതാണോ എന്ന് അയാൾ സംശയിച്ചു .കുറ്റബോധം അയാളെ വല്ലാതെ നീറ്റി.

അയാൾക്ക് തണുപ്പ് അനുഭവപ്പെട്ടപ്പോൾ കാറിന്റെ ചില്ലുയർത്തി .പണ്ട് തണുത്തപ്പോൾ കരിമ്പടം ചുറ്റി അമ്മയുടെ വയറ്റത്ത് ചൂട് കിട്ടാൻ പറ്റിക്കിടന്നതും അമ്മയുടെ മുഷിഞ്ഞ കാച്ചിയ എണ്ണയുടെ മണമ നുഭവപ്പെട്ടതും പുലർച്ചയിൽ ചൂട്ടു കത്തിക്കുന്ന ഗന്ധം ശ്വസിച്ചതും അയാൾക്ക് അപ്പോൾ അനുഭവിക്കുന്നതായി തോന്നി.

ഇന്നും അമ്മയെ തിരികെ കൊണ്ടു ചെല്ലുമ്പോൾ ഭാര്യ ഒന്നിനും കൊള്ളരുതാത്തവൻ ആണ് താൻ എന്ന് പറഞ്ഞ് പഴി പറഞ്ഞേക്കാം. എങ്കിലും ഞാൻ ഇനി അമ്മയെ ഉപേക്ഷിക്കില്ല എന്നയാൾ തീരുമാനിച്ചു .തല പെരുക്കുന്നത് പോലെ അയാൾക്ക് തോന്നി .അയാൾ തിരിഞ്ഞു നോക്കിയപ്പോൾ പിറകിലെ സീറ്റിൽ വലത്തോട്ട് പൂർണമായി ചാഞ്ഞു മടങ്ങി അമ്മ മയങ്ങിക്കിടക്കുന്നത് കണ്ടു .പീളയടിഞ്ഞ കണ്ണുകൾ അമ്മ എന്തുകൊണ്ടാണ് നിർദയം തുറന്നു വച്ചത് എന്നാണ് അയാൾ സംശയിക്കുന്നത് . 

                     


                        
ബ്രിഡ്ജ്  മലയാളം ഫിലിം -യൂട്യൂബ് ലിങ്ക്

 

                   



ഓരോ വിളിയും കാത്ത് _യു കെ കുമാരൻ




പ്രസിദ്ധ കഥാകാരൻ യു കെ കുമാരന്റെ  കഥയാണ് ഓരോ വിളിയും കാത്ത്. കുടുംബത്തിന്റെ  എല്ലാമെല്ലാമായ അച്ഛൻ മരണപ്പെട്ടപ്പോൾ ഒറ്റപ്പെട്ടുപോയ അമ്മയുടെ വേദനകളും വിഹ്വലതകളുമാണ് കഥയിൽ കാണുന്നത്. ഇത്രയും കാലം അച്ഛന്റെ  ഓരോവിളിയ്ക്കും പിന്നാലെ ഓടുകയായിരുന്നു അമ്മ. അച്ഛൻ ഓരോന്ന് പറഞ്ഞ് അമ്മയെ വിളിച്ചുകൊണ്ടിരിക്കും .അമ്മ അതിന് മറുപടി നൽകിക്കൊണ്ടിരിക്കും .ഇങ്ങനെയായിരുന്നു ആ വീട്ടിലെ ജീവിതം.അമ്മയെ ഒറ്റക്കാക്കി പോകുന്നതിൽ മകന് തികച്ചും സങ്കടമുണ്ട്. രാത്രി ഒരു കുട്ടിയെ കൂട്ടുകിടത്തുന്നുണ്ടെന്ന് പറഞ്ഞ്  ആശ്വസിപ്പിച്ചു .അച്ഛന്റെ മരണത്തോടുകൂടി ആ വീട്ടിലെ എന്തെല്ലാമോ ചോർന്നു പോയത് പോലെ അവർക്ക് തോന്നി .അച്ഛന്റെ  ശബ്ദവും സാന്നിദ്ധ്യവും ആയിരുന്നു ആ വീട് .ഒരു വീട് എന്നാൽ ചുമരുകളും ജനലുകളും വാതിലുകളും ഒന്നുമല്ല. ആ വീട്ടിലുള്ളവരുടെ ഇഴയടുപ്പമുള്ള ബന്ധമാണ് വീടിനെ വീടാക്കുന്നത് എന്ന് അവർ മനസ്സിലാക്കി.


ഒരു ഉത്തമനായ ഗൃഹനാഥനായിരുന്നു അച്ഛൻ. കിടന്ന കിടപ്പിൽ തന്നെ അദ്ദേഹം കന്നിപ്പാടത്ത് വെയിലിന്റെ  വേലിയേറ്റങ്ങൾ അറിഞ്ഞിരുന്നു. കവുങ്ങിൽ അടക്കകൾ പഴുത്തിരിക്കുന്നുവെന്നും ,വാവലുകൾ ചിറകടിച്ചു പറന്നു പോകുന്നുവെന്നും, തെങ്ങിലെ തേങ്ങകൾ വരണ്ടുണങ്ങി എപ്പോൾ വേണമെങ്കിലും വീഴുമെന്നും, നെല്ലിന് വേലി കെട്ടാൻ സമയമായി എന്നും, കതിരിൽ ചവിട്ടി ആരോ നടന്നു പോകുന്നുവെന്നും അച്ഛൻ കിടന്ന കിടപ്പിൽ പറയുമായിരുന്നു .പൊരുളില്ലാത്ത സംസാരമാണെന്ന് തോന്നുമെങ്കിലും ചെന്നുനോക്കുമ്പോൾ അച്ഛൻ പറഞ്ഞതെല്ലാം ശരിയാണെന്ന് മനസ്സിലാകുമായിരുന്നു.ഒരു ഉത്തമനായ ഗൃഹനാഥനും ഒരു നല്ല കൃഷിക്കാരനും സ്വന്തം വീടിനേയും പുരയിടത്തേയും ഒത്തിരിയേറെ സ്നേഹിച്ചിരുന്ന വ്യക്തിയും ആയിരുന്നു അച്ഛൻ എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും

അച്ഛന്റെ ചോദ്യങ്ങൾക്ക് ഉടനെ മറുപടി പറഞ്ഞില്ലെങ്കിൽ അച്ഛൻ പരിഭവം പറയുമായിരുന്നു. അപ്പോൾ അമ്മ പറയും എനിക്ക് ഒട്ടും വയ്യെങ്കിൽപ്പോലും ഓരോ വിളിപ്പുറത്തും ഞാനെത്തുമല്ലോയെന്ന്.അച്ഛൻ പോയതോടുകൂടി അമ്മ ഗൗരവക്കാരിയായി മാറി.എപ്പോഴും സ്വന്തം കാലിന്റെ  വേദനയെക്കുറിച്ച് മാത്രമായി ചിന്ത .അച്ഛന്റെ  വിളികൾക്ക് പിന്നാലെ പോകുമ്പോൾ  അമ്മ സത്യത്തിൽ തന്റെ  ചെറുപ്പ കാലത്തിലേക്ക് മടങ്ങുകയായിരുന്നു. ഓരോവിളിയ്ക്കും വേണ്ടി അമ്മ കാതോർത്തിരിക്കുമായിരുന്നു. ഇപ്പോൾ ആ നിശബ്ദതയിൽ അമ്മയുടെ മനസ്സും ശൂന്യമായി.അച്ഛന് വേണ്ടി മാത്രം ജീവിച്ചിരുന്ന ഒരാളായിരുന്നു അമ്മ. ഇപ്പോൾ തന്റെ  അവശതകളിലേക്ക് മാത്രമായി അമ്മയുടെ ശ്രദ്ധ.

 മകന്റെ  നിർബന്ധത്തിനു വഴങ്ങി നഗരത്തിലേക്ക് വരാമെന്ന് അമ്മ വാക്കുകൊടുത്തു. വാവിന്റെ ദിവസം അച്ഛന്  ഇഷ്ടമുള്ള കാപ്പി കൂടി ഇളനീരിനൊപ്പം അമ്മ അച്ഛന്റെ  മുറിയിൽ വച്ചു.അമ്മ നഗരത്തിലേക്ക് വരുന്നതിൽ മകന് സന്തോഷമുണ്ട്. മകന്റെ കുട്ടി കൂമൻ മൂളുന്നതിനൊപ്പം മൂളിയപ്പോൾ നഗരത്തിലും കൂമൻ മൂളുന്ന  ഒച്ച കേൾക്കാൻ സാധിക്കുമോ എന്ന് അമ്മ ചോദിച്ചു. അവിടെ ടിവിയുടെ ഒച്ച മാത്രമേയുള്ളൂവെന്ന് പേരക്കുട്ടി ഉത്തരം പറഞ്ഞു. നല്ല വെള്ളവും നിലാവുമില്ലാത്ത ആ നഗരം ഗ്രാമീണവാസിയായ അമ്മയെ സംബന്ധിച്ചിടത്തോളം പൊരുത്തപ്പെടാൻ ഇത്തിരി ബുദ്ധിമുട്ട് ഉള്ളതാണ് എന്ന് മകന് അറിയാമായിരുന്നു.വീടിനു മുന്നിലൂടെ പോയ പൈക്കച്ചവടക്കാരൻ മൂപ്പര് എങ്ങോട്ട് പോയി എന്ന് ചോദിച്ചപ്പോൾ മൂപ്പര് പോയി എന്നു മാത്രമേ അമ്മ മറുപടി പറഞ്ഞുള്ളൂ . പോയില്ല എന്ന കാര്യം തനിക്കു മാത്രമേ അറിയുകയുള്ളൂ എന്ന് അമ്മ പറഞ്ഞ് നെടുവീർപ്പിട്ടു. മകനൊപ്പം പോകേണ്ട ദിവസം എത്തിയിട്ടും കട്ടിലിൽ ആലോചിച്ചു കിടക്കുന്ന അമ്മയോട്  എന്താണ് വരാത്തതെന്ന് മകൻ ചോദിച്ചപ്പോൾ ഞാൻ എങ്ങനെയാണ് മോനെ വരുന്നതെന്നും അച്ഛൻ എന്നെ എപ്പോഴും വിളിച്ചു കൊണ്ടിരിക്കുകയാണെന്നും ഇന്നലെയും വിളിച്ചുവെന്നും വിളിക്കുമ്പോൾ ഞാൻ ഇവിടെ ഇല്ല എന്ന് വെച്ചാൽ അത് ശരിയാവുകയില്ലയെന്നും മറുപടി പറയുന്നു.


(കുടുംബബന്ധങ്ങളുടെ ഇഴയടുപ്പവും അവർ വച്ചുപുലർത്തുന്ന സ്നേഹവും ആദരവുമാണ് ഈ കഥയെ സുന്ദരമാക്കുന്നത്. അച്ഛനും അമ്മയും തമ്മിൽ ദൃഢമായ ആത്മബന്ധമായിരുന്നു ഉണ്ടായിരുന്നത്.അച്ഛന്റെ  ശബ്ദവും സാന്നിദ്ധ്യവുമില്ലായ്മ അമ്മയിൽ ഒരു ശൂന്യതയാണ് വരുത്തിവെച്ചത് .ഒരുപാടുപേർ ഇറങ്ങിപ്പോയത് പോലുള്ള ഒരു അവസ്ഥ വന്നു.സ്നേഹം നിറഞ്ഞ പെരുമാറ്റവും ബന്ധങ്ങളുമാണ് ഒരു വീടിനെ വീടാക്കുന്നത്. അല്ലാതെ വലുപ്പച്ചെറുപ്പമല്ല. മരിച്ചിട്ടും അച്ഛന്റെ  സാന്നിധ്യം അമ്മ അറിയുന്നു. ആ വീടു വിട്ട് താൻപോയാൽ ഓർമ്മകളുറങ്ങുന്ന വീട് നോക്കാൻ ആരും ഇല്ലാത്ത അവസ്ഥ  ആ അമ്മയെ വേദനിപ്പിക്കുന്നു.ജീവിച്ചിരിപ്പില്ലാത്ത അച്ഛനോട് പോലും ബന്ധം പുലർത്തുന്ന ആ അമ്മയ്ക്ക് അച്ഛൻ തന്റെ  കൂടെയുണ്ട് എന്ന തോന്നലാണ് ജീവിതത്തോട് അടുപ്പിക്കുന്നത്.)

         

                        ദൃശ്യാവിഷ്‌ക്കാരം    

  ദൃശ്യാവിഷ്‌ക്കാരം കണ്ടതിനുശേഷം

 കഥാകൃത്തിന്റെ(യു കെ കുമാരൻ )ആശംസ


പ്ലാവിലക്കഞ്ഞി - ആസ്വാദനം

 

തകഴിയുടെ രണ്ടിടങ്ങഴി എന്ന നോവലിലെ പതിനേഴാം അധ്യായമാണ് പാഠഭാഗം. പുഷ്പവേലിൽ ഔസേപ്പ് ചേട്ടന്റെ  കുടിയാന്മാർക്ക് വൈകുന്നേരം കൂലി കൊടുത്തു. ഒരാൾക്ക് മുക്കാൽ രൂപയായിരുന്നു കൂലി. കോരൻ പറഞ്ഞു എനിക്ക്  നെല്ലു  മതി കൂലി വേണ്ട എന്ന്. യജമാനൻ അവനെ ആട്ടിയോടിച്ചു. ആ കുറഞ്ഞ തുകയ്ക്ക് അവന് അരി വാങ്ങിക്കാൻ സാധിച്ചില്ല. അന്ന് രാത്രി അവൻ ഇരുട്ടിന്റെ  മറവിൽ ചില വ്യാപാരങ്ങൾ കണ്ടു. ഒരു വലിയ കൃഷിക്കാരൻ വീടിനടുത്തുള്ള വള്ളങ്ങളിൽ നെല്ലിൻ ചാക്കുകൾ കയറ്റുന്നത് കോരൻ കണ്ടു.അതിൽ നിന്നും ഇടങ്ങഴി നെല്ല് തനിക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് അവൻ ആലോചിച്ചു .ഔസേപ്പ് നെല്ല് കൂലിയായി കൊടുക്കാത്തത് രാത്രിയിൽ ഇങ്ങനെ ഇരട്ടി വിലയ്ക്ക് മറിച്ചു വിൽക്കുന്നത് കൊണ്ടാണെന്ന് കോരന് മനസ്സിലായി. ഈ രാത്രി വ്യാപാരത്തെ പരസ്യപ്പെടുത്തിയാൽ എന്താണെന്ന് അവൻ ചിന്തിച്ചു. പക്ഷേ കൂട്ടുകാർക്കിടയിൽ താൻ ഒറ്റപ്പെട്ടുപോകും എന്ന് അവനറിയാമായിരുന്നു.അന്ന് പാതിരയ്ക്ക് ശേഷം നാഴി അരിയും കുറച്ചു കപ്പയുമായി കോരൻ കുടിലിലേക്ക് വന്നു. തനിക്ക് വയറിനു സുഖമില്ല എന്ന്  വെറുതെ പറഞ്ഞ് കോരൻ കിടന്നു .കഞ്ഞിയും കപ്പയും പാകമായപ്പോൾ  നിർബന്ധിപ്പിച്ച് ഭക്ഷണം കഴിക്കാൻ ഇരുത്തി.അവൾ കുറച്ച് കഞ്ഞി മാറ്റിവച്ചിരുന്നു. അത് കോരൻ കണ്ടുപിടിച്ചു .കാലത്ത് ഒരല്പം കഞ്ഞിയ്ക്കുള്ളതാണ് മാറ്റിവെച്ചത് എന്ന് ചിരുത  മറുപടി പറഞ്ഞു.ഇന്ന് പട്ടിണി കിടന്ന നീ തന്നെ എല്ലാ ഭക്ഷണവും കഴിക്കൂ എന്ന് കോരൻ നിർബന്ധിച്ചു. പിറ്റേന്ന് ബാക്കി വന്ന കഞ്ഞിവെള്ളവും നാല് കഷ്ണം കപ്പയും കണ്ടപ്പോൾ ചിരുതയെ തലേദിവസം അത് കഴിക്കാത്തതുകൊണ്ട് കോരൻ വഴക്കുപറഞ്ഞു. പിറ്റേന്ന് അവൻ കപ്പയും അരിയും വാങ്ങി തിരിച്ചു വന്നപ്പോൾ ഒരു കാഴ്ച കണ്ടു. തന്നോട് വഴക്കിട്ടിരുന്നു തന്റെ  അച്ഛൻ ചിരുതയുമായി സംസാരിച്ചു നിൽക്കുന്നതാണ് കണ്ടത്.അവനെ സംബന്ധിച്ച് അത് കണ്ണു തണുപ്പിക്കുന്ന കാഴ്ചയായിരുന്നു. അപ്പനും മകനും പരസ്പരം കെട്ടിപ്പിടിച്ചു നിന്നു .ആ കാഴ്ച നോക്കിനിന്നു ചിരുത സന്തോഷിച്ചു. അവശനായി നിൽക്കുന്ന അച്ഛനെ കണ്ട് കോരന് സങ്കടമായി .അരിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചിട്ട് പത്ത് ദിവസമായെന്നും കപ്പ തന്നെ കഴിച്ചാൽ മതിയെന്നും നെല്ല് കണികാണാൻ കിട്ടുന്നില്ലെന്നും ചാത്തൻ പറഞ്ഞു. ആരോഗ്യവാനും ആനയുടെ കരുത്തും ഉണ്ടായിരുന്ന അച്ഛനെ ഈ അവസ്ഥയിൽ കണ്ടപ്പോൾ കോരന്റെ  കണ്ണുകൾ നിറഞ്ഞു .കുറ്റബോധം അവന്റെ  ഹൃദയത്തെ നോവിച്ചു. കല്യാണംകഴിഞ്ഞപ്പോൾ പെണ്ണുമായി മറുനാട്ടിൽ വന്നതാണ്.അച്ഛൻ കഷ്ടപ്പെട്ട് വളർത്തിയാണ് തന്നെ. ഇത്രയും നാൾഅച്ഛനെ തിരിഞ്ഞുനോക്കാത്തതുകൊണ്ട് അയാൾക്ക് വിഷമമായി.തന്റെ  അവസാനനാളുകളിൽ മകനോടൊപ്പം ചെലവഴിക്കാനാണ് അയാൾ എത്തിയിരിക്കുന്നത്.  എട്ടു വയസ്സിൽ ഒരു കൃഷിക്കാരന്റെ വേലക്കാരനായി കൂടിയതാണ് .കോടിപ്പറ നെല്ല് അയാൾ അറുപത്തിരണ്ടാം വയസ്സിൽ ഉണ്ടാക്കിയിരിക്കുന്നു. അയാളാണ് അവസാന നാളുകളിൽ കഞ്ഞി വെള്ളം പോലും കാണാതെ വീട്ടിൽ എത്തിയിരിക്കുന്നത് .അരിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചിട്ട് പത്ത്ദിവസമായി എന്ന് പറയുന്നത്.ചിരുതയോട് കോരൻ ചോദിച്ചു .അച്ഛന് വല്ലതും കൊടുത്തോ എന്ന് .മുറം നെയ്ത് വെച്ചിരുന്ന കാശുകൊണ്ട് അരി വാങ്ങിച്ചു അത് ഞങ്ങൾ കഞ്ഞിയുണ്ടാക്കിക്കുടിച്ചു എന്ന് ചിരുതപറഞ്ഞു. വൃദ്ധൻ ചിരുതയുടെ സംസാരത്തെ എതിർത്തു. ഞങ്ങളല്ല ആകെ ഞാൻ മാത്രമാണ് കഞ്ഞി കുടിച്ചത് എന്ന് പറഞ്ഞു .പണ്ട് നല്ല സുന്ദരിയായ അവൾ ഇപ്പോൾ ക്ഷീണിച്ചു പോയല്ലോ എന്ന് ചാത്തൻ പറഞ്ഞു .അവൾ മറ്റുള്ളവരെ തീറ്റി സ്വയം ഉണങ്ങുകയാണ് ചീത്തപ്പേര് ഉണ്ടാക്കാൻ എന്ന് കോരൻ പറഞ്ഞു .അന്നത്തെ ദിവസം ഇരുനാഴിയിട്ട് കഞ്ഞി വെച്ച് കപ്പയും പുഴുങ്ങി അവർ സന്തോഷത്തോടെ ഭക്ഷണം കഴിച്ചു .ജീവിതത്തിലെ മറക്കാനാവാത്ത ഒരു ദിവസമായിരുന്നു അത്. വളരെ കുറച്ചു കഞ്ഞി മാത്രം മതി ആ പാവം വൃദ്ധന് .പത്ത് പ്ലാവിലക്കഞ്ഞി കുടിച്ചു കഴിഞ്ഞപ്പോൾ തന്നെ വൃദ്ധന്റെ വയറുനിറഞ്ഞു .കോരന് സന്തോഷമായി .പിറ്റേന്ന് രാവിലെ കുറച്ചു കഞ്ഞി ചിരുത വച്ചിരുന്നു  അതിനെ കോരൻ എതിർത്തില്ല.നാളെ നെല്ല് തന്നെ കൂലിയായി കിട്ടിയേ മതിയാകൂ എന്ന കോരൻ ഓർത്തു .കാരണം ഒരു നേരമെങ്കിലും അച്ഛന് വയറുനിറച്ച് ചോറു കൊടുക്കണം. അത് മാത്രമായിരുന്നു അയാളുടെ ആഗ്രഹം.

ജീവിതത്തിലെ ഇല്ലായ്മകളെ സ്നേഹംകൊണ്ട് അതിജീവിക്കുകയാണ് രണ്ടിടങ്ങഴിയിലെ കഥാപാത്രങ്ങളായ കോരനും ചിരുതയും ചാത്തനും. എല്ലു മുറിയെ പണിയെടുത്തിട്ടും വിശപ്പടക്കാൻ കഴിയാതെ പോയവരുടെ കൂട്ടത്തിലുള്ളവരാണ് ഇവർ. സ്വന്തം വിശപ്പ് മറച്ചുവെച്ചാണ് ഉറ്റവരെ ഊട്ടാൻ ഇവർ ശ്രമിക്കുന്നത് .സ്നേഹത്തിന്റെ   അഗാധതയിൽ അവർ സഹനങ്ങൾ ഏറ്റെടുക്കുന്നു.ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാൻ ഇല്ലെങ്കിലും സ്നേഹത്താൽ ഇല്ലായ്മകളെ അതിജീവിക്കുകയാണ് ഇവർ.ജന്മികുടിയാൻ വ്യവസ്ഥ നിലനിന്നിരുന്ന കാലത്തെ ജീവിതമാണ് ഈ നോവൽ തുറന്നുകാട്ടുന്നത് .അടിയാളരുടെ ഇടയിൽ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു .പക്ഷേ തൊഴിൽ സംഘടനകൾ ഇല്ലാതിരുന്നതുകൊണ്ട് ഒറ്റയ്ക്ക് ആർക്കും മുന്നോട്ടു വരാൻ ധൈര്യമുണ്ടായില്ല. രാത്രി വ്യാപാരത്തെ പല അവസരങ്ങളിലും തുറന്നു പറയുവാൻ: വിളിച്ചു പറയുവാൻ,കോരൻ ആഗ്രഹിച്ചിരുന്നു പക്ഷേ താൻ ഒറ്റപ്പെട്ടു പോകും എന്നുള്ള പേടി അതിന് അയാളെ അനുവദിച്ചില്ല. സ്നേഹവും കരുതലുമുള്ള ഇടങ്ങളിൽ ജീവിതം ആസ്വാദ്യമാണെന്നാണ് നമുക്ക് ഈ കഥാപാത്രങ്ങളിലൂടെ മനസ്സിലാകുന്നത്