Showing posts with label പത്താം ക്ലാസ് കേരളപാഠാവലി യൂണിറ്റ് 2. Show all posts
Showing posts with label പത്താം ക്ലാസ് കേരളപാഠാവലി യൂണിറ്റ് 2. Show all posts

Sunday, March 21, 2021

കടൽത്തീരത്ത് - ഒ വി വിജയൻ (ആസ്വാദനക്കുറിപ്പ്)

 
                 ഭാവതീവ്രമായ ആഖ്യാനം കൊണ്ട് ശ്രദ്ധേയമായ ചെറുകഥയാണ് ഒ വി വിജയന്റെ കടൽത്തീരത്ത്. മകന്റെ  മരണശിക്ഷയ്ക്ക് സാക്ഷിയാകാൻ വെള്ളായിയപ്പൻ യാത്രയാകുന്നു .വെള്ളായിയപ്പനൊപ്പം തേങ്ങുന്ന പാഴുതറ ഗ്രാമമാണ് കഥയെ മുന്നോട്ടു നയിക്കുന്നത്. വെള്ളായിയപ്പന്റെ  കൂടെ കണ്ണൂരിലേക്ക് യാത്ര തിരിക്കുവാൻ ആളുകൾ ഏറെയുണ്ടെങ്കിലും തീവണ്ടി കയറാൻ കാശില്ലാത്തത് അതിന് ഒരു തടസ്സമാണ് .നിസ്സഹായമായ ഗ്രാമീണ ജീവിതത്തിന്റെ  കാഴ്ചകളിലൂടെ കഥ നീങ്ങുന്നു. മകനുവേണ്ടി അമ്മ കൊടുത്തയച്ച പൊതിച്ചോറിൽ വീണ കണ്ണീരിന്റെ  നനവ് വായനക്കാർക്കും അനുഭവിച്ചറിയാം. മകന്റെ  വധശിക്ഷയ്ക്കുള്ള നീതീകരണം കഥാകൃത്ത് പറയുന്നില്ല. എന്നാൽ ഒപ്പമുള്ള ഗ്രാമത്തിന്റെ  തേങ്ങൽ ചില സൂചനകൾ വായനക്കാർക്ക് നൽകുന്നു. ഇത്തരം സൂചനകളാണ് കഥയുടെ മുഖ്യ സവിശേഷത.യാത്ര പുറപ്പെടുമ്പോൾ കരിമ്പനകളിൽ കാറ്റ് പിടിക്കുന്നത് ദൈവത്തിന്റെ  യാത്രയയയ്ക്കലായാണ് വെള്ളായിയപ്പന് തോന്നിയത് .."വെള്ളായിയേ ,""മരയ്ക്കാരേ" ഈ രണ്ടു വാക്കുകളിൽ ദീർഘങ്ങളും സമ്പന്നങ്ങളുമായ സംഭാഷണം വായനക്കാർ കൂടി മനസ്സിലാക്കുന്നു .ദീർഘകാല സൗഹൃദവും കടമയും കടപ്പാടും ജാതിമതചിന്തകളെ മറികടക്കുന്നത് നാം കാണുന്നു . നിന്റെയും എന്റെയും ദൈവങ്ങൾ തുണയ്ക്കട്ടെ എന്നത് ഒരു ശുഭസൂചനയാണ്. വാക്കുകൾക്കും വാക്യങ്ങൾക്കും ഇടയിലെ നീണ്ട മൗനം പോലും നമ്മോട് സംസാരിക്കുന്നുണ്ട് .വീടാത്ത കടങ്ങൾ പടച്ചവൻ്റെ സൂക്ഷിപ്പുകളാണ് എന്ന്  കുട്ട്യസ്സൻ മാപ്പിള പറയുന്നുണ്ട് .വഴിയിൽ എതിരെവന്ന നീലി  "വെള്ളായിച്ചോ " എന്ന് പറഞ്ഞപ്പോൾ "നീലിയേ " എന്ന് മാത്രമേ വെള്ളായിയപ്പൻ പറഞ്ഞുള്ളു. രണ്ടു വാക്കുകൾക്കിടയിൽ ഒത്തിരി സാന്ത്വനമുണ്ടായിരുന്നു.പുഴയുടെ നടുക്ക് എത്തിയപ്പോൾ  വെള്ളായിയപ്പന്റെ  ഓർമ്മകളിൽ ഒത്തിരി ചിത്രങ്ങൾ തെളിഞ്ഞു. അപ്പന്റെ ശവശരീരത്തെ കുളിപ്പിച്ചതും മകനെ കുളത്തിൽ കുളിപ്പിച്ചതുമാണ് അദ്ദേഹം ഓർത്തത് ".ചവിട്ടടിപ്പാത വെട്ടുവഴിയിൽ ചേർന്നു "എന്നിങ്ങനെ കഥയിലെ ഓരോ വാക്യവും നമുക്ക് ഒരു കാഴ്ചയായി തന്നെ തോന്നുന്നു .

 

തീവണ്ടി കാത്തുനിന്നപ്പോൾ ഒരു കാരണവർ കോയമ്പത്തൂർക്കോ എന്ന് ചോദിച്ചു .താൻ കണ്ണൂർക്കാണെന്ന് വെള്ളായിയപ്പൻ പറഞ്ഞു .അയാളുടെ സംഭാഷണം ഒരു കൊലക്കയർ പോലെ വെള്ളായിയപ്പന്റെ  കഴുത്തിൽ ചുറ്റി മുറുക്കി എന്നാണ് കഥാകൃത്ത് പറയുന്നത്.അത്രയേറെ മാനസിക സംഘർഷത്തിൽ അകപ്പെട്ട വെള്ളായിയപ്പന് അപരിചിതന്റെ  സംഭാഷണം തന്റെ മകനിൽ എത്തിച്ചേരുമെന്ന് പേടിയാണ് .അപരിചിതനായ അയാളോട് എല്ലാം തുറന്നുപറയാനുള്ള ഭയം കൊണ്ടാണ് അതൊരു കൊലക്കയർ ആയി അദ്ദേഹത്തിന് തോന്നിയത്. പാഴുതറയിൽ നിന്ന് ഒരിക്കലും വിട്ടു നിൽക്കാത്ത വെള്ളായിയപ്പന് കണ്ണൂരിലേക്കുള്ള യാത്ര ആദ്യാനുഭവം ആണ് .ജയിലിലേക്കുള്ള വഴി ഏതാണെന്ന് കുതിരവണ്ടിക്കാരോട് ചോദിച്ചപ്പോൾ കട്ടാൽ മതി ജയിലിൽ എത്തിച്ചേരാം എന്ന അവരുടെ സ്വരം കഴുത്തിനുചുറ്റും വീണ്ടും കൊലക്കയർ കൊണ്ട് കുരുക്കുന്നത് പോലെ വെള്ളായിയപ്പന് തോന്നി .ജയിലിലെ പാറാവുകാരൻ വെള്ളായിയപ്പനോട് രാവിലെ എങ്ങോട്ടേക്കാണ് എന്ന് ചോദിച്ചു. അയാൾ മുണ്ടിന്റെ  കോന്തല അഴിച്ച് ഒരു കടലാസ് പുറത്തെടുത്തു .പാറാവുകാരൻ അത് വായിച്ചു .അത് വായിച്ച് കഴിഞ്ഞ് ഉടനെ പാറാവുകാരന്റെ   മുഖത്ത് കനിവ് നിറഞ്ഞു. "നാളെയാണ് അല്ലേ "എന്ന് ചോദിച്ചു .തനിക്കൊന്നുമറിയില്ലെന്ന് വെള്ളായിയപ്പൻ നിഷ്കളങ്കമായി മറുപടി നൽകി .നാളെ രാവിലെ അഞ്ചുമണിക്ക് ആണെന്ന് അയാൾ  പറഞ്ഞു .കോടച്ചി പൊതിഞ്ഞു കൊടുത്ത കഴിക്കാത്ത പൊതിച്ചോറ് പുളിച്ചു .വീണ്ടും ഓഫീസിൽ അപരിചിതരുടെ ശബ്ദങ്ങൾ കേട്ടപ്പോൾ അയാൾക്ക് അത് കുരുക്കായി തോന്നി .ശ്വാസം മുട്ടുന്നത് പോലെ അനുഭവപ്പെട്ടു .

 

വെള്ളായിയപ്പനെ കണ്ടുണ്ണിയെ കാണിക്കാനായി കൊണ്ടുപോയി .വെള്ളായിയപ്പനും  മകനും അവസാനമായി കാണുമ്പോൾ അവർ തമ്മിലുള്ള വിനിമയങ്ങൾ അത്രയും രണ്ടു വാക്കിൽ ഒതുങ്ങുന്നു ."മകനേ," "അപ്പാ "ഈ രണ്ടു വാക്കുകൾ മാത്രം.അവരുടെ മനസ്സുകൾ തമ്മിൽ സംസാരിച്ചു.മകനേ നീ എന്തു ചെയ്തു എന്ന ചോദ്യത്തിന് തനിക്കൊന്നും ഓർമ്മയില്ലെന്നും കൊലപാതകം നടത്തിയ കാര്യം പോലും തനിക്കറിയില്ലെന്നും  മകൻ പറഞ്ഞു. എന്നാൽ ഇനി ഒന്നും ഓർമ്മിക്കേണ്ട എന്ന് വെള്ളായിയപ്പൻ ആശ്വസിപ്പിച്ചു .ഇതെല്ലാം മൗനത്തിലൂടെയുള്ള സംഭാഷണങ്ങൾ ആയിരുന്നു .കണ്ടുണ്ണിയുടെ കരച്ചിലിൽ നിന്ന് " അപ്പാ എന്നെ തൂക്കിക്കൊല്ലാൻ അനുവദിക്കരുത് " എന്ന്  പറയുന്നത് നമുക്ക് അനുഭവപ്പെടുന്നു .വെള്ളായിയപ്പന്റെ  കാത്തിരിപ്പ് നമ്മുടെ ഉള്ള്  പൊള്ളിക്കുന്നു .വധശിക്ഷയുടെ ചടങ്ങിന്റെ ശബ്ദമാണെന്ന് വെള്ളായിയപ്പന്  കൊമ്പുവിളി കേട്ടപ്പോൾ മനസ്സിലായില്ല .എന്നാൽ രാവിലെ അഞ്ച് മണിക്കാണെന്ന് അവർ പറഞ്ഞിരുന്നു .കയ്യിൽ വാച്ചില്ലെങ്കിലും ഒരു കർഷകന്റെ  ജന്മസിദ്ധിയിലൂടെ വെള്ളായിയപ്പന്  അഞ്ച് മണിയായെന്ന് മനസ്സിലായി .ഒരു പേറ്റിച്ചിയെപ്പോലെ തൻ്റെ മകന്റെ  ദേഹത്തെ വെള്ളായിയപ്പൻ പാറാവ്കാരനിൽ നിന്നും ഏറ്റുവാങ്ങി .ജീവന്റെ  തുടിപ്പോടെയാണ് പേറ്റിച്ചി കുഞ്ഞിനെ ഏറ്റുവാങ്ങുന്നത് .എന്നാൽ ജീവനറ്റ മകന്റെ  ദേഹമാണ് ഈ പിതാവ് കൈമാറുന്നത്. ദരിദ്രനായ അയാൾക്ക് ആ ചേതനയറ്റ മൃതദേഹം ഏറ്റുവാങ്ങുവാനാകുന്നില്ല .മൃതദേഹം ജയിൽ അധികൃതർക്ക് വിട്ടുകൊടുക്കാൻ മാത്രമേ വെള്ളായിയപ്പന് സാധിക്കുമായിരുന്നുള്ളൂ. 

 

ആദ്യമായാണ് വെള്ളായി കടൽ കാണുന്നത് .കഥാകൃത്ത്  വെള്ളായിയുടെ നിസ്സംഗതയെ വളരെ ഹൃദ്യമായി ചിത്രീകരിച്ചിരിക്കുന്നു. ഒരു പൊട്ടിക്കരച്ചിൽ  പോലും ഇല്ലാതെ ഒരു ദേഹം കൂടി മണ്ണിൽ അലിയുന്നു.യാത്രയിൽ കഴിക്കാൻ ഭാര്യ കൊടുത്തയച്ച പൊതിച്ചോറ് ബലിച്ചോറായി മാറുന്നു. യാത്ര പുറപ്പെടുമ്പോൾ വീട്ടിൽനിന്ന് കൂട്ടനിലവിളി ഉയർന്നു. എന്നാൽ യാത്ര അവസാനിക്കുന്നിടം നിശബ്ദമായിരുന്നു.പാഴുതറയിൽ നിന്ന് കണ്ണൂരിലേക്ക് യാത്രതിരിക്കുന്ന വെള്ളായിയപ്പന് കോടച്ചി കൊടുത്തുവിട്ട പൊതിച്ചോറിന്പ്രത്യേക സ്ഥാനമുണ്ട്. തൂക്കിലേറ്റപ്പെട്ട മകന്റെ  അടുത്തേക്ക് യാത്രതിരിക്കുന്ന പ്രിയപ്പെട്ടവന് നൽകുന്ന പൊതിച്ചോറ് പൊതിയുമ്പോൾ കോടച്ചിയുടെ കണ്ണുനീർ വെള്ളായിയപ്പൻ അനുഭവിച്ചറിയുന്നു. കണ്ണുകൾ നിറയാതെ കഥ മുന്നോട്ട് വായിക്കാനാവില്ല .കഥയിലെ പൊതിച്ചോർ കഥാപാത്രത്തിന്റെ  സ്ഥാനം വഹിക്കുന്നു .വെള്ളായിയപ്പന്  വഴിയാത്രയിൽ നൽകിയ ഭക്ഷണത്തിന് കഥാന്ത്യം വരെയുംസാന്നിധ്യമുണ്ട് .വിശപ്പും ദാഹവും ഉണ്ടായിട്ടും ചോറിന്റെ   കെട്ടഴിക്കാൻ വെള്ളായിയപ്പൻ തയ്യാറാകുന്നില്ല .അത് പുളിച്ചു പോയിരുന്നു. മകന്റെ  ശവദാഹത്തിനുശേഷം ബലിച്ചോറായി കാക്കകൾക്ക് മുന്നിലെത്തുന്ന ഈ പൊതിച്ചോറ് നിസ്സഹായന്റെ നിലവിളിയായി കഥാന്ത്യത്തിൽ പരിണമിക്കുന്നു


                                                      യുട്യൂബ് ലിങ്ക്

പ്രിയദർശനം - ആസ്വാദനക്കുറിപ്പ്

 

                കുമാരനാശാന്റെ  റൊമാന്റിക് കഥാകാവ്യമാണ് നളിനി . ഒരു സ്നേഹം എന്നുകൂടി ഈ കൃതിക്ക് പേരുണ്ട് .നളിനിയും ദിവാകരനും കുട്ടിക്കാലം മുതൽ കൂട്ടുകാരായിരുന്നു .നളിനി ദിവാകരനെ ഏറെ സ്നേഹിച്ചിരുന്നു. ദിവാകരൻ യൗവനാരംഭത്തിൽ ലൗകിക വിരക്തനായി നാടുവിട്ടു. ഈ വേർപാട് നളിനിയെ ദുഃഖത്തിലാഴ്ത്തി. അവളുടെ അച്ഛൻ വിവാഹം നിശ്ചയിച്ചു .നളിനി വീടുവിട്ടിറങ്ങി .അവൾ ഒരു സരസ്സിൽ ചാടി ആത്മഹത്യയ്ക്ക് ഒരുങ്ങി. എന്നാൽ ഒരു സന്യാസിനി അവളെ രക്ഷപ്പെടുത്തി ആശ്രമത്തിലേക്ക് കൊണ്ടുപോയി. അഞ്ചുവർഷം അവൾ തപസ്സനുഷ്ഠിച്ച്  അവിടെ കഴിഞ്ഞു.ഹിമാലയത്തിലെ ഉയർന്ന ശൃംഗത്തിൽ ഒരുനാൾ നളിനി - ദിവാകരൻമാർ കണ്ടുമുട്ടുന്നു. ഈ കണ്ടുമുട്ടലിൽ നളിനി സ്വയം പരിചയപ്പെടുത്തി പഴയ കാര്യങ്ങൾ ഓർമയിൽ നിന്ന് എടുത്തു പറയുന്നു. ഇതാണ് പാഠഭാഗം. വളരെക്കാലത്തിനുശേഷം നളിനി ഇപ്പോൾ കാണുന്നത് തന്റെ  പഴയ കൂട്ടുകാരനായ ദിവാകരനെയല്ല. പാവന സംസ്കാര സമ്പന്നനായ ഒരു സന്ന്യാസിയെയാണ്. ദിവാകരൻ നളിനിയെ ആദ്യം തിരിച്ചറിഞ്ഞില്ല

."തന്റെ  കഷ്ടകാലം എല്ലാം തീർന്നുവെന്നും തൻ്റെ ഭാഗ്യം രൂപം പ്രാപിച്ചു വന്നപോലെ അങ്ങയെ തനിക്ക് കാണാൻ സാധിച്ചു "എന്നും നളിനി പറയുന്നു. "അല്ലയോ മഹാത്മാവേ, ഞാൻ പണ്ട് അങ്ങയ്ക്ക് ഇഷ്ടമായിരുന്ന നളിനിയാണെ"ന്ന് ദിവാകരനോട് പറഞ്ഞു. "തന്റെ  മരണത്തിനു മുമ്പ് എന്നെങ്കിലുമൊരിക്കൽ അങ്ങയുടെ പാദം കാണാൻ കഴിയുമെന്ന ആശയോടെ താൻ  ഇവിടെ കഴിയുകയായിരുന്നുവെന്നും മനസ്സുരുകി പ്രാർത്ഥിക്കുന്നവരുടെ ഇഷ്ടം എന്നെങ്കിലുമൊരിക്കൽ ഈശ്വരൻ കാണുക തന്നെ ചെയ്യും" എന്നും പറയുന്നു.ദിവാകരനെ കാണുക മാത്രമായിരുന്നു തന്റെ  ജീവിതലക്ഷ്യമെന്നും ഈശ്വരാനുഗ്രഹത്താൽ അത്  സാധിച്ചു എന്നുമാണ് അർത്ഥം.

 നളിനി സന്ന്യാസം സ്വീകരിച്ചപ്പോഴും ദിവാകരനോടുള്ള സ്നേഹം നിമിത്തം അദ്ദേഹത്തെ ഓർത്തുകൊണ്ടാണ് കഴിഞ്ഞത്. ദിവാകരൻ തന്നെ ഓർത്തില്ലെങ്കിലും ഓർത്താലും ഇന്ന് അപ്രതീക്ഷിതമായി  കാണാൻ കഴിഞ്ഞത് നിമിത്തം താൻ ഭാഗ്യവതിയാണെന്നും നളിനി പറഞ്ഞു.ഒന്നും പറയാൻ കഴിയാതെ അവൾ കണ്ണുനീർ ചൊരിഞ്ഞു കൊണ്ടു നിന്നു .സ്നേഹത്തിൽ ആയിരുന്നവർ വേർപെട്ട്  കുറേക്കാലത്തിനു ശേഷം അപ്രതീക്ഷിതമായി കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന സുഖം ദുഃഖം നിറഞ്ഞതും വികാര വൈവിധ്യമാർന്നതുമായിരിക്കും. അതിനാലാണ് അപ്പോഴത്തെ സുഖം വികലമായി തീരുന്നത് .അവളുടെ മുഖം കണ്ണുനീർ വീണ് ചുമന്ന് തുടുത്തിരുന്നു .മഞ്ഞുതുള്ളി വീണ പനിനീർ പുഷ്പം പോലെ അവളുടെ മുഖം തോന്നിപ്പിച്ചു. ഒരുപക്ഷേ ദിവാകരൻ തന്നെ തിരിച്ചറിയാത്തതിനാലും തന്നെ മറന്നുകളഞ്ഞതിനാലുമുള്ള സങ്കടം കൊണ്ടായിരിക്കും അവൾ കരഞ്ഞത്.

അവൾ ആരാണെന്ന്  മനസ്സിലാക്കിയ ദിവാകരൻ പണ്ടത്തെ സംഭവങ്ങൾ ഓർത്ത് സന്തുഷ്ടനായി .കഴിഞ്ഞുപോയ ശൈശവകാലത്തെ സംഭവങ്ങൾക്ക് അനുസരിച്ച് ദയയോടെ ഇങ്ങനെ പറഞ്ഞു. "എനിക്ക് ഏറ്റവും പരിചയമുള്ള ഈ പേരും നിൻ്റെ മനോഹരമായ ശബ്ദവും നീയും നിൻ്റെ ദൂരെയുള്ള വീടും എല്ലാം എൻ്റെ ഓർമ്മയിൽ ഇപ്പോൾ വരുന്നുണ്ട് കണ്ടയുടനെ നിന്നെ തിരിച്ചറിയാത്തതിനാൽ വിഷമിക്കേണ്ട. അന്നു ഞാൻ കാണുമ്പോൾ നീ ഒരു കുരുന്നായിരുന്നു .ഇന്ന് നീ വല്ലിയായി മാറിക്കഴിഞ്ഞു .കൗമാരപ്രായത്തിൽ കണ്ടതാണ്. ഇന്ന് പ്രായപൂർത്തിയായ യുവതിയായി മാറിക്കഴിഞ്ഞു. ആ വ്യത്യാസം കൊണ്ടാണ് താൻ തിരിച്ചറിയാതിരുന്നത് "എന്ന് ദിവാകരൻ പറഞ്ഞു. "അക്കാലത്ത് എന്നിൽ നിന്നും ചെറിയൊരു അപ്രിയം ഉണ്ടായാൽ പോലും നീ കരയുമായിരുന്നു. സ്നേഹം കൊണ്ടുണ്ടാകുന്ന ദൗർബല്യം അന്നും ഇന്നും ഒരുപോലെയാണ് നിന്നിൽ കാണുന്നതെന്ന് ദിവാകരൻ പറഞ്ഞു .കാലമിത്രയായിട്ടും നളിനിയുടെ സ്വഭാവത്തിൽ മാറ്റം വന്നിട്ടില്ല എന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്. കഴിഞ്ഞതെല്ലാം കഴിഞ്ഞു നമ്മുടെ പ്രായവും ലക്ഷ്യങ്ങളും മാറി .വേണ്ടത്ര പക്വത വന്നു .അതെല്ലാം പോകട്ടെ .നീ എന്തിനാണ്  ഇവിടെ വസിക്കുന്നത് " എന്ന് ചോദിച്ചു ."അല്ലയോ നളിനി നീ ഇവിടെ വസിക്കുന്നതിന് കാരണം ഞാൻ അന്വേഷിക്കുന്നത് വെറുതെയാണ് ..ഏതോ കാര്യത്തിനു വേണ്ടി നീ തുനിഞ്ഞുവെന്ന് കരുതിയാൽ മതി. ജീവികൾ അവയുടെ കർമ മാർഗം സ്വീകരിക്കും.ഓരോരുത്തരും അവനവന് ഇഷ്ടമുള്ള രീതിയിലാണ് മുന്നോട്ട് പോകുന്നത് .അതുകൊണ്ട് അതിന്റെ  കാരണം അന്വേഷിക്കുന്നത് വെറുതെയാണെന്നാണ് ദിവാകരൻ കരുതുന്നത്. നളിനി അങ്ങനെ സ്വന്തം ഇഷ്ടപ്രകാരമുള്ള ഒരു മാർഗ്ഗം സ്വീകരിച്ചു എന്നു കരുതാം .

അല്ലയോ സഖീ,  ഒരു കാര്യം കൂടി ചോദിക്കട്ടെയെന്ന് അദ്ദേഹം ആരാഞ്ഞു.നളിനി എന്നെ ഓർത്ത് തപസ്സ് ചെയ്തു കൊണ്ട് ഇവിടെ കഴിഞ്ഞു എന്നു പറഞ്ഞല്ലോ. എന്ത് ഉപകാരമാണ് നീ എന്നിൽ നിന്നും പ്രതീക്ഷിക്കുന്നത് .വിവേകികളായ ആളുകൾ സ്വന്തം ജീവിതം അന്യർക്ക് ഉപയോഗപ്രദമായ രീതിയിൽ വിനിയോഗിച്ച് ധന്യരാകും .നളിനിക്കു വേണ്ടി എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കിൽ തികച്ചും സന്തോഷത്തോടെ തന്നെ ചെയ്യും എന്നാണ് ദിവാകരൻ പറയുന്നത്. മനുഷ്യ ജീവിതത്തിൽ സാർവത്രികമായി ലയിച്ചു കിടക്കുന്ന അഗാധമായ സ്നേഹത്തെ കലാപരമായി ആവിഷ്കരിക്കുകയാണ് കുമാരനാശാൻ ഈ കവിതയിലൂടെ.

             


 

വിശ്വരൂപം_ ലളിതാംബിക അന്തർജനം

 

                                          ലളിതാംബിക അന്തർജനം 

                      

                                  ദൃശ്യാവിഷ്ക്കാരം 


           ലളിതാംബിക അന്തർജനത്തിന്റെ  സമ്പൂർണ്ണകഥകളിൽ നിന്നെടുത്ത ഒരു കഥയാണ് വിശ്വരൂപം. മിസ്സിസ് തലത്തിലിന്റെ  ജീവിതത്തിലെ പല ഏടുകളാണ് ഈ കഥയിൽ വിഷയമാകുന്നത് .സ്നേഹബന്ധങ്ങളുടെ പൊരുത്തങ്ങളും പൊരുത്തക്കേടുകളും ഈ കഥയിൽ കാണാം. മാഡം തലത്ത്  അമ്മയായി പരിണമിക്കുമ്പോൾ അതിലൂടെ ജീവിതത്തിന്റെ  വ്യത്യസ്ത ഭാവങ്ങൾ ആവിഷ്കരിക്കാനാണ് കഥാകൃത്ത് ശ്രമിക്കുന്നത്
.ജീവിതാനുഭവങ്ങൾ കഥാനായികയെ സ്വയം പാകപ്പെടുത്തുകയായിരുന്നു.മിസ്റ്റർ സുധീർ മിസ്സിസ് തലത്തിനെ അന്വേഷിച്ചാണ് പട്ടണത്തിന്റെ  ഒഴിഞ്ഞ ഭാഗത്തുള്ള വഴിയിലൂടെ കടന്ന് തുളസിത്തറയുള്ള ഒരു വീട്ടിൽ എത്തിച്ചേർന്നത്. ഒരു താപസിയെപ്പോലുള്ള വൃദ്ധയെയാണ് അദ്ദേഹം കണ്ടത്. താൻ മിസ്സിസ് തലത്ത് താമസിക്കുന്ന വീടന്വേഷിച്ച് വന്നതാണ് .അവർ ഇവിടെയുണ്ടോ എന്ന് അയാൾ ചോദിച്ചു. അപ്പോഴാണ് വന്നിരിക്കുന്നത് സുധീർ ആണെന്ന് അവർക്ക് മനസ്സിലായത് .കരഞ്ഞുകൊണ്ട് അവർ കെട്ടിപ്പിടിച്ചു.  രണ്ടുപേർക്കും പ്രിയപ്പെട്ട മിസ്റ്റർ തലത്തിനെ  ഓർത്താണ് അവർ കരഞ്ഞത് .സ്ഥലം മാറ്റം കിട്ടി ലോകത്തിന്റെ  പല ഭാഗങ്ങളിലും കറക്കമായിരുന്നതിനാലാണ് എനിക്ക് വരാൻ സാധിക്കാതിരുന്നത് എന്ന്  സുധീർ അറിയിച്ചു.രൂപംകൊണ്ട് രണ്ടുപേർക്കും മനസ്സിലായിരുന്നില്ല. സ്വരം കൊണ്ടാണ് അവർ തിരിച്ചറിഞ്ഞത്. കാലം വരുത്തിയ മാറ്റങ്ങളാണതിനു കാരണം. അവരുടെ ഭർത്താവ് മരിച്ചു. കുട്ടികളെല്ലാം അവരവരുടെ തിരക്കിലാണ്.

 അവർക്ക് ചക്രവർത്തിനിയുടെ ജന്മമാണ്  എന്ന് സുധീറിന് തോന്നി. കാരണം അവർ ആരുടെയും മുന്നിൽ തല കുനിക്കില്ല. തന്റെ  അച്ഛനേക്കാൾ മിസ്റ്റർ തലത്തിനോട് തനിക്ക് സ്നേഹം ഉണ്ടായിരുന്നു എന്ന് സുധീർ അറിയിച്ചു .രമേഷ്, രവി,ആശ, പ്രേമ എന്നീ മക്കൾ സുഖമായി ഓരോ നാടുകളിൽ കഴിയുന്നു എന്ന മിസ്സിസ് തലത്ത് അറിയിച്ചു .ഞാൻ ഇതിനേക്കാളും മോശമായ വീട്ടിലാണ് ജനിച്ചുവളർന്നത് എന്ന്  മിസ്സിസ് തലത്ത് പറഞ്ഞു
 

പണ്ട് ലണ്ടനിലും ന്യൂയോർക്കിലും വെച്ച് കണ്ട മാഡം തലത്തിനെ സുധീർ ഓർത്തുപോയി .സംഭാഷണത്തിലെ രസികതയും തലയുയർത്തിപ്പിടിച്ചുള്ള നടത്തവും ആംഗ്യചലനങ്ങളുമെല്ലാം ഒരു വട്ടം കണ്ടാൽ പിന്നെ മറക്കില്ല .അവരെ എല്ലാ ചടങ്ങുകളിലും വച്ച് 'ഭാരതീയ സ്ത്രീത്വത്തിന്റെ അംബാസഡർ 'എന്നാണ് എല്ലാവരും വിളിക്കുന്നത് .ഒരു മഹാറാണിയുടെ അന്തസ്സുണ്ടായിരുന്നു അവർക്ക് .നമുക്ക് അഞ്ചാമതൊരു കുട്ടി ഉണ്ടായിരിക്കുന്നു 'എന്നാണ് മിസ്റ്റർ തലത്ത്  സുധീറിനെ ആദ്യമായി പരിചയപ്പെടുത്തിയത്.അവരുടെ കുട്ടികൾ നാലുപേരും അന്നും നാല് സ്ഥലങ്ങളിൽ ഹോസ്റ്റലുകളിലും ബോർഡിങ്ങുകളിലുമായാണ് താമസിച്ചിരുന്നത്.ഒഴിവിന് വല്ലപ്പോഴും വരും. മിസ്സിസ് തലത്ത് കുട്ടികളെ പ്രസവിച്ചു എന്ന് മാത്രം. അവർ കുട്ടികൾക്ക് പാല് കൊടുത്തിട്ടില്ല .താരാട്ടുപാടി ഉറക്കിയിട്ടില്ല. വാശിപിടിച്ചു കരയുമ്പോൾ ശാസിക്കുകയോ ശുശ്രൂഷിക്കുകയോ ചെയ്തിട്ടില്ല. ആലങ്കാരികമായി മാത്രം ചിലപ്പോൾ അവർ ഉമ്മ  വയ്ക്കും .പാശ്ചാത്യ രീതിയിലുള്ള ചലനങ്ങൾ മാത്രമാണ് അവർക്കുണ്ടായിരുന്നത്. പൗരസ്ത്യ സംസ്കാരം അവർ മറന്നുപോയിരുന്നു.

ഇതെല്ലാം ആലോചിച്ചു കൊണ്ടിരുന്നപ്പോൾ കാപ്പിയും നെയ്യപ്പവും മലരുമായി  മിസ്സിസ് തലത്ത്നടന്നുവന്നു.അതെല്ലാം താൻ പാകം ചെയ്തതാണെന്ന് സുധീറിനോട് പറഞ്ഞു. ഈ കാപ്പിക്ക് ഇതുവരെയും മാഡം തന്ന കാപ്പികളേക്കാൾ  രുചിയുണ്ട് എന്ന് സുധീർ പറഞ്ഞു .സ്വന്തം കൈകൊണ്ട് താൽപര്യത്തോടെ പാകപ്പെടുത്തി ആർക്കും ഞാൻ ഇതുവരെയും കൊടുത്തിട്ടില്ല എന്ന് അവർ തല കുനിച്ചു കൊണ്ട് ഉത്തരം പറഞ്ഞു.

 തന്റെ  ഭർത്താവ് വീട്ടിലുള്ളവരെക്കുറിച്ച് എത്ര സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് പറഞ്ഞിരുന്നത് എന്ന് മിസ്സിസ് തലത്ത് ഓർത്തു. ഭാരത സ്ത്രീകൾ  വളരെ ഭാഗ്യം ഉള്ളവർ ആണ് എന്നും അവർ കൊടുക്കാൻ മാത്രമേ പഠിച്ചിരുന്നുള്ളൂ എന്നും ഡോക്ടർ എപ്പോഴും പറയുമായിരുന്നു.ഇപ്പോഴാണ് അദ്ദേഹം പറഞ്ഞതിനർത്ഥം തനിക്ക് മനസ്സിലായത് എന്ന് മിസ്സിസ് തലത്ത് പറഞ്ഞു .ന്യൂയോർക്കിൽ  താമസസ്ഥലത്തിന് മുന്നിലുള്ള പാർക്കിൽ വന്നിരിക്കുന്ന ഒരു പാവം വൃദ്ധനെ തനിക്ക് വെറുപ്പായിരുന്നു .അയാൾ പോലും 'നിങ്ങൾ ഇന്ത്യക്കാർ അച്ഛനമ്മമാരെ ദൈവത്തെ പോലെ വിചാരിക്കുന്നു എന്ന് കേട്ടിട്ടുണ്ട് അത് ശരിയാണോ 'എന്ന് ചോദിച്ചത്  ഓർക്കുന്നു എന്ന് മിസ്സിസ് തലത്ത് പറഞ്ഞു .അപ്പോൾ ആ വിദേശി 'ഞാൻ ഇന്ത്യയിൽ ജനിക്കാൻ ആഗ്രഹിക്കുന്നു ഇന്ത്യ എത്ര നല്ല നാടാണെന്ന്' തന്നോട് പറഞ്ഞതായും അവർ ഓർത്തു. താൻ ഒരിക്കലും തന്റെ അമ്മയെ അവസാനകാലത്ത് കണ്ടില്ലെന്നും അതുകൊണ്ടുതന്നെ തനിക്ക് കൊടുത്തതല്ലേ നേടാൻ പറ്റുകയുള്ളൂ എന്നും വളരെ സങ്കടത്തോടെ അവർ പറഞ്ഞു.
കാലത്തിനനുസരിച്ച് എല്ലാവരും മാറ്റത്തിന് വിധേയമാണെന്ന് സുധീർ ആശ്വസിപ്പിച്ചു. ഡോക്ടർ തലത്ത് എപ്പോഴും തന്നോട് പറയുമായിരുന്നു ,ഡോളി ഇല്ലെങ്കിൽ താൻ വെറും നിഴൽ മാത്രമാണെന്ന്.  എല്ലാ പ്രശ്നങ്ങളും അവളുടെ ചിരിയിൽ  മാഞ്ഞു പോകുന്നു എന്ന് ഡോക്ടർ പറയുമായിരുന്നു എന്ന കാര്യം സുധീർ ഓർമ്മിച്ചു.
 തന്റെ  ഭർത്താവിനു വേണ്ടി മാത്രം രൂപപ്പെടുത്തിയതായിരുന്നു തന്റെ  ജീവിതമെന്നും അതിൽ മറ്റാർക്കും ഇടമില്ലായിരുന്നു എന്നും അവർ പറഞ്ഞു. തന്റെ  മക്കൾ ഭംഗി വാക്കിന് അവരുടെ കൂടെ നിൽക്കാൻ പറയുന്നുണ്ട്. പിന്നീട് അവർക്ക് അത് ഒരു ഭാരമായി  വന്നേക്കാം. ആരുടെയും ആശ്രിതയായി ജീവിക്കാൻ തനിക്ക് ആഗ്രഹമില്ലെന്ന്  അവർ പറഞ്ഞു.അവരുടെ അഭിമാനബോധവും നിശ്ചയദാർഢ്യവും കണ്ട സുധീറിന് അവരോട് കൂടുതൽ ബഹുമാനം തോന്നി .തനിക്ക് വിമാനത്താവളത്തിൽ എത്തേണ്ട സമയമായെന്നും അതുകൊണ്ട് പോകണം എന്നും പറഞ്ഞ് അയാൾ എഴുന്നേറ്റു .'ഡോക്ടർ തലത്തിലിന്റെയൊപ്പം മാഡം തലത്ത് മരിച്ചുപോയി ഇത് അമ്മയാണ് .താഴത്തു കുഞ്ഞിക്കുട്ടിയമ്മ .അങ്ങനെ പറഞ്ഞാലേ നാട്ടുകാർ അറിയൂ' എന്ന് മിസ്സിസ് തലത്ത് അറിയിച്ചു.

'ഒരു കാര്യം ഓർക്കണം. നിന്റെ  വരാൻപോകുന്ന ഭാര്യയോട് കുട്ടികളെ ബോർഡിങ്ങിൽ അയക്കരുത് എന്നും ആയയെ വെക്കരുതെന്നുംഅമ്മ തന്നെ വളർത്തണമെന്നും ശാസിക്കുകയും ലാളിക്കുകയും കൂട്ടുകൂടുകയും വേണമെന്നും അങ്ങനെ ചെയ്തെങ്കിൽ മാത്രമേഅമ്മ കുട്ടികളുടെ ഭാഗവും കുട്ടികൾ അമ്മയുടെ ഭാഗമായി തോന്നുകയുള്ളു: എന്നും  മിസ്സിസ് തലത്ത് ഉപദേശിച്ചു. ഇത് കേട്ടപ്പോൾ യഥാർത്ഥത്തിൽ അയാൾ ഞെട്ടി .'വാർദ്ധക്യത്തിൽ ഓർമ്മകൾ മാത്രമേ നമുക്ക് അവകാശപ്പെട്ടതായി ഉണ്ടാവുകയുള്ളൂ 'എന്ന്  പറഞ്ഞു .'നിന്റെ മനസ്സിലെങ്കിലും ഞാൻ ജീവിക്കണം 'എന്നും പറഞ്ഞു .
സുധീർ പടിയിറങ്ങുമ്പോൾ തിരിഞ്ഞുനോക്കി. അപ്പോൾ അവിടെ മാഡം തലത്തിലിനേയോ സാമൂഹികപ്രവർത്തകയേയോ അല്ല മറിച്ച് ഒരു അമ്മയെയാണ് കണ്ടത്. മിസ്സിസ് തലത്തിൽ നിന്നും അമ്മയായുള്ള  മാറ്റം എന്തുയർച്ചയായിരുന്നു !എന്തൊരു അഭിമാനമായിരുന്നു ആ മുഖത്ത്! ആ  അമ്മ ഭാഗ്യവതി ആണെന്നും അവസാനമായെങ്കിലും ഈ സ്ത്രീയുടെ വിശ്വരൂപം കണ്ടു എന്നും അയാൾ സന്തോഷത്തോടെ ഓർത്തു
 ഒരു സ്ത്രീയുടെ മഹത്ത്വം മാതൃത്വത്തിന്റെ
നിറവിലാണെന്നാണ് ഈ കഥ  വിളിച്ചോതുന്നത്.