Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Saturday, January 19, 2013

നിനക്കായ്‌ സോദരീ.....

കൊഴിഞ്ഞ കിനാവുകള്‍
അമ്മേ ഭാരത മാതേ
ക്ഷമിക്കുവാന്‍ കഴിയുമോ നിനക്കിനിയും
നിന്മാറില്‍ തലചായ്ച്ചുറങ്ങിയും
നിന്‍ അമ്മിഞ്ഞ നുകര്‍ന്ന്‍ വളര്‍ന്നീടും
നിന്‍ സ്നേഹത്തണലില്‍ നിന്നീടും
നിന്‍ മക്കള്‍കാട്ടുമീ ക്രൂരകൃത്യങ്ങള്‍
പൊറുക്കുമോ നീ മരിക്കുവോളം
ഹൃദയമില്ലാത്ത മക്കളെപെറ്റൊരമ്മേ
പിറന്ന മണ്ണിനു ശാപമാമിവര്‍
ജനിച്ച മാത്രയില്‍ കഴുത്ത് ഞെരിക്കാഞ്ഞതെന്തേ?
നിന്‍ മകളായ് ജനിച്ചതപരാധമാണോ?
പറക്കുവാനെന്തിനു നീ ചിറകു തന്നു?
സ്വപ്‌നങ്ങള്‍ നെയ്യുവാന്‍ എനിക്കാവില്ലല്ലോ അമ്മേ..
എന്‍ ചിറകു വിരിക്കുവാന്‍ കഴിയാഞ്ഞതെന്തേ?
മൃഗത്തിലും താഴ്ന്ന നിന്‍ മക്കള്‍
കാമക്കൊതിയന്മാര്‍ വിഹരിക്കുമീ വീട്ടില്‍
എന്തിനമ്മേ എനിക്കു നീ ജന്മമേകി
കാട്ടാളക്കൂട്ടരാം നിന്‍ മക്കള്‍
പിച്ചിച്ചീന്തിയൊരെന്‍ ജീവിതം
ഇറച്ചിക്കൊതി പൂണ്ട നായ്ക്കള്‍
നക്കിത്തുടച്ചത് കണ്ടില്ലേയമ്മേ?
കണ്ണുനീര്‍വറ്റാത്തൊരമ്മേ
കരളുരുകുന്നൊരെന്‍ അമ്മേ
എന്തിനു നീയെനിക്ക് ജന്മമേകി
പെണ്ണായ് പിറന്നതെന്‍ ശാപമാണോ?
പെണ്ണായ് വളര്‍ന്നതെന്‍ കുറ്റമാണോ?
ജീവിതജ്യോതിയായ്‌ വിളങ്ങുവാന്‍
കൊതിച്ചൊരെന്‍ ജീവിതം
തല്ലിക്കെടുത്തിയ കാട്ടാളമക്കളെ
കാഞ്ഞിരുമ്പാണിയില്‍ തറച്ചു കൊല്ലൂ
എന്നാന്മാവിനിയുംജീവിക്കും
ജ്യോതിയായ്‌ ശോഭിക്കും
ഹൃദയമുള്ളോരിലെന്നുമെന്നും
                                   ബീന പിന്‍ഹീറോ[ഫിലോ ചേച്ചി]
........................................................................................
  ഭീമാ നീയെവിടെ?....

ധനുമാസക്കുളിരുള്ളൊരു
പുലര്‍ക്കാല വേളയില്‍
ഉണര്‍ന്നെഴുന്നേററ ഞാന്‍
പത്രത്തിനുള്‍ത്താളിലായൊരു
വാര്‍ത്ത കണ്ടു.
പിടഞ്ഞുപോം നെഞ്ചകം
നീര്‍ നിറഞ്ഞുപോം കണ്ണിലും
എള്ളോളം മനുഷ്യത്വമുള്ളവര്‍ക്കും
വെറുമൊരു പീഡനവൃത്താന്തമല്ലിത്
വിചിത്രമാം ചെയ്തികള്‍ കണ്ട്
നാണിക്കും നരഭോജികള്‍ പോലും.
മനുഷ്യത്വമില്ലാത്ത മര്‍ത്ത്യന്‍ അവളെ
വില്‍പ്പനച്ചരക്കാക്കുന്നുവിപണിയില്‍
കലിയുഗകീചകന്മാരെ തച്ചുടയ്ക്കാനായ്‌
ഇവിടില്ലയിനിയൊരു ഭീമസേനന്‍
ആലംബമില്ലാതെ ആര്‍ത്തുവിളിക്കുന്ന
സ്ത്രീത്വത്തിനാട നല്‍കുമോ?
ഇനിയൊരു ശ്രീകൃഷ്ണനും????
                                                          സന്ധ്യ ടീച്ചര്‍
............................................................................................
മായാത്ത ഓര്‍മ്മകള്‍

മാനത്തെ മാരിവില്‍ വര്‍ണ്ണങ്ങള്‍ കണ്ടെന്‍
മനമിന്നെന്തിനോ വേണ്ടി അലയുന്നു
ഒരു കുഞ്ഞുപൂവിന്‍ മന്ദസ്മിതന്റെ
ഹൃദയത്തെ തൊട്ടുണര്‍ത്തിയപ്പോള്‍
പാറിപ്പറക്കുന്ന പക്ഷിയെപ്പോല്‍ഞാന്‍
പാറി നടന്നൊരാ നേരമെല്ലാം
ഓടിയണഞ്ഞു മാനസവീഥിയില്‍
ഓളങ്ങള്‍ ആയിരമെന്ന പോലെ
എന്തിനോ വേണ്ടിയാ വ്യര്‍ത്ഥനിമിഷങ്ങള്‍
എണ്ണിയെടുക്കുന്നു ഓരോന്നിതായ്‌
ജീവിതയാഥാര്‍ത്ഥ്യമെല്ലാമറിയുന്നു ഞാന്‍
മനുഷര്‍ തമ്മില്‍ പൊരുതുന്നു നിത്യവും
സ്നേഹബന്ധങ്ങള്‍ തന്‍ വിലയറിയാതെ
പിച്ചിചീന്തുന്നു മാനവികത
ഗാന്ധിതന്‍ നാട്ടില്‍ ഈ വഴിയില്‍
അന്യമായ്‌ പോയവളുടെ ജീവിതം
അന്യമായ്‌ പോയ്‌ അവള്‍ക്കമ്മയുമച്ഛനും
എത്ര വികൃതമീ ലോകം
മാപ്പു തരൂ സോദരീ
നിനക്കായ്‌ ഒരു മണിമുത്തം മാത്രം..

ഗ്രീഷ്മ പി.ആര്‍  [XA]



[2013 നെ വരവേറ്റത്‌ ആശങ്കകളോടെയാണ്.വലിയൊരു മുറിപ്പാട് അവശേഷിപ്പിച്ചാണ് 2012 അകന്നു പോയത്‌.. .'ജ്യോതി' യുടെ വേര്‍പാടിനെ മാറ്റിനിര്‍ത്തിക്കൊണ്ട് എന്തുചെയ്താലും പൂര്‍ണ്ണമാകില്ല.പുതുവത്സരവും ജ്യോതിയും മനസ്സിന്‍റെ അകത്തളങ്ങളില്‍ സൃഷ്ട്ടിച്ചത് ചിന്തകളുടെ വിസ്ഫോടനങ്ങളാണ്.ജി.എച്ച്.എസ്സ്.എസ്സ് എളംകുന്നപ്പുഴയിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഓഫീസ് സ്റ്റാഫും ചിന്തകളെ ഭാവനയുടെയും പ്രതീക്ഷയുടെയും വിങ്ങലിന്റെയും മുത്തുകള്‍ ചേര്‍ത്ത്‌ കോര്‍ത്തപ്പോള്‍ അത് കവിതയായും ലേഖനമായും മാറി...

സോദരീ....നിന്‍റെ പേരറിയില്ല
ഈ പേരിട്ടിട്ടില്ലാത്ത കയ്യെഴുത്ത് മാഗസിന്‍ നിനക്കായ്.....................

നിര്‍ഭയ
നിത്യ നിര്‍മ്മലയായപുഷ്പമേ
നിന്നിതളുകള്‍ കൊഴിഞ്ഞതോ 
അതോ തല്ലിക്കൊഴിച്ചതോ?
നിര്‍ഭയയാം നിത്യജ്യോതിസ്സേ
നിന്‍ സ്വപ്‌നങ്ങള്‍ എവിടെ പോയ്‌ മറഞ്ഞു?
ആരു നിന്‍ രക്ഷകനായിടും
ആത്മരക്ഷയ്ക്കായ്‌ നീ കേഴുമ്പോള്‍ ?
നിസ്സംഗരായി,നിശ്ശബ്ദരായി
നോക്കി നില്‍ക്കുന്നു നിന്‍ സോദരങ്ങള്‍ .
നിന്‍ മുറിപ്പാടുകള്‍ എന്‍ ഹൃദയത്തെ
കീറിമുറിക്കുന്നു പൊന്നുമോളേ
ദഹിക്കട്ടെ കാപാലിക വര്‍ഗങ്ങള്‍
നിന്‍ ആത്മാഭിമാനത്തിന്‍ അഗ്നിജ്വാലയില്‍
                                           
                                                           ജയശ്രീ ടീച്ചര്‍

....................................................................................................................

മാനിഷാദാ...
നിര്‍മ്മല സൌന്ദര്യമേ നിന്‍ സ്വപ്‌നങ്ങള്‍
ചിന്തിയെറിഞ്ഞ കരാളഹസ്തങ്ങള്‍
ഈ ഭൂമിയിലെ തന്നെ മനുഷ്യജന്മമോ
പാപത്തിന്‍ നരകത്തില്‍ വീണു
വിരിഞ്ഞ വിഷസര്‍പ്പങ്ങളോ
ഹാ കഠിനമാം ക്രൂരതയേറ്റുവാങ്ങിയ
നിറനിലാവേ നിന്‍ നോവില്‍
പകച്ചു നില്‍പ്പൂ ഞാന്‍ എന്തു ചെയ് വൂ?
                                                ധനലക്ഷ്മി ടീച്ചര്‍
.......................................................................................
യാത്രാമൊഴി
പ്രിയലോകമേ വിട തരിക നീ 
പുതുവത്സരത്തിന്‍ ഉത്സവലഹരിയില്‍
അകാലത്തില്‍ കൊഴിഞ്ഞൊരെന്റെ
ഇത്തിരിപ്പോന്ന ജീവിതവുമായ്‌
കാട്ടാളനീതിതന്‍ മുള്‍മുനയില്‍
ഞാന്‍ കിടന്നു പിടഞ്ഞതും
കനിവിന്റെ തരിവെട്ടമില്ലാതെ
മാനം തെരുവിലേക്കെറിയപ്പെട്ടതും
ജീവനുവേണ്ടി പിടഞ്ഞതും
സ്വപ്‌നങ്ങള്‍ ഞെരിഞ്ഞമര്‍ന്നതും
ഇതാണോ മാനവീകത...
പറയൂ പ്രിയ ലോകമേ?
കനിവിന്‍ പ്രാര്‍ത്ഥനകള്‍ കേള്‍ക്കാതെ
ഞാനിന്നു യാത്രയാകുന്നൂ
ഇനിയും വരുമീ ജീവിതത്തിന്‍റെ
വിസ്മയക്കാഴ്ചകള്‍ നുകരുവാന്‍
പ്രിയ ലോകമേ ....വിട തരിക നീ
ഈ പുതുവത്സരത്തിന്‍റെ ഉത്സവലഹരിയില്‍

                                                       സാവിത്രി ടീച്ചര്‍
........................................................................................
പുതുവല്‍സര 'ജ്യോതി'

ചിരിച്ചുനില്‍ക്കും പുതുവത്സരത്തെ
നിറമനസ്സോടെ വരവേറ്റു ഞാനും
പ്രഭാതപ്രാര്‍ത്ഥന,സ്നേഹചുംബനങ്ങള്‍
സന്ദേശപ്രവാഹങ്ങള്‍യ്ക്കിടയിലുമെന്‍--
ചിത്തത്തില്‍ 'ജ്യോതി'ജ്വാലയായ്‌.  ...നിറയവേ
നീയുമിന്ന്‍ പുതുവത്സരത്തെ-
പുഞ്ചിരിയോടെ വരവേല്‍ക്കേണ്ടവള്‍
എന്തേ ആ ശകടത്തില്‍ തന്നെ കയറീ?
എന്തേ ആരും നിന്നെ തുണച്ചീല്ല?
ഒന്നും ഓര്‍ക്കേണ്ടെന്നു വിലക്കിയിട്ടും
നീയെരിയുന്നു തീജ്വാലയായ്‌
ഇനിയൊരിക്കലുമൊരു പെണ്ണും
കീറിമുറിക്കപ്പെടാതെ ,വലിച്ചെറിയപ്പെടാതെ
സോദരിയായ്‌ അമ്മയായ്‌ മകളായ്
വാഴാനാകട്ടെയെന്നെന്‍റെ പുതുവത്സരപ്രാര്‍ത്ഥന
കറുത്തവസ്ത്രമിട്ട് മാത്രമേ പ്രതിഷേധമറിയിച്ചുള്ളൂ
നീയിന്ന്‍ വെള്ളവസ്ത്രമിട്ട മാലാഖയായ്‌
ഈശ്വരസന്നിധിയില്‍ പാറിപ്പറക്കുകയാമെന്ന്
ചിന്തിച്ചാശ്വസിക്കുവാനെനിക്കിഷ്ട്ടം സോദരീ
നവവല്‍സരത്തിന്‍റെ ചൈതന്യമാവാഹിച്ച്
പോകുവാന്‍ തിടുക്കമായെനിക്കുമെന്‍ വിദ്യാലയത്തില്‍
ആശംസിക്കണമെല്ലാരോടും പുതുവത്സരത്തിന്‍
കുളിര്‍മ്മയുള്ള  ശതകോടി ഭാവുകങ്ങള്‍  !!!!!!!!!!!!!!!!

                                                                     ലിനി.എ.എഫ്

......................................................................................................................................

Tuesday, January 15, 2013

ഇതാ ഒരു ഇളംകുന്നപ്പറവ

13/1/2013 ഞായറാഴ്ച എളംകുന്നപ്പുഴ ഗവ.എച്ച്.എസ്.എസ്‌ ന് ധന്യതയുടെ നിമിഷമായിരുന്നു.ഈ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി ദക്ഷിണ തന്ന ഓഡിറ്റോറിയം ഉല്‍ഘാടനം അതീവ ഗംഭീരമായ്‌ തന്നെ കൊണ്ടാടി...നാട് ഉത്സവലഹരിയില്‍ ആയിരുന്നു....ഞങ്ങളുടെ നന്ദി അദ്ദേഹത്തെ കവിതയിലൂടെ അറിയിച്ചു....ഒരിക്കല്‍ക്കൂടി ...നന്ദി...
                               ഡോ.എം.പി രവീന്ദ്രനാഥ്

Saturday, June 23, 2012

കവിത

സുഹൃത്ത്

                                       ജനിച്ചനാള്‍ മുതലെന്‍ കൂട്ടുകാരീ
                                       എന്നും എനിക്ക് തുണയവള്‍ .
                                       സുദിനങ്ങളിലും വ്യസനങ്ങളിലും
                                       അവളെന്‍ ചാരെയുണ്ടെപ്പോഴും.
                                       ആശ്വാസവാക്കുകള്‍ പറയില്ല
                                       ആശ്വാസമാണവള്‍ മാലാഖ.
                                       തെറ്റുകള്‍ ചൂണ്ടിക്കാണിച്ചും
                                        നന്മകള്‍ചെയ്തു കൊതിപ്പിച്ചും
                                        ആഹ്ലാദമായ്‌ എരിയുംവിളക്കായ്
                                       ഉണ്ടെനിക്കൊരു ചങ്ങാതി....
[വായനാവാരാചരണത്തോടനുബന്ധിച്ച് നടത്തിയ രചനകളിലൊന്ന്]
സുമിത കെ.എസ് XC



Friday, June 15, 2012

കവിത

                                                   ജന്മദിനാശംസകളെന്നില്‍
                                                   ചെറുചിരിയുണര്‍ത്തി
                                                   കേള്‍ക്കാന്‍ കൊതിച്ചനാള്‍
                                                   കേട്ടതീല്ല ഈയാശംസകള്‍
                                                   കാലത്തിന്‍ കൈക്കുമ്പിളില്‍
                                                   ചൂടേറ്റു പിടയുമ്പോഴും
                                                   ആരോ കുറിച്ചജനനത്തിയതി
                                                   പരിഹാസത്തോടെന്നെ നോക്കിയതും
                                                   വ്യര്‍ത്ഥമാം ദിനരാത്രങ്ങളില്‍
                                                   സങ്കടക്കടല്‍ പെയ്തൊഴിയുമ്പോള്‍
                                                   കമ്പിറാന്തല്‍ വെട്ടത്തില്‍
                                                    മണ്‍ചുവരിലെ നിഴല്‍കൂത്തുകളും
                                                    ഇല്ലയിനിയൊരു ജന്മമെന്നോതി
                                                    പടിയിറങ്ങി തിരിച്ചുനടന്നതും
                                                   എനിയ്ക്കു പിന്നില്‍ വിധിയുടെ
                                                   പടിപ്പുര വാതിലടഞ്ഞതും
                                                   ഇന്നുമെന്നോര്‍മ്മയില്‍ നിറമുള്ള
                                                   തിരിനാളമായ് എരിഞീടുന്നു.......


Thursday, February 2, 2012

അച്ഛനും ഞാനും


അച്ഛനെ കാണാന്‍ കൊതിക്കവേ 
ഇളംകാറ്റ് തലോടിയെന്നെയുണര്‍ത്തി
അച്ഛന്‍ തന്‍ ലാളനയോര്‍ത്തു ഞാന്‍ 
കണ്ണുനീര്‍ത്തുള്ളി പൊടിഞ്ഞടര്‍ന്നു


അമ്മതന്‍ നെറ്റി ശൂന്യമായ നാള്‍
വാരിപ്പുണര്‍ന്നമ്മ വിതുമ്പുമ്പോള്‍
ഏകാന്തത തന്‍ ഇരുട്ടില്‍ തട്ടിവീണു
എന്‍ ജന്മമിന്നു സഫലമായിടുന്നു 


അമ്മയ്ക്കു തണലായ് പടര്‍ന്നൂ ഞാന്‍ 
ഇവിടമിന്നു നിറപുഞ്ചിരി വിടരുന്നു
എന്നച്ഛന്‍ തന്‍ കരുതലിന്‍ വിലയറിഞ്ഞു
പൂവിടുന്നെന്നും അച്ഛന്‍ തന്നോര്‍മ്മകള്‍


ശ്രീലക്ഷ്മി എം .ജി
9 C



Wednesday, February 1, 2012

കുട്ടിക്കാലം

കളിചിരിയുടെ കുട്ടിക്കാലം
ഇപ്പോ കളിചിരിയില്ലാക്കാലം
കൂട്ടും പാട്ടും ഇല്ലാ വല്യകാലം
പിന്നോട്ടു പോകാന്‍ കൊതിയാകുന്നു 







   പൂമ്പാറ്റയെപ്പോലെ പറന്ന കാലം
   ഓര്‍മ്മയില്‍ തുള്ളിക്കളിക്കും കാലം
   എന്‍ പിഞ്ചു കാല്‍പ്പാട് മറഞ്ഞു പോയ്‌ 
    കൊതിയൂറുമെന്‍ നല്ല കാലം 




ഓര്‍മ്മതന്‍ താളുകള്‍ ചിതറും കാലം
സൌഹൃദത്തിന്‍ ഉഷസ്സുമിന്നും കാലം 
ചിരിപ്പൂക്കള്‍ ഉതിര്‍ത്ത കാലം
എന്തൊരു എന്തൊരു സന്തോഷകാലം


[VIII C ഇലെ കുട്ടികള്‍ തങ്ങളുടെ ബാല്യകാലസ്മരണകള്‍ അഞ്ചുമിനിറ്റിനുള്ളില്‍ രചിച്ചത്.....

നഷ്ട്ടപ്പെട്ട ആ കുട്ടിത്തം തിരിച്ചെടുക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു ....കൊടുക്കാനാവില്ലല്ലോ?

എന്നാല്‍ ആ ഓര്‍മ്മകള്‍ എങ്കിലും  നഷ്ട്ടപ്പെടാതിരിക്കാന്‍  .....]  



ഗ്രീഷ്മ ചന്ദ്രന്‍,ബെനീററ,വിമിയ വര്‍ഗീസ്-VIII C

                              




Saturday, January 28, 2012

കവിത

അരുത് കാട്ടാളാ 

അവര്‍ കുഞ്ഞുങ്ങള്‍
നീ തകര്‍ക്കുന്നത്
നിന്‍ വേരുകള്‍ .
ആടി ഉലയുന്നത് 
നിന്‍ അസ്തിത്വം. 
വേണ്ടായിരുന്നു ...
ഇരന്നു വാങ്ങുന്ന 
ശാപത്തിന്‍ ഫലം 
കായ്ക്കാതിരുന്നെങ്കില്‍!
കഷ്ട്ടം എന്നോതി 
പിന്തിരിയും കൂട്ടുകാര്‍ .
നിന്‍ ഭാവിയിലെ 
ഇരുട്ടും ശൂന്യതയും ..
വേണ്ടായിരുന്നു ...
ചതി തന്‍ പടിയില്‍ 
തളരുന്ന നിനക്ക്
ആലംബം പാമ്പിന്‍ 
പത്തികള്‍ ...
അരുത് കാട്ടാളാ ....
അരുതെന്നോതുവാന്‍ 
ഏതു മുനിവരാനല്ലേ?
പാപത്തിന്‍ വാല്മീകം
തകര്‍ക്കുവാന്‍
ഈ കാട്ടാളനുമാവില്ല..
[നന്ദി....sure]
                                           

Friday, January 27, 2012

ഇരട്ടപ്പേര്

ഇരട്ടപ്പേര് കേട്ട് ചിരിച്ചു മണ്ണുകപ്പീ ഞാന്‍
ഇരയാക്കുന്നതുമിരട്ടപ്പേരിട്ടെന്ന് 
പാര പണിയുന്നതുമിരട്ട പേരിട്ടെന്നു
കേട്ടയുടനെ ഒറ്റപ്പേരിന്റെ പൊരുളറിയാത്ത
ഞാന്‍ ഇരട്ട,ഇര ,പാര ഇവയിലെ 
'ര 'കാരം കണ്ടൊത്തിരി ചിരിച്ചു
ചിരിയിലും' ര 'ഉണ്ടായിരുന്നു

Friday, January 20, 2012

                                ഇവള്‍ക്ക് മാത്രമായ് -സുഗതകുമാരിയുടെ കവിത
    രഫീഖ് അഹമ്മദിന്റെ  തോരാമഴ എന്ന കവിത 
മലയാളം കവിത മാമ്പഴം -വൈലോപ്പിള്ളി ശ്രീധരമേനോന്‍ 

Wednesday, January 18, 2012

ഗുരു

വിദ്യതന്‍ ലോകത്തില്‍ ജാലകം തുറക്കും 
     സ്നേഹനിധികളെന്‍ ദേവതമാര്‍ ഗുരുക്കള്‍
   ആദ്യാക്ഷരം ചൊല്ലിതന്നയെന്‍ മാതാക്കള്‍
        നന്മതന്‍ വഴി ചൊല്ലിതന്നയെന്‍ വഴികാട്ടികള്‍

വിദ്യതന്‍ ഏണിപ്പടികളില്‍ കയറ്റുവാന്‍
ഞങ്ങള്‍ക്കൊപ്പം ചരിക്കുന്നവര്‍ അവര്‍ 
     മുള്ളും കല്ലും തിരിച്ചറിയാന്‍ പഠിപ്പിക്കുമവര്‍
    പ്രണാമം നിങ്ങള്‍ക്കായര്‍പ്പിക്കുന്നു ഞാന്‍........


                                                                       വിനീത് എം.ആര്‍ 
                                                         IX A
                                                 

Friday, November 25, 2011

  മിഠായി                                                               
 ചിരിച്ചു നില്‍പ്പൂ സ്ഫടികത്തിനുള്ളിലായെന്നെ നോക്കി
കണ്മുന്നില്‍വര്‍ണ്ണക്കടലാസുമേന്തിയിട്ടെന്നെവിളിക്കുന്നു 
മന്ദംഅറിയാതെന്‍ കാലടി നീക്കിയി-
ട്ടെന്നെ വലിച്ചിഴച്ചു അങ്കണത്തിലേക്ക്
കാലണ നല്‍കി വിരല്‍ ചൂണ്ടി
ഞാനാ ഓറഞ്ചു മിഠായിക്കു നേരെ
കൈക്കുമ്പിളില്‍ വന്നെത്തി
പിന്നെയോ കടലുണ്ടാക്കി നാവില്‍
പൊട്ടിച്ചഴിച്ചു ഞാനാ വര്‍ണ്ണക്കടലാസുകള്‍
വായിലെ വെള്ളത്തില്‍ കപ്പലിറക്കി
ഇപ്പോഴോ പുഞ്ചിരിച്ചു നിന്നെ ഞാന്‍
അഞ്ചു മിനിറ്റില്‍ വായിലാക്കി

സിന്‍സി വിന്‍സെന്റ്  ix c

Wednesday, November 16, 2011

കവിത


മുഖം മൂടി

                                            നെയ്തുകൂട്ടിയ സ്വപ്‌നങ്ങളെല്ലാമൊരുദിനം
                                            കൂടയിലാക്കിയൊഴുക്കി വിട്ടു
                                            നിരാലംബത വരണമാല്യമായത്രേ
                                            ആരോ പറഞ്ഞ കഥ
                                            ഇടവേളകള്‍ ശുഷ്ക്കമായതിനാല്‍
                                            മുഖംമൂടി അഴിക്കാന്‍ കഴിയാറേയില്ല 
                                            പ്രഭാത മധ്യാഹ്നസായാഹ്നങ്ങള്‍
                                            ആടിതിമര്‍ത്തു
                                            നിശയില്‍ കണ്ണീര്‍മഴകള്‍
                                             പെയ്തൊടുങ്ങി
                                            തൂവാലകള്‍ നനഞ്ഞു കുമിഞ്ഞപ്പോള്‍
                                            പൊട്ടിച്ചിരിക്കാനാരോ പഠിപ്പിച്ചു
                                            എപ്പോഴാണെന്നറിയില്ല
                                           ഹൃദയത്തിലൊരു ശിലനാട്ടി
                                            ആഞ്ജകളട്ടഹാസങ്ങള്‍
                                           തേജോവധങ്ങളവഗണനകള്‍
                                           ശിലകള്‍ പുകഞ്ഞു പൊടിഞ്ഞതാരും കണ്ടില്ല
                                           ശിലകളില്‍ നിന്ന് രക്തം കിനിയുമത്രേ
                                           എപ്പോഴാണാവോ ?
                                           ആ ദിനം എന്റേതായിരുന്നു
                                           ഏതെന്നു ചോദിക്കാത്തതെന്ത്‌?
                                            പറയാനെനിക്കായിരം നാവുണ്ടായി-
                                            രുന്നെങ്കിലെന്‍ മകനെ ?
                                           വിപണിയില്‍ നിന്നൊരെണ്ണം
                                           വാങ്ങിത്തരുമോ സഖീ?
                                          ഇനി വരും സായംസന്ധ്യകളി-
                                          ലെനിക്കെന്റെ മുഖം മറക്കാന്‍
                                                                                               
                                                                                                        
       സുജാത  കെ .ആര്‍ . ഹെഡ്മിസ്ട്രെസ്സ്  
                                                                                                                                                                                                                                                 

Tuesday, November 15, 2011


                                                    യാത്ര

                                   നന്മകള്‍വീണുറങ്ങുമീ
                                   പഴമതന്‍നാട്ടുവഴിയിലൂടെ
                                   പുതുമണ്ണിന്‍ഗന്ധം നുകര്‍ന്ന്‍
                                    നടന്നകലുന്നോരെന്നെ
                                    നീയറിഞ്ഞിരുന്നുവോ കൃഷ്ണാ
                                     ഒരുമാത്രയെങ്കിലും...
                                   സൗഹൃദങ്ങള്‍തീര്‍ത്തൊരാ...
                                   മയില്‍പീലിത്തുണ്ടുകള്‍വീണുറങ്ങുന്ന
                                   ആകാശത്താഴ്വരയിലെങ്ങോ
                                   നീയെന്നെക്കണ്ടിരുന്നുവോ
                                   ഒരു മാത്രയെങ്കിലും...
                                  നീയെന്നെയറിഞ്ഞിരുന്നുവോ
                                   ഒരുപിടിഅവലുമായ്
                              ദ്വാരകതന്‍നടയിലെത്തിയതും
                              നിന്നെത്തേടിയലഞ്ഞതും
                              നീയറിഞ്ഞിരുന്നുവോ
                               ഒടുവിലാദുരിതതീരത്തിലേക്ക്
                               വേദനയോടെതിരിച്ചുനടന്നതും
                                ഭക്തി തന്‍പൂക്കളുമായ്
                                നിന്മനം നിറച്ചതും
                                നീയറിഞ്ഞിരുന്നുവോ
                                ഒരുമാത്രയെങ്കിലും...കൃഷ്ണാ
                                                                           
                                                                                                                                                                                                                                       സാവിത്രി വി
                                                                                                                                                                                                                                                                                                                                         

Thursday, November 10, 2011

ഓര്‍മ്മകളില്‍



ഓര്‍മ്മകളില്‍
                                               നിശ്ശബ്ദയാം രാവിന്‍കൂടാരത്തില്‍
                         നിര്‍വികാരയായിഞാനിരിക്കുമ്പോള്‍
                         ഓര്‍മകള്‍തന്‍മണിതേരുകള്‍
                         മെല്ലെയെന്നരികിലെത്തി
                         ഏകാന്തതതന്‍ബാല്യത്തില്‍
                         പൂമ്പാറ്റച്ചിറകുകള്‍തേടിയലഞ്ഞതും
                        ശാപവാക്കുകള്‍ തന്‍ കൂരമ്പുമായ്‌
                        സന്ധ്യ വരുന്നതും മറയുന്നതും
                        അസ്വാതന്ത്ര്യത്തിന്‍ കൂട്ടിലകപ്പെട്ടതും
                        ബന്ധങ്ങള്‍തന്‍ നിരര്‍ത്ഥകതയും
                      ബന്ധങ്ങള്‍ തന്‍ പ്രഹരങ്ങളും 
                                             ബന്ധവൈചിത്ര്യങ്ങള്‍ തന്‍ കാപട്യവും
                                             യാത്രതന്‍ കേളിവിലാസങ്ങളും
                                             ഭയചകിതയാം ഭൂമിക്കുസാന്ത്വനമായ്‌
                                             നക്ഷത്രജാലങ്ങളെ കൂട്ടുവിളിച്ചതും
                                             പുല്‍നാമ്പിനു നൊമ്പരമകറ്റാന്‍
                                             കുഞ്ഞിളം കാറ്റുണര്‍ന്നു വന്നതും
                                             പേമാരിതന്‍ സംഗീതം
                                             മനസ്സിലൊരു കുളിര്‍മഴയായതും
                                             മറഞ്ഞപകലുകളില്‍
                                             രോദനങ്ങള്‍ തന്‍ ഘോഷയാത്രകളും
                                             ഇന്നുമെന്‍ നെഞ്ചിലൊരു
                                             വിങ്ങലായ്‌ നിറയുന്നു....
                                            രാവിന്‍  കൂടാരത്തില്‍
                                            നിദ്ര തന്‍ തലോടലേറ്റ് മയങ്ങുന്നു
                                                                        സാവിത്രി വി 
                                                                        എച് .എസ്.എ  മലയാളം

  

Wednesday, October 19, 2011

ഗുരുദക്ഷിണ



    സൗമ്യവതി തമ്പുരാട്ടി
ഗുരുദക്ഷിണ  

                                      വിദ്യാലയത്തിന്റെ തിണ്ണയില്‍ നിന്നു ഞാന്‍ 
                        ദേശീയ ഗാനങ്ങള്‍ പാടിയതും
                        വീണു കിട്ടീടും മയില്‍‌പ്പീലിത്തുമ്പുകള്‍  
                        പുസ്തകത്താളിലൊളിപ്പിച്ചതും
                        കേളി കൊട്ടീടും മനസ്സിന്റെ കോണിലി-
                        ന്നാളിപ്പടര്‍ന്നു പിടിച്ചിടുന്നു. 
                        എല്ലാമോര്‍ക്കേണമെന്നു നിനക്കുമ്പോള്‍ 
                        അല്ലലില്ലാതവ ഓടിയെത്തും 
                         അക്ഷരമെന്തെന്നറിയാതെ പുസ്തകം
                         ഭക്ഷിച്ചിടട്ടെ എന്നോര്‍ത്തിടുമ്പോള്‍
                        ചാരത്തു വന്നു ചിരിക്കും ഗുരുവിന്റെ 
                         കൂടെ കളിക്കുന്ന കുട്ടികള്‍ക്കൊപ്പമായ്
                         ഓടിയെത്തീടുമധ്യാപകരും 
                         പേനതന്‍ തുമ്പിലായ്‌ അക്ഷരമാലകള്‍ 
                         ആനയിച്ചെത്തിച്ചതോര്‍ത്തുപോയ് 
                         വീണ്ടും വരട്ടെ അടുത്ത ജന്മത്തിലും
                         വീണ മീട്ടീടുമീയാലയത്തില്‍ 
                         പച്ചക്കിളിയായോ പിച്ചകപ്പൂവായോ 
                         പിച്ചവച്ചോടീ നടന്നീടുവാന്‍ 
                         കായീകമേള കലോത്സവങ്ങള്‍ പിന്നെ 
                         കാവ്യ ലഹരിയുമൊത്തിടുമ്പോള്‍ 
                         കാലം യവനിക തീര്‍ത്തുനമുക്കായ് 
                         കാഹളമെല്ലാം എരിഞൊടുങ്ങീ
                        ''ഇന്നെനിക്കേകിയ സ്വാഗതപൂക്കള്‍ക്ക് 
                         എന്തു ഞാന്‍ നല്‍കേണ്ടു കാഴ്ചയായി ''
                                
                                                                                               സൗമ്യവതി തമ്പുരാട്ടി
                                                                                             c /o രാജരാജവര്‍മ്മ 
                                                                                                 വയസ്ക്കര രാജ്ഭവന്‍ 
                                                                                                      കോട്ടയം
                                                                                        [സ്കൂളിലെ തിരക്കുകള്‍ക്കിടയില്‍ ആയിരുന്നു
ഞങ്ങള്‍.ഓഫീസില്‍ കടന്നു വന്ന സൗമ്യവതി തമ്പുരാട്ടി പൂര്‍വവിദ്യാര്‍ഥി എന്ന് സ്വയം പരിചയപ്പെടുത്തി .1958 ഇല്‍ ഇവിടെ നിന്നും പഠിച്ചിറങ്ങിയ സൌമ്യവതി തമ്പുരാട്ടി തന്റെ ഓര്‍മ്മകളിലൂടെ സ്കൂളിന്റെ പൂര്‍വകാലം വിവരിച്ചപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി .എത്രമേല്‍ ഈ സ്കൂള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന തിരിച്ചറിവിനോടൊപ്പം  വിദ്യാലയ സ്മരണകള്‍ വര്‍ണ്ണിച്ച വാക്കുകളിലെ കവിത്വം വരികളി ലൂടെ വെളിവാക്കിയപ്പോള്‍ അത് ഇളംകുന്നപ്പറവകള്‍ ഔദ്യോഗിഗമായി  ഉദ്ഘാടനം നടത്തിയ ദിനത്തെ ധന്യമാക്കിയ പോലെ .....ഈ ലോകത്തിന്റെ കോണുകളില്‍ പലയിടങ്ങളിലായ്  പറന്നു പോയ ദേശാടന ക്കിളികളെ ...ഇവിടേയ്ക്ക് സ്വാഗതം ....]

Sunday, October 9, 2011

ഒരിക്കല്‍ കൂടി


  നിറമിഴിയോടെ  കാത്തിരിക്കുന്നുതോഴീ  ഞാന്‍  
നിന്നരികില്‍ വന്ന്‍  പൊട്ടിച്ചിരിക്കാനും  കരയാനും  
ഒരിക്കല്‍ കൂടി നിന്‍ കരസ്പര്‍ശമേല്ക്കാന്‍  കൊതി 
വരൂ തോഴീ എന്നരികിലേക്ക്  ഒരു വട്ടം കൂടി.........

 എന്നെന്നുമോര്‍മ്മിക്കാന്‍  നീയെനിക്കേകിയ സ്മരണകള്‍ 
ചേര്‍ത്ത് നിനക്കായ്‌ ഞാനൊരു മാല കോര്‍ക്കാം സഖീ 
തൂശനിലയില്‍ തുമ്പപ്പൂച്ചോറിട്ട സദ്യ തരാം സഖീ ....... 
ഞാവല്‍പ്പഴവും കല്ലുപ്പിട്ട ലൂവിക്കയും ഞാന്‍ തരാം കള്ളി

സ്മരണതന്‍ വേണ്തൂവല്‍  കരിയില്ലോരിക്കലും 
മനസ്സിനറയില്‍ നഷ്ട്ടബോധത്തിന്‍ കനലെരിയുന്നു

മരണത്തിന്‍ കൂട്ടില്‍ നിന്നോടിവായെന്‍ കൂട്ടുകാരീ

കാത്തിരിക്കുന്നു നിറമിഴിയോടെ  നിനക്കായ്  ......





ååååååååååå