![]() |
| പൗലോ കൊയ്‌ലോ |
Thursday, September 2, 2021
എണ്ണ നിറച്ച കരണ്ടി
ആ വാഴവെട്ട് -പൊൻകുന്നം വർക്കി
![]() |
| പൊൻകുന്നം വർക്കി |
പൊൻകുന്നം വർക്കിയുടെ ആ വാഴ വെട്ട് എന്ന കഥയിലെ മർക്കോസ് ഒരു യഥാർത്ഥ കൃഷിക്കാരനാണ്. കൃഷി അദ്ദേഹത്തിന് ജീവിതമാണ്. കുംഭത്തിൽ നട്ടാൽ കുടത്തോളം മീനത്തിലായാൽ എങ്കണ്ണിനോളം മാത്രം എന്നറിയാവുന്ന ഒരു നല്ല കൃഷിക്കാരനാണ് മർക്കോസ്. എല്ലുകളുന്തി നിൽക്കുന്ന ശരീരവും വളഞ്ഞ നട്ടെല്ലും ഒട്ടിയ കവിളും കുഴിഞ്ഞ കണ്ണും അർദ്ധ നഗ്നമായ ശരീരവും ഒറ്റനോട്ടത്തിൽത്തന്നെ അയാളെ ഒരു കൃഷിക്കാരനാണെന്ന് വിളിച്ചു പറയും.വാഴയ്ക്ക് രോഗം പിടിച്ചതിനാൽ കൃഷിക്കാരനായ മർക്കോസ് ചേട്ടന്റെ വാഴത്തോട്ടത്തിലെ കുലച്ചതും കുലയ്ക്കാത്തതുമായ വാഴ വെട്ടാൻ അധികാരം ആജ്ഞാപിച്ചു.അതിൽ ആ കൃഷിക്കാരൻ ഒത്തിരിയേറെ പ്രയാസം അനുഭവിച്ചു .
മർക്കോസ് ചേട്ടൻ ഒരു ഫലിത പ്രിയനായിരുന്നു .താൻ കുടിക്കുന്ന കഞ്ഞിയിൽ പുഴുക്കൾ ഉണ്ടെന്ന് പറയുന്നത് തന്നെ വളരെ നർമ്മം കലർത്തിയാണ് .പ്രാണായാമപടുക്കളായ മുനിമാർ ജലത്തിനു മുകളിൽ ഉറങ്ങുന്നത് പോലെയാണ് അരിക്കൂട്ടങ്ങൾ വെള്ളത്തിൽ പൊന്തിക്കിടക്കുന്നതെന്നാണ് മർക്കോസ് ചേട്ടൻ പറയുന്നത്. നല്ല ഒരു നോമ്പുകാലത്ത് കഞ്ഞി വെള്ളത്തിനുപകരം സൂപ്പാണല്ലോ കുടിക്കുന്നത് എന്ന് പറയുന്നു. കാരണം കഞ്ഞിയിൽ പുഴുവും ഉണ്ടല്ലോ പുഴു ഒരിക്കലും സസ്യഭക്ഷണം അല്ലല്ലോ.
വാഴകൾക്ക് രോഗമുണ്ടെന്ന് പറയേണ്ടത് കൃഷിക്കാരനാണ്. അല്ലാതെ ഉദ്യോഗസ്ഥരല്ല എന്ന നിലപാടാണ് മർക്കോസ് ചേട്ടന് .വാഴ വെട്ടിക്കളഞ്ഞില്ലെങ്കിൽ വെട്ടുന്ന കൂലിയും താൻ തന്നെ കൊടുക്കേണ്ടിവരും എന്നോർത്തപ്പോൾ അയാൾക്ക് സങ്കടവും അരിശവും വന്നു.കണ്ണിൽ ചോരയില്ലാത്ത നിയമത്തെ മർക്കോസ് ചേട്ടൻ പലതും പറഞ്ഞ് പഴിക്കുന്നുണ്ട്.തെങ്ങിനും രോഗം ഉണ്ടല്ലോ ?പലതും കാറ്റു വീണിരിക്കുന്നു പ്ലാവും ചീത്തയായി .മണ്ണു പോലും ചീത്തയായി. കപ്പയും മോശമായി എന്നുവിചാരിച്ച് ഈ മണ്ണെല്ലാം നശിപ്പിച്ചാൽ മതിയോ ?തെങ്ങ് വെട്ടിയാൽ മതിയോ ?അങ്ങനെയാണെങ്കിൽ ആശുപത്രി വേണ്ടല്ലോ ?അസുഖം വന്നാൽ എല്ലാവരെയും അങ്ങ് കൊന്നാൽ മതിയല്ലോ എന്നാണ് മർക്കോസ് ചേട്ടൻ ഉറക്കെ ചോദിച്ചത്.അയാൾ കണ്ട സ്വപ്നം വരെ കർഷകർക്ക് സുന്ദരമായ ഒരു ഭാവി ഉണ്ടാകും എന്നതായിരുന്നു.
കൃഷിയെ കുറിച്ച് പാരമ്പര്യമായി ലഭിച്ച അറിവുള്ള ആളാണ് മർക്കോസ് അതിൽ അയാൾക്ക് നല്ല ആത്മവിശ്വാസമുണ്ട് .മാവിൻ പൂ വിരിയുന്നതും, പരാഗണം നടക്കേണ്ടതും പകൽ സമയത്താണ്, പരാഗരേണുക്കൾ വഹിക്കുന്ന ചെറിയ പ്രാണികൾ രാത്രി എത്താതെ വരുന്നതുകൊണ്ട്, പരാഗണം നടക്കാതെ, പരാഗണ സമയം കഴിഞ്ഞതുകൊണ്ട്, സൂര്യൻ വരുമ്പോഴേക്കും കൊഴിഞ്ഞു പോവുന്നു.ചന്ദ്രന്റെ നിലാവ് കണ്ടപ്പോൾ പൂക്കൾ സൂര്യന്റെ വെളിച്ചം ആണെന്ന് വിചാരിച്ചാണ് വിടർന്നത്. ഇങ്ങനെ പ്രകൃതിയുടെ ഓരോ ചലനവും അയാൾ അറിഞ്ഞു.വാഴകൾ വെട്ടുന്നത് തന്റെ പൗലോസിനേയും ജോണിനേയും രാഹേലിനേയും ഒക്കെ വെട്ടിക്കളയുന്നതിന് തുല്യമാണെന്നാണ് അദ്ദേഹം കരുതുന്നത്.മനുഷ്യനോടുള്ള സ്നേഹം പോലെ ഓരോ കൃഷിക്കാരനും തന്റെ കൃഷിയെ സ്നേഹിക്കുന്നു .വെട്ടരിവാൾ ഉപയോഗിച്ചുള്ള ആദ്യത്തെ വെട്ട് വാഴപ്പിണ്ടി കഷ്ണത്തിൽ പിന്നിട്ട ശേഷം മാർക്കോസിന്റെ ഇടതു കാൽ മുട്ടിൽ ചെന്നു കൊണ്ടു .അയാൾ വീണു .പണ്ട് അയാൾ ആ വാഴച്ചുവട്ടിൽ ഒഴിച്ചത് ജലവും വിയർപ്പുതുള്ളികളും മാത്രമാണ്. ഇന്നയാൾ തന്റെ കണ്ണുനീർത്തുള്ളികളും അവയ്ക്ക് നൽകി .തന്റെ പിതാവ് വീണു കിടക്കുന്ന കാഴ്ച മകൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. "എന്റെ പിതാവിനും രോഗമുണ്ട് അദ്ദേഹത്തെക്കൂടി നിങ്ങൾ വെട്ടി മൂടുക "എന്നാണ് മകൾ പറഞ്ഞ് കരയുന്നത്.അവൾ പറഞ്ഞത് ഒരു മരംകേറിയുടെ തർക്കുത്തരമായാണ് ഉദ്യോഗസ്ഥർ വിലയിരുത്തിയത്.
കൃഷിയാണ് തന്റെ ജീവിതമായി മർക്കോസ് കണ്ടത്. സസ്യങ്ങളെ മക്കളായി കണ്ടു
Sunday, August 29, 2021
വഴിയാത്ര-- ഇ വി കൃഷ്ണപിള്ള
![]() |
| ഇ വി കൃഷ്ണപിള്ള |
പണ്ട് വണ്ടിയും വള്ളവും ഇല്ലാതിരുന്ന കാലത്ത് നടന്ന് തന്നെയാണ് ആളുകൾ യാത്രചെയ്തിരുന്നത്. ചായക്കടകളും ഹോട്ടലുകളും അന്ന് ഇല്ലായിരുന്നു. വൈകുന്നേരമാകുമ്പോൾ ഭാര്യ അടക്യ്ക്കാമരത്തിലെ പാള ചീകിയൊതുക്കി അതിനകത്ത് പൊതിച്ചോറ് കെട്ടുമായിരുന്നു. യാത്രയ്ക്കിടയിൽ ഏതെങ്കിലും വീട്ടിൽക്കയറി പാത്രമോ മറ്റോ വാങ്ങി ഊണു കഴിച്ച് ആ വീട്ടുകാരുമായി വിശേഷങ്ങൾ പറഞ്ഞ് ഉറങ്ങുമായിരുന്നു.പിറ്റേന്ന് യാത്ര തുടരുമായിരുന്നു. വളരെയധികം ദൂരം യാത്ര ചെയ്യണമെങ്കിൽ അരിയും മറ്റു സാധനങ്ങളും കയ്യിൽ കരുതുമായിരുന്നു. പൊതിച്ചോറുണ്ണാത്തവനും ചെങ്കണ്ണു വരാത്തവനും ജീവിതത്തിൽ സുഖം അനുഭവിച്ചിട്ടില്ല എന്ന് തമാശരൂപത്തിൽ പറയാറുണ്ട്.
മറ്റുള്ളവരുടെ നന്മയിൽ വിശ്വസിച്ചാണ് പണ്ടുള്ളവർ യാത്ര ചെയ്തിരുന്നത്.ധനവാന്മാർ വഴിയാത്രക്കാർക്ക് ഭക്ഷണം കൊടുത്തിരുന്നു. അവരുടെ വീട്ടിൽ ഇത്തിരി ചോറ് വച്ചാൽ മതി എന്നിരിക്കിലും വഴിയാത്രക്കാരെക്കരുതി അഞ്ചിരട്ടി അരിയിട്ട് ചോറു വയ്ക്കുമായിരുന്നു. അടുക്കളയിൽ മാത്രം കഴിഞ്ഞിരുന്ന ധനവാന്മാരുടെ വീട്ടിലുള്ള സ്ത്രീകൾ മിക്കവാറും ഒഴിഞ്ഞ വയറുകളോടുകൂടിയാണ് ഉറങ്ങിയിരുന്നത്.അങ്ങനെ ചോറു കൊടുത്തിരുന്നത് ഒരു അന്തസ്സായാണ് അന്ന് പണക്കാർ വിചാരിച്ചിരുന്നത്.
അന്ന് പത്രങ്ങൾക്ക് പകരമായിരുന്നു ഈ വഴിയാത്രക്കാർ. ഭക്ഷണം കൊടുക്കുന്ന വീട്ടുകാരെക്കുറിച്ച് അവർ നാട്ടിൽ നല്ലതു പറയുമായിരുന്നു .ഇങ്ങനെ പ്രസിദ്ധി കൂടിയപ്പോൾ കടവും പെരുത്ത് ചില ധനവാന്മാർ ദാരിദ്ര്യത്തിലായി .അവരുടെ വീട്ടുകാർ തെരുവിലുമായി.
ചില വഴിയാത്രകൾ വിവാഹ ബന്ധങ്ങൾക്ക് വരെ കാരണമായിട്ടുണ്ട്. ഇങ്ങനെ ഭക്ഷണം കൊടുക്കുന്ന വീട്ടുകാരിൽ സംതൃപ്തി തോന്നി വിവാഹാലോചനകൾ ഉണ്ടാവുകയും വിവാഹങ്ങൾ നടക്കുകയും ചെയ്തിട്ടുണ്ട് .ഒരാൾ യാത്രയ്ക്ക് പുറപ്പെടുമ്പോൾ ഏതൊക്കെ വീട്ടിൽനിന്ന് ഭക്ഷണം കഴിക്കണം എന്ന് തീരുമാനിച്ചാണ് സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങുന്നത്.പണ്ടത്തെ വഴിയാത്രയിലൂടെ ലോകപരിചയത്തിന് സാധ്യമായിരുന്നു
കൊല്ലത്തുനിന്ന്തിരുവനന്തപുരത്തേക്ക് വള്ളത്തിൽ ഒരു യാത്ര പോകുന്നത് അമ്പാസമുദ്രക്കാരൻ ചെട്ടിയാരും ,പറവൂർക്കാരൻ ഹൈക്കോടതിക്കക്ഷിയും ,പത്തനാപുരത്തുകാരൻ മൈതീൻപിച്ച മുതലാളിയും, ചവറക്കാരൻ ഗൃഹനാഥനും, പെരിങ്ങനാട്ടുകാരൻ ഒരുനമ്പ്യാതിയും, തുമ്പമൺകാരൻ അധ്യാപകനും ,പ്രാക്കുളത്തുകാരനായ രോഗിയും , മാവേലിക്കരക്കാരൻ ഒരു മന്ത്രവാദിജ്യോത്സ്യനും ആയിരുന്നു .യാത്രക്കാർ ആദ്യം ഒന്നും മിണ്ടിയില്ല .പിന്നീട് കൊച്ചുകൊച്ചു സംസാരത്തിലൂടെ അവർ പരിചയപ്പെട്ടു.
ഒടുവിൽ അമ്പാസമുദ്രം ചെട്ടിയാരും മാവേലിക്കരക്കാരൻ ജ്യോത്സ്യനും അടുത്തടുത്ത് കിടക്കുന്നതു കാണാൻ സാധിക്കുന്നു. മുതലാളിയുടെ നീണ്ട താടിയിൽ പെരിങ്ങനാട് നമ്പ്യാതിരിയുടെ പൂണൂൽ കുരുങ്ങിക്കിടക്കുന്നത് കാണുവാൻ സാധിക്കുന്നു .അങ്ങനെ വർഷങ്ങളായി പരിചയമുള്ള സുഹൃത്തുക്കളെപ്പോലെ അവർ കഴിയുന്നു. അധ്യാപകൻ "ധനിക്ക് ശത്രുക്കൾ അസംഖ്യം ഉണ്ടാകു"മെന്നതിൽ ധനി എന്നുപറഞ്ഞാൽ ധനവാൻ ആണെന്ന് മുതലാളിയെ പഠിപ്പിക്കുന്നു .എല്ലാവർക്കും എല്ലാവരേയും അറിയാൻ സാധിക്കുന്നു.
കാലം മാറി. പിന്നീട് തീവണ്ടിയിലായി യാത്ര .തിരക്കുപിടിച്ച് ടിക്കറ്റ് വാങ്ങിച്ച് പലരും മുറികളിൽ കയറുന്നു. ഒരാളും മറ്റൊരാളെ പരിചയപ്പെടാൻ ശ്രമിക്കുന്നില്ല .വേഗതയേറിയ യാത്രയായതിനാൽ ഒരു രോഗിക്ക് തന്റെ രോഗം ശമിക്കുന്നതിനു മുമ്പ് ,ഒരാൾ തന്റെ യാത്രയുടെ കണക്ക് കൂട്ടി വയ്ക്കുന്നതിനുമുമ്പ്, കുട എവിടെ സൂക്ഷിക്കുമെന്ന് ഒന്ന് കണ്ണോടിക്കുന്നതിനുമുമ്പ്, പത്രം വായിച്ചു തീർക്കുന്നതിനും മുമ്പ്,ഒരാൾ പുറത്തേക്കു തുപ്പി. ആ തുപ്പൽ കാറ്റിന്റെ വേഗം കൊണ്ട് തിരിച്ച് തീവണ്ടിയുടെ അകത്തേക്ക് കേറുന്നതിനു മുൻപ് അയാൾ ലക്ഷ്യസ്ഥാനത്തെത്തിയിരിക്കും എന്നാണ് ഇ വി കൃഷ്ണപിള്ള പറയുന്നത് .സ്റ്റേഷനിൽ എത്തിയാൽ പിന്നെ പോർട്ടർമാരുടെ വിളിയും ആകെ തിരക്കുമാണ്. വണ്ടിക്കാർ തമ്മിൽ പിടിവലിയും കാണാം.ഹോട്ടൽ ഭക്ഷണമാണ് എല്ലാവരും കഴിക്കുന്നത് .അതിന് കാശു കൊടുക്കണം. ആരും ആരോടും മിണ്ടുന്നില്ല. ഈ മാതിരി യാത്രകൊണ്ട് ഒരുവിധ ലോകപരിചയവും നമുക്ക് കിട്ടുന്നില്ല
Tuesday, July 20, 2021
അമ്മമ്മ _ പി സുരേന്ദ്രൻ
മൂന്ന് പേരക്കുട്ടികളേയും അമ്മമ്മ ഹോസ്റ്റലിലാക്കി .ഇനി അമ്മമ്മ ആ വീട്ടിൽ ഒറ്റയ്ക്കാണ് .അമ്മയില്ലാത്ത മൂന്നു മക്കളെയാണ് അമ്മമ്മ വളർത്തുന്നത് . മൂത്തകുട്ടിയെ ഹോസ്റ്റലിലാക്കി തിരിച്ചു പോകും നേരം അമ്മമ്മ കുറേ കരഞ്ഞു. പിന്നീടാണ് അത്രയേറെ കരഞ്ഞത് എന്തിനാണെന്ന് കഥാകൃത്തിന് മനസ്സിലായത്. അമ്മമ്മ വിധവയാണ് .മൂന്ന് പേരക്കുട്ടികളേയും അമ്മമ്മ തന്നെ പോറ്റി വളർത്തണം. അമ്മമ്മയുടെ മകൾ ഭർത്താവിനാൽ കൊല്ലപ്പെട്ടതാണ്. മകളുടെ ഭർത്താവ് ഒരു മദ്യപാനി ആയിരുന്നു .അമ്മമ്മ തന്നെ ജോലി ചെയ്താണ് മകളുടെ കുടുംബത്തെ പുലർത്തിയിരുന്നത് .മകളുടെ മരണശേഷം മരുമകനും എങ്ങോട്ടോ പോയ്ക്കളഞ്ഞു .പിന്നീടങ്ങോട്ട് അവർ കുടിച്ച കഞ്ഞിയിൽ അമ്മമ്മയുടെ കണ്ണീരാകുന്ന ഉപ്പ് ' എത്രമേൽ പതിഞ്ഞിട്ടുണ്ട് എന്ന് അമ്മമ്മയ്ക്ക് അറിയില്ല. ഹോസ്റ്റലിൽ വന്നു മടങ്ങുമ്പോൾ അവരുടെ കീറിയ പേഴ്സ് പുറത്തെടുത്ത് ചില്ലറ കൊടുക്കുമായിരുന്നു.പിന്നീട് രണ്ടാമത്തേയും മൂന്നാമത്തേയും പേരക്കുട്ടികളെ ഹോസ്റ്റലിൽ ചേർത്തു .അവരുടെ പേഴ്സ് കൂടുതൽ പിഞ്ഞിക്കീറി .അമ്മമ്മ അവരുടെ വീട്ടിൽ ഒറ്റക്കാണ് .അവരുടെ പഠനത്തെ ചൊല്ലി പ്രതീക്ഷകൾ ഉള്ളതുകൊണ്ടാണ് ഹോസ്റ്റലിൽ ചേർത്തത്. ഇടയ്ക്ക് അമ്മമ്മ അവരെ കാണാൻ വരും .അമ്മമ്മയുടെ കാതിൽ കമ്മൽ ഇല്ല .സാരിയുടെ നിറം കെട്ടു പോയി .ഒരേയൊരു സാരിയേ അവർക്കുള്ളൂ .അമ്മമ്മയ്ക്ക് ചെരുപ്പില്ല.അവരുടെ പാദങ്ങൾ വിണ്ടുകീറിയിട്ടുണ്ട്.മൂന്ന് കുട്ടികളേയും സ്റ്റാഫ്റൂമിൽ കൊണ്ടുവന്ന് അധ്യാപകരോട് പൊന്നുപോലെ നോക്കണമെന്നും അവരെ രക്ഷിക്കണമെന്നും പറയാറുണ്ട്. അവരെ മൂന്നുപേരെയും അങ്ങാടിയിലേക്ക് കൊണ്ടു പോകും. ചായക്കടയിൽ ചെന്ന് പഴംപൊരിയും പൊറോട്ടയും വാങ്ങിച്ചു കൊടുക്കും .അവരുടെ കുഞ്ഞുകുഞ്ഞു ആഗ്രഹങ്ങൾ സാധിക്കും. അമ്മമ്മയ്ക്കറിയാം പേരക്കുട്ടികൾ മാതാപിതാക്കളുള്ള കുട്ടികൾക്കിടയിലാണ് ഇരിക്കുന്നത് എന്ന് .അവർക്ക് ഒന്നിനും കുറവുണ്ടാകരുത്.അമ്മമ്മ മടങ്ങിപ്പോകുമ്പോൾ ഇളയവൻ ക്ലാസ് ടീച്ചറുടെ ശാസന വകവെക്കാതെ അമ്മമ്മേയെന്ന് ഉറക്കെ നിലവിളിക്കുന്നതും കഥാകൃത്ത് കേട്ടിട്ടുണ്ട് .
Friday, July 16, 2021
അതേ പ്രാർത്ഥന -ഇടശ്ശേരി ഗോവിന്ദൻനായർ
ഇടശ്ശേരി ഗോവിന്ദൻനായർ
ഇടശ്ശേരിയുടെ കഥാഖ്യാനം പോലെയുള്ള കവിതയാണിത്. തേന്മാവ് വസന്തദേവനോട് പ്രാർത്ഥിച്ചു തേന്മാവ് അടിമുടി പൂങ്കുലകൾ നിറച്ചുകൊണ്ട്നിന്നു. ഒരു പൂവും കൊഴിയാതെ ഉണ്ണി മാങ്ങകൾ വിരിഞ്ഞു .ഒരു ഉണ്ണിയും പിഴക്കാതെ വളർന്നുവന്നു. സമൃദ്ധി വർദ്ധിക്കുന്തോറും സജ്ജനങ്ങൾ കൂടുതൽ വിനീതരാകുന്നു എന്ന പാഠം വിദ്വാൻമാർ ആ മാവിൽ നിന്ന് പഠിച്ചു. അതിലെ പച്ചമാങ്ങകൾ പഴുത്തമാങ്ങകളായി. പഴുത്ത മാങ്ങകളെ മാണിക്യരത്നങ്ങളെപ്പോലെ എന്നാണ് കവി പറഞ്ഞിരിക്കുന്നത്.ആയിരം അണ്ണാറക്കണ്ണന്മാർ അതിൽ പാഞ്ഞുകയറി ആയിരം കാക്കകൾ പറന്നെത്തി. കൊച്ചടികൾ വെച്ച് കൊച്ചുകുട്ടികൾ മാഞ്ചോട്ടിൽ എത്തി.അതോടെ ഒരു മായിക നഗരത്തിന്റെ ഭംഗി തോപ്പിന് കൈവന്നു. ഇങ്ങനെ നിൽക്കുമ്പോഴാണ് അയൽപക്കത്തെ വഴിപ്പണിക്കിട്ടിരുന്ന കൽച്ചീളുകൾക്ക് ചിറകു മുളച്ചത്. കല്ലുകൾ ചീറിപ്പാഞ്ഞു വന്നു .തേന്മാവ് ശൂന്യമായി.
ആ മാമ്പഴക്കാലം കഴിഞ്ഞപ്പോൾ തേന്മാവ് സ്വർലോക നടയിലെത്തി.മാവ് വസന്തത്തോട് തനിക്കിനിയും സഫല ജന്മം തന്നാലും എന്നഭ്യർത്ഥിച്ചു. ഇത് കേട്ട് വസന്ത ദേവൻ "വേറെന്തുള്ളു വരമെങ്കൽ "എന്ന് ആക്രോശിച്ചുകൊണ്ട് ഇനിയും വേദനകൾക്ക് വേണ്ടിയാണോ നിന്റെ പ്രാർത്ഥന എന്ന് ചോദിച്ചു.എന്നാൽ വെയിൽ വീണ തളിരിലകൾ ഇളകുമാറ് ആ മാവ് സമൃദ്ധിയുടെ കണ്ണീർപ്പുളിപ്പാണ് ശ്രേഷ്ഠമെന്നും ദാരിദ്ര്യത്തിന്റെ മരവിപ്പ് അസഹനീയമാണെന്നും പറഞ്ഞു.
(അതേ പ്രാർത്ഥനയിലെ മാവ് വെറുമൊരു മാവല്ല. ഒരു കവിയുടെ ജീവിതത്തെ സൂചിപ്പിക്കുന്നു. പൂക്കുകയും കായ്ക്കുകയും ചെയ്യുക എന്നത് കൃതികൾ എഴുതുന്ന കവിയെ സൂചിപ്പിക്കുന്നു .അണ്ണാറക്കണ്ണന്മാർ, കുട്ടികൾ,കാക്കകൾ, ഇവരൊക്കെ ആസ്വാദകരാണ്. കവിയാണ് മാവ് .കവിതകളാണ് മാമ്പഴങ്ങൾ .തോപ്പ് മായികനഗരം ആകുന്നു എന്നത് കവിത പകരുന്ന സൗന്ദര്യത്തെ സൂചിപ്പിക്കുന്നു .എന്നാൽ മാർദ്ദവമില്ലാത്ത ഉരുളൻകല്ലുകൾ ഒരു മയവുമില്ലാത്ത വിമർശനങ്ങളാണ്.കവി ഈ വിമർശനങ്ങൾ കേട്ട് ഉൾവലിയാൻ തയ്യാറല്ല. ഇനിയും കവിതയെഴുതാൻ പ്രാർത്ഥിക്കുന്ന കവിയെയാണ് നാം കാണുന്നത് .സർഗാത്മകത എല്ലാ വെല്ലുവിളികളേയുംഅതിജീവിക്കാനുള്ള കരുത്ത് നൽകുന്നു എന്ന് ഈ കവിത സൂചിപ്പിക്കുന്നു. കവിമനസ്സിന്റെ അതിജീവനത്തിന്റെ പ്രാർത്ഥനയാണ് അതേ പ്രാർത്ഥന എന്ന കവിത. )
Monday, July 12, 2021
Thursday, June 24, 2021
പുതുവർഷം-വിജയലക്ഷ്മി
കുട്ടിക്കാലത്ത് അമ്മ പറഞ്ഞതിനപ്പുറം മറ്റൊരു ലോകം എനിക്ക് ഇല്ലായിരുന്നു .അമ്മയോടൊപ്പം ഓണക്കാലത്ത് 'മാവേലി നാടുവാണീടും കാലം' എന്ന വരികൾ പാടി പൂക്കളമിടാൻ പൂ നുള്ളിയിരുന്ന കാര്യം ഇപ്പോൾ ഓർക്കുന്നു .ദേവിയുടെ അമ്പലത്തിൽ കുഞ്ഞുടുപ്പിട്ട് ഓരോ പടിയും എണ്ണിക്കയറുമ്പോൾ അമ്മ എന്നോട് പറഞ്ഞു ;കൈകൂപ്പി പടികൾ കയറിയാൽ കരിവള സ്വർണ്ണവള ആകുമെന്ന്.അത് വിശ്വസിച്ചാണ് ഞാൻ പടികൾ കയറിയത്. പുസ്തകസഞ്ചിയിൽ നെല്ലിക്കയും പച്ചപ്പുളിയും ഒളിപ്പിച്ച് വയ്ക്കുമായിരുന്നു .ആരോടും വഴക്കില്ല എന്ന് മാത്രമല്ല എല്ലാവരോടും പുഞ്ചിരിതൂകി നടക്കുമായിരുന്നു .ഞാനും അമ്മയും ഒരുമിച്ചാണ് പൂക്കളം തീർത്തിരുന്നത്. മുറ്റത്തിന് ഐശ്വര്യം ചാർത്തുന്ന പൂക്കളിൽ തുമ്പപ്പൂപോലെയാണ് എന്റെ അമ്മയും.
കൗമാരകാലത്തെക്കുറിച്ച് കവയിത്രി ഓർക്കുന്നു .ആയിരക്കണക്കിന് ദുഃഖ ചിന്തകൾ കുന്തങ്ങളായി ഉയർന്നിരിക്കുന്നു .തീരാത്ത പകയും തിളയ്ക്കുന്ന സ്നേഹവും മനസ്സിൽ തീയിട്ട് എരിച്ചിരുന്നു. ആരോടും ചേരാനാകാത്ത കാലമാണിത്. ഒരു വൈദ്യുത തരംഗം പോലെ വേഗതയും അപകടം നിറഞ്ഞ കാലമാണ് കൗമാരം.
ജീവിതത്തിന്റെ സന്തോഷങ്ങൾ മധുരവും കുസൃതിയും കൊണ്ട് എത്ര രസിപ്പിച്ചാലും രക്തവും മാംസവും മജ്ജയും ആർത്തിയോടെ പോരാ പോരാ എന്ന് ഉച്ചത്തിൽ ആർക്കുന്ന യൗവനകാലത്തിലൂടെയും ഞാൻ കടന്നുപോയി. ഈ കെട്ടകാലത്ത് ഓണവും,സുഗന്ധമുള്ള പൂക്കളുമെല്ലാം കേരളസമൂഹം മറക്കുന്നതായി കവയിത്രിക്ക് തോന്നുന്നു .ഞാൻ ഈ അവസ്ഥയെ ദു:ഖിതയായി നോക്കി നിന്നു എന്നാണ് കവയിത്രി പറയുന്നത്.
ഇത്തിരി മണ്ണ് പോലും ഇല്ലാത്തവർക്കും ഒരു കൊച്ചുവീടിന്റെ കൂട് മാത്രമുള്ളവർക്കും എങ്ങനെയാണ് ഒരു പൂ പോലും ഉണ്ടാവുക? ഫ്ലാറ്റിലെ ബാൽക്കണിയുടെ അറ്റത്തുനിന്ന് കർക്കടകവും മഴയും ഞാൻ കണ്ടു. കർക്കടകം മാറി ചിങ്ങം വന്നു എന്നതാണ് സൂചന. താഴെ ഇത്തിരിയുള്ള മണ്ണിൽ വിനീതമായി നിൽക്കുന്ന പാവം തുമ്പപ്പൂവിനെ ഞാൻ കണ്ടു അപ്പോൾ ആരേയും വേദനിപ്പിക്കാത്ത എന്റെ അമ്മയുടെ നിശബ്ദമായ വിറയലുള്ള മുഖം ഞാൻ ഓർത്തു. എന്തിനാണ് എനിക്ക് വേറെ ഒരു പൂക്കളം? എന്തിനും മീതെയായി സ്നേഹസാന്ത്വനമായി അമ്മയുടെ മുഖം ജ്വലിക്കുന്നു. വരുന്ന ഓണപ്പുലരിയിൽ വർത്തമാനകാലത്തിന്റെ കൂരിരുട്ട് നീക്കി അമ്മ വീട്ടിനുള്ളിൽ വന്നുദിക്കും എന്ന് കവയിത്രി പ്രത്യാശിക്കുന്നു ഈ ദു:ഖമെല്ലാം കഴിഞ്ഞു പോകുമെന്നും വരാനിരിക്കുന്ന പുതുവർഷം വലതുകാൽ വച്ച് അക്ഷയ ശ്രീയായി കടന്നു വരുമെന്നും കവയിത്രി പ്രത്യാശിക്കുന്നു .
വിജയലക്ഷ്മിയുടെ സന്ദേശം
Monday, June 21, 2021
പ്രകൃതിസൗന്ദര്യവും കലാസൗന്ദര്യവും -എം പി പോൾ
പ്രകൃതിയുടെ സൗന്ദര്യത്തേയും കലാ സൗന്ദര്യത്തേയും വേർതിരിക്കുമ്പോൾ മാത്രം മനുഷ്യനും പ്രകൃതിയും വ്യത്യസ്തരാണെന്ന് പറയേണ്ടി വരും .കാരണം മനുഷ്യൻ പ്രകൃതിയുടെ ഭാഗമാണ് എന്ന് പറഞ്ഞാൽ ഈ സൗന്ദര്യത്തെ നമുക്ക് വേർതിരിക്കാൻ സാധ്യമല്ല .ഉദാഹരണമായി ഒട്ടുമാവ് വളർത്തുമ്പോൾ ഒട്ടിക്കൽ എന്ന പ്രവർത്തി മനുഷ്യൻ ചെയ്യുന്നതാണെങ്കിലും അത് പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യുന്നത് പ്രകൃതിയുടെ ശക്തി കൊണ്ടാണ്.
പ്രകൃതി എപ്പോഴും മാറ്റത്തിന് വിധേയമാണ്. അതിന്റെ മാറ്റം ക്ഷണികമാണ്. പ്രകൃതിയുടെ ചില മാറ്റങ്ങൾക്ക് നമ്മളിൽ സൗന്ദര്യ പ്രതീതി ഉളവാക്കാൻ സാധിക്കും. എപ്പോഴും അങ്ങനെയല്ല .ഉദാഹരണമായി നല്ലൊരു മഴ നമ്മെ ആകർഷിക്കും .പക്ഷേ അത് പെരുവെള്ളപ്പാച്ചിലാണെങ്കിൽ നമ്മെ പേടിപ്പെടുത്തും. എന്നാൽ കലയിൽ സൗന്ദര്യ ഭാവത്തിനു സ്ഥിരത ഉണ്ട്. അതിന് ഒരിക്കലും മാറ്റം സംഭവിക്കില്ല. ആസ്വാദകർ വന്നുംപോയും കൊണ്ടിരുന്നാലും കല നിശ്ചലമായിത്തന്നെ നിലകൊള്ളുന്നു . അതുകൊണ്ടാണ് കല ശാശ്വതമാണെന്ന് പറയുന്നത് .പ്രകൃതിയുടെ ഭാവം മാറിക്കൊണ്ടിരിക്കും കലയുടെ ഭാവം എന്നും നിലനിൽക്കും.
പ്രകൃതിയിൽ സൗന്ദര്യം മറ്റു പലതിനോടും ചേർന്ന് സങ്കീർണ്ണമായാണ് കാണുന്നത് .ഉദാഹരണമായി ഈ നാട്ടിൽ സുന്ദരമായ ഒരു നദി ഉണ്ടെന്നിരിക്കെ അതിന്റെ ആസ്വാദനത്തിന് തടസ്സമായി ഒരാൾ അത് മലിനമാക്കുമ്പോൾ അവിടെ സൗന്ദര്യം ആസ്വാദനയോഗ്യമാകുന്നില്ല .കലയിൽ ഇങ്ങനെയല്ല .സൗന്ദര്യത്തെ മാത്രം ആവിഷ്കരിക്കാനാണ് കലാകാരൻ ശ്രമിക്കുന്നത് .അതുകൊണ്ട് കലാസൗന്ദര്യം ആസ്വദിക്കുന്നതിൽ നമുക്ക് ഒരു തടസ്സവും നേരിടുന്നില്ല.
വസന്തത്തിൽ സുന്ദരമായ പ്രകൃതി ചിലപ്പോൾ കൊടുങ്കാറ്റിൽ രക്തരക്ഷസ്സിനെപ്പോലെ തോന്നിപ്പിക്കും. എന്നാൽ ഇത് ഒരു കലാകാരൻ കലാസൃഷ്ടി ആക്കിയാൽ നമുക്ക് അതിൽ സൗന്ദര്യം മാത്രമേ കാണാനാകുകയുള്ളു. കല ഉദ്ദേശ്യത്തോടു കൂടി ഉള്ളതാണ്. അത് പെട്ടെന്ന് ഉണ്ടാകുന്നതല്ല. ഒരു കലാകാരന്റെ അനുഭൂതിയിൽ നിന്നാണ് കല ഉണ്ടാകുന്നത്. താൻ മനസ്സിലാക്കിയ കാര്യത്തെ മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത് .കലാസൗന്ദര്യത്തെ പ്രകൃതിസൗന്ദര്യത്തിൽ നിന്നും വേർതിരിക്കുന്നത് മനുഷ്യന്റെ ഈ സൃഷ്ടിപരതയാണ്.
പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കുന്ന ഒരാൾക്ക് അനുഭവപ്പെടുന്ന രീതിയിൽ ആയിരിക്കില്ല മറ്റൊരാൾക്ക് അനുഭവപ്പെടുന്നത്. കലയുടെ സൗന്ദര്യം ഒരു തരത്തിൽ ഒരു പരസ്യമാണ് .കലാകാരനുണ്ടായ അനുഭൂതി ആസ്വാദകർക്കും ഉണ്ടാകും .പരസ്യം ഇല്ലെങ്കിൽ കലയില്ല .സ്വയം ആസ്വദിക്കുവാനല്ല കലാകാരൻ കലാസൃഷ്ടി ചെയ്യുന്നത് .തന്റെയുള്ളി ലുണ്ടായ അനുഭൂതി മറ്റുള്ളവർക്ക് പകർത്തിക്കഴിയുമ്പോഴാണ് കല എന്ന ഒന്ന് ഉണ്ടാകുന്നത്.തന്റെ രചനകൾ സുന്ദരമാണോ അല്ലയോ എന്നൊന്നും കലാകാരൻ ആലോചിക്കാറില്ല .തന്റെ ഉള്ളിലുള്ളതിനെ പകർത്തുക എന്നതാണ് അയാളുടെ ശ്രമം .അതിന്റെ വിജയമാണ് അയാളുടെ കലയുടെ സൗന്ദര്യം.
കലയുടെ സൗന്ദര്യം പ്രകൃതി സൗന്ദര്യത്തെ അനുകരിക്കുന്നില്ല.കലയുടെ സൗന്ദര്യത്തിൽ ഒരു പുത്തൻ അംശം കലരുന്നുണ്ട്.കലാകാരന്റെ അനുഭൂതിയാണ് ഈ അംശം. ഈ അനുഭവം സുന്ദരമായിരിക്കണമെന്നില്ല .കലാകാരൻ കാണുന്ന പേടിപ്പെടുത്തുന്ന അല്ലെങ്കിൽ ദുഃഖകരമായ അനുഭവങ്ങളെ, അയാൾ കലാരൂപമാക്കുമ്പോൾ അത് സുന്ദരമായിരിക്കും എന്നതാണ് കലാനിർമ്മാണത്തിലെ പ്രത്യേകത.
Tuesday, June 8, 2021
കുചേലവൃത്തം വഞ്ചിപ്പാട്ട് -രാമപുരത്ത് വാര്യർ
സാന്ദ്രസൗഹൃദം
സാന്ദീപനി മഹർഷിയുടെ ആശ്രമത്തിൽ നമ്മൾ പണ്ട് ഒരുമിച്ച് കഴിഞ്ഞതും വേദവും ശാസ്ത്രവും പഠിച്ചതും ഇഴയടുപ്പമുള്ള ഒരു കൂട്ടുകെട്ട് നമ്മിൽ ഉണ്ടായതും ചങ്ങാതി മറന്നില്ലല്ലോ . ഗുരുവിന്റെ ഭാര്യ പറഞ്ഞതനുസരിച്ച് ഒരിക്കൽ നമ്മളെല്ലാവരും ആശ്രമത്തിൽ വിറകു തീർന്നപ്പോൾ വിറക് ശേഖരിക്കാൻ പെരുങ്കാട്ടിൽ പോയതും വിറകൊടിച്ച് കെട്ടി വച്ചതും സൂര്യൻ അസ്തമിച്ചതും അങ്ങ് മറന്നില്ലല്ലോ. പെട്ടെന്ന് കൂരിരുട്ടും മഴയും കൊടുങ്കാറ്റും വന്നപ്പോൾ നമ്മൾ പേടിച്ചു പോയി.ഇരുട്ടായതുകൊണ്ട് നമ്മൾക്ക് അന്യോന്യം കാണാൻ സാധിച്ചില്ല. നമ്മൾ എല്ലാവരും ഒരുമിച്ച് പിറ്റേന്ന് പുലരി വരെ കാറ്റത്ത് പറന്നു പോകുമെന്ന് വിചാരിച്ച് ഗുഹയിൽ ഒളിച്ചിരുന്നതും ഓർക്കുന്നുണ്ടല്ലോ ? നമ്മൾ പേടിച്ച് കൈകൾകോർത്ത് പിടിച്ചതും സൂര്യനുദിച്ചതും അങ്ങ് മറന്നില്ലല്ലോ ?സന്ധ്യയായിട്ടും നമ്മെ കാണാതിരുന്നപ്പോൾ ഭാര്യയോട് മുനി ദേഷ്യപ്പെട്ടതും നേരം പുലർന്നപ്പോൾ നമ്മെ തിരഞ്ഞ് കാട്ടിൽ വന്നതും അദ്ദേഹത്തെ കണ്ടപ്പോൾ പേടിച്ച് വിറച്ച് കൊണ്ട് അരികിൽ ചെന്നതും അദ്ദേഹത്തിന്റെ കാലിൽ വീണ് നമസ്കരിച്ചതും മുനി സന്തോഷത്തോടെ നമ്മെ അനുഗ്രഹിച്ചതും അങ്ങ് മറന്നില്ലല്ലോ? ഗുരുവിന്റെ അനുഗ്രഹം കൂടാതെ നമുക്ക് ജന്മസാഫല്യം ഉണ്ടാവുകയില്ല
Sunday, June 6, 2021
സൗന്ദര്യലഹരി-ചങ്ങമ്പുഴ കൃഷ്ണപിള്ള
അർത്ഥം പരിചയപ്പെടുക
അന്തരംഗാന്തരം - ഹൃദയത്തിന്റെ ഉള്ളറ,
ആരണ്യം -കാട്, മന്ദം - പതുക്കെ,മരന്ദം - തേൻ, വല്ലിക - വള്ളി, സൗരഭം - സുഗന്ധം, പല്ലവാകുലം - തളിരിലകൾ നിറഞ്ഞ, നർത്തനം -നൃത്തം, പ്രവാഹം -ഒഴുക്ക്








