പ്രശസ്ത റഷ്യൻ നോവലിസ്റ്റ് ദസ്തയേവ്സ്കിയുടെ ജീവിതം അടിസ്ഥാനമാക്കി പെരുമ്പടവം ശ്രീധരൻ എഴുതിയ ഒരു സങ്കീർത്തനം പോലെ എന്ന നോവലിലെ പത്താം അധ്യായമാണ് ആത്മാവിന്റെ വെളിപാടുകൾ. ഭാര്യയുടേയും ചേട്ടന്റേയും മരണം ഏൽപ്പിച്ച ആഘാതവും ചേട്ടൻ ഉണ്ടാക്കിവെച്ച കടങ്ങളും ചേട്ടന്റെ കുടുംബത്തെ രക്ഷിക്കാനുള്ള സാമ്പത്തിക ബാധ്യതയും ദസ്തയേവിസ്കിയെ ആകെ ഉലച്ചു കളഞ്ഞു. കിട്ടിയ പണം മുഴുവൻ നഷ്ടപ്പെടുത്തി. കുറ്റവും ശിക്ഷയും എഴുതാൻ തുടങ്ങിയത് നിലനിൽപ്പുതന്നെ പരുങ്ങലിലായ അവസ്ഥയിലാണ്.അദ്ദേഹം ഒരു നോവൽ എഴുതി കൊടുക്കാമെന്നും അല്ലാത്തപക്ഷം എഴുതാനിടയുള്ള എല്ലാ പുസ്തകങ്ങളുടെ അവകാശവും വിട്ടു നൽകാമെന്നും ഉള്ള കരാറിൽ പ്രസാധകരിൽ നിന്ന് പണം മുൻകൂറായി വാങ്ങി .നിശ്ചിത സമയത്തിനുള്ളിൽ നോവൽ പൂർത്തിയാക്കണമെങ്കിൽ ചുരുക്കെഴുത്ത് അറിയാവുന്ന ഒരാളുടെ സഹായം കൂടിയേ തീരൂ എന്ന സ്ഥിതിവന്നു. അങ്ങനെ അന്ന എന്ന യുവതിയുടെ സഹായത്തോടെ ദസ്തയേവ്സ്കി നോവൽ രചനയിൽ ഏർപ്പെട്ടു.അന്ന ദസ്തയേവ്സ്കിയുടെ ആരാധകന്റെ മകളാണ്. അവളുടെ സ്നേഹ പരിചരണങ്ങളാൽ നോവൽ പൂർത്തിയാക്കാൻ നോവലിസ്റ്റ് ശ്രമിക്കുന്നു .ചുഴലി രോഗത്തിന്റെ പിടിയിലായിരുന്ന ദസ്തയേവ്സ്കി രണ്ടുദിവസം വീട്ടിൽ കിടന്നു. ഒരു ദിവസം വെറുതെ പുറത്തേക്കിറങ്ങി നടക്കണമെന്ന് വിചാരത്താൽ കുറെ ദൂരം നടന്നു. അപ്പോൾ പ്രകൃതിയും ദസ്തയേവ്സ്കി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന ബോധത്താൽ തന്നോട് തന്നെ ദസ്തയേവ്സ്കി സംസാരിച്ചു .തന്റെ ജീവിതത്തിന് എന്ത് അർത്ഥമാണുള്ളത് എന്ന് ചിന്തിച്ചു .വഴിയരികിൽ വലിച്ചെറിയപ്പെട്ട ഒരു പാറയുടെ അവസ്ഥയല്ലേ തനിക്കെന്നും ചിന്തിച്ചു തനിക്ക് ആകെയുള്ളത് പ്രാർത്ഥനയാണ്. എന്നാൽ ഒരാൾക്ക് എത്രനേരം പ്രാർത്ഥനയിൽ തന്നെ ലയിച്ച് ഇരിക്കാൻ സാധിക്കും? അതിനുശേഷം പുറംലോകത്തേക്ക് വന്നാലോ അവിടെയെങ്ങും കഴുകന്റെ നഖങ്ങൾ ആണ്. ചേട്ടൻ മൈക്കിളിന്റെഭാര്യ ചേട്ടന്റെ മരണശേഷം വരുമ്പോൾ അവരെ സഹായിക്കുന്നത് ദസ്തയേവ്സ്കി പതിവായിരുന്നു. വീട്ടിലുള്ള എല്ലാ സാധനങ്ങളും വിറ്റു .ദസ്തയേവ്സ്കിയുടെ ആദ്യഭാര്യ മേരിയയുടെ മകനാണ് പാഷ .പണത്തിനു മറ്റും എപ്പോഴും ചൂഷണം ചെയ്യുന്ന പ്രകൃതമാണ്. അവനും ഉപദേശത്തിന്റെ കുറവുകൊണ്ടല്ല ചീത്തയാകുന്നത് .
സഹിക്കാൻ ഒന്നുമില്ലാത്ത ജീവിതം യഥാർത്ഥ ജീവിതം ആണോ എന്ന് അദ്ദേഹം ചിന്തിച്ചു ചേട്ടൻ, 'എപോക് 'എന്ന ഒരു പബ്ലിക്കേഷൻ തുടങ്ങിയിരുന്നു .അതിൽ അധോതല കുറിപ്പുകൾ എന്ന ഒരു കൃതി ദസ്തയേവ്സ്കി എഴുതി. കനത്ത നഷ്ടത്തിൽ സ്ഥാപനം നിർത്തേണ്ടിവന്നു. തൻ്റെ ഭാര്യ മേരിയ മോസ്കോവിൽ മരണശയ്യയിൽ കിടക്കുന്ന സമയത്ത് ഒരു കൊല്ലമാണ് അവളെ ശുശ്രൂഷിച്ചത്. പിരിഞ്ഞാണ് നിന്നിരുന്നെങ്കിലും അവസാന സമയത്ത് താൻ തന്നെയാണ് അവളെ നോക്കിയത്. ജീവിതത്തിൽ ഏറ്റവും നല്ല സ്ത്രീ അവളായിരുന്നു എന്ന് അവൾ മരിച്ചു കഴിഞ്ഞപ്പോഴാണ് മനസ്സിലായത്. നമ്മൾ സ്നേഹിച്ച ഒരാളുടെ മരണം നമ്മുടെ ജീവിതത്തെ ശൂന്യമാക്കിത്തീർക്കുമെന്ന് അദ്ദേഹം ഓർക്കുന്നു .പിന്നീട് ചേട്ടനും മരിച്ചു.
ബൈബിളിലെ ഇയ്യോബിന്റെ പുസ്തകം വായിക്കുന്നത് ദസ്തയേവ്സ്കിക്ക് ' ഇഷ്ടമായിരുന്നു . ജീവിതത്തെ ഓർത്ത് ഇയ്യോബ് തന്റെ ജന്മദിനത്തെ പോലും ശപിച്ചത് വീണ്ടും വീണ്ടും അദ്ദേഹം വായിച്ചു. എന്നാൽ തന്റെ പീഡാനുഭവങ്ങളെ സ്നേഹിക്കാൻ താൻ പഠിച്ചു കഴിഞ്ഞു എന്ന് സ്വയം പറഞ്ഞു .
തനിക്ക് നോവൽ വേഗം തീർക്കണം എന്നില്ലെന്ന് ദസ്തയേവ്സ്കി പറഞ്ഞു സ്റ്റെല്ലോവ്സ്കി അപ്പോൾ ഈ എഴുതിയതിന്റെ അവകാശം മൊത്തം എടുക്കില്ലേ എന്ന് ചോദിച്ചപ്പോൾ ഒരു നിബന്ധന വെച്ച് ഒരു സാഹിത്യകാരന് ഒരിക്കലും നോവലെഴുതാൻ സാധിക്കുകയില്ല എന്ന് ദസ്തയേവ്സ്കി പറഞ്ഞു .നോവലെഴുത്ത് ആത്മാവിന്റെ വെളിപാടാണ്. സ്റ്റെല്ലോവ്സ്കി ആദായം എടുത്താലും അത് എഴുതിയത് അയാൾ ആകില്ല ഞാൻ തന്നെയല്ലേ എന്ന് പറഞ്ഞപ്പോൾ അവൾ അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കി .നോവൽ തീർന്നാൽ അന്ന ഇവിടുന്ന് പോകുമല്ലോ അതുകൊണ്ടാണ് തീരാതിരിക്കാൻ ആഗ്രഹിക്കുന്നതെന്ന് ദസ്തേയേവ്സ്കി പറഞ്ഞു. ആശയത്തിന്റെ കൂടുതൽ കൊണ്ടാണ് എനിക്ക് എഴുതാൻ പറ്റാത്തത് എന്ന് അദ്ദേഹം അന്നയോട് പറഞ്ഞു .നന്മയുടെ മൂർത്തിയായി ഒരു ശുദ്ധാത്മാവിനെ സൃഷ്ടിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അതാണ് ജീവിതത്തിൽ ഏറ്റവും പ്രയാസമുള്ള പണിയെന്നും അദ്ദേഹം പറഞ്ഞു .പ്രത്യേകിച്ച് ഈ കുടിലബുദ്ധികളുള്ള ഇക്കാലത്ത്.അങ്ങനെ നന്മയുള്ളവരെ കഥാപാത്രങ്ങളാക്കി എഴുതാൻ വേണ്ടിയാണ് ഞാൻ ഭൂമിയിൽ അവതരിച്ചത് എന്ന് ദസ്തയേവ്സ്കി പറഞ്ഞു .അതിൽ ഒരു കഥാപാത്രം ഉണ്ടാവും .പതിനാറ് വയസ്സുകാരൻ ഇപ്പോലിത്ത്. ക്ഷയരോഗം കൊണ്ട് മരിച്ചുകൊണ്ടിരിക്കുന്ന അവൻ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. ആ ശ്രമത്തിലൂടെ ദൈവത്തിനുള്ള അധികാരത്തെ ചോദ്യം ചെയ്യുകയാണ് ഉന്നം. മിഷ്കിനോട് എങ്ങനെ മരിക്കണമെന്ന് ഉപദേശിക്കാൻ ആവശ്യപ്പെട്ടു .ഞങ്ങളുടെ ആനന്ദത്തിന് ഞങ്ങളോട് ക്ഷമിച്ചു കൊണ്ട് ഞങ്ങളെ കടന്നു പോവുക എന്നാണ് മിഷ്കിൻ മറുപടി പറഞ്ഞത് .അത് പറഞ്ഞപ്പോൾ തൊണ്ടയിടറി, അദ്ദേഹം കരഞ്ഞു. കുരിശിൽ കിടന്ന് പ്രാണൻ പിടയുമ്പോൾ പിതാവേ ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല ഇവരോട് ക്ഷമിക്കണമേ എന്ന് ക്രിസ്തു പ്രാർത്ഥിച്ചത് അന്ന അറിയാതെ ഓർത്തുപോയി .ആത്മസംഘർഷങ്ങൾ അനുഭവിക്കുന്ന ക്രിസ്തുവിനെ പോലെയാണ് അന്നയ്ക്ക് ദസ്തയേവ്സ്കിയെ തോന്നിയത്. കുറ്റവും ശിക്ഷയും വായിച്ചുകൊണ്ടിരുന്നപ്പോൾ തന്റെ പിതാവ് പറഞ്ഞ കാര്യം അന്ന ഓർത്തു .മനുഷ്യമനസ്സിന്റെയുള്ളിലുള്ള എല്ലാ കാര്യങ്ങളെയും ഇത്രമാത്രം തുറന്ന് കാണിച്ചുതന്ന മറ്റൊരു സാഹിത്യകാരൻ ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത് ധാരാളം ആത്മക്ഷതങ്ങള്‍ ഏറ്റിട്ടുള്ള ആളാണ് താങ്കൾ എന്ന് അന്ന പറഞ്ഞു .ആത്മസംഘർഷം കഥാപാത്രങ്ങൾക്ക് വീതിച്ചു കൊടുക്കുന്നു അല്ലേ എന്ന് ചോദിച്ചു. നീ എന്റെ ഹൃദയത്തിനകത്താണോ നിൽക്കുന്നത് എന്ന് വിസ്മയത്തോടെ ദസ്തയേവിസ്കി പറഞ്ഞു എന്റെ വേദനകൾ അല്ലാതെ ഞാൻ എന്താണ് അവർക്ക് കൊടുക്കേണ്ടത് എന്ന് തിരിച്ചു ചോദിച്ചു അപ്പോൾ അന്ന ജീവിതത്തെ വെറുക്കാനും കഥാപാത്രങ്ങളെ പഠിപ്പിക്കും അല്ലേ എന്ന് ചോദിച്ചു നീ വളരെ മിടുക്കിയാണ് എന്നും എന്നാൽ ഇപ്പറഞ്ഞതിൽ തെറ്റുപറ്റിയെന്നും ഓരോ ദുരന്തവും ജീവിതത്തെ സ്നേഹിക്കാനാണ് എന്നെ പഠിപ്പിച്ചത് എന്നും അദ്ദേഹം പറഞ്ഞപ്പോൾ അവൾ അദ്ദേഹത്തിന്റെ മനസ്സിനു മുന്നിൽ ശിരസ്സു കുനിച്ചു
Sunday, March 21, 2021
ആസ്വാദനക്കുറിപ്പ് -ആത്മാവിന്റെ വെളിപാടുകൾ - പെരുമ്പടവം ശ്രീധരൻ
ആസ്വാദനക്കുറിപ്പ് -യുദ്ധത്തിന്റെ പരിണാമം -കുട്ടികൃഷ്ണമാരാർ
നൂറ്റാണ്ടുകൾക്കു മുമ്പ് എഴുതപ്പെട്ട മഹാഭാരത കഥയെ പുതിയ രീതിയിൽ പുതിയ അർത്ഥത്തിൽ വായിച്ചെടുത്ത് രചിച്ച കൃതിയാണ് കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനം. അതിൽ നിന്നെടുത്ത ഒരു ഭാഗമാണ് യുദ്ധത്തിന്റെ പരിണാമം .വ്യാസ ഭാരതത്തിലെ വിവിധ കഥാപാത്രങ്ങളേയും സന്ദർഭങ്ങളേയും മന:ശാസ്ത്രപരമായി നിരൂപണം ചെയ്തുകൊണ്ട് മാരാർ രചിച്ച കൃതിയാണ് ഭാരതപര്യടനം.
ഭാരതയുദ്ധം രണ്ടു ചേരിക്കാരും തമ്മിൽ ഉടമ്പടി പ്രകാരമാണ് നടത്തിയത് .യുദ്ധം നടക്കാത്ത സമയങ്ങളിൽ രണ്ട് കക്ഷികളും പണ്ടത്തെപ്പോലെ പരസ്പരം ഇഷ്ടത്തോടെ പ്രവർത്തിക്കണം, യുദ്ധം തുടങ്ങിയാൽ ആനപ്പുറത്തിരിക്കുന്നവർ ആനപ്പുറത്തിരിക്കുന്നവരോടും കുതിരപ്പുറത്ത് ഇരിക്കുന്നവർ കുതിരപ്പുറത്തിരിക്കുന്നവരോട് മാത്രമേ യുദ്ധം ചെയ്യാൻ സാധിക്കുകയുള്ളൂ. പ്രായം ഉള്ളവരോട് അറിയിച്ചിട്ട് മാത്രമേ എതിർക്കാവൂ. ഓർക്കാതെ ഇരിക്കുന്നവരോട് യുദ്ധം ചെയ്യരുത് .യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞവരേയും ആയുധം തീർന്നവരേയും കൊല്ലരുത് . ആന ,കുതിര, തേരാളികൾ ഇവരെ ഉപദ്രവിക്കരുത് .സ്വന്തം മികവുകൊണ്ടാണ് എതിരാളിയുടെ കുറവുകൊണ്ടല്ല യുദ്ധം ജയിക്കേണ്ടത്. ഇതായിരുന്നു കരാർ.
യുദ്ധം തുടങ്ങിയ ദിവസം ഇതൊക്കെ പാലിക്കപ്പെട്ടു. പിന്നീട് വല്ലപാടുമാണ് അധർമ്മ യുദ്ധത്തിലൂടെ പാണ്ഡവർ കൗരവരെ തോൽപ്പിച്ചത്. പാണ്ഡവർ ആഘോഷത്തോടെ കൂടാരങ്ങളിലേക്ക് പോയി . ദുര്യോധനനെ കാണാനായി സഞ്ജയൻ അവിടെ എത്തി. പാമ്പിനെ പോലെ ചീറ്റിക്കൊണ്ട് കണ്ണുകളിൽ കോപം നിറച്ചു കൊണ്ട് ദുര്യോധനൻ ഇങ്ങനെ പറഞ്ഞു.. "ഭീഷ്മരും ദ്രോണരും എല്ലാം ഉണ്ടായിരുന്നിട്ടും ഞാൻ ഇനി നിലയിലായി .എന്നെ കടുംകൈ ചെയ്താണ് പാണ്ഡവർ ഈ നിലയിലാക്കിയത്. അധർമ്മം കൊണ്ട് ജയിച്ചിട്ട് ആർക്കും സന്തോഷിക്കാൻ സാധിക്കുകയില്ല .എൻ്റെ മാതാപിതാക്കളോട് പറയണം ശത്രുക്കളെ തോൽപ്പിച്ചു തന്നെയാണ് ഞാൻ അവസാനിക്കുന്നത് എന്ന് :ഉറങ്ങുമ്പോൾ ഓർക്കാപ്പുറത്ത് കൊല്ലും പോലെയാണ് എന്നെ അവർ കൊന്നതെന്ന് മാതാപിതാക്കളോട് പറയണം. അശ്വാത്ഥാമാവിനോടും കൃതവർമ്മാവിനോടും കൃപരോടും പാണ്ഡവരെ വിശ്വസിച്ചു പോകരുത് എന്ന് പറയണമെന്നും അറിയിച്ചു.എന്റെ സഹോദരി ദുശ്ശള അവളുടെ ഭർത്താവും സഹോദരന്മാരും മരിച്ചത് കേട്ട് ഏതവസ്ഥയിൽ ആയിരിക്കുമോ ആവോ ?മക്കളുടെയും അവരുടെ മക്കളുടെയും ഭാര്യമാരോട് കൂടി എന്റെ അച്ഛനും അമ്മയും എങ്ങനെ കഴിഞ്ഞുകൂടുമോ ആവോ? എന്റെ ഭാര്യയും തൻ്റെ ഭർത്താവും മകനും മരിച്ചതിനാൽ പെട്ടെന്നുതന്നെ മരിച്ചുപോകും. ഞാനീ സമന്ത പഞ്ചകത്തിൽക്കിടന്ന് മരിക്കുന്നത് കൊണ്ട് ശാശ്വത ലോകങ്ങൾ നേടും."
അപ്പോൾ അവിടെ എത്തിച്ചേർന്ന കൃപരോടും കൃതവർമാവിനോടും ദുര്യോധനൻ ഇങ്ങനെ പറഞ്ഞു .രാജാവായിരുന്നിട്ടും ഞാൻ വീണു ഞാൻ തോറ്റോടിയിട്ടില്ല. കള്ളത്തരം കൊണ്ടാണ് എന്നെ കൊന്നത് .അശ്വത്ഥാമാവിന് ഇത് കണ്ട് സഹിക്കാൻ സാധിച്ചില്ല .
"ആ ദുഷ്ടൻമാർ ക്രൂരത കാട്ടി എന്റെ അച്ഛനെ കൊന്നു .അതിനേക്കാൾ എനിക്ക് സങ്കടമുണ്ട് താങ്കളുടെ ഈ അവസ്ഥ കണ്ടപ്പോൾ . സർവ്വ പാഞ്ചാലരേയും വാസുദേവൻ കാൺകെത്തന്നെ കാലനൂർ പൂകിക്കണം എന്ന് പറഞ്ഞു .അപ്പോൾ തന്നെ ദ്രോണരുടെ പുത്രനെ സേനാപതിയായി അഭിഷേചിക്കാനുള്ള കാര്യങ്ങളെല്ലാം ചെയ്തു.
ദുര്യോധനൻ ക്രൂരമായ മരണത്തിലും വിലപിക്കാത്ത മനസ്സുള്ളവനാണ് .ശത്രുവിനോട് അവജ്ഞയുണ്ട് .ചതിച്ചവരോടുള്ള കോപവും സഹതാപവും അദ്ദേഹത്തിൻ്റെ വാക്കുകളിൽ കാണാം. ജീവിതത്തിൽ പലതും ചെയ്യാനും നേടാനും കഴിഞ്ഞിട്ടുള്ള സംതൃപ്തിയും അഭിമാനവും അദ്ദേഹത്തിനുണ്ട് .ചതിച്ചവർ തോൽക്കുകയും താൻ ജയിക്കുകയും ചെയ്തു എന്ന മനോഭാവം അദ്ദേഹത്തിനുണ്ട് .വിധിയിൽ ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. ഏക സഹോദരി ദുശ്ശളയെക്കുറിച്ച് വ്യസനിക്കുന്നതിലൂടെ അദ്ദേഹത്തിന്റെ ഹൃദയം മനസ്സിലാക്കാൻ സാധിക്കും. സ്വർഗ്ഗപ്രാപ്തിയിൽ ഉറച്ച വിശ്വാസമുണ്ട് .ഏറ്റവും നല്ല മരണമാണ് തനിക്ക് കിട്ടിയതെന്ന് ആത്മവിശ്വാസമുണ്ട് .സ്വപ്രത്യയസ്ഥൈര്യം അദ്ദേഹത്തിന്റെ എടുത്തുപറയേണ്ട സ്വഭാവമാണ്. മരണ വേദനയിൽ പുളയുമ്പോഴും അദ്ദേഹത്തിൻ്റെ വീരത്വം അവിടെ നിറഞ്ഞുനിൽക്കുന്നുണ്ട്. ആ അവസ്ഥയിൽ പോലും അദ്ദേഹത്തിന്റെ തലയിൽ ചവിട്ടുവാൻ ആർക്കും കാൽ പൊങ്ങുകയില്ല .
കൃപർ, കൃതവർമ്മാവ് ,അശ്വത്ഥാമാവ് ഇവർ പാണ്ഡവരുടെ പാളയത്തിൽ എത്തി .താൻ ഒരു കാലനെന്ന പോലെ പ്രവർത്തിക്കുമെന്ന് ദ്രൗണി പറഞ്ഞു .ധൃഷ്ടദ്യുമ്നൻ ഒരു വലിയ മെത്തയിൽ യാതൊരു ഭയവും ഇല്ലാതെ കിടക്കുകയാണ്. കൃഷ്ണൻ പാണ്ഡവരെയെല്ലാം ഓഘവതി നദിയുടെ തീരത്തേക്ക് കൊണ്ടുപോയിരുന്നു .ദ്രൗണി ധൃഷ്ടദ്യുമ്നനെ ചവിട്ടി ഉണർത്തി. തന്നെ ശാസ്ത്രം കൊണ്ട് കൊല്ലണം എന്ന് ആവശ്യപ്പെട്ടു. ഗുരുഘാതികൾക്ക് കുലപാംസന, ലോകങ്ങളില്ല എന്ന് ദ്രൗണി പറഞ്ഞു .എന്നിട്ട് അയാളുടെ മർമ്മങ്ങളിൽ വിരലമർത്തി കഥ കഴിച്ചു. രാത്രിയിലെ ശബ്ദം കേട്ട് ചെകുത്താനാണ് കൊല നടത്തുന്നത് എന്നുറപ്പിച്ച് ആളുകൾ അനങ്ങാതെ കിടന്നു.ദ്രൗണി മറ്റു പാളയങ്ങളിലേക്ക് പോയപ്പോൾ ആകെ ബഹളമായി. എല്ലാവരെയും അയാൾ വെട്ടിവീഴ്ത്തി .ദ്രൗപതിയുടെ അഞ്ചു പുത്രന്മാരെയും വയറു പൊളിച്ചും കൈവെട്ടിയും തലയറുത്തും വായിൽ വാൾ കടത്തിയും മറ്റും അയാൾ കഥ കഴിച്ചു .ഭീഷ്മരുടെ എതിരാളിയായ ശിഖണ്ഡിയെ മൂന്നുകഷ്ണമാക്കിയിട്ടു. ഓടുന്ന മനുഷ്യരെ കണ്ട്പകച്ചു പായുന്ന ആനകൾ ആളുകളെ ചവിട്ടിയരച്ചു. കൂടാരമാകെ നിലവിളിയായി. ഒടുവിൽ ആ നിലവിളി നേർത്തു മൂളലായ് ഞരക്കമായി .പിന്നീട് അടങ്ങി .നിശബ്ദമായ പാളയത്തിലേക്ക് കടന്നുചെന്നപ്പോൾ എത്ര നിശബ്ദമായിരുന്നോ അതുപോലെതന്നെ ആളുകൾ കൊല്ലപ്പെട്ടപ്പോൾ നിശബ്ദമായ പാളയത്തിൽ നിന്ന് അവർ പുറത്തേക്ക് പോയി.ദുര്യോധനനോട് നടന്ന കാര്യം എല്ലാം ഒരു അറിയിച്ചു. ദുര്യോധനന് സന്തോഷമായി. അയാൾ പ്രാണൻ വെടിഞ്ഞു.
വേദവ്യാസൻ ദുര്യോധനനെ സുയോധനൻ എന്നും പറയുന്നുണ്ട്. ഒരു യുദ്ധകഥയും യുദ്ധവീരന്മാരുടെ പരാക്രമം വർണ്ണിക്കാനല്ല മറിച്ച് യുദ്ധം വരുത്തി വയ്ക്കുന്ന ദുരന്തം എടുത്ത് കാണിക്കാൻ വേണ്ടിയാണ് രചിക്കപ്പെടുന്നത് .യുധിഷ്ഠിരൻ തങ്ങളുടെ മക്കളെല്ലാം വധിക്കപ്പെട്ടത് കണ്ട് മോഹാലസ്യപ്പെട്ടു വീണു. സമുദ്രം താണ്ടി സമ്പാദ്യവും കൊണ്ടുവന്ന കച്ചവടക്കാർക്ക് തങ്ങളുടെ നിധി കൈത്തോട്ടിൽ വെച്ച് മുങ്ങിപ്പോയ അവസ്ഥയിലായി . ദ്രൗപദിയും ഇത് കണ്ട് മോഹാലസ്യപ്പെട്ടു വീണു. ദ്രൗണിയെ കൊന്നില്ലെങ്കിൽ താൻ ജീവൻ ഉപേക്ഷിക്കുമെന്ന് ദ്രൗപദി ശപഥം ചെയ്തു .ദ്രൗണിയുടെ തലയിലുള്ള ചൂഢാമണി യുധിഷ്ഠിരന്റെ ശിരസ്സിൽ അണിയണം എന്ന് അവൾ പറഞ്ഞു.
ഭീമൻ നകുലനെ തേരാളിയാക്കി തേരിലേറ്റി യാത്രപുറപ്പെട്ടു.കൃഷ്ണൻ യുധിഷ്ഠിരനോട് പറഞ്ഞു. ദ്രോണർ ബ്രഹ്മശിരോസ്ത്രം തൻ്റെ പുത്രന് നൽകിയിട്ടുണ്ട്. അവൻ ക്രൂരനായതു കൊണ്ട് ഭീമൻ അപകടത്തിൽ പെടുമെന്നും നമുക്ക് അവിടേക്ക് പോകാം എന്നും പറഞ്ഞു. ദ്രൗണി വ്യാസന്റെ അടുത്തുചെന്നു. ഭീമനെതിരെ ബ്രഹ്മശിരസ്സ് പ്രയോഗിക്കാനുറച്ചു. കൃഷ്ണൻ അർജ്ജുനനോടും ദ്രോണർ പഠിപ്പിച്ച അസ്ത്രം പ്രയോഗിക്കാൻ പറഞ്ഞു. ഈ രണ്ട് ശാസ്ത്രങ്ങൾക്ക് നടുവിൽ നാരദനും വേദവ്യാസനും അഗ്നിയെപ്പോലെ വന്നുനിന്നു .അർജുൻ അവരെ കണ്ട ഉടനെ തന്നെ അസ്ത്രത്തെ പ്രതിസംഹരിച്ചു ,ബ്രഹ്മചര്യവ്രതം അനുഷ്ഠിക്കാത്തതു കൊണ്ട് ദ്രൗണി പ്രതിസംഹരിച്ചാൽ അവൻ്റെയും കൂട്ടുകാരുടെയും തല അത് തെറിപ്പിച്ചു കളയും .അതുകൊണ്ട് അവന് അത് തിരിച്ചെടുക്കാൻ കഴിഞ്ഞില്ല .ആ ബ്രഹ്മശിരോസ്ത്രം രാഷ്ട്രത്തിൽ വീണാൽ 12 കൊല്ലം മഴ പെയ്യി അതുകൊണ്ട് പ്രതി സംഹരിക്കാൻ അവർ ആവർത്തിച്ചു പറഞ്ഞു.ചൂഢാമണിയും കൊടുക്കാൻ പറഞ്ഞു. "പാണ്ഡവർ നേടിയ എല്ലാത്തിനേക്കാളും ഈ രത്നം ഏറ്റവും വിലപ്പെട്ടതാണെന്ന് ദ്രൗണി പറഞ്ഞു. എന്നാലും ഭഗവാൻ പറഞ്ഞതുകൊണ്ട് അത് അവർക്ക് കൊടുത്തേക്കാം എന്നു പറഞ്ഞു .എങ്കിലും അർജുനന്റെ പുത്രവധുവായ ഉത്തരയുടെ ഗർഭസ്ഥ ശിശുവിലേക്ക് താൻ അസ്ത്രം പ്രയോഗിക്കുമെന്ന് ദ്രൗണി പറഞ്ഞു .അപ്പോൾ ഭഗവാൻ പറഞ്ഞു, "ആ ഗർഭം ചാപിള്ളയായാലും അത് ദീർഘായുസ് നേടും. ഒരു ഗർഭസ്ഥശിശുവിനെ കൊല്ലാൻ ശ്രമിച്ച നിനക്ക് ശാപം കിട്ടണം. മൂവായിരത്തിയാണ്ടോളം കാലം എവിടേയും അറിയപ്പെടാതെ ഭൂമിയിൽ അലഞ്ഞു നടക്കും.വിജന പ്രദേശങ്ങളിൽ തെണ്ടിനടക്കും. നിനക്ക് എല്ലാ രോഗങ്ങളും പിടിപെടും. ചോരയും ചലവും ഒലിപ്പിച്ചിക്കൊണ്ട് നീ എവിടെയും നടക്കും. നീ കൊല്ലാൻ ശ്രമിച്ച പരീക്ഷിത്ത് കൗരവവംശത്തിന്റെ രാജാവായിരിക്കും."
ദ്രൗണി പാണ്ഡവർക്ക് ചൂഢാമണി കൊടുത്തു അവരെല്ലാം നോക്കിനിൽക്കേ കാടുകയറി .ശപിക്കപ്പെട്ടവൻ എന്ന വാക്ക് എല്ലാ അർത്ഥത്തിലും പറയുകയാണെങ്കിൽ അത് അശ്വത്ഥാമാവിനെക്കുറിച്ചാണ്. അയാൾ ചിരഞ്ജീവികളിൽ പ്രമുഖനാണ്. ആയിരത്തോളം കൊല്ലം എല്ലാ രോഗങ്ങളും പിടിപെട്ട് എല്ലാ വിജന പ്രദേശങ്ങളിലും കൊടുങ്കാടുകളിലും അലയുന്ന അയാൾ വേദവ്യാസനോടൊപ്പം സർവ്വ മനുഷ്യരിലും കുടികൊള്ളുന്നു .സ്നേഹംകൊണ്ട് ഒന്നാനായരെപ്പോലും ഇങ്ങനെയുള്ള മനുഷ്യർ തെറ്റിക്കുന്നു. രണ്ടു വ്യക്തികൾ തമ്മിലുള്ള മത്സരം വളർന്ന് യുദ്ധങ്ങളായി മാറുന്നു. തനിക്കുള്ള അനർഘമായ രത്നം പൊയ്പോയാലും മറ്റുള്ളവരെ നശിപ്പിക്കുക എന്ന വാശിയായി നിലനിൽക്കുന്ന പക എന്ന മനുഷ്യ ശാപം അതിന്റെ പ്രതിനിധിയാണ്. അശ്വത്ഥാമാവ് എന്നചെകുത്താൻ .അവനെ എപ്പോഴും എവിടെയും കരുതിയിരുന്നു കൊള്ളുക ഐശ്വര്യത്തേയും ചേട്ടയേയും ഭഗവതിയായി കണ്ട സംസ്കാരമാണ് ഭാരതസംസ്കാരം. അതുകൊണ്ടാണ് വ്യാസനേയും അശ്വാത്ഥാമാവിനെയും ചിരഞ്ജീവിയായി വാഴ്‌ത്തുന്നു
ഭാഗം 2
പ്രലോഭനം -ഉണ്ണായിവാര്യർ( ആസ്വാദനക്കുറിപ്പ് )
ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥ രണ്ടാം ദിവസത്തിലെ മൂന്നാം രംഗമാണ് പ്രലോഭനം എന്ന പേരിൽ നൽകിയിരിക്കുന്നത്. മഹാഭാരതം വനപർവ്വത്തിലെ നളോപാഖ്യാനമാണ് നളചരിതം ആട്ടക്കഥയുടെ ഇതിവൃത്തമായി സ്വീകരിച്ചിരിക്കുന്നത് .കഥകളിയുടെ സാഹിത്യരൂപമാണ് ആട്ടക്കഥ .ആട്ടക്കഥാ പ്രസ്ഥാനത്തിന് സാഹിത്യ രംഗത്ത് മഹത്തായ ഒരു സ്ഥാനം നൽകിക്കൊടുത്ത കൃതിയാണ് ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥ.
ദമയന്തിയുടെ സ്വയംവരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിലും ദമയന്തി നളനെ വരിച്ചതിലും കുപിതനായ കലി നളദമയന്തിമാരെ തമ്മിലകറ്റി രാജ്യത്ത് നിന്നും പുറത്താക്കുമെന്ന് ശപഥം ചെയ്തു .അതിനായി അനുജനായ പുഷ്കരനെ സ്വാധീനിക്കാൻ ശ്രമിക്കുകയാണ്. കോപത്തിനു മത്സരത്തിനും വശംവദനായി കലി ദ്വാപരനോടൊപ്പം ഭൂമിയിലേക്ക് ചെല്ലുന്നു. പുഷ്കരനെ അന്യന്റെ ധനം അപഹരിക്കാൻ കലി പ്രേരിപ്പിച്ചു .തനിക്കുതന്നെ ആപത്തായിത്തീരുമെന്ന് മൂഢനായ പുഷ്കരന് മനസ്സിലായില്ല .
തന്റെ അരികിൽ വന്നു നിന്നത് ആരാണ് ?എന്തുവേണം? എല്ലാം വേഗം പറയുക? എന്നാണ് പുഷ്കരൻ കലിയോടും ദ്വാപരനോടും പറയുന്നത്. വന്നിരിക്കുന്നവർ ആരാണെന്നറിയാൻ പുഷ്കരൻ തിരിഞ്ഞുനോക്കുന്നില്ല. തന്നെ കണ്ടിട്ട് ആർക്കും ഒരു കാര്യവുമില്ല. മറ്റെന്തെങ്കിലും ആവശ്യത്തിനായി അടുത്തു കൂടെ പോകുന്ന ആളുകളായിരിക്കും എന്നാണ് അയാൾ ഓർത്തത്. നിങ്ങൾ എന്താണ് എന്റെ അരികിൽ വന്നത്? നിങ്ങളുടെ ആഗ്രഹം എന്താണ്? എല്ലാം എന്നോട് പെട്ടെന്ന് പറയുക എന്നാണ് പുഷ്കരൻ പറയുന്നത് .നിങ്ങളെ ഞാൻ അറിയില്ല എങ്കിലും എൻ്റെ അരികിൽ വന്നപ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നി .കാരണം ഈ ലോകത്തിലുള്ള എല്ലാ ജനങ്ങളും നളനെ കാണാനാണ് വരുന്നത്. നളൻ അവർക്ക് വേണ്ടുന്ന കാര്യങ്ങൾ എല്ലാം സാധിച്ചു കൊടുക്കും. ദൂരെനിന്ന് ആരും എന്നെ ഇതുവരെ കാണാൻ വന്നിട്ടില്ല.നാടും നഗരവും രാജ്യത്വചിഹ്നങ്ങളായ വെൺകൊറ്റക്കുടയും ചാമരവും ഒന്നും എനിക്കില്ല. ശത്രു രാജാക്കളെ അമർച്ച ചെയ്യാൻ വേണ്ട സൈന്യം ഇല്ല .കേവലം ക്ഷത്രിയൻ എന്ന പേര് മാത്രമേ എനിക്കുള്ളൂ എന്ന് ആദ്യമായി കണ്ട കലിയോടും ദ്വാപര നോടും പുഷ്കരൻ പറയുന്നു.ഞാൻ എന്തിനാണ് വെറുതേ നിങ്ങളോട് പലതും പറഞ്ഞു കേൾപ്പിക്കുന്നത് ? നളന്റെ കർമ്മം ഒന്ന് എൻ്റെ കർമ്മം മറ്റൊന്ന് .അതിരിക്കട്ടെ നമ്മളെക്കൊണ്ട് എന്തുപകാരമാണ് നിങ്ങൾക്ക് വേണ്ടത് എന്ന് പുഷ്കരൻ ചോദിക്കുന്നു . ഇവിടെ അയാളുടെ നിസ്സഹായതയും ഒളിഞ്ഞിരിക്കുന്ന അസൂയയും പ്രകടമാകുന്നു. ഈ വാക്കുകളിലൂടെ നമുക്ക് പുഷ്കരന്റെ മനസ്സ് വായിച്ചെടുക്കാൻ സാധിക്കും. അത്യന്തം അസൂയാലുവും അസംതൃപ്തനുമാണ് പുഷ്കരൻ. പ്രജാക്ഷേമ തൽപരനായ ജനങ്ങളുടെ ആരാധനാ പാത്രമാണ് നളൻ .സുന്ദരിയായ ദമയന്തി യോടൊപ്പം നളൻ ഐശ്വര്യമായി കഴിയുന്നു .താൻ രാജകുടുംബാംഗമാണെന്ന് പറഞ്ഞിട്ട് എന്തുകാര്യം? അധികാരം ഇല്ലാത്തതിനാൽ നളനെ എന്നപോലെ ആരും തന്നെ കാണാൻ വരുന്നില്ല. അങ്ങനെ ആകെക്കൂടി അലസതയിൽ മുങ്ങിക്കഴിയുന്ന പുഷ്കരന്റെ മാനസികാവസ്ഥ ധ്വനിപ്പിക്കുന്നതാണ് ഈ വാക്കുകൾ
.ഞങ്ങളുടെ പദ്ധതി വിജയിപ്പിക്കാൻ ഏറ്റവും പറ്റിയ മാനസികാവസ്ഥയിലാണ് പുഷ്കരൻ എന്ന് മനസ്സിലാക്കിയ കലി അയാൾക്ക് ആവേശം നൽകി പ്രലോഭിപ്പിക്കാൻ ശ്രമിക്കുന്നു .പുഷ്കരാ നീ നിന്റെ ജന്മം വെറുതെ പാഴാക്കരുത് എന്ന കലി പറയുന്നു. ശ്രമിച്ചാൽ നിനക്ക് പലതും നേടാൻ കഴിയും എന്ന് സാരം .ഇവിടുത്തെ പഴുതേ എന്ന വാക്കിന് സാധാരണ അർത്ഥത്തിനപ്പുറം അർത്ഥവ്യാപ്തി കൈവരുന്നത് അതുകൊണ്ടാണ്. കലി ഇങ്ങനെയാണ് പറഞ്ഞത്. പുഷ്കരാ നിന്റെ ജന്മം നീ പാഴാക്കരുത് .ശ്രമിച്ചാൽ നിനക്ക് പലതും നേടാൻ കഴിയും. എൻ്റെ സഹായം ലഭിച്ചാൽ നേടാൻ കഴിയാത്തതായി ഒന്നുമില്ല. നളനും നീയും തമ്മിൽ വ്യത്യാസമൊന്നുമില്ല. അതിനാൽ ഇപ്പോൾത്തന്നെ നളനെ തോൽപ്പിച്ച് നീ രാജാവാകുക. ഇനി ഒന്നും ഒളിക്കാതെ ഞാൻ ആരാണെന്ന് നിന്നോട് തുറന്നു പറയാം. ഭൂമിയിൽ എന്നെ അറിയാത്തവരായി ആരുമില്ല. വീരസേനന്റെ പുത്രനായ നളന് ഞാൻ ശത്രുവാണ്. എന്നാൽ നിനക്ക് ഞാൻ മിത്രമാണ്.അവന്റെ രാജ്യം ഞാൻ നിനക്ക് തരുന്നു. അതിനായി നീ ധൈര്യത്തോടെ ചൂതാട്ടത്തിലേർപ്പെടാൻ പോരൂ.കലി തുടർന്നു. നീ എന്റെ അഭിപ്രായത്തിൽ ഉറച്ചു നിൽക്കണം .അങ്ങനെ നിന്നാൽ നിനക്ക് വിജയം ഉറപ്പാണ്. ചൂതിൽ പണയം വയ്ക്കാൻ വിലപിടിപ്പുള്ള വസ്തുക്കൾ ഒന്നുമില്ലയെന്നാണെങ്കിൽ ഈ എന്നെത്തന്നെ പണയം വച്ചുകൊള്ളുക. (കാളയുടെ രൂപം ധരിച്ച കലിയെയാണ് പണയം വച്ചത് ) ധനധാന്യാദിളും രാജ്യവും എല്ലാം കൈക്കലാക്കിയിട്ട് ഉടനെ നളനെ കാട്ടിലേക്ക് അയക്കുക .വിഡ്ഢിയായ പുഷ്കരനെ ക്രൂരനും അധാർമികനുമായ കലി ഇങ്ങനെ പ്രലോഭിപ്പിച്ചാണ് നളദമയന്തിമാരെ കാട്ടിൽ അയക്കാനുള്ള തന്ത്രമൊരുക്കുന്നത്
കടൽത്തീരത്ത് - ഒ വി വിജയൻ (ആസ്വാദനക്കുറിപ്പ്)
ഭാവതീവ്രമായ ആഖ്യാനം കൊണ്ട് ശ്രദ്ധേയമായ ചെറുകഥയാണ് ഒ വി വിജയന്റെ കടൽത്തീരത്ത്. മകന്റെ മരണശിക്ഷയ്ക്ക് സാക്ഷിയാകാൻ വെള്ളായിയപ്പൻ യാത്രയാകുന്നു .വെള്ളായിയപ്പനൊപ്പം തേങ്ങുന്ന പാഴുതറ ഗ്രാമമാണ് കഥയെ മുന്നോട്ടു നയിക്കുന്നത്. വെള്ളായിയപ്പന്റെ കൂടെ കണ്ണൂരിലേക്ക് യാത്ര തിരിക്കുവാൻ ആളുകൾ ഏറെയുണ്ടെങ്കിലും തീവണ്ടി കയറാൻ കാശില്ലാത്തത് അതിന് ഒരു തടസ്സമാണ് .നിസ്സഹായമായ ഗ്രാമീണ ജീവിതത്തിന്റെ കാഴ്ചകളിലൂടെ കഥ നീങ്ങുന്നു. മകനുവേണ്ടി അമ്മ കൊടുത്തയച്ച പൊതിച്ചോറിൽ വീണ കണ്ണീരിന്റെ നനവ് വായനക്കാർക്കും അനുഭവിച്ചറിയാം. മകന്റെ വധശിക്ഷയ്ക്കുള്ള നീതീകരണം കഥാകൃത്ത് പറയുന്നില്ല. എന്നാൽ ഒപ്പമുള്ള ഗ്രാമത്തിന്റെ തേങ്ങൽ ചില സൂചനകൾ വായനക്കാർക്ക് നൽകുന്നു. ഇത്തരം സൂചനകളാണ് കഥയുടെ മുഖ്യ സവിശേഷത.യാത്ര പുറപ്പെടുമ്പോൾ കരിമ്പനകളിൽ കാറ്റ് പിടിക്കുന്നത് ദൈവത്തിന്റെ യാത്രയയയ്ക്കലായാണ് വെള്ളായിയപ്പന് തോന്നിയത് .."വെള്ളായിയേ ,""മരയ്ക്കാരേ" ഈ രണ്ടു വാക്കുകളിൽ ദീർഘങ്ങളും സമ്പന്നങ്ങളുമായ സംഭാഷണം വായനക്കാർ കൂടി മനസ്സിലാക്കുന്നു .ദീർഘകാല സൗഹൃദവും കടമയും കടപ്പാടും ജാതിമതചിന്തകളെ മറികടക്കുന്നത് നാം കാണുന്നു . നിന്റെയും എന്റെയും ദൈവങ്ങൾ തുണയ്ക്കട്ടെ എന്നത് ഒരു ശുഭസൂചനയാണ്. വാക്കുകൾക്കും വാക്യങ്ങൾക്കും ഇടയിലെ നീണ്ട മൗനം പോലും നമ്മോട് സംസാരിക്കുന്നുണ്ട് .വീടാത്ത കടങ്ങൾ പടച്ചവൻ്റെ സൂക്ഷിപ്പുകളാണ് എന്ന് കുട്ട്യസ്സൻ മാപ്പിള പറയുന്നുണ്ട് .വഴിയിൽ എതിരെവന്ന നീലി "വെള്ളായിച്ചോ " എന്ന് പറഞ്ഞപ്പോൾ "നീലിയേ " എന്ന് മാത്രമേ വെള്ളായിയപ്പൻ പറഞ്ഞുള്ളു. രണ്ടു വാക്കുകൾക്കിടയിൽ ഒത്തിരി സാന്ത്വനമുണ്ടായിരുന്നു.പുഴയുടെ നടുക്ക് എത്തിയപ്പോൾ വെള്ളായിയപ്പന്റെ ഓർമ്മകളിൽ ഒത്തിരി ചിത്രങ്ങൾ തെളിഞ്ഞു. അപ്പന്റെ ശവശരീരത്തെ കുളിപ്പിച്ചതും മകനെ കുളത്തിൽ കുളിപ്പിച്ചതുമാണ് അദ്ദേഹം ഓർത്തത് ".ചവിട്ടടിപ്പാത വെട്ടുവഴിയിൽ ചേർന്നു "എന്നിങ്ങനെ കഥയിലെ ഓരോ വാക്യവും നമുക്ക് ഒരു കാഴ്ചയായി തന്നെ തോന്നുന്നു .
തീവണ്ടി കാത്തുനിന്നപ്പോൾ ഒരു കാരണവർ കോയമ്പത്തൂർക്കോ എന്ന് ചോദിച്ചു .താൻ കണ്ണൂർക്കാണെന്ന് വെള്ളായിയപ്പൻ പറഞ്ഞു .അയാളുടെ സംഭാഷണം ഒരു കൊലക്കയർ പോലെ വെള്ളായിയപ്പന്റെ കഴുത്തിൽ ചുറ്റി മുറുക്കി എന്നാണ് കഥാകൃത്ത് പറയുന്നത്.അത്രയേറെ മാനസിക സംഘർഷത്തിൽ അകപ്പെട്ട വെള്ളായിയപ്പന് അപരിചിതന്റെ സംഭാഷണം തന്റെ മകനിൽ എത്തിച്ചേരുമെന്ന് പേടിയാണ് .അപരിചിതനായ അയാളോട് എല്ലാം തുറന്നുപറയാനുള്ള ഭയം കൊണ്ടാണ് അതൊരു കൊലക്കയർ ആയി അദ്ദേഹത്തിന് തോന്നിയത്. പാഴുതറയിൽ നിന്ന് ഒരിക്കലും വിട്ടു നിൽക്കാത്ത വെള്ളായിയപ്പന് കണ്ണൂരിലേക്കുള്ള യാത്ര ആദ്യാനുഭവം ആണ് .ജയിലിലേക്കുള്ള വഴി ഏതാണെന്ന് കുതിരവണ്ടിക്കാരോട് ചോദിച്ചപ്പോൾ കട്ടാൽ മതി ജയിലിൽ എത്തിച്ചേരാം എന്ന അവരുടെ സ്വരം കഴുത്തിനുചുറ്റും വീണ്ടും കൊലക്കയർ കൊണ്ട് കുരുക്കുന്നത് പോലെ വെള്ളായിയപ്പന് തോന്നി .ജയിലിലെ പാറാവുകാരൻ വെള്ളായിയപ്പനോട് രാവിലെ എങ്ങോട്ടേക്കാണ് എന്ന് ചോദിച്ചു. അയാൾ മുണ്ടിന്റെ കോന്തല അഴിച്ച് ഒരു കടലാസ് പുറത്തെടുത്തു .പാറാവുകാരൻ അത് വായിച്ചു .അത് വായിച്ച് കഴിഞ്ഞ് ഉടനെ പാറാവുകാരന്റെ മുഖത്ത് കനിവ് നിറഞ്ഞു. "നാളെയാണ് അല്ലേ "എന്ന് ചോദിച്ചു .തനിക്കൊന്നുമറിയില്ലെന്ന് വെള്ളായിയപ്പൻ നിഷ്കളങ്കമായി മറുപടി നൽകി .നാളെ രാവിലെ അഞ്ചുമണിക്ക് ആണെന്ന് അയാൾ പറഞ്ഞു .കോടച്ചി പൊതിഞ്ഞു കൊടുത്ത കഴിക്കാത്ത പൊതിച്ചോറ് പുളിച്ചു .വീണ്ടും ഓഫീസിൽ അപരിചിതരുടെ ശബ്ദങ്ങൾ കേട്ടപ്പോൾ അയാൾക്ക് അത് കുരുക്കായി തോന്നി .ശ്വാസം മുട്ടുന്നത് പോലെ അനുഭവപ്പെട്ടു .
വെള്ളായിയപ്പനെ കണ്ടുണ്ണിയെ കാണിക്കാനായി കൊണ്ടുപോയി .വെള്ളായിയപ്പനും മകനും അവസാനമായി കാണുമ്പോൾ അവർ തമ്മിലുള്ള വിനിമയങ്ങൾ അത്രയും രണ്ടു വാക്കിൽ ഒതുങ്ങുന്നു ."മകനേ," "അപ്പാ "ഈ രണ്ടു വാക്കുകൾ മാത്രം.അവരുടെ മനസ്സുകൾ തമ്മിൽ സംസാരിച്ചു.മകനേ നീ എന്തു ചെയ്തു എന്ന ചോദ്യത്തിന് തനിക്കൊന്നും ഓർമ്മയില്ലെന്നും കൊലപാതകം നടത്തിയ കാര്യം പോലും തനിക്കറിയില്ലെന്നും മകൻ പറഞ്ഞു. എന്നാൽ ഇനി ഒന്നും ഓർമ്മിക്കേണ്ട എന്ന് വെള്ളായിയപ്പൻ ആശ്വസിപ്പിച്ചു .ഇതെല്ലാം മൗനത്തിലൂടെയുള്ള സംഭാഷണങ്ങൾ ആയിരുന്നു .കണ്ടുണ്ണിയുടെ കരച്ചിലിൽ നിന്ന് " അപ്പാ എന്നെ തൂക്കിക്കൊല്ലാൻ അനുവദിക്കരുത് " എന്ന് പറയുന്നത് നമുക്ക് അനുഭവപ്പെടുന്നു .വെള്ളായിയപ്പന്റെ കാത്തിരിപ്പ് നമ്മുടെ ഉള്ള് പൊള്ളിക്കുന്നു .വധശിക്ഷയുടെ ചടങ്ങിന്റെ ശബ്ദമാണെന്ന് വെള്ളായിയപ്പന് കൊമ്പുവിളി കേട്ടപ്പോൾ മനസ്സിലായില്ല .എന്നാൽ രാവിലെ അഞ്ച് മണിക്കാണെന്ന് അവർ പറഞ്ഞിരുന്നു .കയ്യിൽ വാച്ചില്ലെങ്കിലും ഒരു കർഷകന്റെ ജന്മസിദ്ധിയിലൂടെ വെള്ളായിയപ്പന് അഞ്ച് മണിയായെന്ന് മനസ്സിലായി .ഒരു പേറ്റിച്ചിയെപ്പോലെ തൻ്റെ മകന്റെ ദേഹത്തെ വെള്ളായിയപ്പൻ പാറാവ്കാരനിൽ നിന്നും ഏറ്റുവാങ്ങി .ജീവന്റെ തുടിപ്പോടെയാണ് പേറ്റിച്ചി കുഞ്ഞിനെ ഏറ്റുവാങ്ങുന്നത് .എന്നാൽ ജീവനറ്റ മകന്റെ ദേഹമാണ് ഈ പിതാവ് കൈമാറുന്നത്. ദരിദ്രനായ അയാൾക്ക് ആ ചേതനയറ്റ മൃതദേഹം ഏറ്റുവാങ്ങുവാനാകുന്നില്ല .മൃതദേഹം ജയിൽ അധികൃതർക്ക് വിട്ടുകൊടുക്കാൻ മാത്രമേ വെള്ളായിയപ്പന് സാധിക്കുമായിരുന്നുള്ളൂ.
ആദ്യമായാണ് വെള്ളായി കടൽ കാണുന്നത് .കഥാകൃത്ത് വെള്ളായിയുടെ നിസ്സംഗതയെ വളരെ ഹൃദ്യമായി ചിത്രീകരിച്ചിരിക്കുന്നു. ഒരു പൊട്ടിക്കരച്ചിൽ പോലും ഇല്ലാതെ ഒരു ദേഹം കൂടി മണ്ണിൽ അലിയുന്നു.യാത്രയിൽ കഴിക്കാൻ ഭാര്യ കൊടുത്തയച്ച പൊതിച്ചോറ് ബലിച്ചോറായി മാറുന്നു. യാത്ര പുറപ്പെടുമ്പോൾ വീട്ടിൽനിന്ന് കൂട്ടനിലവിളി ഉയർന്നു. എന്നാൽ യാത്ര അവസാനിക്കുന്നിടം നിശബ്ദമായിരുന്നു.പാഴുതറയിൽ നിന്ന് കണ്ണൂരിലേക്ക് യാത്രതിരിക്കുന്ന വെള്ളായിയപ്പന് കോടച്ചി കൊടുത്തുവിട്ട പൊതിച്ചോറിന്പ്രത്യേക സ്ഥാനമുണ്ട്. തൂക്കിലേറ്റപ്പെട്ട മകന്റെ അടുത്തേക്ക് യാത്രതിരിക്കുന്ന പ്രിയപ്പെട്ടവന് നൽകുന്ന പൊതിച്ചോറ് പൊതിയുമ്പോൾ കോടച്ചിയുടെ കണ്ണുനീർ വെള്ളായിയപ്പൻ അനുഭവിച്ചറിയുന്നു. കണ്ണുകൾ നിറയാതെ കഥ മുന്നോട്ട് വായിക്കാനാവില്ല .കഥയിലെ പൊതിച്ചോർ കഥാപാത്രത്തിന്റെ സ്ഥാനം വഹിക്കുന്നു .വെള്ളായിയപ്പന് വഴിയാത്രയിൽ നൽകിയ ഭക്ഷണത്തിന് കഥാന്ത്യം വരെയുംസാന്നിധ്യമുണ്ട് .വിശപ്പും ദാഹവും ഉണ്ടായിട്ടും ചോറിന്റെ കെട്ടഴിക്കാൻ വെള്ളായിയപ്പൻ തയ്യാറാകുന്നില്ല .അത് പുളിച്ചു പോയിരുന്നു. മകന്റെ ശവദാഹത്തിനുശേഷം ബലിച്ചോറായി കാക്കകൾക്ക് മുന്നിലെത്തുന്ന ഈ പൊതിച്ചോറ് നിസ്സഹായന്റെ നിലവിളിയായി കഥാന്ത്യത്തിൽ പരിണമിക്കുന്നു
യുട്യൂബ് ലിങ്ക്
പ്രിയദർശനം - ആസ്വാദനക്കുറിപ്പ്
കുമാരനാശാന്റെ റൊമാന്റിക് കഥാകാവ്യമാണ് നളിനി . ഒരു സ്നേഹം എന്നുകൂടി ഈ കൃതിക്ക് പേരുണ്ട് .നളിനിയും ദിവാകരനും കുട്ടിക്കാലം മുതൽ കൂട്ടുകാരായിരുന്നു .നളിനി ദിവാകരനെ ഏറെ സ്നേഹിച്ചിരുന്നു. ദിവാകരൻ യൗവനാരംഭത്തിൽ ലൗകിക വിരക്തനായി നാടുവിട്ടു. ഈ വേർപാട് നളിനിയെ ദുഃഖത്തിലാഴ്ത്തി. അവളുടെ അച്ഛൻ വിവാഹം നിശ്ചയിച്ചു .നളിനി വീടുവിട്ടിറങ്ങി .അവൾ ഒരു സരസ്സിൽ ചാടി ആത്മഹത്യയ്ക്ക് ഒരുങ്ങി. എന്നാൽ ഒരു സന്യാസിനി അവളെ രക്ഷപ്പെടുത്തി ആശ്രമത്തിലേക്ക് കൊണ്ടുപോയി. അഞ്ചുവർഷം അവൾ തപസ്സനുഷ്ഠിച്ച് അവിടെ കഴിഞ്ഞു.ഹിമാലയത്തിലെ ഉയർന്ന ശൃംഗത്തിൽ ഒരുനാൾ നളിനി - ദിവാകരൻമാർ കണ്ടുമുട്ടുന്നു. ഈ കണ്ടുമുട്ടലിൽ നളിനി സ്വയം പരിചയപ്പെടുത്തി പഴയ കാര്യങ്ങൾ ഓർമയിൽ നിന്ന് എടുത്തു പറയുന്നു. ഇതാണ് പാഠഭാഗം. വളരെക്കാലത്തിനുശേഷം നളിനി ഇപ്പോൾ കാണുന്നത് തന്റെ പഴയ കൂട്ടുകാരനായ ദിവാകരനെയല്ല. പാവന സംസ്കാര സമ്പന്നനായ ഒരു സന്ന്യാസിയെയാണ്. ദിവാകരൻ നളിനിയെ ആദ്യം തിരിച്ചറിഞ്ഞില്ല
."തന്റെ കഷ്ടകാലം എല്ലാം തീർന്നുവെന്നും തൻ്റെ ഭാഗ്യം രൂപം പ്രാപിച്ചു വന്നപോലെ അങ്ങയെ തനിക്ക് കാണാൻ സാധിച്ചു "എന്നും നളിനി പറയുന്നു. "അല്ലയോ മഹാത്മാവേ, ഞാൻ പണ്ട് അങ്ങയ്ക്ക് ഇഷ്ടമായിരുന്ന നളിനിയാണെ"ന്ന് ദിവാകരനോട് പറഞ്ഞു. "തന്റെ മരണത്തിനു മുമ്പ് എന്നെങ്കിലുമൊരിക്കൽ അങ്ങയുടെ പാദം കാണാൻ കഴിയുമെന്ന ആശയോടെ താൻ ഇവിടെ കഴിയുകയായിരുന്നുവെന്നും മനസ്സുരുകി പ്രാർത്ഥിക്കുന്നവരുടെ ഇഷ്ടം എന്നെങ്കിലുമൊരിക്കൽ ഈശ്വരൻ കാണുക തന്നെ ചെയ്യും" എന്നും പറയുന്നു.ദിവാകരനെ കാണുക മാത്രമായിരുന്നു തന്റെ ജീവിതലക്ഷ്യമെന്നും ഈശ്വരാനുഗ്രഹത്താൽ അത് സാധിച്ചു എന്നുമാണ് അർത്ഥം.
നളിനി സന്ന്യാസം സ്വീകരിച്ചപ്പോഴും ദിവാകരനോടുള്ള സ്നേഹം നിമിത്തം അദ്ദേഹത്തെ ഓർത്തുകൊണ്ടാണ് കഴിഞ്ഞത്. ദിവാകരൻ തന്നെ ഓർത്തില്ലെങ്കിലും ഓർത്താലും ഇന്ന് അപ്രതീക്ഷിതമായി കാണാൻ കഴിഞ്ഞത് നിമിത്തം താൻ ഭാഗ്യവതിയാണെന്നും നളിനി പറഞ്ഞു.ഒന്നും പറയാൻ കഴിയാതെ അവൾ കണ്ണുനീർ ചൊരിഞ്ഞു കൊണ്ടു നിന്നു .സ്നേഹത്തിൽ ആയിരുന്നവർ വേർപെട്ട് കുറേക്കാലത്തിനു ശേഷം അപ്രതീക്ഷിതമായി കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന സുഖം ദുഃഖം നിറഞ്ഞതും വികാര വൈവിധ്യമാർന്നതുമായിരിക്കും. അതിനാലാണ് അപ്പോഴത്തെ സുഖം വികലമായി തീരുന്നത് .അവളുടെ മുഖം കണ്ണുനീർ വീണ് ചുമന്ന് തുടുത്തിരുന്നു .മഞ്ഞുതുള്ളി വീണ പനിനീർ പുഷ്പം പോലെ അവളുടെ മുഖം തോന്നിപ്പിച്ചു. ഒരുപക്ഷേ ദിവാകരൻ തന്നെ തിരിച്ചറിയാത്തതിനാലും തന്നെ മറന്നുകളഞ്ഞതിനാലുമുള്ള സങ്കടം കൊണ്ടായിരിക്കും അവൾ കരഞ്ഞത്.
അവൾ ആരാണെന്ന് മനസ്സിലാക്കിയ ദിവാകരൻ പണ്ടത്തെ സംഭവങ്ങൾ ഓർത്ത് സന്തുഷ്ടനായി .കഴിഞ്ഞുപോയ ശൈശവകാലത്തെ സംഭവങ്ങൾക്ക് അനുസരിച്ച് ദയയോടെ ഇങ്ങനെ പറഞ്ഞു. "എനിക്ക് ഏറ്റവും പരിചയമുള്ള ഈ പേരും നിൻ്റെ മനോഹരമായ ശബ്ദവും നീയും നിൻ്റെ ദൂരെയുള്ള വീടും എല്ലാം എൻ്റെ ഓർമ്മയിൽ ഇപ്പോൾ വരുന്നുണ്ട് കണ്ടയുടനെ നിന്നെ തിരിച്ചറിയാത്തതിനാൽ വിഷമിക്കേണ്ട. അന്നു ഞാൻ കാണുമ്പോൾ നീ ഒരു കുരുന്നായിരുന്നു .ഇന്ന് നീ വല്ലിയായി മാറിക്കഴിഞ്ഞു .കൗമാരപ്രായത്തിൽ കണ്ടതാണ്. ഇന്ന് പ്രായപൂർത്തിയായ യുവതിയായി മാറിക്കഴിഞ്ഞു. ആ വ്യത്യാസം കൊണ്ടാണ് താൻ തിരിച്ചറിയാതിരുന്നത് "എന്ന് ദിവാകരൻ പറഞ്ഞു. "അക്കാലത്ത് എന്നിൽ നിന്നും ചെറിയൊരു അപ്രിയം ഉണ്ടായാൽ പോലും നീ കരയുമായിരുന്നു. സ്നേഹം കൊണ്ടുണ്ടാകുന്ന ദൗർബല്യം അന്നും ഇന്നും ഒരുപോലെയാണ് നിന്നിൽ കാണുന്നതെന്ന് ദിവാകരൻ പറഞ്ഞു .കാലമിത്രയായിട്ടും നളിനിയുടെ സ്വഭാവത്തിൽ മാറ്റം വന്നിട്ടില്ല എന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്. കഴിഞ്ഞതെല്ലാം കഴിഞ്ഞു നമ്മുടെ പ്രായവും ലക്ഷ്യങ്ങളും മാറി .വേണ്ടത്ര പക്വത വന്നു .അതെല്ലാം പോകട്ടെ .നീ എന്തിനാണ് ഇവിടെ വസിക്കുന്നത് " എന്ന് ചോദിച്ചു ."അല്ലയോ നളിനി നീ ഇവിടെ വസിക്കുന്നതിന് കാരണം ഞാൻ അന്വേഷിക്കുന്നത് വെറുതെയാണ് ..ഏതോ കാര്യത്തിനു വേണ്ടി നീ തുനിഞ്ഞുവെന്ന് കരുതിയാൽ മതി. ജീവികൾ അവയുടെ കർമ മാർഗം സ്വീകരിക്കും.ഓരോരുത്തരും അവനവന് ഇഷ്ടമുള്ള രീതിയിലാണ് മുന്നോട്ട് പോകുന്നത് .അതുകൊണ്ട് അതിന്റെ കാരണം അന്വേഷിക്കുന്നത് വെറുതെയാണെന്നാണ് ദിവാകരൻ കരുതുന്നത്. നളിനി അങ്ങനെ സ്വന്തം ഇഷ്ടപ്രകാരമുള്ള ഒരു മാർഗ്ഗം സ്വീകരിച്ചു എന്നു കരുതാം .
അല്ലയോ സഖീ, ഒരു കാര്യം കൂടി ചോദിക്കട്ടെയെന്ന് അദ്ദേഹം ആരാഞ്ഞു.നളിനി എന്നെ ഓർത്ത് തപസ്സ് ചെയ്തു കൊണ്ട് ഇവിടെ കഴിഞ്ഞു എന്നു പറഞ്ഞല്ലോ. എന്ത് ഉപകാരമാണ് നീ എന്നിൽ നിന്നും പ്രതീക്ഷിക്കുന്നത് .വിവേകികളായ ആളുകൾ സ്വന്തം ജീവിതം അന്യർക്ക് ഉപയോഗപ്രദമായ രീതിയിൽ വിനിയോഗിച്ച് ധന്യരാകും .നളിനിക്കു വേണ്ടി എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കിൽ തികച്ചും സന്തോഷത്തോടെ തന്നെ ചെയ്യും എന്നാണ് ദിവാകരൻ പറയുന്നത്. മനുഷ്യ ജീവിതത്തിൽ സാർവത്രികമായി ലയിച്ചു കിടക്കുന്ന അഗാധമായ സ്നേഹത്തെ കലാപരമായി ആവിഷ്കരിക്കുകയാണ് കുമാരനാശാൻ ഈ കവിതയിലൂടെ.
വിശ്വരൂപം_ ലളിതാംബിക അന്തർജനം
ലളിതാംബിക അന്തർജനത്തിന്റെ സമ്പൂർണ്ണകഥകളിൽ നിന്നെടുത്ത ഒരു കഥയാണ് വിശ്വരൂപം. മിസ്സിസ് തലത്തിലിന്റെ ജീവിതത്തിലെ പല ഏടുകളാണ് ഈ കഥയിൽ വിഷയമാകുന്നത് .സ്നേഹബന്ധങ്ങളുടെ പൊരുത്തങ്ങളും പൊരുത്തക്കേടുകളും ഈ കഥയിൽ കാണാം. മാഡം തലത്ത് അമ്മയായി പരിണമിക്കുമ്പോൾ അതിലൂടെ ജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങൾ ആവിഷ്കരിക്കാനാണ് കഥാകൃത്ത് ശ്രമിക്കുന്നത്
.ജീവിതാനുഭവങ്ങൾ കഥാനായികയെ സ്വയം പാകപ്പെടുത്തുകയായിരുന്നു.മിസ്റ്റർ സുധീർ മിസ്സിസ് തലത്തിനെ അന്വേഷിച്ചാണ് പട്ടണത്തിന്റെ ഒഴിഞ്ഞ ഭാഗത്തുള്ള വഴിയിലൂടെ കടന്ന് തുളസിത്തറയുള്ള ഒരു വീട്ടിൽ എത്തിച്ചേർന്നത്. ഒരു താപസിയെപ്പോലുള്ള വൃദ്ധയെയാണ് അദ്ദേഹം കണ്ടത്. താൻ മിസ്സിസ് തലത്ത് താമസിക്കുന്ന വീടന്വേഷിച്ച് വന്നതാണ് .അവർ ഇവിടെയുണ്ടോ എന്ന് അയാൾ ചോദിച്ചു. അപ്പോഴാണ് വന്നിരിക്കുന്നത് സുധീർ ആണെന്ന് അവർക്ക് മനസ്സിലായത് .കരഞ്ഞുകൊണ്ട് അവർ കെട്ടിപ്പിടിച്ചു. രണ്ടുപേർക്കും പ്രിയപ്പെട്ട മിസ്റ്റർ തലത്തിനെ ഓർത്താണ് അവർ കരഞ്ഞത് .സ്ഥലം മാറ്റം കിട്ടി ലോകത്തിന്റെ പല ഭാഗങ്ങളിലും കറക്കമായിരുന്നതിനാലാണ് എനിക്ക് വരാൻ സാധിക്കാതിരുന്നത് എന്ന് സുധീർ അറിയിച്ചു.രൂപംകൊണ്ട് രണ്ടുപേർക്കും മനസ്സിലായിരുന്നില്ല. സ്വരം കൊണ്ടാണ് അവർ തിരിച്ചറിഞ്ഞത്. കാലം വരുത്തിയ മാറ്റങ്ങളാണതിനു കാരണം. അവരുടെ ഭർത്താവ് മരിച്ചു. കുട്ടികളെല്ലാം അവരവരുടെ തിരക്കിലാണ്.
അവർക്ക് ചക്രവർത്തിനിയുടെ ജന്മമാണ് എന്ന് സുധീറിന് തോന്നി. കാരണം അവർ ആരുടെയും മുന്നിൽ തല കുനിക്കില്ല. തന്റെ അച്ഛനേക്കാൾ മിസ്റ്റർ തലത്തിനോട് തനിക്ക് സ്നേഹം ഉണ്ടായിരുന്നു എന്ന് സുധീർ അറിയിച്ചു .രമേഷ്, രവി,ആശ, പ്രേമ എന്നീ മക്കൾ സുഖമായി ഓരോ നാടുകളിൽ കഴിയുന്നു എന്ന മിസ്സിസ് തലത്ത് അറിയിച്ചു .ഞാൻ ഇതിനേക്കാളും മോശമായ വീട്ടിലാണ് ജനിച്ചുവളർന്നത് എന്ന് മിസ്സിസ് തലത്ത് പറഞ്ഞു
പണ്ട് ലണ്ടനിലും ന്യൂയോർക്കിലും വെച്ച് കണ്ട മാഡം തലത്തിനെ സുധീർ ഓർത്തുപോയി .സംഭാഷണത്തിലെ രസികതയും തലയുയർത്തിപ്പിടിച്ചുള്ള നടത്തവും ആംഗ്യചലനങ്ങളുമെല്ലാം ഒരു വട്ടം കണ്ടാൽ പിന്നെ മറക്കില്ല .അവരെ എല്ലാ ചടങ്ങുകളിലും വച്ച് 'ഭാരതീയ സ്ത്രീത്വത്തിന്റെ അംബാസഡർ 'എന്നാണ് എല്ലാവരും വിളിക്കുന്നത് .ഒരു മഹാറാണിയുടെ അന്തസ്സുണ്ടായിരുന്നു അവർക്ക് .നമുക്ക് അഞ്ചാമതൊരു കുട്ടി ഉണ്ടായിരിക്കുന്നു 'എന്നാണ് മിസ്റ്റർ തലത്ത് സുധീറിനെ ആദ്യമായി പരിചയപ്പെടുത്തിയത്.അവരുടെ കുട്ടികൾ നാലുപേരും അന്നും നാല് സ്ഥലങ്ങളിൽ ഹോസ്റ്റലുകളിലും ബോർഡിങ്ങുകളിലുമായാണ് താമസിച്ചിരുന്നത്.ഒഴിവിന് വല്ലപ്പോഴും വരും. മിസ്സിസ് തലത്ത് കുട്ടികളെ പ്രസവിച്ചു എന്ന് മാത്രം. അവർ കുട്ടികൾക്ക് പാല് കൊടുത്തിട്ടില്ല .താരാട്ടുപാടി ഉറക്കിയിട്ടില്ല. വാശിപിടിച്ചു കരയുമ്പോൾ ശാസിക്കുകയോ ശുശ്രൂഷിക്കുകയോ ചെയ്തിട്ടില്ല. ആലങ്കാരികമായി മാത്രം ചിലപ്പോൾ അവർ ഉമ്മ വയ്ക്കും .പാശ്ചാത്യ രീതിയിലുള്ള ചലനങ്ങൾ മാത്രമാണ് അവർക്കുണ്ടായിരുന്നത്. പൗരസ്ത്യ സംസ്കാരം അവർ മറന്നുപോയിരുന്നു.
ഇതെല്ലാം ആലോചിച്ചു കൊണ്ടിരുന്നപ്പോൾ കാപ്പിയും നെയ്യപ്പവും മലരുമായി മിസ്സിസ് തലത്ത്നടന്നുവന്നു.അതെല്ലാം താൻ പാകം ചെയ്തതാണെന്ന് സുധീറിനോട് പറഞ്ഞു. ഈ കാപ്പിക്ക് ഇതുവരെയും മാഡം തന്ന കാപ്പികളേക്കാൾ രുചിയുണ്ട് എന്ന് സുധീർ പറഞ്ഞു .സ്വന്തം കൈകൊണ്ട് താൽപര്യത്തോടെ പാകപ്പെടുത്തി ആർക്കും ഞാൻ ഇതുവരെയും കൊടുത്തിട്ടില്ല എന്ന് അവർ തല കുനിച്ചു കൊണ്ട് ഉത്തരം പറഞ്ഞു.
തന്റെ ഭർത്താവ് വീട്ടിലുള്ളവരെക്കുറിച്ച് എത്ര സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് പറഞ്ഞിരുന്നത് എന്ന് മിസ്സിസ് തലത്ത് ഓർത്തു. ഭാരത സ്ത്രീകൾ വളരെ ഭാഗ്യം ഉള്ളവർ ആണ് എന്നും അവർ കൊടുക്കാൻ മാത്രമേ പഠിച്ചിരുന്നുള്ളൂ എന്നും ഡോക്ടർ എപ്പോഴും പറയുമായിരുന്നു.ഇപ്പോഴാണ് അദ്ദേഹം പറഞ്ഞതിനർത്ഥം തനിക്ക് മനസ്സിലായത് എന്ന് മിസ്സിസ് തലത്ത് പറഞ്ഞു .ന്യൂയോർക്കിൽ താമസസ്ഥലത്തിന് മുന്നിലുള്ള പാർക്കിൽ വന്നിരിക്കുന്ന ഒരു പാവം വൃദ്ധനെ തനിക്ക് വെറുപ്പായിരുന്നു .അയാൾ പോലും 'നിങ്ങൾ ഇന്ത്യക്കാർ അച്ഛനമ്മമാരെ ദൈവത്തെ പോലെ വിചാരിക്കുന്നു എന്ന് കേട്ടിട്ടുണ്ട് അത് ശരിയാണോ 'എന്ന് ചോദിച്ചത് ഓർക്കുന്നു എന്ന് മിസ്സിസ് തലത്ത് പറഞ്ഞു .അപ്പോൾ ആ വിദേശി 'ഞാൻ ഇന്ത്യയിൽ ജനിക്കാൻ ആഗ്രഹിക്കുന്നു ഇന്ത്യ എത്ര നല്ല നാടാണെന്ന്' തന്നോട് പറഞ്ഞതായും അവർ ഓർത്തു. താൻ ഒരിക്കലും തന്റെ അമ്മയെ അവസാനകാലത്ത് കണ്ടില്ലെന്നും അതുകൊണ്ടുതന്നെ തനിക്ക് കൊടുത്തതല്ലേ നേടാൻ പറ്റുകയുള്ളൂ എന്നും വളരെ സങ്കടത്തോടെ അവർ പറഞ്ഞു.
കാലത്തിനനുസരിച്ച് എല്ലാവരും മാറ്റത്തിന് വിധേയമാണെന്ന് സുധീർ ആശ്വസിപ്പിച്ചു. ഡോക്ടർ തലത്ത് എപ്പോഴും തന്നോട് പറയുമായിരുന്നു ,ഡോളി ഇല്ലെങ്കിൽ താൻ വെറും നിഴൽ മാത്രമാണെന്ന്. എല്ലാ പ്രശ്നങ്ങളും അവളുടെ ചിരിയിൽ മാഞ്ഞു പോകുന്നു എന്ന് ഡോക്ടർ പറയുമായിരുന്നു എന്ന കാര്യം സുധീർ ഓർമ്മിച്ചു.
തന്റെ ഭർത്താവിനു വേണ്ടി മാത്രം രൂപപ്പെടുത്തിയതായിരുന്നു തന്റെ ജീവിതമെന്നും അതിൽ മറ്റാർക്കും ഇടമില്ലായിരുന്നു എന്നും അവർ പറഞ്ഞു. തന്റെ മക്കൾ ഭംഗി വാക്കിന് അവരുടെ കൂടെ നിൽക്കാൻ പറയുന്നുണ്ട്. പിന്നീട് അവർക്ക് അത് ഒരു ഭാരമായി വന്നേക്കാം. ആരുടെയും ആശ്രിതയായി ജീവിക്കാൻ തനിക്ക് ആഗ്രഹമില്ലെന്ന് അവർ പറഞ്ഞു.അവരുടെ അഭിമാനബോധവും നിശ്ചയദാർഢ്യവും കണ്ട സുധീറിന് അവരോട് കൂടുതൽ ബഹുമാനം തോന്നി .തനിക്ക് വിമാനത്താവളത്തിൽ എത്തേണ്ട സമയമായെന്നും അതുകൊണ്ട് പോകണം എന്നും പറഞ്ഞ് അയാൾ എഴുന്നേറ്റു .'ഡോക്ടർ തലത്തിലിന്റെയൊപ്പം മാഡം തലത്ത് മരിച്ചുപോയി ഇത് അമ്മയാണ് .താഴത്തു കുഞ്ഞിക്കുട്ടിയമ്മ .അങ്ങനെ പറഞ്ഞാലേ നാട്ടുകാർ അറിയൂ' എന്ന് മിസ്സിസ് തലത്ത് അറിയിച്ചു.
'ഒരു കാര്യം ഓർക്കണം. നിന്റെ വരാൻപോകുന്ന ഭാര്യയോട് കുട്ടികളെ ബോർഡിങ്ങിൽ അയക്കരുത് എന്നും ആയയെ വെക്കരുതെന്നുംഅമ്മ തന്നെ വളർത്തണമെന്നും ശാസിക്കുകയും ലാളിക്കുകയും കൂട്ടുകൂടുകയും വേണമെന്നും അങ്ങനെ ചെയ്തെങ്കിൽ മാത്രമേഅമ്മ കുട്ടികളുടെ ഭാഗവും കുട്ടികൾ അമ്മയുടെ ഭാഗമായി തോന്നുകയുള്ളു: എന്നും മിസ്സിസ് തലത്ത് ഉപദേശിച്ചു. ഇത് കേട്ടപ്പോൾ യഥാർത്ഥത്തിൽ അയാൾ ഞെട്ടി .'വാർദ്ധക്യത്തിൽ ഓർമ്മകൾ മാത്രമേ നമുക്ക് അവകാശപ്പെട്ടതായി ഉണ്ടാവുകയുള്ളൂ 'എന്ന് പറഞ്ഞു .'നിന്റെ മനസ്സിലെങ്കിലും ഞാൻ ജീവിക്കണം 'എന്നും പറഞ്ഞു .
സുധീർ പടിയിറങ്ങുമ്പോൾ തിരിഞ്ഞുനോക്കി. അപ്പോൾ അവിടെ മാഡം തലത്തിലിനേയോ സാമൂഹികപ്രവർത്തകയേയോ അല്ല മറിച്ച് ഒരു അമ്മയെയാണ് കണ്ടത്. മിസ്സിസ് തലത്തിൽ നിന്നും അമ്മയായുള്ള മാറ്റം എന്തുയർച്ചയായിരുന്നു !എന്തൊരു അഭിമാനമായിരുന്നു ആ മുഖത്ത്! ആ അമ്മ ഭാഗ്യവതി ആണെന്നും അവസാനമായെങ്കിലും ഈ സ്ത്രീയുടെ വിശ്വരൂപം കണ്ടു എന്നും അയാൾ സന്തോഷത്തോടെ ഓർത്തു
ഒരു സ്ത്രീയുടെ മഹത്ത്വം മാതൃത്വത്തിന്റെ നിറവിലാണെന്നാണ് ഈ കഥ വിളിച്ചോതുന്നത്.
Saturday, March 20, 2021
പാവങ്ങൾ_ വിവർത്തനം നാലപ്പാട്ട്നാരായണ മേനോൻ-മൂലകൃതി - വിക്ടർ ഹ്യൂഗോ Les Miserables
പാവങ്ങൾ_ വിവർത്തനം നാലപ്പാട്ട്നാരായണ മേനോൻ
മൂലകൃതി - വിക്ടർ ഹ്യൂഗോ Les Miserables
ഒരു പാവപ്പെട്ട മരംവെട്ടുകാരനായിരുന്നു ഴാങ് വാൽ ഴാങ്. വിധവയായ സഹോദരിയും ഏഴ് മക്കളും അയാളുടെ സംരക്ഷണത്തിലായിരുന്നു .തൊഴിലില്ലാതെ മുഴുപ്പട്ടിണിയിലകപ്പെട്ടപ്പോൾ അവരുടെ വിശപ്പുമാറ്റാൻ ബേക്കറിയിൽ നിന്ന് ഒരു റൊട്ടി മോഷ്ടിച്ചു. ആ കുറ്റത്തിന് അഞ്ചുവർഷം ശിക്ഷിക്കപ്പെട്ടു. മൂന്നു തവണ അദ്ദേഹം ജയിൽ ചാടി .പത്തൊൻപതു വർഷം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നു .ജയിൽമോചിതനായിട്ടും ആരും അയാൾക്ക് അഭയം നൽകിയില്ല. ഒടുവിൽ അയാൾ ഡി പട്ടണത്തിലെ മെത്രാന്റെ ഭവനത്തിൽ വിശപ്പും ദാഹവും കൊണ്ട് തളർന്ന അവസ്ഥയിൽ എത്തിച്ചേർന്നു.
ഴാങ് വാൽ ഴാങ് അന്ന് മെത്രാന്റെയൊപ്പം കഴിഞ്ഞു .അദ്ദേഹം ഉറങ്ങിയെന്നുറപ്പായപ്പോൾ അയാളുടെ മനസ്സിലുള്ള തിന്മയുടെശക്തി അയാളെ കുറ്റം ചെയ്യാൻ പ്രേരിപ്പിച്ചു .വാതിൽ ശബ്ദമുണ്ടാക്കാതെ അയാൾ തുറക്കാൻ ശ്രമിച്ചു .പരലോകത്ത് വെച്ച് വിധി കൽപ്പനയുടെ സമയത്തുണ്ടാകുന്ന കാഹള ശബ്ദം പോലെയാണ് വാതിൽക്കുറ്റിയുടെ ശബ്ദത്തെ അയാൾക്ക് തോന്നിയത് .അയാളുടെ മനസ്സിലുള്ള കുറ്റബോധവും ഭയവുമാണ് കാഹള ശബ്ദം പോലെ അയാൾക്ക് തോന്നാൻ കാരണം. നന്മതിന്മകളുടെ ആത്മസംഘർഷമാണത്. വാതിൽക്കുറ്റിക്ക് ജീവനുണ്ടോ എന്നുവരെ അയാൾക്ക് തോന്നി .അയാൾ ആകെ വിറച്ചു .ആ വാതിൽക്കുറ്റിയുടെ ശബ്ദം ഭൂകമ്പത്തിന്റെ ശബ്ദം പോലെയും ഭയങ്കരമായ ഗർജനം പോലെയുമാണ് അയാൾക്ക് തോന്നിയത് .ഈ ശബ്ദം കേട്ട് മെത്രാനും അവിടുത്തെ രണ്ട് വൃദ്ധ സ്ത്രീകളും ഉറക്കെ നിലവിളിക്കും എന്നും പോലീസുകാർ തന്നെ വീണ്ടും പിടിച്ചു കൊണ്ടുപോകും എന്നും അയാൾ തീർച്ചപ്പെടുത്തി. വെള്ളി സാധനങ്ങൾ വച്ചിട്ടുള്ള കൊട്ടയിലാണ് അയാളുടെ ശ്രദ്ധ .വെള്ളി വസ്തുക്കൾ കയ്യിലെടുത്ത് കൊട്ട വലിച്ചെറിഞ്ഞ് ഒരു നരിയെ പോലെ മതിൽ ചാടിക്കടന്ന് അയാൾ അവിടെനിന്ന് ഓടി.
പിറ്റേന്ന് മോൺസിന്യേർ തോട്ടത്തിൽ നടക്കുന്ന സമയത്ത് മദാം മഗ്ല്വാർ അദ്ദേഹത്തിന്റെ അടുക്കലേക്ക് പേടിയോടെ ചെന്നു .വെള്ളി വസ്തുക്കൾ വയ്ക്കുന്ന കൊട്ട എവിടെയാണെന്നറിയാമോ എന്ന് അദ്ദേഹത്തോട് ചോദിച്ചു . അദ്ദേഹം അറിയാമെന്നു പറഞ്ഞു. പൂച്ചട്ടിയിൽ കിടക്കുന്ന കൊട്ട മെത്രാൻ തന്നെയാണ് കണ്ടെത്തിയത്. അതിന്റെ ഉള്ളിൽ വെള്ളി വസ്തുക്കൾ ഒന്നും ഇല്ലല്ലോ എന്ന് മദാം മഗ്ല്വാർ പറഞ്ഞു.അപ്പോൾ വെള്ളി വസ്തുക്കളാണല്ലേ നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് എന്ന് മെത്രാൻ ചോദിച്ചു .വെള്ളി വസ്തുക്കൾ എവിടെ എന്ന് തനിക്കറിയില്ലെന്നും പറഞ്ഞു. ഇന്നലെ വന്ന ആൾ അവ കട്ടുക്കൊണ്ടുപോയെന്ന് മദാം മഗ്ല്വാർ പറഞ്ഞു .കൊട്ടവീണതു കൊണ്ട് കേടുവന്ന പൂച്ചെടി സംരക്ഷിക്കുകയായിരുന്നു മോൺസിന്യേർ .ആ വെള്ളി വസ്തുക്കൾ നമ്മുടേത് ആയിരുന്നുവോ എന്ന് മോൺസിന്യേർ ചോദിച്ചു .മദാം മഗ്ല്വാർ മിണ്ടാതെയായി .അത് പാവങ്ങളുടേതാണ് എന്നും ആ മനുഷ്യൻ കാഴ്ചയിൽത്തന്നെ ഒരു പാവമാണ് എന്ന മറുപടിയാണ് മോൺസിഞ്ഞോർ പറഞ്ഞത്. ആരും ഒന്നിന്റേയും ഉടമസ്ഥരല്ല. എല്ലാം എല്ലാവർക്കും അവകാശപ്പെട്ടതാണ് 'മരംകൊണ്ടുള്ള കയിൽ ആയാലും നമുക്ക് ഉപയോഗിക്കാനാകും. പാവങ്ങൾക്ക് വെള്ളിക്കയിൽ ലഭിച്ചാൽ അതവർക്ക് വളരെ ഉപകാരപ്രദമാകും എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത് .പ്രഭാത ഭക്ഷണം കഴിക്കുന്ന സമയത്ത് ഒരു കഷ്ണം അപ്പം ഒരു കോപ്പ പാലിൽ എടുത്തു മുക്കുന്നതിനു മരംകൊണ്ടുള്ള കയിൽ കൂടി ആവശ്യമില്ലെന്ന് മോൺസിന്യേർ അവരോട് പറഞ്ഞു .അദ്ദേഹം ഉദ്ദേശിച്ചത് ജീവിതത്തെ ലാളിത്യം കൊണ്ട് സന്തുഷ്ടമാക്കാം. കുറവ് സാധനങ്ങൾ മതി ജീവിക്കാൻ. ജീവിതം സങ്കീർണ്ണമാക്കുന്നത് വസ്തുക്കൾകൊണ്ട് നിറയ്ക്കുമ്പോഴാണ്.മദാം മഗ്ല്വാർ അയാൾ മെത്രാനെ ഉപദ്രവിച്ചില്ലല്ലോഎന്നോർത്ത് സമാധാനിച്ചു. വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടു. ഒരു ചെറിയ ആൾക്കൂട്ടമാണ് പുറത്തു നിൽക്കുന്നതെന്ന് അവർക്ക് മനസ്സിലായി. അപ്പോൾ മൂന്ന് പോലീസുകാർ ഒരാളുടെ കഴുത്തിൽ പിടിച്ച് കൊണ്ട് അവിടെ എത്തിയിരിക്കുന്നത് കണ്ടു. നാലാമൻ ഴാങ് വാൽ ഴാങ് ആയിരുന്നു. അയാളെ കണ്ടപ്പോൾ മോൺസിന്യേർ പറഞ്ഞു .നിങ്ങളെ കാണാൻ സാധിച്ചതിൽ ഞാൻ സന്തോഷിക്കുന്നു. ഞാൻ നിങ്ങൾക്ക് ഈ മെഴുകുതിരിക്കാലുകൾ കൂടി തന്നതാണല്ലോ. അവയും വെള്ളികൊണ്ട് നിർമ്മിച്ചതാണ് .നിങ്ങൾക്ക് അവയിൽ നിന്ന് ഇരുന്നൂറ് ഫ്രാങ്ക് കിട്ടും .ഇവിടെ നിങ്ങൾ മുള്ളുകളും കയിലുകളും എടുത്ത കൂട്ടത്തിൽ അതു കൂടി കൊണ്ടുപോകാമായിരുന്നു എന്ന് പറഞ്ഞു.അയാൾ മെത്രാനെ മിഴിച്ചുനോക്കി. അപ്പോൾ പോലീസ് പറഞ്ഞു ഇയാളും അതുതന്നെയാണ് പറഞ്ഞത് എന്ന് .പക്ഷേ തങ്ങൾ വിശ്വസിച്ചില്ല .പോലീസുകാർ ഴാങ് വാൽ ഴാങിനെ വെറുതെവിട്ടു .സ്നേഹിതാ നിങ്ങൾ പോകുന്നതിനു മുമ്പ് ഈ മെഴുകുതിരിക്കാലുകൾ എടുക്കൂ എന്ന് മെത്രാൻ പറഞ്ഞു. ഴാങ് വാൽ ഴാങ് ആകെ വിറച്ചു .സ്നേഹവും കാരുണ്യവും നമ്മുടെ ജീവിതത്തിൽ ഭയം ഇല്ലാതാക്കും. നമ്മൾ എല്ലാ ഭയത്തിനും അതീതരാകും. അതാണ് മെത്രാൻ തൻ്റെ ജീവിതത്തിലൂടെ കാണിച്ചുതരുന്നത്. ജീവിതത്തിൽ നേർവഴിയിലൂടെ നടക്കാൻ ശ്രമിക്കുക, വളഞ്ഞ വഴികൾ ഉപേക്ഷിക്കുക ,അതുകൊണ്ടുതന്നെയാണ് തന്റെ അടുത്ത് ആ കുറ്റവാളിയെ കിടക്കാൻ പോലും ആ മെത്രാൻ ഭയക്കാതിരുന്നത്. ഴാങ് വാൽ ഴാങിനോട് നിങ്ങൾ സമാധാനത്തോടെ പോവുക എന്നും സ്നേഹിതാ ഇനി നിങ്ങൾ തോട്ടത്തിലൂടെ അല്ല പോകേണ്ടതെന്ന് വാതിലിലൂടെ തന്നെ വരികയും പോവുകയും ചെയ്യണമെന്നും രാത്രിയിലും പകലും ഒരേ പോലെയാണ് വാതിൽ തുറന്നിട്ടിരിക്കുന്നതെന്നും അതിനു കുറ്റിയില്ലെന്നും പറഞ്ഞു. പോലീസുകാർ പോയി. ഴാങ് വാൽ ഴാങ് മോഹാലസ്യപ്പെട്ടു വീഴാൻ തുടങ്ങി .അപ്പോൾ മെത്രാൻ അടുത്തുചെന്നു പറഞ്ഞു. ഒരു സത്യവാൻ ആയിരിക്കുവാൻ നീ ഇനി നിന്റെ ജീവിതം ഉപയോഗപ്പെടുത്തണം .നീ അത് പ്രതിജ്ഞ ചെയ്തിട്ടുള്ളതാണ് .ഒരിക്കലും അത് മറക്കരുത് . തന്റെ വാക്കുകളിലൂടെ ഴാങ് വാൽ ഴാങ് നന്മയിൽ എത്തുമെന്ന് മെത്രാൻ കരുതുന്നു. മെത്രാൻ സത്യത്തിന്റേയും മനുഷ്യ സ്നേഹത്തിന്റേയും മെഴുകുതിരിക്കാലുകളാണ് അദ്ദേഹത്തിന് സമ്മാനിച്ചത് .മനുഷ്യമനസ്സുകളെ സ്നേഹത്തിലൂടെ മാത്രമേ മാറ്റിമറിക്കാൻ സാധിക്കൂ എന്ന് മെത്രാന് അറിയാമായിരുന്നു. ചെറിയ കുറ്റത്തിന് വലിയ ശിക്ഷ നൽകുന്ന നിയമം മാത്രമല്ല തെറ്റുകുറ്റങ്ങൾക്ക് മാപ്പു നൽകുന്ന സ്നേഹത്തിന്റെ വ്യവസ്ഥ കൂടി ലോകത്തുണ്ടെന്ന് തിരിച്ചറിയുമ്പോഴാണ് നന്മയുടെ വെളിച്ചം കടക്കുന്ന ആ മുഹൂർത്തത്തെ നമുക്ക് ഒരു വലിയ അനുഭവമായി തോന്നുന്നത്.
സമൂഹത്തിന്റെ കണ്ണിൽ ഴാങ് വാൽ ഴാങിന്റെ പ്രവൃത്തി കുറ്റമാണെങ്കിൽ മെത്രാൻ അത് കുറ്റമായി കാണുന്നില്ല. പാപികളോട് പൊറുക്കുക എന്നത് മാനവികതയുടെ നിയമമാണ് ..മെത്രാന്റെ പ്രവൃത്തി ഴാങിന് ആശ്വാസവും സമാധാനവും നൽകുന്നു. കുറ്റവാളിയുടെ നന്മയെ സമൂഹം അംഗീകരിക്കുന്നില്ല .സമൂഹം അവനെ ആട്ടിയോടിക്കുമ്പോൾ അവന് വളഞ്ഞ വഴികൾ സ്വീകരിക്കേണ്ടിവരുന്നു
ഋതുയോഗം_ആസ്വാദനക്കുറിപ്പ്
ഋതുയോഗം എന്ന ശീർഷകത്തിന്റെ അർത്ഥം വസന്താഗമം എന്നാണ്. ഋതുക്കളിൽ വച്ച് ശ്രേഷ്ഠവും സുന്ദരവുമായത് വസന്തമാണ് .ഋതു എന്ന പദം വസന്തകാലത്തെ ഓർമ്മിപ്പിക്കുന്നു .ശകുന്തളയുടേയും ദുഷ്യന്തന്റേയും പുന:സമാഗത്തെ കൂടിയാണ് ഋതുയോഗം സൂചിപ്പിക്കുന്നത്. നാടകത്തിൽ അണിയറയുടെ ശബ്ദമാണ് ആദ്യം കേൾക്കുന്നത് ."അരുത് ,ഉണ്ണി ചാപല്യം കാണിക്കരുത് "എന്ന ഒരു ശബ്ദമാണ് ആദ്യം കേൾക്കുന്നത്. രാജാവ് ഈ ശബ്ദം കേട്ടു .അപ്പോൾ ഒരു ബാലനെ കണ്ടു.ഏതാണ് ഈ ബാലൻ എന്ന് ചിന്തിച്ചു .ആ ബാലൻ താപസിമാരെ നോക്കുന്നു പോലുമില്ല .
ശ്ലോകം ഒന്ന് വിശകലനം
അമ്മയുടെ മുല കുടിച്ചു നിൽക്കുന്ന സിംഹക്കുട്ടിയുടെ കഴുത്തിലെ രോമങ്ങൾ പിടിച്ചുവലിച്ച് തന്നോടൊപ്പം കളിക്കാനായ് വിളിക്കുകയാണ് സർവദമനൻ.
ആശ്രമാന്തരീക്ഷത്തിന് യോജിച്ച പ്രവൃത്തിയല്ല ബാലൻ ചെയ്യുന്നത്. ആ സിംഹക്കുട്ടിയും ബാലനും തമ്മിലുള്ള ബന്ധം ദുഷ്ഷന്തനെ അത്ഭുതപ്പെടുത്തി .നഗരവാസിയായ ദുഷ്ഷന്തന് സിംഹം ഒരു ഹിംസ്രജന്തുവാണ്. സർവ്വദമനൻ ആശ്രമവാസി ആയതിനാൽ അവന് സിംഹത്തിനെ പേടിയില്ല .സിംഹക്കുട്ടിയുടെ വായ തുറന്ന് പല്ലെണ്ണുന്നത് കണ്ട് രാജാവ് അത്ഭുതപ്പെട്ടു .ഒരു താപസി പറഞ്ഞു ഞങ്ങൾ മക്കളെപ്പോലെ വളർത്തുന്ന മൃഗങ്ങളെ നീ ഉപദ്രവിക്കുന്നത് ശരിയല്ല. സർവ്വദമനൻ എന്ന പേര് നിനക്ക് ഉചിതമാണ് .കാരണം എല്ലാം അടക്കിവാഴുന്നവനാണ് സർവ്വദമനൻ .രാജാവിന് ആ കുട്ടിയെ കണ്ടപ്പോൾ സ്വന്തം പുത്രനെ പോലെ തോന്നി.താപസി അവനെ സിംഹക്കുട്ടിയുടെ അടുത്തുനിന്ന് മാറ്റാൻ ശ്രമിച്ചു .
ശ്ലോകം 2 വിശകലനം
സർവദമനനെക്കണ്ട് ദുഷ്ഷന്തൻ വിചാരിക്കുന്നു
" ഈ കുട്ടി വലിയൊരു തേജസ്വിയുടെ വിത്താണെന്ന് എനിക്ക് തോന്നുന്നു .എരിയുന്നതിന് വേണ്ടി വിറകും കാത്തുകിടക്കുന്ന തീപ്പൊരി പോലെ ഭാവിയിൽ മഹാതേജസ്വിയായി വളരാനുള്ള ലക്ഷണങ്ങൾ ആശ്രമബാലനായ സർവ്വദമനനിൽ കാണുന്നു."
ആ സിംഹക്കുട്ടിയെ വിട്ടാൽ പകരം വേറെ തരാം എന്ന് താപസി പറഞ്ഞു .അവന്റെ കൈകൾ കണ്ടപ്പോൾ അതിൽ ഒരു ചക്രവർത്തി ലക്ഷണം കണ്ട് രാജാവ് അത്ഭുതപ്പെട്ടു .
ശ്ലോകം 3 വിശകലനം
താമരപ്പൂവിന്റെ ചെമപ്പു നിറവും മൃദുലതയും സർവ്വദമനന്റെ ഇളം കൈകൾക്ക് യോജിക്കുന്നുണ്ടല്ലോ?പ്രഭാതത്തിൽ വിടർന്നു വരുന്ന താമരപ്പൂവിന്റെ ഇതളുകൾ പൂർണ്ണമായും വിരിഞ്ഞിട്ടുണ്ടാവില്ല. വിളക്കിച്ചേർത്ത പോലെ വിരൽ ഞെരുങ്ങിനിൽക്കുന്ന ബാലന്റെ കൈകൾ താമരപ്പൂവിന് തുല്യമാണ് .സർവ്വദമനന്റെ ബാല്യത്തെ ആവിഷ്കരിക്കുവാൻ ഉഷസ് എന്ന പ്രയോഗം ആണ് ഉപയോഗിച്ചിരിക്കുന്നത്
അപ്പോൾ താപസി പറഞ്ഞു; നീ ആശ്രമത്തിൽ ചെന്ന് മാർക്കണ്ഡേയന്റെ ചായം തേച്ച മൺമയിൽ എടുത്തു കൊണ്ടു വരൂ. അപ്പോൾ സർവ്വദമനൻ പറഞ്ഞു അതുവരെ സിംഹക്കുട്ടിയെക്കൊണ്ട് ഞാൻ കളിക്കും എന്ന്. ഈ സമയത്ത് ദുഷ്ഷന്തൻ ഓർത്തു .ശാഠ്യം പിടിക്കുന്ന കുട്ടിയോട് എനിക്ക് വല്ലാത്ത സ്നേഹം തോന്നുന്നു .
ശ്ലോകം നാല് വിശകലനം
അവ്യക്ത മധുരമായ വാക്കുകളും കൊഞ്ചിക്കുഴയലും നിഷ്കളങ്കമായ ചിരിയും കൊണ്ട് മക്കൾ മാതാപിതാക്കളെ സന്തോഷിപ്പിക്കുന്നു.അവരുടെ ശരീരത്തിൽ പറ്റിയിരിക്കുന്ന പൊടി സ്വന്തം ശരീരത്തിൽ ഏൽക്കുന്നത് പോലും മാതാപിതാക്കൾ സുകൃതമായി കരുതുന്നു ലൗകിക ജീവിതത്തിലെ ശ്രേഷ്ഠവും ധന്യവുമായ നിമിഷങ്ങളിലൊന്നാണിത്. അതിനുള്ള ഭാഗ്യം തനിക്കില്ലെന്നത് ദുഷ്ഷന്തനെ ദു:ഖിതനാക്കുന്നു. പല്ലിനെ മുല്ലമൊട്ടിനെ പ്പോലെ എന്ന തോന്നൽ ഉളവാക്കു മാറ് വിവരിച്ചിരിക്കുന്നു.
ഒരു താപസി ദുഷ്ഷന്തനെ കണ്ടു. സിംഹക്കുട്ടിയെ ബാലന്റെ കയ്യിൽ നിന്ന് വിടുവിക്കാൻ പറഞ്ഞു. രാജാവ് കുട്ടിയോട് ഇങ്ങനെ പറഞ്ഞു. "മഹർഷി ബാലകാ "
ശ്ലോകം അഞ്ച് വിശകലനം
ചെറു പാമ്പ് ചന്ദനമരത്തിനെന്നപോലെ നീ ആശ്രമ വിരുദ്ധമായ കാര്യങ്ങൾ ചെയ്ത് നിന്റെ ശ്രേഷ്ഠ ജന്മത്തിന് കളങ്കമുണ്ടാക്കരുത് .
വിശുദ്ധമായ ജീവിതത്തെ ചന്ദനമരത്തോടും സർവ്വദമനനെ ചെറു പാമ്പിനോടും സാദൃശ്യപ്പെടുത്തിയിരിക്കുന്നു
.അപ്പോൾ താപസി 'ഇവൻ മഹർഷി ബാലൻ അല്ലെന്ന് രാജാവിനോട് പറഞ്ഞു .ഇവനെക്കണ്ടാൽ തന്നെ അറിയാം ആശ്രമവാസിയല്ല എന്ന് രാജാവും തിരിച്ചു പറഞ്ഞു .അപ്പോൾ രാജാവ് ഇങ്ങനെ വിചാരിച്ചു.
ശ്ലോകം ആറ് വിശകലനം
കുലം തുടങ്ങിയ മറ്റ് വിവരങ്ങളൊന്നുമറിയാതെ ഇവന്റെ ശരീരത്തിൽ തൊട്ടപ്പോൾ എനിക്ക് ഇത്രമാത്രം സുഖം തോന്നുന്നുണ്ടെങ്കിൽ പുത്രനാണെന്ന പ്രതിപത്തിയോടെ പുണരുന്ന പുണ്യവാൻ അനുഭവിക്കുന്ന നിർവൃതി എത്രത്തോളമായിരിക്കും
സർവ്വദമനന്റെ പിതാവായിരിക്കുന്നത് അത്രയേറെ പുണ്യമാണെന്ന് ദുഷ്ഷന്തൻ കരുതുന്നു. അവന്റെ കുസൃതിയും നിഷ്ക്കളങ്കതയും പ്രസരിപ്പും അത്രയ്ക്ക് ദുഷ്ഷന്തനെ ആകർഷിച്ചു. .അപ്പോൾ താപസി പറഞ്ഞു താങ്കൾക്കും ഈ ബാലനും ഒരേപോലുള്ള മുഖം തന്നെ. മുൻ പരിചയമില്ലെങ്കിലും അങ്ങയെ ഇവൻ അനുസരിക്കുന്നു .അപ്പോൾ രാജാവ് കുട്ടി ഏത് വംശജനാണെന്ന് ചോദിച്ചു.പുരുവംശജനാണെന്ന് താപസി പറഞ്ഞു
ശ്ലോകം ഏഴ് വിശകലനം
രാജ്യഭരണത്തിനായി കൊട്ടാരത്തിൽ വസിച്ചതിനുശേഷം പുരുവംശത്തിൽ പിറന്നവർ ഏകപത്നീ സമേതം എത്തിച്ചേരാറുണ്ട് .രാജഭരണത്തിന്റെ ആഡംബരത്തിൽ നിന്ന് പ്രകൃതിയുടെ ലാളിത്യത്തിലേക്ക് രാജാക്കന്മാർ മാറാറുണ്ട് .
ഈ ബാലന്റെ മാതാവ് കാശ്യപന്റെ ഈ ആശ്രമത്തിൽ ഇവനെ പ്രസവിച്ചു എന്ന് താപസി പറഞ്ഞു .അപ്പോൾ രാജാവ് ചോദിച്ചു .ഭർത്താവിന്റെ പേരെന്താണ് എന്ന്. പത്നിയെ ഉപേക്ഷിച്ച ഭർത്താവിന്റെ പേര് പോലും ആരും പറയില്ല എന്നു പറഞ്ഞപ്പോൾ ദുഷ്ഷന്തന് അത് തന്നെ ഉദ്ദേശിച്ച് ആയിരിക്കുമോ എന്ന് തോന്നി .കുട്ടിയുടെ അമ്മയുടെ പേര് ചോദിക്കാൻ മടി തോന്നി ..
സർവ്വദമനൻ പൂരുവംശത്തിൽപ്പെട്ടവനാണെന്നും അപ്സര സംബന്ധം കൊണ്ട് അവന്റെ അമ്മ കാശ്യപമഹർഷിയുടെ ആശ്രമത്തിൽ അവനെ പ്രസവിച്ചു എന്ന് താപസി പറഞ്ഞപ്പോൾ തന്റെ ആശയ്ക്ക് ഒരു താങ്ങൽകൂടി ആയി എന്ന രാജാവ് ചിന്തിക്കുന്നു.
മൺമയിലിനെ എടുക്കാൻ പോയ താപസി തിരിച്ചെത്തി. മൺമയിലിനെ ആടുന്ന ഭാവത്തിൽ പിടിച്ചുകൊണ്ടുവന്നു .സർവ്വദമനാ ഇതാ ശകുന്തലാസ്യം നോക്കൂ എന്നു പറഞ്ഞു .കുട്ടി ചുറ്റിലും നോക്കി. അമ്മ ഇവിടെ ഇല്ലല്ലോ എന്ന് പറഞ്ഞു .താപസി ശകുന്തം എന്നതുകൊണ്ട് പക്ഷിഎന്നും ലാസ്യം എന്നതുകൊണ്ട് നൃത്തം എന്നുമാണ് ഉദ്ദേശിച്ചത് .അതായത് പക്ഷിയുടെ നൃത്തം.പക്ഷേ കുട്ടി വിചാരിച്ചത് ശകുന്തളയുടെ മുഖം എന്നാണ്. താപസി ചിരിച്ചുകൊണ്ടു പറഞ്ഞു അമ്മയോട് സ്നേഹക്കൂടുതൽ ഉള്ളതുകൊണ്ട് ബാലൻ അർത്ഥം മാറി ചിന്തിച്ചു പോയതാണ് എന്ന് .അവന്റെ അമ്മയുടെ പേര് ശകുന്തള എന്നാണോ എന്ന രാജാവ് ചിന്തിച്ചു. എന്നാൽ പലർക്കും ഒരേ പേര് വരാവുന്നതാണല്ലോ എന്നും മറിച്ച് ചിന്തിച്ചു.തന്റെ ചിന്ത കാനൽ ജലം പോലെ സങ്കടത്തിന് കാരണമാകുമോ എന്നും രാജാവിന് ആശങ്കയായി .ചുട്ടുപഴുത്ത സ്ഥലത്ത് വെള്ളം ഉള്ളതുപോലെ തോന്നും. എന്നാൽ അവിടെ വെള്ളം ഉണ്ടാവില്ല .ഇതാണ് കാനൽ ജലം. ഈ തോന്നലുകൾ തനിക്ക് ദുഃഖത്തിന് കാരണമാകുമോ എന്ന ചിന്ത രാജാവിനെ വിഷമിപ്പിച്ചു .അപ്പോൾ ബാലൻ എനിക്ക് മയിലിനെ ഭയങ്കര ഇഷ്ടമായി ഞാനിത് അമ്മയെ കാണിക്കാൻ കൊണ്ടു പോവുകയാണ് എന്ന് പറഞ്ഞു .അപ്പോൾ ഒന്നാം താപസി പെട്ടെന്ന് പേടിച്ചു കൊണ്ട് പറഞ്ഞു ബാലന്റെ കയ്യിലെ രക്ഷ കാണുന്നില്ലല്ലോ എന്ന് . രക്ഷ അന്വേഷിച്ചു.അപ്പോൾ രാജാവ് പറഞ്ഞു സിംഹക്കുട്ടിയുമായുള്ള പിടിവലിക്കിടയിൽ അത് താഴെ വീണു പോയി എന്ന് . രാജാവ് അതെടുക്കാൻ ഭാവിച്ചപ്പോൾ താപസിമാർ തൊടരുത് എന്ന് പറഞ്ഞെങ്കിലും അപ്പോൾ തന്നെ രാജാവ് രക്ഷ എടുത്തു. അവർ അത്ഭുതത്തോടെ അന്യോന്യം നോക്കി. രാജാവ് തന്നെ തടഞ്ഞത് എന്തിനാണ് എന്ന് ചോദിച്ചു .ഈ രക്ഷ അപരാജിത എന്ന് പേരായ ഔഷധിയാണ്. ഇവന്റെ ജാതകർമ്മസമയത്ത് മാരീചഭഗവാൻ ഇത് ഇവനെ ധരിപ്പിച്ചു. അച്ഛനോ അമ്മയോ കുട്ടിയോ അല്ലാതെ ആരും അത് താഴെവീണാൽ എടുത്തുകൂടാ എന്ന് പറഞ്ഞു.രക്ഷ എടുത്താൽ എന്തു സംഭവിക്കുമെന്ന് രാജാവ് ചോദിച്ചു .അത് എടുത്താൽ പാമ്പായി വന്ന് കടിക്കും എന്ന് താപസി പറഞ്ഞു .അപ്പോൾ രാജാവ് നിങ്ങൾക്ക് ഇങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചു .പലപ്രാവശ്യം ഉണ്ടായിട്ടുണ്ട് എന്ന് താപസി മറുപടി നൽകി. അപ്പോൾ രാജാവ് താൻ വിചാരിക്കും പോലെ എല്ലാം നടക്കുന്നുണ്ടെന്ന് ചിന്തിച്ചു. എനിക്ക് അമ്മയുടെ അടുത്ത് പോകണം എന്ന് പറഞ്ഞ് ബാലൻ വാശിപിടിച്ചു .അപ്പോൾ രാജാവ് നമുക്ക് ഒരുമിച്ച് അമ്മയെ ചെന്ന് കാണാം എന്ന് പറഞ്ഞു. എന്റെഅച്ഛൻ ദുഷ്ഷന്തനാണ് താനല്ല എന്ന് ബാലൻ പറഞ്ഞു .രാജാവ് ചിരിച്ചുകൊണ്ട് ഈ വാക്കുകൾ തന്നെ വിശ്വാസത്തെ ഉറപ്പിച്ചു എന്നു പറഞ്ഞു.കെട്ടാത്ത തലമുടിയുമായി ശകുന്തള അവിടേക്ക് വന്നു. രാജാവിന് ശകുന്തളയെ കണ്ടപ്പോൾ സന്തോഷമായി .സന്തോഷത്തോടെ
ഇതാ ശ്രീമതി ശകുന്തള ..
ശ്ലോകം 8
മലിനമായ രണ്ടു വസ്ത്രങ്ങളാണ് അവൾ ധരിച്ചിരിക്കുന്നത് .വ്രത ദീക്ഷയാൽ അവൾ ഏറെ മെലിഞ്ഞിരിക്കുന്നു. മുടി മെടഞ്ഞ് ഒറ്റയാക്കിയിരിക്കുന്നു. (വിരഹത്തിൽ പതിവ്രതമാർ മുടി ഒറ്റയായി മെടഞ്ഞു കെട്ടുകയാണ് പതിവ്.ദുഷ്ടനായ തന്റെ ദീർഘകാലമായുള്ള വിരഹത്തെ ഇവൾ പലനാളായി വ്രതമായി അനുഷ്ഠിച്ചു വരുകയാണ് .
എന്നാൽ ജീവിതാവസ്ഥകൾ കൊണ്ട് കോലം കെട്ടുപോയ രാജാവിനെ ശകുന്തള തിരിച്ചറിയുന്നില്ല ഇതു തന്റെ ആര്യപുത്രനെപ്പോലെ ഇരിക്കുന്നില്ലല്ലോ എന്ന് ചിന്തിക്കുന്നു .പിന്നെ എന്റെ മകനെ തൊട്ട് ദുഷിപ്പിക്കുന്നതെന്താണെന്നും ചിന്തിക്കുന്നു.
ആരോ വന്ന് എന്നെ മകനേ എന്നു വിളിക്കുന്നു എന്ന് സർവ്വദമനൻ പറഞ്ഞു.
താൻ ക്രൂരതയാണ് പ്രവർത്തിച്ചെങ്കിലും ശകുന്തള നല്ലവൾ ആയതിനാൽ നല്ലതായി തന്നെ അവസാനിച്ചു എന്നും രാജാവ് പറഞ്ഞു .ഞാൻ നിന്റെ ഭർത്താവാണെന്ന് തിരിച്ചറിയുക എന്ന് പറഞ്ഞു .ശകുന്തള വിചാരിച്ചു ഹൃദയമേ ആശ്വസിക്കുക .ദൈവം എനിക്ക് കരുണ ചെയ്തിരിക്കുന്നു. ഇതെന്റെ ആര്യപുത്രൻ തന്നെ.
ശ്ലോകം 9
( രാജാവ്)
ഓർമ്മ വന്നപ്പോൾ സുന്ദരിയായ നീ എന്റെ മുന്നിൽ വന്നു .രാഹുവിനെ ഉപേക്ഷിച്ച ചന്ദ്രൻ രോഹിണിയോട് ചേർന്ന പോലെ .
ചന്ദ്രന്റെ ഭാര്യയാണ് രോഹിണി .രാഹുഗ്രസ്തനാകുമ്പോൾ രോഹിണിയെക്കാണാൻ ചന്ദ്രന് സാധിക്കില്ല .ഗ്രഹണം തീരുമ്പോൾ രോഹിണിയുടെ സാമീപ്യം വരും .അതുപോലെ ശാപം കൊണ്ട് ശകുന്തളയെ മറന്ന ദുഷ്ഷന്തൻ ശാപമകന്ന് ബുദ്ധി തെളിഞ്ഞപ്പോൾ ശകുന്തളയെ തിരിച്ചറിയുന്നു
ശകുന്തള ആര്യപുത്രന് വിജയം നേരുന്നു എന്ന് പറഞ്ഞു തീരും മുമ്പ് തൊണ്ടയിടറി .അപ്പോൾ ദുഷ്ഷന്തൻ പ്രതിവചിച്ചു.
ശ്ലോകം 10
രാജാവ് ഇങ്ങനെ പറഞ്ഞു
വിജയിക്കട്ടെ എന്ന ഈ പ്രാർത്ഥന ഇന്ന് ഇടയ്ക്കുവെച്ച് ഗദ്ഗദത്താൽ പൂർണ്ണമാകാതിരുന്നിട്ടും അത് എന്നിൽ ഫലിച്ചിരിക്കുന്നു. വെറ്റിലയുടെ ചുവപ്പു പുരളാത്ത തൊണ്ടിപ്പഴം പോലുള്ള നിന്റെ അധരങ്ങൾ കണ്ടത് അതിനു തെളിവാണ്.
(വിരഹിണികൾ വെറ്റിലമുറുക്കാറില്ല. (താംബൂല ചർവ്വണം = താംബൂലം - വെറ്റില, ചർവ്വണം - ചവയ്ക്കൽ) ശകുന്തളയെക്കണ്ടപ്പോൾ അവൾ തന്നെ പിരിഞ്ഞ ദുഃഖം നന്നായി അനുഭവിച്ചു എന്ന് മനസ്സിലായി .അവളുടെ ചുണ്ടിൽ ചുമപ്പ് നിറം ഇല്ല. ഇക്കാലമത്രയും അവൾ തന്നെ സ്നേഹിച്ചിരുന്നുവെന്നറിഞ്ഞ രാജാവിന് സന്തോഷമായി)
അപ്പോൾ ബാലൻ ഇതാരാ എന്ന് അമ്മയോട് ചോദിച്ചു .ശകുന്തള ആ ചോദ്യം നിന്റെ ഭാഗ്യത്തോട് ചോദിക്കൂ എന്ന് പറഞ്ഞു
ശ്ലോകം 11
രാജാവ് ശകുന്തളയുടെ കാലിൽ വീഴുന്നു
ഞാൻ ഉപേക്ഷിച്ചതിനെ പരിഭവം നീ നിന്റെ ഹൃദയത്തിൽ നിന്ന് നീക്കിക്കളയുക. എന്റെ മനസ്സിന് എന്തോ കളങ്കം ബാധിച്ചിരുന്നു .(ദുർവ്വാസാവിന്റെശാപം ) മനസ്സിൽ കളങ്കം ബാധിച്ചവൻ നന്മ വരുമ്പോഴും ഇതുപോലെ തന്നെയാണല്ലോ പെരുമാറുന്നത്.തലയിൽ ഇട്ടു കൊടുത്ത പൂമാലയെ കാഴ്ചയില്ലാത്തവൻ പാമ്പ് എന്ന് പേടിച്ച് കുടഞ്ഞു കളയും.
ശകുന്തളയിലെ നന്മ തിരിച്ചറിയാൻ മനസ്സിലെ മാലിന്യം കൊണ്ട് കഴിഞ്ഞില്ലെന്ന കുറ്റസമ്മതമാണ് ദുഷ്ഷന്തൻ നടത്തുന്നത്
ശകുന്തള കരഞ്ഞുകൊണ്ടു പറഞ്ഞു ആര്യപുത്രാ എഴുന്നേൽക്കൂ .എന്റെ മുൻ ജന്മ പാപം കൊണ്ടാണ് ഇത് സംഭവിച്ചത് .അതാണ് അങ്ങ് എന്നെ മറന്നത് .പിന്നെ എങ്ങനെ ഓർമ്മവന്നു ?രാജാവ് പറഞ്ഞു എന്റെ സങ്കടം ഒന്നടങ്ങട്ടെ എന്നിട്ട് പറയാം.
ശ്ലോകം 12
കൊട്ടാരത്തിലെത്തിയ ഗർഭിണിയായ ശകുന്തളയെ ദുഷ്ഷന്തൻ തിരിച്ചയക്കുമ്പോൾ അപമാനഭാരത്താൽ അവൾ കരഞ്ഞു.അന്ന് മനസ്സിലെ അജ്ഞത കൊണ്ട് അവളുടെ അധരങ്ങളിൽ പതിച്ച ചുടു കണ്ണുനീർ തുടക്കാൻ എനിക്ക് കഴിഞ്ഞില്ല. ഇന്ന് അവളുടെ മനോഹരമായ ഇമകളിൽപറ്റി നിൽക്കുന്ന കണ്ണീരു തുടച്ച് ഞാൻ എന്റെ മനസ്സിന്റെ ദുഃഖം കുറയ്ക്കട്ടെ.
ശകുന്തള മുദ്രമോതിരം നോക്കിയിട്ട് ഇത് ആ മോതിരം അല്ലേ എന്ന് ചോദിച്ചു .ഇതു കണ്ടപ്പോഴാണ് എനിക്ക് ശകുന്തളയെ ഓർമ്മ വന്നത് എന്ന് രാജാവ് പറഞ്ഞു .ശകുന്തള പറഞ്ഞു അന്ന് ആര്യപുത്രൻ മറന്നുവെന്ന് പറഞ്ഞ ആദിവസം ഈ മോതിരം കിട്ടാതെ പോയത് കഷ്ടമായി. അപ്പോൾ രാജാവ് വള്ളി വസന്തത്തിന്റെ ചിഹ്നമായ പുഷ്പത്തെ ധരിക്കട്ടെ എന്നു പറഞ്ഞു .അതിനർത്ഥം നീ മോതിരം ധരിക്കുക എന്നാണ് .തനിക്ക് ഈ മോതിരത്തെ വിശ്വാസമില്ലെന്നും ആര്യപുത്രൻ തന്നെ ധരിച്ചാൽ മതി എന്നും ശകുന്തള പറഞ്ഞു.
അപ്പോൾ മാതലി വന്നു. രാജാവിന് ഭാര്യയെയും പുത്രനെയും ഒരുമിച്ചു ലഭിച്ചതിൽ തന്റെ സന്തോഷം അറിയിച്ചു .ദേവേന്ദ്രൻ ഇക്കാര്യം അറിഞ്ഞിരിക്കുമോ എന്ന് രാജാവിന് സംശയം തോന്നി .ഈശ്വരന്മാർ എല്ലാം മുൻകൂട്ടി അറിയുന്നുവല്ലോ എന്ന് പറയുകയും ചെയ്തു .കാശ്യപമഹർഷി രാജാവിനെ കാത്തിരിക്കുന്നു എന്ന് പറഞ്ഞു. ശകുന്തള കുഞ്ഞിനെ എടുത്ത് മുൻപിൽ നടക്കാൻ രാജാവ് പറഞ്ഞു. അപ്പോൾ മാരീചനും അദിതിയും പ്രവേശിച്ചു മാരീചൻ രാജാവിനെ കണ്ടിട്ട് ഇങ്ങനെ പറഞ്ഞു
.ദാക്ഷയണീ ,(ദക്ഷപുത്രിയായ അദിതി)
ശ്ലോകം 13
നിന്റെ മകനായ ഇന്ദ്രൻ യുദ്ധത്തിൽ മുമ്പനാണ് .രാജാവായ ദുഷ്ഷൻ ആകട്ടെ കുല വില്ലാൽ ശത്രുസംഹാരം നടത്തി .അതിനാൽ വജ്രായുധം ഇന്ദ്രന് കേവലം അലങ്കാരമായി മാറി .
.ഇന്ദ്രന് യുദ്ധത്തിൽ വജ്രായുധം പ്രയോഗിക്കേണ്ടി വന്നില്ല .ദുഷ്ഷൻ അസുര നിഗ്രഹം നടത്തിയെന്നാണ് ഇവിടെ പരാമർശിക്കുന്നത് .അപ്പോൾ അദിതി ഇദ്ദേഹം മഹാനാണ് എന്ന് കാണുമ്പോൾ തന്നെ അറിയാം എന്ന് പറഞ്ഞു രാജാവ് മാതലിയോട് ഇങ്ങനെ പറഞ്ഞു.
മാതലീ,
ശ്ലോകം 14
പന്ത്രണ്ട് മൂർത്തികളായി പിരിയുന്ന തേജസിന്റെ സമൂഹമായ സൂര്യൻ ജന്മകാരണവും മന്ത്രത്താൽ പരിശുദ്ധവുമായ ഹോമദ്രവ്യങ്ങളേൽക്കുന്ന ഇന്ദ്രന്റെ മാതാപിതാക്കളായിട്ടുള്ളവരും ബ്രഹ്മാവിന് മുൻപേയുള്ള വാമനന്റെ ജന്മദാതാക്കളുമായ മാരീചനും ദാക്ഷായണിയും ബ്രഹ്മാവിന്റെ പൗത്രന്മാരാണ്.
രാജാവ് രണ്ടുപേരെയും നമസ്കരിച്ചു അവർ അനുഗ്രഹിച്ചു
മാരീചൻ പറഞ്ഞു.
ശ്ലോകം 15
(ശകുന്തളയെ ആശ്വസിപ്പിക്കുന്നു )ഇന്ദ്ര തുല്യനായ ഭർത്താവ്, ജയന്തതുല്യനായ പുത്രൻ ,നീ പൗലോമി തുല്യയാവുക.മറ്റെന്ത് അനുഗ്രഹമാണ് ഞാൻ തരേണ്ടത്?
ഭർത്താവു നിന്നെ ആദരിക്കട്ടെ. നിന്റെ പുത്രൻ ദീർഘായുസ്സായിരുന്ന് സന്തോഷിപ്പിക്കട്ടെ എന്ന് അദിതി പറഞ്ഞു.
മലയാള ശാകുന്തളം
7-ാം അങ്കം
ഏ ആർ രാജ രാജ വർമ്മ
പുരന്ദരൻ - ഇന്ദ്രൻ
ജയന്തൻ - ഇന്ദ്രന്റെ മകൻ
പൗലോമി - ഇന്ദ്രന്റെ ഭാര്യ
