Sunday, November 27, 2011

അന്ധകാരത്തെ പഴിക്കരുത് ......ഒരു തിരി കൊളുത്തുക 

ചിന്ത


                                                                         മണ്ണ്
നാമതിനെ ചവിട്ടി മെതിച്ചു നടക്കുന്നു.പക്ഷേ ആവശ്യം വരുമ്പോള്‍ നാം അതിനെ കെട്ടിപ്പെടുക്കല്‍ പ്രക്രിയയ്ക്ക് ഉപയോഗിക്കുന്നു.
                                                                         മണ്ണ്  
പലപ്പോഴും ഭിന്നതയ്ക്കും വഴക്കിനും യുദ്ധത്തിനും കാരണമായിട്ടുണ്ട് .അതേ മണ്ണ് ഐക്യത്തിന്റെ കൊടി പാറിക്കാന്‍ ഇടമൊരുക്കിയിട്ടുണ്ട്.
                                                                   മണ്ണും പൊടിയും 
ഇത്രയും ദൂഷ്യം ചെയ്യുന്ന ഒന്നില്ല.അവയുടെ ശക്തി ഒന്നോര്‍ത്തു നോക്കു.ഒരു മണല്‍ത്തരി മൂക്കിലോ കണ്ണിലോ പോയാലറിയാം അവയുടെ ഉശിര്.
                                                                        മണ്ണ്‌
ഇന്നു നാം മണ്ണിന്‍റെ രാജാക്കന്മാര്‍.നാളെ ഈ മണ്ണ് നമ്മെ അഴുക്കിക്കളയും .മണ്ണ് കൊണ്ട് എനിക്ക് പലതും ഉണ്ടാക്കാം.എന്നാല്‍ ഒരു മണല്‍ത്തരിയെ പോലും എനിക്ക് സ്രഷ്ട്ടിക്കാനാവില്ല .
നിസ്സാരം എന്ന് തോന്നാം എങ്കിലും മണ്ണ് മനുഷ്യന്റെ ഉറ്റ മിത്രം ആകുന്നു .ആ മിത്രത്തിനു ദാഹജലം നല്‍കുമ്പോള്‍വളമാകുന്നു.ഭക്ഷണം നല്‍കുമ്പോള്‍ മണ്ണ്  എനിക്ക് ആഹാരം നല്‍കുന്നു .
നോക്കൂ..... ഈ ലോകത്ത്‌  ഒന്നും നിസ്സാരമല്ല .നിസ്സാരതയുടെ മഹത്വം കണ്ടെത്തുന്നത് തന്നെയാണ് നമ്മുടെ മഹത്വം.

[കടപ്പാട്‌-സ്നേഹസേന]

Friday, November 25, 2011

  മിഠായി                                                               
 ചിരിച്ചു നില്‍പ്പൂ സ്ഫടികത്തിനുള്ളിലായെന്നെ നോക്കി
കണ്മുന്നില്‍വര്‍ണ്ണക്കടലാസുമേന്തിയിട്ടെന്നെവിളിക്കുന്നു 
മന്ദംഅറിയാതെന്‍ കാലടി നീക്കിയി-
ട്ടെന്നെ വലിച്ചിഴച്ചു അങ്കണത്തിലേക്ക്
കാലണ നല്‍കി വിരല്‍ ചൂണ്ടി
ഞാനാ ഓറഞ്ചു മിഠായിക്കു നേരെ
കൈക്കുമ്പിളില്‍ വന്നെത്തി
പിന്നെയോ കടലുണ്ടാക്കി നാവില്‍
പൊട്ടിച്ചഴിച്ചു ഞാനാ വര്‍ണ്ണക്കടലാസുകള്‍
വായിലെ വെള്ളത്തില്‍ കപ്പലിറക്കി
ഇപ്പോഴോ പുഞ്ചിരിച്ചു നിന്നെ ഞാന്‍
അഞ്ചു മിനിറ്റില്‍ വായിലാക്കി

സിന്‍സി വിന്‍സെന്റ്  ix c

Thursday, November 17, 2011

യാത്രാവിവരണം

ഊട്ടിക്കൂട്ടിലേക്ക്  ഇളംകുന്നപ്പുഴപ്പറവകള്‍ പറന്ന് പറന്ന്

    പ്രതീക്ഷയറ്റിരിക്കുന്ന കാത്തിരിപ്പുകള്‍ക്ക് വിരാമം കുറിച്ചുകൊണ്ട് ആ ദിനം 2011-നവംബര്‍-7,വേഗം ഉദിച്ചുയര്‍ന്നു .ആ വിനോദയാത്രയ്ക്ക് പങ്കാളികളായ അധ്യാപകരും വിദ്യാര്‍ത്ഥികളും 8മണിക്ക് തന്നെ സ്കൂളില്‍ എത്തിച്ചേര്‍ന്നു .ലിസ്സി ടീച്ചര്‍ യാത്രയ്ക്ക് വെണ്ടുന്ന മുന്നൊരുക്കങ്ങള്‍ നല്‍കി കുട്ടികളെ ഗ്രൂപ്പുകളായ് തിരിച്ചു.സങ്കല്‍പ്പങ്ങളില്‍ പോലും ആകാംക്ഷ തുളുമ്പി നിന്ന ആ യാത്ര 9 മണിക്ക് ആരംഭിച്ചു .യാത്രയ്ക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും ആ എയര്‍ ബസ്സില്‍ ഉണ്ടായിരുന്നു.
                               യാത്രയുടെ ആരംഭത്തില്‍ തന്നെ ഊര്‍ജ്ജം നല്‍കി കൊണ്ട്,കുട്ടികളെ ഉന്മേഷഭരിതമാക്കുന്ന അടിപൊളി ഗാനങ്ങള്‍ അണിനിരത്തി.അതിനൊപ്പം ചുവടു വച്ച കുട്ടികള്‍ എല്ലാവരെയും സന്തോഷിപ്പിച്ചു.അധ്യാപകരുടെ വാല്‍സല്യത്തോടൊപ്പം കൊച്ചു കൊച്ചു തമാശകളും കുസൃതികളും രസകരമായ അനുഭൂതികളായ്  മാറി.ആ കളി ചിരിക്കുള്ളില്‍ ലക്ഷ്യ സ്ഥാനത്തേക്കുള്ള ദൂരം കുറഞ്ഞത്‌ അറിഞ്ഞില്ല.


സമയംഒരുമണി.വിജനമായ റോഡരികിലെ വിശാലമായ ഒരു തണല്‍ മരത്തിനു കീഴ് ബസ്സ് പാര്‍ക്ക്‌ ചെയ്ത് ചോറും സാമ്പാറും അവിയലും അച്ചാറും പപ്പടവും കൂട്ടി രുചികരമായ സദ്യ ഉണ്ടു.അല്‍പ്പനേരം പാലക്കാടന്‍ പച്ച വയലുകളിലേക്കും അവിടുത്തെ സുന്ദര പ്രകൃതിയിലേക്കും കണ്ണോടിച്ചു.ആമ്പല്‍ക്കുളങ്ങളും പൂന്തോപ്പുകളും ആകര്‍ഷകമായി.പിന്നീട് വയറും മനവും നിറഞ്ഞു തുടങ്ങിയ യാത്ര ഉച്ചമയക്കത്തിലേക്ക് ആണ്ടുപോയ്‌.
വൈകുന്നേരച്ചൂടില്‍ കണ്ണുതുറന്നതും തമിഴ്‌നാട്‌എത്തി യെന്നറിഞ്ഞു . ആഗ്നസ്‌ടീച്ചര്‍ എല്ലാവര്‍ക്കും ഉണ്ണിയപ്പം നല്‍കി.സിനിമയും കണ്ടുകൊണ്ട്‌ യാത്ര ചെയ്തു .അല്‍പ്പം കഴിഞ്ഞപ്പോള്‍ മലകയറ്റമായിരുന്നു.അതി ന്റെ പ്രതിസന്ധികളുണ്ടാകാതിരിക്കാന്‍ ''അന്ത്യാക്ഷരി''  മല്‍സരം നടത്തി .ദിലീപ് സാറും ആണ്‍കുട്ടികളും ഒരു ഗ്രൂപ്പും അധ്യാപികമാരും പെണ്‍കുട്ടികളും മറ്റൊരു ഗ്രൂപ്പുമായിരുന്നു.വാശിയേറിയ  ആ മല്‍സരം പഴയ പാട്ടുകളെ തേടിപ്പോയി.ഒടുവില്‍ വിജയം കരസ്ഥമാക്കിയത് ആണ്‍കുട്ടികള്‍ ആണ്‌.ഊട്ടിയിലേക്കുള്ള ആ പാതയില്‍ തണുപ്പ്  ഏറുകയാണ്.വഴിയരികില്‍ ഞങ്ങളെ സ്വാഗതം ചെയ്യും വിധം വികൃതിക്കുരങ്ങുകള്‍ ധാരാളമുണ്ടായിരുന്നു.
     
പാറകളില്‍ നിന്നും മരങ്ങളുടെ വേരുകള്‍ക്കിടയിലൂടെ ഒലിച്ചിറങ്ങുന്ന നീര്‍ച്ചാലുകള്‍ മനസ്സിന് കുളിര്‍മ്മയേകി.ഇരുട്ടില്‍ ,നിലാവില്‍ അവയുടെ നിറഭംഗിയും താളഭംഗിയും തീര്‍ത്തും സുഖപ്രദമായ കാഴ്ച്ചയായിരുന്നു.ഉയരങ്ങളിലേക്ക് കയറി.. ആ രാത്രിയില്‍ ഞങ്ങള്‍ ഹോട്ടലിനു മുന്നിലെത്തി.ബസ്സില്‍ നിന്നും ലഗേജുമായ്‌ പുറത്തേക്കിറങ്ങിയതും തണുപ്പിന്റെ ആധിക്യം അറിയാന്‍ തുടങ്ങി.മുറികള്‍ക്കുള്ളില്‍ പോയ്‌ ചൂടുവസ്ത്രം ധരിച്ച് ഭക്ഷണം കഴിക്കാനായ്‌ പുറത്തേക്ക് വന്നു.മലകള്‍ മഞ്ഞുകൊണ്ട് അവ്യക്തമായ്‌ മാത്രമേ കാണാനാവൂ.ശ്വാസനിശ്വാസങ്ങളില്‍ പോലും മഞ്ഞിന്റെ സാന്നിധ്യമറിഞ്ഞു.ആ തണുപ്പില്‍ ചുടു ചോറും മീന്‍ വറുത്തതും പച്ചക്കറികളും കൂട്ടി അത്താഴം കഴിച്ചു.മലമുകളിലെ വെളിച്ചം ക്രിസ്തുമസ് രാത്രിയെ അനുസ്മരിപ്പിച്ചു.'ക്യാമ്പ്ഫയര്‍' എന്തെന്ന് അറിഞ്ഞു എന്നതിനേക്കാള്‍ അനുഭവിച്ചു എന്നുപറയുന്നതാണ് ശരി.വിറകു കൂട്ടിയിട്ട തീജ്വാലയ്ക്ക് ചുറ്റും അധ്യാപകരും വിദ്യാര്‍ഥികളും ചുവടു വച്ചത്‌ ആ ഉല്ലാസയാത്രയെ അവിസ്മരണീയമാക്കിയത് എങ്ങനെ എന്ന് വര്‍ണ്ണിക്കാന്‍ വാക്കുകളില്ല.മുറിക്കുള്ളിലും തണുപ്പ് ഏറി വന്നു.ഞങ്ങള്‍ തണുപ്പിനു മേല്‍ കമ്പിളി പുതച്ചു കിടന്നുറങ്ങി.          


     
  8/11/11രാവിലെ 6 മണിക്ക് നല്ല വെട്ടമുണ്ടായിരുന്നു.എന്നാല്‍ മഞ്ഞു കുറയുന്നതെ ഉണ്ടായിരുന്നുള്ളൂ.തട്ടുകളായി നില്‍ക്കുന്ന മരങ്ങള്‍ ,വീടുകള്‍ എല്ലാം തന്നെ ഞങ്ങളെ അത്ഭുതപ്പെടുത്തി.കുളി കഴിഞ്ഞു ഭക്ഷണം കഴിച്ചു  8 മണിക്ക്‌ യാത്ര പുറപ്പെട്ടു.ഊട്ടിപ്പട്ടണം ചുറ്റാനായ് എല്ലാവര്‍ക്കും ആവേശമായിരുന്നു.
     ആദ്യമായ്‌ ഊട്ടിയിലെ പ്രസിദ്ധമായ ഷൂട്ടിംഗ്  ലൊക്കേഷനില്‍ ആണ് പോയത്‌.നിറയെ കുഞ്ഞു കുഞ്ഞു മഞ്ഞപ്പൂക്കള്‍ നിറഞ്ഞആ പുല്‍മേടുകള്‍ ,കുന്നിന്റെ മുകളില്‍ നിന്നും നോക്കുമ്പോള്‍ നോക്കെത്താദൂരത്തോളം വ്യാപിച്ചു കിടക്കുന്ന തേയില തോട്ടങ്ങള്‍.അടിവാരത്ത് കല്ലുകള്‍ക്ക് മീതെ  നിര്‍ഗളം ഒഴുകുന്ന നദികള്‍ ,ശരീരമാകെ കുളിരുകോരിയിടുന്ന തെന്നല്‍, സവാരിക്കായ്‌ കാത്തുനില്‍ക്കുന്ന കുതിരകള്‍ ..എല്ലാം തന്നെ മനോഹര ദ്രശ്യങ്ങളായിരുന്നു.
അവിടെ നിന്നും ബോട്ട് ഹൌസിലേക്കുള്ള യാത്രയില്‍ പൈന്‍മരങ്ങളുടെ വന്‍ ശേഖരം തന്നെ കണ്ടു.ആ പടുകൂറ്റന്‍ മരങ്ങള്‍ തണലും തണുപ്പും തന്നതെത്രയെന്നോ !അവിടെ  വിപണന കേന്ദ്രം ഉണ്ടായിരുന്നു.ഊട്ടിപ്പൂവും ക്യാരറ്റുമുള്‍പ്പെടെ കണ്ണെടുക്കാനാവാത്ത നിരവധി സാധനങ്ങളാണ് നിരത്തി വച്ചത്.കുട്ടികള്‍ ഷോപ്പിംഗിന്റെ  രസം ആസ്വദിച്ചു.മരങ്ങളുടെ ഛായയില്‍ നിശ്ചലമായ തടാകം.1.30 മണിയോടെ ഞങ്ങള്‍  ഭക്ഷണം കഴിച്ചു.
        തുടര്‍ന്ന്‍റോസ്ഗാര്‍ഡനിലേക്ക്നടന്നു.മലകയറ്റത്തിന്റെയും  ഇറക്കത്തിന്റെയും അനുഭവം പലര്‍ക്കും പലതായിരുന്നു .കണ്ണഞ്ചിപ്പിക്കുന്ന വിസ്മയക്കാഴ്ചകളായിരുന്നു  റോസാപ്പൂക്കള്‍ ഞങ്ങള്‍ക്കൊരുക്കി തന്നത് .കുന്നിന്‍ ചരുവില്‍ നിറവൈവിധ്യങ്ങളോടെ മന്ദസ്മിതം ചൂടി നില്‍ക്കുന്ന ആ പൂക്കള്‍ ഇന്നും ഓര്‍മ്മയില്‍ വിരിഞ്ഞു നില്‍ക്കുന്നു .പിന്നീട് ഞങ്ങള്‍ ബോട്ടാനിക്കല്‍ ഗാര്‍ഡനില്‍ എത്തിച്ചേര്‍ന്സ്ഫടിക ഗൃഹങ്ങള്‍ ,അപൂര്‍വ്വ സസ്യങ്ങള്‍ ,കുന്നിന്‍ചരിവില്‍ ക്രമീകരിച്ച പൂക്കള്‍, ആമ്പല്‍ക്കുളങ്ങള്‍എല്ലാം ആസ്വദിച്ചു.കുന്നുകളുടെ  ഉയരങ്ങളിലേക്ക്‌  കയറിയപ്പോള്‍ ചളിപുരണ്ട പാതകളും വനങ്ങളുടെ നിബിഡതയും മനം നിറയെ കണ്ടു.വളരെ മൂകവും സുന്ദരവുമായിരുന്നു അവിടം.വലിയ വലിയ മരങ്ങളും അവയില്‍ നിന്ന്‍ തെറ്റിപ്പിരിഞ്ഞു നില്‍ക്കുന്ന ശാഖകളും പ്രകൃതിഭംഗിയെ വിളിച്ചോതി.അവിടെ കുടിയേറിപ്പാര്‍ത്ത ആദിവാസികളുടെ ചരിത്രപ്രധാനമായ ഒരു വീടും ഞങ്ങള്‍ കണ്ടു.മുള കൊണ്ട്‌ നിര്‍മ്മിച്ച വ്യത്യസ്തമായി  രൂപകല്‍പ്പന ചെയ്ത ഒരുഗൃഹമാണത്. പുണ്യപുരാതനമായാണ് അവര്‍ ആ വീടിനെ കാണുന്നത്.സാവിത്രിടീച്ചറുടെ തൊപ്പി ഒരു പ്രത്യേക സംഭവം തന്നെ ആയതും എടുത്തു പറയേണ്ടതാണ്.കാശ്മീരില്‍ നിന്നും വാങ്ങിയ ആ തൊപ്പി എവിടെ  നിന്ന് വാങ്ങി എന്ന് ചോദിച്ച് പലരും ടീച്ചറെ സമീപിച്ചത്‌ ഞങ്ങള്‍ക്ക് കൌതുകം ആയ്‌.കുട്ടിപ്പട്ടാളത്തിനൊപ്പം നടന്ന ടീച്ചര്‍ മറ്റ് അധ്യാപകര്‍ക്കും അത്ഭുതമായി. 


ഊട്ടി ഇന്നു ഒരോര്‍മ്മയാണ് .തിരിച്ച് ഊട്ടിയോട് യാത്ര പറഞ്ഞപ്പോള്‍ എന്തോ ഒരു നഷ്ട്ട ബോധം.ഊട്ടിപ്പൂവും പനിനീര്‍പ്പൂവും മഞ്ഞും തണുപ്പും മലനിരകളും എന്നും നല്ല ഓര്‍മ്മകള്‍ ആയിരിക്കും.ഈ വിനോദയാത്ര  ഞങ്ങള്‍ക്ക്‌ സമ്മാനിച്ചത്‌  അറിവും വിനോദവുമാണ്.സ്കൂളില്‍ ബസ്സ്‌ തിരിച്ചെത്തിയപ്പോള്‍ നൊമ്പരക്കാറ്റിന്‍റെ വിങ്ങല്‍ .....ഊട്ടിയിലെ തണുപ്പ് ഇപ്പോളൊരു സ്വപ്നമാണല്ലോ !                                  രേഷ്മ ചന്ദ്രന്‍ x c


പ്രവര്‍ത്തി പരിചയത്തില്‍ വൈപ്പിന്‍ ഉപജില്ലയില്‍ സമ്മാനാര്‍ഹരായവര്‍ 
അജിത്‌ നന്ദകുമാര്‍ -ഒന്നാം സ്ഥാനം -ഷീറ്റ്‌ മെറ്റല്‍ വര്‍ക്ക് .എച്ച് .എസ് 
അബ്ദുല്‍ ഹസീബ് -മൂന്നാം സ്ഥാനം -വേസ്റ്റ്  മെറ്റേരിയല്‍ -യു .പി 
സജിത്ത് കെ .എസ് -ഒന്നാം സ്ഥാനം -ബാംബൂ പ്രോഡക്റ്റ് -യു.പി
ജോഷവിന്‍ ജോസഫ്‌ ലൂയിസ്-രണ്ടാം സ്ഥാനം - ബാംബൂ പ്രോഡക്റ്റ്  -എച്ച് .എസ് 
ടാല്‍വിന്‍ ജോസഫ്‌ -മൂന്നാം സ്ഥാനം - പപ്പെട്രി-എച് .എസ് 
വിമല്‍ വേലായുധന്‍ -രണ്ടാം സ്ഥാനം -ത്രെഡ് പാറ്റെണ്‍-എച് .എസ്

നുണ


         ത്യം ചെരിപ്പിടുന്നതിനു മുന്‍പ് നുണ ലോകത്തിന്റെ പകുതി                           ചുറ്റിക്കറങ്ങി ഴിഞ്ഞിരിക്കും

Wednesday, November 16, 2011

കവിത


മുഖം മൂടി

                                            നെയ്തുകൂട്ടിയ സ്വപ്‌നങ്ങളെല്ലാമൊരുദിനം
                                            കൂടയിലാക്കിയൊഴുക്കി വിട്ടു
                                            നിരാലംബത വരണമാല്യമായത്രേ
                                            ആരോ പറഞ്ഞ കഥ
                                            ഇടവേളകള്‍ ശുഷ്ക്കമായതിനാല്‍
                                            മുഖംമൂടി അഴിക്കാന്‍ കഴിയാറേയില്ല 
                                            പ്രഭാത മധ്യാഹ്നസായാഹ്നങ്ങള്‍
                                            ആടിതിമര്‍ത്തു
                                            നിശയില്‍ കണ്ണീര്‍മഴകള്‍
                                             പെയ്തൊടുങ്ങി
                                            തൂവാലകള്‍ നനഞ്ഞു കുമിഞ്ഞപ്പോള്‍
                                            പൊട്ടിച്ചിരിക്കാനാരോ പഠിപ്പിച്ചു
                                            എപ്പോഴാണെന്നറിയില്ല
                                           ഹൃദയത്തിലൊരു ശിലനാട്ടി
                                            ആഞ്ജകളട്ടഹാസങ്ങള്‍
                                           തേജോവധങ്ങളവഗണനകള്‍
                                           ശിലകള്‍ പുകഞ്ഞു പൊടിഞ്ഞതാരും കണ്ടില്ല
                                           ശിലകളില്‍ നിന്ന് രക്തം കിനിയുമത്രേ
                                           എപ്പോഴാണാവോ ?
                                           ആ ദിനം എന്റേതായിരുന്നു
                                           ഏതെന്നു ചോദിക്കാത്തതെന്ത്‌?
                                            പറയാനെനിക്കായിരം നാവുണ്ടായി-
                                            രുന്നെങ്കിലെന്‍ മകനെ ?
                                           വിപണിയില്‍ നിന്നൊരെണ്ണം
                                           വാങ്ങിത്തരുമോ സഖീ?
                                          ഇനി വരും സായംസന്ധ്യകളി-
                                          ലെനിക്കെന്റെ മുഖം മറക്കാന്‍
                                                                                               
                                                                                                        
       സുജാത  കെ .ആര്‍ . ഹെഡ്മിസ്ട്രെസ്സ്  
                                                                                                                                                                                                                                                 

Tuesday, November 15, 2011


                                                    യാത്ര

                                   നന്മകള്‍വീണുറങ്ങുമീ
                                   പഴമതന്‍നാട്ടുവഴിയിലൂടെ
                                   പുതുമണ്ണിന്‍ഗന്ധം നുകര്‍ന്ന്‍
                                    നടന്നകലുന്നോരെന്നെ
                                    നീയറിഞ്ഞിരുന്നുവോ കൃഷ്ണാ
                                     ഒരുമാത്രയെങ്കിലും...
                                   സൗഹൃദങ്ങള്‍തീര്‍ത്തൊരാ...
                                   മയില്‍പീലിത്തുണ്ടുകള്‍വീണുറങ്ങുന്ന
                                   ആകാശത്താഴ്വരയിലെങ്ങോ
                                   നീയെന്നെക്കണ്ടിരുന്നുവോ
                                   ഒരു മാത്രയെങ്കിലും...
                                  നീയെന്നെയറിഞ്ഞിരുന്നുവോ
                                   ഒരുപിടിഅവലുമായ്
                              ദ്വാരകതന്‍നടയിലെത്തിയതും
                              നിന്നെത്തേടിയലഞ്ഞതും
                              നീയറിഞ്ഞിരുന്നുവോ
                               ഒടുവിലാദുരിതതീരത്തിലേക്ക്
                               വേദനയോടെതിരിച്ചുനടന്നതും
                                ഭക്തി തന്‍പൂക്കളുമായ്
                                നിന്മനം നിറച്ചതും
                                നീയറിഞ്ഞിരുന്നുവോ
                                ഒരുമാത്രയെങ്കിലും...കൃഷ്ണാ
                                                                           
                                                                                                                                                                                                                                       സാവിത്രി വി
                                                                                                                                                                                                                                                                                                                                         


                                                      പറച്ചില്‍

                                               ഞാന്‍ പറഞ്ഞതും
                                               നീ പറഞ്ഞതും
                                               നമ്മള്‍ പറഞ്ഞതും
                                               അവരെക്കുറിച്ചായിരുന്നു
                                               അവര്‍ പറഞ്ഞത്
                                               എന്നെക്കുറിച്ചും 
                                               നമ്മളേക്കുറിച്ചുമായിരുന്നു
                                               അവരവരെക്കുറിച്ച്
                                              ആര്‍ക്കുമൊന്നും പറയാനില്ല .



Monday, November 14, 2011


                                                        ശിശുദിനം
കുട്ടികളുടെ പ്രിയനായ ചാച്ചാ നെഹ്‌റുവിന്‍റെ ജന്മദിനമാണ്‌ നവ.14 .''ഞാന്‍ പോയ്ക്കഴിഞ്ഞാല്‍ എന്റെ ഭാഷ അദ്ദേഹം സംസാരിക്കും'' എന്ന് ഗാന്ധിജി പറഞ്ഞു.ഏറ്റവും കൂടുതല്‍ കാലം ഇന്ത്യന്‍ പ്രധാനമന്ത്രി ആയതും നെഹ്‌റു ആണ്.മകള്‍ ഇന്ദിരാഗാന്ധി,ഇന്ദിരയുടെ മകന്‍ രാജീവ്ഗാന്ധി എന്നിവര്‍ പ്രാധാനമന്ത്രിമാരായിട്ടുണ്ട്.